
ചുറ്റുമുള്ള ലോകത്തിന്‍റെ അവ്യവസ്ഥയെക്കുറിച്ച് ഒരു ധാരണയുണ്ടായാലേ അതിൽ ഒരു ക്രമമുണ്ടാക്കാൻ എഴുത്തുകാരനു കഴിയൂ. ലോകാനുഭവം കുഴഞ്ഞു മറിഞ്ഞ അവസ്ഥയിലാണല്ലോ. സംഘർഷങ്ങളും സമസ്യകളും പുതിയ രൂപഭാവങ്ങളിൽ തുടരുകയാണ്. ഒന്നിനും ഒരു ക്രമവുമില്ല. ഒരു യുക്തിയുമില്ല. ചിലർ ദൈവത്തെ ശകാരിക്കുകയാണ്. ഒരു വയസുള്ള കുട്ടി കുഴൽ കിണറിൽ വീണിട്ടും രക്ഷിക്കാത്തതു കൊണ്ട് ദൈവത്തിനു പ്രസക്തിയില്ലെന്നു സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങര പറയുന്നു. കുഞ്ഞിനെ രക്ഷിക്കാൻ ദൈവം വന്നില്ലത്രേ. ആ കുഞ്ഞ് എന്ത് തെറ്റ് ചെയ്തു എന്നാണ് അദ്ദേഹത്തിന്‍റെ ചോദ്യം. ഇതുപോലെ കോടിക്കണക്കിനു ചോദ്യങ്ങൾ ലോകത്ത് ഉയരുകയാണ്. ഇതെല്ലാം തൽക്ഷണം പരിഹരിച്ചാൽ ഈ ലോകം സ്വർഗമായി മാറില്ല? പിന്നെ ജീവിതമുണ്ടോ? ബലാബലം എവിടെ? ആരാണ് ആ കുഴൽ കിണർ കുത്തിയ ശേഷം അത് മൂടി വയ്ക്കുന്നതിനു പകരം തുറന്നു വച്ചത്? മനുഷ്യൻ ചെയ്യുന്ന തെറ്റുകൾക്കെല്ലാം ദൈവം ഉത്തരം പറയണോ? വല്ല അർഥവുമുണ്ടോ ഈ വാദത്തിന്?
ജോർജ് കുളങ്ങര പറയുന്ന യുക്തി അംഗീകരിച്ചാൽ പിന്നെ ഈ ലോകം ഒരു സ്വർഗമായി മാറില്ലേ? അപ്പോൾ ലൗകികജീവിതം ഉണ്ടാവുകയില്ല. ദൈവം നേരിട്ടു നിയന്ത്രിക്കുന്ന ലോകമേ ഉണ്ടാവുകയുള്ളു. എല്ലാം പരിഹരിച്ച്, തെറ്റ് ചെയ്യുന്നവർക്ക് അപ്പോൾ തന്നെ ശിക്ഷ കൊടുത്ത്, എല്ലാവരുടെയും ആഗ്രഹങ്ങൾ പൂർത്തീകരിച്ചു കൊടുത്ത് നല്ലവനായാൽ ദൈവം ഉണ്ടെന്ന് സമ്മതിക്കാമെന്നാണ് ചിലർ പറയുന്നത്.
യുക്തിവാദി മൈത്രേയൻ പറയുന്നത് മൈത്രേയൻ എന്ന ദൈവനിഷേധിയെ സൃഷ്ടിക്കാതിരിക്കാൻ പോലും ദൈവത്തിനു കഴിവില്ല എന്നാണ്. ദൈവം എല്ലാം നിയന്ത്രിച്ചാൽ തെറ്റുകൾ ഉണ്ടാവില്ല. ശരികൾ മാത്രമായ ലോകം വിരസമാണ്. ദൈവം പരാജയപ്പെട്ടെങ്കിൽ മനുഷ്യനു എല്ലാം നിയന്ത്രിക്കാൻ കഴിയണമായിരുന്നു. ജീവിതത്തിൽ ദുഃഖവും സന്തോഷവും സമ്മിശ്രമാണ്. ദുഃഖമാണ് പ്രമുഖമായിട്ടുള്ളത്. ദു:ഖം പ്രമുഖമായതിനാലാണ് ജീവിതം നിലനിത്കുന്നത്. ദുഃഖം ഉള്ളതുകൊണ്ടാണ് ജീവിതത്തിനു ഒരു അർഥമുണ്ടാകുന്നത്. ദൈവത്തെ ചിലർ സകലതിന്‍റെയും മെക്കാനിക്കായാണ് കാണുന്നത്. ദൈവത്തെ തള്ളിക്കളഞ്ഞാൽ എല്ലാം ക്രമപ്പെട്ടു കിട്ടുമെന്നു ധരിക്കുന്നത് തെറ്റാണ്. ദൈവം ഒരു സൗന്ദര്യാത്മക തലമാണ്. ദൈവവുമായി പ്രതിപ്രവർത്തിക്കുന്ന തലമാണത്. നാം എന്താണോ അതിനനുസരിച്ചാണ് അത് അനുഭവപ്പെടുന്നത്. നാം നന്നായാൽ ദൈവത്തെ നല്ല രീതിയിൽ അനുഭവിക്കാം. അത് മനുഷ്യന്‍റെ ബുദ്ധിക്കു വഴങ്ങുമെന്നും പറയാനാവില്ല. ദൈവത്തെ നിന്ദിക്കുവാൻ വേണ്ടി തന്നെയാണ് അഹന്ത നൽകിയിരിക്കുന്നത്. അതാണ് ദൈവത്തിന്‍റെ കളി. ദൈവത്തെ നിന്ദിക്കുന്നതിലൂടെ മനുഷ്യന കിട്ടുന്ന അഹന്ത ദൈവം ആസ്വദിക്കുന്നുണ്ടാവും.
