മനുഷ്യൻ മരിച്ചിട്ടില്ല

ഹിറ്റ്ലറുടെ കൂട്ടക്കൊല ക്യാംപുകളിൽ നിന്ന് രക്ഷപ്പെട്ടവർക്ക് ശരിയായ മനോനില കൈവരിക്കാൻ പ്രയാസമായിരിക്കും. അത്രയ്ക്കും പേടിപ്പിക്കുന്ന അന്തരീക്ഷമാണിവിടെ
മനുഷ്യൻ മരിച്ചിട്ടില്ല
മനുഷ്യൻ മരിച്ചിട്ടില്ല
Updated on

ഹിറ്റ്ലറുടെ കോൺസെൻട്രേഷൻ ക്യാംപുകളെക്കുറിച്ച് കേൾക്കാത്തവരില്ല. ദശലക്ഷക്കണക്കിനാളുകള പീഡിപ്പിച്ചു കൊന്ന സ്ഥലമാണത്. അവിടെനിന്ന് രക്ഷപ്പെട്ട ഒരു ഓസ്ട്രിയൻ മനഃശാസ്ത്രജ്ഞനും ന്യൂറോളജിസ്റ്റുമായ വിക്റ്റർ ഇ ഫ്രാങ്ക്ൽ ഇന്ന് ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാണ്. അദ്ദേഹത്തിന്‍റെ മാതാപിതാക്കളെ ഹിറ്റ്ലർ വധിക്കുകയായിരുന്നു. ഇരുൾ മൂടിയ ഒരുകാലത്ത് മനസിൽ എങ്ങനെയാണ് പ്രകാശം നിലനിർത്തിയതെന്ന് പ്രതിപാദിക്കുന്ന ഒരു പുസ്തകം എഴുതിട്ടുണ്ട് ഫ്രാങ്ക്ൽ:- മാൻസ് സെർച്ച് ഫോർ മീനിങ്. മനുഷ്യൻ ജീവിതത്തിൽ ഒരർഥം കണ്ടെത്താൻ വിധിക്കപ്പെട്ടിരിക്കുന്നു. അർഥമില്ലാതാവുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ കഷ്ടപ്പെടും. നരേന്ദ്ര പ്രസാദിന്‍റെ നോവലിന്‍റെ പേര് "അലഞ്ഞവർ അന്വേഷിച്ചവർ' എന്നാണല്ലോ. മാൻസ് സെർച്ച് ഫോർ മീനിങ്ങി'നു ശേഷം ഫ്രാങ്ക്‌ലിന്‍റെ മറ്റൊരു പുസ്തകം കൂടി പുറത്തു വന്നു: യെസ് ടു ലൈഫ് - ഇൻ സ്പൈറ്റ് ഓഫ് എവരിതിങ്. ഇത് അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങളുടെ സമാഹാരമാണ്.

