തലച്ചോറിൽ ചിപ്പ്; ജീവിതം സയൻസ് ഫിക്ഷനോ?

കർത്തൃത്വമാണ് ഇന്ന് ഇല്ലാതാകുന്നത്.
തലച്ചോറിൽ ചിപ്പ്; ജീവിതം സയൻസ് ഫിക്ഷനോ?

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‍റെ അതിനൂതനമായ സാങ്കേതികതയും മസ്തിഷ്കത്തിന്‍റെ കുതിച്ചു ചാട്ടവും മനുഷ്യനെക്കാൾ വലിയ ബുദ്ധികേന്ദ്രങ്ങളെ സൃഷ്ടിച്ചിരിക്കുന്നു. മനുഷ്യൻ അവന്‍റെ ജോലി യന്ത്രങ്ങളെ ഏൽപ്പിക്കുന്നതാണ് ഉത്തര- ഉത്തരാധുനികതയുടെ പുതിയ സാങ്കേതികശാസ്ത്രം. ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, റോബോട്ടിക് ശസ്ത്രക്രിയ, ഡ്രോൺ ക്യാമറകൾ തുടങ്ങിയവ മനുഷ്യനെക്കാൾ വലിയ അപരനെ സൃഷ്ടിച്ചിരിക്കുന്നു.

ലോകമുതലാളി എലോൺ മസ്കിന്‍റെ നേതൃത്വത്തിൽ ഗവേഷണം നടത്തി കണ്ടുപിടിച്ച ന്യൂറാലിങ്ക് മറ്റൊരു വഴിത്തിരിവാകുമോ എന്ന് ലോകം ഇപ്പോൾ ഉറ്റുനോക്കുകയാണ്. തലച്ചോറിനെയും മൊബൈൽഫോണിനെയും (കംപ്യൂട്ടറിനെയും) തമ്മിൽ ബന്ധിപ്പിക്കുന്ന സാങ്കേതിക വിദ്യയാണിത്. തലച്ചോറിനുള്ളിൽ ഒരു ചിപ്പ് ഘടിപ്പിക്കുന്നു. തലച്ചോറിലെ വിവിധതരം സിഗ്നലുകൾ ഇത് പിടിച്ചെടുക്കുന്നു. നമ്മൾ എന്താണോ ചിന്തിക്കുന്നത് അത് ഫോണിലേക്ക് കടത്തിവിട്ട് പ്രവർത്തിപ്പിക്കാൻ ഈ ചിപ്പ് സഹായിക്കുമത്രേ. രോഗികൾക്കും മറ്റും ഭാവിയിൽ ഇത് ഉപകാരപ്പെടുമെന്നാണ് മസ്ക് വെളിപ്പെടുത്തിയിരിക്കുന്നത്.

ഇപ്പോൾ ആദ്യമായി ഒരാളുടെ തലച്ചോറിൽ ചിപ്പ് ഘടിപ്പിക്കുന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി എന്നാണ് അറിയിച്ചിട്ടുള്ളത്. മനുഷ്യൻ നേരിട്ട് ഇടപെടാതെ അവന്‍റെ ആഗ്രഹങ്ങൾ, ചിന്തകൾ എന്നിവയിലൂടെ ഫോൺ പ്രവർത്തിപ്പിക്കുകയാണ് ലക്ഷ്യം. തലച്ചോറിന്‍റെ മറ്റു പ്രവർത്തനങ്ങളെ നിയന്ത്രിക്കാൻ കഴിയുന്ന തരത്തിലേക്ക് ഈ ചിപ്പ് വളരുമോ എന്ന് ഇപ്പോൾ പറയാനാവില്ല. പുരാണങ്ങളിൽ നമ്മൾ വായിച്ചതിന്‍റെ അതിഭൗതികമായ മനുഷ്യതലങ്ങൾ, അതിമാനുഷികമായ സിദ്ധികൾ സാങ്കേതിക വിദ്യയിലൂടെ സംഭവിക്കുകയാണോ എന്ന് സംശയിക്കുന്നതിൽ തെറ്റില്ല.

