കാൾ സാഗനും നക്ഷത്രങ്ങളും | Carl Sagan and stars

കാൾ സാഗൻ.

കാൾ സാഗനും നക്ഷത്രങ്ങളും

പ്രപഞ്ചം ആരു സൃഷ്ടിച്ചു, പ്രപഞ്ചത്തിന് മുമ്പ് എന്തായിരുന്നു ഉണ്ടായിരുന്നത് തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിട്ട് നമുക്കൊന്നും നേടാനില്ല. അത് നമ്മുടെ ജീവിതത്തിൽ യാതൊരു മാറ്റവും ഉണ്ടാക്കാൻ പോകുന്നില്ല.

അക്ഷരജാലകം | എം.കെ. ഹരികുമാർ

ഈ ലോകത്തിന്‍റെ ആരംഭം എവിടെ നിന്നാണ്, ആരാണ് ഇത് സൃഷ്ടിച്ചത്, ജനനം എന്തിനാണ്, മരണാനന്തരം എന്താണ് തുടങ്ങി യാതൊരു പ്രയോജനവുമില്ലാത്ത കാര്യങ്ങളെപ്പറ്റി തർക്കിച്ചു, കലഹിച്ചു നടക്കുന്ന ധാരാളം പേരെ കണ്ടിട്ടുണ്ട്. നമ്മുടെ ബോധനസമ്പ്രദായങ്ങൾ, പുസ്തകങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്ന ആശയങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിൽ നാം ചിന്താപരമായി ഒരു കെണിയിലകപ്പെട്ടിരിക്കയാണ്. ബുദ്ധനോട് ഈ ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. ബുദ്ധൻ പറഞ്ഞത് ഇത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് സമയം പാഴാക്കരുതെന്നാണ്. പ്രപഞ്ചം ആരു സൃഷ്ടിച്ചു, പ്രപഞ്ചത്തിന് മുമ്പ് എന്തായിരുന്നു ഉണ്ടായിരുന്നത് തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞിട്ട് നമുക്കൊന്നും നേടാനില്ല. അത് നമ്മുടെ ജീവിതത്തിൽ യാതൊരു മാറ്റവും ഉണ്ടാക്കാൻ പോകുന്നില്ല. ബുദ്ധൻ പറഞ്ഞ ആ അഭിപ്രായം ഇപ്പോഴും പ്രസക്തമാണ്. പലരും ജീവിതത്തെ കാണുന്നത് പുസ്തകങ്ങളിൽക്കൂടിയാണ്. ജീവിതം പ്രകൃതിയാണ്. അവിടെ തുറന്ന ഇടങ്ങളും വെയിലും മഴയും നിലാവും എല്ലാമുണ്ട്. എല്ലാം നമ്മുടെ അനുഭൂതിയായി കാണുകയാണ് വേണ്ടത്.ജീവിതത്തിന്‍റെ സ്വാഭാവികമായ, നൈസർഗികമായ അനുഭവങ്ങൾ അത്ര പ്രധാനമാണ്.

സൂര്യോദയം കാണാൻ പോകുന്നത് ഒരു ശാന്തി നൽകുമെന്നതുകൊണ്ടാണ്. എല്ലാ ദിവസവും സൂര്യോദയമുണ്ടെങ്കിലും അതിന്‍റെ പുതുമ, വികാരം നശിക്കുന്നില്ല. അത് നമ്മെ നിത്യവും ത്രസിപ്പിക്കുന്നു.ഇത് നമ്മുടെ സഹജപ്രകൃതിയാണ്. നമ്മളിലുള്ള സൂര്യനാണത്. അത് നശിക്കുന്നില്ല. പ്രകൃതിയുമായി, നാം ജനിച്ചപ്പോൾ തന്നെ സൃഷ്ടിക്കപ്പെട്ട ബന്ധമാണത്. അതുകൊണ്ട് മനുഷ്യൻ അതിലേക്ക് ആകർഷിക്കപ്പെടുന്നു. മനുഷ്യർക്ക് എന്നും ഒരേ മുറിയിൽ ഇരിക്കാനാവില്ല. അവനു ഈ ലോകം പ്രിയപ്പെട്ടതാണെന്ന് പറഞ്ഞാൽ പോര; പ്രായോഗികമായി അറിയണം, യാത്ര ചെയ്യണം. ഈ ലോകം എത്ര വൈരൂപ്യം നിറഞ്ഞതാണെന്ന് പ്രസംഗിച്ചാൽ പോരാ; അത് നമ്മുടെ മനസ്സിന്‍റെ നേരാകണം.

