ദസ്തയെവ്സ്കിയൻ മനഃശാസ്ത്രത്തിന്‍റെ കാതൽ

എന്തുകൊണ്ടാണ് ദസ്തയെവ്സ്കി കൃതികൾക്ക് ഇത്രമാത്രം അംഗീകാരം ലഭിക്കുന്നതെന്നതിനുള്ള ഉത്തരം ഈ മനോവിശ്ലേഷണത്തിലുണ്ട്
The core of Dostoevsky's psychology

ദസ്തയെവ്സ്കിയൻ മനഃശാസ്ത്രത്തിന്‍റെ കാതൽ|അക്ഷരജാലകം

Updated on

റഷ്യൻ സാഹിത്യകാരൻ ഫിയദോർ ദസ്തയെവ്സ്കിയെ മലയാളികൾക്കും വളരെ ഇഷ്ടമാണ്. ഏതെങ്കിലും വിദേശ സാഹിത്യകാരനെക്കുറിച്ച് ഇത്രയധികം പുസ്തകങ്ങൾ ഈ ഭാഷയിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. അദ്ദേഹം കഥയായും നോവലായും പ്രബന്ധമായും സിനിമയായും നമ്മുടെ സാംസ്കാരിക ലോകത്ത് വാഴുകയാണ്. അദ്ദേഹത്തിന്‍റെ ബ്രദേഴ്സ് കരമസോവ്, ക്രൈം ആൻഡ് പണിഷ്മെന്‍റ്, ഇഡിയറ്റ് തുടങ്ങിയ കൃതികളെല്ലാം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. ദസ്തയെവ്സ്കിയുടെ ചൂതുകളിയും തീരെ പ്രായം കുറഞ്ഞ അന്നയുമായുള്ള പ്രേമവും സുപരിചിതമാണെന്ന് മാത്രമല്ല അദ്ദേഹത്തിന്‍റെ അപസ്മാരവും നമുക്ക് വളരെയധികം വേണ്ടപ്പെട്ടതാണ്. അദ്ദേഹം ഒരു കുറ്റവിചാരകനാണ്. എപ്പോഴും വിമർശിക്കുകയും വിലയിരുത്തുകയും വിയോജിക്കുകയും ചെയ്യും. യേശുദേവനെപ്പോലും വിമർശിക്കാനും വിചാരണ ചെയ്യാനും ഈ നോവലിസ്റ്റിനു മടിയുണ്ടായില്ല.

ദസ്തയെവ്സ്കി ഒരു മനുഷ്യജീവിയാണെന്ന് അദ്ദേഹമാണ് തെളിയിച്ചത്. ഒരു മനുഷ്യജീവി സ്വാഭാവികമായി തത്വശാസ്ത്രത്തിന്‍റെ ഇരയോ ദൈവത്തിന്‍റെ സ്തുതിപാഠകനോ അല്ല; യാതൊന്നിനെയും സംശയിക്കുകയും എതിർക്കുകയുമാണ് അവന്‍റെ സഹജ സ്വഭാവം. അവൻ ഒരു വേട്ടക്കാരനാണ്. എല്ലാ മൃഗങ്ങളെയും വേട്ടയാടി. എല്ലാറ്റിനെയും ഭക്ഷിച്ചു. എല്ലാറ്റിനെയും തന്‍റെ യുക്തിയുടെ തടവറയ്ക്കുള്ളിലാക്കുകയാണ് മനുഷ്യന്‍റെ പ്രായോഗിക പദ്ധതി.

മനുഷ്യൻ വിരിക്കുന്ന ഒരു വലയാണത്. ആ വല യുക്തിയുടെയും വികാരത്തിന്‍റെയും തലത്തിലാണ്. അതിനുള്ളിൽ ഓരോ ജീവിക്കും അവൻ ഇടം കൊടുത്തിട്ടുണ്ട്; അവിടെ കഴിഞ്ഞുകൊള്ളണം. ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കാണുന്നതും ഇങ്ങനെയാണ്. ഏതൊരു രാഷ്‌ട്രതന്ത്രജ്ഞനായാലും മറ്റൊരാൾ അയാളെ കാണുന്നത് പരിമിതികളുടെ കൂട് എന്ന നിലയിലാണ്. അയാളുടെ തലയ്ക്കകത്തു കയറിയിരുന്ന് ചിന്തിക്കുന്നതായി ഭാവിക്കും. മനുഷ്യൻ സ്വയം നിന്ദിക്കുകയും സ്വയം ന്യായീകരിക്കുകയും ചെയ്യുന്നത് ഒരേ സമയത്താണ്. ബോധപൂർവം തെറ്റു ചെയ്ത ശേഷം അത് മറ്റൊരാൾക്ക് മുന്നിൽ ന്യായീകരിക്കാനുള്ള യുക്തിയാണ് ആദ്യമേ തന്നെ കണ്ടുപിടിക്കുന്നത്. കാരണം അവൻ യുക്തിയിലാണ് ഭദ്രമായിരിക്കുന്നത്.

