വായനയുടെ വസന്തം വിടരുമ്പോൾ

വായന തിരിച്ചുപിടിച്ചില്ലെങ്കിൽ അറിവിന്‍റെ വാതായനങ്ങള്‍ എന്നെന്നേക്കുമായി കൊട്ടിയടക്കപ്പെടും എന്ന തിരിച്ചറിവാണ് പുസ്തകോത്സവത്തിന്‍റെ രണ്ടാം എഡിഷനും മുന്നോട്ടുവയ്ക്കുന്നത്.
Representative image
Representative image

പി.ബി. ബിച്ചു

ഒരേ സ്ഥലത്ത് ലക്ഷക്കണക്കിനു പുസ്തകങ്ങൾ ഒരുമിച്ച് കാണുന്നതിന്‍റെ ആശ്ചര്യം, നിയമസഭയുടെ അകത്തെ കാഴ്ചകളുടെ ത്രിൽ. നിയമസഭയിൽ നടക്കുന്ന അന്താരാഷ്‌ട്ര പുസ്തകോത്സവം അവസാന ലാപ്പിലേക്കെത്തുമ്പോൾ കുട്ടികൾക്കും മുതിർന്നവർക്കും ഒരേ ഭാവം. വായനയുടെ വിശാലലോകമാണ് ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്നത്. എല്ലാ തരത്തിലുമുള്ള പുസ്തകങ്ങളുടെ ശേഖരമാണു പുസ്തകോത്സവമെന്നതിനാൽ തന്നെ സന്ദർശനത്തിനെത്തുന്ന സ്കൂൾ വിദ്യാർഥികളടക്കം പിന്നീട് മാതാപിതാക്കളെയും കൂട്ടിയെത്തി കാഴ്ചകൾ ആസ്വദിച്ച് പുസ്തകങ്ങൾ വാങ്ങിയാണ് മടങ്ങുന്നത്. വായന ഒരു വഴിപാടല്ല. അത് മഹത്തായ ഒരു സംവേദനമാണ്. വായന തിരിച്ചുപിടിച്ചില്ലെങ്കിൽ അറിവിന്‍റെ വാതായനങ്ങള്‍ എന്നെന്നേക്കുമായി കൊട്ടിയടക്കപ്പെടും എന്ന തിരിച്ചറിവാണ് പുസ്തകോത്സവത്തിന്‍റെ രണ്ടാം എഡിഷനും മുന്നോട്ടുവയ്ക്കുന്നത്.

അതേസമയം, വായന മരിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന ജനപങ്കാളിത്തമാണ് പുസ്തകോത്സവത്തിൽ ഇതുവരെ അനുഭവപ്പെടുന്നത്. ബാലസാഹിത്യം മുതൽ കവിതകൾ, കഥാ പുസ്തകങ്ങൾ, ചരിത്ര ഗ്രന്ഥങ്ങൾ, സാഹിത്യ രചനകൾ, നോവലുകൾ, വിവർത്തനങ്ങൾ, യാത്രാവിവരണങ്ങൾ, ഗവേഷണ ഗ്രന്ഥങ്ങൾ തുടങ്ങിയവയാണ് ഏറെയും വിറ്റുപോകുന്നതെന്ന് പ്രസാധകർ ചൂണ്ടിക്കാട്ടുന്നു. വായന ശാശ്വതമായി നിലനിൽക്കുമെന്ന് ആവർത്തിച്ച് ഓർമിപ്പിക്കുകയാണ് ഇത്തരം പുസ്തകോത്സവങ്ങളെന്ന് ഓരോ ദിവസവും അതിഥികളായെത്തുന്ന എഴുത്തുകാരും പറയുന്നു. നിയമസഭാ അങ്കണത്തിൽ സജ്ജീകരിച്ച സ്റ്റാളുകൾ സന്ദർശിക്കാനും പുസ്തകങ്ങൾ വാങ്ങാനുമായി എത്തുന്ന പുസ്തക പ്രേമികളുടെ കാഴ്ച വായനാലോകത്തിനു പ്രതീക്ഷ നൽകുന്നതാണ്. പുസ്തകോത്സവത്തിൽ എത്തുന്നവരിൽ നല്ലൊരു ശതമാനം കുട്ടികളാണ്. പുസ്തകോത്സവ വേദികളിലെ ചർച്ചകളും സംവാദങ്ങളും. കലാ- സാംസ്‌കാരിക -രാഷ്‌ട്രീയ - സാഹിത്യ രംഗത്തെ പ്രമുഖരെ നേരിൽ കാണാനും അവരുമായി ആശയങ്ങൾ പങ്കുവയ്ക്കാനുമുള്ള വേദി എന്ന നിലയിലും പുസ്തകോത്സവം ശ്രദ്ധ നേടിക്കഴിഞ്ഞു. കുഞ്ഞുങ്ങളെ പുസ്തകങ്ങളുമായി അടുപ്പിക്കാനും വായനാലോകത്തിലേക്ക് അവരെ കൈപിടിച്ചു നടത്താനും നിയമസഭാ പുസ്തകോത്സവത്തിലൂടെ ഒരവസരം ലഭിച്ചതായി അധ്യാപകരും രക്ഷിതാക്കളും അഭിപ്രായപ്പെട്ടു.

