

കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സുകുമാർ അഴീക്കോട് അനുസ്മരണ സമ്മേളനത്തിൽ എം.കെ. ഹരികുമാർ പ്രസംഗിക്കുന്നു.
കൊച്ചി: ഡോ. സുകുമാർ അഴീക്കോട് എഴുതിയ, 'ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു' എന്ന കൃതി ശങ്കരക്കുറുപ്പ് എന്ന കവിയുടെ മേൽ കരിനിഴൽ വീഴ്ത്തിയെന്ന് പ്രമുഖ വിമർശകനും കോളമിസ്റ്റുമായ എം. കെ. ഹരികുമാർ. കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച സുകുമാർ അഴീക്കോട് അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാഹിത്യകൃതി ഒരു വിമർശകന് വെറുമൊരു അസംസ്കൃത വസ്തുവാണെന്ന് അഴീക്കോട് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഹരികുമാർ വെളിപ്പെടുത്തി. ആ അസംസ്കൃത വസ്തു ഉപയോഗിച്ച് വിമർശകൻ തന്‍റെ
യഥാർഥ നിമിഷത്തിൽ ഒരു സൃഷ്ടി നടത്തുകയാണ് ചെയ്യുന്നത്. വിമർശനത്തെ വിവേചനത്തിന്‍റെയും അനുഭൂതിയുടെയും കലയാക്കി മാറ്റിയത് അഴീക്കോടാണ്. 'ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു' എന്ന കൃതിക്ക് പേരിട്ടത് കുട്ടികൃഷ്ണ മാരാരാണ്. ആ കൃതിയുടെ കരിനിഴലിൽ നിന്ന് ഇപ്പോഴും ശങ്കരക്കുറുപ്പ് മോചിതനായിട്ടില്ല. പിന്നീട് വന്ന ഒരു വിമർശകനും അതിൽ നിന്ന് ശങ്കരക്കുറുപ്പിനെ മോചിപ്പിക്കാനായിട്ടില്ല. ഇത് ചൂണ്ടിക്കാണിക്കുന്നത് വിമർശകന്‍റെ അധികാരരൂപമാണ്. ഒരു കവിയുടെ രചനകൾക്ക് മേൽ വിമർശകൻ ഉന്നയിക്കുന്ന വിയോജിപ്പുകൾ ചരിത്രത്തിൽ നിർണായകമാണ്. അത് മാഞ്ഞുപോകില്ല.
'ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു' എന്ന ഗ്രന്ഥം മലയാളവിമർശനത്തിലെ 'വിമർശകത്രയ'ത്തെ ഓർമപ്പെടുത്തുകയാണ്. ജോസഫ് മുണ്ടശ്ശേരി, കുട്ടികൃഷ്ണമാരാർ, സുകുമാർ അഴീക്കോട് എന്നിവർ ചേർന്നതാണ് ആ വിമർശകത്രയം. ശങ്കരക്കുറുപ്പിന്‍റെ ഷഷ്ടിപൂർത്തി വേളയിൽ, തകഴി അധ്യക്ഷനായിരുന്ന വേദിയിൽ, മുണ്ടശ്ശേരി പ്രസംഗിച്ചത് ശങ്കരക്കുറുപ്പ് കവിയല്ലെന്നാണ്. ശങ്കരക്കുറുപ്പിന്‍റെ കവിതയോട് അഴീക്കോടിനും മാരാർക്കുമുണ്ടായിരുന്ന വിമർശനം പ്രസിദ്ധമാണ്. ഈ മൂന്നു വിമർശകരുടെ ആശയപരമായ ഐക്യമാണ് ഇവിടെ കാണുന്നത്.
കാൽപ്പനിക ജീർണതയ്ക്കെതിരായ യുദ്ധത്തിൽ ഇവർ മൂവരും ഒരുമിച്ചു. എഴുത്തച്ഛനെക്കുറിച്ചുള്ള വിലയിരുത്തലിലും ഇവരുടെ കാഴ്ചപ്പാടിനു സമാനതയുണ്ട്. എഴുത്തച്ഛനെ പോലുള്ള കവികൾ ഓരോ ഭാഷയിലുമുണ്ടെന്നാണ് അഴീക്കോട് പറഞ്ഞത്. മുണ്ടശ്ശേരി എഴുത്തച്ഛനെ കാര്യമായി പരിഗണിക്കുന്നില്ല. മാരാരും മിണ്ടുന്നില്ല. മുണ്ടശ്ശേരിയുടെ ആശാൻവായന മലയാളകവിതയുടെ ചരിത്രത്തെ മാറ്റിമറിച്ചു. കവിത്രയം എന്ന സങ്കല്പത്തെ പൊളിച്ച് മുണ്ടശ്ശേരി ആശാനെ മലയാളകവിതയുടെ കേന്ദ്രമാക്കിമാറ്റി. ആശാനിൽ അദ്ദേഹം രണ്ടുധാരകളുടെ ലയനം കണ്ടു. പാശ്ചാത്യകവിതയുടെ രൂപബോധത്തിലേക്ക് ആശാൻ കവിതയെ ഉണർത്തി. അതോടൊപ്പം ദാർശനികമായ ഉന്നതതലത്തിൽ കവിതയെ പുനർനിർവിചിക്കുകയും ചെയ്തു. പുതിയ പ്രമേയങ്ങൾ സ്വീകരിച്ചു. കവിതയുടെ സാമൂഹ്യബോധവും ആശാൻ നിർണയിച്ചു. ആശാന്‍റെ വിപ്ലവബോധം അതായിരുന്നു. ഇതിനോട് അടുപ്പമുള്ളതാണ് അഴീക്കോടിന്‍റെയും മാരാരുടെയും നിലപാടുകൾ.