ഫ്രോയ്ഡ് പറഞ്ഞു

ദസ്തയെവ്സ്കി "നോട്സ് ഫ്രം അണ്ടർഗ്രൗണ്ട് ' എന്ന കൃതിയിൽ ഒരു മധ്യവർഗ റഷ്യക്കാരന്‍റെ മനോഭാവത്തെ നിർദയമായി വലിച്ചു പുറത്തിടുന്നു. അവൻ നിഗൂഢമായി ആനന്ദിക്കുകയും അന്യരെ വെറുക്കുകയും എല്ലാറ്റിനെയും വഞ്ചിക്കുകയും എല്ലാത്തിൽ നിന്നും അകലം പാലിക്കുകയും ചെയ്യുന്ന അവസരവാദിയാണെന്ന് അതിൽ പ്രതിപാദിക്കുന്നു. ഇതിന് അദ്ദേഹം ഉപകരണമായി തിരഞ്ഞെടുത്തത് മറ്റാരെയുമല്ല, തന്നെത്തന്നെയാണ്. ഒരു സ്ഥിരചിത്തന്‍റെ പ്രകൃതത്തിനു പകരം വിചിത്രമായ പെരുമാറ്റവും ദുരൂഹമായ ചിന്തകളുമുള്ള ഒരാളായിട്ടാണ് അദ്ദേഹം സ്വയം വരച്ചുവച്ചിരിക്കുന്നത്.

"കരമസോവ് സഹോദരന്മാരി'ൽ പിതാവും മക്കളും തമ്മിലുള്ള സംഘർഷം ഒരു ആന്തരസ്വരമാണ്. പിതാവും മകനും ഗ്രൂഷെങ്ക എന്ന യുവതിയെ പ്രേമിക്കുന്നു. പിതാവ് കൊല്ലപ്പെടുന്നു. മകൻ ദിമിത്രി സംശയത്തിന്‍റെ നിഴലിലാകുന്നു. യഥാർഥ കൊലപാതകി അവിഹിത സന്തതിയായ സ്മെർദിയാകോവാണ്. അത് ചെയ്തത് മക്കളിൽ ആരാണെന്ന സംശയം ബലപ്പെടുന്നു. എന്നാൽ ഇതിനിടയിൽ ഉന്നതമായ ആത്മീയതത്വങ്ങളും പൈശാചികമായ നരനിന്ദയും ഒരുപോലെ നോവലിൽ ഇടംപിടിക്കുന്നുണ്ട്. ദസ്തയെവ്സ്കിയുടെ മാനസികാരോഗ്യം പരിശോധിക്കപ്പെട്ടിട്ടുണ്ടോ എന്നറിയില്ല. ലോകപ്രശസ്ത മനഃശാസ്ത്രജ്ഞനായ സിഗ്മണ്ട് ഫ്രോയ്ഡ് നിരന്തരമായി ദസ്തയെവ്സ്കിയുടെ ചിന്തകൾ പഠിച്ചിട്ടുണ്ട്. അദ്ദേഹം "ദസ്തയെവ്സ്കി ആൻഡ് പാറിസൈഡ്' എന്ന ഒരു ചെറിയ ലേഖനം എഴുതിയത് ഇതിന്‍റെ ഫലശ്രുതിയായി കാണാം. ദസ്തയെവ്സ്കി പിതൃഘാതകനാണെന്ന സൂചനയാണ് അദ്ദേഹം നല്കുന്നത്. അതിനർഥം പിതാവിനെ കൊന്നു എന്നല്ല, കൊല്ലുന്നതിനു സമാനമായ മാനസികാവസ്ഥക്കുള്ളയാൾ എന്നാണ്. ഈ എഴുത്തുകാരന്‍റെ വ്യക്തിത്വത്തിൽ നാല് ഘടകങ്ങളുള്ളതായി ഫ്രോയ്ഡ് കണ്ടെത്തുന്നു - സർഗാത്മക കലാകാരൻ, ഭ്രാന്തൻ, ധാർമികവാദി, പാപി. ഈ നാലു ഘടകങ്ങളും ഒരു വ്യക്തിയിൽ കേന്ദ്രീകരിക്കുന്നതിന്‍റെ വിചിത്രമായ അനുപാതങ്ങളാണ് അദ്ദേഹം പരിശോധിക്കുന്നത്.

