മലയാളത്തിൽ ഈ നൂറ്റാണ്ടിലെ ആദ്യത്തെ ക്ലാസിക് നോവൽ | Book Review Ekanthathayude Museum

ഏകാനന്തതയുടെ മ്യൂസിയം | എം.ആർ. അനിൽകുമാർ

മലയാളത്തിൽ ഈ നൂറ്റാണ്ടിലെ ആദ്യത്തെ ക്ലാസിക് നോവൽ

ഈ നൂറ്റാണ്ടിൽ ഒരു നോവൽ എഴുതുമ്പോൾ അതിനു ഭാഷാപരവും പ്രമേയപരവുമായ നവീനത അനിവാര്യമാണ്. കാലികമായ ക്രാഫ്റ്റിന്‍റെ നവീകരണം ഉണ്ടാകണം. ഈ നോവൽ ഇത് സാധ്യമാക്കിയിരിക്കുന്നു.

എം.കെ. ഹരികുമാർ

ഈ നൂറ്റാണ്ടിൽ, മലയാളനോവലിൽ പിറന്ന ആദ്യത്തെ ക്ലാസിക് കൃതിയാണ് എം.ആർ. അനിൽകുമാറിന്‍റെ 'ഏകാന്തതയുടെ മ്യൂസിയം' (2019). നോവലിനുള്ളിലെ നോവലും എഴുത്തുകാരനുള്ളിലെ എഴുത്തുകാരനുമാണ് ഈ നോവലിന്‍റെ മുഖ്യപ്രമേയം. ഈ നൂറ്റാണ്ടിൽ ഒരു നോവൽ എഴുതുമ്പോൾ അതിനു ഭാഷാപരവും പ്രമേയപരവുമായ നവീനത അനിവാര്യമാണ്. കാലികമായ ക്രാഫ്റ്റിന്‍റെ നവീകരണം ഉണ്ടാകണം. ഈ നോവൽ ഇത് സാധ്യമാക്കിയിരിക്കുന്നു. സമകാലിക സാഹിത്യത്തിലെയും സമീപഭൂതകാലത്തിലെയും മികച്ച കൃതികൾ അവതരിപ്പിച്ച ക്രാഫ്റ്റ് അറിയുന്ന ആളാണ് ഇത് എഴുതിയിരിക്കുന്നതെന്നു വായനക്കാരനു മനസ്സിലാവുന്ന ധാരാളം സന്ദർഭങ്ങളുണ്ട്.

മെക്സിക്കൻ എഴുത്തുകാരൻ ഹ്വാൻ റുൾഫോയുടെ 'പെഡ്രോ പരാമോ' പ്രസിദ്ധീകരിച്ചത് 1955 ലാണ്. വ്യക്തിഗതമായ ആത്മീയത, യാഥാർത്ഥ്യത്തിനും മിഥ്യയ്ക്കുമിടയിലുള്ള ആഖ്യാനം, സ്വപ്നാത്മകത, ഭ്രമാത്മകത, ശൂന്യത, ആഖ്യാനത്തിൽ കാലങ്ങളുടെ കുഴമറിച്ചിൽ തുടങ്ങിയ സങ്കേതങ്ങൾ അതിലുണ്ടായിരുന്നു. ഹ്വാൻ റുൾഫോക്ക് ഇരുപതാം നൂറ്റാണ്ടിലെ നോവൽ എന്താണെന്നു അറിയാമായിരുന്നു. ഫ്രാൻസ് കാഫ്കയുടെയും ക്ലാരിസ് ലിസ്പെക്റ്ററിന്‍റെയും നോവലുകളും ബോർഹസിന്‍റെയും എഡ്ഗാർ അലൻപോയുടെയും കഥകളും നൽകിയ സാഹിത്യസംസ്കാരത്തെ ഒന്നു പുതുക്കുകയാണ് ഹ്വാൻ റുൾഫോ ചെയ്തത്. ആധുനിക മനസ്സിൽ നിന്നുള്ള വളർച്ചയാണ് ഇവിടെ കാണാനായത്. ആധുനിക മനസ് എന്ന ബെഞ്ച് മാർക്ക് ഉണ്ടാകണം. അത് ഇനിയുള്ള സാഹിത്യരചനകളുടെ പശ്ചാത്തലഭംഗിയാണ്.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പത്തൊൻപതാം നൂറ്റാണ്ടിലെ കാഴ്ചപ്പാടുകളും പ്രമേയങ്ങളും ആവർത്തിക്കേണ്ട; ആ ഭാഷയോ ശൈലിയോ മതിയാവുകയില്ല. വായനക്കാർക്ക് അത് വിസ്മയം നൽകില്ല. ജീവിതത്തെ ആഴത്തിൽ കാണുന്ന ഒരു എഴുത്തുകാരനു അയാളുടേതായ ക്രാഫ്റ്റ്, നവീന സാഹിത്യാവബോധം ഉണ്ടാകാതിരിക്കില്ല. നോവലിന്‍റെ സംസ്കാരം എന്താണെന്നു അറിയേണ്ടതുണ്ട്. വ്ളാഡിമിർ നബോക്കോവ് നിരീക്ഷിക്കുന്നത്, ഓരോ നോവലും അതിനു മുമ്പുണ്ടായ എല്ലാ നോവലുകളെയും അതിശയിപ്പിക്കണമെന്നാണ്. നോവൽ എന്ന മാധ്യമം പുതിയതാകാൻ വിധിക്കപ്പെട്ടിരിക്കുന്നു. നോവലിൽ എന്തും പറയാമെന്ന ധാരണ വേണ്ട. ചിലർ ഇപ്പോഴും ചരിത്രവും ഭൂമിശാസ്ത്രവും വിശ്വാസവും നഗര, ഗ്രാമ പുരാണങ്ങളും നോവലിലൂടെ വേവിച്ചു വിളമ്പുകയാണ്. ഇതൊക്കെ കാലഹരണപ്പെട്ട ആവിഷ്കാരങ്ങളാണ്.

നോവലിനള്ളിൽ മറ്റൊരു നോവൽ

'പെഡ്രോ പരാമോ'യുടെ ഭ്രമാത്മകതയും മനുഷ്യത്വവും ഇരുപതാംനൂറ്റാണ്ടിന്‍റെ അനുഭവമായിരുന്നു. ആധുനികതയുടെയും ഉത്തരാധുനികതയുടെയും സംസ്കാരമുള്ളവർ എഴുതുന്ന നോവലുകളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ കാത്തിരിക്കുന്നത്. ഗബ്രിയേൽ ഗാർസിയ മാർകേസ്, റോബർട്ടോ ബൊലാനോ തുടങ്ങിയവരുടെ നോവൽ പര്യവേക്ഷണങ്ങൾ ഓർമയിലുണ്ട്. യാൻ മാർട്ടൽ എഴുതിയ 'ലൈഫ് ഓഫ് പി' (2001) ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ ലോകക്ളാസിക്കായി പരിഗണിക്കാവുന്നതാണ്.