ഫോട്ടോഗ്രാഫർ മരിച്ചു

ജീവിതം ഇപ്പോൾ ഒരു യാഥാർഥ്യമെന്നതിലുപരി ഒരു സയൻസ് ഫിക്ഷ്നാവുകയാണ്. ശാസ്ത്രകഥകളിൽ അത്ഭുതകരമായ പല കണ്ടുപിടിത്തങ്ങളെക്കുറിച്ചും സൂചിപ്പിക്കാറുണ്ട്.പുതിയ നൂറ്റാണ്ടിൽ നമ്മുടെ കർത്തൃത്വം നഷ്ടപ്പെടുകയാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ കർത്തൃത്വത്തിനായിരുന്നു പ്രസക്തി. രഘു റായി എടുത്ത ഗംഗയുടെ ഫോട്ടോകൾ എന്ന് പറഞ്ഞാൽ കർത്തൃത്വമായി. ഷേക്സ്പിയർ എഴുതിയ മക്ബത്ത് എന്ന് പറഞ്ഞാലും കർത്തൃത്വത്തെയാണ് സൂചിപ്പിക്കുന്നത്.ഒരാൾ ചെയ്യുന്ന കർമ്മത്തിന്‍റെ അല്ലെങ്കിൽ സർഗാത്മക പ്രവർത്തനത്തിന്‍റെ കർത്തൃത്വം അയാൾക്ക് സ്വന്തമായിരുന്നു. "നക്ഷത്രാങ്കിതമായ രാത്രി'(ദ് സ്റ്റാറി നൈറ്റ്) വാൻഗോഗിന്‍റെ പേരിലേ അറിയപ്പെടൂ. എന്തെന്നാൽ വാൻഗോഗ് വരച്ചതാണത്. വാൻഗോഗിന്‍റെ മാത്രം ഭാവനയാണത്. മനുഷ്യവ്യക്തിയിൽ ഭാവന മറ്റൊരു ഗ്രഹം പോലെ പ്രവർത്തിക്കുന്നു. മനുഷ്യൻ ഒരു യാഥാർഥ്യം എന്നപോലെ അയാഥാർഥ്യവുമാണ്.അവൻ യാഥാർഥ്യങ്ങളെ തിരുത്തുന്നു,അതിൽ പലതും കൂട്ടിച്ചേർക്കുന്നു, മറ്റൊന്നാക്കുന്നു. ഈ കർത്തൃത്വമാണ് ഇന്ന് ഇല്ലാതായിരിക്കുന്നത്.

പുതിയൊരു ആധുനികതയാണിത്. കലാകാരന് കർത്തൃത്വമില്ലാതാകുന്നു എന്ന് മാത്രമല്ല അവന് അതീതമായ മേഖലകളിൽ കർത്തൃത്വമില്ലാതെ കലാസൃഷ്ടികൾ ഉണ്ടാവുകയാണ്. ഡ്രോൺ ഉപയോഗിച്ചെടുക്കുന്ന ഫോട്ടോകൾ അതിന്‍റെ ഏറ്റവും നല്ല ഉദാഹരണമാണ്. നഗരത്തിന്‍റെ, കാടിന്‍റെ,വിമാനത്താവളത്തിന്‍റെ, റെയിൽ ലൈനിന്‍റെ ആകാശ ഫോട്ടോകളെടുക്കുന്ന ഡ്രോൺ പുതിയൊരു അനുഭവമാണ് തരുന്നത്. ഇന്ന് വരെ നാം കണ്ടിട്ടില്ലാത്ത ദൃശ്യങ്ങൾ ഡ്രോൺ നൽകുന്നു. സിനിമയിൽ പോലും ഡ്രോൺ ഉപയോഗിക്കുന്നു.സിനിമാട്ടോഗ്രാഫറുടെ മരണമാണിത്. ഫോട്ടോഗ്രാഫർ മരിച്ചു. എന്തെന്നാൽ സെൽഫിയും ഡ്രോണും മനുഷ്യരുടെ കണ്ണുകളിലൂടെയല്ല എടുക്കുന്നത്. അത് യന്ത്രക്കണ്ണുകളാണ്. സെൽഫി സ്റ്റിക്കിൽ കലാകാരന്‍റെ കർത്തൃത്വം ആരോപിച്ചാലും കുഴപ്പമില്ല. മനുഷ്യന്‍റെ നോട്ടത്തേക്കാൾ പൂർണത അതിനുണ്ട്.

