

ചന്തിരൂർ താഹ
കുട്ടികൾക്കു വേണ്ടിയുള്ള വലിയ എഴുത്തിൽ മൂന്നര പതിറ്റാണ്ട് പിന്നിടുകയാണ് ബാലസാഹിത്യകാരൻ ചന്തിരൂർ താഹ. കുട്ടികളുടെ മനസിൽ വെളിച്ചം വിതറുന്ന എഴുത്തുകാരൻ. കുട്ടികൾക്ക് വായിച്ച് രസിക്കാനും, പഠിക്കാനും ആടാനും, തുള്ളിക്കളിക്കാനും ഉതകുന്ന മനോഹരമായ രചനകളാണ് താഹയുടെ തൂലികയിൽ നിന്നും ഉതിർന്നു വീഴുന്നത്. പതിനഞ്ചാം വയസിൽ തത്തമ്മയെന്ന പ്രസിദ്ധീകരണത്തിലാണ് ആദ്യ കഥ പ്രസിദ്ധീകരിച്ചത്. പിന്നീട് മലയാളത്തിൽ കുട്ടികൾക്കായുള്ള ഭൂരിഭാഗം പ്രസിദ്ധീകരണങ്ങളിലും നിരന്തരമായി എഴുതി. 25 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചെറുതും, വലുതുമായ അനേകം പുരസ്ക്കാരങ്ങളും താഹ യേ തേടിയെത്തി.
കുട്ടികളുടെ മനസ്സറിഞ്ഞ് രചന നിർവഹിക്കുന്നവർ വളരെ ചുരുക്കമാണ്. പുതിയ കാലവും, മാറുന്ന ബാല്യവും എഴുത്തുകാർക്കിന്ന് ഏറെ വെല്ലുവിളികൾ നേരിടുന്നുണ്ട്. പ്രകൃതിയും കുട്ടികളും, തമ്മിലുള്ള ബന്ധവും, സ്നേഹവും, കരുണയും നന്മയും പരിസ്ഥിതിയുടെ പ്രാധാന്യവും ഗൃഹാന്തരീക്ഷത്തിന്‍റെ മാറ്റവുമൊക്കെ പുതുപുത്തൻ രചനകളായി കുട്ടികളിലേക്ക് എത്തേണ്ടിയിരിക്കുന്നു. കുട്ടികൾ ഉള്ള ഇടമാണ് സ്വർഗം അവർക്ക് വേണ്ടി എഴുതാൻ കഴിയുക ഭാഗ്യവും സിദ്ധിയുമാണെന്ന് താഹ.
അപ്പുണ്ണി രാജാവ് എന്ന ബാലനോവൽ താഹയുടെ ശ്രദ്ധേയമായ ഒരു കൃതിയാണ്. സ്നേഹവും, സഹാനുഭൂതിയും നിറഞ്ഞ് നിൽക്കുന്ന ഒരു ബാല്യത്തിന്റെ കഥ പറയുകയാണ് അപ്പുണ്ണി രാജാവ് എന്ന ബാലനോവലിലൂടെ .
ആകാശവാണിയിൽ നിരന്തരം കത്തുകൾ എഴുതിയും ബാല രംഗത്തിൽ കുട്ടികളുമൊത്ത് പരിപാടികൾ അവതരിപ്പിച്ചും എഴുത്തു വഴികളെ സമ്പന്നമാക്കുന്നുണ്ട് ഈ എഴുത്തുകാരൻ.
മെട്രൊ വാർത്ത കുട്ടികൾക്കായി ഒരുക്കിയിരുന്ന പേജുകളിലും താഹയ്ക്ക് ഇടം പിടിച്ചിരുന്നു. ആലപ്പുഴ, ചേർത്തലയിലെ ചന്തിരൂർ സ്വദേശിയാണ് താഹ. എഴുത്തിന് പുറമേ സീഫുഡ്ഡിൽ സൂപ്പർവൈസറായും ജോലി ചെയ്യുന്നുണ്ട്. ഭാര്യ റൈഹാനത്തും ഏക മകൾ ഹനഫാത്തിമയും പിന്തുണയുമായി ഒപ്പമുണ്ട്.