വീണ്ടുമൊഴുകുന്നു, ആനന്ദധാര; ചുള്ളിക്കാടിന്‍റെ കവിതയ്ക്ക് ഷഹബാസ് അമന്‍റെ സംഗീതം | Video

ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ അതിപ്രശസ്തമായ കവിത ആനന്ദധാര... ചൂടാതെ പോയ് എന്നാരംഭിക്കുന്ന വരികൾ ഷഹബാസ് അമൻ സംഗീതം നൽകി പാടുന്നു...‌

കൊല്ലത്തെ ഒരു ബാറില്‍ ഡബിള്‍ ലാര്‍ജ് റമ്മുമായി കാക്കനാടനെയും കാത്തിരിക്കുന്ന കവി. പരിചയപ്പെടാൻ വന്ന അപരിചിതനായ ചെറുപ്പക്കാരൻ ചോദിച്ച സഹായം വിചിത്രമായിരുന്നു. അവന്‍റെ കൂട്ടുകാരിക്കു വിവാഹ സമ്മാനമായി കൊടുക്കാന്‍ നാലു വരി കവിത വേണം. മേശപ്പുറത്തു കിടന്ന വിൽസ് പാക്കറ്റിന്‍റെ കവര്‍ കീറി ബാലചന്ദ്രന്‍ ചുള്ളിക്കാട് അന്നെഴുതി...

''ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖം

എന്താനന്ദമാണെനിക്കോമനേ...

എന്നുമെന്‍ പാനപാത്രം നിറയ്ക്കട്ടെ

നിന്നസാന്നിദ്ധ്യം പകരുന്ന വേദന...''

അജ്ഞാതനായ കാമുകന്‍റെ നിശബ്ദ സങ്കടം ഉച്ചത്തിലൊരു വിലാപമായി അണപൊട്ടിയൊഴുകി. അധിക നേരം അതു കേട്ടിരിക്കാനാവാതെ, കാക്കനാടന്‍ വരും മുന്‍പേ, ബാറില്‍ നിന്നിറങ്ങി നടന്ന ചുള്ളിക്കാടിന്‍റെ മനസിൽ ആ കവിതയുടെ ആദ്യ വരികൾ ഊർന്നുവീണിരിക്കും. പിന്നോട്ട് എഴുതപ്പെട്ട ഒരു കവിത!

പിന്നെയത് ഒരുപാടു പേരുടെ പ്രാണന്‍റെ പിന്നില്‍ കുറിച്ചിട്ട വാക്കുകളായിയിരിക്കും... 'ആനന്ദധാര'യിലെ ആ വരികള്‍, കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ഒടുക്കത്തിലും ഈ നൂറ്റാണ്ടിന്‍റെ തുടക്കത്തിലുമായി ഒരുപാടു പേരുടെ മനസിലൂടെ ഒരിക്കലെങ്കിലും കടന്നു പോയിരിക്കും....

''ചൂടാതെ പോയ് നീ നിനക്കായി ഞാന്‍

ചോരചാറിച്ചുവപ്പിച്ചൊരെന്‍ പനീര്‍പ്പൂവുകള്‍

കാണാതെ പോയ് നീ നിനക്കായി ഞാനെന്‍റെ

പ്രാണന്‍റെ പിന്നില്‍ കുറിച്ചിട്ട വാക്കുകള്‍

ഒന്നു തൊടാതെ പോയ് വിരല്‍ത്തുമ്പിനാല്‍

ഇന്നും നിനക്കായ് തുടിക്കുമെന്‍ തന്ത്രികള്‍...''

ഒരുപാട് ഓര്‍മകളെ കണ്ണീരുകൊണ്ട് തഴുകിയുണര്‍ത്താന്‍ ശേഷിയുള്ള വരികള്‍ വീണ്ടും മലയാളിയുടെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങുകയാണ്, ഷഹബാസ് അമന്‍റെ ശബ്ദത്തില്‍. 2024ലെ വാലന്‍റൈന്‍സ് ഡേയില്‍ കവിയെ സാക്ഷി നിർത്തി ഗായകൻ പാടുകയാണ്....

''ചൂടാതെ പോയ് നീ....''

അല്ലെങ്കിലും, നഷ്ടപ്രണയത്തോളം നൊമ്പരമുണർത്തുന്ന ആനന്ദം മറ്റെന്തുണ്ടാകാനാണ്...!

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com