ഡ്രോൺ എടുത്ത, ആകാശത്തുനിന്നുള്ള കാഴ്ചകൾ അതിമനോഹരമാണെന്ന് ആർക്കും ബോധ്യപ്പെടും.എന്തിനാണ് ഫോട്ടോഗ്രാഫറുടെ കണ്ണിലൂടെ മാത്രമുള്ള നോട്ടം, ഡ്രോൺ അത് ഭംഗിയായി ചെയ്യുമെന്നിരിക്കെ? ഫോട്ടോയ്ക്ക് അടിക്കുറിപ്പ് മതി. അത് എടുത്ത ആളിന്‍റെ പേരില്ലാതാവുകയാണ്.ആർട്ടിഫിഷ്യൽ ഇൻറലിജൻസ് ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചാറ്റ്ബോട്ടുകൾ ഇന്ന് ഏതിനെക്കുറിച്ചും നിർദ്ദേശാനുസരണം കുറിപ്പുകൾ എഴുതി തരുന്നു. സോക്രട്ടീസിനെ എങ്ങനെയാണ് മനസിലാക്കേണ്ടതെന്ന് ചാറ്റ്ബോട്ട് പറഞ്ഞു തരുകയാണ്.അപ്പോൾ അതിന്‍റെ കർത്തൃത്വം യന്ത്രത്തിനാണ്. കൃത്രിമബുദ്ധി ഉപയോഗിച്ച്‌ വരച്ചെടുക്കുന്ന ചിത്രങ്ങൾ ഇപ്പോൾ മാഗസിനുകളിൽ അച്ചടിച്ചു വരുന്നു. ഒരു പത്രാധിപർ പറഞ്ഞത് ഇത് പ്രിന്‍റ് ചെയ്യുമ്പോൾ കൂടുതൽ വ്യക്തത കിട്ടുമെന്നാണ്. അതിന്‍റെയർഥം മനുഷ്യസർഗാത്മകതയ്ക്ക് തന്നെ കൃത്രിമ ബുദ്ധി വെല്ലുവിളി ഉയർത്തുകയാണ്. കർത്താവ്, രചയിതാവ് എന്ന നിലയിൽ മനുഷ്യനുണ്ടായിരുന്ന സ്ഥാനമാണ് യന്ത്രസാങ്കേതികത തകർത്തത്. എന്നാൽ യന്ത്രത്തിന്‍റെ വരവിനെക്കുറിച്ച് കഴിഞ്ഞ നൂറ്റാണ്ടിൽ തന്നെ വലിയ ബുദ്ധിജീവികൾ പ്രവചിച്ചിട്ടുണ്ട്.

