
ഒരു സെൽഫി എടുക്കുന്നത്, ഒരു ടെക്സ്റ്റ് മെസേജ് അയയ്ക്കുന്നത് ഭൂരിപക്ഷം പേർക്കും പരിചിതമാണല്ലോ. എല്ലാം ഡോക്യുമെന്റുകളും ഡാറ്റയുമാണ്. ഡിജിറ്റൽ ജീവിതമാണ് ഇന്നത്തേത്. തറയോടു മുതൽ സാരി വരെ ഡിജിറ്റൽ പ്രിന്റുകളാണ്. ഇത് ഡിജിറ്റൽ യുഗമാണ്; നമ്മൾ ഡിജിറ്റൽ മനുഷ്യരും.
ബ്രിട്ടീഷ് സൈദ്ധാന്തികനും തത്ത്വചിന്തകനുമായ അലൻ കിർബി 2006ൽ എഴുതിയ "ദ് ഡെത്ത് ഓഫ് പോസ്റ്റ്മോഡേണിസം ആൻഡ് ബിയോണ്ട് ' എന്ന ലേഖനത്തിലാണ് അദ്ദേഹം പ്രവചനാത്മകതയോടെ "ഡിജിമോഡേണിസം' എന്ന സിദ്ധാന്തം അവതരിപ്പിച്ചത്. പിന്നീട് അദ്ദേഹം ഡിജിമോഡേണിസം എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. അദ്ദേഹം അതിൽ വാദിച്ചത് 21ാം നൂറ്റാണ്ട് ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ മനുഷ്യജീവിതത്തിൽ സമൂലമായ വ്യാവഹാരിക പരിവർത്തനം വരുത്തിയെന്നാണ്. ഇംഗ്ലീഷിൽ പാരഡൈം ഷിഫ്റ്റ് എന്നു പറയുന്ന ഈ മാറ്റം നമ്മുടെ കാഴ്ചപ്പാടുകളെയും മുൻഗണനകളെയും ചിന്താരീതികളെയും തകിടംമറിക്കുകയാണ്.
കിർബി എഴുതി: "ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം വരെ സ്വത്വം, പ്രാദേശികത, ഫെമിനിസം, ബൃഹദാഖ്യാനങ്ങൾ തുടങ്ങിയ സംജ്ഞങ്ങളിലൂടെ വളർന്ന ഉത്തരാധുനികത എന്ന പ്രവണത കാലഹരണപ്പെട്ടു, പഴകി. ഇന്നു അതിന് ഒരു പ്രസക്തിയുമില്ല. ഉത്തരാധുനികതയുടെ പരിഗണനകൾ നമ്മളിൽ നിന്നു അകന്നുപോയിരിക്കുന്നു. പല ഉത്തരാധുനിക ചിന്തകരും ഭൂതകാലത്തിലേക്ക്, ചരിത്രത്തിലേക്ക് പിന്തിരിഞ്ഞു പോയിരിക്കുന്നു'.
പുതിയ ഒരു ഡിജിറ്റൽ ആധുനികത അഥവാ വ്യാജ ആധുനികത (സ്യൂഡോ മോഡേണിസം) അവതരിച്ചതായി അദ്ദേഹം പ്രഖ്യാപിച്ചത് ഈ ലേഖനത്തിലാണ്. അത് പ്രവചനാത്മകമായിരുന്നു. ഇപ്പോൾ നമ്മുടെ ജീവിതത്തിൽ നിന്നു ഡിജിറ്റൽ ടെക്നോളജി മാറ്റാനാവില്ലല്ലോ. ഏതെങ്കിലും ഒരു ചരിത്രഘട്ടവുമായി ഡിജിമോഡേണിസത്തിനു ബന്ധമില്ല. അത് കലാകാരന്മാർ ഉപയോഗിക്കുന്ന ശൈലിയോ ടെക്നിക്കോ ഒന്നുമല്ല. മറിച്ച്, അത് സന്ദേശങ്ങളെയും (Text) സംസ്കാരത്തെയും കലയെയും സംബന്ധിക്കുന്ന വിഭിന്നങ്ങളായ ഫലങ്ങളെയാണ് ബാധിക്കുന്നത്. പ്രിന്റിങ് പ്രസ് കണ്ടുപിടിച്ചപ്പോഴുണ്ടായ മാറ്റത്തിനു സമാനമായാണ് ഇന്ന് ടെക്സ്റ്റ് അഥവാ സന്ദേശം, അല്ലെങ്കിൽ പാഠത്തിന്റെ രംഗപ്രവേശം. ഡിജിറ്റൽവത്കരണത്തിന്റെ തരംഗമാണ് ഇപ്പോഴുള്ളത്. അത് മനുഷ്യന്റെ ഇതുവരെയുള്ള കാഴ്ചപ്പാടുകളെ മറ്റൊരു മാനത്തിലേക്ക് സംക്രമിപ്പിച്ചിരിക്കുകയാണ്.
