Book review Sreenarayana guru

ശ്രീനാരായണഗുരുവിന്‍റെ വിശ്വമതാദർശം - പുസ്തകപരിചയം

സർവമതസമ്മേളനം - ചരിത്രവും കൈവഴികളും

ശ്രീനാരായണഗുരു ആലുവയിൽ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്‍റെ ശതാബ്ദിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച ബൃഹത് സ്മൃതിഗ്രന്ഥത്തെക്കുറിച്ച്...

എം.കെ. ഹരികുമാർ

ശ്രീനാരായണഗുരുവിന്‍റ നേതൃത്വത്തിൽ 1924 മാർച്ച് 3, 4, 5 തീയതികളിൽ ആലുവയിൽ സംഘടിപ്പിച്ച സർവമതസമ്മേളനം ലോകത്തിലെ തന്നെ ആദ്യത്തേതായിരുന്നു. ആദ്യത്തേതാണെന്നു പറയാൻ കാരണം ഇത് ഈ ലക്ഷ്യത്തോടെ മാത്രം സംഘടിപ്പിച്ചതായിരുന്നു. ഇതിന്‍റെ ഭാഗമായി വേറെ ചടങ്ങുകളോ യോഗങ്ങളോ ഉണ്ടായിരുന്നില്ല. ഗുരു വിഭാവനം ചെയ്ത ഏകദൈവത്തിന്‍റെയും ഏകമതത്തിന്‍റെയും ഹൃദയത്തിലേക്ക് കടക്കുന്നതിനു ലോകത്തിന്‍റെ വിവിധ കൈവഴികളിലൂടെയുള്ള ഒരു യാത്രയായി ഈ സമ്മേളനത്തെ വിശേഷിപ്പിക്കാം.

എല്ലാ ഞരമ്പുകളും ഒരിടത്ത് കേന്ദ്രീകരിക്കുന്നു. മതസാരം എന്ന സാർവലൗകികമായ, സർവ്വാത്മീയമായ സത്യമാണ് ആ ഹൃദയം. മതങ്ങൾ വിഘടിക്കുന്നത് മതപ്രവാചകന്മാർക്ക് വേണ്ടിയല്ല; മതാനുയായികൾക്കു വേണ്ടി മാത്രമാണ്. മതകലഹങ്ങളിൽ ദൈവങ്ങൾ നിസ്സഹായരാണ്. മതാതീതമായ സത്യമാണല്ലോ ദൈവങ്ങളുടെ പക്കലുള്ളത്. ഈ ദൈവങ്ങൾക്കെല്ലാം പ്രകടമായി പല പേരുകളും ചരിത്രവുമാണുള്ളതെങ്കിലും അത് ഒരു വിഭ്രമമാണെന്നും അതിനെല്ലാം പിറകിൽ ഒരേയൊരു ദൈവമാണള്ളതെന്നും അത് മനുഷ്യന്‍റെ അന്തരാത്മാവിൽ അപ്രകാശിതമായി തുടരുകയാണെന്നുമാണ് ഗുരു കണ്ടെത്തുന്നത്. ഈ സത്യം ലോകത്തോടു വിളിച്ചു പറയാൻ ഗുരു വിവിധ മതങ്ങളിൽപ്പെട്ട ആചാര്യന്മാരെ, ചിന്തകൻമാരെ ഒരു വേദിയിലിരുത്തി. അത് ഒരു വിപ്ലവമായിരുന്നു. അതിനുമുമ്പ് അങ്ങനെ സംഭവിച്ചിട്ടില്ല. ഓരോ മതത്തിൽപ്പെട്ടവർ അവരവരുടെ ആളുകൾക്കായി മാത്രം സംഘടിപ്പിച്ചിരുന്ന ചടങ്ങുകളാണ് ഉണ്ടായിരുന്നത്. ഒരു മതത്തിൽ ഉൾപ്പെട്ടവർക്ക് ആ മതത്തിന്‍റെ വർത്തമാനം മാത്രമേ കേൾക്കാനാകുമായിരുന്നുള്ളു. അതുകൊണ്ട് ലോകത്തിലെ വിവിധ ചിന്താധാരകളിലും മതങ്ങളിലും വിശ്വസിക്കുന്നവർക്ക് എങ്ങനെയാണ് സഹവർത്തിക്കാനും പരസ്പരം മനസ്സിലാക്കാനും സാധിക്കുന്നതെന്നു അറിയാൻ മാർഗമില്ല.

ഓരോ മതവിശ്വാസിയും അവനവന്‍റെ മതിൽക്കെട്ടിനുള്ളിൽ കഴിയുകയാണ്. അവൻ അനുഭവിക്കുന്ന സുരക്ഷിതത്വം വ്യാജമാണ്. അത് മറ്റു മതവിശ്വാസികളെ അറിയാതെ, മാനിക്കാതെ നേടുന്നതാണ്. ഈ മാനസികാവസ്ഥയാണ് ഗുരു തകർത്തത്. ഗുരുവിന്‍റെ സർവമതസമ്മേളനത്തിനു ശേഷം നൂറു വർഷങ്ങൾ കടന്നുപോയിരിക്കുന്നു. മതപരമായി നമ്മൾ പക്വത നേടിയോ എന്നു ആത്മപരിശോധന നടത്തേണ്ട സമയമാണിത്.ഏതാനും വർഷങ്ങൾക്കു മുമ്പ്, കേരളത്തിൽ ജാതി മാറി പ്രേമിച്ചു കല്യാണം കഴിച്ചതിന്‍റെ പേരിൽ ഒരു യുവാവ് കൊല്ലപ്പെട്ടു (ദുരഭിമാനക്കൊല)എന്ന സത്യം നാം തിരിച്ചറിയണം. കേരളവും അത്ര ഭദ്രമല്ല. ഈ സന്ദർഭത്തിലാണ് ഗുരുവിന്‍റെ സർവമതസമ്മേളനം പിന്നിട്ട വഴികളിലേക്ക് നൂറു വർഷങ്ങൾക്കു ശേഷം തിരിഞ്ഞു നോക്കുന്നതിന്‍റെ സ്മാരകമായി വളരെ അഭിമാനകരമായ, അർത്ഥവത്തായ ഒരു ബൃഹത്ഗ്രന്ഥം ശിവഗിരി മഠത്തിൽനിന്നു പ്രസിദ്ധീകരിക്കുന്നത്. ശിവഗിരി മഠം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമിയാണ് ഇതിന്‍റെ ചീഫ് എഡിറ്റർ. ഇത് സ്വാമിയുടെ പ്രതിജ്ഞയും നിശ്ചയദാർഢ്യവും ഗുരുബോധവുമായി കാണണം. സ്വാമി ആമുഖത്തിൽ ഇങ്ങനെ എഴുതുന്നു:"ശിവഗിരിമഠത്തിന്‍റെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ വച്ച് പല കാലഘട്ടങ്ങളിലായി നടത്തിയ സർവമതസമ്മേളനങ്ങൾ ഏറെയാണ്. അതിൽ പ്രധാന സമ്മേളനങ്ങളുടെ ലഭ്യമായ വിവരങ്ങൾ ഉൾപ്പെടുത്തിയാണ് ഈ ചരിത്രഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്." ഉല്പതിഷ്ണുവും ഗ്രന്ഥകാരനും പ്രഭാഷകനും സംഘാടകനും ആക്ടിവിസ്റ്റുമായ സച്ചിദാനന്ദസ്വാമി പ്രസിഡൻറ് എന്ന നിലയിൽ ചെയ്യുന്ന പ്രധാനപ്പെട്ട ഒരു സംരംഭമാണിത്. ഗുരുവിന്‍റെ സർവ്വമതസമ്മേളനത്തെ ചരിത്രപരമായി നിലനിർത്താനും അതിനെക്കുറിച്ചുള്ള ചർച്ചകൾ ഭാവിയിലേക്ക് വ്യാപിപ്പിക്കാനും വിലയിരുത്താനും ഈ ഗ്രന്ഥം സഹായിക്കും. സർവമതസമ്മേളന ചരിത്രം ആലേഖനം ചെയ്യുന്ന ഈ ഗ്രന്ഥത്തിന്‍റെ പേര് 'ശ്രീനാരായണഗുരുവിന്‍റെ വിശ്വമതാദർശം'(പേജ് 574,വില: 900) എന്നാണ്.

അനിഷേധ്യമായ ഏക മതം

ഗുരുവിന്‍റെ മതത്തെപ്പറ്റി ഇനിയും ചർച്ചകൾ ഉണ്ടാവണം. ഒരു മതം എന്ന പറഞ്ഞതിന്‍റെ പൊരുൾ പലർക്കും മനസ്സിലായിട്ടില്ല. ഭൗതികലോകത്തിന്‍റെ കെടുതിയും ദുരാഗ്രഹവും പിടിപെടാത്ത ജീവന്മുക്താവസ്ഥയാണ് മതം എന്നു ഗുരുവിന്‍റെ സംഭാഷണങ്ങളിൽനിന്നും കൃതികളിൽനിന്നും ഗ്രഹിക്കാവുന്നതാണ്.ഈ ഗ്രന്ഥം പുറത്തുവരുന്നതിനു ധിഷണാപരമായും ചിന്താപരമായും സഹായിച്ച മഠം ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ഇങ്ങനെ എഴുതുന്നു: "മതവൈരവും മതദ്വേഷവും ഇല്ലാത്ത ഒരു ലോകത്തിന്‍റെ പിറവിക്ക് പലമതസാരവുമേകമെന്ന തത്ത്വജ്ഞാനം കൂടിയ കഴിയൂ എന്ന ബോധ്യമാണ് സർവമതസമ്മേളനത്തിനു പ്രായോഗികമായ അടിത്തറയായത്."

ഈ ഗ്രന്ഥം യഥാർത്ഥമാകുന്നതിനു വേണ്ടി സഹകരിച്ച സ്വാമി ശാരദാനന്ദ, സ്വാമി ധർമ്മചൈതന്യ, സ്വാമി അസംഗാനന്ദഗിരി എന്നിവരെയും അഭിനന്ദിക്കുന്നു.

ആദ്യഭാഗം ഗുരുവിന്‍റെ മതദർശനത്തിനായി നീക്കിവച്ചിരിക്കുകയാണ്. അരുവിപ്പുറം, ശിവഗിരി തുടങ്ങിയ സ്ഥലങ്ങളിൽ താമസിച്ച ഘട്ടങ്ങളിൽ ഗുരു നല്കിയ ഉപദേശങ്ങൾ ഇതിൽ ചേർത്തിട്ടുണ്ട്. 'ആത്മോപദേശശതകം'ത്തിലെ 44 മുതൽ 49 വരെയുള്ള ശ്ളോകങ്ങളെക്കുറിച്ച് പ്രൊഫ.ജി.ബാലകൃഷ്ണൻ നായർ എഴുതിയ ലേഖനം ഒരു ഓർമ്മപ്പെടുത്തലാണ്. ഗുരുദർശനത്തെ സംക്ഷിപ്തമായി വീക്ഷിക്കുന്ന ബാലകൃഷ്ണൻ നായരുടെ വാക്കുകൾ ശ്രദ്ധേയമാണ്: "ആത്മാവ് ഏതെങ്കിലും വിധം അനാവൃതമാകുന്നതാണ് സുഖാനുഭവം. ഈ ആത്മമതമാണ് ലോകത്തിലെ അനിഷേധ്യമായ ഏകമതം. ചിത്തത്തെ പാപസങ്കല്പങ്ങൾ കൊണ്ട് മൂടാതിരുന്നാൽ ആർക്കും ആത്മാവ് എളുപ്പം അനാവൃതമാക്കിക്കിട്ടും. പാപസങ്കല്പങ്ങളും കാമക്രോധങ്ങളും വന്ന നിറഞ്ഞു പോയാൽ എന്തെല്ലാം കൃത്രിമോപായങ്ങൾ പ്രയോഗിച്ചാലും ആവരണം എളുപ്പം നീങ്ങിക്കിട്ടുകയില്ല." വളരെ അർത്ഥസാന്ദ്രമായ ഒരു വിലയിരുത്തലാണിത്.

ആലുവ സർവമതസമ്മേളനത്തിനു വേണ്ടി ഒരു പ്രത്യേക ഭാഗം ഉൾക്കൊള്ളിച്ചിട്ടുണ്ട്. സച്ചിദാനന്ദ സ്വാമിയുടെ ആമുഖ ലേഖനവും സർവ്വമതസമ്മേളനത്തിനു വേണ്ടി സത്യവ്രത സ്വാമി ചെയ്ത് ദീർഘപ്രഭാഷണവും വായിക്കാം. മൂന്നു ദിവസങ്ങളിലെ പ്രസംഗങ്ങൾ കേട്ട ശേഷം ഗുരു ഒരു സന്ദേശം എഴുതി നല്കി: "നാം ശിവഗിരിയിൽ സ്ഥാപിക്കുവാൻ വച്ചിരിക്കുന്ന മതപാഠശാലയിൽ എല്ലാ മതങ്ങളും പഠിപ്പിക്കുന്നതിനു വേണ്ടുന്ന എല്ലാ സൗകര്യങ്ങളും കൂടി ഉണ്ടാകണമെന്ന് വിചാരിക്കുന്നു."

ഗുരുവിന്‍റെ ആവിഷ്ക്കാരം

മതങ്ങൾ തമ്മിൽ കലഹിക്കുന്നത് വ്യർത്ഥമാണെന്നു സ്ഥാപിക്കാൻ ഗുരു ചെയ്ത ഒരാവിഷ്കാരമാണ് ആ സമ്മേളനം.പതിറ്റാണ്ടുകളായി കെട്ടി ഉയർത്തിയ അന്ധതയുടെ മതിലുകൾ ഇല്ലാതാക്കുവാൻ അതുപകരിച്ചു. പക്ഷേ മതങ്ങൾ കോർപ്പറേറ്റ് സ്ഥാപനങ്ങൾ പോലെ പണവും സമ്പത്തും സമാഹരിച്ച് വ്യാവസായികാടിസ്ഥാനത്തിൽ സംഘടിക്കുമ്പോൾ മനുഷ്യൻ തോറ്റുപോകും.മതങ്ങൾ തമ്മിൽ ഭേദമില്ല. സാരം ഒന്നാണ്. മനുഷ്യനാണ് ഒന്നിക്കേണ്ടത്. മതപഠനം എന്ന വിഭാഗത്തിൽ പ്രൊഫ.കെ.ബാലരാമപ്പണിക്കർ, ജഗദീശ്വരാനന്ദ സ്വാമികൾ, ലക്ഷണശാസ്ത്രി ജോഷി, സ്വാമി ബോധാനന്ദ, ഡോ.ടി.ഭാസ്ക്കരൻ, പ്രൊഫ. എം.എസ്.ഉമ്മൻ, ഡോ. എസ്. പൈനാടത്ത് എസ്.ജെ, മുത്താന താഹ, മുസ്തഫ മൗലവി, ജി.എസ്. വാഴൂർ, ഡോ.എം.എസ്.ശാസ്ത്രി, ബോധേശ്വരൻ, ജയചന്ദ്രൻ തുടങ്ങിയവർ എഴുതിയിരിക്കുന്നു.ഇതിൽ കൗതുകമായി തോന്നിയത് ജയചന്ദ്രൻ എന്ന പേരാണ്. ആലുവ അദ്വൈതാശ്രമത്തിൽ താമസിച്ച ജയചന്ദ്രനാണ് പിൽക്കാലത്ത് നിത്യചൈതന്യയതിയായത്. 1950 ൽ ശിവഗിരി മാസികയിൽ ജയചന്ദ്രൻ എഴുതിയ ലേഖനത്തിൽ ഗുരുവിന്‍റെ മതത്തെക്കുറിച്ച് പ്രസ്താവിക്കുന്നത് ഇതാണ്: ഭഗവാൻ ശ്രീനാരായണഗുരുദേവൻ കാണുന്ന ഏകമതം ക്രിസ്തുവിലോ ബുദ്ധനിലോ കൃഷ്ണനിലോ മാത്രം കാണുന്നതല്ല; നേരെമറിച്ച് ക്രിസ്തുവിലും ബുദ്ധനിലും കൃഷ്ണനിലും എന്നല്ല നമ്മിൽ ഓരോരുത്തരുടെയും ഹൃദയത്തിലും നിത്യമായി ശോഭിക്കുന്ന സത്യത്തിന്‍റെയും സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും മതമാണ്."

സർവമതസമ്മേളന രജതജൂബിലിയാഘോഷത്തിൽ സ്വാമി ശ്രീനാരായണതീർത്ഥർ ചെയ്ത സ്വാഗതപ്രസംഗം നാലാം ഭാഗത്ത് വായിക്കാം. സ്വാമിയുടെ പ്രസംഗത്തിൽ നിന്ന്: "മതഭേദചിന്ത മനുഷ്യരിൽ വരുത്തിവെച്ച മാലിന്യം അങ്ങനെ നഗ്നതാണ്ഡവം നടത്തുകയാണ്. ഇതിനൊരു പരിഹാരം നമുക്ക് വരുത്തേണ്ടിയിരിക്കുന്നു. നമ്മുടെ മുമ്പാകെ മഹാത്മാക്കൾ കത്തിച്ചുവച്ചിട്ടുള്ള ആ മണിവിളക്കുകൾ പ്രകാശമാനങ്ങളായിരിക്കെ നാം മിഴി പൂട്ടി നിന്ന് അന്ധതയനുഭവിക്കുകയാണ്." മാനവരാശി നന്നാവാനുള്ള അനേകം അവസരങ്ങൾ പാഴാക്കിയെന്നാണ് ഇതിന്‍റെ ധ്വനി. വ്യക്തി സ്വയം നന്നാവുന്നത് നല്ലതാണ്. എന്നാൽ അതിനൊപ്പം സമൂഹവും ലോകവും നന്നാവണമെന്നു ആഗ്രഹിക്കുന്നവർക്കാണ് മഹാത്മാക്കളാകാൻ കഴിയുക. ലോകത്തെ സ്വാധീനിക്കുന്നതിൽ പൂർണമായി വിജയിക്കാൻ മഹാത്മാക്കൾക്കും കഴിഞ്ഞിട്ടില്ല. അതുകൊണ്ടാണല്ലോ ഇന്നും കലഹങ്ങൾ തുടരുന്നത്.