നാം പ്രകൃതിയാണ്

കഴിഞ്ഞ ദിവസം എൺപതു പിന്നിട്ട ഒരു മനുഷ്യവ്യക്തി എന്നോട് പറഞ്ഞത് തന്‍റെ മക്കളെ അമ്പത് വർഷമായി ഒരു ക്ഷേത്രത്തിലും പോകാൻ അനുവദിച്ചിട്ടില്ല എന്നാണ്. അദ്ദേഹം പറയുന്നത് ക്ഷേത്രത്തിൽ തൊഴുതാൽ വിഗ്രഹം അതറിയുമോ എന്നാണ്. വിഗ്രഹത്തിൽ മാല ചാർത്തുന്നത് വ്യർത്ഥമാണത്രേ. ഞാൻ അദ്ദേഹത്തോട് പറഞ്ഞു,താങ്കൾ വലിയ അനുഭവങ്ങളുള്ള വ്യക്തിയായിരിക്കാം, എന്നാൽ ആരുടെയും ആരാധനാസ്വാതന്ത്ര്യത്തിൽ കൈകടത്താൻ അവകാശമില്ലെന്നോർക്കണം.സ്വന്തം മക്കളായാലും അവരെ വ്യക്തികളായി വളരാൻ അനുവദിക്കണം. അവർ തെറ്റ് ചെയ്യുമ്പോൾ ഉപദേശിക്കാനും നേർവഴിക്ക് നയിക്കാനും ശ്രമിക്കാം. എന്നാൽ അനാവശ്യമായി ഇടപെടരുത്. ആരാധനാലയത്തിൽ പോകുന്നത് എന്തിനാണ്? സ്ഥിരമായി വീട്ടിൽ തന്നെ കഴിയാൻ പറ്റുമോ? കാറ്റും വെളിച്ചവും വേണം.അത് ശരീരത്തിനും മനസ്സിനും ആവശ്യമാണ്.ശുദ്ധവായു ശ്വസിച്ചാൽ പല അസുഖങ്ങളും മാറും.രാവിലെ വെയിലുകൊള്ളുന്നതിനെ വൈദ്യശാസ്ത്രജ്ഞന്മാർ പൊതുവേ പ്രോത്സാഹിപ്പിക്കും. കാരണം, നാം പ്രകൃതിയാണ്. നമ്മളാണ് അതിൽ ജീവിക്കുന്നത്.അത് നമ്മളിലും ജീവിക്കുന്നു. ഈശ്വരാരാധന മനുഷ്യർക്ക് സമാധാനം തരുമെങ്കിൽ അതിനു അവസരമൊരുക്കണം. സ്ഥിരം ചുറ്റുപാടുകളിൽ നിന്ന് ഒരു വിടുതൽ മനുഷ്യർക്ക് ആവശ്യമാണ്. അതിൽ മനുഷ്യത്വപരമായ ചില പ്രശ്നങ്ങൾ അന്തർഭവിച്ചിട്ടുണ്ട്. എന്തൊക്കെയാണ് ആ പ്രശ്നങ്ങൾ? അത് വല്ലാതെ മാനസികമായി ജീർണിക്കാൻ ഇടവരുത്തും, ഒരേ ചുറ്റുപാടിൽ, യാതൊരു സ്വാതന്ത്രവുമില്ലാതെ കഴിഞ്ഞാൽ.അതുകൊണ്ടാണ് തടവറ ശിക്ഷയായി മാറുന്നത്. കുറ്റവാളികളെ ജയിലിലിടുന്നത് മന:ശാസ്ത്രപരമായ ശിക്ഷയാണ്. അവൻ മാനസികമായി തകരുന്നു. അവന്‍റെ പ്രകൃതിയിൽ അവൻ ഉപയോഗശൂന്യമായ വസ്തുവായി മാറും.

ഈശ്വരവിശ്വാസം ഉണ്ടാവട്ടെ, അതിനെന്താണ് കുഴപ്പം? ഈശ്വരനുണ്ടോ എന്ന് ചിന്തിച്ച് സമാധാനം കളയുന്നതിനേക്കാൾ ഭേദമാണ് ഈശ്വരനുണ്ടെന്ന് സങ്കൽപ്പിച്ച് വിഗ്രഹത്തിൽ തൊഴുന്നത്. വിഗ്രഹം ഉടനെ പ്രതികരിക്കുകയില്ലെന്നറിയാം. പക്ഷേ ആ നിമിഷം നാം മറ്റെല്ലാറ്റിൽ നിന്നും സ്വതന്ത്രമാണ്. അപ്പോൾ നമ്മുടെയടുത്ത് ദ്രോഹിക്കുന്നവരില്ല, ദുഷിച്ച ഓർമ്മകളില്ല, ചതിക്കുന്നവരില്ല. പരമമായ ഒരു പവിത്രസങ്കല്പത്തിൽ നമ്മുടെ മനസ്സ് കുളിരുന്നു.അത് ഈ ലോകത്ത് നിന്നു തന്നെ നമ്മെ മാറ്റി പാർപ്പിക്കുകയാണ്, കുറെ നേരത്തേക്ക്.അതിനു നിമിത്തമാകുന്നത് ഒരു മൂർത്തിയോ വിഗ്രഹമോ ആയാലെന്താണ് പ്രശ്നം? ഒരു ക്രിക്കറ്റ് കളി കാണുമ്പോഴും ഇതുതന്നെയാണ് സംഭവിക്കുന്നത്. അവിടെ നാം കളിയെ ആരാധിക്കുന്നു, കളിക്കാരെ ബഹുമാനിക്കുന്നു. നമ്മുടെ മനസ്സ് ചീത്ത ചിന്തകളിൽ നിന്നും മോചനം നേടി സ്വന്തം പ്രകൃതിയിലേക്ക് ലയിച്ചുചേരുന്നു. ക്ഷേത്രത്തിൽ ഏകാഗ്രമായി നിൽക്കുമ്പോഴും, കളിയിൽ മതിമറന്നു നിൽക്കുമ്പോഴും മനസ്സിൽ നടക്കുന്ന പ്രക്രിയ ഈ വിമോചനമാണ്, വിച്ഛേദമാണ്.രാഗസുന്ദരമായ ഒരു പാട്ടുപോലെ മനസ്സ് ജീവിക്കുന്നു. അത് എവിടേക്കോ നിശ്ശബ്ദമായി യാത്ര ചെയ്യുകയാണ്.

