എം.ടിയുടെ മഞ്ഞും പ്രതിബദ്ധതയും|അക്ഷരജാലകം

മഞ്ഞ് ഒരു രാഷ്‌ട്രീയ പക്ഷം പ്രകടിപ്പിക്കാൻ വേണ്ടി എഴുതിയതല്ല. മഞ്ഞ്, മനുഷ്യന്‍റെ ആന്തരിക സമസ്യയാണ്
എം.ടിയുടെ മഞ്ഞും പ്രതിബദ്ധതയും|അക്ഷരജാലകം

എം. കെ. ഹരികുമാർ

സാഹിത്യകാരന് സമൂഹത്തോട് ഉത്തരവാദിത്വമുണ്ടോ എന്ന ചോദ്യത്തിന് വളരെ പഴക്കമുണ്ട്. ഒരുകാലത്ത് മലയാളസാഹിത്യത്തിൽ എഴുത്തുകാരൻ സമൂഹത്തിനു വേണ്ടിയാണോ അല്ലെങ്കിൽ കലയ്ക്കു വേണ്ടിയാണോ എഴുതേണ്ടത് എന്ന കാര്യത്തിൽ തീർച്ചയില്ലാത്തതുകൊണ്ട് വലിയ ചർച്ച നടന്നു.

കല ജീവിതത്തിനു വേണ്ടിയാണ് നിലനിൽക്കുന്നതെന്ന വാദം ഇപ്പോഴും ഉയർത്തുന്നവരുണ്ട്. കല കലയോട് മാത്രമാണ് കൂറ് പുലർത്തുന്നതെന്നും ശഠിക്കുന്നവരുണ്ട്. വാസ്തവത്തിൽ കലാകാരന് ഇതൊന്നും മുൻകൂട്ടി തീരുമാനിക്കാനാവില്ല. മനുഷ്യൻ ഇന്ന് ദിനംപ്രതി, നിമിഷംപ്രതി രാഷ്‌ട്രീയവത്ക്കരിക്കപ്പെടുകയാണ്. രാഷ്‌ട്രീയക്കാരുടെ അഴിമതിയും പരസ്പരമുള്ള പോരാട്ടവും ചീത്തവിളിയും കൊണ്ട് ദേശീയ മാധ്യമങ്ങൾ നിറഞ്ഞിരിക്കുകയാണ്. മാധ്യമങ്ങൾ ഇത് മാത്രമാണ് ജനങ്ങളെ അറിയിക്കുന്നത്. ജനങ്ങളെ രാഷ്‌ട്രീയത്തിൽ താല്പര്യമുള്ളവരാക്കുക എന്ന പരിപാടിയുടെ ഭാഗമായി ഇത് ചെയ്യുന്നതാകാം. അഴിമതിയെ തുറന്നുകാട്ടുക തന്നെ വേണം. പക്ഷേ, ഒരു സമൂഹത്തിന് ഇത് മാത്രം പോരാ. ഈ രാഷ്‌ട്രീയ മാധ്യമപ്രവർത്തനത്തിന്‍റെ ഫലമായാണ് എഴുത്തുകാരനും കലാകാരനുമെല്ലാം മുൻകൂട്ടി നിശ്ചയിച്ച പദ്ധതിയുടെ ഭാഗമായി എഴുതണമെന്ന് പറയുന്നത്.

