ട്രോൾ വീഡിയൊയും മനസിന്‍റെ എൻജിനീയറിങ്ങും

സ്വാതന്ത്ര്യം എഴുതാനും വായിക്കാനും മാത്രമുള്ളതല്ല. അത് സഞ്ചരിക്കാനും, ആഗ്രഹങ്ങൾ മറ്റാരെയും ഉപദ്രവിക്കാതെ സാക്ഷാത്കരിക്കാനുമുള്ള അവസരമാണ്.
ട്രോൾ വീഡിയൊയും മനസിന്‍റെ എൻജിനീയറിങ്ങും
ട്രോൾ വീഡിയൊയും മനസിന്‍റെ എൻജിനീയറിങ്ങും

ഈ ഉത്തര- ഉത്തരാധുനിക കാലം അഥവാ ഡിജിറ്റൽ യുഗം മനുഷ്യന്‍റെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആശയത്തെ പുനർനിർവചിച്ചിരിക്കുന്നു. പുതിയൊരു പരിപ്രേക്ഷ്യം രൂപപ്പെട്ടിരിക്കുന്നു. സ്വതന്ത്രനായാൽ മതി എന്നായിരുന്നു 60കളിലെ എഴുത്തുകാരുടെ ചിന്ത. സ്വാതന്ത്ര്യത്തിനു വേണ്ടി നിഷേധിയാകാം എന്ന് ചിന്തിച്ചവരുണ്ടായിരുന്നു. ആവിഷ്കരിക്കാനും ചിന്തിക്കാനും പ്രതിഷേധിക്കാനുമുള്ള സ്വാതന്ത്ര്യം എന്ന കേവല തത്ത്വമായിരുന്നു അത്. ഉപരിപ്ലവുമായ ഒരു ആശയമാണിത്. തടവറയിൽ കഴിയുന്നവന് സാഹിത്യരചനയിൽ പ്രതിഷേധിക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനും കഴിയുകയാണെങ്കിൽ, അത് സ്വാതന്ത്ര്യം എന്ന അർഥത്തെ സഫലീകരിക്കുമോ? തടവറയിൽ ഭക്ഷണവും വിശ്രമവും കിട്ടുകയാണെങ്കിൽ, എഴുതാനും വായിക്കാനും കഴിയുകയാണെങ്കിൽ അത് സ്വാതന്ത്ര്യമാണോ? അല്ല. എന്തെന്നാൽ സ്വാതന്ത്ര്യം എഴുതാനും വായിക്കാനും മാത്രമുള്ളതല്ല. അത് സഞ്ചരിക്കാനും, ആഗ്രഹങ്ങൾ മറ്റാരെയും ഉപദ്രവിക്കാതെ സാക്ഷാത്കരിക്കാനുമുള്ള അവസരമാണ്.

ഇവിടെ പലരും സ്വാതന്ത്ര്യത്തെ തെറ്റിദ്ധരിക്കുകയാണ്. ജീവിതം ഏതാണ്ട് ഒരു അടിമയുടേത് പോലെയായിട്ടുണ്ട്. വീട്ടിലോ നാട്ടിലോ അഭിപ്രായം പറയാൻ സാധ്യമല്ല. അഭിപ്രായം പറഞ്ഞാൽ നിർദയമായി ഒറ്റപ്പെടും. ഫെയ്സ്ബുക്കിൽ പോലും ഒന്ന് സ്വതന്ത്രനാകാൻ നിവൃത്തിയില്ല. ഭാര്യ സമ്മതിക്കില്ല എന്നാണ് ഒരു കഥാകൃത്ത് പറഞ്ഞത്. മറ്റൊരു കഥാകൃത്ത് ഉള്ളിൽ തട്ടി പറഞ്ഞു, ഒരു പ്രണയകഥയോ പ്രണയഭംഗമോ ലൈംഗിക വിവരണമോ എഴുതാൻ സാധിക്കുന്നില്ല എന്നതാണ് സത്യമെന്ന്. കാരണം ഇതാണ്: വീട്ടിൽ കഥ അരിച്ചു പെറുക്കി നിരീക്ഷിക്കുന്നവരുണ്ട്. എപ്പോഴാണ് പിടി വീഴുന്നതെന്ന് അറിയില്ല. ആൺ- പെൺ വൈകാരിക സന്ദർഭങ്ങൾ എഴുതാൻ കാരണമെന്ത്, എങ്ങനെയാണ് അത് എഴുതാൻ പഠിച്ചത്, യഥാർഥ ബന്ധത്തിൽ നിന്നും മനസിലാക്കിയതാണോ തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിവരും. അതുകൊണ്ട് എഴുത്ത് നിർത്തിയെന്ന് ആ കഥാകൃത്ത് പറയുന്നു. രാഷ്‌ട്രീയ, സാമൂഹ്യ സാഹചര്യം അനുകൂലമായിരുന്നാലും സ്വാതന്ത്ര്യം ഉണ്ടാകണമെന്നില്ല എന്നർഥം.