ഹിറ്റ്ലറുടെ കൂട്ടക്കൊല ക്യാംപുകളിൽ നിന്ന് രക്ഷപ്പെട്ടവർക്ക് ശരിയായ മനോനില കൈവരിക്കാൻ പ്രയാസമായിരിക്കും. അത്രയ്ക്കും പേടിപ്പിക്കുന്ന അന്തരീക്ഷമാണിവിടെ. ജീവന്‍റെ വില അറിയുന്ന നിമിഷങ്ങൾ മനസിനെ ഭയപ്പെടുത്തിക്കൊണ്ടിരിക്കും. ഒരിറ്റു ജീവനു വേണ്ടി നിലവിളിക്കുന്ന സന്ദർഭത്തിന്‍റെ ആഴം അനുഭവിച്ചവർക്ക് അതിനെക്കുറിച്ച് പറയാൻ കഴിഞ്ഞേക്കും, സംസാരശേഷി നശിച്ചു പോയില്ലെങ്കിൽ. വയനാട് ദുരന്തത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും ടിവിയിലും മൊബൈലിലും കണ്ടവരുടെ മനസിനെ അതെന്നും അസ്വസ്ഥപ്പെടുത്തും. മനുഷ്യരുടെ സഹായം അരികിലുണ്ടെന്ന വിശ്വാസമാണ് പലരുടെയും ഹൃദയം തകരാതെ നിലനിർത്തിയിരിക്കുന്നത്. വാക്കുകൾക്ക് ഒരു വിലയുമില്ലാത്ത സന്ദർഭങ്ങൾ. ജീവന്‍റെ വില എത്രയാണ്? ജീവിക്കുന്നതാണോ വില? മണ്ണിനടിയിൽ നിന്ന് രക്ഷപ്പെട്ടവർക്ക് ഇനി ഛന്ദസ് വേണമെന്ന് തോന്നില്ല. അവർ പ്രകൃതിയിൽ വിശ്വസിക്കാൻ ഭയക്കും. ആരും തുണയില്ലാത്ത ആ നിമിഷങ്ങളിൽ മനുഷ്യനിർമിതമായ എല്ലാ ശാസ്ത്രങ്ങളും കണ്ടുപിടുത്തങ്ങളും ബന്ധങ്ങളും പരാജയപ്പെടുകയായിരുന്നു.

വസന്തം മറഞ്ഞിരിക്കുന്നു

ജീവിക്കാൻ ആഗ്രഹിക്കുന്ന ജീവന്‍റെ വേദന എത്ര ഭയപ്പെടുത്തുന്നതായിരിക്കും. ജീവിതം ഒരു കെണിയാണെന്നും വിചാരിച്ചത് പോലെയല്ല കാര്യങ്ങളെന്നും പറയുന്ന കവികളുണ്ട്. അത് ന്യായമാണ്. ജീവിതം ഒരു തെറ്റായ പ്രതിഭാസമാണോ? ഈ ലോകത്ത് മനുഷ്യൻ വന്നത് എന്തെങ്കിലും തെറ്റ് ചെയ്തതിന്‍റെ ശിക്ഷയുടെ ഫലമായിട്ടാണോ? കാഫ്കയുടെ കൃതികളിൽ കാണുന്നത് പോലെയുള്ള ഒരു അസന്തുഷ്ടി, ഭയം, കാരണമില്ലാത്ത ആകുലത, ചുറ്റിത്തിരിയിൽ മനുഷ്യർ അനുഭവിക്കുന്നു. ആരുടെയെങ്കിലും ജീവിതം ധന്യമാണോയെന്ന് കെ.പി. അപ്പൻ ഒരു സ്വകാര്യ സംഭാഷണത്തിൽ ചോദിച്ചത് ഓർക്കുകയാണ്. എല്ലാവരും ഉള്ളിൽ അലയുകയായിരുന്നു. വാർധക്യം അല്ലെങ്കിൽ അന്ത്യകാലം എല്ലാവരെയും നോവിക്കുകയും കരയിക്കുകയും ചെയ്യും. ഇതൊക്കെ അറിയാമെങ്കിലും ജീവിതത്തിൽ ഒരു വസന്തം മറഞ്ഞിരിക്കുന്നത് പോലെയാണ് നാം ജീവിക്കുന്നത്. ചിതറിയ ലൗകികാവസ്ഥകൾ ജീവിതത്തെ സ്നേഹിക്കുകയാണ്. രോഗാവസ്ഥയിലും സ്വപ്നം കാണുകയാണ്. രോഗത്തെ, പരാജയത്തെ, തിരിച്ചടികളെ മറികടക്കാൻ സകല ശക്തിയുമുപയോഗിക്കാൻ നാം തയ്യാറാവും.