മനുഷ്യഭാവനയ്ക്ക് അപ്പുറം
ലോകത്തുള്ള വിവിധതരം ജീവികളുടെയും വസ്തുക്കളുടെയും സസ്യങ്ങളുടെയും സൃഷ്ടിക്ക് ഒരു ക്രമമുണ്ട്. വിവിധ സ്വഭാവങ്ങൾ നിലനിത്കുന്നു. അത് മനുഷ്യന്‍റെ ഭാവനയിൽ ഉണ്ടായതല്ല. മനുഷ്യഭാവനയ്ക്ക് അപ്പുറമാണ് ദൈവം. ഭാവിയെ നമുക്കറിയില്ല. ഭാവിക്ക് കണ്ണുണ്ട്, കാതുണ്ട്. അത് നമുക്കില്ല. ഭാവിയുടെ കണ്ണും കാതും "ദൈവ'ത്തിന്‍റേതാണ്. ഏതാണ് ആ ദൈവമെന്നതല്ല പ്രശ്നം. ദൈവം ഈ ലോകത്തിന്‍റെ അദൃശ്യമായ കണ്ണും കാതുമാണ്. ഈ ലോകത്തെ ജീവിതം ദൈവത്തിനു പരിഹരിക്കാൻ കഴിയുന്നില്ലെന്നു പറയുന്നവരോട് ധാരാളം ചോദ്യങ്ങൾ ചോദിക്കാം. മറ്റൊരു ലോകത്തെ ഐഹികജീവിതം കഴിഞ്ഞ് ഈ ലോകത്തു വന്ന് പിറവിയെടുത്തവരാണ് നമ്മളെങ്കിലോ? തെറ്റുകൾക്ക് ശിക്ഷ കൊടുത്തുവെന്ന് പറയാമല്ലോ. ജനനം ഒരു അനുസ്യൂത പ്രവൃത്തിയാണ്. അത് മുൻകൂട്ടി ബുക്ക് ചെയ്യാനുമാവില്ല. ഈ ലോകജീവിതത്തിലെ പ്രതിസന്ധികൾക്ക് ഇവിടെ കാരണം തേടുന്നതിൽ അർഥമില്ലെങ്കിലോ? ഒരു ജീവിതത്തിനുള്ളിൽ തന്നെ പ്രതീതി ജീവിതം സൃഷ്ടിക്കാമല്ലോ. ജീവിക്കുന്ന നമ്മൾ വെള്ളിത്തിരയിൽ കാണുന്നത് പ്രതീതി ജീവിതമാണ്. അത് നടീനടന്മാരുടെ ജീവിതമല്ല; കഥാപാത്രങ്ങളുടേതാണ്. ആ കഥാപാത്രങ്ങളുടെ ലൗകികജീവിതം എന്താണ്? കഥാപാത്രങ്ങളുടെ വിധി മുൻജന്മത്തിലെ ജീവിതത്തിലെ കർമങ്ങൾക്കുള്ള ശിക്ഷയല്ല. അത് നമ്മുടെ ജീവിതത്തിലെ സമസ്യകളുടെ തുടർച്ച മാത്രമാണ്.