ഓഷോ പ്രവചിച്ചു

ആചാര്യ രജനീഷ് (ഓഷോ) 1960കളിൽ ചെയ്ത ഒരു പ്രഭാഷണത്തിൽ ഇങ്ങനെ കാണാം: "ഇരുപതാം നൂറ്റാണ്ട് മനുഷ്യനെ, അവന്‍റെ ബോധത്തെ പുതിയൊരു ദിശയിലേക്ക് തിരിയുന്ന തരത്തിൽ ഉന്നതമായ ഒരു നിലയിലെത്തിച്ചിരിക്കുന്നു. നമുക്ക് പുതിയ വഴികളിലൂടെ സഞ്ചരിക്കേണ്ടിവരും. നമ്മൾ അറിഞ്ഞതും പരിചയിച്ചതുമായതെല്ലാം അപ്രത്യക്ഷമാകും. നമ്മൾ ജീവിച്ച തത്ത്വങ്ങളും മൂല്യങ്ങളും ഇനി പ്രയോഗിക്കാൻ കഴിഞ്ഞെന്നു വരില്ല. പാരമ്പര്യത്തിന്‍റെ പിടി ദുർബ്ബലമാവുകയാണ്. ഇത് വലിയൊരു മാറ്റത്തിനുള്ള തയ്യാറെടുപ്പാണ്. നമ്മൾ ഭൂതകാലത്തിൽ നിന്നു പറിച്ചെടുക്കപ്പെട്ടിരിക്കുന്നു. നമ്മൾ ഭാവിയിലേക്ക് വെച്ചുപിടിപ്പിക്കുന്നതിന് വേണ്ടി കാത്തുനിൽക്കുന്നവരാണ്. ഇതിലെല്ലാം കാണാനാകുന്നത് മനുഷ്യൻ അപരിതമായ വാതിലുകളിൽ മുട്ടുന്നതാണ്; അസ്തിത്വത്തിന്‍റെ സമസ്യകളെ മറികടക്കാൻ ശ്രമിക്കുകയാണവർ. സ്ഥിരമായ സഞ്ചാരപഥങ്ങൾ ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. ആളുകൾ നോക്കുന്നത് ഭാവിയെ മൂടി നിൽക്കുന്ന ഇരുട്ടിനെ മാറ്റി അവിടെ പ്രകാശത്തിന്‍റെ തിരി കത്തിക്കാനാണ്. ഇത് പ്രതീക്ഷാനിർഭരമാണ്. മനുഷ്യവംശത്തിന്‍റെ ബോധം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്നതിന്‍റെ നല്ല വാർത്തയാണിത്. അത് ഉന്നതിയിലേക്കുള്ള യാത്രയെ ദൃഷ്ടാന്തവൽക്കരിക്കുകയാണ്.'

ഇത് ഓഷോ പ്രവചിച്ചത് എത്ര പതിറ്റാണ്ടുകൾക്ക് മുൻപാണ്! എന്നാൽ 1960കളിലൊക്കെ മനുഷ്യൻ എങ്ങോട്ടാണ് സഞ്ചരിക്കുന്നത് എന്നതിന്‍റെ സൂചനകളിലുണ്ടായിരുന്നു. ഭാവിയിൽ മനുഷ്യന് ശിരസ് മാത്രമേയുണ്ടാകൂ എന്ന് ബർനാഡ് ഷാ പറഞ്ഞതും ശ്രദ്ധേയമാണ്.മനുഷ്യന് സർഗാത്മകമായ രചനകളുടെ കർത്തൃത്വം, ആധികാരികത നഷ്ടപ്പെടുകയാണ്. രണ്ടോ മൂന്നോ വിഖ്യാത പെയിന്‍റിങ്ങുകൾ കൂട്ടിച്ചേർത്താൽ പുതിയൊരു പെയിൻ്റിംഗ് എ.ഐ. ഉപകരണങ്ങൾ വരച്ചു തരും. ആരാണ് അതിന്‍റെ കർത്താവ് എന്ന് അന്വേഷിക്കേണ്ടതില്ലാത്ത തലത്തിലേക്ക് കലയുടെ ഉപഭോഗം മാറിയിരിക്കുന്നു.