മനുഷ്യൻ ഒരു ഇര

പ്രമുഖ നരവംശ ശാസ്ത്രജ്ഞനായ നോവാ ഹരാരി പറഞ്ഞു, മനുഷ്യനു തീർച്ചയായും ഒരു മനസുണ്ട്, എന്നാൽ അത് സ്വതന്ത്രമല്ല. വീട്ടിലെ നിരീക്ഷകരുടെ കാര്യമല്ല ഹരാരി പറയുന്നത്; നാട്ടിലെ, അധികാര കേന്ദ്രങ്ങളിലെ നിരീക്ഷകരുടെ കാര്യമാണിത്. പുതിയ പരിശോധകരും നിരീക്ഷകരും കടന്നുവന്നിരിക്കുന്നു. സാമ്പത്തികവും സാമൂഹികവുമായ സ്വയംപര്യാപ്തത ഉണ്ടായിട്ടും മനുഷ്യൻ ഒരു ഇരയായി മാറിയിരിക്കുന്നു. ഒരുപക്ഷേ, മറ്റേതൊരു മൃഗത്തേക്കാൾ ഇരയാക്കപ്പെടുന്നത് മനുഷ്യൻ തന്നെയാണിപ്പോൾ.

മനുഷ്യന് അവനെപ്പറ്റി യാതൊന്നുമറിയില്ല എന്ന പുതിയ ആശയമാണ് ഹരാരി അവതരിപ്പിക്കുന്നത്. നിങ്ങൾക്ക് എന്തെല്ലാം ആഗ്രഹങ്ങളുണ്ടെന്നത് നിങ്ങൾക്ക് തന്നെ അറിയില്ല എന്നതാണ് വാസ്തവം. അറിയാമെന്ന് വെറുതെ വീമ്പ് പറയരുത്. നാം വെറും ഇരയാണ്. നാം വിധേയരായിക്കൊണ്ടിരിക്കുകയാണ്. "അക്ഷരജാലക'ത്തിന്‍റെ മുമ്പൊരു ലക്കത്തിൽ എഴുതിയതുപോലെ, നഷ്ടപ്പെടാൻ സ്വാതന്ത്ര്യം മാത്രമേയുള്ളൂ. ഹരാരി പറയുന്നു, നിങ്ങൾ അന്തർമുഖനാണോ ബഹിർമുഖനാണോ സ്വവർഗപ്രേമിയാണോ എന്നൊക്കെ നിങ്ങൾക്ക് തീരുമാനിക്കാനാവില്ല. എന്നാൽ മനുഷ്യർക്ക് ചില കാര്യങ്ങൾ തിരഞ്ഞെടുക്കാൻ കഴിയുന്നുണ്ട്. പക്ഷേ, അത് സ്വതന്ത്രമല്ല. ഫ്രഞ്ച് അസ്തിത്വവാദിയായിരുന്ന സാർത്ര് പറഞ്ഞത് മനുഷ്യന് സ്വതന്ത്രമായ തിരഞ്ഞെടുപ്പുകളുണ്ട്, അതുകൊണ്ട് അവന് ഉത്തരവാദിത്വം ഏറുന്നു എന്നാണ്. തിരഞ്ഞെടുപ്പുകളുടെ ഉത്തരവാദിത്തം തനിക്കായതിനാൽ അതിന്‍റെ ഫലമായുണ്ടാകുന്ന എല്ലാത്തിനും താൻ തന്നെ ഉത്തരം പറയേണ്ടിവരുമെന്ന ആശങ്ക അവനെ അലട്ടുന്നു. ഏതാണ് തിരഞ്ഞെടുക്കേണ്ടതെന്ന ചിന്ത തീവ്രദുഃഖത്തിലേക്ക് നയിക്കുന്നു. ഈ അസ്തിത്വ ദുഃഖത്തിനപ്പുറമുള്ള മറ്റൊരു തെരഞ്ഞെടുപ്പിന്‍റെ വിഷാദത്തെക്കുറിച്ചാണ് ഹരാരി സംസാരിക്കുന്നത്. മനുഷ്യരുടെ ജീവിതത്തിലെ വിവിധ കാര്യങ്ങളിലുള്ള തെരഞ്ഞെടുപ്പുകൾ ഒരിക്കലും സ്വതന്ത്രമല്ല. ഇത് സാർത്രിന്‍റ പ്രസ്താവനയ്ക്ക് നേരെ വിപരീതമാണ്.

"ഏതൊരു തിരഞ്ഞെടുപ്പിനു പിന്നിലും ജീവശാസ്ത്രപരവും സാമൂഹികവും വ്യക്തിപരവുമായ അവസ്ഥകളുണ്ട്. അത് നിങ്ങൾക്ക് വേണ്ടി നിങ്ങൾ തന്നെ തീരുമാനിക്കുന്നതല്ല' - ഹരാരിയുടെ വാക്കുകൾ. നിങ്ങൾ എന്ത് തീരുമാനിക്കുമ്പോഴും അത് സ്വതന്ത്രമല്ല. അത് മറ്റു പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. ഭക്ഷണം, വിവാഹം, വോട്ട് തുടങ്ങിയ കാര്യങ്ങൾ നിങ്ങൾ എങ്ങനെയാണ് തീരുമാനിക്കുന്നത്? എന്താണ് ശരിയെന്ന് മുൻകൂട്ടി അറിവു കിട്ടിയിട്ടുണ്ടോ? ജീനുകളും ജൈവരസതന്ത്രവും ലൈംഗികാവസ്ഥയും കുടുംബ പശ്ചാത്തലവും അതിൽ പങ്കുവഹിക്കുന്നു. തൊഴിലും പദവിയും സാമ്പത്തികസ്ഥിതിയും നിർണായകമാണ്.

നിങ്ങളുടെ തിരഞ്ഞെടുപ്പല്ല

ഏതെങ്കിലുമൊരു വ്യക്തിക്ക് ജീനുകളെ തിരഞ്ഞെടുക്കാനാവുമോ? പരമ്പരാഗതമായി കിട്ടുന്നതാണത്. ജീനുകളെ സൃഷ്ടിക്കാൻ നിങ്ങൾക്കാവില്ല. നിങ്ങൾ ഒരു ആണായിരിക്കുന്നതോ അല്ലെങ്കിൽ പെണ്ണായിരിക്കുന്നതോ നിങ്ങളുടെ തിരഞ്ഞെടുപ്പല്ല. നിങ്ങൾ ആണായിരിക്കുന്നതോ പെണ്ണായിരിക്കുന്നതോ നിങ്ങളുടെ മനോനിലയെ പ്രത്യേകമായി നിർമിക്കുന്നു. ചില മുൻഗണനാക്രമങ്ങൾ നിങ്ങളിലേക്ക് അടിച്ചേൽപ്പിക്കപ്പെടുന്നു.

