പുതുവർഷത്തിൽ മലയാള ഭാഷാ പൈതൃകത്തിന് ഡിജിറ്റൽ സംരക്ഷണം

ഭൂതകാലം കാത്തുവച്ച ഭാഷയുടെ നിധികൾ ഭാവിക്കു വേണ്ടി സംരക്ഷിക്കാനുള്ള രണ്ട് മഹത്തായ ഉദ്യമങ്ങളാണ് പുതുവർഷത്തിൽ ഫലപ്രാപ്തി കാണുന്നത്.
MP Parameswaran handing over his collection to Manoj Karingamadam in Thrissur on Wednesday.
എം.പി. പരമേശ്വരൻ തന്‍റെ കൃതികളും അവ ഡിജിറ്റൈസ് ചെയ്യാനുള്ള സമ്മതപത്രം മനോജ് കരിങ്ങാമഠത്തിനു കൈമാറുന്നു.
Updated on

അജയൻ

മലയാള ഭാഷയിലെ കാലാതീതമായ നിധികൾ ഭാവി തലമുറയ്ക്കു വേണ്ടി സംരക്ഷിക്കാൻ ഡിജിറ്റൈസ് ചെയ്ത് ആർക്കൈവ് ചെയ്യാനുള്ള ശ്രമങ്ങൾ പുതുവർഷത്തിൽ ഫലപ്രാപ്തിയിലെത്തുകയാണ്. ലോകത്തെവിടെയും മലയാളത്തിലെ ക്ലാസിക് ഗ്രന്ഥങ്ങൾ ഒരു വിരൽത്തുമ്പിന്‍റെ മാത്രം ദൂരത്തിലേക്ക് അടുപ്പിക്കുക എന്ന ലക്ഷ്യം, അന്താരാഷ്ട്ര പബ്ലിക് ഡൊമെയ്ൻ ദിനമായ ജനുവരി ഒന്നിന് യാഥാർഥ്യമായി. രണ്ടു മാസം മാത്രം മുൻപ് തുടങ്ങിവച്ച രണ്ട് മഹത്തായ ഉദ്യമങ്ങളാണ് വലിയ വിജയത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്.

ആണവ ശാസ്ത്രജ്ഞനും വിദ്യാഭ്യാസ വിചക്ഷണനും മാർക്സിസ്റ്റ് ചിന്തകനുമായ എം.പി. പരമേശ്വരന്‍റെ കൃതികൾ വിക്കിമലയാളം വിക്കിസോഴ്സിലേക്ക് ഡിജിറ്റൈസേഷനു വേണ്ടി കൈമാറി. വിജ്ഞാനം എല്ലാവർക്കും അവകാശപ്പെട്ടതാണ് എന്ന ബോധ്യത്തിന്‍റെ അടിസ്ഥാനത്തിലാണ്, എം.പി. പരമേശ്വരൻ പകർപ്പവകാശത്തിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങൾ പോലും വേണ്ടെന്നു വച്ച് ഈ പദ്ധതിക്കൊപ്പം നിൽക്കാൻ തീരുമാനിച്ചത്. അദ്ദേഹത്തിന്‍റെ വസതിയിൽ നടത്തിയ ചടങ്ങിൽ, വിക്കിഗ്രന്ഥശാല അഡ്മിനിസ്ട്രേറ്റർ മനോജ് കരിങ്ങാമഠം സമ്മതപത്രം ഏറ്റുവാങ്ങി.

മനോജ് 2022ൽ ആരംഭിച്ച ലാഭേതര കമ്പനിയായ സഹ്യ ഡിജിറ്റൽ കൺസർവേഷൻ ഫൗണ്ടേഷനാണ് ഡിജിറ്റൈസേഷന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുന്നത്. അപൂർവമായ അമൂല്യ ഗ്രന്ഥങ്ങൾ ആർക്കു വേണമെങ്കിലും വായിക്കാനുള്ള സജ്ജീകരണമൊരുക്കുക എന്നതാണ് ഇതിലൂടെ മനോജ് ലക്ഷ്യമിടുന്നത്.

കേരള ശാസ്ത്ര സാഹിത്യ പരിഷത് കമ്മിറ്റി അംഗം പി. മുരളീധരൻ, മനോജ് കുമാർ, വിക്കിമീഡിയൻസ് ഓഫ് കേരള യൂസർ ഗ്രൂപ്പ് കോഓർഡിനേറ്റർ രഞ്ജിത് സി.ജി., സഹായ ഡിജിറ്റൽ കൺസർവേഷൻ ഫൗണ്ടേഷൻ ഡയറക്റ്റർ ജിനോയ് ടോം ജേക്കബ്, രഞ്ജിത് പണിക്കർ, സുബിൻ കെ.എസ്., കൃഷ്ണൻ, ലീന തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

വിക്കിമീഡിയ കോമൺസിന്‍റെയും പരിഷത്തിന്‍റെയും ആർക്കൈവുകളിലാണ് ഡിജിറ്റൈസ് ചെയ്ത പുസ്തകങ്ങൾ ലഭ്യമാക്കുക. ഇവയിൽ ചിലത് താഴെ പറയുന്ന ലിങ്കിൽ ഇതിനകം തന്നെ ലഭ്യമാണ്:

https://ml.wikisource.org/wiki/Vairudhyatmaka_BhowthikaVadam

പ്രശസ്ത ആയുർവേദ വൈദ്യൻ രാഘവൻ തിരുമുൽപ്പാടിന്‍റെ സാഹിത്യ പൈതൃകം ഡിജിറ്റൈസ് ചെയ്യാനുള്ള ശ്രമങ്ങളും ഊർജിതമായി പുരോഗമിക്കുകയാണെന്ന് മനോജ് മെട്രൊ വാർത്തയോടു പറഞ്ഞു.

പതിറ്റാണ്ടുകളുടെ പഴക്കമുള്ള സ്കൂൾ പാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്നതിനുള്ള 'പള്ളിക്കൂടത്തിലേക്ക്' എന്ന പദ്ധതിയാണ് രണ്ടാമത്തെ സുപ്രധാന നാഴികക്കല്ല. കഴിഞ്ഞ കേരളപ്പിറവി ദിനത്തിൽ ആരംഭിച്ച പദ്ധതിക്കു കീഴിൽ 15 പുസ്തകങ്ങൾ വിക്കിഗ്രന്ഥശാലയിൽ എത്തിക്കഴിഞ്ഞെന്ന് പദ്ധതിക്കു നേതൃത്വം നൽകുന്ന, ഐടി എൻജിനീയർ കൂടിയായ അഖിൽ കൃഷ്ണൻ എസ്. മെട്രൊ വാർത്തയോടു പറഞ്ഞു.

https://wscontest.toolforge.org/c/240 എന്ന മത്സരത്തിന്‍റെ രൂപത്തിലാണ് ഇതിനുള്ള പ്രവർത്തനം തുടങ്ങിയതും വൊളന്‍റിയർമാരെ കണ്ടെത്തിയതും. അച്ചടിച്ച പേജുകളിൽ നിന്ന് അക്ഷരരൂപത്തിൽ സ്കാൻ ചെയ്തെടുക്കുന്ന ഒപ്റ്റിക്കൽ ക്യാരക്റ്റർ റെക്കഗ്നിഷൻ (OCR) സാങ്കേതികവിദ്യയാണ് 'പള്ളിക്കൂടത്തിലേക്ക്' എന്ന പദ്ധതിയിൽ ഉപയോഗപ്പെടുത്തുന്നത്. എന്നാൽ, ഇതിലും പിഴവുകൾ കടന്നുകൂടാനുള്ള സാധ്യത കണക്കിലെടുത്ത്, പലയാവർത്തി പരിശോധിച്ചും തിരുത്തിയുമാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്.

തിരുവിതാംകൂറിന്‍റെ ചരിത്രം പറയുന്ന 1926ലെ മലയാളം പാഠപുസ്തകം, കെ.സി. കേശവപിള്ളയുടെ സുഭാഷിതരത്നാകരം, കഥകളിയെക്കുറിച്ചുള്ള ഒരു ആധികാരിക പാഠപുസ്തകം എന്നിവയെല്ലാം ഈ പദ്ധതിയിലൂടെ സംരക്ഷിക്കപ്പെടുന്ന ഭാഷാ പൈതൃകങ്ങളിൽ ഉൾപ്പെടുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com