യന്ത്രം കല സൃഷ്ടിക്കുന്നു

ശസ്ത്രക്രിയ ചെയ്യാൻ റോബോട്ടുകൾ വരുന്നു. മനുഷ്യന്‍റെ കർത്തൃത്വം മനുഷ്യനിൽ നിന്നു എടുത്തു മാറ്റപ്പെട്ടിരിക്കുന്നു. ഓഷോ പറയുന്ന "അപരിചിതമായ വാതിലുകൾ' ഇതാണെന്ന് ഇപ്പോൾ നമ്മൾ തിരിച്ചറിയുന്നു. കലയെക്കുറിച്ചുള്ള ബുദ്ധിപരവും ദാർശനികവുമായ ആശയങ്ങൾ ഇവിടെ മറ്റൊരു ദിശയിലേക്ക് തിരിയുകയാണ്. മനുഷ്യൻ സൃഷ്ടിക്കുന്നതല്ല കല; അല്ലെങ്കിൽ മനുഷ്യനെക്കാൾ സൗന്ദര്യ ബോധത്തോടെ യന്ത്രത്തിന് കല സൃഷ്ടിക്കാൻ കഴിയുമെന്നാണ് ഇപ്പോൾ തെളിയിക്കപ്പെടുന്നത്.

സർഗാത്മക മേഖലയിൽ നിന്ന് മനുഷ്യൻ പിന്മാറുന്നത് കലയെക്കുറിച്ചുള്ള ചർച്ചകൾ റദ്ദ് ചെയ്യപ്പെട്ടേക്കാമെന്ന ആശങ്കയുയർത്തുകയാണ്.എ.ഐ. ചിത്രങ്ങളിലും വർണവിന്യാസമുണ്ട്. പക്ഷേ, അത് മനസിൽ സൃഷ്ടിച്ചതല്ല. എലോൺ മസ്കിന്‍റെ ന്യൂറാലിങ്ക് ചിപ്പ് (വയർലസ്) തലച്ചോറിൽ സ്ഥാപിക്കുന്നത് യഥാർഥ്യമായാൽ ജീവിതം ശാസ്ത്രകഥ പോലെ വിചിത്രമായി തീരും. യാഥാർഥ്യവും അതിയാഥാർഥ്യവും തമ്മിലുള്ള വിടവ് ഇല്ലാതാവുകയാണ്. ശൂന്യമായ ഒരു പ്രതലത്തിൽ കംപ്യൂട്ടറിന്‍റെ സഹായത്തോടെ നമുക്ക് കൃത്രിമ കീബോർഡും മോണിറ്ററും സൃഷ്ടിക്കാമെന്ന് ശാസ്ത്രം തെളിയിക്കുന്നു. ശൂന്യാകാശത്തിൽ ദൃശ്യങ്ങൾ കാണിച്ചുതരുന്നതായി പുരാണങ്ങളിൽ നാം വായിച്ചിട്ടുണ്ട്. തലച്ചോറിൽ സ്ഥാപിക്കുന്ന ചിപ്പിലെ നാരുകൾക്ക് ചിന്തകളെ പിടിച്ചെടുത്തു ട്രാൻസ്മിറ്റ് ചെയ്യാൻ കഴിയുന്നുണ്ടെങ്കിൽ മനുഷ്യശരീരവും ഭൗതികവസ്തുക്കളായ നാരുകളും തമ്മിൽ ഒരു ചേർച്ചയുണ്ടെന്നാണ് തെളിയുന്നത്.

എല്ലാ ചരാചരങ്ങളിലും ദൈവമിരിക്കുന്നു എന്ന സത്യമല്ലേ ഇത്? ഇപ്പോൾ തന്നെ പാട്ടുപാടിക്കാനും വാർത്തയറിയാനും മുറിയിലെ പ്രകാശം ക്രമീകരിക്കാനും അടുക്കളയിലെ പാചകക്കൂട്ട് പറഞ്ഞു തരാനും ഉപയോഗിക്കുന്ന അലക്സ (ആമസോൺ ഉപകരണം) നമ്മെ കർത്തൃത്വത്തിൽ നിന്ന് മാറ്റി നിർത്തുകയാണ്. അതോടൊപ്പം ജീവിതം സയൻസ് ഫിക്ഷ്നാവുകയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com