ഇപ്പോൾ ഒരു ചിന്ത മനസിലേക്ക് വരുന്നുവെന്ന് കരുതുക - കൈലാസ, മാനസസരോവനത്തിലേക്ക് പോകണം. എവിടെ നിന്നാണ് ഈ ചിന്ത വരുന്നതെന്ന് പറയാനാവില്ല. ആ ചിന്ത കൃത്യസമയത്ത് വരാനായി നമ്മൾ ഒരു പ്രോഗ്രാം ചെയ്തിട്ടുണ്ടായിരുന്നില്ല. വലിയ ട്രാഫിക്കുള്ള ഒരു റോഡിൽ ഒരു ഡ്രൈവർ എടുക്കുന്ന തീരുമാനം തൽസമയം സംഭവിക്കുന്നതാണ്. ചിലപ്പോൾ വലിയ ഒരു അപകടത്തിലേക്ക് പോകാവുന്ന ആ തിരഞ്ഞെടുപ്പ് മുൻകൂർ തയാറാക്കിയതല്ല. അപ്പോൾ മനസിൽ വരുന്നതാണ്. അത് സ്വതന്ത്രമായി തിരഞ്ഞെടുത്തതല്ല. പല ഘടകങ്ങൾ അതിൽ ഉൾച്ചേർന്നിരിക്കുന്നു. വേഗതയേറിയ മനസിൽ ചിന്തകൾ പെട്ടെന്നുണ്ടാവുന്നു. അത് തികച്ചും സ്വതന്ത്രമല്ല. ഹരാരി പറയുന്നു, നിങ്ങൾ സ്വന്തം മനസിനെ നിരീക്ഷിക്കുകയാണെങ്കിൽ, എന്താണ് സംഭവിക്കുന്നതെന്നറിയാം. എന്നാൽ ഓരോ നിമിഷത്തിലും ഒരു ഭയാനക സ്വപ്നത്തിലെന്ന പോലെ നിങ്ങളെ അനിയന്ത്രിതമായി വലിച്ചുകൊണ്ടു പോവുകയാണ്. ഒരു വികാരമോ ആഗ്രഹമോ നിങ്ങളുടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ സംഭവിക്കുന്നതല്ല. പലപ്പോഴും വികാരങ്ങൾ നമ്മെ വലിച്ചിഴയ്ക്കുകയാണ്.

ഈ നവാധുനിക കാലത്ത് ഏതൊരുവനും ഹാക്ക് ചെയ്യപ്പെടുകയാണ്. ഹാക്ക് ചെയ്യാൻ ജീവശാസ്ത്രബോധവും കംപ്യൂട്ടർ പരിജ്ഞാനവുമാണല്ലോ വേണ്ടത്. ബയോമെട്രിക് സംവിധാനം നിങ്ങളെ സദാ പിന്തുടരാനുള്ളതാണ്. റഷ്യൻ ചാരസംഘടനയ്ക്കും മതദ്രോഹ വിചാരകർക്കും ജീവശാസ്ത്രപരിജ്ഞാനവും കമ്പ്യൂട്ടർ സാക്ഷരതയും ഇല്ലായിരുന്നതുകൊണ്ട് അവർക്ക് ഇന്നത്തെ പോലെ ഹാക്ക് ചെയ്യാൻ സാധിച്ചില്ല. ഇപ്പോൾ കോർപ്പറേറ്റുകൾക്കും സർക്കാരുകൾക്കും ഹാക്കിങ് അറിയാം. നമ്മെക്കുറിച്ച് എന്തെല്ലാം ഡേറ്റ് അവർ സമാഹരിക്കുന്നു. നിങ്ങളെ വശീകരിക്കുന്ന ട്രോൾ വീഡിയോകൾ നോക്കുക. ഒരു ചാനൽ ചർച്ചയിൽ രണ്ടുപേർ തമ്മിൽ ഏറ്റുമുട്ടുന്നതാണല്ലോ ഹൈലൈറ്റ്. ഏറ്റുമുട്ടലില്ലെങ്കിൽ ചാനൽ ചർച്ചകൾ നനഞ്ഞ പടക്കം പോലെയാണ്. അതുകൊണ്ട് അവതാരകൻ വേഷം മാറി ചർച്ചയിൽ പങ്കെടുക്കുന്ന ഒരാളായി മാറി ആവശ്യത്തിന് കരിമരുന്ന് പ്രയോഗിക്കുന്നു. തീയും പുകയും ഉണ്ടായാൽ പിന്നെ എല്ലാവരും ശാന്തരാണ്. ഈ ഏറ്റുമുട്ടലും തീയും പടക്കവുമെല്ലാം ചെറിയ ട്രോൾ വീഡിയോകളായി തയാറാക്കുകയാണ് അടുത്തപടി.

