തായ്മൊഴിയുടെ അറിവാഴങ്ങളുമായി 'അന്നക്കുട്ടിയുടെ ആത്മകഥ'

ഒരു സാധാരണ വീട്ടമ്മയായിരുന്നിട്ടും ചെറുതുകളുടെ വലിയ ലോകത്തെ എത്ര മനോഹരമായാണ് അന്നക്കുട്ടിയമ്മച്ചി വരച്ചിട്ടിരിക്കുന്നത്...
Book review
പുസ്തക പരിചയം

റീന വർഗീസ് കണ്ണിമല

തായ്മൊഴിയുടെ താരുണ്യം, സ്ത്രീശക്തിയുടെ ആർജവം, ജൈവവൈവിധ്യഭൂമികയുടെ അറിവാഴങ്ങൾ, നാട്ടറിവിന്‍റെ നീർച്ചാലുകൾ... ആരെയും മടുപ്പിക്കാതെ കാച്ചിക്കുറുക്കി ഇതെല്ലാം ഒരു മാലയിലെ മണിമുത്തുകളെന്നോണം കോർത്തൊരമ്മ- കണ്ണിമലയുടെ സ്വന്തമായിത്തീർന്ന അന്നമ്മ മാത്യു കൊല്ലംകുന്നേൽ. കോറിയിട്ട ജീവിതത്താളുകളിലെ മാതൃസ്പന്ദനത്തെയത്രയും സ്വരുക്കൂട്ടി അമ്മയുടെ ഒന്നാം ചരമവാർഷികത്തിന് ആത്മകഥാ പുസ്തകപ്രകാശനം നടത്തിക്കൊണ്ടാണ് ഈ അമ്മയുടെ എട്ടു മക്കൾ ഓർമ പുതുക്കിയത്.

കേരളത്തിന്‍റെ ചരിത്രത്തിലാദ്യമായാണ് അമ്മയുടെ ആത്മകഥ ചരമവാർഷികത്തിന് മക്കൾ പ്രകാശനം ചെയ്യുന്നത്. വളരെ കുറച്ചു വാക്കുകളിൽ കാച്ചിക്കുറുക്കിയ വരികളിൽ ഒരു സഹനപർവത്തെ വരച്ചിട്ടിരിക്കുന്ന വാഗ്മയചാരുത വായിച്ചു തന്നെ അറിയണം. ഒരു സാധാരണ വീട്ടമ്മയായിരുന്നിട്ടും ചെറുതുകളുടെ വലിയ ലോകത്തെ എത്ര മനോഹരമായാണ് അന്നക്കുട്ടിയമ്മച്ചി വരച്ചിട്ടിരിക്കുന്നത്. ചിലപ്പോഴൊക്കെ അമ്പരപ്പിക്കുന്ന വരികൾ; മറക്കാനാവാത്ത ഒരു സംഭവം എന്ന അധ്യായം അങ്ങനെയൊന്നാണ്. മണിമലയാറ്റിൽ മുങ്ങിത്താഴാനൊരുങ്ങിയ കൂട്ടുകാരിക്ക് ആത്മവിശ്വാസം പകർന്ന, അവളെ രക്ഷിച്ച അന്നക്കുട്ടി ആഗസ്തി എന്ന പെൺകുട്ടിയുടെ വിപദി ധൈര്യത്തിന്‍റെയും നിഷ്കളങ്ക സ്നേഹത്തിന്‍റെയും ഓർമക്കുറിപ്പാണത്.

യഥാസമയം പുറത്തു വരാനാകാതെ ചാപിള്ളയായി പിറന്ന കുഞ്ഞാങ്ങളയെ വീട്ടുവളപ്പിൽ തന്നെ അടക്കി; കുഞ്ഞായിരുന്ന അന്നക്കുട്ടിയെ മാത്രം കാണിക്കാതെ, തീരാദുഃഖമായി ഉള്ളിൽ സൂക്ഷിക്കുന്ന, ഒരിക്കലും കാണാൻ ഭാഗ്യമില്ലാതെ പോയ ആ കുഞ്ഞാങ്ങളയെക്കുറിച്ച് ഈയമ്മയുടെ ഹൃദയം കോറിയിട്ടവരികളിങ്ങനെ:

''കുഴി മാന്തി കാണിക്കോ... എന്നു ഞാൻ ഉറക്കെ നിലവിളിച്ചു. പേരു പോലുമില്ലാത്ത എന്‍റെ അനുജൻ മോനേ, ഈ ചേച്ചിയെ നീയോ നിന്നെ ഞാനോ ഒരു നോക്കു പോലും കണ്ടില്ല. എങ്കിലും എന്നും നീ എന്‍റെയൊപ്പമുണ്ടായിരുന്നു. നിന്നെയോർത്ത് ഇന്നും നിറഞ്ഞൊഴുകുന്നു എന്‍റെ കണ്ണുകൾ....''