കർത്തൃത്വം വേണ്ട
ഇവിടെ എഴുത്തുകാരൻ എന്ന കർത്താവ് നമ്മൾ പരിചയിച്ച നിലയിൽ നിലനിൽക്കുന്നില്ല. ഷേക്സ്പിയർ, ടോൾസ്റ്റോയ് എന്നൊക്കെ പറയുന്നതുപോലെയുള്ള കർത്തൃത്വം ഡിജിറ്റൽ കാലത്ത് സ്വാധീനിക്കപ്പെടുന്നില്ല. ഡിജിറ്റൽ മോഡേണിസത്തിൽ എണ്ണമറ്റ ടെക്സ്റ്റുകൾ ഉണ്ടാകുന്നു. അത് സമൂഹ മാധ്യമങ്ങളിലെ ചാറ്റ്റൂമുകളിലോ ടെക്സ്റ്റ് മെസേജുകളിലോ ആകാം. അത് ആരാണ് ടൈപ്പ് ചെയ്യുന്നതെന്നു പോലും അറിയില്ല. എഴുതുന്നവർക്ക് കർത്തൃത്വം വേണ്ട. പലർക്കും പേരില്ല. ചിലർ കള്ളപ്പേരിലായിരിക്കും എഴുതുക. അത് ഒരു വ്യക്തിയുടേതു പോലുമാകില്ല. പലപ്പോഴായി പലർ സംഭാവന ചെയ്യുന്നത് ഒരു ടെക്സ്റ്റായി പരിണമിക്കുന്നതും കാണാം. ഒരു ഫേസ്ബുക്ക് പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെടുന്ന ആയിരത്തോളം കമന്റുകൾ ആകെ ചേരുമ്പോൾ ഒരു "ടെക്സ്റ്റ്ബുക്കാ'വുകയാണ്. അത് ഓരോന്നും ഒറ്റയ്ക്കല്ലെന്നർഥം. അവിടെ ഒരു വ്യക്തിയില്ല, സന്ദേശങ്ങളേയുള്ളൂ.
മേഘസന്ദേശം എഴുതിയ കാളിദാസനെ പോലെയുള്ള ഒരു രചയിതാവിനെയല്ല സമൂഹമാധ്യമത്തിൽ കാണുന്നത്. അവർ പലതലങ്ങളിൽ, പല ഉറവിടങ്ങളിൽ പ്രത്യക്ഷപ്പെടുന്നവരാണ്. അവർ തങ്ങളുടെ പേരിന് ഒരു വിലയും കൊടുക്കുന്നില്ല. അവർ സന്ദേശത്തിന്റെ പേരിൽ ഓർക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല. അവർക്ക് വ്യക്തിത്വം വേണമെന്നില്ല. അവർ ഒന്നിന്റെ യും ആധികാരിക ശബ്ദമല്ല. അവർ ആശയങ്ങളുടെയോ ഭാഷയുടെയോ ചരിത്രത്തെ ശ്രദ്ധിക്കുന്നില്ല. അവർ സംസ്കാരം എന്നു നാം പൊതുവേ വിവക്ഷിച്ചു പോരുന്ന ചിന്താമണ്ഡലത്തിനു പുറത്താണ് ജീവിക്കുന്നത്.
