മാക്സിം ഗോർക്കിയുടെ പക്ഷി

മനുഷ്യരുടെ വിഭജിക്കപ്പെട്ട ലോകത്തേക്കാൾ വിപുലവും അത്യാനന്ദകരവുമായ ഇടങ്ങൾ, ആകാശങ്ങളെ വഹിക്കുന്ന തങ്ങളുടെ ചിറകുകൾക്കുള്ളിലാണെന്ന് അവ അറിയുന്നു.
Bird by Maxim Gorky

മാക്സിം ഗോർക്കിയുടെ പക്ഷി

Updated on

അക്ഷരജാലകം/ എം. കെ. ഹരികുമാർ

പക്ഷികൾ പറക്കുന്നത് സാമൂഹിക നിയമങ്ങളോ പാഠപുസ്തകങ്ങളോ കലാശാലകളോ പറയുന്നതനുസരിച്ചല്ല; അവ രാജ്യാതിർത്തികൾ കടന്നു പറക്കുന്നു. രാജ്യങ്ങളുടെ പല ഭാഷകളോ പല സംസ്കാരങ്ങളോ യഥാർഥത്തിൽ ഒരു സ്വതന്ത്ര മനസിനെ നിയന്ത്രിക്കുകയാണെന്നറിഞ്ഞു വിശേഷപ്പെട്ട പക്ഷികൾ പറക്കുകയാണ്. ആ പറക്കൽ ദൈവത്തിന്‍റെ നിർദാക്ഷിണ്യമായ നീതിയുടെ ചിറകുകളാൽ മനോഹരമാണ്. ദൈവത്തിന്‍റ സ്വതന്ത്രവും നിർഭയവുമായ ആഹ്വാനം ആ ചലനങ്ങളിൽ കാണാനാവും.

ദൈവം കൽപ്പിച്ചത് ഭാവനയിൽ കാണാൻ കഴിയുന്നത് ദേശാന്തര ഗമനം ചെയ്യുന്ന പക്ഷികളിലാണ്. പക്ഷികളുടെ ചിറകുകളിലെ നിറങ്ങൾ രാജ്യങ്ങൾക്കപ്പുറത്ത് സൗമ്യ ഭാവനയുടെ സ്നേഹാത്മകമായ സഹവർത്തിത്വത്തെ ആലേഖനം ചെയ്യുകയാണ്. മനുഷ്യരുടെ വിഭജിക്കപ്പെട്ട ലോകത്തേക്കാൾ വിപുലവും അത്യാനന്ദകരവുമായ ഇടങ്ങൾ, ആകാശങ്ങളെ വഹിക്കുന്ന തങ്ങളുടെ ചിറകുകൾക്കുള്ളിലാണെന്ന് അവ അറിയുന്നു.

റഷ്യൻ വിപ്ലവത്തിനു മുമ്പ്

എല്ലാ ആകാശങ്ങളും അവർക്കുള്ളതാണ്. ആകാശം ആരെയും സൂക്ഷിച്ചുവയ്ക്കുന്നില്ല. എന്നാൽ അത് പ്രാപഞ്ചിക സ്നേഹഭാവനയെ ഉന്മത്തമാക്കുന്ന പക്ഷികൾക്കുള്ളതാണ്. അവരാകട്ടെ ആ ആകാശത്തിൽ യാതൊരു അടയാളവും ബാക്കി വയ്ക്കുന്നില്ല. 1901 ൽ റഷ്യൻ സാഹിത്യകാരനും കവിയുമായ മാക്സിം ഗോർക്കി എഴുതിയ "സോങ് ഓഫ് സ്റ്റോമി പെറ്റ്റൽ' (കൊടുങ്കാറ്റ് വിതയ്ക്കുന്ന പക്ഷിയെക്കുറിച്ചുള്ള ഗാനം) എന്ന കവിത ധാരാളം ചർച്ച ചെയ്യപ്പെട്ടതാണ്‌. ലോകത്തെങ്ങുമുള്ള വിപ്ലവകാരികളെ ഈ കവിത പ്രചോദിപ്പിച്ചു. പ്രക്ഷുബ്ധമായ മാനസികനിലയിലേക്ക് എത്തുന്നവരുടെ സ്വാഭാവികമായ ഗമനമാണ് വിപ്ലവം. അവർക്ക് അതിൽ നിന്ന് പിന്തിരിയാനാവില്ല.