തൊട്ടു പിന്നാലെയാണ് 2004 ൽ റോബർട്ടോ ബൊലാനോയുടെ '2666' പ്രസിദ്ധീകരിക്കപ്പെട്ടത്. 2003 ൽ ബൊലാനോ വിടവാങ്ങിയ ശേഷമാണ് നോവൽ പുറത്തുവന്നത്. 2017 ൽ ജോർജ് സോണ്ടേഴ്സിന്‍റെ 'ലിങ്കൺ ഇൻ ദ് ബാർദോ' പ്രത്യക്ഷപ്പെട്ടത് നോവലിന്‍റെ ഭാവിയിൽ വിശ്വസിക്കാനുള്ള പ്രചോദനവും ശക്തിയും നൽകി. അനിൽകുമാറിന്‍റെ 'ഏകാന്തതയുടെ മ്യൂസിയം' ഒരാധുനിക മനസ്സിന്‍റെ സാന്നിദ്ധ്യം നിലനിർത്തുന്നു. ഗൃഹാതുരത്വമോ മിത്തുകളുടെ നിർമാണമോ പ്രാദേശിക ഭൂപ്രദേശങ്ങളുടെ വീണ്ടും കണ്ടെത്തലോ ഇല്ല. താരതമ്യേന വളരെ ബൃഹത്തായ ഒരു നോവലാണിത്. എഴുനൂറ്റി നാല്പത് പുറങ്ങളിൽ വ്യാപിക്കുന്ന നോവലിൽ പല കഥാതന്തുക്കൾ കൂട്ടിയോജിപ്പിക്കുന്നതിലും അത് നോവലിനുള്ളിലെ മറ്റൊരു നോവലായി വികസിപ്പിക്കുന്നതിലും സൂക്ഷ്മതയും അധ്വാനവും വളരെ ആവശ്യമാണ്. മലയാളനോവലിനെ കാല്പനിക ജ്വരത്തിൽ നിന്ന് മോചിപ്പിച്ച കൃതിയാണിത്. നമ്മുടെ ഭാഷയിൽ ഒരു മിസ്റ്റിക്, കാല്പനിക, ചരിത്ര സ്വരമേളനത്തിനാണ് എപ്പോഴും ആധിപത്യം ചെലുത്താനായിട്ടുള്ളത്. ബഷീറിന്‍റെ 'മാന്ത്രികപ്പൂച്ച', വിജയന്‍റെ 'ഖസാക്കിന്‍റെ ഇതിഹാസം' തുടങ്ങിയ കൃതികൾ ഉദാഹരണം. ഒരു നവ റൊമാൻറിക്, സൗന്ദര്യാത്മക പരിപ്രേക്ഷ്യം മലയാള വായനക്കാർക്ക് ഇപ്പോൾ ഉൾക്കൊള്ളാൻ കഴിയും. വിജയന്‍റെ ദാർശനികമായ അജ്ഞേയതയും വൈദികമായ സൗന്ദര്യാത്മകതയും മലയാളവായനയെ നവീകരിച്ചു എന്നതാണ് സത്യം.

എന്നാൽ അനിൽകുമാർ കേവലം ഒരു നോവൽ കൊണ്ട് വായനയിൽ സമൂലമായ പരിവർത്തനം സാധ്യമാക്കുക മാത്രമല്ല, സമകാലികമായ നോവൽ സംസ്കാരത്തിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിനു ഉതകുന്ന വിധം ഉത്തരാധുനികമായ ആഖ്യാനതന്ത്രത്തെ കലാപരമായി വികസിപ്പിക്കുകയും ചെയ്തിരിക്കുന്നു.പുതിയൊരു പ്രമേയം കണ്ടെത്തുകയോ ഒരു രാഷ്ട്രീയ വിഷയം വിശദീകരിക്കുകയോ ചെയ്യുന്നതിനു പകരം നോവൽ തന്നെ നോവലിനെ അപനിർമിക്കുന്നതാണ് നാം കാണുന്നത്. ഓർമയ്ക്കുള്ളിലേക്ക് പോയി ഇതര ഓർമകൾ കോർത്തെടുക്കുന്നതു പോലെയാണിത്.

ഈ നോവലിൽ ഒരിടത്ത് നോവലിസ്റ്റ് തന്‍റെ കഥാസങ്കല്പം വ്യക്തമാക്കാൻ ചില കാര്യങ്ങൾ പറയുന്നുണ്ട്. അത് നോവലിലെ എഴുത്തുകാരനെന്ന കഥാപാത്രത്തോടുള്ള ചോദ്യങ്ങൾക്ക് ഉത്തരമായി രേഖപ്പെടുത്തുന്നതാണ്. ജീവിതത്തിൽ നിന്ന് ഒരു കഥ എടുത്ത് പകർത്തുകയല്ല, ജീവിതത്തെ അതായിട്ടു തന്നെ ആവിഷ്കരിക്കുകയാണ് ലക്ഷ്യമെന്ന് ആ എഴുത്തുകാരൻ അറിയിക്കുന്നുണ്ട്. ജീവിതം ഒരു കഥയല്ലെന്ന നിലപാടിനാണ് ഇവിടെ പ്രസക്തി. ജീവിതം ഒരിക്കലും ഒരു കഥയല്ല ;അത് ജീവിതം മാത്രമാണ്. ജീവിതത്തെ കഥയാക്കുമ്പോൾ യാഥാർത്ഥ്യങ്ങൾ ചോർന്നു പോകും.കഥയുടെ ക്രാഫ്റ്റിനും ഉള്ളടക്കത്തിനുമായി ജീവിതത്തെ രൂപാന്തരപ്പെടുത്തേണ്ടി വരും. യഥാതഥ നോവലിസ്റ്റുകൾ ജീവിതത്തെ ഒരു കഥയാക്കി പരിമിതപ്പെടുത്തി എന്ന ആരോപണവും കഥാപാത്രം ഉന്നയിക്കുന്നുണ്ട്. ഒരു പ്ളോട്ടിനുള്ളിൽ കഥാപാത്രങ്ങൾ കുരുങ്ങിക്കിടക്കുന്നതിനെതിരെയാണ് അദ്ദേഹം ചിന്തിക്കുന്നത്. "ജീവിതത്തിലൊരിടത്തും അങ്ങനെ കുരുങ്ങിക്കിടക്കുന്നവരെ കാണാൻ പറ്റില്ല. ജീവിതം മറ്റൊന്നുമല്ല. പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്ന വലക്കണ്ണികൾ മാതിരിയുള്ള എണ്ണമറ്റ സംഭവങ്ങൾ മാത്രമാണ്. ഏതൊരാളും ആ പരമ്പരകളിലെ തുടർച്ചയും പങ്കാളിയുമാണ്. ശ്രമിച്ചു നോക്കിയാൽ സംഭവങ്ങളും കഥാപാത്രങ്ങളാവാൻ തയ്യാറാവാത്ത മനുഷ്യരും ആകസ്മികതകളും ഒക്കെ കെട്ടുപിണഞ്ഞു കിടക്കുന്ന ഒന്നാണ് ജീവിതമെന്നു കാണാം. " ഈ വീക്ഷണം 'ഏകാന്തതയുടെ മ്യൂസിയ'ത്തെ മലയാളനോവലിന്‍റെ വഴിയിൽ ഒരു നാഴികക്കല്ലാക്കുകയാണ്.

