പൂര രഹസ്യങ്ങളുമായി 'ഫിലോസിയ'

പൂരത്തിന്‍റെ വിശേഷങ്ങളില്‍നിന്ന് ഇന്ത്യന്‍ സംസ്‌കൃതിയുടെ വിശാലതയിലേക്കു വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന പുസ്തകം.
ശ്രീജ രാമൻ
ശ്രീജ രാമൻ

തൃശൂര്‍: പൂരത്തെക്കുറിച്ച് അധികം ആര്‍ക്കും അറിയാത്ത വിസ്മയജനകമായ വിശേഷങ്ങളുമായി ഇംഗ്‌ളീഷില്‍ ദാര്‍ശനിക ഗ്രന്ഥം. പൂരത്തിന്‍റെ വിശേഷങ്ങളില്‍നിന്ന് ഇന്ത്യന്‍ സംസ്‌കൃതിയുടെ വിശാലതയിലേക്കു വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന 'ഇന്‍ സേര്‍ച്ച് ഓഫ് ഫിലോസിയ' എന്ന ഗ്രന്ഥം രചിച്ചതു തൃശൂര്‍ക്കാരിയായ ശ്രീജ രാമനാണ്.

തൃശൂര്‍ പൂരത്തെ മാത്രമല്ല, ഇന്ത്യന്‍ ദാര്‍ശനകിതയെത്തന്നെ ഇംഗ്ലിഷ് ഭാഷയില്‍ അത്യപൂര്‍വമായ വാക്ചാതുരിയോടെ ലോകത്തിനു മുന്നില്‍ തുറന്നുവയ്ക്കുകയാണ് ഗ്രന്ഥം.

പുസ്തകവുമായി എഴുത്തുകാരി.
പുസ്തകവുമായി എഴുത്തുകാരി.

പെരുവനം, ആറാട്ടുപുഴ പൂരങ്ങളിലെ പടലപ്പിണക്കത്തില്‍നിന്നു പിറവിയെടുത്ത തൃശൂര്‍ പൂരത്തില്‍നിന്നു കുട്ടനെല്ലൂര്‍ വിഭാഗക്കാര്‍ വിട്ടുപോയതടക്കമുള്ള വിശേഷങ്ങള്‍. മാസ്മരികമായ പൂരച്ചടങ്ങുകള്‍, വെട്ടിത്തിളങ്ങുന്ന നെറ്റിപ്പട്ടങ്ങളും കോലങ്ങളുമായി ആനപ്പുറമേറുന്ന എഴുന്നള്ളിപ്പുകള്‍, ആരേയും തുള്ളിച്ചുകളയുന്ന മേളവിസ്മയങ്ങള്‍, വര്‍ണവസന്തമൊരുക്കുന്ന കുടമാറ്റം, മാനത്തു അഗ്നിപ്പൂക്കളങ്ങള്‍ വിരിയിക്കുന്ന വെടിക്കെട്ട്, അതിനെല്ലാമിടയില്‍ ആര്‍പ്പുവിളിക്കുന്ന ആള്‍ക്കൂട്ടം, പൂരക്കച്ചവടം, തെരുവഭ്യാസങ്ങള്‍ തുടങ്ങിയ മതിവരാക്കാഴ്ചകളെല്ലാം അസാമാന്യ വാക്ചാതുരിയോടെ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്.

12 വര്‍ഷം നീണ്ട ഗവേഷണപഠനങ്ങളില്‍നിന്നു കണ്ടെടുത്ത വിവരങ്ങളാണ് 'ഫിലോസിയ'യിലുള്ളത്. ഐവറി ബുക്‌സാണു 388 പേജുള്ള പുസ്തകം പ്രസിദ്ധീകരിച്ചത്. ഇന്ത്യയിലെ നിരവധി പുസ്തകോല്‍സവങ്ങളില്‍ ചര്‍ച്ചയായ ഗ്രന്ഥം ആഴ്ചകള്‍ക്കകം രണ്ടാം പതിപ്പും പിന്നിട്ടിരിക്കുകയാണ്. കിന്‍ഡെല്‍, ആമസോണ്‍ ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ ബെസ്റ്റ് സെല്ലറാണ്. രണ്ടു ദശാബ്ദത്തിലേറെയായി മാധ്യമ, രചനാ രംഗത്തുള്ള ശ്രീജ നേരത്തെ മലയാളത്തിലുള്ള ചെറുകഥാ സമാഹാരവും ഇംഗ്‌ളീഷ് കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com