1901ൽ റഷ്യൻ വിപ്ലവത്തെ സ്വപ്നം കണ്ട് എഴുതിയതാണ് ഈ കവിതയെന്ന് അനുമാനിക്കുന്നവരാണ് ഏറെയും. അദ്ദേഹം വിപ്ലവ പക്ഷത്തായിരുന്നല്ലോ. 1917ലാണ് റഷ്യൻ വിപ്ലവത്തിനു കളമൊരുങ്ങുന്നത്. ഗോർക്കി അത് 16 വർഷം മുമ്പ് പ്രവചിച്ചു എന്നു വേണം കരുതാൻ. വർഷങ്ങൾക്കു മുമ്പ് ഈ കവി അത് ദീർഘദർശനം ചെയ്ത് എഴുതിയതാണ് "സോങ് ഓഫ് സ്റ്റോമി പെറ്റ്റെൽ' എന്നാണ് ചരിത്രകാരന്മാർ വിവരിച്ചിട്ടുള്ളത്. അതിന് അവർ നിരത്തുന്ന കാരണങ്ങൾ ഇവയാണ്. പെറ്റ്റൽ ചെറിയ ഒരു കടൽപ്പക്ഷിയാണ്. അത് മറ്റു പക്ഷികളിൽ നിന്ന് വ്യത്യസ്തമായി കൊടുങ്കാറ്റിനെക്കുറിച്ച് ചില സൂചനകൾ തരുന്ന മട്ടിൽ പറക്കാറുണ്ട്. കടലിൽ കൊടുങ്കാറ്റുള്ളപ്പോൾ, കടൽക്ഷോഭമുള്ളപ്പോൾ ഈ പക്ഷി യാതൊരു ഭയവുമില്ലാതെ കൂറ്റൻ തിരമാലകൾക്കും കറുത്ത മേഘങ്ങൾക്കും ഇടയിൽ ധീരമായി പറക്കുന്നു. അത് ശരിക്കും ആ കടൽക്ഷോഭം കണ്ട് ആനന്ദിക്കുകയും ആസ്വദിക്കുകയും ചെയ്യുകയാണെന്ന് തോന്നും. അതുകൊണ്ട് നാവികർ ഈ പക്ഷിയെ കണ്ടാലുടനെ കൊടുങ്കാറ്റിന് സമയമായെന്ന് സങ്കല്പിക്കും. അത് ശരിയാകാറുണ്ടെന്നാണ് വിശ്വാസം. പെറ്റ്റെൽ കടൽക്ഷോഭത്തെക്കുറിച്ച് സൂചന തരുന്നു എന്ന വിശ്വാസത്തെ അടിസ്ഥാനമാക്കി ഗോർക്കി എഴുതിയ കാവ്യം റഷ്യയിലെ ഏറ്റവും വലിയ കൊടുങ്കാറ്റായ റഷ്യൻ വിപ്ലവത്തിന്‍റെ വരവ് അറിയിച്ച കവിതയാണെന്ന് വിചാരിക്കുന്നതിൽ യുക്തിയുണ്ട്.

പക്ഷി കാറ്റിനെക്കുറിച്ച് സൂചന തരുന്നതുപോലെ ഗോർക്കിയുടെ കവിത വിപ്ലവത്തെക്കുറിച്ച് മുന്നറിയിപ്പു തരുന്നു. ഭവിഷ്യത്തിനെ ഭയക്കാതെ, ഉലയാതെ അതിനെ അറിഞ്ഞു ഉൾക്കൊള്ളുന്നവരാണ് വിപ്ലവകാരികൾ. ഈ പക്ഷി ഗോർക്കിയുടെ വിപ്ലവകാരിയാണ്. അവൻ കൊടുങ്കാറ്റിനെയും കറുത്തമേഘങ്ങളെയും അല്പം പോലും ഭയക്കാതെ ചീറിപ്പായുകയാണ്. അവന് മരണത്തെ ഭയമില്ല. കാരണം അവന് മരണത്തെ അതിജീവിക്കാനുള്ള ശേഷിയുണ്ട്. അവൻ ജീർണിച്ചതും അർഥം നഷ്ടപ്പെട്ടതുമായ പലായനക്കളെ അപ്രസക്തമാക്കാൻ പിറന്നവനാണ്.