നോവലിസ്റ്റ് വിശുദ്ധനാവുമ്പോൾ

മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണെന്നു തോന്നാത്ത ആഖ്യാനമായി ജീവിതത്തെ കാണുകയാണ് നോവലിസ്റ്റ്. എഴുത്തുകാരനും കൃതിയിലെ എഴുത്തുകാരനും ഒരേ പോലെ ചിന്തിക്കുകയാണ്. കൃതിയിലെ എഴുത്തുകാരന്‍റെ സങ്കല്പത്തിലാണ് ഇത് രചിച്ചിരിക്കുന്നത്. അതുകൊണ്ട് ഈ ക്രാഫ്റ്റ് 'ഏകാന്തതയുടെ മ്യൂസിയ'ത്തിന്‍റ കർത്താവിന്‍റേതാണ്. ജീവിതത്തിന്‍റെ ആകസ്മികതകളെയാണ് നോവലിസ്റ്റ് സാമഗ്രിയായി നിരീക്ഷിക്കുന്നത്. ആകസ്മിക സംഭവങ്ങൾ ജീവിതത്തെ അനന്യമാക്കുന്നു. എങ്ങനെയാണ് ഇത് ആവിഷ്കരിക്കുക എന്ന ആലോചന നോവലിലെ എഴുത്തുകാരൻ വിശദീകരിക്കുന്നത് ഇങ്ങനെയാണ്: "വിചാരിച്ചിരിക്കെ പെട്ടെന്നൊരുനാൾ ജീവിതം വഴിമാറി ഒഴുകാൻ തുടങ്ങുന്നു. അതിന്‍റെ വിസ്മയമാണ് കഥ. പെട്ടെന്നൊരാൾ ധനികനാകുന്നു. അല്ലെങ്കിൽ വേറൊരാൾ മരണത്തിലേക്കോ വലിയ രോഗത്തിലേക്കോ വഴുതിവീഴുന്നു. കപ്പൽച്ചേതം വന്ന് ആർക്കും ത്രാണനം ചെയ്യാനാവാത്ത മരണസമുദ്രത്തിൽപ്പെടുന്നു. സ്നേഹം നടിച്ചു വരുന്ന ഒരു ഭരണാധികാരി നമ്മുടെ സ്വാതന്ത്ര്യമെല്ലാം കവർന്നെടുത്തുകൊണ്ടുപോകുന്നു. ക്രൂരനും കോമാളിയുമായ ഒരു ഏകാധിപതി സ്ഥാനഭ്രഷ്ടനാക്കപ്പെടുന്നു. തെരുവുകൾ നായകളെ പോലെ അയാളെ കടിച്ചു കീറുന്നു.അപ്രതീക്ഷിതമായി ഭാര്യയും ഭർത്താവും വഴക്കിട്ട് പിരിയുന്നു. അവരുടെ നിഷ്കളങ്കരായ കുട്ടികൾ അനാഥരാവുന്നു.പെട്ടെന്നൊരാൾ അകാരണമായി വിഷാദരോഗിയാവുന്നു. അതുകാരണമായി അല്ലെങ്കിൽ കാരണമുണ്ടായിട്ടുതന്നെ ഒരാൾ ഉന്മാദത്തിലേക്ക് നിലവിട്ട് പതിക്കുന്നു. സന്തോഷവാനായ ഒരാൾ കടങ്കഥ പോലെ ആത്മഹത്യ ചെയ്യുന്നു. ബാല്യം വിടാത്ത ചിത്രശലഭം പോലെ നിഷ്കളങ്കയായ ഒരു ചെറിയ പെൺകുട്ടി ഏറ്റവും ക്രൂരമായി ഒരു മാംസക്കൊതിയനാൽ തിന്നുതീർക്കപ്പെടുന്നു. അങ്ങനെയുള്ള നിർഭാഗ്യങ്ങളുടെയും ക്രൂരതകളുടെയും പെരുമഴയും കൊടുങ്കാറ്റുമുണ്ടാകുന്നു. അത് ജീവിതത്തെ ചുഴലിക്കാറ്റ് മാതിരി ആകാശത്തേക്ക് തകർത്തെറിയുന്നു. നിലയില്ലാത്ത സൗന്ദര്യത്തിലേക്ക് കുത്തിയൊലിപ്പിച്ചു കൊണ്ടുപോകുന്നു. സ്ഫോടനത്തിലൂടെ ഛിന്നഭിന്നമാക്കുന്നു.അത്തരം ആകസ്മികമായ പരിണതികളെ ചിത്രീകരിക്കുന്നതിനുള്ള കല കണ്ടുപിടിക്കുക എന്നത് മാത്രമായിരുന്നു എന്‍റെ ലക്ഷ്യം."