മുണ്ടശ്ശേരി ആശാനെ വായിച്ചതിനപ്പുറം മലയാള കാവ്യവിമർശനം പോയിട്ടില്ല. മുണ്ടശ്ശേരിയുടെ വായന ഒരു ഭാവുകത്വമാണ്. ആ വായനയാണ് നമ്മുടെ വായനയായിത്തീർന്നത്. അഴീക്കോടിന്‍റെ ഖണ്ഡന വിമർശനം ഒരു പുതിയ മൂല്യത്തിന് വേണ്ടിയുള്ള യുദ്ധമാണ്. ജീർണിച്ച അഭിരുചിക്കെതിരായ പോരാട്ടമാണത്. അഴീക്കോട് സാഹിത്യത്തിൽ പുനർമൂല്യ വിചാരണയാണ് അന്വേഷിച്ചത്. വിമർശകന് തന്‍റെ അഭിരുചി പ്രധാനമാണ്. ഒരേ ചാലിൽ പോകുന്ന വിമർശനത്തെ വിമർശകൻ തന്‍റെ അഭിരുചിയിലൂടെ നവീകരിക്കുകയാണ്. അങ്ങനെ ലോകത്തെ മാറ്റുകയാണ് ചെയ്യുന്നത്. അഴീക്കോട് 'രമണനും മലയാളകവിതയും','ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു','ആശാന്‍റെ സീതാകാവ്യം' എന്നീ കൃതികളിലൂടെ ആ ഭാവുകത്വം ഉറപ്പിച്ചു.
സാഹിത്യരംഗത്ത് ധീരമായ ചലനങ്ങൾക്കും സ്വാഭിപ്രായ പ്രകടനത്തിനും ആക്രമണത്തിനും ശക്തി പകർന്നത് അഴീക്കോടാണ്. മനോരമ പുറത്തിറക്കിയ അരുവിപ്പുറം ശതാബ്ദി സപ്ലിമെന്‍റിന്‍റെ പ്രകാശനച്ചടങ്ങ് ഓർക്കുകയാണ്. പത്രത്തിന്‍റെ ചീഫ് എഡിറ്റർ വേദിയിലുണ്ട്. ശതാബ്ദി സപ്ളിമെന്‍റ് കണ്ടതോടെ അഴീക്കോടിന്‍റെ മട്ടു മാറി. അതിൽ എഴുതിയവരെല്ലാം ഈഴവരായിരുന്നു. ഈഴവശിവന്മാരെ കൊണ്ടു മാത്രം എഴുതിച്ച ഈ സപ്ലിമെന്‍റ് കത്തിക്കണമെന്ന് പ്രകാശനവേദിയിൽ അഴീക്കോട് പറഞ്ഞത് പത്ര മാനേജ്മെന്‍റിനെയും പ്രതിസന്ധിയിലാക്കി. ഈഴവരെക്കൊണ്ട് മാത്രം എഴുതിച്ചത് ശ്രീനാരായണഗുരുവിന്‍റെ ആദർശത്തിന് വിരുദ്ധമാണെന്ന് അഴീക്കോട് തുറന്നടിച്ചു.
മറ്റൊരു പ്രധാന സംഭവമാണ് എം.പി. വീരേന്ദ്രകുമാറിനെ വിമർശിച്ച് വർഷങ്ങളോളം അദ്ദേഹം സംസ്ഥാനത്തുടനീളം പ്രസംഗിച്ചത്. ആ സമയത്ത് അഴീക്കോടിന്‍റെ രചനകൾ മാതൃഭൂമിയിൽ വരാതായി. ആ വഴക്ക് അവസാനിച്ച ശേഷമാണ് അഴീക്കോടിന്‍റെ ആത്മകഥ മാതൃഭൂമി വാരികയിൽ വന്നത്. അഴീക്കോടിന് ഒരുകാലത്ത് എഴുതാൻ വാരികയില്ലായിരുന്നു. അദ്ദേഹത്തിന്‍റെ തുറന്നുപറച്ചിലും വിമർശനങ്ങളും പലരെയും ശത്രുക്കളാക്കി. മനോരമയ്ക്കും മാതൃഭൂമിക്കും ഉള്ളതിനേക്കാൾ സർക്കുലേഷൻ തനിക്കുള്ളതുകൊണ്ടാണ് താൻ അവരെ വിമർശിച്ചതെന്ന് ആ കാലത്ത് അദ്ദേഹം പറഞ്ഞിട്ടുണ്ട് -ഹരികുമാർ ചൂണ്ടിക്കാട്ടി.
ഡോ. എസ്.കെ. വസന്തൻ, നെടുമുടി ഹരികുമാർ എന്നിവർ സുകുമാർ അഴീക്കോടിനെക്കുറിച്ചും എം. തോമസ് മാത്യു, ടി.ജി. രാജഗോപാൽ എന്നിവർ എം.കെ. സാനുവിനെക്കുറിച്ചും അനുസ്മരണ പ്രസംഗം നടത്തി.