ഫ്രാങ്ക്‌ലിന്‍റെ പുസ്തകം പറയുന്നത്, എല്ലാം നഷ്ടങ്ങളുടെ നടുവിലും മനോവേദനകളിലും അനുഭവങ്ങളിലും അസുഖകരമായ സംഭവങ്ങൾക്കിടയിലും ഒരു പുതിയ മാനവികതയ്ക്കായി പ്രയത്നിക്കണമെന്നാണ്. മനുഷ്യൻ എന്താണോ അതിനിപ്പോഴും പ്രസക്തിയുണ്ട്. മനുഷ്യൻ മരിച്ചിട്ടില്ല. അവൻ പതനങ്ങളിൽ നിന്ന് ഉയർത്തെഴുന്നേറ്റുകൊണ്ടിരിക്കും. അവന്‍റെ നിഴൽ പോലെ പരാജയങ്ങൾ പിന്തുടരുന്നുണ്ടാവും. അപ്പോഴും അവൻ പുതിയ മനുഷ്യത്വത്തെക്കുറിച്ച് ചിന്തിക്കുന്നു, സ്വപ്നം കാണുന്നു. മറ്റുള്ളവരെ സഹായിക്കാൻ നാം സന്മനസ് കാട്ടുന്നു. ദുരന്തമേഖലയിലെ ജനങ്ങൾക്ക് ലോകത്തിന്‍റെ വിവിധ ഇടങ്ങളിൽനിന്ന് സഹായം പ്രവഹിക്കുന്നു. ഇതാണ് ഫ്രാങ്ക്ൽ പറയുന്ന പുതിയ മാനവിത. മനുഷ്യൻ മരിച്ചിട്ടില്ല എന്ന് തെളിയിക്കപ്പെടുകയാണ്.

നമുക്ക് മനുഷ്യരെ വേണം. ആരുമില്ലാത്ത ഒരു നഗരത്തിൽ നമ്മൾ ഒരാൾ മാത്രമായാൽ ആത്മഹത്യ ചെയ്തുപോകും. മറ്റുള്ളവരുണ്ടെങ്കിലേ അപ്രഖ്യാപിതമായ രാഗത്തിന്‍റെ ദ്വേഷവും പിണക്കവും അനുരാഗവും പുറത്തെടുക്കാനാവൂ. നമുക്ക് പിണങ്ങാനും പ്രേമിക്കാനും മനുഷ്യവംശം തന്നെ വേണം. നെരൂദയുടെ "ഹൈറ്റ്സ് ഓഫ് മാച്ചു പിച്ചു' വായിക്കാൻ മനുഷ്യരെ വേണം. ഷേക്സ്പിയറിന്‍റെ "മാക്ബത്ത്' വായിക്കാൻ പഠിതാക്കളെ വേണം. മനുഷ്യരാശി ജീവിക്കുന്നത് കല സൃഷ്ടിക്കാനാണെന്ന് റഷ്യൻ സംവിധായകനായ ആന്ദ്രേ താർക്കോവ്സ്കിയുടെ "സ്റ്റാക്കർ' എന്ന സിനിമയിലെ ഒരു കഥാപാത്രം പറയുന്നുണ്ട്. ആ കല എന്നത് സാഹിത്യം മാത്രമല്ല;മാനവികതയുടെ വിവിധ പ്രകടനങ്ങളാണ്. തമ്മിൽ തല്ലു പിടിക്കുമ്പോഴും മനുഷ്യന്‍റെ അടിത്തട്ടിൽ മാനവികതയുണ്ട്. അത് വീണ്ടെടുക്കാനാണ് ഫ്രാങ്ക്ൽ പറഞ്ഞത്.