കടൽക്ഷോഭത്തിനൊപ്പം

അവൻ ലോകജീവിതത്തിൽ മുന്നോട്ടുള്ള പ്രയാണത്തെ മാത്രം ലക്ഷ്യം വയ്ക്കുന്നു. അവന് സ്വാർഥമായ താല്പര്യങ്ങളില്ല. അവൻ പ്രകൃതിയെ തനിക്കനുകൂലമാക്കി മാറ്റുന്നു. അതിലൂടെ അവൻ ലക്ഷ്യത്തിലേക്ക് അടുക്കുന്നു. "കൊടുങ്കാറ്റിനെ വിതയ്ക്കുന്ന പക്ഷിയെക്കുറിച്ചുള്ള ഗാനം' എന്ന കവിതയിൽ റഷ്യൻ വിപ്ലവം സംഭൃതമായിരിക്കുന്നു. ഒരു വശത്ത് ആ സൂചന നിലനിർത്തിക്കൊണ്ടുതന്നെ ആധുനിക കാലത്തിനും അറിവിനും ഇണങ്ങുന്ന വിധത്തിൽ ഇതിനെ മനസിലാക്കാവുന്നതാണ്.

മനഃശാസ്ത്രപരമായും കലാപരമായും ഈ കവിതയ്ക്ക് അസ്തിത്വമുണ്ട്. ഒരു മനുഷ്യാത്മാവിന്‍റെ അതിജീവനമെന്ന അർഥത്തിൽ ഇതിന് പ്രാധാന്യമുണ്ട്. കടൽക്ഷോഭത്തിൽപ്പെട്ട ഒരു പക്ഷി അതിനൊപ്പം പറക്കുകയാണ് ഉത്തമമെന്ന് കരുതുന്നത് എത്രയോ വലിയ ചിന്തയാണ്. അത് ആധുനികകാലത്തെ സെൻ അനുഭവമായി വ്യാഖ്യാനിക്കാവുന്നതാണ്. സെൻ എന്ന ജാപ്പനീസ് പദത്തിന്‍റെ അർഥം ധ്യാനം എന്നാണ്. ശാന്തമായിരിക്കുക, ഈ നിമിഷത്തിൽ മുഴുകുക തുടങ്ങിയ ആശയങ്ങളാണ് ആ വാക്കിലുള്ളത്. അനാവശ്യമായ ഉത്കണ്ഠകളോ ഭയങ്ങളോ പരിഭ്രാന്തികളോ ജീവിതത്തെ ചിതറിച്ചു കളയുക മാത്രമാണ് ചെയ്യുക. എന്നാൽ പരിഭ്രമങ്ങളുടെ കാലത്ത് ഏകാഗ്രത ശീലിക്കുന്നത് മഹത്തരമാണ്. നമ്മുടെ മനസിന്‍റെ നിലതെറ്റിക്കാൻ ബാഹ്യശക്തികൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്നു എന്ന പ്രതീതിയുണ്ടാവുമ്പോൾ അതിജീവനമാണ് പ്രധാനം.

അവനവനിൽ നിന്ന് ശക്തി സംഭരിക്കേണ്ടതുണ്ട്. കലാകാരന്‍റെ അരക്ഷിതാവസ്ഥ ചിലർക്ക് അസുഖകരമാകാം. എന്നാൽ ആ അരാജകത്വത്തിൽ ഒരു സെൻ ജീവിതമുണ്ട്. ജീവിതത്തെ അതിന്‍റെ സ്വഭാവികതയിൽ നിലനിർത്തുകയും അസത്യമാക്കാതിരിക്കുകയും ചെയ്യുന്ന വിശുദ്ധി അതിലുണ്ട്. യാതൊന്നിനോടും അതിരുവിട്ട വിധേയത്വമോ ആരാധനയോ ഇല്ലാതെ സ്വന്തം ജീവനിലെ കലാപരമായ ത്വരകളെ വേർതിരിച്ചെടുക്കുകയല്ലേ അപ്പോൾ സംഭവിക്കുന്നത്? ഇവിടെ പക്ഷി പ്രക്ഷോഭവാസനങ്ങളിൽ നിന്ന് തുടങ്ങി പ്രക്ഷോഭപരമ്പരകളിലെത്തി ജീവിക്കുകയാണ്. അത് മരിക്കുന്നില്ല. അത് ക്ഷോഭത്തോടൊപ്പം പറക്കുകയാണ്.

തിരമാലകൾ ആലിംഗനം ചെയ്യുന്ന പക്ഷി അതിൽനിന്നുയർന്ന് ഒരു അസ്ത്രത്തെപ്പോലെ പായുകയാണ്. പക്ഷിയുടെ കരച്ചിലിൽ മേഘങ്ങൾ കേൾക്കുന്നത് അത്യാനന്ദമാണ്. കൊടുങ്കാറ്റിനെ അതിജീവിച്ച്, ആനന്ദത്തോടെ പറക്കുന്ന പക്ഷിയുടെ കരച്ചിൽ അതിജീവനത്തിന്‍റെ പ്രവചനമായി കവി കാണുന്നു.