മറ്റൊരു ലോകത്തു നാം ജീവിച്ചിട്ടുണ്ടെങ്കിൽ ഇവിടത്തെ ചോദ്യങ്ങൾക്കെല്ലാം ഉത്തരമണ്ട്. ഈ സമസ്യക്ക് ഒരു ക്രമം ഉണ്ടാക്കാനാണ് മനുഷ്യൻ കല സൃഷ്ടിക്കുന്നത്. "ദ് ലൈഫ് ഓഫ് പി' എന്ന നോവൽ എഴുതിയ യാൻ മാർട്ടൽ ഇതു പറയുന്നുണ്ട്. അവ്യവസ്ഥയിൽ നിന്നു ഒരു ക്രമമുണ്ടാക്കുകയാണ് കല. ഒരാളുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും എഴുതിയാൽ അത് കഥയാകില്ല. കഥയ്ക്ക് ഒരു വെട്ടിനിരത്തിൽ, മുറിച്ചു മാറ്റൽ സൗന്ദര്യവത്കരണം ആവശ്യമാണ്. ഒരു കഥാപാത്രത്തിനു ചെയ്യാനുള്ളത് മാത്രമാണ് ചിത്രീകരിക്കുന്നത്. കഥാപാത്രത്തിന്‍റെ സ്വകാര്യജീവിതം നാം കാണുന്നില്ല. കഥാപാത്രമായിരിക്കുന്നതിന്‍റെ പ്രസക്തഭാഗങ്ങളാണ് നാം കാണുന്നത്. ജീവിതം വെട്ടി ചെറുതാക്കുകയാണ്. വൈരുദ്ധങ്ങളും യുക്തിഭംഗങ്ങളുമാണ് ജീവിതം. എന്നാൽ അതിൽ രമ്യതയും അർഥവും ക്രമവും സൃഷ്ടിക്കാനാണ് കലാകാരന്‍റെ ശ്രമം. യാൻ മാർട്ടലിന്‍റെ വാക്കുകൾ: "നമ്മൾ വസ്തുതകളും വിവരങ്ങളുമടങ്ങിയ ഒരു ലോകത്ത് ആകെ ചിന്താക്കുഴപ്പത്തിലാണ് കഴിയുന്നത്. ഇത് എല്ലാത്തിനെയും ഒരു വസ്തുനിഷ്ഠതയിലേക്ക് ചുരുക്കുകയാണ്. ഇത് എന്നെ അങ്ങേയറ്റം കുഴപ്പിക്കുകയാണ്. നിങ്ങൾക്ക് വെറും വസ്തുതകൾ മാത്രം വച്ച് പ്രവർത്തിക്കാനാവില്ല. "
കഥയ്ക്ക് എന്തോ സംഭവിക്കുന്നു
ഈ ലോകം യഥാർഥ്യത്തിന്‍റെ ഒരു അതിപ്രസരം സൃഷ്ടിക്കുന്നുണ്ട്. അതേസമയം യാഥാർഥ്യത്തെ മിത്താക്കുകയും ചെയ്യുന്നു. എല്ലാറ്റിനും ഇന്നു ഗുരുക്കന്മാരുണ്ട്. ധ്യാനഗുരുക്കന്മാരെ പോലെ തന്നെ ചായ കുടിക്കാനും ആരോഗ്യം സംരക്ഷിക്കാനും പൂന്തോട്ടം വച്ചു പിടിപ്പിക്കാനും വ്യായാമത്തിനും ദിനചര്യക്കും ഗുരുക്കന്മാരുണ്ട്. ഒരു കഥാകൃത്ത് വസ്തുതകൾ മാത്രം വെച്ച് എഴുതിയാൽ മതിയോ? അതിനകത്ത് ജീവിക്കുന്ന മനുഷ്യർ വേണ്ടേ? ഇപ്പോൾ നോവലുകൾ എഴുതുന്നത് ഒരു വിഷയത്തെക്കുറിച്ച് ഗവേഷണം ചെയ്യാനാണ്. ചിലർ ഗ്രാമങ്ങൾ അരിച്ചു പെറുക്കുകയാണ്. വാസ്തവത്തിൽ കേരളത്തിലെ എല്ലാ ഗ്രാമങ്ങൾക്കും ഒരു തമിഴ്, വിദേശ സംസ്കാരത്തിന്‍റെ കൂട്ട് കാണാനാവും. കുറവിലങ്ങാടിനെ കുറവില്ലൈനാട് എന്നു വിളിക്കാമെന്നു ഒരു ചരിത്രകാരൻ നിരീക്ഷിച്ചത് ഓർക്കുന്നു. അതുകൊണ്ട് ഗ്രാമപുരാവൃത്തം തേടുന്നത് ആവർത്തവിരസതയുണ്ടാക്കും. ഫിക്ഷ്ൻ സൃഷ്ടിക്കാനാണ് ശ്രമിക്കേണ്ടത്. ഫിക്ഷ്ൻ യാഥാർഥ്യമല്ല. പത്രവാർത്തകളും സാമൂഹ്യജീവിതത്തിലെ സംഭവങ്ങളും അതേപടി എഴുതിവെച്ചാൽ അത് യഥാതഥം എന്ന് വിശേഷിപ്പിക്കുന്ന കലാസങ്കേതത്തിന്‍റെ ജീർണതയാവുകയേയുള്ളൂ.
