3 വര്‍ഷം, 10 ലക്ഷം വീടുകളിലേക്ക് പുസ്തകം

15,000 സെക്രട്ടറിമാര്‍ക്കും ലൈബ്രേറിയര്‍ക്കും അപകട ഇന്‍ഷ്വറന്‍സ്, ലൈബ്രറികളില്‍ പൂര്‍ണ ഡിജിറ്റൈസേഷന് ലൈബ്രറി കൗണ്‍സിൽ ബജറ്റ്
Book in library with open textbook
Book in library with open textbookFreepik.com

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മൂന്നു വര്‍ഷം കൊണ്ട് 10 ലക്ഷം വീടുകളില്‍ പുസ്തകമെത്തിക്കാനുള്ള പദ്ധതിയുമായി സംസ്ഥാന ലൈബ്രറി കൗണ്‍സിൽ. ഇതിനായി വീട്ടിലേക്കൊരു പുസ്തകം പദ്ധതിയും സംസ്ഥാനത്തെ എല്ലാ ലൈബ്രറികളിലേയും സെക്രട്ടറിമാര്‍ക്കും ലൈബ്രേറിയന്‍മാര്‍ക്കും അപകട ഇന്‍ഷ്വറന്‍സ് നടപ്പിലാക്കുന്നതും ഉള്‍പ്പെടെയുള്ള പദ്ധതികളാണ് സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍റെ 2024-25ലെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ചർച്ചകൾക്ക് ശേഷം ബജറ്റ് പാസാക്കി.

ലൈബ്രറി സെക്രട്ടറിമാര്‍ക്കും ലൈബ്രേറിയന്‍മാര്‍ക്കും ഇന്‍ഷ്വറന്‍സ് ഏര്‍പ്പെടുത്തുമ്പോള്‍ 15,000 പേര്‍ക്കാണ് ഗുണം ലഭിക്കുക. ലൈബ്രറികളുടെ ഗ്രേഡ് പരിഗണിക്കാതെ ലൈബ്രേറിയന്‍ അലവന്‍സ് ഏകീകരിക്കുകയും എ പ്ലസ്, എ, ബി, സി ഗ്രേഡ് ലൈബ്രറികളിലെ ലൈബ്രേറിയന്‍മാരുടെ അലവന്‍സ് 2,000 രൂപ വരെ വര്‍ധിപ്പിക്കാനും ബജറ്റില്‍ തീരുമാനമുണ്ട്.

ലൈബ്രറി പ്രവര്‍ത്തകരില്‍ പ്രായോഗിക പരിജ്ഞാനമില്ലാത്തവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ബുക്കുകളെയും ലൈബ്രറികളെയും സംബന്ധിച്ച വിവരങ്ങളടങ്ങിയ 'പബ്ലിക്' എന്ന ലൈബ്രറി മാനെജ്‌മെന്‍റ് സോഫ്റ്റ്‌വെയര്‍ ലൈബ്രറി കൗണ്‍സില്‍ യാഥാര്‍ഥ്യമാക്കി. ഇനി എല്ലാ ഗ്രന്ഥശാലകളിലും എംഎല്‍എ ഫണ്ടിലൂടെയും സിഎസ്ആര്‍ ഫണ്ടിലൂടെയും കൗണ്‍സില്‍ നേരിട്ടും കംപ്യൂട്ടര്‍ ലഭ്യമാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നും ലൈബ്രറി കൗൺസിൽ അറിയിച്ചു.

വിവര വിനിമയ രംഗത്ത് സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി ലൈബ്രറികളില്‍ ഡിജിറ്റൈസേഷന്‍ നടപ്പിലാക്കും. സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്‍റര്‍ ഡിജിറ്റൈസ് ചെയ്യും. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിനു കീഴില്‍ കോഴിക്കോടുള്ള ഉറൂബ് മ്യൂസിയം നവീകരിക്കുന്നതടക്കം പദ്ധതികളാണ് ബജറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കൗണ്‍സില്‍ യോഗത്തില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡന്‍റ് എ.പി. ജയന്‍ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്‍റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണന്‍, സെക്രട്ടറി വി.കെ. മധു, ജോയിന്‍റ് സെക്രട്ടറി മനയത്ത് ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ചര്‍ച്ചകള്‍ക്കു ശേഷം ബജറ്റ് കൗണ്‍സില്‍ യോഗം ഏകകണ്ഠമായി പാസാക്കി.

വാര്‍ഷിക ഗ്രാന്‍റില്‍ വര്‍ധന, മുതിര്‍ന്ന പൗരർക്ക് ഹാപ്പിനെസ് ഫോറം

ലൈബ്രറികളുടെ വാര്‍ഷിക ഗ്രാന്‍റില്‍ വര്‍ധന വരുത്തും. എ പ്ലസ്, എ, ബി, സി ഗ്രേഡില്‍പ്പെട്ട ലൈബ്രറികള്‍ക്ക് സ്‌പെഷല്‍ അലവന്‍സ് അനുവദിക്കും. ഗ്രഡേഷന്‍ പരിശോധന കര്‍ശനമാക്കും. ഗ്രന്ഥശാലകളിലെ ബാലവേദി, വനിതാവേദി പ്രവര്‍ത്തനം സജീവമാക്കും. വായനാ കൂട്ടങ്ങള്‍ എല്ലാ ഗ്രന്ഥശാലകളിലും രൂപികരിക്കും.

എസ്എസ്എല്‍സി, പ്ലസ് ടു കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്കായി ഗ്രന്ഥശാലകളില്‍ ഗൈഡന്‍സ് കോഴ്‌സ് സംഘടിപ്പിക്കും. മുതിര്‍ന്ന പൗരന്മാരുടെ കൂട്ടായ്മയായി ഹാപ്പിനെസ് ഫോറം രൂപീകരിക്കും. സാഹിത്യാഭിരുചിയുള്ള വിദ്യാര്‍ഥികള്‍ക്കായി ചില്‍ഡ്രന്‍സ് ലിറ്ററി ഫെസ്റ്റും ഗ്രന്ഥാലോകം പ്ലാറ്റിനം ജൂബിലി സമാപനത്തോടനുബന്ധിച്ച് സാംസ്‌കാരികോത്സവവും യുവ സാഹിത്യകാരന്‍മാര്‍ക്കായി എഴുത്ത്കൂട്ടവും സംഘടിപ്പിക്കും.

കുമാരനാശാന്‍ ചരമ ശതാബ്ദി വാര്‍ഷികാചരണം സാംസ്‌കാരിക വകുപ്പുമായി സഹകരിച്ചു സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് ജില്ലാ- താലൂക്ക് തലങ്ങളിലും ഗ്രന്ഥശാലാ തലത്തിലും വിവിധ പരിപാടികളും അവതരണങ്ങളും നടത്തും. കാഴ്ച പരിമിതരായ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ബ്രെയ്‌ലി - ശ്രവ്യ വായനമത്സരം സംഘടിപ്പിക്കും. ജയിലകളിലും ചില്‍ഡ്രന്‍സ് ഹോമിലും ഓര്‍ഫനേജുകളിലുമുള്ള ലൈബ്രറികള്‍ക്ക് പ്രത്യേക ഗ്രാന്റ് അനുവദിക്കുന്നതിനും സംസ്ഥാന ലൈബ്രറി കൗണ്‍സിൽ ബജറ്റില്‍ പണം നീക്കിവച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com