ആ കുട്ടികളെ

രക്ഷപ്പെടുത്തിയത്

വിധി നമ്മുടെ നിയന്ത്രണത്തിലല്ലെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. അസ്തിത്വപരമായ ഒരു സത്യം അവശേഷിക്കുന്നുണ്ട്. കിട്ടിയ ജീവിതം കൊണ്ട് എന്ത് ചെയ്തു എന്നതിനാണ് അർഥം; നമ്മുടെ അറിവില്ലാതെ എന്ത് സംഭവിച്ചു എന്നതിനല്ല. വയനാട്ടിൽ ദുരന്തമുണ്ടായ സ്ഥലത്തിനടുത്ത്, ഒരു പാറയിടുക്കിൽ ഭയപ്പെട്ടു കഴിഞ്ഞ നാല് ആദിവാസി കുട്ടികളെ വനപാലകർ രക്ഷപ്പെടുത്തിയത് എന്ത് സുന്ദരമായ കാഴ്ചയായിരുന്നു! അവർ ജീവിതത്തിലേക്ക് കടന്നുവരികയാണ്. അവരുടെ ബന്ധുക്കൾ തന്നെയാണ് ആ ഉദ്യോഗസ്ഥർ. അവർ ജോലി ചെയ്തത്, കിട്ടിയ ജീവിതം കൊണ്ട് എന്ത് ചെയ്തു എന്നതിന് തെളിവാണ്. രാഷ്‌ട്രീയമോ മതമോ ജാതിയോ ബന്ധമോ ഒന്നും വേണ്ട ദയ കാണിക്കാൻ. സ്നേഹത്തിന്‍റെ ഏറ്റവും ഉന്നതമായ മുഖമാണ് ദയ. അത് അർഹിക്കുന്നവരുണ്ട്. അവർക്ക് അത് കൊടുക്കുമ്പോഴാണ് പുതിയ മാനവികതയുണ്ടാകുന്നത്. തീർച്ചയായും, തിന്മകൾ ഒഴിഞ്ഞു പോകില്ല. നെഗറ്റീവ് തരംഗം എപ്പോഴുമുണ്ട്. മനസിന്‍റെ അടിത്തട്ടിൽ പൂട്ടി വച്ചിരിക്കുന്ന ദയ ഉരുൾപൊട്ടുന്നത് പോലെ പുറത്തേക്ക് വരികയാണ്.

ജീവിതത്തിന്‍റെ അർഥത്തെക്കുറിച്ച് ഫ്രാങ്ക്ൽ ഇങ്ങനെ പറയുന്നു: "ജീവിതം എന്നാൽ ചോദ്യം ചെയ്യപ്പെടുക, ഉത്തരം നൽകുക എന്നാണർഥം. ഓരോ വ്യക്തിയും സ്വന്തം നിലനിൽപ്പിന് ഉത്തരവാദിയാണ്. ജീവിതം നമുക്ക് ഭദ്രമായി നൽകപ്പെട്ടതല്ല; അത് നമ്മളിലേക്ക് വന്നതാണ്. ഓരോ നിമിഷത്തിലും അത് ഒരു ഭാരമാണ്. അത് അർഥവത്തായിത്തീരുക എന്നാൽ കൂടുതൽ ഭാരം വഹിക്കുക എന്നാണ് അർഥമാക്കേണ്ടത്. ഒരു പർവതാരോഹകനെ, കളിക്കാരനെ നോക്കൂ. അവർ ജീവിതത്തിൽ കഠിനമായ ജോലി ഏറ്റെടുക്കുകയാണ്. ഒരു പർവതാരോഹകൻ തന്‍റെ കയറ്റത്തിനിടയിൽ മറ്റൊരു വലിയ പാറ കാണുമ്പോൾ അവൻ സന്തോഷിക്കുകയാണ്. അതാണ് അവന്‍റെ കർമത്തിലെ വ്യത്യസ്തത. ജീവിതം വെറുമൊരു സംഭവമല്ല; ഒരു പ്രകടനമല്ല. അത് മറ്റെന്തെങ്കിലും ചെയ്യുന്നതിനുള്ള സുവർണാവസരമാണ്. അതുകൊണ്ട് ജീവിതഭാരതത്തെ കിട്ടിയ അവസരമായി കണ്ട് നേരിടണമെന്നാണ് ഫ്രാങ്ക്‌ലിന്‍റെ നിർദേശം. അദ്ദേഹം ഇരുട്ടറയിൽ നിന്ന് മടങ്ങിവന്നവനാണല്ലോ. പ്രമുഖ തത്ത്വചിന്തകനായ ഇമ്മാനുവൽ കാന്‍റിന്‍റെ ഒരു വാക്യം അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്: "നിങ്ങൾ ജീവിച്ച ജീവിതം രണ്ടാമത് ജീവിക്കുകയാണെന്ന് സങ്കൽപ്പിച്ച് ജീവിക്കുക. ആദ്യം ജീവിച്ചത് തെറ്റായ രീതിയിലാണെന്ന് തിരിച്ചറിയുകയും വേണം'.