10 വയസുള്ളപ്പോൾ സ്കൂൾ വിട്ട റഷ്യൻ സാഹിത്യകാരൻ മാക്സിം ഗോർക്കി ജീവിതം തേടി പല വഴിക്കും അലഞ്ഞു. പല ജോലികൾ ചെയ്തു. അദ്ദേഹം അന്നത്തെ റഷ്യൻ സമൂഹത്തിന്‍റെ ഒരു വിഭാഗത്തിലും ഒതുങ്ങിയില്ല. ഒന്നിനെയും ഉൾക്കൊള്ളാനാകാതെ അന്യനായ ഗോർക്കി തന്‍റെ രാഷ്‌ട്രീയ ബോധത്തിലാണ് ഊന്നിയത്. സാഹിത്യവീക്ഷണത്തിനു പറ്റുന്ന തരത്തിൽ അത് വികസിക്കുകയായിരുന്നു. "മനുഷ്യൻ' എന്ന പദത്തിൽ അദ്ദേഹം വിശ്വസിച്ചു. പ്രതീക്ഷയോടെ ലോകത്തെ കാണാൻ ഈ "പുതിയ' മനുഷ്യനു കഴിയും.
മനുഷ്യൻ ദൈവത്തെ സൃഷ്ടിച്ചവനാ ണെന്നു ഗോർക്കി പറഞ്ഞിട്ടുണ്ട്. ഗോർക്കി യാഥാർഥ്യത്തിനുള്ളിലെ മനുഷ്യജീവിതത്തിന്‍റെ അഗാധത കണ്ടു, കല സൃഷ്ടിച്ചു.
നമ്മുടെ കഥയ്ക്ക് എന്തോ സംഭവിക്കുകയാണ്. മലയാളകഥ പരാജയത്തിന്‍റെ ഒരു വഴി തിരഞ്ഞെടുത്തിരിക്കുകയാണ്. ഉപരിപ്ലവമായി ചിന്തിക്കുന്നവരുടെയും വായിക്കാത്തവരുടെയും പഠിക്കാത്തവരുടെയും ഒരു ഊഴം ആണെന്നു തോന്നുന്നു. കാമ്പുള്ള കഥകൾ വായിക്കാതെ ഒരാൾക്ക് ഇന്നത്തെ കാലത്ത് നല്ലൊരു കഥ എഴുതാനാവില്ല. കാരണം, ധാരാളം പരീക്ഷണങ്ങളും മാതൃകകളും വന്നു കഴിഞ്ഞിരിക്കുന്നു. അതിസുന്ദരമായ കഥകൾ വായിച്ചിട്ടുള്ളവർ അതിനേക്കാൾ നല്ലതാവും പ്രതീക്ഷിക്കുക. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ "വിൻസന്‍റ് വാൻഗോഗ് ബഷീറിന്‍റെ വീട്ടിൽ', വി.പി. ശിവകുമാറിന്‍റെ "ഭാരത മാതാവ്', "മൂന്നു കഥാപാത്രങ്ങൾ' എന്നീ കഥകൾ വായിച്ചവർ വെറും റിയലിസ്റ്റിക് കഥകളിൽ താഴ്ന്നു പോകാൻ ഇഷ്ടപ്പെടുകയില്ല. കഥ നമ്മുടെ അഭിരുചിയെ ഉണർത്താനുള്ളതാണ്. അതിൽ കലാകാരൻ പ്രവർത്തിക്കണം. വായനക്കാരന്‍റെ തിരഞ്ഞെടുപ്പാണത്. സംഭവങ്ങളോ ജീവിതവിഷമങ്ങളോ അല്ല കഥയ്ക്ക് ഉരകല്ലാവുന്നത്. കഥയിൽ കുറെ പേരുടെ ജീവിതം എഴുതിവെച്ചാൽ മതിയോ? കലാകാരന്‍റെ ധിഷണയുണ്ടാവണം. കഥാകാരനു ചിന്തിക്കാൻ കഴിവുണ്ടാകണം.
കലാനുഭവം വേണം
സുഭാഷ് ഒട്ടുംപുറം എഴുതിയ "പാപവിമുക്തി' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഒക്ടോബർ 20 -26) എന്ന കഥ ഒരു കുറവനെ കുറെ പേർ ചേർന്ന് പുളിയുറുമ്പിനെ കൊണ്ട് കടിപ്പിച്ചതിനു പരിഹാരം തേടുന്ന കഥയാണ്. പുളിയുറുമ്പിനെ കൊണ്ട് കടിപ്പിച്ചവന്‍റെ മകൻ പാപം തീർക്കാൻ നാലമ്പല തീർഥാടനത്തിനു പോവുകയാണ്. ജീവിതത്തെ ആഴത്തിൽ മനസിലാക്കാൻ വിസമ്മതിക്കുന്ന ഒരു കഥാകൃത്തിനെ കണ്ടു. ഇത്ര നിസാരമായി കാണാമോ ജീവിതത്തെ? ഇതൊക്കെ ഈ കാലത്ത് എന്തിനെഴുതുന്നു എന്നാലോചിക്കണം. കുറേക്കൂടി ജീവിതയാഥാർഥ്യങ്ങളെ അടുത്തു നിന്ന് കാണാൻ ശ്രമിച്ചിരുന്നെങ്കിൽ അതിനുള്ളിലെ സംഘർഷങ്ങൾക്കു കലാപരമായ ആവിഷ്കാരം നൽകാൻ കഴിയുമായിരുന്നു. സുഭാഷിന്‍റെ ഭാഷയ്ക്ക് മുഴക്കമില്ല. അത് അറിയാത്ത ലോകത്തെ മുട്ടിത്തുറക്കാൻ ശ്രമിക്കുന്നില്ല.
ഇലപ്പിക്കുളം രവീന്ദ്രൻ എഴുതിയ "കാഴ്ചയ്ക്കപ്പുറം' (ഗ്രന്ഥാലോകം, നവംബർ, 2024) എന്ന കഥ പ്രേമിച്ച് ഒളിച്ചോടിയ ഒരു പെണ്ണിന്‍റെ ജീവിതത്തെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്. "തറവാട്ടുപെണ്ണിനെ ഒരന്യപുരുഷൻ അടിച്ചോണ്ട് പോയി. ഗ്രാമീണർ അവിശ്വസനീയതയോടെ കണ്ണിൽ കണ്ണിൽ നോക്കി. ശ്രീകൃഷ്ണദാസും പാർവതിയും ഒരുനാൾ കിടപ്പുമുറിയിൽ ജീവനൊടുക്കി'.
ഇതൊക്കെ മിക്ക ദിവസങ്ങളിലും പത്രങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വാർത്തകളിൽപ്പെട്ടതാണ്. ചെറിയ വ്യത്യാസങ്ങളുണ്ടാകാം. പക്ഷേ ഒരു കഥയെഴുതുമ്പോൾ ഇതുപോലെ പുറമെ കാണുന്ന സംഭവങ്ങൾ മാത്രം മതിയാവില്ല.
ഒരു സൃഷ്ടി പ്രക്രിയയിൽ ഏർപ്പെടുകയാണെന്ന ധാരണ കഥാകാരനില്ല. മഞ്ഞുമലയുടെ അടിയിലുള്ള വെള്ളമാണ് നമ്മുടെ ജ്ഞാനത്തെ നിശ്ചയിക്കുന്നതെന്ന് ഹെമിംഗ്വേ പറഞ്ഞത് ഉൾക്കൊള്ളണം. ഇവിടെ കഥാകൃത്തുക്കൾക്ക് തങ്ങളുടെ രചനയെക്കുറിച്ചുള്ള മിഥ്യാധാരണകളാണ് അധികവുമുള്ളത്. വളരെ അനായാസമായി എഴുതാവുന്നതാണ് കഥ എന്ന പൊതു ധാരണയുണ്ടെന്നു തോന്നുന്നു. ഒരു ഒളിച്ചോട്ടവും തൂങ്ങിമരണവും പോലീസ് കേസും വിവരിച്ചാൽ കഥ എന്ന സാഹിത്യരൂപം ഉണ്ടാവുകയില്ല.
ഫ്ലാനർ ഒകോണറിന്‍റെ ഒരു വാക്യം ഓർക്കുകയാണ്: "എനിക്കറിയാവുന്നത് കണ്ടെത്താനാണ് ഞാൻ എഴുതുന്നത്'. അത് മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതല്ല. നമുക്കറിയാവുന്നത് നാം തന്നെ അപഗ്രഥിക്കുകയും കണ്ടെത്തുകയും വേണം. അതിൽ കണ്ടെത്താൻ പലതുമുണ്ട്. ഈ ലോകത്തെ എന്തോ അറിയിക്കാനാണ് എഴുതുന്നത്. അത് പക്ഷേ വസ്തുതകളല്ല. പൊതുവിജ്ഞാനം പറയാൻ കഥയെഴുതേണ്ട. പത്രവാർത്തകൾ പഞ്ചസാര പുരട്ടി വീണ്ടും എഴുതേണ്ടതില്ല.