വിപ്ലവകരമായ സൗന്ദര്യം

കവിതയിൽ ഇങ്ങനെ വായിക്കാം:

"ധീരനായ കടൽപ്പക്ഷി

അഭിമാനത്തോടെ,

മിന്നലിനിടയിലൂടെ,

അലറുന്ന, ക്ഷോഭിക്കുന്ന

സമുദ്രത്തിനു മുകളിലൂടെ പറക്കുന്നു.

അവന്‍റെ കരച്ചിൽ അത്യാനന്ദകരമായ

ഒരാവർത്തനമായിരുന്നു,

വിജയത്തിന്‍റെ നാന്ദി പോലെ.'

ആ പക്ഷി അതിന്‍റെ എല്ലാ ജീവിതവും ഒരു നിമിഷത്തിൽ കാണുകയാണ്. ഒന്നും തന്നെ ഉപേക്ഷിക്കുന്നില്ല. ജീവിതത്തിന്‍റെ ഉണ്മയെ കടൽക്ഷോഭത്തിലും എതിരിടലിലും കണ്ടെത്തുകയാണ്. ആ നിമിഷത്തിലാണ് ജീവിതം. അതാണ് ധ്യാനം. പ്രമുഖ പോർച്ചുഗീസ് കവി ഫെർനാണ്ടോ പെസാവോ എഴുതിഃ "മഹത്വത്തിന് വേണ്ടത് ജീവിതത്തിന്‍റെ സമഗ്രതയാണ്; അതിശയോക്തി വേണ്ട. അല്ലെങ്കിൽ നിങ്ങളിലെ ഒരു ഭാഗവും ഉപേക്ഷിച്ചു കളയരുത്. ഏറ്റവും ചെറിയ പ്രവൃത്തികളിലേക്കും നിങ്ങളുടെ അസ്തിത്വത്തെ പൂർണമായി നിക്ഷേപിക്കുക.'

ഒരു വിപ്ലവകാരിക്ക് ജീവിതത്തെ മഹത്വപ്പെടുത്താനാണ് തിടുക്കം. എന്തെന്നാൽ തന്‍റെ സൗന്ദര്യബോധമാണ് അയാളെ നയിക്കുന്നത്. വിപ്ലവകരമായ സൗന്ദര്യമാണത്. അത് പ്രതിബന്ധങ്ങളെ മറികടന്ന് മുന്നോട്ട് കുതിക്കുകയാണ്. പുതിയൊരു ക്രമം സൃഷ്ടിക്കുകയാണ്. അപ്പോൾ അതിനെ എല്ലാവരും അംഗീകരിക്കണമെന്നില്ല. എന്നാൽ അതിൽ സത്യമുള്ളതുകൊണ്ട് അത് പിറക്കാനും ജീവിക്കാനും വിധിക്കപ്പെടുന്നു. ജോൺ എബ്രഹാമിന്‍റെ "അമ്മ അറിയാൻ', അരവിന്ദന്‍റെ "കാഞ്ചനസീത' തുടങ്ങിയ സിനിമകൾ ഇന്നത്തെ ഫിലിം മാർക്കറ്റിൽ സ്വീകരിക്കപ്പെടുമോ എന്നറിയില്ല. എന്നാൽ സിനിമയുടെ കലാഭിരജ്ഞയിൽ അലിഞ്ഞുചേർന്ന മാധ്യമപ്രവർത്തകരും സിനിമ ആസ്വാദകരും നിലനിൽക്കുന്നുണ്ടെങ്കിൽ, സമാന്തരമായ ഒരു കാഴ്ചയുടെ അനുഭവത്തിനായി ശ്രമിക്കാവുന്നതാണ്.

ചെവിയടയ്ക്കുന്ന ശബ്ദഘോഷങ്ങളുടെയും അതിവേഗ ചലനങ്ങളുടെയും മധ്യത്തിൽ, കണ്ണുകൾക്കൊന്നും വ്യക്തമാവാത്ത അവസ്ഥയിൽ നിന്ന് മൗനത്തിലേക്കും നിശ്ചലതയിലേക്കും സൂക്ഷ്മശബ്ദങ്ങളിലേക്കും സംഗീതത്തിന്‍റെ തനതായ പ്രകൃതിയിലേക്കും ഒരു ഇടവേള എടുക്കാവുന്നതാണ്. അത്തരം ചിത്രങ്ങൾ കാണുന്നത് നമ്മുടെ മനസിന്‍റെ ഒഴിഞ്ഞ മൂലകളെ വൈദ്യുതീകരിക്കാൻ സഹായിക്കും.