ഈ അനുപാതങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്. ഫ്രോയ്ഡ് എഴുതുന്നു: "ദസ്തയെവ്സ്കി ഒരു വലിയ സർഗാത്മക കലാകാരനാണ്. ഒരു സംശയവുമില്ല. ഷേക്സ്പിയർക്ക് പിന്നിൽ വളരെ ദൂരെയൊന്നുമല്ല അദ്ദേഹത്തിന്‍റെ സ്ഥാനം. ഈ ലോകത്ത് ഉണ്ടായിട്ടുള്ള ഏറ്റവും മഹത്തായ നോവലാണ് "കരമസോവ് സഹോദരന്മാർ'. അതിലെ "മതദ്രോഹ വിചാരകൻ' എന്ന അധ്യായം ലോകസാഹിത്യത്തിലെ ഏറ്റവും ഉന്നതമായ കൊടുമുടികളിൽ ഒന്നാണ്. " ഫ്രോയ്ഡ് പറയുന്നത് ദസ്തയെവ്സ്കിയിലെ ധാർമികവാദി ഒരു പരീക്ഷണഘട്ടത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു എന്നാണ്. തെറ്റ് ചെയ്യാൻ പ്രലോഭിപ്പിക്കപ്പെടുന്ന മനസാണത്. തെറ്റ് ചെയ്ത ശേഷം, നേരിനെക്കുറിച്ചുള്ള ഉയർന്ന ബോധം നിലനിൽക്കുന്നതുകൊണ്ട് പ്രായശ്ചിത്തം ചെയ്യാൻ ആഗ്രഹിക്കുന്നു. എന്നാൽ അങ്ങനെ ചെയ്യുന്നില്ല. തെറ്റിൽ നിന്ന് പൂർണമായി മാറിനിൽക്കുകയല്ല, തെറ്റിൽ നിപതിച്ച ശേഷം അത് ഏറ്റുപറയുന്ന രീതിയാണ് കാണാനാവുക. ഒരു നാഡീരോഗിയായ ഈ നോവലിസ്റ്റിന് വീണ്ടുവിചാരം ഉണ്ടാകാമല്ലോ.

മനുഷ്യനെ കണ്ടെത്തി

എന്തുകൊണ്ടാണ് ദസ്തയെവ്സ്കി കൃതികൾക്ക് ഇത്രമാത്രം അംഗീകാരം ലഭിക്കുന്നതെന്നതിനുള്ള ഉത്തരം ഈ മനോവിശ്ലേഷണത്തിലുണ്ട്. ലോകത്തെ ഏറ്റവും വലിയ എഴുത്തുകാരും മഹാത്മാക്കളും "കരമസോവ് സഹോദരന്മാരെ' പ്രശംസിച്ചതിന് കണക്കില്ല. ഫ്രോയ്ഡ് മാത്രമല്ല അത്യുന്നതമായി വാഴ്ത്തിയത്. മഹാ തത്വചിന്തകനായ ലുഡ്വിഗ് വിറ്റ്ജൻസ്റ്റീൻ, മൗറിസ് ഡ്രൂറി, സി.പി. സ്നോ, ആൽബർട്ട് ഐൻസ്റ്റീൻ തുടങ്ങി എത്രയോ പേരാണ് "കരമസോവ് സഹോദരന്മാർ' ലോകത്തിലെ ഏറ്റവും മഹത്തായ നോവലാണെന്ന് പറഞ്ഞിട്ടുള്ളത്! മനുഷ്യനെ ശരിയായി അറിയുക എന്ന ലക്ഷ്യമാണ് ഈ എഴുത്തുകാരനുണ്ടായിരുന്നത്. അദ്ദേഹം മനുഷ്യനെ കണ്ടെത്തുക തന്നെ ചെയ്തു. "ഒരാൾ മണ്ടനായിരിക്കുന്നത് അവനെ യാഥാർഥ്യത്തിലേക്ക് കൂടുതൽ അടുപ്പിക്കുകയാണ് ചെയ്യുന്നത്. മണ്ടത്തരത്തിന് മറയില്ല. എന്നാൽ ബുദ്ധി സ്വയം മറയ്ക്കുന്നു. ബുദ്ധിക്ക് ഒരു തത്വദീക്ഷയുമില്ല. അതേസമയം മണ്ടത്തരം സത്യസന്ധമാണ്; അതിനു മറവും തിരിവുമില്ല'- ദസ്തയെവ്സ്കി എഴുതി. ചിലപ്പോൾ വരുംവരായ്കകൾ നോക്കിയല്ല ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. അതിന്‍റെ ഫലം എന്തു തന്നെയായാലും അത് സ്വീകരിക്കാൻ നേരത്തെ തന്നെ മനസ് തയ്യാറായിട്ടുണ്ടാവും.