സത്യസന്ധത എന്ന ഗുണം
മിഥുൻ കൃഷ്ണ എഴുതിയ "അനാർക്കലി' (പ്രസാധകൻ, സെപ്റ്റംബർ) എന്ന കഥയും യാഥാർഥ്യത്തിന്‍റെ എല്ലാവർക്കും അറിയാവുന്ന ചതുപ്പ് നിലത്തിൽ, ശൈലിയോ ക്രാഫ്റ്റോ ഇല്ലാതെ മുങ്ങിത്താഴുകയാണ്. കളർ ഫാഷൻ ഡിസൈനിംഗ് സെന്‍ററിൽ നിന്ന് കിട്ടിയ വസ്ത്രം മറ്റൊരാളുടേതായിരുന്നു. മകൾക്ക് കൊടുക്കാനുള്ള ഡ്രസല്ല കൈയിൽ കിട്ടിയത്. ഫ്ളൈറ്റിൽ ഹൈദരാബാദിൽ ചെന്നശേഷമാണ് അതറിയുന്നത്. മകൾക്ക് വേറൊന്നു വാങ്ങി കൊടുക്കുന്നു; പ്രശ്നം തീർന്നു. ഇതിൽ വായനക്കാരന്‍റെ റോളെന്താണ്? വായനക്കാരനു തന്‍റെ ചിന്തയും ബുദ്ധിയും ഉപയോഗിക്കാൻ ഈ കഥയിൽ ഒന്നും കണ്ടില്ല. ഇതിനെ പൈങ്കിളി എന്നു വിളിക്കാമെന്നു തോന്നുന്നു. പൈങ്കിളികൾ പല രൂപത്തിൽ അവതരിക്കുകയാണ്. സാഹിത്യകൃതികൾ ഗൗരവത്തിൽ വായിക്കുന്നവരും ഇവിടെയുണ്ടെന്നു ഓർക്കുക. അവരെ പാടെ നിരാകരിച്ച ശേഷം ഫെയ്സ്ബുക്കിലൂടെ അംഗീകരിക്കപ്പെടുന്നതിൽ അർഥമില്ല. ഒരു കഥയോ നോവലോ ആകട്ടെ, അത് അംഗീകരിക്കപ്പെടണങ്കിൽ ചിന്താശേഷിയുള്ള വായനക്കാരൻ വായിക്കണം. അവനാണ് അന്തിമ വിധി തീർപ്പ് ഉണ്ടാക്കുന്നത്.
മലയാള കഥയുടെ കൂമ്പടഞ്ഞു എന്ന് ഒരു ലേഖനത്തിൽ ഞാനെഴുതിയത് ഇനിയും ആവർത്തിക്കേണ്ടി വരുമോ എന്നറിയില്ല. മലയാളകഥ വളരെ ഉപരിപ്ലവമാണിപ്പോൾ. എഴുതുന്ന വാചകങ്ങളിൽ സത്യസന്ധത എന്ന ഗുണം കാണാനില്ല. കഥകൾക്ക് അനുഭവവുമായി ബന്ധമില്ല. ജീവിത നിരീക്ഷണവും ഇല്ലാതായി. ഈ കാലത്ത് ജീവിക്കുന്ന ഒരാളെ പോലും മലയാളകഥയിൽ കാണാനില്ല. ജീവിതത്തിൽ നിന്നു ഒളിച്ചോടുന്നവരെയാണ് കാണുന്നത്. മനുഷ്യന്‍റെ തീക്ഷ്ണ യാഥാർഥ്യങ്ങളോട് പ്രതികരിക്കാൻ ശേഷിയില്ല. അല്ലെങ്കിൽ അത്തരം കാഴ്ചകൾ കണ്ടാലും അതു തന്നെ സ്പർശിക്കുന്നില്ലെന്നു ഉറപ്പുവരുത്താവുന്ന വിധം പ്രത്യേക പ്രതിരോധ കവചം മനസിൽ ഒരുക്കി വച്ചിരിക്കുകയാണ്. മറ്റുള്ളവരോടുള്ള അനുതാപം ഇല്ലാതായവർ കഥ എഴുതരുത്. ഒരു മൃഗത്തിനു പോലും അനുതാപമുണ്ട്. മൃഗങ്ങൾ സ്നേഹിക്കും, മനുഷ്യനെക്കാൾ നന്നായി. ഒരു മൃഗത്തിനു സ്നേഹം ഓർത്ത് വയ്ക്കാനാവും. ഒരു കാക്കയ്ക്ക് ഭക്ഷണം കൊടുത്തു നോക്കൂ. അത് നമ്മെ വിട്ടുപോകില്ല. സ്നേഹത്തെ അത് പ്രപഞ്ചത്തിന്‍റെ നല്ലൊരു സൂചനയായി കണക്കാക്കുന്നു. നാം കൊടുക്കുന്ന സ്നേഹം പ്രാപഞ്ചികമായ ഒരു പാലമാണ്. അത് ഏറ്റവും വിശ്വസിക്കാവുന്നതാണെന്നു നായക്കുട്ടികൾക്ക് പോലും അറിയാം. പക്ഷേ മനുഷ്യർക്ക് അതിനു കഴിയുന്നില്ല. അതിനു തെളിവാണ് ഇന്നു വന്നുകൊണ്ടിരിക്കുന്ന കഥകൾ. ഒരു മനുഷ്യനെ സ്നേഹിച്ചു എന്നു ഉറപ്പിച്ചു പറയാൻ പറ്റാത്തവരുടെ കഥകൾ വായിക്കുന്നത് വ്യർഥമാണ്.