മനുഷ്യനു ദൈവമാകാനാവില്ല

എല്ലാവർക്കും അദ്വൈതികളാവാൻ കഴിയില്ല.ചിലർ ചോദിക്കും ആരാധനാലയങ്ങളേക്കാൾ നല്ലത് സദ്പ്രവൃത്തികളല്ലേ എന്ന്. നല്ല പ്രവൃത്തികൾ വേണം. പക്ഷേ എത്രപേർക്ക് അതിനു സാധിക്കുന്നുണ്ട്. സാധാരണ വ്യക്തികൾക്ക് വിഗ്രഹങ്ങൾക്കും ക്ഷേത്രങ്ങൾക്കും അപ്പുറത്ത് പരമാത്മചൈതന്യത്തെ അറിഞ്ഞാദരിക്കാൻ അറിയണമെന്നില്ല. അവരുടെ പരിമിതിയാണിത്. എന്നാൽ അവർക്ക് തങ്ങളിലുള്ള നിഷ്കാമമായ ധർമ്മത്തെ ഒരു നിമിഷത്തേക്ക് സമുന്നതമായ ഒരു കർമ്മത്തിൽ ഏകാഗ്രമാക്കാനാവും.അവർ അതിലൂടെ ആനന്ദം നേടുന്നു. മനുഷ്യന് ദൈവമുണ്ടായാലും ഇല്ലെങ്കിലും നല്ല കാര്യങ്ങൾ ചിന്തിക്കാനും പറയാനും പ്രവർത്തിക്കാനും സാധ്യമാണോ എന്നാണ് നോക്കേണ്ടത്. വലിയ തുക ദൈവത്തിനു കൊടുത്തിട്ട് ചീത്തക്കാര്യങ്ങൾ ചെയ്താൽ ദൈവവും ചീത്തയാകുമല്ലോ. അതുകൊണ്ട് മനുഷ്യനെ ദൈവമാക്കേണ്ടതില്ല.ഒരിക്കലും മനുഷ്യനു ദൈവമാകാനാവില്ല. യുക്തിവാദിയായാൽ മനുഷ്യൻ ദൈവമാകുമോ ? ഒരിക്കലുമില്ല.ഇത് മനസ്സിലാക്കിയാൽ സകല ചിന്താക്കുഴപ്പവും തീരും. പരമോന്നതമായ രീതിയിൽ, എല്ലായ്പ്പോഴും നല്ല കാര്യങ്ങൾ മാത്രം ചെയ്യുന്ന വ്യക്തികളില്ല.അങ്ങനെ ചെയ്താൽ ദൈവമായിപ്പോകും. ദൈവമാകാൻ കഴിയാത്തതുകൊണ്ടാണ് മനുഷ്യനായി പിറന്നിരിക്കുന്നത്. മനുഷ്യരായതുകൊണ്ട് ദൈവത്തെ നിന്ദിച്ചാലും ദൈവം അത് ഉൾക്കൊള്ളും. കാരണം ദൈവം അവന്‍റെ പ്രകൃതിയിലാണുള്ളത്. ആ പ്രകൃതിയിൽ ദൈവത്തിന്‍റെ ഭാവത്തെ അവനു വേർതിരിച്ചെടുക്കാനാകുന്നില്ല. ദീർഘിച്ച കാലയളവിൽ ജീവിക്കുമ്പോഴും, ഒരിക്കൽ പോലും ദൈവസത്യം എന്താണെന്ന് അറിയാതെയാണ് മരിക്കുന്നത്. അതു തന്നെയല്ലേ ഏറ്റവും വലിയ ശിക്ഷ? അതുകൊണ്ട് ഈ ശിക്ഷയെ പരമാവധി ഇളവുചെയ്യാനായി പ്രകൃതിയിൽ ജീവിക്കുകയാണ് വേണ്ടത്. ഒരു പാട്ട് കേൾക്കുമ്പോൾ, വൃക്ഷത്തൈ നടുമ്പോൾ, കൃഷി ചെയ്യുമ്പോൾ, തൊഴിൽ ചെയ്യുമ്പോൾ, കലയിൽ ഏർപ്പെടുമ്പോൾ, ക്ഷേത്രത്തിലെ ആരാധനയ്ക്ക് തത്തുല്യമായ പ്രക്രിയയാണുണ്ടാവുന്നത്.ഈ ലോകത്തിന്‍റെ വിരസതയിൽ നിന്ന് കുറേക്കൂടി ഉയർന്ന പ്രതലത്തിലേക്കുള്ള മോചനം.