എന്താണ് നരകം എന്നതിന് അദ്ദേഹം നൽകുന്ന നിർവചനം, സ്നേഹിക്കാൻ കഴിയാത്ത അവസ്ഥയെന്നാണ്. ആഗ്രഹിച്ചത് കിട്ടാത്തതോ, പാപം ചെയ്തതോ, കുറ്റകൃത്യങ്ങളിലേക്ക് ആകർഷിക്കപ്പെട്ടതോ, ദാരിദ്ര്യമോ ഒന്നുമല്ല. എത്ര വലിയ പദവിയും സമ്പത്തും അധികാരവുമുള്ളയാളാണെങ്കിലും സ്നേഹിക്കാൻ കഴിയണമെന്നില്ല. ദൈവം എല്ലായിടത്തുമുള്ളതുപോലെ സ്നേഹം എല്ലായിടത്തുമുണ്ടാകണമെന്നില്ല. സ്നേഹം ഒരാശയമായി നിലനിൽക്കുകയാണ്. സ്നേഹം ബുദ്ധിയാൽ ഗ്രഹിക്കുന്നതുകൊണ്ട് തന്നെ അത് ആശയമായി നിലനിൽക്കും. എന്നാൽ സ്നേഹം ഒരു വികാരമാണ്. അത് ഒരാൾ സ്വയം അറിയേണ്ടതാണ്. രണ്ടുപേർ തമ്മിൽ സ്നേഹിച്ചാൽ പോലും നമുക്ക് സ്നേഹം എന്താണെന്ന് അറിയണമെന്നില്ല. നാം സ്നേഹിക്കണം. അതിന്‍റെ ആഴം എത്രയെന്ന് സ്വയം അറിയണം. അപ്പോഴാണ് അത് ശരിക്കും വികാരമായി മനസിലാക്കുന്നത്. ആ സ്നേഹം നഷ്ടപ്പെടുമ്പോൾ അതിന്‍റെ ശരിയായ അർഥം പിടികിട്ടും. എന്നാൽ ദസ്തയെവ്സ്കി സ്നേഹത്തിനു വേണ്ടി യാചിച്ചിരുന്നോ എന്ന് സംശയിക്കണം. അദ്ദേഹം തന്‍റെ സഹായിയായിരുന്ന അന്നയുമായുള്ള ബന്ധം ആത്മപീഡ നിറഞ്ഞതായിരുന്നു. സ്നേഹം തീവ്രമായ ഒരു കുമ്പസാരവും വെളിപാടുമായി കൊണ്ടുനടക്കാൻ കാരണം അത് എവിടെയുമില്ല എന്നറിയുന്നതുകൊണ്ടാവാം.