പരിമിതി ഒരു കുറവല്ല

ജീവിതത്തെ ഇനിയും എഴുതിതള്ളാൻ വരട്ടെ എന്ന് ചിന്തിക്കുന്നതാണ് നല്ലത്. പലതും ഇനിയും പിടികിട്ടാനുണ്ട്. നിഷെയുടെ "തസ് സ്പേക്ക് സരതുസ്ത്ര'യിൽ നിന്ന് തോമസ് ഫ്രീഡ്മാന്‍റെ "വേൾഡ് ഈസ് ഫ്ളാറ്റ് "എന്ന ഗ്രന്ഥത്തിലെത്തുമ്പോൾ ലോകം വളർന്നു എന്നാണ് മനസിലാക്കേണ്ടത്. സാർത്രിന്‍റെ "വാട്ട് ഈസ് ലിറ്ററേച്ചർ' എന്ന കൃതിയിൽ നിന്ന് നോവാ ഹരാരിയുടെ "ടൊന്‍റി വൺ ലെസൻസ് ഫോർ ടൊന്‍റി ഫസ്റ്റ് സെഞ്ച്വറി' എന്ന കൃതിയിലെത്തുമ്പോൾ പല സംജ്ഞകളും പുതുക്കപ്പെടുന്നു. ജീവിതം കൂടുതൽ അനാവരണം ചെയ്യപ്പെടുകയാണ്. ഭാര്യയെ കഴുത്തറുത്ത് കൊല്ലുന്ന ഭർത്താവിന്‍റെ പത്രവാർത്തയിൽ നിന്ന് ചെളിമണ്ണിൽ പകുതി ജീവനുമായി കിടന്ന ഒരാളെ രക്ഷാപ്രവർത്തകർ പൊക്കിയെടുത്ത് ആംബുലൻസിൽ കയറ്റുന്നത് കാണുമ്പോൾ ലോകം വളരുകയാണ്; ഞെട്ടിക്കുന്ന രീതിയിലുള്ള വളർച്ചയാണിത്.

ഫ്രാങ്ക്ൽ പറയുന്നു: "നശ്വരമായ ജീവിതം, സമയപരിമിതിയുള്ള ജീവിതം (മരണം വളരെ ദൂരെയാണെങ്കിലും) എന്ന നിലയിൽ മാത്രമല്ല ജീവിതം അർഥപൂർണമാകുന്നത്. മറ്റൊരാളോടുള്ള നശ്വരമായ ബന്ധം ജീവിതത്തെ അർഥശൂന്യമാക്കുകയല്ല, അർഥവത്താക്കുകയാണ്. ഇത് നമ്മുടെ അർഥപൂർണതയാണ്. നമ്മുടെ ആന്തരികമായ പരിമിതികൾ മനുഷ്യരുടെ വ്യത്യസ്ത സ്വഭാവിശേഷങ്ങളിൽ കാണാവുന്നതാണ്'. എന്നാൽ അവരുടെ ഈ അപൂർണതയെക്കുറിച്ചുള്ള ബോധം യഥാർഥത്തിൽ ന്യായമായി നിലനിൽക്കുന്നില്ലെന്നാണ് അദ്ദേഹം തുടർന്ന് പറയുന്നത്. എന്തെന്നാൽ നിരാശയുണ്ടാകാൻ കാരണം അവർ വേറൊരു ആദർശവുമായി ജീവിതത്തെ ബന്ധപ്പെടുത്തി ചിന്തിച്ചത് കൊണ്ടാണ്. അവർക്ക് കിട്ടിയ ജീവിതത്തിന്‍റെ തൽസമയമുള്ള മൂല്യം അവർ കാണുന്നില്ല. ഒരു വ്യക്തിയുടെ പരിമിതിയെ ഒരു കുറവായി കാണേണ്ടതില്ല. കാരണം, അവൻ ഒരു സമൂഹത്തിലാണ് ജീവിക്കുന്നത്. അവന്‍റെ പരിമിതികൾ ഒരു സമൂഹത്തിൽ ചേരുന്നതോടെ അതുല്യമായ ഒരു ഗുണവിശേഷമായി മാറുകയാണ്.

യാതനയ്ക്ക് അർഥമുണ്ട്

ജീവിതത്തിന് അർഥമുണ്ടെങ്കിൽ യാതനയ്ക്കും അർഥമുണ്ട്. ജീവിതം സമ്പൂർണമായ സുഖത്തിനായി സൃഷ്ടിക്കപ്പെട്ടതല്ല. അങ്ങനെയാകാനും സാധ്യമല്ല. ഓരോ വ്യക്തിയുടെയും ഭിന്നമായ മനസും പെരുമാറ്റവുമാണ് സൗന്ദര്യമുണ്ടാക്കുന്നത്, അത് പലപ്പോഴും അസുഖകരമാകുമെങ്കിലും. യാതന നമ്മെ കൂടുതൽ കരുത്തുള്ളവരാക്കുകയാണ്. ഇരുമ്പ് പഴുപ്പിക്കുമ്പോൾ അതിലെ മാലിന്യം നീക്കം ചെയ്യപ്പെടുകയാണല്ലോ. അങ്ങനെ ഇരുമ്പ് കൂടുതൽ കരുത്ത് നേടുന്നു. മനുഷ്യമനസ് അങ്ങനെയാണ്. യാതനകളുടെ ഫലമായി വീണ്ടു കീറിയ മനസ് ഒന്നായി ഉരുകിച്ചേരുന്നു. പിന്നീടത് മുറിക്കാനാർക്കും കഴിയില്ല. നമ്മുടെ ചെറിയ ആത്മീയ ജീവിതത്തിൽ നാം എങ്ങനെയാണ് പഴയ കാലവുമായി സ്നേഹിച്ചും ഉടക്കിയും കഴിയുന്നതെന്ന് ഫ്രാങ്ക്ൽ വിശദീകരിക്കുന്നു. സത്യസന്ധമായി ചോദിച്ചാൽ, ഭൂതകാലത്തിലെ വേദനിപ്പിക്കുന്ന അനുഭവങ്ങൾ പൂർണമായി തുടച്ചു മാറ്റണമെന്ന് ആരെങ്കിലും സമ്മതിക്കുമോ? സ്നേഹത്തിന്‍റെ കാലങ്ങളിലെ വേദനിപ്പിക്കുന്ന അനുഭവങ്ങൾ നാം ഉപേക്ഷിക്കണമോ എന്നെന്നേക്കുമായി?

ഒരിക്കലുമില്ല. നമുക്ക് ആ നൊമ്പരങ്ങൾ വേണം. അത് ഒരു വിഷാദഗാനം പോലെ, സമയം കിട്ടുന്ന മുറയ്ക്ക് നമ്മെ ഓർമകളിൽ ആശ്വസിപ്പിച്ചു കൊണ്ടിരിക്കുകയാണ്. വാസ്തവത്തിൽ, ഈ സന്തോഷരഹിത കാലങ്ങളിലൂടെ നാം പക്വത നേടുകയായിരുന്നു, വളരുകയായിരുന്നു എന്ന് മനസിലാക്കുന്നതാണ് ഉചിതം. മനുഷ്യത്വത്തിനു മരണമില്ല.

Trending

No stories found.

Latest News

No stories found.