അമെരിക്കൻ പ്ലാനറ്ററി (ഗ്രഹങ്ങളെക്കുറിച്ച് പഠിക്കുന്ന) ശാസ്ത്രജ്ഞനായ കാൾ സാഗൻ പറഞ്ഞു, ഈ ഭൂമി മഹാപ്രപഞ്ചത്തിലെ ഒരു 'നീലപ്പൊട്ടു'മാത്രമാണെന്ന്. അത്രമാത്രം നിസ്സാരമാണ് നമ്മുടെ അസ്തിത്വം. നമ്മെ അർത്ഥമുള്ളവരാക്കുന്നത് സ്നേഹവും മാനുഷികതയുമാണെന്ന് അദ്ദേഹം എഴുതുന്നു.മഹാപ്രപഞ്ചത്തിലേക്കുള്ള ഒരു ലെൻസ് നോട്ടത്തിൽ നീലപ്പൊട്ടായി കാണുന്ന ഭൂമിയിലാണ് നമ്മുടെ വീട്.ബാക്കിയെല്ലാം അജ്ഞാതമാണ്.ഈ പൊട്ടിലാണ് നമ്മുടെ ചരിത്രവും സംസ്കാരവും സന്തോഷവും ദുഃഖവുമെല്ലാം അടങ്ങിയിരിക്കുന്നത്. മനുഷ്യന്‍റെ അഹന്തയും ക്രൂരതയും ഈ നീലപ്പൊട്ടുകൊണ്ട് ഇല്ലാതായിപോകേണ്ടതാണെന്ന് അദ്ദേഹം പറയുന്നു.ആത്മീയമായ തലത്തിൽ നാം എങ്ങനെ സംയോജിപ്പിക്കപ്പെട്ടിരിക്കുന്നു എന്ന് ആരായണം.

ശുദ്ധമായ ആത്മീയത

ദൈവമുണ്ടോ ഇല്ലയോ എന്ന ചർച്ചയല്ല വേണ്ടത് ;അതിൽ നിന്ന് നമുക്കൊന്നും കിട്ടാനില്ല.നാം ജീവിക്കുന്ന ലോകം നിയമങ്ങളും ശിക്ഷാനടപടികളും നിറഞ്ഞതാണ്. നാം ഏത് വിശ്വാസക്കാരനായാലും വേണ്ടില്ല, ദൈവം ഉണ്ടെന്നോ ഇല്ലെന്നോ സ്ഥാപിച്ചാലും, കുറ്റം ചെയ്താൽ ശിക്ഷ കിട്ടും. അതുകൊണ്ട് നമ്മുടെ ലോകത്തെ കൂടുതൽ മനോഹരമാക്കാൻ മറ്റു വഴികൾ തേടണം.കാൾ സാഗൻ എഴുതി:'ശാസ്ത്രം ആത്മീയതയുമായി ചേർന്നു പോകുക മാത്രമല്ല അത് ആത്മീയതയുടെ അഗാധമായ ഉറവിടവുമാണ്. അളക്കാനാവാത്ത പ്രകാശവർഷങ്ങളിൽ, കാലത്തിന്‍റെ ഒഴുക്കിൽ നമ്മുടെ സ്ഥാനം നാം തിരിച്ചറിയുമ്പോൾ, ജീവിതത്തിന്‍റെ സൗന്ദര്യവും സൂക്ഷ്മതയും സങ്കീർണതയും പിടിച്ചെടുക്കുമ്പോൾ, കുതിച്ചുയരുന്ന ആ വികാരമൂർധന്യത്തിൽ, ഉന്നതമായ മാനസികോല്ലാസത്തിലും എളിമയിലും നിൽക്കുമ്പോൾ, അത് ശുദ്ധമായ ആത്മീയതയാണ്.ഇതുതന്നെയാണ് മഹത്തായ കലയുടെയും, സംഗീതത്തിന്‍റെയും, സാഹിത്യത്തിന്‍റെയും മുന്നിൽ വണങ്ങുമ്പോഴോ അല്ലെങ്കിൽ മഹാത്മാഗാന്ധിയുടെയോ മാർട്ടിൻ ലൂതർ കിംഗ് ജൂനിയറിന്‍റെയോ നിസ്വാർത്ഥമായ ധീരപ്രവൃത്തികളെ അറിയുമ്പോഴോ സംഭവിക്കുന്നത്.ശാസ്ത്രവും ആത്മീയതയും പരസ്പരം വിഘടിച്ചു നിൽക്കുന്നു എന്ന ചിന്ത രണ്ടു മേഖലയ്ക്കും ദ്രോഹകരമായ കാര്യമാണ്.'

ഇത്രയും വ്യക്തമായ, ഉദാരമായ, ഗഹനമായ വീക്ഷണം നമുക്ക് ലഭ്യമാണെന്നിരിക്കെ നാം എന്തിനാണ് ആരാധനയെയും ദേവാലയത്തെയും ദൈവത്തെയുമെല്ലാം ഉപയോഗിച്ച് ചിന്തക്കുഴപ്പമുണ്ടാക്കുന്നത്. ? ജീവിതത്തിന്‍റെ സൗന്ദര്യം നമ്മുടെ ഭാവനയിലും പ്രവൃത്തിയിലുമാണുള്ളത്. വെറുതെ സ്വപ്നം കണ്ടിരിക്കാനുള്ളതല്ല ഈ സമരം. പിന്നീട് ഇത് കിട്ടുന്നതല്ല. സ്വർഗ്ഗമുണ്ടെന്ന് പറയുന്നവരുണ്ടെങ്കിലും അവർക്കും അത് അത്ര ഉറപ്പില്ലെന്നു തോന്നും പ്രവൃത്തി കണ്ടാൽ. ആരോടെങ്കിലുമുള്ള ദ്വേഷമോ പകയോ കൊലയോ ഈ ഭൂമിയിലെ ജീവിതത്തെ മഹത്തരമാക്കില്ല ;വീണ്ടും ചെറുതാക്കുകയേയുള്ളൂ.