അയൽപക്കത്തെ കുഞ്ഞുങ്ങളെ സ്വന്തമായി കരുതി നട്ടാപ്പാതിരയ്ക്ക് ഉറക്കമുണർന്ന് ആഞ്ഞിലിക്കുരു വറുത്തു നൽകിയ അന്നമുതുക്കിയെന്ന സ്നേഹചിത്രം ഇന്നത്തെ തലമുറയ്ക്ക് അന്യമാണ്. അതറിയാൻ അന്നമുതുക്കിയും ആഞ്ഞിലിക്കുരുവും എന്ന അധ്യായം വായിച്ചനുഭവിക്കുക തന്നെ വേണം.

സ്കൂളിലേക്ക് എന്ന അധ്യായത്തിൽ ചേനപ്പാടിയിലെ തകരനാട്ടുകുന്ന് എന്ന കുന്നിൻമുകളിൽ ഒരു ഹിന്ദു കുടുംബം നൽകിയ സ്ഥലത്ത് പള്ളി പണിതതും, 1927ൽ അത് ഇടവകയായതും, 28ൽ പള്ളിയോടു ചേർന്ന് പള്ളിക്കൂടം എന്ന ചാവറയച്ചന്‍റെ പതിവനുസരിച്ച് പള്ളിക്കൂടം പണിതതും, അവിടെ നാനാജാതിമതസ്ഥരായ കുട്ടികളും അധ്യാപകരും ഉണ്ടായിരുന്നതായും രേഖപ്പെടുത്തിയിരിക്കുന്നു. ഇന്നിന്‍റെ ലോകം മറച്ചു പിടിക്കാനാഗ്രഹിക്കുന്ന ചരിത്രത്തിന്‍റെ നേർരേഖകളാണിവ.

പൊന്നു തമ്പുരാൻ എന്ന അധ്യായത്തിൽ ''രണ്ടു രാജ്യങ്ങളിലെ പ്രജയായാണ് ഞാൻ സ്കൂൾ പഠനം പൂർത്തിയാക്കിയത്'' എന്നു കുറിക്കുന്നു ഈ അമ്മച്ചി. തമ്പുരാനും വഞ്ചിനാടിനും ജയ് പാടിക്കൊണ്ട് ആരംഭിക്കുന്ന സ്കൂൾ ദിനങ്ങൾ.

വഞ്ചിഭൂമി പതേ ചിരം സഞ്ചിതാഭം ജയിക്കേണം എന്നു തുടങ്ങുന്ന ഈ വഞ്ചീശ മംഗളം എന്ന പാട്ട് അക്കാമ്മ ചെറിയാന്‍റെ സമരത്തെ തുടർന്ന് ദിവാൻ സി.പി. രാമസ്വാമി അയ്യർ എല്ലാ സ്കൂളുകളിലും നിർബന്ധമാക്കുകയായിരുന്നു എന്ന ചരിത്ര സത്യവും 'അന്നക്കുട്ടിയുടെ ആത്മകഥ' നമ്മോടു പറയുന്നു.

രണ്ടാം ലോകയുദ്ധ ഭീകരതയെ ഇത്ര മേൽ സ്വാഭാവികമായി അനുഭവവേദ്യമാക്കുന്ന വരികൾ മറ്റെവിടെയുമില്ല. അതറിയാൻ അന്നക്കുട്ടിയുടെ ആത്മകഥ തന്നെ വായിക്കണം.