ജീവിതത്തെ ചരിത്രത്തിന്‍റെയോ മിത്തിന്‍റെയോ തടിച്ച പുസ്തകങ്ങളുടെ യോ മഹത് വചനങ്ങളുടെ പശ്ചാത്തലത്തിലല്ലാതെ മുഖാമുഖം കാണാനാണ് നോവലിസ്റ്റിന്‍റെ ഉദ്യമം. മറ്റുള്ളവർ കണ്ടതിനും അവർ കാണിച്ചുതന്നതിനും അപ്പുറത്ത് താൻ എന്തു കണ്ടുവെന്ന് സ്ഥിരീകരിക്കാൻ സ്ഥായിയായ ഒരു നിർബന്ധമുണ്ടാകുന്നു. ഇവിടെ നോവലിസ്റ്റ് വിശുദ്ധ (saint)നാവുകയാണ്. നന്മയെയും തിന്മയെയും വെറും സാക്ഷിയായി നിന്ന് വിചാരണ ചെയ്യുന്നു. ആരോടും പക്ഷമില്ല. എല്ലാം തന്നിൽ നിന്നു പിറവിയെടുത്തതാണെന്ന ബോധ്യത്തിൽ സത്യങ്ങൾ തന്നിലേക്കു തന്നെ അസ്ത്രങ്ങളായി പാഞ്ഞു വരുന്നത് കണ്ട് നിഷ്കളങ്കനും നിസ്സഹായനുമാകുന്നു. നിർമമതയുടെ വിശുദ്ധിയിൽ വാക്കുകൾ അലൗകികമായ പൊരുളുകളായിത്തീരുന്നു. ഇത് നോവലിസ്റ്റിനെ വിശുദ്ധനാക്കുകയാണ്. താൻ ഒരു പുണ്യാളനാണെന്ന അറിവിൽ യാതൊന്നിനോടും സന്ധി ചെയ്യാതെ ജീവിതത്തെ വിചാരണ ചെയ്യുന്നു. വിശുദ്ധന്‍റെ അനുഭവങ്ങൾ കൈവിരലുകൾക്കിടയിലൂടെ താഴേക്ക് വീണു പോകും. കാലം അങ്ങനെയാണ് ഓരോന്നിനെയും പിന്നിലേക്ക് മാറ്റുന്നത്. ഒരു ദിവസം എന്നത് ഒരു ഇല പോലെയോ, വർത്തമാന പത്രത്തിന്‍റെ ഒരു കടലാസ് പോലെയോ, ഒരു തകിട് പോലെയോ, ബിസ്ക്കറ്റ് പോലെയോ, കലണ്ടറിലെ താള് പോലെയോ എവിടെയും സൂക്ഷിക്കപ്പെടുന്നില്ല. ദിവസം അപ്പോൾ തന്നെ നിഷ്പ്രഭമാവുകയാണ്. എത്ര കൊട്ടിഘോഷിച്ചുകൊണ്ടാണ് ഒരു ദിവസം ആരംഭിക്കുന്നത് !.എത്രയോ പക്ഷികളും പ്രാണികളും ഹർഷാരവത്തോടെയാണ് അതിനെ വരവേറ്റത്. എന്നാൽ അത് ഏറ്റവും വലിയ ശോക ഘോഷയാത്രയോടെ അവസാനിക്കുന്നു. ഒരു പ്രതീതി പോലെ അത് അപ്രത്യക്ഷമാകുന്നു. ആ ദിവസം എവിടെയാണുള്ളതെന്നു തിരഞ്ഞു ചെല്ലുന്നവൻ ഒരു നായയെപ്പോലെ, സൂര്യൻ ദൂരെ അസ്തമിച്ച ശേഷമുള്ള ഇരുൾ മറയ്ക്കു നേരെ നിന്ന് കുരച്ചുകൊണ്ടിരിക്കേണ്ടി വരും. വേറെ മാർഗമില്ല. അതുകൊണ്ട് ആകസ്മികമായി, കാരണമില്ലാതെ സംഭവിക്കുന്നതിലെല്ലാം ജീവിതത്തെ അഭിദർശിക്കുകയാണ് നോവലിസ്റ്റ്. ഒരു മധ്യവയസ്കന്‍റെ മരണത്തെ പോലും ആകസ്മികമായി നോക്കിക്കാണാൻ തയ്യാറാവുന്നു. "സ്വന്തം മരണത്തെ അദ്ദേഹം സ്വയം തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. ഒരുവൻ നിത്യമായ ബ്രഹ്മചര്യത്തെയും പൗരോഹിത്യത്തെയും തിരഞ്ഞെടുക്കുന്നത് പോലെ വളരെ വളരെ സ്വാഭാവികമായിരുന്നു അത്. " എന്തിനെയും പുതുതായി, നഗ്നമായി അനുഭവിക്കാനുള്ള ആസക്തിയാണ് ഈ നോവലിന്‍റെ പിന്നിൽ പ്രവർത്തിച്ചതെന്ന് കാണാം. യാതൊന്നും മറ്റൊരു ശക്തിക്കും വിട്ടുകൊടുക്കുകയില്ല.

ആത്മീയത കലയുടെ വസ്തു

എല്ലാത്തിനെയും താനാണ് അനുഭവിക്കുന്നതെന്നു നോവലിസ്റ്റ് സ്വയം ബോധ്യപ്പെടുകയാണ്. ബ്രഹ്മചര്യവും പൗരോഹിത്യവും പോലെയുള്ള ഒരവസ്ഥയാണ് മരണമെന്ന് സങ്കല്പിക്കുന്നതിലെ സ്വതന്ത്രമായ ആത്മീയത നോവലിൽ കലയുടെ വസ്തുവായി പരിണമിക്കുകയാണ്. എഴുതിക്കഴിഞ്ഞ നോവലിനെക്കുറിച്ചുള്ള ചർച്ചയിൽ എഴുത്തുകാരൻ തന്‍റെ കഥാപാത്രങ്ങൾക്ക് വിവിധ സാധ്യതകൾ സങ്കല്പിക്കുന്നുണ്ട്. എങ്ങനെയൊക്കെ മാറ്റി എഴുതിയാലും അടിസ്ഥാനപരമായ യാദൃച്ഛികത എന്ന ഗുണമില്ലാതാകുന്നില്ല.

ഈ നോവലിൽ വിവരിക്കുന്ന കൃതിയുടെ പേരാണ് 'ഏകാന്തതയുടെ മ്യൂസിയം'. നോവലിസ്റ്റ് കടുത്ത വിഷാദത്തിൽ അമരുകയായിരുന്നു. ഒരു ഇംഗ്ലീഷ് പത്രപ്രവർത്തകൻ യാദൃച്ഛികമായാണ് എക്സകവേഷൻസ് എന്ന ബ്ലോഗ് വായിക്കുന്നത്. ബ്ലോഗ് ആധുനികകാലത്തെ ഒരു പ്ലാറ്റ്ഫോമാണ്. നോവൽ അതിൽ നിന്നാണ് പിറവിയെടുക്കുന്നത്. ബ്ലോഗിൽ ആരോ എഴുതിയ ഒരു നോവലിന്‍റെ ചില ഭാഗങ്ങൾ പ്രസിദ്ധീകരിച്ചത് കാണാനിടയാകുന്നു. ഡിടിപി ചെയ്ത് നോവൽ ഭാഗങ്ങളാണ്. അതിൽ ചോരപ്പാടുകളുണ്ടായിരുന്നു. പ്രധാന കഥാപാത്രങ്ങളിലൊരാളായ സിദ്ധാർത്ഥൻ എന്ന പത്രപ്രവർത്തകൻ അതിനു പിന്നിലെ കഥ കണ്ടെത്തുന്നു.ഗബ്രിയേൽ ജോസഫ് കട്ടക്കാരൻ എന്ന ആംഗ്ലോ ഇന്ത്യൻ എഴുത്തുകാരന്‍റെ 'ദേശത്തെപ്പറ്റി പറഞ്ഞ ആയിരം നുണകൾ' എന്ന പേരുള്ള ഇംഗ്ലീഷ് നോവലിന്‍റെ മലയാള പരിഭാഷയിലെ ഏതാനും പേജുകളാണത്. നോവലിന്‍റെ യഥാർത്ഥ കർത്താവിനെ തേടിപ്പോവുകയാണ് സിദ്ധാർത്ഥൻ. എഴുത്തുകാരനെ കണ്ടെത്തുമ്പോൾ സംശയങ്ങൾ ഒന്നൊന്നായി ദൂരീകരിക്കുകയാണ്. എന്നാൽ ആ ചോരപുരണ്ട കൈയെഴുത്തുപ്രതിയുടെ പിന്നിലെ രഹസ്യങ്ങളെക്കുറിച്ച് ഞാൻ വിശദമാക്കാത്തത് ബോധപൂർവമാണെന്ന് നോവലിസ്റ്റ് അറിയിക്കുന്നു. അത് അദ്ദേഹം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. അതേപ്പറ്റി ഇങ്ങനെ എഴുതിയിരിക്കുന്നു: " ഒരുപക്ഷേ ആയിരം വർഷങ്ങൾക്ക് ശേഷം ഭൂമി ഇളക്കി മറിക്കുമ്പോൾ ഒരിടത്തുനിന്ന് ഒരു മൺകുടം പോലെ ആ രഹസ്യം പൊങ്ങി വന്നേക്കാം. സാമൂതിരിയുടെയും സാമന്തന്മാരുടെയും അഞ്ഞൂറ് വർഷത്തെ കടൽ വാണിജ്യത്തിന്‍റെ സമ്പാദ്യം മുഴുവനും ആ രഹസ്യങ്ങളോടൊപ്പം മണ്ണിനടിയിൽ നിന്ന് വീണ്ടും കണ്ടെടുക്കപ്പെടുമായിരിക്കും. അതുവരെ അവ കാലത്തിന്‍റെ രഹസ്യാത്മകമായ മ്യൂസിയങ്ങളിൽ തന്നെ സൂക്ഷിക്കപ്പെടും. അല്ലെങ്കിൽ മണ്ണടിഞ്ഞു പോകും. "