കാൾ സാഗൻ ചൂണ്ടിക്കാണിച്ച ആ ആ 'നീലപ്പൊട്ടി'ൽ നാം ആരുമല്ല; വെറും പ്രഹസനമാണ്.നമ്മെ വിശ്വസിച്ചവരെ പോലും നമുക്ക് രക്ഷിക്കാനാവില്ല. ഒരു വ്യക്തിക്കും അയാളുടെ ജീവിതത്തിനു ഗ്യാരണ്ടി കൊടുക്കാനാവില്ല. ഒരാളെ പ്രേമിക്കുമ്പോൾ മറ്റൊരാളെക്കൂടി പ്രേമിക്കാൻ മനസ്സു മാറ്റിവയ്ക്കണമെന്ന് ഒരു പെൺകുട്ടി പറഞ്ഞതോർക്കുകയാണ്. ആ കുട്ടി പറഞ്ഞത് ആരുടെയും ജീവിതത്തിനു ഗ്യാരണ്ടിയില്ലെന്നാണ്. ആരും യഥാർത്ഥമല്ല ;യഥാർത്ഥമാണെങ്കിൽ തന്നെ സ്ഥിരമല്ല.മനുഷ്യന്‍റെ സ്വഭാവം മാറുന്നതുപോലെ അവനെ കാലവും മാറ്റുന്നു. ഒരിക്കൽ അവൻ ചിരിച്ചു കളിച്ചു നടക്കുന്നു. പിന്നീട് അവനെ രോഗങ്ങൾ വന്നു മൂടുന്നു,ചിരി മാഞ്ഞുപോകുന്നു.അവനു താൻ ഒറ്റപ്പെട്ടതായി തോന്നുന്നു. അതുകൊണ്ട് പരസ്പരബന്ധത്തിന്‍റെ ആഴത്തിൽ ജീവിച്ചുകൊണ്ട് നന്ദിയുള്ളവരായിരിക്കുകയാണ് താത്കാലിക പോംവഴി. നന്ദി നമ്മെ എവിടെയെങ്കിലുമൊക്കെ കൊണ്ടെത്തിക്കാതിരിക്കില്ല.

നമ്മുടെ ഭ്രമണം

നമ്മളും നക്ഷത്രങ്ങളും തമ്മിൽ ബന്ധമുണ്ടെന്നു പറഞ്ഞത് കാൾ സാഗനാണ്. നക്ഷത്രങ്ങളിലുള്ള ചില മൂലകങ്ങൾ മനുഷ്യശരീരത്തിലുള്ളതായി അദ്ദേഹം കണ്ടുപിടിച്ചു. നമ്മുടെയുളളിലാണ് പ്രപഞ്ചം.നമ്മൾ ശരിക്കും ഭ്രമണം ചെയ്യുകയാണ്. ശരീരത്തിലെ ഓരോ കോശത്തിലും ഈ ഭ്രമണമുണ്ട്. ഓരോ കോശത്തിലും ഒരേ സമയം പല രാസപ്രവർത്തനങ്ങളുണ്ട്. കോശത്തെ നിയന്ത്രിക്കാൻ ന്യൂക്ളിയസുണ്ട്. ഇലക്ട്രോണുകൾ ന്യൂട്രോണിനെ ചുറ്റിക്കറങ്ങുന്നു. സൗരയൂഥത്തിനു സമാനമായ ഒരു ദൃശ്യമാണത്. അനന്തമായ യാത്രയിലാണ് മനസ്സ്. ഒരു വലിയ കേന്ദ്രത്തെ അത് നിമിഷം തോറും ചുറ്റിവരുന്നു. ആ കേന്ദ്രം ഒരേ സ്ഥാനത്തോ, ഒരേ രൂപത്തിലോ അല്ല എന്ന് അനുമാനിക്കാം.കാരണം അത് വ്യക്തമായ ഒരു പാതയിലല്ല.എന്നാൽ അത് ഒരു ആത്മകേന്ദ്രത്തെയാണ് വലംവയ്ക്കുന്നത്. ഇതാണ് പ്രകൃതിയുടെ ആന്തരവശം. ഈ യാഥാർത്ഥ്യങ്ങളുടെ വ്യാപ്തി പൂർണമായി വഴങ്ങുന്നതല്ലെങ്കിലും, അത് സാവകാശം അറിയുകയാണെങ്കിൽ വളരെ കാതലാ യ, ഉണ്മയെന്നു വിളിക്കാവുന്ന ശാന്തത കൈവരുമെന്നാണ് മഹാചിന്തകന്മാർ വിവരിക്കുന്നത്. ചിലർ പറയുന്നു ഹിന്ദു എന്ന മതമില്ല; അതുകൊണ്ട് ഹിന്ദുവായിരിക്കുന്നില്ല എന്നൊക്കെ. ഒരു മതം ഉണ്ടോ ഇല്ലയോ എന്ന് സ്ഥാപിക്കുന്നതിനുള്ള ചർച്ച തന്നെ വിഭാഗീയമാണ്. ഇന്ത്യാ ഗവൺമെൻറ് കുട്ടികളുടെ എസ്എസ്എൽസി ബുക്കിൽ ഹിന്ദു എന്നു എഴുതിയിരിക്കുകയാണ്. നമ്മൾ അത് അംഗീകരിക്കേണ്ടി വരും. അതുകൊണ്ട് ഇനി മതം നിഷേധിച്ചിട്ട് കാര്യമില്ല.മതം എന്തുമാകട്ടെ, ദൈവം ഏതുമാകട്ടെ മനുഷ്യൻ നന്നായാൽ മതിയല്ലോ. ശ്രീനാരായണഗുരുവിന്‍റെ ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മന്ത്രം വളരെ പ്രചാരം നേടിയിട്ടുണ്ട്. എന്നാൽ സാധാരണക്കാർക്ക് അതിന്‍റെയർത്ഥം മനസ്സിലാവുന്നുണ്ടോ എന്നു സംശയമാണ്. താൻ പിറന്ന ജാതിയെയാണ് 'ഒരു ജാതി' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വിശ്വസിക്കുന്നവരുണ്ടെങ്കിൽ അത് വൻ പരാജയമാണ്. 'മനുഷ്യാണാം മനുഷ്യത്വം' എന്നു പറഞ്ഞതുകൊണ്ട് ജാതി മനുഷ്യത്വമാണെന്നു വാദിക്കാം. എന്നാൽ മനുഷ്യത്വമെന്ന ജാതിയെ എങ്ങനെ നിർവ്വചിക്കും? ജീവിതത്തിൽ എല്ലായ്പ്പോഴും മഹത്വം മാത്രം സൂക്ഷിക്കുന്ന ആരെങ്കിലുമുണ്ടോ? മഹത്വം പൂർണമായി ഉൾക്കൊണ്ട ഒരാളുടെ മൃഗങ്ങളോടുള്ള സമീപനമെന്താണ്? അയാൾ പ്രാണിയെ കൊല്ലാതിരിക്കുമോ? താനിരിക്കുന്ന സ്ഥലത്തേക്ക് ഒരു പഴുതാര ഇഴഞ്ഞുവന്നാൽ അയാൾ മനുഷ്യത്വമുള്ളതുകൊണ്ട് അതിനെ കൊല്ലാതിരിക്കില്ല.മനുഷ്യത്വം മനസ്സിലാക്കാൻ വളരെ പ്രയാസമുള്ള ഒരു പദമാണ്.