ഗുരുദർശനങ്ങൾ എന്നു പറയാം

ശിവഗിരി മഠം സ്ഥാപിച്ച കാലത്ത് ഗുരു നൽകിയ ഉപദേശം ഈ ഗ്രന്ഥത്തിൽ സമുചിതമായി ചേർത്തിരിക്കുന്നു. ഗുരുവിന്‍റെ ജീവിതചര്യങ്ങളിലേക്കും ആദർശങ്ങളിലേക്കും ആഴ്ന്നിറങ്ങി ചെല്ലുന്ന ഈ വാക്യങ്ങൾ നമ്മുടെ കാലഘട്ടത്തെ വിവേകത്തിന്‍റെ പ്രകാശത്താൽ പുതുക്കാൻ ശേഷിയുള്ളതാണ്. വരും തലമുറകൾ ഈ വാക്യങ്ങളുടെ ആന്തരസoഗീതം ശ്രവിച്ചിരുന്നെങ്കിൽ !.ശാശ്വതമായ സുഖത്തിനുവേണ്ടി മനുഷ്യാത്മാവ് ഒരു മഹത്തായ യാത്ര ചെയ്യുകയാണെന്നു ഗുരു ഓർമിപ്പിക്കുന്നുണ്ട്. എന്നാൽ ആ സുഖത്തിനു ആഴം വർദ്ധിപ്പിക്കുന്നത് ഓരോ വിഭാഗവും നേടുന്ന ആന്തരിക പരിഷ്ക്കാരത്തെ ആശ്രയിച്ചിരിക്കുന്നു. "ലൗകികവും ആത്മീകവും രണ്ടും രണ്ടല്ല. രണ്ടും വാസ്തവത്തിൽ ഒരേ ഉദ്ദേശത്തോടെ പ്രവർത്തിക്കുന്നു. ശരീരത്തിന്‍റെ എല്ലാ അംഗങ്ങളുടെയും ഒത്തുള്ള പ്രവൃത്തിയിൽ ശരീരം സുഖം അനുഭവിക്കുന്നു." ഇതിനു സദൃശമായാണ് ഗുരു സമൂഹത്തിന്‍റെ ഉന്നമനത്തെ കാണുന്നത്. ലൗകികവും ആത്മീയവുമായ എല്ലാ പ്രവർത്തനങ്ങളെയും ഏകോപിപ്പിക്കുക എന്ന ദർശനമാണ് ഗുരു വിഭാവന ചെയ്യുന്നത്. ഇനിയും ഗുരുവിന്‍റെ ഈ ദർശനം വേണ്ടപോലെ ചർച്ച ചെയ്യപ്പെട്ടിട്ടില്ല. ഗുരുദർശനങ്ങൾ എന്നു പറയുന്നത് തെറ്റാണെന്നു ചിലർ എഴുതി കാണാറുണ്ട്. ദർശനങ്ങൾ എന്നാൽ കാഴ്ചകൾ അല്ലെങ്കിൽ ആശയങ്ങൾ എന്നാണ് അർത്ഥമാക്കേണ്ടത്. ഒരു തത്വശാസ്ത്രസ്കൂള (philosophical school)ല്ല ഇവിടെ ദർശനം എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്. സവിശേഷമായ ഉൾക്കാഴ്ചയോടെ ഒരു വിഷയത്തിലേക്ക് കടന്നു ചെല്ലുമ്പോഴാണ് ചരിത്രത്തിനു അപരിചിതമായ നിരീക്ഷണവും ആശയവും ലഭിക്കുന്നത്. ഗുരു പലപ്പോഴും ഇത്തരം നിരീക്ഷണങ്ങളിലൂടെയാണ് കടന്നുപോയിട്ടുള്ളത്. പല മതസാരവും ഏകം എന്നു പറയുന്നത് ഗുരുവിന്‍റെ ഒരു ദർശനമാണ്. അതുപോലെ ഒരു ദർശനമാണ് ഒരു ജാതി, ഒരു മതം, ഒരു ദൈവം. ജീവന്മുക്തിയാണ് മതമെന്നു പറയുന്നത് മറ്റൊരു ദർശനമാകുന്നു. ദൈവം സൃഷ്ടിയും സ്രഷ്ടാവും സൃഷ്ടിജാലവുമാണ് എന്നു പറയുന്നതും ദർശനമാണ്. ഇതെല്ലാം ചേരുന്നതാണ് ഗുരുദർശനങ്ങൾ. ഇവിടെ ഗുരു ഭൗതികവും ആത്മീയവുമായ സകലവിധ ഏർപ്പാടുകളുടെയും ഏകോപിപ്പിച്ചുള്ള പ്രവൃത്തി വേണമെന്നു ആവശ്യപ്പെടുന്നു. ഇതിനു പിന്നിൽ ഒരു ലോകവീക്ഷണമുണ്ട്. മനുഷ്യൻ ഒന്നിന്‍റെയും അധികം (excess) എടുക്കാൻ പോകരുത്. ആത്മീയത എന്ന കേട്ട ഉടനെ ഗുഹയിൽ പോയിരിക്കരുത്. മനുഷ്യരിൽനിന്നു ഒഴിഞ്ഞോടുന്നതല്ല ആത്മീയത. ഗുരു അത് കാണിച്ചു തന്നിട്ടുണ്ട്. ആത്മീയത മനുഷ്യന്‍റെ സദ്ഭാവനകളുടെ സമഗ്രമായ ആവിഷ്കാരമാണ്. അതിലാണ് സന്യാസമുള്ളത്. ഭൗതികവാദിയാണെന്നു വാദിച്ചുകൊണ്ട് ആരെയും ദ്രോഹിച്ചു സുഖം തേടാൻ പോകരുത്. അമിത സുഖം ആപത്താണ്. ജീവിതത്തിൽ വലിയ സുഖമൊന്നും കിട്ടാൻ പോകുന്നില്ല. എല്ലാം ക്രമേണ ക്ഷയിക്കുന്നതാണ്. അതുകൊണ്ടു എല്ലാറ്റിന്‍റെയും വിനിയോഗത്തിലുള്ള നിയന്ത്രണം, പ്രവൃത്തിയുടെ സമ്പദ് വ്യവസ്ഥ (economy of activity), നിയന്ത്രണങ്ങളോടെയുള്ള ഉപയോഗം പാലിക്കണം.അതിലാണ് സാമൂഹികമായ ആത്മീയത പരിപാലിക്കപ്പെടുന്നത്.

സഹോദരൻ അയ്യപ്പൻ എഴുതിയ 'മതം എന്താണ്?' എന്ന ലേഖനം ഈ ഗ്രന്ഥത്തിലുണ്ട്. സർവ്വ മതസമ്മേളനത്തിൽ ചെയ്ത പ്രസംഗമാണ്. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്നു ഗുരു ഉപദേശിച്ചതിനെ അയ്യപ്പൻ വ്യാഖ്യാനിക്കുന്നത് ഇങ്ങനെയാണ്: " മതം മനുഷ്യനു നന്നാകാനുള്ള ഏർപ്പാടാണെന്നും എല്ലാ മതങ്ങളിലും മനുഷ്യനു നന്നാകാനുള്ള ഉപദേശങ്ങൾ ഉണ്ടെന്നും ഓരോ മതത്തിലെയും ആ ഉപദേശങ്ങൾ അനുഷ്ഠിക്കുന്ന പക്ഷം ഏതു മതം എടുക്കുന്നതിനും വിരോധമില്ലെന്നുമായിരിക്കണം മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ഉപദേശത്തിന്‍റെ അർത്ഥം.

സ്വാമി ഏർണസ്റ്റ് കർക്ക്, ജോൺ സ്പിയേഴ്സ്, സ്വാമി ശാശ്വതികാനന്ദ, കെ.എൻ. ഇബ്രാഹിം മൗലവി, സി. കെ.ജേക്കബ് തിരുമേനി, വിദ്യാനന്ദ തീർത്ഥപാദർ,സുകുമാരൻ പൊറ്റെക്കാട്, സ്വാമി സമ്പൂർണാനന്ദ, സി.ആർ. കേശവൻ വൈദ്യർ, എം.കെ.കുമാരൻ, പ്രൊഫ.പി.എസ്. വേലായുധൻ, എം.സി. ജോസഫ്, കർദ്ദിനാൾ ഡോ. ജോസഫ് പാറേക്കാട്ടിൽ, പി.കെ. വേലായുധൻ, ഡോ. കെ.എം. തരകൻ, പി.കെ.ഗോപാലകൃഷ്ണൻ, തുടങ്ങിയവർ വിവിധ കോണുകളിൽക്കൂടി ഗുരുവിന്‍റെ മതസമന്വയ നീതിസാരത്തെ അന്വേഷിക്കുന്നത് കൗതുകമുണർത്തും.

ആലുവയിൽ ചേർന്ന സർവമതസമ്മേളനം ഒരു മഹാഗാഥയാണ്. അത് പല വഴികളിലൂടെ, പല സമ്മേളനങ്ങളിലൂടെ വളരുകയാണ് ചെയ്തത്. അത് ഇപ്പോഴും സമൂഹത്തിന്‍റെ വിവിധ മേഖലകളിലൂടെ പ്രസരിച്ചുക്കൊണ്ടിരിക്കുന്നു, പുതിയ അർത്ഥങ്ങൾ തേടുന്നു.