ശബ്ദങ്ങൾ കൊണ്ട് ഇല്ലാതായ നിശബ്ദതയുടെ തുരുത്തുകൾ പുനർ ദൃശ്യവൽക്കരിക്കാൻ അത് ഉപകരിക്കും. അങ്ങനെയാണ് നവീനത ഉണ്ടാകുന്നത്. യാഥാസ്ഥിതികവും ഗതാനുഗതികവുമായ ഒരു കലാ വ്യവഹാര മണ്ഡലത്തിൽ വിപ്ലവകാരിയായ കലാകാരൻ പ്രക്ഷോഭകാരിയായ കടൽപ്പക്ഷിയെ പോലെ പ്രതികൂല സാഹചര്യങ്ങളെ കണ്ടു ഭയക്കാതെ, അതിൽ തന്നെ ജീവിച്ചുകൊണ്ട് ആനന്ദിക്കാനാണ് ലക്ഷ്യം വയ്ക്കുക. അതിന്‍റെ യാത്രയിലെ തടസങ്ങൾ വീണ്ടുവിചാരത്തിനും ധ്യാനത്തിനുമുള്ളതാണ്.

ഒളിച്ചു വച്ച അർഥങ്ങൾ

നാവികരുടെ പായ് വഞ്ചിയിൽ മറഞ്ഞിരുന്ന് കൊടുങ്കാറ്റിനെ കബളിപ്പിക്കാൻ ആ പക്ഷിക്ക് നന്നായറിയാം. പക്ഷി തന്‍റെ ചിന്തയെ ത്രസിപ്പിക്കുന്ന സാഹസികതയിൽ നിലനിൽക്കുന്നതിലാണ് ലഹരി കണ്ടെത്തുന്നത്. ഓരോന്നിനും അതിന്‍റേതായ തത്വചിന്തയും ഒളിച്ചുവയ്ക്കപ്പെട്ട അർഥവുമുണ്ടെന്ന് മാക്സിം ഗോർക്കി പറഞ്ഞിട്ടുണ്ട്. എന്താണ് അതിൽ സൂചിതമായിരിക്കുന്നത്? വസ്തുവിന്‍റെ സ്വഭാവത്തെയും അതിനോട് നമുക്കുള്ള രമ്യതയുടെയും പാഠമാണ് പഠിക്കേണ്ടത്. അപ്പോഴാണ് അത് ഒരു വസ്തുനിഷ്ഠ യാഥാർഥ്യമായി തീരുന്നത്. എഴുത്തുകാരൻ തന്‍റെയുള്ളിലെ വൈയക്തികമായ അനുഭവത്തെ നിശിതമായി അറിയാൻ ശ്രമിക്കുന്നു. അതിൽ പൂർണത നേടണമെന്നില്ല. അന്വേഷിക്കുന്തോറും അകന്നു പോകാനാണ് സാധ്യത. എന്നാൽ സാധ്യമായ വിധം നേടുന്ന അറിവുകളുടെ തലത്തിൽ അതിലടങ്ങിയ വസ്തുനിഷ്ഠമായ അർഥത്തെ കണ്ടെത്താൻ കലാകാരൻ പരമാവധി ശ്രമിക്കും. അപ്പോഴാണ് അയാളുടെ വാക്കുകൾക്ക് ലക്ഷ്യമുണ്ടാവുന്നത്. ഗോർക്കി വസ്തുവിനെ ഒരു ലക്ഷ്യത്തിലേക്ക് സഞ്ചരിക്കാനുള്ള ഉപകരണമാക്കുകയാണ്. അങ്ങനെ ഓരോന്നിനും തത്വചിന്തയുണ്ടാകുന്നു. എല്ലാം നമ്മുടെ മുന്നിൽ തുറന്നു വെച്ചിട്ടില്ല. നാം അതിലടങ്ങിയിരിക്കുന്ന അർഥത്തിനായി കുതിക്കേണ്ടതുണ്ട്. അപ്പോൾ പോലും ലഭിക്കുന്നത് ഏകതാനമായ, ഒരേ ലക്ഷ്യത്തിൽ അവസാനിക്കുന്ന അർഥങ്ങളല്ല. വസ്തുവിനെ പുനഃസന്ദർശനം നടത്തിക്കൊണ്ടായിരിക്കുകയാണ് അതിനുള്ള പോംവഴി.