രജതരേഖകൾ
1) ഉള്ളുലയ്ക്കുന്ന ഭാഷയിൽ കെ. ആർ. സുരേന്ദ്രൻ എഴുതിയ "പുറത്തേക്കുള്ള വഴി'(പ്രഭാത് ബുക്സ്) രാഷ്‌ട്രീയ വിവക്ഷകളുടെയും സംഘർഷങ്ങളുടെയും നോവലാണ്. അടിമത്തത്തിനും അസ്വാതന്ത്ര്യത്തിനുമെതിരെ സർവശക്തിയുമുപയോഗിച്ച് പോരാടാൻ ആഹ്വാനം ചെയ്യുന്ന കൃതിയാണിത്. അനീതിയോട് പൊരുത്തപ്പെടാനാവാത്ത ഒരു മനസുണ്ടായതാണ് ഈ നോവലിലെ സത്യനാഥനെയും ഭാഗ്യനാഥനെയും വലയ്ക്കുന്നത്. അയാൾ കാണുന്നത് കെട്ടുകാഴ്ചകൾ മാത്രം. "എപ്പോഴാണാവോ ഉറക്കമെത്തി അനുഗ്രഹിക്കുക.? അയാൾ കണ്ണടച്ചു കിടന്നു. ലോക്കൽ ട്രെയിനുകൾ അലറി കുത്തിപ്പായുന്നു. 24 മണിക്കൂറും ഈ നഗരത്തിൽ. വിശ്രമമറിയാത്തവർ ലോക്കൽ ട്രെയ്നുകൾ മാത്രം. " നോവലിന്‍റെ ടോൺ നമ്മുടെയുളളിലേക്ക് കടത്തിവിടുന്ന വാക്കുകളാണിത്. ഭാഗ്യനാഥൻ എന്ന കഥാപാത്രവും ഇതേ മാനസികാവസ്ഥയിലാണ്. അയാളെ പൊലീസ് പിടിച്ചുകൊണ്ടു പോവുകയാണ്. രാഷ്‌ട്രീയചിന്തകൾ ഉണ്ടായതിന്‍റെ പേരിൽ വ്യഥയനുഭവിക്കുന്ന എഴുത്തുകാരനാണ് സുരേന്ദ്രൻ എന്നു വ്യക്തമായി. മനസിൽ ഓർമ വന്നത് യു.പി. ജയരാജിനെയാണ്. അദ്ദേഹം സമാനമായ ആകുലതകൾ അനുഭവിച്ചിരുന്നല്ലോ.
2) അമെരിക്കയിലെ മലയാളി എഴുത്തുകാരുടെ സംഘടനയാണ് "കേരള റൈറ്റേഴ്സ് ഫോറം'. അവർ എഴുതിയ സാഹിത്യരചനകൾ സമാഹരിച്ചിരിക്കുകയാണ് "ശരത്കാലസന്ധ്യയുടെ മണിമുഴക്കങ്ങൾ' എന്ന പുസ്തകത്തിൽ. ആത്മസംഘർഷങ്ങളിൽ നിന്നുള്ള രക്ഷപ്പെടലായി സർഗാത്മക പ്രവർത്തനത്തെ കാണണമെന്നു അവതാരികയിൽ എം.വി. പിള്ള എഴുതുന്നു. ഫോറം ഭാരവാഹികളായ ചെറിയാൻ മഠത്തിലേത്ത്, മോട്ടി മാത്യു, മാത്യു വെള്ളമറ്റം, ജോൺ മാത്യു, ഡോ. അഡ്വ. മാത്യു വൈരമൺ, ഡോ. സണ്ണി എഴുമറ്റൂർ, മാത്യു നെല്ലിക്കുന്ന് എന്നിവരുടെ ആമുഖക്കുറിപ്പുകൾ ചേർത്തിട്ടുണ്ട്. ബാബു കുരൂരിന്‍റെ "കുബ്ബൂസ്' എന്ന കവിതയിലെ വരികൾ ഇങ്ങനെയാണ്:
"കുബ്ബൂസ് വെറുമൊരു റൊട്ടിയല്ല
മുൾപ്പടർപ്പിലോ പാറപ്പുറത്തോ
വീണു നശിക്കാതെ മണ്ണിൽ വീണഴിഞ്ഞ
ധാന്യമണിയുടെ വിജയഗാഥയാണ്'.