എം.ടി. വാസുദേവൻ നായർ "മഞ്ഞ് " എന്ന ഒരു ചെറിയ നോവൽ എഴുതി. അദേഹത്തിന്‍റെ സാഹിത്യജീവിതത്തിൽ ഏകാന്തസൗന്ദര്യമുള്ള കൃതിയാണത്. ആ നോവലിലെ വിമലയും അവരുടെ കാത്തിരിപ്പും മനുഷ്യത്വത്തിൽ താല്പര്യമുള്ളവരൊക്കെ ഇഷ്ടപ്പെടും. എന്നാൽ എം.ടിയോട് നമുക്ക് പറയാൻ കഴിയുമോ ആ നോവൽ നാനൂറ് പേജ് വലിപ്പത്തിൽ എഴുതണമെന്ന്? അദേഹമാണ് ആ നോവൽ വിഭാവന ചെയ്യുന്നത്. അത് അദ്ദേഹത്തിന്‍റെ തെരഞ്ഞെടുപ്പാണ്. അവിടെ സമൂഹത്തിനോ രാഷ്‌ട്രീയത്തിനോ സ്ഥാനമില്ല. അദേഹം ഏകാന്തതയെ തന്‍റേതായ ഒരു രാഗശാലയാക്കി മാറ്റുകയാണ് ചെയ്തത്. അതിൽ നമുക്ക് ഇടപെടാനാവില്ല. മഞ്ഞ് ഒരു രാഷ്‌ട്രീയ പക്ഷം പ്രകടിപ്പിക്കാൻ വേണ്ടി എഴുതിയതല്ല. മഞ്ഞ്, മനുഷ്യന്‍റെ ആന്തരിക സമസ്യയാണ്. അത് പരിഹരിക്കാൻ ശ്രമിക്കുന്നതിന്‍റെ ഭാഗമാണ് രചന.

കല രാഷ്‌ട്രീയത്തിനു വേണ്ടിയല്ല

എന്നാൽ കല രാഷ്‌ട്രീയത്തിന് വേണ്ടി എന്ന് പറയുന്നവർ അറിഞ്ഞോ അറിയാതെയോ എഴുത്തുകാരന്‍റെ മേൽ ഉത്തരവാദിത്വം കയറ്റി വയ്ക്കുകയാണ്. കാളിദാസൻ "മേഘസന്ദേശം' എഴുതിയത് രാഷ്‌ട്രീയ പക്ഷപാതം കാണിക്കാനല്ല. കാളിദാസനോട് രചനയിൽ രാഷ്‌ട്രീയം കലർത്തണമെന്ന് പറയുന്നവർ അധികാരഗർവ്വുള്ളവരാണ്. എഴുതുമ്പോൾ കൃതിയുടെ വലിപ്പം പ്രസാധകരും സംഘടനകളും പറയുന്നതിനനുസരിച്ച് വേണമെന്ന് ശാസിക്കുന്നതുപോലെയാണിത്.

ഒരു എഴുത്തുകാരന് കലയെ മുൻകൂട്ടി പ്രവചിക്കാനാവില്ല. ഒരു കഥ എഴുതിക്കഴിയുമ്പോഴാണ് അതിന് ഒരു രൂപം കിട്ടുന്നത്. മനസിൽ അവ്യക്തമായ രൂപമാണുള്ളത്. അത് തുറന്നു കിട്ടണം. എഴുതാൻ പ്രചോദനമാണ് ഉണ്ടാകേണ്ടത്. പ്രചോദനം ഒരു പൂർണ കഥയല്ല. എം.ടി "ദുഃഖത്തിന്‍റെ താഴ്വരയിൽ' എന്ന കഥ എഴുതുന്നതിനു മുമ്പ് കഥയുടെ ഒരു ബാഹ്യരൂപം കണ്ടേക്കാം; എന്നാൽ എഴുതിക്കഴിയുമ്പോൾ ഒരു കഥയുണ്ടാകുകയാണ്. അദേഹത്തിന്‍റെ മനസിലേക്ക് വീണ ചില സ്ഫുരണങ്ങൾ ഉണ്ടാകും. അതിന്‍റെ വേര് തേടിപ്പോകുന്ന പ്രക്രിയയാണ് എഴുത്ത്. എഴുതുമ്പോൾ ചില അപ്രതീക്ഷിത തിരിവുകൾ സംഭവിക്കുന്നു. കഥാപാത്രങ്ങളും സാങ്കല്പിക പ്രദേശങ്ങളും അങ്ങനെയുണ്ടാവുകയാണ്. അത് മുൻകൂട്ടി തീരുമാനിക്കാനാവില്ല. സൃഷ്ടി ഒരു അപ്രവചനീയമായ പ്രവൃത്തിയാണ്. കല സമൂഹത്തിനു വേണ്ടിയാകുന്നത്, സൃഷ്ടിക്കു ശേഷമുള്ള കാര്യമാണ്. സമൂഹത്തിനുവേണ്ടി എന്ന ആശയം ആശ്രയിച്ചിരിക്കുന്നത് സമൂഹത്തിന്‍റെ ആവശ്യത്തെയാണ്.