ഹാക്ക് ചെയ്യപ്പെടാൻ സമ്മതം

ഇതിനായി ചില യൂട്യൂബ് ലിങ്കുകൾ പ്രവർത്തിക്കുന്നുണ്ട്. ഇതിന്‍റെ പിന്നിൽ ചർച്ച നയിക്കുന്നവരോ ചർച്ചയിൽ പങ്കെടുത്തവരോ ആണെന്ന് സംശയിക്കുന്നവരുണ്ട്. രണ്ടു പേർ തമ്മിലുള്ള ചർച്ചയിലെ സംഭാഷണങ്ങൾ എഡിറ്റു ചെയ്ത്, ഒരു പക്ഷം ചേർന്ന് മറുപക്ഷത്തെ അവഹേളിക്കുകയും ചിതറിക്കുകയുമാണ് ലക്ഷ്യം. ഓരോ സംഭാഷണത്തിനു ശേഷവും സിനിമയിലെ ഹാസ്യരംഗവുമായി അതിനെ ബന്ധിപ്പിച്ച് കട്ട് ചെയ്ത് കാണിക്കുന്നു. പോരാളിയുടെ വാക്ശരങ്ങൾക്ക് മുന്നിൽ നിലയില്ലാതെ, വിവസ്ത്രനായി നിൽക്കുന്നു എന്നു ധ്വനിപ്പിക്കുന്ന സിനിമാരംഗങ്ങളാണ് ചേർക്കുക. ഈ രംഗങ്ങളിലെ തമാശയും ചർച്ചയിലെ രാഷ്‌ട്രീയവാദമുഖങ്ങളും കൂട്ടിക്കുഴച്ച് കാണി ആസ്വദിക്കുന്നു. എന്നാൽ ഈ ട്രോൾ വീഡിയൊയിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ നമ്മെ ഹാക്ക് ചെയ്യുകയാണ്. ഇതിലെ വ്യാജമുഖം നാം അറിയാതെ ഏറ്റെടുക്കുന്നു. ട്രോൾ വീഡിയോകൾ ഒരു പക്ഷത്തെ വിജയിപ്പിക്കാനുള്ളതാണ്. അതിൽ ക്ലിക്ക് ചെയ്യുന്നതിലൂടെ നിങ്ങളുടെ പക്ഷം പിടിച്ചെടുക്കാം.

ഇതുപോലെയാണ് അന്താരാഷ്‌ട്ര വാർത്തകളും ദേശീയ വാർത്തകളും വ്യാജമായി അവതരിപ്പിക്കപ്പെടുന്നതിൽ നാം ക്ലിക്ക് ചെയ്യുമ്പോൾ സംഭവിക്കുന്നത്. ഇസ്രായേലിനെതിരെ പടയൊരുക്കം എന്നൊരു തലവാചകം കണ്ടാൽ ആ വീഡിയോ നിങ്ങൾ ക്ലിക്ക് ചെയ്യുന്നു. യുക്രെയ്ൻ യുദ്ധത്തിൽ ജയിക്കാൻ പോകുന്നു എന്ന് കണ്ടാൽ വേറെ ചിലർ ക്ളിക്ക് ചെയ്യുന്നു. ഇതെല്ലാം വ്യാജവാർത്തകളായിരിക്കും. ഈ ക്ലിക്കിലൂടെ നിങ്ങളുടെ പക്ഷപാതം, താൽപര്യം എല്ലാം ഹാക്ക് ചെയ്യപ്പെടുന്നു. വ്യാജ വാർത്തകൾ സൃഷ്ടിച്ചവർക്ക് ആവശ്യമായ ഡേറ്റ നിങ്ങൾ തന്നെ കൊണ്ടുപോയി കൊടുക്കുന്നു, ഒരു ക്ലിക്കിലൂടെ. നിങ്ങളുടെ ആഗ്രഹങ്ങൾ നിങ്ങളറിയാതെ ചോർത്തിയെടുക്കുകയാണ്. ട്രോൾ വീഡിയോ പതിവായി കാണുന്നവരുണ്ട്. അവരുടെ രാഷ്‌ട്രീയ പക്ഷപാതം എന്താണെന്ന് കോർപ്പറേറ്റുകൾ മനസിലാക്കുന്നു. ഇങ്ങനെ അനേകം ക്ലിക്കിലൂടെ നിങ്ങൾ ആർക്ക് വോട്ടു ചെയ്യമെന്ന് തീർച്ച വരുത്തുന്നു. നിങ്ങളുടെ മനസ് തുരന്നെടുക്കുകയാണ്. പിന്നീട് നിങ്ങളുടെ പക്ഷത്തിന്‍റെ അടിസ്ഥാനത്തിൽ നിങ്ങളിലേക്ക് ഏതെങ്കിലും രാഷ്‌ട്രീയക്കാരനെയോ ആശയത്തെയോ കൃത്യമായി കൊണ്ടുവന്ന് പിന്തുണ നേടാൻ എളുപ്പമാണ്.

നിങ്ങളുടെ മനസിന്‍റെ എൻജിനീയറിങ് പുറത്തുനിന്ന് മറ്റൊരു കൂട്ടർ നിശ്ചയിക്കുകയാണ്. ഇവിടെ നിങ്ങൾ സ്വതന്ത്രമായി ക്ലിക്ക് ചെയ്തു എന്നു പറയുന്നത് ശരിയല്ല. നമ്മുടെ സ്വാതന്ത്ര്യം നിശ്ചയിക്കുന്നത് പുറത്തുള്ളവരാണ്. നമ്മൾ വ്യാജവാർത്തകളുടെയും നിർമിച്ചെടുക്കലുകളുടെയും ഇരയാണ്.

ഉത്തര രേഖകൾ

1) താങ്കളുടെ പുതിയ പുസ്തകത്തിന്‍റെ പേര് "ബുദ്ധിസ്റ്റ് നീലാകാശങ്ങൾ "എന്നാണ്. ഇതുപോലെയുള്ള ടൈറ്റിലുകൾ പൊതുവേ പ്രയോഗിക്കുന്ന ഭാഷാരീതിയല്ലല്ലോ?

ഉത്തരം: "ബുദ്ധിസ്റ്റ് നീലാകാശങ്ങൾ' സെൻ ബുദ്ധിസ്റ്റ് കാഴ്ചപ്പാടിലുള്ളതാണ്. ഒരു പുതിയ കാൽവയ്പ്പാണ്. പരിചിതമായ ഭാഷാപ്രയോഗങ്ങൾ ഒരു ഭാരമാകുമ്പോൾ ഇതാവശ്യമാണ്.

2) വിമർശനത്തെ ഉൾക്കൊള്ളാനാകാതെ നമ്മുടെ സാഹിത്യരംഗം കിതയ്ക്കുന്നതായി തോന്നുന്നുണ്ടോ?

ഉത്തരം: ഇത് ചർച്ച ചെയ്യപ്പെടേണ്ടതാണ്. വൈജ്ഞാനിക മലയാളം ഓൺലൈൻ മാസികയിൽ ഡോ. ഷൂബാ കെ.എസ് എഴുതുന്നത് പ്രസക്തമായ കാര്യമാണ്. അദ്ദേഹത്തിന്‍റെ വാക്കുകൾ: "എഴുത്തുകാരന് തൊണ്ണൂറാകുമ്പോഴും പുസ്തകങ്ങൾക്ക് അമ്പതാകുമ്പോഴും സംഭവിക്കുന്ന ഒന്നായി മാറിയിരിക്കുന്നു വായനകൾ. വിമർശനം എന്ന ജ്ഞാനശാഖയെ വ്യാവസായിക മാധ്യമങ്ങൾ മറക്കാൻ ശ്രമിച്ചു. വിമർശനം എന്ന വാക്കിനെത്തന്നെ ഭയക്കുന്ന സമൂഹമായി മാറിയിരിക്കുന്നു. എഴുത്തുകാരും അധ്യാപകരും സമ്പൂർണ അടിമകളായി മാറി. ' ഷൂബയുടെ ഈ വാക്കുകൾ എഴുത്തുകാർ ആത്മപരിശോധനയ്ക്ക് വിധേയമാക്കണം. വിമർശനമില്ലാതാകുന്നത് ജീർണിക്കുന്നതിനു തുല്യമാണെന്ന ആപൽക്കരമായ സത്യത്തിലേക്കാണ് ഇത് കൊണ്ടെത്തിക്കുന്നത്.