സ്നേഹിക്കാനാകുന്നില്ല

"കരമസോവ് സഹോദരന്മാർ' എന്ന നോവലിൽ മിത്യായുടെ വാക്കുകൾ സ്നേഹത്തിന്‍റെയുള്ളിലെ സന്ദിഗ്ധാവസ്ഥ വെളിവാക്കുന്നു. "നിന്നെയും എന്‍റെ വിനാശത്തിന് ചെന്നു പെട്ടുപോയ ഒരു വേശ്യയെയും അല്ലാതെ ആരെയും ഞാൻ സ്നേഹിക്കുന്നില്ല. അവളെ ഞാൻ പ്രേമിക്കുകയാണ്. പ്രേമിക്കുന്നുവെന്ന് പറഞ്ഞാൽ സ്നേഹിക്കുന്നുവെന്ന് അർഥമില്ല. ഒരുവൻ ഒരുവളിൽ അനുരക്തനായിരിക്കെ തന്നെ അവളെ വെറുക്കുകയും ചെയ്യും'.

ഇതാണ് ദസ്തയെവ്സ്കി അനുഭവിച്ച ശൂന്യത. അദ്ദേഹം യഥാർഥ്യങ്ങൾ അതേപടി കാണുന്നില്ല. അതിന്‍റെ അടിയിലുള്ളതും കാണുന്നു. ഈ കാഴ്ച അസുഖകരമാണ്. അത് സുന്ദരമായതിനെ പോലും വെറുക്കാൻ പ്രേരിപ്പിക്കുന്നതാണ്. ഓരോന്നിന്‍റെയും നിശിതമായ വിമർശനവും കണ്ടെത്തലും അതിലടങ്ങിയിരിക്കുന്നു.

മനുഷ്യസ്വഭാവത്തെ കൂടുതൽ അപഗ്രഥിച്ചാൽ മനുഷ്യനെ സ്നേഹിക്കാൻ വയ്യാതാവും. ഇതായിരിക്കാം അദ്ദേഹം അനുഭവിച്ച നരകം. അദ്ദേഹത്തിന്‍റെ മനസിനെ ബാധിച്ച രോഗമായിരിക്കാം അത്. ഒരു നൂറോട്ടിക്കിന് അമിത ചിന്തകൾ ഉണ്ടാകുന്നത് മനസിലാക്കാം. ഒരു വസ്തുവിനെ കാണുന്നതിന് പകരം അതിന്‍റെ കാരണമായ വസ്തുക്കളെക്കുറിച്ചുള്ള ചിന്തകളിലേക്ക് പോകാം. വിപത്തും ദുരന്തവും കാണുന്നത് അമിതമായി ചിന്തിക്കുന്നവരുടെ സ്വഭാവമാണ്. ചിന്തയിലേക്കുള്ള തീവ്രമായ യാത്ര ചിന്ത എന്ന രോഗമായി മാറുന്നു. യാഥാർഥ്യത്തെ അമിതമായി പെരുപ്പിക്കുകയാണ്. അദ്ദേഹത്തിനു ഒരിക്കലും ഒരു കാല്പനികനാകാൻ കഴിയുമായിരുന്നില്ല; യാഥാർഥ്യത്തെ തന്നെ ഇഴകീറി നോക്കാൻ വിധിക്കപ്പെട്ടിരിക്കുന്നു.

മിത്യായുടെ വാക്കുകൾ നോവലിസ്റ്റിന്‍റെ മനസിൽ മുഴങ്ങുന്ന ആശങ്കകളായി കണ്ടാൽ മതി. മനുഷ്യൻ അത്രയൊന്നും സുന്ദരനായ ഒരു വ്യക്തിയല്ല. അവനെ അത്രയൊന്നും സ്തുതിക്കേണ്ട. അവനിൽ അപരിഹാര്യമായ നികൃഷ്ടത അന്തർഭിച്ചിരിക്കുന്നു എന്നാണ്, ദൈവത്തിൽ നിന്നകന്ന ഈ പ്രവാചകൻ നോവലിലൂടെ പറയുന്നത്.