എം.ടിയുടെ "മഞ്ഞ്' സമൂഹത്തിന് വേണ്ടിയാകുന്നത് അതിലെ മാനുഷികമൂല്യങ്ങളും സൗന്ദര്യാത്മകമായ സമീപനങ്ങളും മനുഷ്യസംസ്കാരത്തെ സമ്പന്നമാക്കുമെന്ന തിരിച്ചറിവിൽ നിന്നാണ്. ആ തിരിച്ചറിവില്ലാത്ത സമൂഹത്തിൽ എല്ലാ എഴുത്തുകാരും മെക്സിക്കൻ നോവലിസ്റ്റ് ഹ്വാൻ റുൾഫോയെപോലെ "പെഡ്രോ പരാമോ' എഴുതുകയേ തരമുള്ളു. "പെഡ്രോ പരാമോ' എന്ന നോവലിൽ ജീവിക്കുന്ന ആരുമില്ല. മരിച്ചവരുടെ ഒരു പട്ടണത്തിലേക്കാണ് നോവലിസ്റ്റ് വാതിൽ തുറക്കുന്നത്. ജീവിക്കുന്നവർക്ക് തങ്ങൾ ജീവിക്കുകയാണെന്ന് തോന്നാത്ത ലോകത്ത് മരിച്ചവരുടെ ഭാഷണം കേൾക്കുന്നത് കൗതുകകരമായിരിക്കും. നിശബ്ദതയുടെ ലോകത്ത് റുൾഫോ ഒറ്റയ്ക്ക് സംസാരിക്കുകയാണ്. ആരോടും സംസാരിച്ചിട്ട് പ്രയോജനമില്ലല്ലോ.

സാദത്ത് ഹസൻ മൻറ്റോ

ബ്രിട്ടീഷ് ഇന്ത്യയിലെ പ്രമുഖ കഥാകൃത്തായ സാദത്ത് ഹസൻ മൻറ്റോ എഴുതി: "കഥകൾ എന്‍റെ മനസിലില്ല. അത് എന്‍റെ പോക്കറ്റിലാണുള്ളത്. എന്നാൽ എനിക്കതിനെപ്പറ്റി വിവരമൊന്നുമില്ല. ഞാൻ പരമാവധി ശക്തി ഉപയോഗിച്ച് പരിശ്രമിക്കുമ്പോഴാണ് ഒരു കഥയുണ്ടാകുന്നത്. എത്ര സിഗരറ്റ് വലിച്ചാലും എന്‍റെ മനസ് ഒരു കഥ സൃഷ്ടിക്കുന്നതിൽ പരാജയപ്പെടുകയാണ് പതിവ്'.

മൻറ്റോയുടെ വാക്കുകള നാം ഗൗരവത്തിൽ കാണേണ്ടതുണ്ട്. അദേഹത്തിനു എഴുതിയില്ലെങ്കിൽ അസ്വസ്ഥത അനുഭവപ്പെടുമായിരുന്നു. പല്ലു തേയ്ക്കാതെ,കുളിക്കാതെ കഴിയുന്ന പോലെയുള്ള ഒരു അനുഭവമാണത്. എത്രമാത്രം ജൈവമായ ഒരു പ്രവർത്തനമാണ് എഴുത്ത് എന്നോർക്കണം. എഴുത്തുകാരൻ ഒറ്റയ്ക്ക് അനുഭവിക്കുന്ന ഇത്തരം പ്രശ്നങ്ങളെ അവഗണിച്ച് നമുക്ക് എങ്ങനെ കല്പന പുറപ്പെടുവിക്കാനാവും?