ജോസഫ് നമ്പിമഠം, ഷീൻ മറിയ, ലീന തമ്പി, മാത്യു നെല്ലിക്കുന്ന്, എ.എസ്. ശ്രീകുമാർ, ജോൺ ഇളമത, അനിൽ ആറന്മുള, അബ്ദുൽ പുന്നയൂർക്കുളം, എ.സി. ജോർജ്, ശ്രീകുമാർ മേനോൻ തുടങ്ങിയവരുടെ രചനകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. നാടുവിട്ടു പോയിട്ട് വർഷങ്ങളായെങ്കിലും ഈ അമേരിക്കക്കാർ മലയാളത്തെ ഹൃദയത്തിൽ സൂക്ഷിക്കുന്നത് ആഹ്ളാദകരമാണ്.
3) ജോസഫ് ജവോർസ്കി എഴുതിയ "സോഴ്സ് - ദ് ഇന്നർ പാത്ത് ഓഫ് നോളജ് ക്രിയേഷൻ' എന്ന പുസ്തകം പ്രപഞ്ചത്തെക്കുറിച്ചുള്ള ആധുനികമായ കണ്ടെത്തലുകളെ ക്രോഡീകരിച്ച് മനുഷ്യന്‍റെ നേതൃഗുണത്തെ അപഗ്രഥിക്കുന്നു. ഒരു നേതാവിനു വേണ്ട ഗുണം ആരും കാണാത്തത് കാണാനുള്ള കഴിവാണ്. ആധുനിക ഭൗതികശാസ്ത്രത്തെക്കുറിച്ച് ബ്രിട്ടീഷ് ക്വാണ്ടം ഫിസിസിസ്റ്റായ ബേസിൽ ജെ ഹിലെ ഉയർത്തിയ വാദത്തെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ കുറിക്കുന്നു:'പ്രപഞ്ചത്തിന്‍റെ സത്തയെ ബില്യാർഡ് പന്തുകൾ പോലെയുള്ള കണികകളായി വെട്ടി ചുരുക്കാനാവില്ല. എന്നാൽ പ്രപഞ്ചഘടനയിൽ വസ്തുക്കൾ നിലനിത്കുന്നത് പരസ്പരബന്ധത്തിന്‍റെ രൂപത്തിലാണ്. ഓരോന്നും നിലനിത്കുന്നത് അതിന്‍റെ ഗുണത്തിന്‍റെ, പരസ്പരബന്ധത്തിന്‍റെ പ്രകടനമെന്ന നിലയിലാണ്. ഊർജ്ജങ്ങൾക്കിടയിലെ, ചേതനകൾക്കിടയിലെ സഖ്യങ്ങളും ബന്ധങ്ങളുമാണ് പ്രകടമാകുന്നത്'.
4) റഷ്യൻ സാഹിത്യകാരനായ ടോൾസ്റ്റോയി ദാരിദ്ര്യത്തെക്കുറിച്ച് പറഞ്ഞത് ശ്രദ്ധേയമാണ് : "മനുഷ്യൻ സർവശക്തനായ ദൈവത്തോട് ദാരിദ്ര്യത്തിൽ നിന്നു രക്ഷിക്കണേ എന്നു പ്രാർഥിക്കുന്നു. എന്നാൽ ദാരിദ്ര്യം ഉണ്ടാകുന്നത് ദൈവത്തിന്‍റെ നിശ്ചയപ്രകാരമല്ല; അങ്ങനെ പറയുന്നത് കടുത്ത ദൈവനിന്ദയാണ്. ദാരിദ്ര്യം ഉണ്ടാകുന്നത് മനുഷ്യൻ സഹജീവികളോടു ചെയ്യുന്ന അനീതിയിൽ നിന്നാണ്'.
5) എഴുത്തു നിർത്തിയശേഷം തന്‍റെ തൊടിയിലെ മാങ്കോസ്റ്റിൻ മരച്ചുവട്ടിലേക്ക് ഉറുദു പാട്ടുകളുമായി മാറിയിരുന്ന ബഷീറിൽ ഒരു സത്യമുണ്ട്. ഒരു നിശബ്ദതയുടെയുള്ളിലെ അറിവിന്‍റെ സമുദ്രം അവിടെ അലയടിക്കുകയായിരുന്നു. ബഷീർ എല്ലാം കണ്ടുകഴിഞ്ഞു, അറിഞ്ഞുകഴിഞ്ഞു. എല്ലാ വൈരുധ്യങ്ങളും അങ്ങനെ തന്നെ നിലനില്ക്കുമ്പോഴും തന്നിൽ അവ പ്രഭാമയമായ സൗഖ്യവും അതിരുകളില്ലാത്ത സമാധാനത്തിന്‍റെ നീലവെളിച്ചവുമായി പരിണമിച്ചു എന്ന അറിവാണത്.