ഈ കവിതയിൽ പക്ഷിക്ക് പറക്കലാണ് വസ്തുനിഷ്ഠമായ യാഥാർഥ്യവും അർഥവും. അത് ആ പ്രക്രിയയിലേക്ക് തന്നെ ആഴ്ന്നിറങ്ങുകയാണ്. അതിൽ നിന്ന് ഉരുത്തിരിയുന്ന ആവേഗങ്ങൾ പക്ഷി അതിലേക്ക് തന്നെ മടക്കി നൽകുന്നു. കടൽക്ഷോഭത്തിന്‍റെയും കാറ്റിന്‍റെയും സമ്മർദത്തെ തനിക്ക് ധൈര്യവും വാശിയും സ്വപ്നവും പുറത്തെടുക്കാനുള്ള അവസരമായി കാണുകയാണത്. അങ്ങനെ പക്ഷി ഒരു അവസ്ഥയുടെ സ്വാഭാവികമായ ചിത്രമായിത്തീരുന്നു. ജീവിക്കണമെങ്കിൽ ഈ കടൽപ്പക്ഷിയെ പോലെ ഒഴുക്കിനെതിരെ പോരാടണം. അപ്പോൾ എല്ലാവരും പിന്തുണയ്ക്കില്ല. ചിലർ ഭയന്ന് പിന്മാറും. അവർ കടലിനെ ഉപേക്ഷിച്ചു ഒളിക്കും. എന്നാൽ കടലല്ലാതെ മറ്റൊരു യാഥാർഥ്യമില്ലെന്ന് തിരിച്ചറിയുന്നവർക്ക് എവിടെയും ഓടിപ്പോകാനില്ല. പ്രമുഖ ഫ്രഞ്ച് എഴുത്തുകാരൻ ആൽബേർ കമ്യു പറഞ്ഞുഃ "വലിയ മനസുകൾ യാതനകളെ കണ്ട് ഭയക്കുന്നില്ല. അത് നീണ്ടുനിൽക്കുന്നില്ലല്ലോ. അവസാനിക്കാത്ത സന്തോഷത്തെ പ്രാപിക്കാൻ നിരന്തരമായ യാതന നമുക്ക് ഒരു ലക്ഷ്യമുണ്ടാക്കിത്തരും. നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ എല്ലാം അവസാനിച്ചുവെന്നും യാതനകൾക്ക് സന്തോഷത്തേക്കാൾ വലിയ ഒരർഥമില്ലെന്നും ബോധ്യമാകുന്ന ഒരു പുലരി വന്നു ചേരും. "

രജതരേഖകൾ

1) പി. കുഞ്ഞിരാമൻ നായർ

മഹാകവി പി. കുഞ്ഞിരാമൻ നായരുടെ സങ്കീർണമായ വ്യക്തിത്വഘടനയെക്കുറിച്ചും ആന്തര സംഘർഷത്തെക്കുറിച്ചും ഡോ. ദീപേഷ് കരിമ്പുങ്കര എഴുതിയ "പിതൃയാനങ്ങൾ' (അകം മാസിക, ഏപ്രിൽ ) അന്വേഷണപരമായ കൗതുകമുണർത്തി. പിയിൽ വൈരുദ്ധ്യമുണ്ടായിരുന്നു. അതിതീവ്രമായ വൈകാരിക സന്ദർഭമുണ്ടായിരുന്നു. തെറ്റു ചെയ്തു എന്ന് ബോധ്യമായാൽ പരിതപിക്കുന്നത് അദ്ദേഹത്തിന്‍റെ സ്വഭാവമായിരുന്നു. മുറിവിൽ നിന്നും അറിവിൽ നിന്നും സ്വയം തിരുത്തുകയാണ് പി യുടെ സ്വഭാവമെന്ന് ലേഖനത്തിൽ വിവരിക്കുന്നുണ്ട്. എങ്കിലും, പിതൃ പുത്ര ദ്വന്ദത്തിലേക്ക് പിയുടെ മഹത് ലോകത്തെ ലഘൂകരിക്കുന്നത് ഭാവിയിലെ വിപുലമായ ചർച്ചകൾക്ക് തടസമായേക്കാം.