പ്രതിബദ്ധത ഒരു രാഷ്‌ട്രീയ പ്രചരണായുധമായി എഴുത്തുകാരുടെമേൽ അടിച്ചേൽപ്പിക്കപ്പെട്ടതാണ്. എന്നാൽ സമൂഹത്തിൽ നിന്ന് വേർപെട്ടു നിൽക്കുന്ന ഒരാളല്ല കലാകാരൻ. അവന് സാമൂഹിക സ്ഥാപനങ്ങളോടും നിയമങ്ങളോടും എതിരിടുന്നതിൽ പരിമിതിയുണ്ട്. അവൻ കേവലം വ്യക്തിയാണ്. സമൂഹം അവന് പ്രത്യേകമായ അധികാരങ്ങളോ മുൻഗണനയോ ഒരിടത്തും അനുവദിക്കുന്നുമില്ല. എഴുത്തുകാരൻ പ്രസംഗിക്കാൻ യാത്രചെയ്ത് വണ്ടിക്കാശ് വാങ്ങിയാൽ അതു പോലും വലിയ തെറ്റായി വ്യാഖ്യാനിക്കുന്നവരുണ്ട്. ദീർഘദൂരം യാത്രചെയ്ത് പ്രസംഗിച്ചിരുന്ന സുകുമാർ അഴീക്കോടിനെപ്പോലും യാത്രക്കൂലിയുടെ പേരിൽ ആക്ഷേപിച്ചവരുണ്ട്. വെറുതെ വന്ന് പ്രസംഗിക്കണമത്രേ. സമൂഹം എഴുത്തുകാരനിൽ നിന്നും കലാകാരനിൽ നിന്നും സൗജന്യമാണ് പ്രതീക്ഷിക്കുന്നത്. അതേസമയം അവൻ പ്രതിബദ്ധത കാണിക്കുകയും വേണം.

ഡാവിഞ്ചി

ഒരു കലാകാരന് പ്രതിബദ്ധതയില്ല. കൃതി രചിക്കുന്ന വേളയിൽ ആ കർമത്തോട് മാത്രമാണ് കൂറ്. എത്ര മാത്രം മിനുക്കിയാലും മതിവരാത്ത പ്രകൃതം അങ്ങനെയുണ്ടാവുന്നതാണ്. മഹാനായ ഡാവിഞ്ചി തന്‍റെ ഒരു പെയിന്‍റിംഗും വരച്ചു മതിയാക്കിയിരുന്നില്ല. പള്ളിക്ക് വേണ്ടിയാണ് അദേഹം വരച്ചിരുന്നത്. പള്ളിയിൽനിന്ന് ആളുകൾ അന്വേഷിച്ചു വരുമ്പോൾ ഡാവിഞ്ചി വരച്ചു കൊണ്ടിരിക്കുകയാവും. ഇനി ഇതു മതി എന്നു പറഞ്ഞ പള്ളി അധികാരികൾ അദേഹത്തിന്‍റെ ചിത്രങ്ങൾ എടുത്തുകൊണ്ടു പോവുകയായിരുന്നു പതിവ്. ഒരു ജനതയെ ബാധിക്കുന്ന പ്രശ്നങ്ങളിൽ എഴുത്തുകാരൻ ഇടപെടും. അതിനു നിയമമൊന്നുമില്ല. കലാകാരൻ തന്‍റെ കാലത്ത് ജീവിക്കുന്ന സമൂഹത്തെ അറിയേണ്ടതുണ്ട്. യുദ്ധങ്ങളോടുള്ള പ്രതികരണം അങ്ങനെയുണ്ടാവുന്നതാണ്.