"എന്‍റെ പൊന്നേ, നികൃഷ്ടത, നികൃഷ്ടത! മനുഷ്യന് ഈ ലോകത്തിൽ എന്തെല്ലാം യാതനകൾ, എന്തെല്ലാം ദുരിതങ്ങൾ! ഒരു ഓഫിസറുടെ യൂണിഫോം ധരിച്ച് വൃത്തികേടിലും മദ്യപാനത്തിലും മുഴുകി നടക്കുന്ന ഒരു മൃഗം മാത്രമാണ് ഞാൻ എന്ന് വിചാരിക്കരുതേ. അപകൃഷ്ടനായ മനുഷ്യനെപ്പറ്റിയാണ് വാസ്തവം പറഞ്ഞാൽ എന്‍റെ ചിന്ത മുഴുവനും. ഞാൻ കള്ളം പറയുകയോ നാട്യം കാണിക്കുകയോ അല്ല. ഞാൻ ആ നികൃഷ്ടനെപ്പറ്റി വിചാരിക്കുന്നു, എന്തെന്നാൽ ഞാൻ തന്നെയാണവൻ'. (കരമസോവ് സഹോദരന്മാർ, പരിഭാഷ: എൻ.കെ. ദാമോദരൻ)

മനുഷ്യനിർമിതമായ നരകം

ഇതാണ് ദസ്തയെവ്സ്കിയുടെ മനുഷ്യ നിർമിതമായ നരകം. അതിൽ നിന്ന് അദ്ദേഹത്തിന് മോചനമില്ല. അദ്ദേഹം അതിൽ കിടന്നു പിടയ്ക്കുകയാണ്. തന്‍റെ മുന്നിലേക്ക് വരുന്ന ഓരോ മനുഷ്യനെയും അദ്ദേഹം ഈ ലെൻസ് വച്ച് നോക്കുന്നു. മിത്യായുടെ വാക്കുകളിൽ ജീവിതത്തിൽ ഒരിക്കലും സുഖം നേടാൻ കഴിയാത്തവന്‍റെ വ്യഥയുണ്ട്. ഉത്തമനായ മനുഷ്യനില്ല. നികൃഷ്ടമായ ഒരു വശം മൂടിവച്ച അവനെ താൻ ആദ്യമേ തന്നെ കാണുന്നു എന്നാണ് ഈ എഴുത്തുകാരന്‍റെ കുമ്പസാരം. ലോകത്ത് സർവതും കടങ്കഥയാണെന്ന് പറയുന്ന മിത്യാ, മിക്കപ്പോഴും താൻ നികൃഷ്ടതയിൽ മുഴുകുന്നതായി അറിയിക്കുന്നു. താനൊരു നീചനാണെന്ന് സ്വയം തിരിച്ചറിയാനുള്ള സിദ്ധിയാണ് ദസ്തയെവ്സ്കിയൻ മനഃശാസ്ത്രത്തിന്‍റെ കാതൽ. അതുകൊണ്ടുതന്നെ സുഖത്തെപ്പറ്റിയുള്ള സങ്കല്പം മാറുന്നു.

"ആ നീചാവസ്ഥയിൽ നിപതിക്കുന്നത് ഒരു സന്തോഷമാണ്' - അയാൾ പറയുന്നു. അധോഗതിയുടെ താഴേപ്പടിയിൽ നിന്നുകൊണ്ട് താൻ സ്തോത്രഗാനം ആലപിക്കുമെന്ന് അയാൾ തട്ടിവിടുന്നു. അത് ഈ കാലത്തെയും യാഥാർഥ്യമല്ലേ?എല്ലാ ദിവസവും നന്നായി വസ്ത്രം ധരിച്ചിറങ്ങുന്ന ലോകത്തിലെ പല മുഖങ്ങളും നീചാവസ്ഥയിൽ നിപതിച്ച ശേഷം സ്തോത്രഗാനമാലപിക്കുകയാണ്! ഏത് ദൈവത്തെയാണ് ഇവർ വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നത്?

രജതരേഖകൾ

1) സി.ജെ. തോമസ്

പ്രമുഖ നാടകകൃത്തും എഴുത്തുകാരനുമായ സി.ജെ. തോമസ് "തകർച്ചയുടെ കാലം' എന്നൊരു ലേഖനമെഴുതിയിട്ടുണ്ട്. അതിൽ ഇങ്ങനെ വായിക്കാം: "എന്തിനെയെങ്കിലും ചാരി നിൽക്കാതെ അവർക്ക് നിൽക്കക്കള്ളിയില്ല. സ്വയമായി എന്തിനെയെങ്കിലും അന്വേഷിച്ച് കണ്ടെത്താൻ ത്രാണിയില്ല. അഥവാ ത്രാണിയുണ്ടെങ്കിൽ അങ്ങനെയൊരു പരിശ്രമത്തിലേർപ്പെടാൻ അവർക്ക് മടിയാണ്. പിന്നെയെന്താ ചെയ്യുക? നിലവിലുള്ള ഒന്നിനെ കണ്ണടച്ച് മുറുകെപ്പിടിക്കുക'.