താൻ എഴുതിയ കാര്യങ്ങൾ തന്‍റെ കൺമുന്നിൽ അതേപടി സംഭവിച്ചതിനു ശേഷമാണ് നോവലിസ്റ്റ് നോവൽ മാറ്റിയെഴുതിയത്. ഭാവന ജീവിതത്തെ അതിക്രമിച്ചു കടക്കുന്ന സന്ദർഭമാണെന്ന തിരിച്ചറിവ് സംഭവിക്കുകയാണ്. നോവലിസ്റ്റ് തന്‍റെ വാദം പൂർത്തിയാക്കുന്നത് ഇങ്ങനെയാണ്: "പക്ഷേ യാഥാർത്ഥ്യം ഫിക്ഷ്നെക്കാൾ അവിശ്വസനീയമാണെന്നു ചിലർക്കെങ്കിലും അറിയാതിരിക്കില്ല. എഴുത്തും യാഥാർത്ഥ്യവും തമ്മിലുള്ള ഇടപെടലുകളെല്ലാം നടക്കുന്നത് ഒരു മാന്ത്രിക കളത്തിനകത്തുവച്ചാണ്. എഴുത്തുകാർ മുൻകൂട്ടി പറഞ്ഞുവെച്ചതുപോലെയാണ് ചുറ്റുമുള്ള ഈ ലോകത്ത് കാര്യങ്ങൾ സംഭവിക്കുന്നത്. അതോർക്കുമ്പോൾ പേടി തോന്നും. ഒരു ഉറക്കം കഴിഞ്ഞ് എണീക്കുമ്പോഴേക്കും ലോകം അതേപടി ഇവിടെയുണ്ടല്ലോ. അപ്പോൾ നമുക്ക് സന്തോഷം തോന്നും. ആരും അത് ഇല്ലാതാക്കിയിട്ടില്ല. അതിനെക്കാൾ അത്ഭുതകരമായി മറ്റെന്താണുള്ളത് ? അല്ലെങ്കിൽ ഉറക്കത്തിൽ നിന്നുണർന്ന് നോക്കുമ്പോൾ ഗ്രിഗർ സാംസയെ പോലെ നമ്മളും ഒരു വിചിത്ര ഷഡ്പദമായി പരിണമിച്ചിട്ടില്ല എന്നതിനേക്കാൾ അത്ഭുതകരമായി മറ്റെന്താണുള്ളത് ? നിങ്ങളുടെ മക്കൾക്ക് നിങ്ങളെ വിശ്വാസപൂർവ്വം ചുംബിക്കാൻ കഴിയുന്നു എന്നതിനേക്കാൾ അവിശ്വസനീയമായി മറ്റെന്താണുള്ളത്? ഇത്രയും ഇൻസെക്യുർ ആയ ഒരു ദേശത്തിന്‍റെ തെരുവിലൂടെ നടക്കുമ്പോൾ ആരും നമ്മളെ കൊലപ്പെടുത്തുകയോ കവർച്ച ചെയ്യുകയോ ബലാത്സംഗം ചെയ്യുകയോ ചെയ്യുന്നില്ലല്ലോ. ആരും ഒരു മോട്ടോർസൈക്കിളിൽ വന്ന് വെടിവെച്ചു വീഴ്ത്തുന്നില്ലല്ലോ. പിടിച്ചുകൊണ്ട് പോയി നമ്മുടെ അവയവങ്ങൾ മുറിച്ചെടുക്കുന്നില്ലല്ലോ. ഒരു വർഗീയ കലാപത്തിലും പെട്ട് നമ്മൾ കത്തിയെരിയുന്നില്ലല്ലോ. അല്ലെങ്കിൽ ഇതൊന്നും നടക്കുന്ന വിവരങ്ങൾ പോലും നാം അറിയുന്നില്ലല്ലോ. ഇതിനേക്കാളൊക്കെ വലിയ അത്ഭുതങ്ങൾ എന്തുണ്ട് ?ഇതെല്ലാം സൃഷ്ടിക്കുന്നത് വെറും സാധാരണമനുഷ്യരാണ്. അതുകൊണ്ട് പറയാൻ നിന്നാൽ വിരസമായ ഈ ജീവിതത്തെക്കുറിച്ച് മുഴുവൻ ഉപന്യസിക്കേണ്ടിവരും."

ഇവിടെ നോവലിന്‍റെ ഭാഷ കാല്പനികമല്ല; യഥാതഥവുമല്ല. എന്നാൽ അത് ഭാഷയുടെ ഒരു വഴിയാണ്. ഭാഷ തനിയെ സൃഷ്ടിക്കപ്പെടുകയാണ്. അതിൽ ആസൂത്രണം ചെയ്ത വിഷാദമോ ഭ്രമമോ ഇല്ല. ചിന്തകൾ ആവശ്യപ്പെടുന്നതനുസരിച്ച് ഭാഷ രൂപപ്പെടുകയാണ്. ഭാഷ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട വിഭവം കഴിച്ച് പെരുമ്പാമ്പിനെ പോലെ കിടക്കുകയല്ല; ഇരയുടെ വലുപ്പത്തിനനുസരിച്ച് ഉടൽ ക്രമീകരിക്കുന്ന ഉരഗമാണത്.

മനുഷ്യാവസ്ഥയിലേക്ക് ആഴത്തിൽ പതിക്കുന്ന മനസ്

ഒരു ഭാഗത്ത് ഭാഷ നോവലിസ്റ്റിനെ തന്നെ വലിച്ചുകൊണ്ടു പോവുകയാണ്.

"എഴുത്തുകാരൻ ആ മരണഫയൽ തട്ടിയെടുത്ത് അത് ആർത്തിയോടെ തുറന്നപ്പോൾ അതിൽ നിന്ന് ദേശാടനപ്പക്ഷികൾ ആകാശത്തേക്ക് ചിറകടിച്ചു പറന്നു. അതിൽ നിന്ന് മഞ്ഞും കാറ്റും പുറത്തേക്ക് വമിച്ചു. ഒരരുവി അതിൽനിന്ന് പുറത്തേക്കൊഴുകി. അനന്തരം സന്ധ്യയായി, രാവായി. ചുറ്റിലും നിലാവ് പരന്നു. മഗ്ദലേന സലോമിയും ചുഴലി ചുറ്റിത്തിരിയുന്ന കാറ്റും അശാന്തമായ തടാകവുമെല്ലാം അതിൽ പ്രത്യക്ഷപ്പെട്ടു. "