ദീർഘനേരം ആരാധനാലയത്തിൽ പ്രാർത്ഥിച്ച് നിന്ന ശേഷം പുറത്തേക്ക് വന്ന് പതിവ് ക്രൂരകൃത്യങ്ങൾ ചെയ്യുകയാണെങ്കിൽ മനുഷ്യത്വം എവിടെ അന്വേഷിക്കും? ഒരു ബസ്സിൽ യാത്ര ചെയ്യുമ്പോൾ തൊട്ടടുത്തിരിക്കുന്നവനു അസുഖകരമായ വിധം കൈയും കാലും വയ്ക്കുന്നവന്‍റെ മനുഷ്യത്വമെന്താണ് ? ഒരു പക്ഷേ അയാൾ വലിയ വിദ്യാസമ്പന്നനും സാമൂഹ്യസേവകനുമായിരിക്കാം. ഇതാണ് വൈരുദ്ധ്യം. ഗുരുവിന്‍റെ 'ഒരു മതം' ജീവന്മുക്താവസ്ഥയാണെന്നു കാണാം. സകല ബന്ധനങ്ങളിൽ നിന്നും മോചനം നേടി ലോകത്തെ ആകെ ആശ്ളേഷിക്കുന്ന സാഹോദര്യമാണത്. അത് എത്ര പേർക്ക് മനസ്സിലാവും? ഗുരുവിന്‍റെ 'ഒരു ദൈവം' മനസ്സിലാണുള്ളത്. ഉള്ളിൽ ദൈവത്തെ കണ്ടെത്തണം.ഇത് മനസ്സിലാക്കാൻ പ്രയാസമാണ്. സാധാരണ മനുഷ്യർക്ക് പരിമിതിയുണ്ട്.അവർ ലൗകിക വിഷയങ്ങളിൽ ആണ്ടുകിടക്കുകയാണ്. അവരുടെ സാംസ്കാരികവും ചിന്താപരവുമായ ഉന്നമനം ഒരു ദിവസം കൊണ്ടുണ്ടായതല്ല. ഗുരുവിന്‍റെ മന്ത്രം നമ്മുടെ പ്രകാശഗോപുരമാണ്. അത് ശാശ്വതമായ ലക്ഷ്യമാണ്. പക്ഷേ അവിടേക്കെത്താൻ എളുപ്പമല്ല. ജനിതകവും മന:ശാസ്ത്രപരവുമായ കടമ്പകളുണ്ട്.ഡച്ച് സംവിധായകനായ ജോർജ് സ്ളൂസർ പറഞ്ഞു: 'ചിന്തയാണ് നമ്മെ ഈ നിമിഷത്തിൽ നിലനിർത്തുന്നത്. ചിന്തയാണ് നമ്മുടെ ഐഡന്‍റിറ്റി. നമുക്ക് ഉറപ്പുള്ള സമ്പാദ്യം ചിന്തകളാണ്.ചിന്ത ആത്യന്തികമായി നമ്മുടേതാണ്.അത് നമ്മുടെ അങ്ങേയറ്റത്തെ സ്വകാര്യതയിൽ അടക്കം ചെയ്തിരിക്കുന്നു. മറ്റൊരാൾക്കും എന്‍റെ ചിന്തകളെ എനിക്ക് വേണ്ടി ചിന്തിക്കാനാവില്ല.'