3) മലയാള സിനിമയിൽ ഏറ്റവും നടുക്കുന്നതും ഇപ്പോഴും അതിശയിപ്പിക്കുന്നതുമായ സിനിമ ഏതാണ്?

ഉത്തരം: അടൂർ ഗോപാലകൃഷ്ണന്‍റെ "സ്വയംവരം' എന്നെ വല്ലാതെ സ്വാധീനിച്ചു. ആ ചിത്രം വലിയൊരു നേട്ടമാണ്. അതിലെ പ്രമേയങ്ങൾ - പ്രണയം, വിവാഹം, കുടുംബം, സാഹിത്യകാരൻ, പത്രാധിപർ, മരണം - എല്ലാം പ്രവചനാത്മകമായ ഗാംഭീര്യത്തോടെ, ഇപ്പോഴും പ്രാധാന്യത്തോടെ നിൽക്കുകയാണ്. അതിന്‍റെ ഫ്രെയിമുകൾ ആരെയാണ് കൊതിപ്പിക്കാത്തത്? അടൂർ ഒരു മാസ്റ്റർ ക്രാഫ്റ്റ്സ്മാൻ ആണെന്നതിന് വേറെ എന്ത് തെളിവ് വേണം? സത്യജിത് റായിയുടെ "പഥേർ പാഞ്ചാലി' എപ്പോഴും എന്‍റെ മനസിലുണ്ട്. അതുപോലെ ഒരു മികച്ച സിനിമയാണ് "സ്വയംവരം. ' സ്വയംവരത്തിലെ മധുവിന്‍റെ വേഷത്തിന് സമാനമായ അനുഭവങ്ങൾ എനിക്കില്ല. എന്നാൽ ആ അനുഭവങ്ങൾ എന്‍റേതാണെന്ന് സിനിമ കാണുമ്പോൾ എനിക്ക് തോന്നുന്നു. ഇവിടെയാണ് അടൂരിന്‍റെ വിജയം.

4) ഉത്തരാധുനികകവിതയുടെ പ്രധാന ദോഷം എന്താണ്?

ഉത്തരം: ഉത്തരാധുനിക കവികൾ വയ്യാതെ കിടക്കുന്ന അമ്മായിമാരെക്കുറിച്ചാണ് മിക്കപ്പോഴും എഴുതുന്നത്. എന്തിനാണ് അമ്മായിമാരെ ദ്രോഹിക്കുന്നത്? വീട്ടിലെ അടുക്കളയും ആട്ടുകല്ലും കപ്പിയും പാതാള കരണ്ടിയും മതി ഉത്തരാധുനിക കവികൾക്ക്. ഇത് എന്തിനാണെന്ന് ചോദിച്ചാൽ ഉത്തരമില്ല.

5) പുതിയ കഥകൾ?

ഉത്തരം: സി. അനൂപിന്‍റെ "കങ്കാളിത്തല ഒരോർമക്കുറിപ്പ്' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, മെയ് 26) വാക്കുകളിൽ മിതത്വമുള്ള, വിചാരശീലമുള്ള, ലക്ഷ്യബോധമുള്ള, ഭാഷാശുദ്ധിയുള്ള ഒരു കഥാകൃത്തിനെ കാണിച്ചു തന്നു. അനൂപ് കഥയുടെ മഹനീയമായ ഒരു വിതാനത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. സി.വി. ശ്രീരാമന്‍റെ കഥയുടെ നല്ല കാലഘട്ടത്തിനു ശേഷം അനൂപിലൂടെ പുതിയ തുടക്കം കുറിച്ചിരിക്കുകയാണ്. ബംഗാളിന്‍റെ പശ്ചാത്തലത്തിൽ ഇത്രയും ഹൃദ്യമായ ഒരു കഥ ഇപ്പോഴാണ് വായിക്കുന്നത്.