വേറൊരിടത്ത് എഴുതുന്നത് നോക്കുക: " ആ വാക്കുകൾക്ക് ഒപ്പിയത്തിന്‍റെയും മരിജുവാനയുടെയും അലൗകികമായ സുഖാനുഭവം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നു. ആ വാക്കുകൾ മരങ്ങൾക്ക് മുകളിലേക്ക് പടർന്നു കയറാനും താഴേക്ക് തൂങ്ങിയാടാനും വെമ്പുന്ന വള്ളിച്ചെടികളായിരുന്നു. ഭ്രാന്തമായ വെളിച്ചം പരത്തുന്നവയായിരുന്നു.അവൻ അവളുടെ വിരലുകളിൽ തൊട്ടു. അതിന്‍റെ റോസ് നിറമുള്ള അഗ്രങ്ങൾ സ്വപ്നങ്ങളിലുള്ള മാലാഖമാരെ ഓർമിപ്പിച്ചു. " 'ഏകാന്തതയുടെ മ്യൂസിയം' വെറുതെ ഭാഷ സൃഷ്ടിക്കാൻ വേണ്ടി എഴുതിയതല്ല ;അനുഭവങ്ങളുടെ പൊരുൾ തേടിച്ചെല്ലുന്ന ഒരു മനസ്സിന്‍റെ പ്രകമ്പനങ്ങളും കാഴ്ചകളുമാണ് ഇവിടെ ചുരുൾ നിവരുന്നത്. മനുഷ്യാവസ്ഥയിലേക്ക് ആഴത്തിൽ പതിക്കുന്ന ഒരു മനസ്സിന്‍റെ വിഭ്രാമകമായ ശബ്ദങ്ങൾ ഇതിൽ മുഴങ്ങുന്നുണ്ട്. മനുഷ്യൻ എന്ന അവസ്ഥയുടെ അനേകം അടരുകൾ പുറത്തുകൊണ്ടുവരാൻ ഒരു എഴുത്തുകാരനെയും അയാളുടെ കൃതിയെയും ഉപയോഗിക്കുകയാണ് നോവലിസ്റ്റ്.ഒന്നിൽ തന്നെ അതിന്‍റെ അപരത്വം,സറിയലിസ്റ്റിക് അനുഭവത്തിൽ തന്നെ അതിന്‍റെ വൈരുദ്ധ്യാത്മകമായ അനുരണനങ്ങൾ വായനക്കാരൻ അഭിമുഖീകരിക്കുകയാണ്. നോവൽ ഒരു രൂപകമാവുകയാണ്. അത് ചിലപ്പോൾ പ്രഹേളികയാവുകയും ചെയ്യുന്നു.

നായകനായ സിദ്ധാർത്ഥൻ വളരെ യാദൃശ്ചികമായി കാണുന്ന 'മഗ്ദലേന സലോമി' എന്ന നോവൽഭാഗം ഒരു തെരുവിൽ അനാഥമായി കിടന്ന ഒരു ഡി ടി പി പേപ്പറായിരുന്നല്ലോ. എക്സ് എന്ന ബ്ലോഗറുടെ 'എക്സകവേഷൻസ് എന്ന ബ്ലോഗിലാണ് അത് കാണുന്നതെന്ന് സൂചിപ്പിച്ചത് ഓർക്കുമല്ലോ. ഇവിടെ അജ്ഞാതമായ ഒരു നോവലും അതിന്‍റെ അജ്ഞാതമായ എഴുത്തുകാരനും ഒരു വശത്ത്. അത് തെരുവിൽ നിന്നെടുത്ത് ബ്ളോഗിൽ പോസ്റ്റ് ചെയ്യുന്നയാൾ മറുവശത്ത്. ഇതിനെല്ലാം സാക്ഷിയായ സിദ്ധാർത്ഥൻ എന്ന പത്രപ്രവർത്തകനും. ജീവിതത്തിന്‍റെ അനിശ്ചിതവും അദൃശ്യവും അപരിഹാര്യവുമായ സമസ്യയാണ് അല്ലെങ്കിൽ എടാകൂടമാണ് അനുഭവപ്പെടുന്നത്. ഒരു നൈമിഷികമായ ബോധതലം ജീവിതത്തിലുണ്ട്. പക്ഷേ സത്യത്തെയും മിഥ്യയെയും വേർപിരിക്കാൻ കഴിയാത്ത തരത്തിലുള്ള ഒരവസ്ഥയുണ്ട്. ആ അനുഭവത്തെ പകർത്തുന്നതിനു വേണ്ടിയാണ്, ഇതുപോലെ പ്രതീതി യാഥാർത്ഥ്യങ്ങൾ കലയിൽ ഉപയോഗിക്കുന്നത്. ഇതിനു പുറമെ, നോവൽ രൂപകൽപ്പന ചെയ്യുന്ന അനിൽകുമാർ എന്ന എഴുത്തുകാരൻ ഒരു കാര്യം വ്യക്തമാക്കുന്നുണ്ട്:

"ഒന്നിലധികം കൃതികളുടെ ഒരു ചേരുവ എന്ന നിലയിൽ പലവിധത്തിലുള്ള ആഖ്യാനങ്ങളും ഇതിനുള്ളിൽ കടന്നുവരുന്നുണ്ട്. അതുണ്ടാക്കുന്ന സ്വാഭാവികമായ സങ്കീർണതകളും കണ്ടേക്കാം. ഇത് സമ്പൂർണ്ണമായും ഒരു ഫിക്ഷ്നാണ്. ആ നിലയ്ക്ക് ഇതിലെ സ്ഥലകാലങ്ങൾ യഥാർത്ഥ സ്ഥലകാലങ്ങളല്ല. ഇതിലെ ചരിത്രപരാമർശങ്ങളും വ്യക്തികളും കുടുംബങ്ങളും ഒന്നും യഥാർഥ്യങ്ങളല്ല. കഥാപാത്രങ്ങളെ കഥാപാത്രങ്ങൾ മാത്രമായി കാണണമെന്നും വായനക്കാരോടു അഭ്യർത്ഥിക്കുന്നു.

അവർ പറയുന്നതും ചെയ്യുന്നതുമെല്ലാം അവരുടേത് മാത്രമായ ഒരു ലോകത്തിരുന്നുകൊണ്ടാണ്. തീർച്ചയായും അത് നമ്മുടെ ലോകമല്ല. നമ്മുടെ ഇടപെടലുകൾ ആവശ്യപ്പെടുന്ന ലോകവുമല്ല. അവിടെയുള്ളത് നമുക്ക് നിശ്ശബ്ദമായി നടന്നു കണ്ടു പോകുവാനുള്ള മ്യൂസിയങ്ങൾ മാത്രമാണ്. നമ്മൾ അതിനുള്ളിലേക്ക് പ്രവേശിക്കുക മാത്രമേ ചെയ്യേണ്ടതുള്ളൂ."

സ്യൂഡോ റിയലിസം

ഇത് വളരെ ആധുനികമായ ഒരു ക്രാഫ്റ്റിന്‍റെ നിർമിതിക്ക് ആവശ്യമായ ഒരു ഘടകമാണ്. വർഷങ്ങൾക്കു മുമ്പ്, 2014 ൽ, എന്‍റെ ആദ്യ നോവൽ 'ജലഛായ' (ഗ്രീൻ ബുക്സ്, പിന്നീട് സുജിലി പബ്ലിക്കേഷൻസ് ) പ്രസിദ്ധീകരിച്ചത് സ്യൂഡോ റിയലിസം (pseudo realism)എന്ന റിയാലിറ്റി ക്രാഫ്റ്റിന്‍റെ ഉദ്ഘാടനം എന്ന നിലയിലാണ്. ഞാൻ നോവലിലെ ഒരു വ്യാജ യാഥാർത്ഥ്യത്തെയാണ് പരിചയപ്പെടുത്തിയത്. അതോടൊപ്പം നോവൽ പല കൃതികളുടെയും സംഗമബിന്ദുവായി മാറുകയായിരുന്നു. ജീവിച്ചിരുന്ന വ്യക്തികളും കലാകാരന്മാരും നോവലിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. അത് പക്ഷേ അവരുടെ പഴയ സാഹചര്യത്തിലല്ല. പുതിയ ഒരു സാഹചര്യത്തിലേക്ക് അവരെ പറിച്ചു നടുകയായിരുന്നു.യാഥാർത്ഥ്യത്തെ ധ്വംസിക്കുക, കബളിപ്പിക്കുക എന്ന തന്ത്രത്തിന്‍റെ പൂർത്തീകരണത്തിനു വേണ്ടിയാണ് സ്യൂഡോ റിയാലിറ്റി അവതരിപ്പിച്ചത്. 'ജലഛായ'യിൽ ധാരാളം മറ്റു കൃതികളും എഴുത്തുകാരും പരാമർശിക്കപ്പെടുന്നുണ്ട്.പല കൃതികളിൽ നിന്നും ഉദ്ധരണികൾ ചേർത്തിട്ടുണ്ട്. എന്നാൽ ഇതൊന്നും ഒറിജിനൽ കൃതികളല്ല; നോവലിനു വേണ്ടി ഭാവന ചെയ്യപ്പെട്ടതാണ്. യഥാർത്ഥമായതിനെ ഭാവനയാക്കുകയും ഭാവന ചെയ്യാവുന്നതിനെ യഥാർത്ഥമാക്കുകയും ചെയ്തുകൊണ്ടാണ് സ്യൂഡോ റിയലിസം പ്രവർത്തിച്ചത്. ഒരു ഫിക്ഷ്ൻ എന്ന നിലയിൽ മാത്രം നോവലിനെ കാണാമെങ്കിൽ അതിനു അയാഥാർത്ഥ്യത്തിന്‍റെ ഒരു മാനം കൂടി ഉണ്ടാവണം. നാം ജീവിക്കുന്നത് യഥാർത്ഥമായ വസ്തുതകൾ കൊണ്ടു മാത്രമല്ല ;അയഥാർത്ഥമായ ഘടകങ്ങൾ കൊണ്ടു കൂടിയാണ്. ഇതേ സങ്കേതത്തിലാണ് എന്‍റെ 'ശ്രീനാരായണായ','വാൻഗോഗിന്' എന്നീ നോവലുകളും രചിച്ചത്. 'ശ്രീനാരായണായ' (2015)യിൽ ഓഥർ എന്ന സങ്കല്പത്തെ തന്നെ നിരാകരിച്ചിരിക്കുകയാണ്. അതിൽ പതിനഞ്ച് എഴുത്തുകാരുണ്ട്. അവർ എഴുതിയ രചനകളുടെ സമാഹാരമാണ് നോവൽ.'വാൻഗോഗിന്'(2017) എന്ന കൃതിയിൽ വാൻഗോഗ് ആത്മഹത്യ ചെയ്തതിനു തൊട്ടുപിന്നാലെ ഫ്രാൻസിൽ പ്രസിദ്ധീകരിച്ച പത്രങ്ങളിൽ വന്ന കുറിപ്പുകളും റിപ്പോർട്ടുകളുമാണ് സമാഹരിച്ചിരിക്കുന്നത്.ഈ റിപ്പോർട്ടുകളും കുറിപ്പുകളുമെല്ലാം വ്യാജമാണ്. 'ജലഛായ' യുടെ ആമുഖത്തിൽ എഴുതിയ ഏതാനും വാക്യങ്ങൾ ഈ സങ്കേതത്തെക്കുറിച്ച് അറിവ് നൽകാൻ സഹായിക്കും:

"നോവൽ ഒരു കലയാണെന്നും അതിന്‍റെ രചനയിൽ ഏറ്റവും പ്രസക്തമായ പ്രശ്നം നോവൽ തന്നെ ഉള്ളടക്കമാക്കുന്നതാണെന്നും നേരത്തെ തന്നെ മനസ്സിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ പരമ്പരാഗത ശില്പഘടന ഉപേക്ഷിക്കേണ്ടിവന്നു. കഥാപാത്രം, എഴുത്തുകാരൻ, പ്രമേയം എന്നീ അടിസ്ഥാന പ്രമാണങ്ങളെല്ലാം കൂടിക്കുഴഞ്ഞു. യാഥാർത്ഥ്യത്തെപ്പറ്റിയുള്ള പൊതു വിശ്വാസങ്ങൾ സ്വാഭാവികമായിത്തന്നെ പിൻവാങ്ങി. എന്‍റെ കാലത്തോടും ചരിത്രത്തോടും അറിവുകളോടും എങ്ങനെയെല്ലാം സംവേദനം ചെയ്യാൻ കഴിയുമെന്നതിന്‍റെ കലാപരമായ സംഘർഷമാണിവിടെയുള്ളത്. യുക്തിയോ സിദ്ധാന്തമോ അല്ല, സൗന്ദര്യാത്മകതയാണ്."

