

ഡൽഹി വേള്‍ഡ് ബുക്ക് ഫെയറും സാഹിത്യോത്സവവും
credit: metrovaartha
വിജയ് ചൗക്ക് |സുധീര്‍നാഥ്
നാഷനല്‍ ബുക്ക് ട്രസ്റ്റിന്‍റെ നേതൃത്വത്തിലുള്ള രാജ്യാന്തര പുസ്തകമേളയ്ക്ക് രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തിൽ (പ്രഗതി മൈതാനം) തുടക്കമായിരിക്കുകയാണ്. "ഇന്ത്യന്‍ സൈനിക ചരിത്രം: വീര്യവും ജ്ഞാനവും @75' എന്നതാണ് ