ജാതി അധിക്ഷേപം: സന്തോഷ് ഏച്ചിക്കാനത്തിന് എതിരായ കേസ് റദ്ദാക്കി

പരാതിക്കാരനുമായി സന്തോഷ് എച്ചിക്കാനവും പ്രശ്നം ഒത്തു തീർപ്പാക്കുകയായിരുന്നു
Santhosh Echikkanam
സന്തോഷ് ഏച്ചിക്കാനം
Updated on

കൊച്ചി: ജാതീയമായി അധിക്ഷേപിച്ചു എന്ന പേരിൽ എഴുത്തുകാരൻ സന്തോഷ് ഏച്ചിക്കാനത്തിനെതിരെ ഉണ്ടായിരുന്ന കേസിലെ തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി. പ്രശ്നം ഒത്തുതീർപ്പാക്കിയെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഏച്ചിക്കാനം നൽകിയ ഹർജിയിലാണ് നടപടി.

2018ൽ കോഴിക്കോട് നടന്ന സാഹിത്യോത്സവത്തിൽ എഴുത്തുകാരൻ ഉണ്ണി ആറുമായുള്ള സംഭാഷണത്തിനിടെ ദലിത് വിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിലാണ് എഴുത്തുകാരനെതിരെ കേസെടുത്തത്. സാഹിത്യോത്സവത്തിൽ ബിരിയാണി എന്ന കഥയുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെയായിരുന്നു വിവാദ പരാമർശം. ‘പന്തിഭോജനം’ എന്ന കഥയിൽ‍ പറയുന്നതു പോലെ വലിയ നിലയിൽ എത്തിയാൽ ചില ദലിതർ സവർണ മനോഭാവം പുലർത്തുന്ന മട്ടിൽ പെരുമാറുന്നുവെന്നും അത്തരമൊരാൾ നാട്ടിലുണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഇതു തന്‍റെ ജാതിയായ മാവിലൻ സമുദായത്തെ അധിക്ഷേപിക്കലാണെന്നു കാണിച്ചാണു ഏച്ചിക്കാനം സ്വദേശി ബാലകൃഷ്ണൻ പരാതി നൽകിയത്.

ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി കാസർകോട് ജില്ലാ സെഷൻസ് കോടതിയിൽ ഹാജരാക്കിയ ഏച്ചിക്കാനത്തിന് ജാമ്യം അനുവദിച്ചു. പിന്നാലെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

പിന്നീട് പരാതിക്കാരനുമായി സന്തോഷ് എച്ചിക്കാനും പ്രശ്നം ഒത്തു തീർപ്പാക്കുകയായിരുന്നു. സന്തോഷ് എച്ചിക്കാനത്തിന്‍റെ വാദത്തെ പിന്തുണച്ച് പരാതിക്കാരനും കോടതിയിൽ സത്യവാങ്മൂലം നൽകി. ഇത് അംഗീകരിച്ചുകൊണ്ടാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് കേസ് റദ്ദാക്കിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com