ഓരോ സന്ദേശത്തിന്റെയും ഫലം പലതാണ്. ചില ചാനലുകളിലെ അവതാരകന്മാർ ട്വിറ്ററിലോ (എക്സ്), ഫെയ്സ്ബുക്കിലോ മുന്നോ നാലോ വാക്യങ്ങൾ എഴുതിയാൽ അവരെ തെറി പറയാനായി ധാരാളം പേർ കടന്നുവരികയാണ്. ഇത് സ്വാതന്ത്ര്യത്തിന്റെ പുതിയ യുഗമാണ്. ഈ അവതാരകർക്ക് എന്തെങ്കിലും എഴുതി ബഹുജനങ്ങളെ അറിയിക്കണമെങ്കിൽ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കാതെ നിവൃത്തിയില്ല. എന്നാൽ അവതാരകർ സ്വതന്ത്രരല്ല. അവരെ പിച്ചിച്ചീന്താൻ അവരുടെ തന്നെ പേരില്ലാത്ത പ്രേക്ഷകർ തിക്കിത്തിരക്കി വരുകയാണ്. ചിലപ്പോൾ അവരുടെ ഓഫിസിൽ തന്നെയുള്ള ആളുകളായിരിക്കാം തെറി പറയാൻ വരുന്നത്. 25 വർഷം മുമ്പായിരുന്നെങ്കിൽ ഈ അവതാരകരെ ഒന്നു ചീത്ത പറയാൻ അവസരം കിട്ടില്ലായിരുന്നു. എന്തായാലും ഉചിതമായ സന്ദർഭങ്ങളിൽ തെറി പറയാനുള്ള സ്വാതന്ത്ര്യത്തിൽ നിന്നു ഒരു പ്രേക്ഷകൻ എന്തിനാണ് ഒഴിഞ്ഞു നിൽക്കുന്നത്? കാരണം, അവന്റെ സമയവും പണവും ഉപയോഗിച്ചാണല്ലോ ഇവിടെ സകല മാധ്യമങ്ങളും പ്രവർത്തിക്കുന്നത്. അവന്റെ താത്പര്യമോ സത്യസന്ധതയോ നോക്കാതെ അവതാരകർ സ്വന്തം ഇഷ്ടവും തന്ത്രവും വിജയിപ്പിക്കാനാണല്ലോ വല്ലതും പറയുന്നതും എഴുതുന്നതും.
അവതാരകൻ പാർട്ടി വക്താവാകുന്നു
ഇപ്പോൾ നാം കാണുന്ന ഏറ്റവും വിചിത്രമായ കാര്യം, ടെലിവിഷൻ ചാനലുകളിലെ അവതാരകർ ഓരോ രാഷ്ട്രീയ പാർട്ടിയുടെയും വക്താക്കളായി മാറുന്ന കാഴ്ചയാണ്. അവതാരകർ പരസ്യമായി, നഗ്നമായി പാർട്ടികളുടെ വക്കാലത്ത് ഏറ്റെടുക്കുന്നു. അവർ പാർട്ടികൾക്കു വേണ്ടി പോരടിക്കുന്നു. രാഷ്ട്രീയ നേതാക്കൾക്ക് ഇപ്പോൾ ചാനലുകളിലേക്ക് പ്രതിനിധികളെ അയയ്ക്കേണ്ട ആവശ്യം തന്നെയില്ല; എന്തെന്നാൽ, മാധ്യമപ്രവർത്തകർ തന്നെ അവരുടെ രാഷ്ട്രീയ പാർട്ടി വിധേയത്വവും പക്ഷപാതവും യാതൊരു മറയുമില്ലാതെ തുറന്നു കാണിക്കുകയാണ്.
ചാനൽ അവതാരകരിൽ ചിലരെങ്കിലും രാഷ്ട്രീയ പാർട്ടികളുമായി ചങ്ങാത്തം കൂടാൻ ആഗ്രഹിക്കുന്നു; അതിലൂടെ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാഗ്രഹിക്കുന്നു. മാധ്യമ പ്രവർത്തനത്തിന്റെ മരണം എന്നു വിശേഷിപ്പിക്കാവുന്ന ഒരു അവസ്ഥയാണിത്. അപ്പോൾ അവതാരകർ ട്വിറ്ററിലോ ഫെയ്സ്ബുക്കിലോ എഴുതുന്ന ടെക്സ്റ്റിന് താഴെ സർവതന്ത്ര സ്വതന്ത്രരായി പ്രേക്ഷകർ തെറിയുമായി അണിനിരക്കുന്നത് സ്വാഭാവികമായി കാണുന്നതാണ് ഉത്തമം.
പുതിയ ഡിജിറ്റൽ ലോകം എഴുത്തുകാരന്റെയും പത്രാധിപരുടെയും കാലത്തെ കടന്ന് മുന്നോട്ടു പോവുകയാണ്. ചാനൽ, ഓൺലൈൻ ന്യൂസ് റൂമുകളിൽ ഇപ്പോൾ പത്രാധിപരില്ല; കണ്ടന്റുണ്ടാക്കുന്നവർ മാത്രമേയുള്ളൂ. ആർക്കെല്ലാം തൽസമയം പങ്കെടുക്കാൻ കഴിയുമോ അവരെല്ലാം വാർത്ത സൃഷ്ടിക്കുന്നവരാണ്. വാർത്ത സൃഷ്ടിക്കുന്നവരേയുള്ളൂ, എഡിറ്റ് ചെയ്യുന്നവരില്ല. യൂട്യൂബർമാരുടെ വെളിപ്പെടുത്തലുകളിൽ, ചാനൽ അവതാരകരുടെ പ്രൈം ടൈം വട്ടമേശകളിൽ ആരാണ് എഡിറ്റർ?ആരുമില്ല. അവിടെ ചിലതെല്ലാം സംഭവിക്കുകയാണ്. ചാനൽ, ഓൺലൈൻ, ഡിജിറ്റൽ കണ്ടന്റുകളിൽ 19ാം നൂറ്റാണ്ടിലെ ക്ലാസിക്കൽ റിയലിസമോ 20ാം നൂറ്റാണ്ടിലെ ആധുനികതയോ ഏശുകയില്ല. അതേസമയം ഒരു കണ്ടന്റ് എന്ന നിലയിൽ നിർമിക്കപ്പെടുന്ന ഏതൊരു വിഭവത്തിലും പഴയതും പുതിയതുമായ എല്ലാ പ്രവണതകളും ആക്ഷേപഹാസ്യമായി പുനരവതരിപ്പിക്കുകയാണ് ചെയ്യുന്നത്.
എല്ലാം ടെക്സ്റ്റുകൾ
യാതൊരു ഗണത്തിലും വ്യവഹാരത്തിലും ആത്മാർഥമായി വിശ്വസിക്കാതിരിക്കുകയും സാങ്കേതികമായ വിദ്യകൾ യഥേഷ്ടം ഉപയോഗിക്കുകയുമാണ് ഡിജിമോഡേണിസത്തിൽ സംഭവിക്കുന്നത്. പുസ്തകത്തിന്റെ, സാഹിത്യത്തിന്റെ, ഇതിവൃത്തത്തിന്റെ രൂപഘടനയാണ് ഡിജിമോഡേണിസം തകർത്തത്. കഴിഞ്ഞ നൂറ്റാണ്ടിൽ സിനിമയോ നാടകമോ സാഹിത്യമോ വേണമായിരുന്നു ജനപ്രിയമായ ഒരു സാംസ്കാരിക ഉത്പന്നം സൃഷ്ടിക്കാൻ. ഇപ്പോൾ ആ സാഹചര്യം മാറി.
കിർബി പറയുന്നു: എല്ലാ ടെലിവിഷൻ, റേഡിയോ പ്രോഗ്രാമുകളും ടെക്സ്റ്റുകളാണ്. അതിന്റെ ഉള്ളടക്കവും ചലനാത്മകതയും നിർണയിക്കുന്നത് കാണികളാണ് അല്ലെങ്കിൽ കേൾവിക്കാരാണ്. ഡിജിമോഡേൺ സാംസ്കാരിക ഉത്പന്നം നിലനിൽക്കുന്നത് വ്യക്തികൾ ഇടപെടുന്നതുകൊണ്ടാണ്. ചാൾസ് ഡിക്കൻസ് ഒരു കൃതി എഴുതി പ്രസിദ്ധീകരിക്കാൻ കൊടുത്താൽ അതൊരു അന്തിമ ഉല്പന്നമാണ്. അതിൽ വായനക്കാർക്ക് ഇടപെട്ട് ഒന്നും ചെയ്യാനാവില്ല. അഭിപ്രായം പറയാനേ കഴിയൂ. എന്നാൽ ബിഗ് ബ്രദർ അല്ലെങ്കിൽ ബിഗ് ബോസ് ഷോ പ്രേക്ഷകർ വോട്ട് ചെയ്തുകൊണ്ടാണ് നിലനിർത്തുന്നത്. ഒരു സാഹിത്യ കൃതിയുടെ ഇതിവൃത്തത്തെ വായനക്കാരന് ഇങ്ങനെ മാറ്റാനാവില്ല. ഒരു കംപ്യൂട്ടർ ഗെയിമിൽ കളിക്കാരനു തന്റെ ഇഷ്ടംപോലെ കളി മാറ്റാം. അവിടെ കളിക്കാരൻ തന്നെയാണ് കളി നിശ്ചയിക്കുന്നത്. ഇന്റർനെറ്റിൽ വിരൽത്തുമ്പാണ് നിയന്താവ്. ക്ലിക്ക് ചെയ്യാനുള്ള സ്വാതന്ത്ര്യമാണ് അവിടെ ഒരു ഉത്പന്നത്തെ നമ്മുടെ മുന്നിലെത്തിക്കുന്നത്. വ്യക്തിയുടെ ഇഷ്ടത്തിനൊത്ത് പ്രവർത്തിക്കാം. ഒരു മൗസു കൊണ്ട് അല്ലെങ്കിൽ ഒരു വിരൽത്തുമ്പു കൊണ്ട് നമുക്ക് വായനയുടെ സ്വന്തം വഴി നിശ്ചയിക്കാം.
ഇന്റർനെറ്റിൽ ഒരാൾ പേജുകൾ മറിക്കാൻ ക്ലിക്ക് ചെയ്യുന്നു. അതിൽ ഒരു വ്യാജത്വവുമില്ല. ഒരു പുതിയ വഴി കണ്ടെത്തപ്പെടുകയാണ്. അത് പിന്നീട് ആവർത്തിക്കുന്നതല്ല. നമ്മൾ തേടുന്ന ഒരു പേജിനു വേണ്ടി ധാരാളം പേജുകൾ പരതേണ്ടി വന്നേക്കാം. അവിടെ ഒരു റൂട്ട് സൃഷ്ടിക്കപ്പെടുന്നു. ഉപയോഗം കഴിയുന്നതോടെ ആ റൂട്ടും ഇല്ലാതാവുന്നു. ആ റൂട്ട് ഒരിക്കലും ആവർത്തിക്കില്ല. ഇതിനു മുമ്പ് അത് ഉണ്ടായിരുന്നതുമല്ല. ഡിജിറ്റൽ മോഡേൺ ടെക്സ്റ്റുകൾ ദീർഘകാലം നിലനിൽക്കാനുള്ളതല്ല. അത് ശരവർഷം പോലെ പ്രവഹിക്കുന്നു. അതേ വേഗതയിൽ മായുന്നു. റിയാലിറ്റി ടിവി പ്രോഗ്രാമുകൾ അതേ രീതിയിൽ ആവർത്തിക്കാനാവില്ലല്ലോ. അതുപോലെ ഫോൺ-ഇൻ പ്രോഗ്രാമുകളും ആവർത്തിക്കുന്നില്ല. മിക്ക ഡിജിറ്റൽ സാംസ്കാരിക ഉത്പന്നങ്ങൾക്കും ഒറ്റത്തവണ ഉപയോഗമേയുള്ളൂ.
ഉത്തരരേഖകൾ
1) ഇന്നത്തെ കഥകളിൽ കാണുന്ന യഥാർഥ്യത്തിനു സാഹിത്യപരമായ തലമുണ്ടോ?
ഉത്തരം: ഇന്നത്തെ കഥകളിൽ പത്ര റിപ്പോർട്ടിങ്ങിൽ ഉപയോഗിക്കുന്ന ഭാഷയും കൗശലവും മാത്രമേയുള്ളൂ. സർഗാത്മകം എന്നു പറയാവുന്ന യാതൊന്നുമില്ല. കഥാകൃത്തുക്കൾ മികച്ച സാഹിത്യം വായിക്കുന്നില്ല. ജീവിതത്തെക്കുറിച്ച് ആഴത്തിൽ ഗ്രഹിക്കാൻ വേണ്ടി ഒന്നും ചെയ്യുന്നില്ല. യു.കെ. കുമാരന്റെ "ഇരുളിലേക്ക് നീങ്ങുന്ന കണ്ണുകൾ' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, നവംബർ 12-18) എന്ന കഥ ഒരു വൻ പരാജയമാണ്.