പിക്കാസോ

പിക്കാസോ സ്പാനിഷ് യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ വരച്ച "ഗ്വർണിക്ക' ഓർക്കുക. "ഗ്വർണിക്ക' ഒരാഹ്വാനമോ പ്രതിബദ്ധതയുടെ അടയാളമോ അല്ല. ഗ്വർണിക്ക കലയുടെ നൃത്തമാണ്. തന്‍റെ ചുറ്റിനുമുള്ള യുദ്ധഭീതിയിൽ നിന്ന് അദേഹത്തിനു ഒഴിയാനാവില്ല. അതേസമയം യുദ്ധത്തിനെതിരായ ഒരു ആഹ്വാനം എന്ന നിലയിൽ കലയെ സമീപിക്കാനും അദേഹം ഒരുക്കമായിരുന്നില്ല. അദേഹം കലാനുഭവത്തെ, ക്രാഫ്റ്റിനെ, കലയുടെ അവബോധത്തെ കൈവിടുന്നില്ല. ഒരു പ്രത്യേക കലാസങ്കേതമാണത്. രൂപങ്ങൾക്ക് പ്രത്യേക ഘടന നിശ്ചയിക്കപ്പെട്ടിരിക്കുന്നു. ഇവിടെ എല്ലാ രൂപങ്ങൾക്കും ഘടനാപരമായ ഒരു സ്കൂളുണ്ട്. അത് ക്യൂബിസ്റ്റ് ചിത്രരചനാരീതിയാണ്. അത് കലാകാരന്‍റെ കണാണ്. ആ കണിലൂടെ നോക്കിയാൽ രൂപങ്ങൾ ക്യൂബിസ്റ്റു ഘടനയിലേക്ക് മാറും. രൂപത്തെ ചതുരക്കട്ടയായി കാണുന്നതുകൊണ്ട് മൂന്നു തലങ്ങൾ പ്രകടമായി തന്നെ കാണിക്കു ലഭിക്കുന്നു.

മറ്റൊന്ന് വൈകാരികമായ മിഴിവാണ്. വികാരങ്ങൾ കുതിച്ചു ചാടുന്നില്ല. എന്നാൽ വികാരപ്രകടനമുണ്ട്. വികാരത്തിന്‍റെ സാന്നിധ്യവും ക്യൂബിസ്റ്റ് ഘടനയും നിറങ്ങളും ചേരുന്നതോടെ വസ്തുവിന് അസാധാരണമായ മാനം ലഭിക്കുന്നു. വളരെ യഥാതഥമായ യുദ്ധരംഗത്തിന് പകരം ആംശികമായ, പാർശ്വമായ ചില സൂചനകളും അടയാളങ്ങളുമാണ് പിക്കാസോ അവതരിപ്പിക്കുന്നത്. കലാനുഭവത്തിലൂടെ വിവരിക്കപ്പെടേണ്ടതായ യാഥാർത്ഥ്യങ്ങളെ ഒരു പ്രത്യേക ഡിസൈനിലൂടെ, സംവേദന തന്ത്രത്തിലൂടെ, കലാപരമായ സാങ്കേതികഘടനയിലൂടെ അവതരിപ്പിക്കുകയാണ്. ഈ ചിത്രത്തിൽ ഭീകരതയില്ല; കലയുടെ മാന്ത്രികതയാണുള്ളത്. യുദ്ധഭീതി മുൻപന്തിയിൽ തെളിഞ്ഞു കണ്ടിരുന്നുവെങ്കിൽ പ്രേക്ഷകന് ഭയം തോന്നിയേനെ. ഗ്വർണിക്ക കണ്ടാൽ ഒരു കുട്ടിയും നിലവിളിക്കുകയോ ബഹളം വയ്ക്കുകയോ ചെയ്യില്ല. കാരണം, അതിൽ തന്‍റെ കലാപരമായ ആന്തരികത്വരയെ എങ്ങനെ ആവിഷ്ക്കരിക്കണമെന്ന വിഷയമാണ് പിക്കാസോയെ ഉലച്ചത്. കലയിൽ സൗന്ദര്യത്തിനാണ് പ്രാമുഖ്യം ; മറ്റെല്ലാം പിന്നീടാണ്. കല എന്നാൽ രാഷ്‌ട്രീയമല്ല, സൗന്ദര്യമാണ്. അതിന്‍റെ പൂർണതയ്ക്ക് വേണ്ടിയാണ് കലാകാരൻ രചനയിൽ ഏർപ്പെടുന്നത്. പ്രതിബദ്ധത പോലെയുള്ള കപടവും ഉപരിപ്ലവുമായ മുദ്രാവാക്യങ്ങൾ കലാകാരനെ നശിപ്പിക്കുകയാണ് ചെയ്യുന്നത്.