സ്റ്റാളുകളിൽ നിന്ന് സ്റ്റാളുകളിലേക്കും വേദികളിലേക്കും നടന്ന് തളർന്നവർക്ക് ക്ഷീണമകറ്റാൻ ഭക്ഷണ പാനീയങ്ങളുമായി ഫുഡ്കോർട്ടും സജ്ജമാണ്. പുസ്തകോത്സവം നടക്കുന്ന നിയമസഭാ അങ്കണവും ഫുഡ് കോർട്ടും പരിസര പ്രദേശവുമൊക്കെ വൃത്തിയായി സൂക്ഷിക്കാൻ നിയമസഭാ ജീവനക്കാരോടൊപ്പം സന്ദർശകരും ശ്രദ്ധിക്കുന്നുണ്ട്. രാത്രി ഒൻപതുവരെ നീളുന്ന പ്രദർശന സമയത്ത് കലാപരിപാടി ആസ്വദിക്കാനും ദീപാലംകൃതമായ നിയമസഭാ മന്ദിരത്തിന്‍റെ പശ്ചാത്തലത്തിൽ സെൽഫികൾ എടുക്കാനും കുടുംബസമേതം എത്തുന്നവരുടെ തിരക്കും പതിവായിക്കഴിഞ്ഞു.

164 പ്രസാധകരുടെ 256 സ്റ്റാളുകളാണ് മേളയിൽ പ്രവർത്തിക്കുന്നത്. 22 അ‌ന്താരാഷ്‌ട്ര പ്രസാധകരും ഇക്കുറി മേളയിൽ സജീവമായുണ്ട്. രാത്രി ഒൻപത് വരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്. അ‌ന്താരാഷ്‌ട്ര പുസ്തകോത്സവത്തിന്‍റെ രണ്ടാം എഡിഷന് നാളെയാണ് കൊടിയിറക്കം. പുസ്‌തകോത്സവത്തിന്‍റെ ഭാഗമായി എംഎൽഎമാരുടെ സ്‌പെഷല്‍ ഡവലപെ്‌മന്‍റ് ഫണ്ടില്‍ നിന്ന്‌ മൂന്ന്‌ ലക്ഷം രൂപ പുസ്‌തകം വാങ്ങാനായി വിനിയോഗിക്കാവുന്നതാണെന്നത് പ്രസാധകർക്ക് ആശ്വാസമാണ്. അതത്‌ മണ്ഡലത്തിലെ സര്‍ക്കാര്‍/എയ്‌ഡഡ്‌ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ലൈബ്രറികള്‍ക്കും സര്‍ക്കാരിന്‍റെയും തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുടേയും കീഴിലുള്ള ഗ്രന്ഥശാലകള്‍ക്കും കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍റെ അംഗീകാരമുള്ള ലൈബ്രറികള്‍ക്കുമാണ്‌ ഇതിലൂടെ പുസ്‌തകങ്ങള്‍ വാങ്ങാന്‍ സാധിക്കുക. നിലവിൽ എംഎൽഎമാരുടെ കത്തുമായി എത്തുന്നവർ നിരവധിയാണെന്നും കൂപ്പണുകൾ ഉപയോഗിച്ചും പുസ്തകം വാങ്ങുന്നതിനായി ആളുകളെത്തുന്നുണ്ടെന്നും പ്രസാധകർ ചൂണ്ടിക്കാട്ടുന്നു. രാജ്യാന്തര പുസ്‌തകോത്സവത്തിന്‍റെ ഭാഗമായി കേരള നിയമസഭാ മന്ദിരത്തിലേക്ക്‌ പൊതുജനങ്ങള്‍ക്ക്‌ പ്രവേശനമുള്ളതിനാൽ ജനങ്ങള്‍ക്ക്‌ നിയമസഭയെ മനസിലാക്കാനും അതിന്‍റെ ചരിത്രം ഉള്‍ക്കൊള്ളാനും ഇവിടെ നടക്കുന്ന നടപടിക്രമങ്ങളെ സംബന്ധിച്ച്‌ അറിവുണ്ടാക്കാനും രാജ്യാന്തര പുസ്‌തകോത്സവം സഹായകമാകുന്നു. നിയമസഭാ മന്ദിരത്തിന്‍റെ അകത്തളവും നിയമസഭയുടെ ചരിത്രം വിശദമാക്കുന്ന മ്യൂസിയവും നൂറുവര്‍ഷത്തെ പ്രവര്‍ത്തന ചരിത്രമുള്ള നിയമസഭാ ലൈബ്രറിയും കാണാന്‍ സൗകര്യമൊരുക്കുന്നുണ്ട്‌.