പഠനസൗകര്യങ്ങൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനോളം വളർന്ന ഇന്നിന്‍റെ തലമുറയ്ക്ക് ഇന്ത്യ സ്വാതന്ത്ര്യം പ്രാപിക്കുന്ന കാലത്തെ ഒരു വിദ്യാർഥിനി പഠിക്കാൻ അനുഭവിച്ച സഹനങ്ങളെത്രയെന്നു മനസിലാകുമോ? ദിനംപ്രതി ചേനപ്പാടിയിൽ നിന്നു കാഞ്ഞിരപ്പള്ളി സെന്‍റ് മേരീസ് സ്കൂൾ വരെ, ''എനിക്കും പഠിക്കണം'' എന്ന വാശിയൊന്നുകൊണ്ടു മാത്രം നടന്നു പോയി പഠിച്ച പെൺകുട്ടി- അതും 25 കിലോമീറ്ററിലധികമുണ്ട് അങ്ങോട്ടുമിങ്ങോട്ടും കൂടി. ചെരുപ്പു പോലുമില്ലാത്ത ആ പതിമൂന്നു വയസുകാരിയുടെ കാലിൽ കൊള്ളുന്ന കല്ലെല്ലാം എടുക്കുന്നത് വീട്ടിലെ സ്ഥിരം പണിക്കാരനായ കുട്ടൻ ചേട്ടനും! നിറമിഴികളോടെയല്ലാതെ എങ്ങനെ ഈ വരികളിലൂടെ കണ്ണോടിക്കാനാകും? ഈ നടപ്പിനിടയിലും റേന്ത തയ്ച്ച് വെളളിയരഞ്ഞാണമുണ്ടാക്കിയ ചരിത്രവും അന്നക്കുട്ടി ഓർത്തെടുക്കുന്നു.

തന്‍റെ കുടുംബജീവിതത്താളുകളെക്കുറിച്ച് 'ഞങ്ങളുടെ കൊച്ചു സ്വർഗം' എന്ന അധ്യായം അതിമനോഹരമായി വിശദീകരിക്കുന്നു. കുട്ടികളുടെ സ്നേഹവും ഐക്യവും വീടു കത്തിയപ്പോഴടക്കമുള്ള ഉത്സാഹത്തോടെയുള്ള പ്രവർത്തന മികവും വിവരിക്കുന്നത് അദ്ഭുതത്തോടെയും ചിരിയോടെയും മാത്രമേ വായിക്കാനാകൂ. അടുക്കളയിൽ കൊരണ്ടിപ്പുറത്തിരുന്ന് ഒന്നിച്ചുള്ള ഭക്ഷണം, വീട്ടുകാര്യങ്ങളെല്ലാം ഒരു സംഘവിനോദമായി ചെയ്യുന്ന രീതി, ഓണം പോലുള്ള വിശേഷാവസരങ്ങളിൽ മക്കളോടൊത്തു കളിക്കുന്ന രീതി- ഇതൊക്കെ ഇന്നിന്‍റെ തലമുറയ്ക്ക് അചിന്ത്യം തന്നെ.

ജൈവവൈവിധ്യ അറിവുകളുടെ കലവറ കൂടിയാണീ കുഞ്ഞു പുസ്തകം. പുന്നക്കായ് എണ്ണ കൊണ്ടു കത്തിക്കുന്ന വിളക്കുകളും പഴയ കാലത്തെ കൂമ്പാളക്കോണകവും മാത്രമല്ല, ചേനപ്പാടി കുള്ളനാണ് ചെറുവള്ളിക്കുള്ളൻ ആയി മാറിയ നാടൻ പശുവിനം എന്ന അറിവും, മഞ്ഞളരുവി തോട്ടിലെ കയ്യാലപ്പൊത്തിൽ നിന്നു കൊന്ന കറുത്ത രാജവെമ്പാലയും എല്ലാമെല്ലാം വലിയ അറിവുകളാണ്, വ്യത്യസ്തമായ ജൈവ വൈവിധ്യത്തിന്‍റെ അറിവുകൾ. ഇതിൽ, പാമ്പിനെ കൊല്ലാൻ വന്ന ആണുങ്ങൾ പേടിച്ചു പിൻവാങ്ങിയിടത്ത് അന്നക്കുട്ടി കൊന്ന കറുത്ത രാജവെമ്പാലയാണ് ഇന്നും മിത്തുകളിൽ പരാമർശിക്കുന്ന കരിങ്കോളിപ്പാമ്പ്! ശബരിമല വനത്തിലും പരിസരങ്ങളിലുമാണ് ഇവയുള്ളത്. ആനയെയും പുലിയെയുമൊക്കെ വഴക്കു പറഞ്ഞ് ഓടിക്കുന്ന മലമ്പണ്ടാരങ്ങൾക്ക് ആകെ ഭയമുള്ള ജീവിയത്രെ ഈ കരിങ്കോളിപ്പാമ്പ്. ആ വർഗത്തിൽപ്പെട്ട ഒന്നിനെയാണ് ആത്മധൈര്യം ഒന്നു കൊണ്ടു മാത്രം ഈ അമ്മ കൊന്നത്!