ഒരു മോഷ്ടാവ് രാത്രിയിൽ വീട് തപ്പി നടക്കുകയാണ്. വീടുകളെക്കുറിച്ചുള്ള വിരസമായ വിവരണമാണ് പകുതിയിലേറെയും. ഒടുവിൽ ഏതോ പ്രലോഭനത്തിൽപ്പെട്ട് ഒരു വീട്ടിൽ കയറി. അവിടെ നിന്ന് അടുത്ത വീട്ടിലേക്ക് നോക്കിയപ്പോൾ ചില ഗൂണ്ടകൾ ഒരു വൃദ്ധനെയും വൃദ്ധയെയും ഭീഷണിപ്പെടുത്തി ചില പേപ്പറുകളിൽ ഒപ്പുവയ്പിക്കുന്നത് കണ്ടു. അവരെ അവന്മാർ കൊന്നതായി പിന്നീട് അറിയിക്കുന്നു. കുമാരൻ എഴുതിയതിൽ തന്നെ വൈരുധ്യമുണ്ട്: "വെളിച്ചത്തിൽ ആരെയും കാണാൻ കഴിഞ്ഞില്ല. എന്നാൽ രണ്ടുപേർ കസേരയിൽ മലർന്നു കിടക്കുന്നത് അയാൾ കണ്ടു'.
ഇതിൽ ഏതാണ് വായനക്കാരൻ വിശ്വസിക്കുക? മോഷ്ടാവ് ആ കാഴ്ചയുടെ ഷോക്കിൽ വീട് വിട്ടിറങ്ങുന്നു. ഒരു വികാരവും ജനിപ്പിക്കാത്ത കഥയാണിത്. അവതരണം പാളിപ്പോയി. ഒരു കഥയിൽ കഥാകൃത്ത് പറയുന്നതാകരുത് കഥ; അതിനപ്പുറത്ത് ചിലതുണ്ടാകണം. ഇവിടെ അങ്ങനെ യാതൊന്നും കണ്ടില്ല.
2) സാഹിത്യകാരന്മാർ ഓർമിക്കപ്പെടുമോ?
ഉത്തരം: വിസ്മൃതിയാണ് പ്രകൃതിയുടെ സഹജമായ ഭാവം. ആരും ആരെയും ഓർക്കുന്നില്ല. പി. അയ്യനേത്തിനെയോ വി.ടി. നന്ദകുമാറിനെയോ ആരും ഓർക്കാതായി. ഉണ്ണികൃഷ്ണൻ പുതൂരിനെക്കുറിച്ച് മകൻ ഷാജി പുതൂർ എഴുതിയ ലേഖനം (അച്ഛന്റെ മരണക്കുറിപ്പ്, പ്രഭാതരശ്മി, ഒക്ടോബർ) വായിച്ചു. ഷാജിയെപ്പോലെ നിശ്ചയദാർഢ്യമുള്ള ഒരു മകനുള്ളതു കൊണ്ടാണ് പുതൂരിനെ ഓർക്കുന്നത്.
3) ഈ ഉത്തര- ഉത്തരാധുനിക കാലത്ത് ജീവിതത്തെ സമൂലമായി പരിവർത്തനം ചെയ്യുന്ന മുഖ്യഘടകം എന്താണ്?
ഉത്തരം: വേഗതയാണ് പുതിയ മാനം. ഇന്റർനെറ്റ്, ഫോട്ടൊഗ്രാഫി, യുദ്ധോപകരണങ്ങൾ, സൂപ്പർസോണിക് ജെറ്റുകൾ, ഇമെയിലുകൾ തുടങ്ങിയവയിലെല്ലാം വേഗതയ്ക്കാണ് പ്രധാന്യം. ഫ്രഞ്ച് സൈദ്ധാന്തികനായ പോൾ വിറിലിയോ ഇങ്ങനെ പറഞ്ഞു: "നമ്മൾ ഇപ്പോൾ തീവ്രമായ ഒരു സമയയുഗത്തിലേക്ക് പ്രവേശിക്കുകയാണ്. മെഷീനുകൾ വിഭാവന ചെയ്യുന്ന സമയത്തിനൊപ്പം പോകാൻ ഒരു മനുഷ്യനും സാധ്യമല്ല. ഇവിടെ സമയം തന്നെ ദൂരമായി തീരുകയാണ് '.
4) യാത്രകൾ സാഹിത്യമായി പരിണമിക്കുകയാണല്ലോ?