സി.ജെയുടെ മനസ് വ്യക്തമാക്കുന്ന വാക്യങ്ങളാണിത്. സി.ജെ എല്ലാ വ്യവസ്ഥാപിത ആശയ സംഘടനകൾക്കും എതിരായിരുന്നു. അദ്ദേഹം ഒറ്റയ്ക്ക് ചിന്തിച്ചു, ഒറ്റയ്ക്ക് പ്രതിഷേധിച്ചു.

ഇത് മനസിലാക്കാതെ കൂത്താട്ടുകുളത്തെ സി.ജെ. സ്മാരക സമിതി ജീർണമായ അക്കാദമിക് വിമർശനത്തിന് പരവതാനി വിരിക്കുകയാണ്. തികച്ചും അക്കാദമിക്കായ ആളുകൾക്ക് ഫാ. എബ്രഹാം വടക്കേൽ അവാർഡ് നൽകുന്നത് വഴി സി.ജെ. യുടെ ആശയങ്ങളെ അട്ടിമറിക്കുകയാണ്. റിട്ടയേർഡ് കോളേജ് അധ്യാപകനായ എൻ. അജയകുമാർ സമിതിയുടെ പ്രസിഡന്‍റായിരുന്നു കൊണ്ട് തന്‍റെ അക്കാദമിക് പക്ഷപാതം നടപ്പാക്കുകയാണെന്ന് സംശയിക്കാവുന്നതാണ്. അക്കാദമിക് വിമർശകനായ ഇ.വി. രാമകൃഷ്ണന് അവാർഡ് കൊടുത്തത് ഇതിനു തെളിവാണ്. എന്തിനാണ് സി.ജെയെ അക്കാദമിക് തൊഴുത്തിൽ കെട്ടുന്നത്? ഇ.വി. രാമകൃഷ്ണന് പ്രതിഷേധം എന്ന മൂല്യത്തെ തന്‍റെ ചിന്തയിലോ എഴുത്തിലോ ഉൾപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരു നല്ല സഹൃദയനിൽ യാതൊരു പ്രതികരണവുമുണ്ടാക്കാൻ ശേഷിയാല്ലാത്ത രചനകളാണ് അദ്ദേഹത്തിന്‍റേത്.

2) പോൾ വലേറി

ഫ്രഞ്ച് കവി പോൾ വലേറി പറഞ്ഞു: "ചരിത്രം സ്വപ്നങ്ങളും ലഹരിയുമാണ് വിൽക്കുന്നത്. അത് ആളുകളിൽ നിറയ്ക്കുന്നത് വ്യാജ ഓർമകളും അമിതമായ പ്രതികരണങ്ങളും പ്രകോപനങ്ങളുമാണ്'.

3) നരേന്ദ്ര പ്രസാദ്

പ്രമുഖ സാഹിത്യ വിമർശകനും നിരൂപകനുമായ പ്രൊഫ. നരേന്ദ്രപ്രസാദ് പുതിയൊരു സാഹിത്യ സംസ്കാരത്തിന്‍റെ പ്രയോക്താക്കളിൽ ഒരാളായി ഉയർത്തിക്കാണിച്ചത് ഫ്രഞ്ച് കവി പോൾ എല്വാദിനെയായിരുന്നു. സറിയലിസ്റ്റ് കവിയായിരുന്ന എല്വാദ് ഇങ്ങനെ പറഞ്ഞു: ""എന്‍റെ സ്നേഹത്തിന്‍റെ ഭാഷ മനുഷ്യനിർമിതമായ ഭാഷയല്ല; എന്‍റെ മനുഷ്യശരീരം എന്‍റെ സ്നേഹത്തിന്‍റെ ശരീരത്തിൽ സ്പർശിക്കുന്നില്ല''.