ത്രൈകാലിക മഹത്വം

സമ്മേളനത്തിന്‍റെ നൂറാം വർഷം പ്രമാണിച്ച് വത്തിക്കാനാലാണ് ശിവഗിരി മഠം വലിയൊരു യോഗം സംഘടിപ്പിച്ചത്. അവിടെ ഫ്രാൻസിസ് മാർപ്പാപ്പയുടെ സാന്നിധ്യമുണ്ടായിരുന്നു. മാർപ്പാപ്പ ഗുരുദർശനത്തെ ആഴത്തിൽ തൊട്ടു സംസാരിച്ചു. സമ്മേളനത്തിൽ ഗുരുദർശനത്തെക്കുറിച്ച് ചർച്ച ചെയ്യപ്പെട്ടു. ആ ഒത്തുചേരൽ ചരിത്രത്തിനു ഒരു ചില്ലുജാലകം സമ്മാനമായി നല്കുകയാണ് ചെയ്തത്. മതങ്ങളുടെ ഏകത്വത്തെക്കുറിച്ച് ആദ്യമായി സംസാരിച്ചത് ഗുരുവാണെന്നു സച്ചിദാനന്ദ സ്വാമി 'ഗുരുദർശനത്തിന്‍റെ അപൂർവ്വത' എന്ന ലേഖനത്തിൽ സ്ഥിരീകരിക്കുന്നുണ്ട്. തുടർന്നു സ്വാമി ഗുരുവിന്‍റെ ഏകലോകദർശനത്തെക്കുറിച്ച് പ്രതിപാദിക്കുന്നു. ചിക്കാഗോയിലെ സമ്മേളനത്തിൽ മതസമന്വയത്തെക്കുറിച്ചും മതത്തിന്‍റെ ഏകതയെക്കുറിച്ചും ആരും ഒന്നും സംസാരിച്ചില്ല എന്നു സ്വാമി അഭിപ്രായപ്പെടുന്നു. "നിങ്ങളെല്ലാം ഒരേ ഒരു ഈശ്വരസത്യം. എല്ലാവരും ഈശ്വരാംശങ്ങളാണ്. ഒരു പീഡ എറുമ്പിനുപോലും വരുത്താതെ ജീവിക്കണം എന്നു ഉദ്ബോധിപ്പിക്കുകയാണ്. മതമല്ല വലുത്, മനുഷ്യനാണ് വലുത് എന്നു പ്രഖ്യാപിച്ചുകൊണ്ട് ഗുരു നൽകിയ ആ ഏകലോകദർശനം ലോകത്തിനു ഇന്നു ആവശ്യമാണ് " - സ്വാമി എഴുതുന്നു.

ഗുരുവിന്‍റെ മതദർശനത്തെയും ഏകലോക സംസ്കൃതിയെയും കുറിച്ച് വിവരിക്കുന്ന ഒരു പ്രത്യേക ഭാഗം ഈ ഗ്രന്ഥത്തിന്‍റെ ആഴം വർധിപ്പിക്കുന്നു. സുകുമാർ അഴീക്കോട്, സ്വാമി ശുഭാംഗാനന്ദ, സ്വാമി ശാരദാനന്ദ, ജോയി വാഴയിൽ, സ്വാമി വിവിക്താനന്ദ സരസ്വതി, ഡോ.കെ. പ്രശോഭൻ, എം.കെ. ഹരികുമാർ തുടങ്ങിയവർ എഴുതിയിരിക്കുന്നു. സുകുമാർ അഴീക്കോടിന്‍റെ വാക്കുകൾ: "ആത്മസുഖം പരസുഖവിപരീതമാകരുത്. ഈ ആശയത്തിലാണ് 'മതമീമാംസ'യിലെ അന്ത്യപദ്യം വിശ്രമിക്കുന്നതെന്നു കാണുക. ഇതത്രേ എല്ലാ മതങ്ങളിലും അന്തർഭൂതമായ ഏകമതസാരം." 'വിശ്വമതാദർശം' എന്ന ഗ്രന്ഥം സുകുമാർ അഴീക്കോട് പറയുന്നതുപോലെ 'ത്രൈകാലിക മഹത്വം' നേടിയ ഗുരുവിന്‍റെ പാതയിൽ നല്ലൊരു ഓർമ്മപ്പൂവാണ്. പാരമ്പര്യത്തിന്‍റെ സത്തയെ കൈവിടാതെ തന്നെ ഗുരു വർത്തമാനകാലത്തിലെ അനീതിയോടു കലഹിക്കുകയും നീതി നടപ്പിൽ വരുത്തുകയും ചെയ്തു. അതോടൊപ്പം ഗുരു ഭാവിയുടെ നാദമാവുകയും ചെയ്തു.ഈ ഗ്രന്ഥം അതിന്‍റെ വ്യാപ്തി ബോധ്യപ്പെടുത്തുകയാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com