റിട്ടയറാകുന്നതോടെ തന്നിലേക്കു ചുരുങ്ങി, പുറകേ മഹാരോഗങ്ങൾക്കു കീഴടങ്ങുന്നവർക്ക് അന്നക്കുട്ടിയുടെ ആത്മകഥ ഒരു പ്രചോദനമാണ്. കണ്ണിമല പള്ളിയിൽ മാതൃദീപ്തിയിലെ സജീവാംഗമായിരുന്ന അന്നക്കുട്ടി കാലിനു നല്ല രോഗപീഡകളുള്ള വയസുകാലത്തും മാർഗം കളി അവതരിപ്പിച്ചതും ധൂർത്ത പുത്രന്‍ നാടകമാക്കി അവതരിപ്പിച്ചതും എല്ലാവരും വായിച്ചിരിക്കേണ്ടതാണ്. ഇവയിൽ പലതിനും ഫൊറോന തലത്തിലും മറ്റും ഒന്നാം സമ്മാനവും കിട്ടിയിട്ടുണ്ട് പല തവണ.

അന്നക്കുട്ടി ഇങ്ങനെ എഴുതുന്നു- 'സത്യത്തിൽ കല നമ്മളെ ചെറുപ്പമാക്കും'

ഈ ആത്മകഥ താനെഴുതാനുണ്ടായ കാരണത്തെ കുറിച്ചും അമ്മ ഇങ്ങനെ കുറിക്കുന്നു- ''മറവിക്കുള്ള ഏറ്റവും നല്ല മരുന്ന് എഴുത്താണ്. ഈ ജീവിത കഥ എഴുതിയതും അതിനാണ്.''

അവസാന കാലങ്ങളിൽ തയ്യലിൽ മുഴുകിയ അന്നക്കുട്ടിയെയാണ് കാണാനാകുക. മക്കൾക്കെല്ലാം വിവിധ തരത്തിലുള്ള മഫ്ളറുകളും ചിത്രത്തുന്നലുകളുള്ള തൂവാലകളും തൊപ്പികളും മറ്റും തുന്നിക്കൊടുത്തു. അപ്പോഴൊക്കെ അമ്മ ഒരു കാര്യം മാത്രം പറഞ്ഞു- ''ന്തെങ്കിലും കലാപരമായി ചെയ്യുമ്പോൾ അതിൽ മാത്രം മനസു നിൽക്കും. നല്ല സുഖവും സമാധാനവും തോന്നും.''

ജീവിതത്തെ എത്ര മനഃശാസ്ത്രപരമായാണ് തികച്ചും ഗ്രാമീണയായ ഈ അമ്മ പറഞ്ഞു വച്ചിട്ടു കടന്നു പോയത്!

കേരളത്തിന്‍റെ ചരിത്രത്തിൽ തന്നെ മക്കൾ അമ്മയ്ക്കു നൽകുന്ന അമൂല്യ സമ്മാനമായി ഈ പുസ്തകപ്രകാശനം മാറിയതിന്‍റെ കാരണവും മറ്റൊന്നല്ല. ആൺമക്കളിൽ മൂത്തവനായ ജയിംസ് കണ്ണിമല പ്രശസ്തനായ ആക്റ്റിവിസ്റ്റും കവിയും റിട്ടയേർഡ് അധ്യാപകനുമാണ്. അദ്ദേഹം മുൻകൈയെടുത്താണ് പുസ്തകപ്രകാശനം അമ്മച്ചിയുടെ ചരമ വാർഷികത്തിനു തന്നെ നടത്തിയത്. കാരുണ്യമുള്ള ഹൃദയത്തിൽ നിന്നുറവെടുത്ത കരുണയുടെയും സ്നേഹത്തിന്‍റെയും എട്ടു നീർച്ചാലുകളാണ് ആ എട്ടുമക്കളുമെന്ന് ആ പുസ്തക പ്രകാശനച്ചടങ്ങ് വ്യക്തമാക്കിയിരുന്നു. മരുമക്കളും മക്കളും തമ്മിലുള്ള സ്നേഹൈക്യവും ആ ചടങ്ങിലുടനീളം പ്രസരിച്ചിരുന്നു. സ്വർഗത്തിൽ തന്‍റെ ചാച്ചനൊപ്പം ഒന്നാം പിറന്നാൾ ആഘോഷിക്കുന്നതിന് ഇനിയീ അമ്മയ്ക്കെന്തു വേണം....

Trending

No stories found.

Latest News

No stories found.