2) സ്ത്രീ മനസ്

വിജിലയുടെ "ചുവടുകൾ' സരസ്വതി കെ.എം എഴുതിയ "അതിലപ്പുറം ഒന്നുമില്ല' (സ്ത്രീശബ്ദം, ഏപ്രിൽ) എന്നീ കവിതകളിൽ സ്ത്രീമനസിന്‍റെ ഏകാന്തതയുടെ രാവുകളും പിരിയൻഗോവണികളും തിരയുന്നു. "എന്‍റെ രാവിൽ ഞാനുദിക്കുകയും എന്‍റെ പകലിലസ്തമിക്കുകയും' എന്ന് സരസ്വതി അതിനെ നിർവചിക്കുമ്പോൾ, "അനേകം ഏകാന്തതകൾ മറ്റൊന്നായി തീരുമ്പോൾ ഏതൊക്കെയോ തരത്തിൽ രാജനഗ്നത കണ്ടിട്ടും വാ കെട്ടിയ കുട്ടികളാകുന്നു നമ്മൾ' എന്ന് വിജിലയും അത് വിശദീകരിക്കുന്നു.

3) സിവിക് ചന്ദ്രൻ

സാഹിത്യ അക്കാദമിയെ ആക്രമിക്കാൻ വന്ന ഒരു സംഘത്തെക്കുറിച്ച് സിവിക് ചന്ദ്രൻ എഴുതിയ കവിത നർമബോധത്തോടെ സമകാല സംഭവങ്ങളെ വീക്ഷിക്കുകയാണ്. "ബോംബാർഡ് ദ് ഹെഡ്ക്വാർട്ടേഴ്സ് (കലാപൂർണ്ണ, ഏപ്രിൽ) എന്നാണ് പേര്. ധാരാളം എഴുത്തുകാരുടെ അബോധമനസിലെ ചിന്തകളെ അഭിസംബോധന ചെയ്യുകയാണോ കവി എന്ന് സംശയമുണ്ട്.

"പഴയ ഗറില്ലകളും

പുതിയ ഗറില്ലകളും

തമ്മിൽ പൊതുവായൊന്നുമില്ലെന്നത് പോലീസിനെ ആശയക്കുഴപ്പത്തിലാക്കി' എന്ന വിവരണം ശ്രദ്ധേയമായി. സാഹിത്യ അക്കാദമിയൊക്കെ നോക്കുകുത്തിയായി. പുതിയ ആശയങ്ങളില്ലാതെ വരുളുകയാണ് ഇത്തരം സ്ഥാപനങ്ങൾ. ഇവരെക്കൊണ്ട് സാഹിത്യത്തെ ഹൃദയത്തിലേറ്റിയ എഴുത്തുകാർക്ക് ഒരു ഗുണവുമില്ല.

4) സദാശിവൻ ഇരിങ്ങൽ

സദാശിവൻ ഇരിങ്ങൽ എഴുതിയ "ശശാങ്കന്‍റെ വിശപ്പ്' (കണ്ണൂർ മിറർ, വാർഷികപ്പതിപ്പ്, ഏപ്രിൽ) ഒരാളുടെ വിശപ്പിനെയും മറ്റൊരാളുടെ മരണത്തെയും ബന്ധിപ്പിക്കുകയാണ്. ശശാങ്കൻ അമിതമായി ഭക്ഷണം കഴിക്കുമ്പോൾ മറ്റൊരാൾ മരിക്കുന്നു! ഭക്ഷണം കഴിക്കുന്നത് പാപമാണ് എന്ന വളരെ സൂക്ഷ്മമായ ആശയമാണ് കഥാകാരൻ തൊടുക്കുന്നത്.

5) മുണ്ടൂർ സേതുമാധവൻ

കാളിക്കുന്ന് എന്ന സ്ഥലത്തെ വേലാണ്ടി (പ്രഭാതരശ്മി, ഏപ്രിൽ) യെ വിവരിച്ച മുണ്ടൂർ സേതുമാധവന് നന്ദി. ഖസാക്കിന്‍റെ വെളിമ്പുറങ്ങളെ,യാദൃച്ഛികമായി ഓർമിപ്പിച്ച കഥയാണിത്. കഥയുടെ ആഖ്യാനകല രസകരമായി. ഗ്രാമ്യതയുടെ മിത്ത് വേലാണ്ടിയിലൂടെ പുനർജനിച്ചു.