നോവലിനെക്കുറിച്ച് ഈ വീക്ഷണമുള്ളതുകൊണ്ടാണ് അനിൽകുമാറിന്‍റെ 'ഏകാന്തതയുടെ മ്യൂസിയം' വായിച്ചു തുടങ്ങിയപ്പോൾ തന്നെ എന്നെ ആകർഷിച്ചത്. ഒരു കൃതിക്കുള്ളിൽ വിവിധ എഴുത്തുകാരുടെ സ്വരങ്ങൾ കേൾപ്പിക്കുന്നത് രസാവഹമാണ്. ആഖ്യാനത്തിന്‍റെ ഒരു ലീല ഏതൊരു വലിയ രചനയ്ക്കും ആവശ്യമാണ്. ആഖ്യാനത്തിനുള്ളിൽ ഒരു അലൗകിക യുക്തിയുടെ ലീല ഉണ്ടാവണം. ആഖ്യാനം അതിന്‍റെ ലയത്തിൽ പൂർണമാകണം. ആഖ്യാനം അതിന്‍റെ ലോകo സൃഷ്ടിച്ചുകൊണ്ടിരിക്കണം.റയോൾ ഇഷെൽമാൻ അവതരിപ്പിച്ച പെർഫോമാറ്റിസത്തിൽ ആഖ്യാനം അതിന്‍റെ മാത്രമായ ലയവും സൗന്ദര്യവുമാണ് സൃഷ്ടിക്കേണ്ടതെന്ന് സൂചിപ്പിക്കുന്നുണ്ട്. ഒരു പുതിയ ലോകത്തിന്‍റെ നിയമങ്ങളും ചിന്തകളുമാണ് അവിടെ ഉണ്ടാകേണ്ടത്. 'ഏകാന്തതയുടെ മ്യൂസിയ'ത്തിൽ രണ്ട് സ്വരങ്ങൾ പ്രകടമായുണ്ട്. സിദ്ധാർത്ഥൻ വായിക്കുന്ന ആ അപൂർണ്ണ നോവൽ ഒരു സ്വപ്നത്തിന്‍റെ വർണത്തൂവലുകൾ കൊണ്ട് മനോഹരമായ ഒരു ഭൂഭാഗവും മനുഷ്യാവസ്ഥയും കാലവും സൃഷ്ടിക്കുന്നു. സിദ്ധാർത്ഥൻ വായിക്കുന്ന നോവലിലെ ഒരു ഭാഗം ഇതാണ്: "അവളുടെ ശരീരത്തിൽ സൂര്യചന്ദ്രന്മാരും നക്ഷത്രങ്ങളും തിളങ്ങി. അവളുടെ നഗ്നതയിൽ നിന്ന് പൊഴിയുന്ന വെളിച്ചം സമസ്ത ജീവജാലങ്ങളിലേക്കും ഒഴുകിപ്പരന്നു. അവളിലേക്കല്ല, മറിച്ച് വെളിച്ചം അവളിൽ നിന്നുമാണ് പുറപ്പെടുന്നതെന്നു തോന്നിച്ചു. മാംസമായ വെളിച്ചം, അവളുടെ മാറിടങ്ങളോടൊപ്പം ശരീരമാകെത്തന്നെയും ഒരു ജലശില്പം പോലെ ആ സന്ധ്യയിൽ വെട്ടിത്തിളങ്ങി. അപ്പോൾ സ്നാനഘട്ടത്തോടു ചേർന്നുള്ള ഉദ്യാനത്തിലെ കനത്ത പൊന്തക്കാടിനുള്ളിൽ നിന്ന് പാമ്പന്‍റേതു പോലൊരു സീൽക്കാരമുണർന്നു. തന്‍റെ സകല നിയന്ത്രണങ്ങളും കൈവിട്ടുപോയ മാത്ത എന്ന വേലക്കാരന്‍റെ ശബ്ദമായിരുന്നു അത്. അവളുടെ നഗ്നത പൊന്തക്കാടിന്‍റെ മറവിൽ ഒളിഞ്ഞിരുന്നു കാണുകയായിരുന്നു അവൻ. അവന് ആ നഗ്നതയുടെ മനോഹാരിതയും പ്രപഞ്ചത്തെ മയക്കുന്ന ആ സൗന്ദര്യവും തന്‍റെ ശരീരത്തെ ഉഴുതുമറിക്കുന്ന അവളുടെ ആകർഷണീയതയും സഹിക്കാൻ കഴിഞ്ഞില്ല."

സർറിയലിസ്റ്റ് അനുഭവം പോലെ ഏകാന്തത

ഈ നോവലിൽ ആവിഷ്കൃതമാകുന്നത് സ്യൂഡോ റിയലിസമാണ്. നോവൽ മനുഷ്യന്‍റെ അസ്തിത്വബോധത്തെ അസ്ഥിരപ്പെടുത്തുകയാണ് ചെയ്യുന്നത്. സുദൃഢമായ, സൂക്ഷ്മമായ, മുൾമുനയിലെന്ന പോലെ ജീവിതത്തെ നിർമിക്കുന്ന അസ്തിത്വബോധം സാധ്യമല്ലെന്നാണ് നോവൽ വായിച്ചപ്പോൾ തോന്നിയത്. ഒരു കഥാഖ്യാനത്തിന്‍റെ ചുവടുപിടിച്ച് സാങ്കല്പിക തുരങ്കങ്ങളുണ്ടാക്കി മുന്നേറുന്ന കഥാപാത്രങ്ങൾ ജീവിതത്തിന്‍റെ ജലാത്മകത - രൂപരഹിതമായ അവസ്ഥയാണ് - പ്രതിപാദിക്കുന്നത്. അസ്ഥിരവും സ്വപ്നാത്മകവുമായ ജീവിതത്തെ അറിയുന്ന നാം, ഒരുപക്ഷേ ഏതെങ്കിലും ഒരു കഥയിലെ കഥാപാത്രം ആയിരിക്കുമോ എന്നു സംശയിച്ചു പോകും. മന:ശക്തിക്കനുസരിച്ച്, നമുക്ക് നേരിടേണ്ടി വരുന്ന വെല്ലുവിളികളുടെ കാഠിന്യവും വർദ്ധിക്കുന്നുണ്ടാവണം. നമ്മുടെ കടമ്പകൾ ശേഷിക്കൊത്ത് തിരഞ്ഞെടുക്കാമെങ്കിലും, അതിലെല്ലാം ഒരു അവ്യക്തത നിഴലിക്കുന്നുണ്ട്. ഒറ്റയടിപ്പാതകളിൽ ഓരോരുത്തരും ആഖ്യാനം ചെയ്യപ്പെട്ട കഥാപാത്രത്തിന്‍റെ ജീവിതം തേടുന്നു. നമ്മുടേത് ഒരു ഭാഗിക അനുഭവമാണ്. ജീവിതത്തെ മാറിനിന്ന് വീക്ഷിക്കാൻ നമുക്കാവില്ല. ഒരു സറിയലിസ്റ്റ് അനുഭവം പോലെയാണ് ഏകാന്തതയും സന്യാസവും മരണവും. ഒന്നും പൂർണമായി ഗ്രഹിക്കാനാവില്ല. ഇതിനെ സാധൂകരിക്കുന്ന ഒരു ഭാഗം നോവലിൽ നിന്നുദ്ധരിക്കാം: "എല്ലാവർക്കും ഒരു ശാപമുണ്ട്. നാശത്തിലേക്ക് നയിക്കുന്ന ഒരു മർമം. ഒരു അക്കില്ലസ് ഹീൽ.അല്ലെങ്കിൽ സാംസന്‍റെ മുടി.കർണ്ണന്‍റെ ദാനം. ധനാർത്തായാവാം, ലൈംഗികതയാവാം, പുതുമയോടുള്ള ഭ്രമമാകാം, അധികാരഭ്രാന്താവാം, ലഹരിയാവാം, അല്ലെങ്കിൽ ഭൂതദയയോ, ദാനശീലമോ ആവാം. ദേശീയതയോ മതഭ്രാന്തോ അല്ലെങ്കിൽ വെറും തീറ്റക്കൊതിയോ ആവാം. നിങ്ങളെപ്പോലെയുള്ളവരുടെ വെറും ഉപഭോഗതൃഷ്ണ അതിലൊന്നായിരിക്കും, അല്ലെങ്കിൽ ഇവയൊക്കെ കൂടിയാകും ഓരോ സമൂഹത്തെയും അതിന്‍റെ പ്രാകൃതപതനങ്ങളിലേക്ക് നടത്തിക്കൊണ്ടുപോകുന്നത്. അടിമത്തത്തിലേക്കും പിന്നെ അപരിഹാര്യമായ നാശത്തിലേക്കും. അതാണ് മർമം."

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com