രജതരേഖകൾ

1) 'ഹൃദയപൂർവ്വം' സിനിമയിൽ മോഹൻലാൽ ചെയ്ത കഥാപാത്രം ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ശാരീരിക അച്ചടക്കം പാലിച്ചിട്ടില്ലെന്ന് ഒരു ഡോക്റ്റർ എഴുതിക്കണ്ടു. മെഡിക്കൽ സയൻസിന്‍റെ മാനദണ്ഡങ്ങൾക്ക് ഇണങ്ങുന്ന വിധമല്ല സിനിമ സംവിധാനം ചെയ്തിരിക്കുന്നതെന്നാണ് ഡോക്റ്ററുടെ പരാതി. എന്നാൽ ഒരു സിനിമയ്ക്ക് മെഡിക്കൽ സയൻസിലെ നിർദേശങ്ങളും മാനദണ്ഡങ്ങളും പൂർണമായി പാലിക്കാനാവില്ല. കാരണം, സിനിമ ഒരു വിനോദം എന്ന നിലയിലാണ് പ്രേക്ഷകരെ സമീപിക്കുന്നത്. അതൊരു കഥയാണ്. അതിനുവേണ്ടി ചില കൗതുകകരമായ മാറ്റങ്ങൾ അനിവാര്യമാണ്. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ ഒരാളുടെ ഡോക്യുമെൻററിയല്ല ചെയ്തിരിക്കുന്നത്. വളരെ വിരസമാകാവുന്ന ഒരു വിഷയത്തെ അങ്ങേയറ്റം രസാവഹമായാണ് സത്യൻ അന്തിക്കാട് ചിത്രീകരിച്ചത്. സിനിമയിൽ റിയലിസമല്ല, സാധ്യതയാണ് നോക്കുന്നത്.

2) കേരളത്തിലെ സ്ഥലനാമങ്ങളുടെ ഉത്ഭവത്തെക്കുറിച്ച് ആദ്യമായി ആധികാരികഗ്രന്ഥങ്ങൾ എഴുതിയ വി. വി.കെ.വാലത്തിനെ ചരിത്രകാരന്മാരുടെ സംഘടന പോലും ഉചിതമായി ഓർക്കുന്നില്ല എന്നത് ഖേദകരമാണ്. എറണാകുളം, തൃശൂർ തുടങ്ങിയ ജില്ലകളുടെ സ്ഥലനാമചരിത്രം വിശദമായി പ്രതിപാദിച്ചുകൊണ്ട് വാലത്ത് വെവ്വേറെ ഗ്രന്ഥങ്ങൾ എഴുതിയത് എൺപതുകളിലാണ്. പിന്നീട് പലർക്കും സ്ഥലനാമചരിത്രം എഴുതാൻ ഈ പുസ്തകങ്ങൾ സഹായകമായി.വി. വി. കെ വാലത്തിന്‍റെ പേരിൽ പുരസ്കാരം ഏർപ്പെടുത്തണം.

3) ദസ്തയെവ്സ്കികൃതികളുടെ പരിഭാഷകനും കവിയുമായ വേണു വി.ദേശത്തിന്‍റെ ഓർമ്മപ്പുസ്തകം 'സർഗോന്മാദത്തിന്‍റെ സരണികളിൽ'(പ്രണത) പ്രസിദ്ധീകരിച്ചു.ഗാനരചയിതാവും നോവലിസ്റ്റുമായ വേണുവിന്‍റെ സാഹിത്യസംവാദങ്ങളും സൗഹൃദങ്ങളും എറണാകുളം ജീവിതവും കവിതയുടെ വഴികളും ഈ പുസ്തകത്തിൽ ആവിഷ്കരിക്കുന്നു.

4) ഡോ.എം.ലീലാവതി വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കാവ്യലോകത്തെ സമഗ്രമായി വിലയിരുത്തുന്ന കൃതിയാണ് 'കവിതയുടെ വിഷ്ണുലോകം'(മാതൃഭൂമി).ബഹുമുഖ പ്രതിഭയായ ലീലാവതി ടീച്ചർക്ക് വഴങ്ങാത്തതായി ഒന്നുമില്ല. വ്യാകരണത്തിന്‍റെ അടിവേര് പിഴുതെടുക്കുന്ന ഭാഷാവിദഗ്ദ്ധയാണ് ലീലാവതി ടീച്ചർ.സംസ്കൃതത്തിന്‍റെ അന്ത:സത്ത ഉൾച്ചേർന്ന ടീച്ചറുടെ വിമർശനലാവണ്യം ഒരു പ്രത്യേക ശാഖയാണ്

5) പ്രൊഫ. എൻ. കൃഷ്ണപിള്ളയുടെ 'പ്രതിപാത്രം ഭാഷണഭേദം' എന്ന വിമർശനകൃതി പുറത്തു വന്നിട്ട് പതിറ്റാണ്ടുകളായി. സി.വി.രാമൻപിള്ളയുടെ നോവലുകളിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലെ വ്യത്യസ്തതയാണ് ഇതിൽ അപഗ്രഥിക്കുന്നത്. ഇതുപോലെ മൗലികശോഭയുള്ള കൃതികൾ അപൂർവ്വമായാണ് ഉണ്ടാകുന്നത്.