ആദ്യദിനങ്ങളിൽ നഗരവാസികൾ മാത്രമാണ് പുസ്തകോത്സവത്തിനെത്തിയിരുന്നതെങ്കിൽ ഇപ്പോൾ കണ്ണൂർ, കോഴിക്കോട് തുടങ്ങി വടക്കൻ മലബാറിൽ നിന്നടക്കം ആളുകളാണ് പുസ്തകോത്സവത്തിനെത്തുന്നത്. ഗതാഗത വകുപ്പിന്‍റെ സഹകരണത്തോടെ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തുന്ന വിദ്യാര്‍ഥികള്‍ക്ക്‌ സിറ്റി റൈഡിങ്ങിനുള്ള ബസുകള്‍ സജ്ജീകരിച്ചിട്ടുണ്ട്‌. നിയമസഭയ്ക്ക് മുന്നിൽ നിന്നും ആരംഭിക്കുന്ന ഡബിൾ ഡക്കർ ബസുകളിൽ കയറി നഗരം ചുറ്റുന്നതിനുള്ള വലിയ തിരക്കാണ് സഭാകവാടത്തിൽ സദാസമയവും. പതിവ് പരിപാടികളിൽ നിന്നും വ്യത്യസ്തമായി ഇന്നലെ ഭരതനാട്യവും മോഹിനിയാട്ടവും പ്രധാനവേദികളിൽ അരങ്ങേറി. പ്രശസ്ത നർത്തകിയും മലയാളത്തിന്‍റെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ മകളുമായ അശ്വതി വി. നായരും ഭർത്താവ് ശ്രീകാന്തും ചേർന്ന് അവതരിപ്പിച്ച ഭരതനാട്യം സദസിനെ ആസ്വാദനത്തിന്‍റെ കൊടുമുടിയിലെത്തിച്ചു.

നാട്യവേദ കോളെജ് ഒഫ് പെർഫോമിങ് ആർട്സിലെ രേഷ്മ സുരേഷ്, നവമി ബി., ചിത്ര ആർ.എസ്. നായർ എന്നിവർ അവതരിപ്പിച്ച മോഹിനിയാട്ടവും പുസ്തക ചർച്ചകൾക്കും സംവാദങ്ങൾക്കുമിടയിൽ കാണികൾക്ക് പുതിയ അനുഭവമാണ് സമ്മാനിച്ചത്. എം. മുകുന്ദൻ, പ്രഭാവർമ്മ, സുഭാഷ് ചന്ദ്രൻ, ടി.ഡി.രാമകൃഷ്ണൻ, സി.വി.ബാലകൃഷ്ണൻ, ഡോ.വൈശാഖൻ തമ്പി, കെ.പി രാമനുണ്ണി, മാലൻ നാരായണൻ തുടങ്ങി വായനക്കാരുടെ പ്രിയ എഴുത്തുകാർ ഇന്ന് നിയമസഭ അ‌ന്താരാഷ്‌ട്ര പുസ്തകോത്സവ വേദിയിലെത്തും. കൂടാതെ, നവ കേരളത്തിന്‍റെ മുന്നോട്ടുപോക്കിന് ഉതകുന്ന പുതിയ കാഴ്ചപ്പാടുകളും ആശയങ്ങളും ചർച്ച ചെയ്യാൻ സംസ്ഥാന മന്ത്രിസഭയിലെ അംഗങ്ങൾതന്നെ വേദിയിലേക്കെത്തുന്നുണ്ട്. വൈകിട്ട് ആറിന് വേദി ഒന്നിലാണ് സംസ്ഥാനത്തിന്‍റെ ഭാവി വികസന സ്വപ്നങ്ങളും ആശയങ്ങളും മന്ത്രിമാർ പങ്കുവയ്ക്കുന്നത്. ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ, സഹകരണ മന്ത്രി വി.എൻ. വാസവൻ, ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു, വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ എന്നിവരാണ് നവീനാശയങ്ങളുമായി വേദിയിലെത്തുന്നത്. ഒപ്പം മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണനും ചർച്ചയുടെ ഭാഗമാകും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com