6) എഴുത്തുകാരൻ കക്ഷിരാഷ്‌ട്രീയത്തിൽ മുഴുകുമ്പോഴും വിയോജിക്കാനുള്ള വാസന നഷ്ടപ്പെടുത്തരുതെന്ന് ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞതിനെ എങ്ങനെ കാണുന്നു?

ഉത്തരം: വളരെ മൂല്യമുള്ള ഒരു പ്രസ്താവനയാണിത്. ഒന്നിനോടും വിയോജിക്കാൻ കഴിയുന്നില്ലെങ്കിൽ എഴുത്തുകാരൻ വെറുമൊരു പാവയായിരിക്കും. പാവകളെ നമുക്ക് എവിടെയും വയ്ക്കാം. അത് അനങ്ങുകയോ പ്രതികരിക്കുകയോ ചെയ്യില്ലല്ലോ. വടക്കേടത്ത് ചൂണ്ടിക്കാണിക്കുന്ന വിചാരമധുരമായ നീതിബോധം, സത്യസന്ധവും ആത്മാർഥവുമായ എഴുത്ത് ഇന്നത്തെ ജനാധിപത്യയുഗത്തിൽ നഷ്ടപ്പെട്ടു എന്നാണ് എനിക്ക് തോന്നുന്നത്. വടക്കേടത്ത് നീതിബോധത്താൽ പ്രചോദിതനായി എഴുതുകയാണ്.

7) കാൻ ഫെസ്റ്റിവലിൽ പായൽ കപാഡിയയുടെ "ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന ചിത്രത്തിനു "ഗ്രാൻഡ് പ്രി' പുരസ്കാരം കിട്ടിയതിനെ എങ്ങനെ കാണുന്നു?

ഉത്തരം: ലോകത്തിലെ ഏറ്റവും വലിയ പുരസ്കാരമാണിത്, കാനിലെ പാം ഡി ഓർ പുരസ്കാരം ഒഴിച്ചാൽ. ഒരു ഇന്ത്യക്കാരി അത് നേടിയത് ഭൂതകാലത്തിന്‍റെ സങ്കല്പങ്ങളിൽ നിന്ന് സിനിമയെ മോചിപ്പിക്കാനുള്ള അവബോധം നേടിയതുകൊണ്ടാണ്. രണ്ട് നേട്ടങ്ങളാണ് അവർക്കുള്ളത്. ഒന്ന്, ഒരു സ്ത്രീ എന്ന നിലയിൽ. രണ്ട്, ഒരു സംവിധായിക എന്ന നിലയിൽ. ചുറ്റുപാടുകളെയും ജീവിതങ്ങളെയും തീവ്രമായി മനസിലാക്കാൻ ശ്രമിച്ചാൽ ഇതുപോലെ ക്രൂരമായ സത്യസന്ധതയിൽ എത്തിച്ചേരാൻ കഴിയും.

8) മരണത്തെക്കുറിച്ച് ഒരു എഴുത്തുകാരൻ എന്ന നിലയിൽ എന്താണ് പറയാനുള്ളത്?

ഉത്തരം: മിക്കവർക്കും മരണം ഒരു ശവസംസ്കാരം മാത്രമാണ്. ശവമടക്ക് മോടിയാക്കിയതുകൊണ്ട് മരണം ഇല്ലാതാകുന്നില്ല. മരണത്തിൽ ഒരാത്മബന്ധമുണ്ട്. മഹാതത്ത്വചിന്തകനായ ജിദ്ദു കൃഷ്ണമൂർത്തി ഇതിനെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട് : "നിങ്ങളുടെ സുഹൃത്തിനോട് പറയണം, അവൻ മരിക്കുമ്പോൾ നിങ്ങളുടെ ഒരു ഭാഗവും മരിക്കുന്നുവെന്ന്; അത് അവനോടൊപ്പം പോവുകയാണ്. അവൻ എവിടെ പോകുമ്പോഴും, നിങ്ങളും പോകുന്നു. അവൻ ഒരിക്കലും തനിച്ചായിരിക്കില്ല'.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com