ഉത്തരരേഖകൾ

1) രാംമോഹൻ പാലിയത്ത് എഴുതുന്ന "വെബിനിവേശം' (മാതൃഭൂമി ആഴ്ചപ്പതിപ്പ്) പംക്തി വായിക്കാറുണ്ടോ?

ഉത്തരം: ആദ്യം കുറെ ലക്കങ്ങൾ വായിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഫെയ്സ്ബുക്കിലെ ഇക്കിളിക്കഥകളും സ്റ്റാറ്റിസ്റ്റിക്സും ആവർത്തിച്ചു കൊണ്ടിരിക്കുന്നതു കണ്ട് താത്പര്യം കുറയുകയായിരുന്നു. ഒരു പംക്തിയിൽ സ്ഥിരമായി സ്ഥിതിവിവരക്കണക്കും പട്ടികയും അവതരിപ്പിക്കുകയാണെങ്കിൽ അത് ബോറടിപ്പിക്കുമെന്ന് മനസിലാക്കണം. മരുഭൂമിയിൽ പോലുമില്ലാത്ത ചൂടാണ് അനുഭവപ്പെട്ടത്. ഫെയ്സ്ബുക്ക് നോക്കിയിരിക്കുന്ന എത്രയോ ലക്ഷം പേരുണ്ട്. അവരുടെ മുമ്പിലേക്ക് ഫെയ്സ്ബുക്കിൽ വന്ന വിഭവങ്ങൾ "തെരഞ്ഞെടുത്ത്' പ്രദർശിപ്പിക്കുന്നതുകൊണ്ട് എന്താണ് പ്രയോജനം? ജീവിതത്തിന്‍റെ ഒരംശം പോലും കാണാനില്ലാത്ത ഭാഷയും ശൈലിയുമാണ് രാംമോഹന്‍റേത്. ഒരു യന്ത്രപ്പാവയെ പോലെയാണ് ആ ഭാഷ. അതിൽ ഒരു തുള്ളി ജലമില്ല; അല്പം പോലും കവിതയില്ല. മനസിന് നിർവികാരത എന്ന രോഗമാണ് ഈ പംക്തി സമ്മാനിക്കുന്നത്.

2) പുതിയ കവിതയുടെ പ്രത്യേകത എന്താണ്?

ഉത്തരം: പുതിയ കവിതയ്ക്ക് വലിയ പ്രമേയം വേണ്ട. ആശാൻ, ഉള്ളൂർ, വള്ളത്തോൾ തുടങ്ങിയവരെ പോലെ ദീർഘിച്ച പ്രമേയങ്ങൾ ഇപ്പോൾ കവിതയ്ക്ക് വേണ്ട. ഒരു ചെറിയ തോന്നൽ മതി. ദത്താത്രേയ ദത്തു എഴുതിയ "കൈമോശം വന്ന കത്ത്' (പ്രസാധകൻ, മാർച്ച് 2024) എന്ന കവിതയുടെ വരികൾ നോക്കൂ. ഓരോ ഭാഗത്തും ഇംഗ്ലീഷ് ടൈറ്റിലുകൾ കൊടുത്തിരിക്കുന്നു. അതിനു താഴെ മലയാളം വരികൾ:

"ആനി Lost my love

അകലെയായിരുന്നപ്പോൾ

അറ്റമെത്താത്ത നോട്ടം കൊണ്ട്

അന്യോന്യം വിതച്ചൊരു പ്രേമം,

അടുത്തടുത്ത ദീർഘനിശ്വാസത്തിൽ

അയഞ്ഞയാവിയായിയൊടുങ്ങി'.

പ്രണയം നഷ്ടപ്പെട്ടാലും പിന്നെയും കനലുകൾ ബാക്കിയാണ്. അതിൽ നിന്ന് പുക ഉയർന്നുകൊണ്ടിരിക്കും.

