ശ്രീനാരായണ ഗുരുവിന്‍റെ സമഗ്ര ദർശനത്തെക്കുറിച്ച് പുസ്തകം

എംപവറിംഗ് മൈൻഡ്സ്. ട്രാൻസ്‌ഫോർമിംഗ് ലൈവ്സ് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ പ്രകാശനം ചെയ്തു
Book on Sree Narayana Guru comprehensive vision

'എംപവറിംഗ് മൈൻഡ്സ്. ട്രാൻസ്‌ഫോർമിംഗ് ലൈവ്സ് - ശ്രീ നാരായണ ഗുരു'സ്‌ ഫിലോസഫി ഓഫ് എഡ്യൂക്കേഷൻ ആൻഡ് സ്കിൽ ഡെവലപ്മെന്‍റ്' എന്ന കൃതി ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ പ്രകാശനം ചെയ്യുന്നു.

MV

Updated on

ശിവഗിരി: പ്രൊഫ. ഡോ. പ്രകാശ് ദിവാകരനും ഡോ. സുരേഷ് കുമാർ മധുസൂദനനും ചേർന്നെഴുതിയ 'എംപവറിംഗ് മൈൻഡ്സ്. ട്രാൻസ്‌ഫോർമിംഗ് ലൈവ്സ് - ശ്രീ നാരായണ ഗുരു'സ്‌ ഫിലോസഫി ഓഫ് എഡ്യൂക്കേഷൻ ആൻഡ് സ്കിൽ ഡെവലപ്മെന്‍റ്' എന്ന കൃതി ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ കേരള ഗവർണർ രാജേന്ദ്ര ആർലേക്കർക്കു നൽകി പ്രകാശനം ചെയ്തു.

93ാം ശിവഗിരി തീർഥാടനത്തോടനുബന്ധിച്ച് ശിവഗിരിയിൽ നടത്തിയ ഉദ്ഘാടന സമ്മേളനത്തിലാണ് പുസ്തകം പ്രകാശനം ചെയ്തത്. മന്ത്രി എം.ബി. രാജേഷ്, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, ശശി തരൂർ എംപി, സോഹോ കോർപ്പറേഷൻ ചീഫ് സയന്‍റിസ്റ്റും സഹ സ്ഥാപകനുമായ ശ്രീധർ വെമ്പു, ശിവഗിരി മഠം പ്രസിഡന്‍റ് ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ, സെക്രട്ടറി ശുഭാംഗാനന്ദ സ്വാമികൾ, ഖജാൻജി ശാരദാനന്ദ സ്വാമികൾ, ഡോ. എ.വി. അനൂപ്, കെ.ജി. ബാബുരാജ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ആഗോള ശ്രദ്ധ നേടിയ Harmony Unveiled: Sree Narayana Guru’s Blueprint for World Peace and Progress എന്ന ഗ്രന്ഥത്തിനു ശേഷം പ്രൊഫ. ഡോ. പ്രകാശ് ദിവാകരനും ഡോ. സുരേഷ് കുമാർ മധുസൂദനനും ചേർന്ന് രചിച്ച കൃതിയാണ് Empowering Minds. Transforming Lives: Sree Narayana Guru’s Philosophy of Education & Skill Development. ഈ ഗ്രന്ഥം ശ്രീ നാരായണ ഗുരുവിനെ സന്ന്യാസിയായോ തത്വചിന്തകനായോ മാത്രം കാണുന്ന പതിവ് സമീപനത്തെ അതിജീവിച്ച്, വിദ്യാഭ്യാസം, നൈപുണ്യവികസനം, മാനവ പുരോഗതി എന്നിവയിൽ കാലത്തിനു മുൻപേ സഞ്ചരിച്ച ആധുനിക ദാർശിനികനായി അവതരിപ്പിക്കുന്നു.

ശാസ്ത്രവും ജ്ഞാനവും തൊഴിലും സാമൂഹിക പരിവർത്തനവും ആത്മീയതയും സമന്വയിപ്പിക്കുന്ന ഗുരുവിന്‍റെ സമഗ്ര ദർശനമാണ് ഈ ഈ പുസ്തകത്തിന് ആധാരം. വിദ്യാഭ്യാസവും തൊഴിൽപരമായ പരിശീലനവും സംബന്ധിച്ച ഗുരുവിന്‍റെ ആശയങ്ങളുടെ കാലാതീതമായ പ്രസക്തി പുസ്തകം വിശദമായി പ്രതിപാദിക്കുന്നു.

കൊളോണിയൽ ഇന്ത്യയിൽ പ്രാഥമിക വിദ്യാഭ്യാസത്തിനു മുൻതൂക്കം നൽകിയിരുന്ന കാലഘട്ടത്തിൽ, അക്കാഡമിക് പഠനത്തോടൊപ്പം ശാസ്ത്ര, സാങ്കേതിക, കൈത്തൊഴിൽ നൈപുണ്യങ്ങൾ ഏകീകരിച്ച സമഗ്ര വിദ്യാഭ്യാസ സംവിധാനത്തിന്‍റെ ആവശ്യകത ഗുരു ദർശിച്ചിരുന്നു. 1927-ൽ ഗുരു ആസൂത്രണം ചെയ്ത ശിവഗിരി ഫ്രീ ഇൻഡസ്ട്രിയൽ & അഗ്രികൾച്ചറൽ ഗുരുകുല ഈ ദൂരദർശിത്വത്തിന്‍റെ അതുല്യമായ സാക്ഷ്യമാണ്.

തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ദേശീയവും ആഗോളവുമായ വിഷയമാകുന്നതിനു പല ദശകങ്ങൾ മുൻപേ, ഗുരു അതിന്‍റെ മഹത്വം മനസ്സിലാക്കി. 1968-ലെ കോത്താരി കമ്മീഷന്‍റെ ശുപാർശകൾക്കുശേഷമാണ് ഇന്ത്യ ഔപചാരികമായി വൊക്കേഷണൽ വിദ്യാഭ്യാസത്തെ വിദ്യാഭ്യാസ സംവിധാനത്തിൽ ഉൾപ്പെടുത്തിയത്.

ഇന്ത്യ 'ലോകത്തിന്‍റെ സ്‌കില്ലിംഗ് ക്യാപിറ്റൽ' ആകാനുള്ള ദൗത്യത്തിലേക്ക് മുന്നേറുന്ന ഈ ഘട്ടത്തിൽ, ശ്രീനാരായണ ഗുരുവിന്‍റെ വിദ്യാഭ്യാസ ദർശനം ഒരു ചരിത്ര സ്മരണയല്ല, മറിച്ച് 21-ാം നൂറ്റാണ്ടിലെ നീതിയുക്തവും കരുണാപൂർണവും നൈപുണ്യ സമ്പന്നവുമായ സമൂഹം നിർമ്മിക്കാൻ സഹായിക്കുന്ന ഒരു ബ്ലൂപ്രിന്‍റാണെന്ന് ഈ പുസ്തകം സാക്ഷ്യപ്പെടുത്തുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com