ഉത്തരം: എഴുത്തുകാർ യാത്ര ചെയ്ത് എഴുതുന്നത് വായിക്കാൻ താത്പര്യമുള്ളവരുണ്ട്. ഇ.എം. അബ്ദുൾ ലത്തീഫ് ചൂണ്ടൽ എഴുതിയ "പുനരാവർത്തനങ്ങളിലേക്ക് എത്തിക്കുന്ന യാത്രകൾ' (പ്രവാസിശബ്ദം, ആഗസ്റ്റ്) ശ്രദ്ധേയമായി. ചെഗുവരെയുടെ യാത്രകളെ ഇതിൽ പരിചയപ്പെടുത്തുന്നുണ്ട്. ചെയുടെ മോട്ടോർ സൈക്കിൾ യാത്രകൾ, ഡയറിക്കുറിപ്പുകളിലെ യാത്രകൾ, സിനിമാ യാത്രകൾ തുടങ്ങിയവ ധാരാളം വായനക്കാരെ ആകർഷിച്ചിട്ടുണ്ട്. ചൂണ്ടലിന്റെ ഭാഷ ആകർഷകമാണ്.
5) കവിതയിലൂടെ രാഷ്ട്രീയം പറയുന്നത് നല്ലതാണോ?
ഉത്തരം: രാഷ്ട്രീയം എന്നു പറയുന്നത് പാർട്ടികളുടെ രാഷ്ട്രീയത്തിനും അപ്പുറത്താണ്. പക്ഷേ, അവിടെ വരെ പോകാൻ നമ്മുടെ കവികൾക്ക് കഴിയാറില്ല. ഒരു വണ്ടിന്റെ, പൂച്ചയുടെ രാഷ്ട്രീയം പോലും പ്രധാനമാണ്. എല്ലാറ്റിനും ജീവിക്കാനുള്ള അവകാശമുണ്ട്. പി.എൻ. ഗോപീകൃഷ്ണൻ പത്രങ്ങളിലൂടെ ഉല്പാദിപ്പിച്ചു വിടുന്ന പൊതുരാഷ്ട്രീയത്തിന്റെ തടവറയിലാണെന്നു വ്യക്തമാക്കുന്നതാണ് "ഇന്ത്യയുടെ കൂട്ടുകാരൻ "(മാതൃഭൂമി ആഴ്ചപ്പതിപ്പ്, നവംബർ 12-18) എന്ന കവിത. പാലസ്തീനിലെ കൂട്ടക്കൊലയെ ഇന്ത്യ ന്യായീകരിക്കുകയാണെന്ന ധ്വനി കവിതയിൽ കൊണ്ടുവന്നത് ശരിയായില്ല.
6) എല്ലാവരും ആത്മകഥകൾ എഴുതുകയാണല്ലോ?
ഉത്തരം: ഒന്നിലധികം ആത്മകഥകളുള്ളവരാണ് മിക്ക എഴുത്തുകാരും. അവനവനെക്കുറിച്ച് എഴുതുമ്പോൾ ഏത് കള്ളവും സത്യമായി അവതരിപ്പിക്കാം.
7) രചനയിൽ മൗലികത അനിവാര്യമാണോ?
ഉത്തരം: മൗലികത സൃഷ്ടിക്കാൻ പ്രയാസമാണ്. അതിനു പ്രയത്നം വേണം. മൗലികത ഇല്ലാതിരിക്കുന്നതാണ് ഇന്നത്തെ ജീവിതത്തിൽ വിജയിക്കാൻ നല്ലത്. സോക്രട്ടീസിനെ പോലെയോ യേശുക്രിസ്തുവിനെ പോലെയോ മൗലികത നേടിയാൽ കൊല്ലപ്പെടും. റഷ്യൻ സാഹിത്യകാരനായ ദസ്തയെവ്സ്കി പറഞ്ഞു: "ചരിത്രാതീതകാലം മുതൽ ലോകത്ത് എല്ലായിടത്തും, മൗലികത ഇല്ലാതിരിക്കുന്നതാണ് ഒരാളുടെ ഏറ്റവും മികച്ച ഗുണമായി, പ്രവർത്തനക്ഷതയുടെയും പ്രായോഗികതയുടെയും അംഗീകാരമായി കരുതി പോന്നിട്ടുള്ളത് '.