3) മലയാള കഥയെക്കുറിച്ച് ഗൗരവമേറിയ പഠനങ്ങളും ആസ്വാദനങ്ങളും ഇപ്പോൾ ഉണ്ടാവുന്നില്ലല്ലോ?

ഉത്തരം: മലയാള ചെറുകഥ വല്ലാത്തൊരു തകർച്ചയിലാണിന്ന്. ഒരാഴ്ചയെങ്കിലും മനസിൽ തങ്ങിനിൽക്കുന്ന കഥകൾ ഉണ്ടാകുന്നില്ല. കഥയോടു ആത്മാർത്ഥതയില്ലാത്തവർ എഴുതുന്നതാണ് കാരണം. മാധവിക്കുട്ടിയുടെ "പക്ഷിയുടെ മണം,' "സോനാഗാച്ചി' എന്നീ കഥകൾ വായിച്ചപ്പോൾ മനസ് അസ്വസ്ഥമായി. ഇപ്പോഴും അത് മനസിനെ വിട്ടു മാറിയിട്ടില്ല. കഥയോട് ആത്മാർത്ഥത ഉണ്ടെങ്കിൽ ഇതുപോലെ എഴുതാൻ കഴിയും. മലയാളത്തിൽ നല്ല കഥകളുടെ പരിഭാഷ പോലും ഉണ്ടാവുന്നില്ല. ക്ലാരിസ് ലിസ്പെക്റ്റർ, ജെയിംസ് ജോയ്സ്, ഫെർനാണ്ടോ സൊറെന്‍റിനോ എന്നിവരുടെ കഥകൾ പരിഭാഷപ്പെടുത്തിക്കാണുന്നില്ല. പി.എം. ദിവാകരന്‍റെ "ഇരുൾപ്പൊക്കം', (ഗ്രന്ഥാലോകം, ഫെബ്രുവരി) , എം.പി. രമേഷിന്‍റെ "വരാതെ പോയവൻ (ഭാഷാപോഷിണി, ഫെബ്രുവരി) എന്നീ കഥകൾ നിരാശപ്പെടുത്തി. ഈ കാലത്തിനു ചേരുന്ന ആഴം കണ്ടില്ല. ജി. ആർ. ഇന്ദുഗോപന്‍റെ ചില കഥകളെപ്പോലെ കൃത്രിമമായി അനുഭവപ്പെട്ടു.

4) ആധുനികതയുടെ കാലത്ത് വളരെയേറെ കവിയരങ്ങുകൾ കാണാമായിരുന്നു; കവിതാചർച്ചകൾ പൊടിപൊടിച്ചു. ഇപ്പോൾ അതുപോലൊരു ഊഷ്മളത എവിടെയുമില്ല. സ്വന്തം സത്യങ്ങളിൽ തൊട്ടഴുതിയാൽ അത്ഭുതം ഉണ്ടാകും. ഫാഷന് വേണ്ടി എഴുതിയാൽ മങ്ങിപ്പോകും. എ. അയ്യപ്പൻ എഴുതിയ "കുറ്റപത്രങ്ങൾ' എന്ന കവിതയിലെ ഈ വരികൾ നോക്കുക :

"ഒരു നക്ഷത്രം കൊത്തിക്കൊണ്ടു തരുവാൻ

എന്‍റെ കൈകളിൽ നിന്നും പറന്ന പ്രാവ്

ശിരസിലൂടെ തുളച്ചു കയറിയ ഒരമ്പുമായി എന്‍റെ

കൈകളിലേക്ക് തന്നെ

മരിച്ചു വീണു'.

എല്ലാ കാല്പനിക പദമോഹികളെയും എയ്തുവീഴ്ത്തുന്ന കവിതയാണ് അയ്യപ്പന്‍റേത്. അയ്യപ്പൻ കവിതയുടെ ഉടലായി മാറുകയായിരുന്നു. അയ്യപ്പൻ തന്‍റെ പേനയിലെ മഷിയല്ല, ശരീരത്തിലെ രക്തമാണ് എഴുതാൻ ഉപയോഗിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com