6) കുമാരനാശാൻ എഴുതിയ 'തോട്ടത്തിലെ എട്ടുകാലി' എന്ന കവിതയെക്കുറിച്ച് കെ.ആർ.ജ്യോതിഷ് (ചിലന്തിവല കെട്ടുമ്പോൾ, യോഗനാദം കുമാരനാശാൻ ദേഹവിയോഗ പതിപ്പ്) എഴുതുന്നു. 1910 ലാണ് 'എട്ടുകാലി' എന്ന കവിതയെഴുതുന്നത്. തന്‍റെ കവിതകളെ 'ചിലന്തിവല കെട്ടൽ' എന്ന് ചിലർ ആക്ഷേപിച്ചത് ആശാന്‍റെ മനസ്സിലുണ്ടായിരുന്നു.ഈഴവസമുദായത്തിന്‍റെ കുലത്തൊഴിലായിരുന്ന നെയ്ത്തിനെ ഉന്നം വച്ച് ആശാന്‍റെ കവിതകളെ കളിയാക്കിയവർക്കുള്ള മറുപടിയായാണ് എട്ടുകാലിയെ മഹത്വവൽക്കരിച്ചുകൊണ്ട് ഈ കവിതയ്ക്ക് കവി പിന്നീട് 'തോട്ടത്തിലെ എട്ടുകാലി' എന്ന് പുനർനാമകരണം ചെയ്തതെന്ന് ലേഖകൻ ചൂണ്ടിക്കാട്ടുന്നു.

'മിനുത്തു നേർത്ത നൂലിതെങ്ങുനിന്നു? മോടികൂടുമീയനർഘമാം നെയിത്തുതന്നെയഭ്യസിച്ചതെങ്ങുനീ ?

നിനയ്ക്കതിന്‍റെ തുന്നൽകാഴ്ചവേല

തന്നിലെത്തിയാൽ

നിനക്ക് തങ്കമുദ്ര കിട്ടുമെട്ടു -

കാലി നിശ്ചയം!'

7) ഒരാളെ തന്‍റെ മാതാവ് പ്രസവിക്കുന്ന ദിവസമല്ല എന്നെന്നേക്കുമായുള്ള ഒരേയൊരു പിറവി.ഗാർസിയ മാർകേസ് ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. മനുഷ്യർക്ക് വീണ്ടും വീണ്ടും ജനിക്കേണ്ടി വരും. ജീവിതം അവരെ അതിനു നിർബന്ധിക്കുകയാണ്. വീണ്ടും വീണ്ടും ജനിക്കാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടി വരും, പതനത്തിൽ നിന്ന്, വിഷാദത്തിൽ നിന്ന്, രോഗത്തിൽ നിന്ന്, നിരാശയിൽ നിന്ന്...

8) ഗൗരവതരമായ ഒരു വിഷയമാണ് ദീപു കാട്ടൂർ 'പെഡഗോഗിയിൽ പ്രതിപാദിക്കാത്ത ചിലത്'(മെട്രോവാർത്ത വാർഷികപ്പതിപ്പ്) എന്ന കഥയിലുള്ളത്. മാതാപിതാക്കളുടെ കൂടെ കിടന്നുറങ്ങാൻ വിസമ്മതിക്കുന്ന ഒരു സ്കൂൾകുട്ടിയുടെ അസുഖകരമായ, സംഘർഷാത്മകമായ ചിത്രം വിവരിക്കുന്നു.കുട്ടികളുടെ മന:ശാസ്ത്രത്തെ രൂപപ്പെടുത്തുന്നതിൽ ഇതും ഒരു ഘടകമായിരിക്കാം. പെഡഗോഗി എന്നാൽ ബോധനശാസ്ത്രം എന്നർത്ഥം.

9) ഇതിഹാസകഥ മുഴുവൻ കൊത്തിവച്ചിരിക്കുകയാണ് കൂത്താട്ടുകളു മഹാദേവക്ഷേത്രത്തിൽ. നൂറ്റാണ്ടുകൾക്ക് മുൻപുണ്ടായിരുന്ന ശില്പികളുടെ കലാവൈഭവം കണ്ട് അന്തം വിട്ടു നിന്നു പോകും. ഒരു പൗരാണിക ക്ഷേത്രം എന്ന നിലയിൽ തടിയിലും കല്ലിലും തീർത്ത ശില്പങ്ങൾ കലയുടെ വേദാന്തമാണ് ഉദ്ബോധിപ്പിക്കുന്നത്.ഈ ക്ഷേത്രം കാണാനും റീൽസ് എടുക്കാനും യുവതീയുവാക്കാൻ ധാരാളമായെത്തുന്നു.

10) വാരികകളിൽ കവിതയുടെയോ കഥയുടെയോ പരിഭാഷ പ്രസിദ്ധീകരിക്കുമ്പോൾ രണ്ടു കാര്യങ്ങൾ ചെയ്താൽ വായനക്കാർക്ക് സഹായകമാകും. ഒന്ന്, മൂലകവി അല്ലെങ്കിൽ കഥാകൃത്ത് ആരാണ്, ഏത് നാട്ടുകാരനാണ്, പ്രധാന കൃതികൾ ഏതൊക്കെയാണ്. രണ്ട്, പരിഭാഷപ്പെടുത്തിയ കൃതിയുടെ ഇംഗ്ലീഷിലുള്ള പേര്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com