6) പ്രണയം

പ്രണയം അന്യവത്കരിച്ചതിനെക്കുറിച്ച് എഴുതുകയാണ് ഷീലു സിറിയക് "പ്രണയം എന്നോട് ചോദിച്ചത്'(പ്രസാധകൻ, ഏപ്രിൽ ) എന്ന കവിതയിൽ.

"ഭാരം തൂങ്ങിയ കണ്ണുകൾ കൊണ്ട്

പ്രണയമെന്നെ നോക്കി

ഉണങ്ങി വിണ്ട

എന്‍റെ അധരങ്ങൾ ചലിച്ചു.

നീ എന്താണിപ്പോൾ

സൂര്യാസ്തമയം നോക്കിനിൽക്കാത്തത്?

എന്നു ചോദിച്ചു കൊണ്ട് പ്രണയം മരിച്ചതായി കവി പ്രഖ്യാപിക്കുന്നു.

7) ജെ.ടി. ആമ്പല്ലൂർ

മികച്ച കവിയായിരുന്ന ജെ.ടി. ആമ്പല്ലൂരിന്‍റെ കവിതകൾ കാൽപ്പനിക സൗന്ദര്യത്തിന്‍റെ അടിയിലും ഒരു വേദന ബാക്കിവച്ചിരുന്നു. ഒരിക്കൽ ആമ്പല്ലൂർ ചങ്ങമ്പുഴയെപ്പറ്റി പറഞ്ഞുഃ "ചങ്ങമ്പുഴയെ ഇന്ന് ആളുകൾ ഓർക്കാൻ കാരണം അദ്ദേഹം എല്ലാവരെയും സ്നേഹിച്ചതുകൊണ്ടാണ്. മുന്നിൽ കുട്ടിയുമായി വന്ന് ദയനീയമായി യാചിച്ച സ്ത്രീയിൽ തന്‍റെ അമ്മയെയും തന്നെയും കണ്ട് സഹതാപത്തോടെ ചങ്ങമ്പുഴ അവർക്ക് അഞ്ചു രൂപ നൽകി; കൂട്ടുകാർ സാക്ഷികൾ. കൊടുത്താൽ കിട്ടുമെന്ന് സാക്ഷ്യം'.

8) സുകുമാർ അഴീക്കോട്

"ലേസർ പ്രിന്‍റിങ് നല്ലതാണ്; പക്ഷേ അച്ചടിക്കാൻ കൊള്ളാവുന്ന മാറ്ററില്ല എന്ന യാഥാർഥ്യത്തെ അഭിമുഖീകരിക്കേണ്ടി വരും' എന്ന് ഡോ. സുകുമാർ അഴീക്കോട് ഒരു പ്രസംഗത്തിൽ പറഞ്ഞത് ചിരിപ്പിച്ചു.

9) അക്കിത്തം

"ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം' രചിച്ച മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ ജന്മശതാബ്ദി പ്രമാണിച്ച് ഷാജി പുതൂർ എഴുതിയ ലേഖനം (ഋഷി കവിക്ക് ജന്മശതാബ്ദി, പ്രഭാതരശ്മി, ഏപ്രിൽ) ഉചിതമായി. അക്കിത്തത്തിന് പുതൂർ പുരസ്കാരം നൽകിയ കാര്യം ഷാജി ഈ ലേഖനത്തിൽ അനുസ്മരിക്കുന്നുണ്ട്. അക്കിത്തത്തിന്‍റെ ദർശനത്തെ ഷാജി ഇങ്ങനെ സംഗ്രഹിക്കുന്നുഃ - "ഇദം നമ മ - ഇതൊന്നും എന്‍റേതല്ല'.

10) ഹാരോൾഡ് പിന്‍റർ

ബ്രിട്ടീഷ് നാടകകൃത്ത് ഹാരോൾഡ് പിന്‍റർ പറഞ്ഞു- എന്താണ് യാഥാർഥ്യം അയാഥാർഥ്യം എന്ന് തിരിച്ചറിയാനുള്ള വ്യക്തമായ മാർഗമില്ല; സത്യവും അസത്യവും തമ്മിലുള്ള വ്യത്യാസവും അതുപോലെയാണ്. ഒരു വസ്തുത ഒന്നുകിൽ സത്യമോ അല്ലെങ്കിൽ മിഥ്യയോ ആയിരിക്കണമെന്നില്ല. അത് ഒരേസമയം സത്യവും മിഥ്യയും ആയിരിക്കാവുന്നതാണ്'.

logo
Metro Vaartha
www.metrovaartha.com