4) രാജൻ സി.എച്ച്

രാജൻ സി.എച്ച് എഴുതിയ "പാമ്പായും പറവയായുമുള്ള ഉപമകൾ' (ടുഡെ ബുക്സ്) എന്ന കവിതാ സമാഹാരം കവിതയുടെ നൂതനവും ജീവതത്വപരവും സാമൂഹ്യവുമായ മാനങ്ങളിലൂടെ വായനക്കാരെ ഉത്തേജിപ്പിക്കുന്നു. സ്ത്രീയുടെ മനസിലൂടെ സഞ്ചരിക്കുന്ന കവിതകൾ എന്ന പ്രത്യേകതയുണ്ട്. രാജൻ 20ലേറെ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തെക്കുറിച്ച് ചില മാധ്യമങ്ങൾ ഒന്നും മിണ്ടുന്നില്ല. സംവേദനക്ഷമത നഷ്ടപ്പെട്ട കവികൾക്ക് കവർ പേജിൽ സ്ഥാനം കിട്ടുമ്പോൾ യഥാർഥ കവിയായ രാജന് വേണ്ട പരിഗണന ലഭിക്കുന്നില്ല. "പിടികൊടുക്കാതെ' എന്ന കവിത വായിക്കൂ:

"പിടിക്കപ്പെടുമെന്നായപ്പോൾ

അവൾ വേഷങ്ങളോരോന്നായി

ഒന്നൊന്നായി അഴിച്ചെറിഞ്ഞു.

സ്വപ്നങ്ങൾ പ്രണയങ്ങൾ

ഓർമകളുന്മാദങ്ങൾ

രക്തമാംസങ്ങൾ

മുടിനഖങ്ങൾ

കൈകാലുകൾ

കണ്ണും കരളും

കാതും കുരലും

മൂക്കും നാക്കും

ശിരസും ഉരസും

സ്മൃതിയും വിസ്മൃതിയും

ഓരോന്നായി

ഓരോന്നായി'.

5) നിറങ്ങൾ

നിറങ്ങളെപ്പറ്റി ഡോ. പി. സോമൻ എഴുതിയ "നിറങ്ങളുടെ സൗന്ദര്യശാസ്ത്രം' (പ്രഭാവം, ഫെബ്രുവരി) അക്കാദമിക് തലത്തിൽ ശ്രദ്ധേയമാണ്. അദ്ദേഹം എഴുതുന്നു: ""ഭരതന്‍റെ നാട്യശാസ്ത്രത്തിൽ രസഭാവങ്ങൾക്ക് (വൈകാരിക ലോകം) ദേവതാരൂപങ്ങളും നിറങ്ങളും നൽകിയിരിക്കുന്നു. രസരാജനായ ശൃംഗാര രസത്തിനും രതി ഭാവത്തിനും നൽകിയിരിക്കുന്ന വർണം ശ്യാമളമാണ്, അതായത് കടും നീലവർണം. അത് അല്പം കൂടി കട്ടി കൂടിയാൽ കറുപ്പാകും. നീലം രതിയുടെ നിറമായതിനാൽ സൃഷ്ടിയുടെ വർണം കൂടിയാണ്. രതി ചിത്രങ്ങൾക്ക് ബ്ലൂ ഫിലിംസ് എന്ന പേരു വരാൻ കാരണമതാണ്''.

6) ലൂവ്രാ മ്യൂസിയം

പാരീസിലെ ലൂവ്ര മ്യൂസിയം (1793) ലോകത്തിലെ ഏറ്റവും വലിയ കലാപ്രദർശന ശാലയാണ്. 72,735 ചതുരശ്ര മീറ്ററാണ് പ്രദർശന സ്ഥലത്തിന്‍റെ വലിപ്പം. ഇതിനെക്കുറിച്ച് ചന്ദ്രസേനൻ മിതൃമ്മല എഴുതിയ ലേഖനം (പ്രഭാവം) വിജ്ഞാനപ്രദമാണ്.

7) റൂമി

പ്രമുഖ കവി ജലാലുദ്ദീൻ റൂമി എഴുതി: "നമ്മൾ ഈ ഭൂമിയിൽ ജീവിക്കുകയല്ല, വെറുതെ കടന്നുപോവുക മാത്രമാണ് ചെയ്യുന്നത്'. നമുക്ക് ഈ ഭൂമിയില്ലാതെ ജീവിക്കാനാകില്ല. എന്നാൽ ഭൂമിക്ക് നമ്മളില്ലാതെ ജീവിക്കാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com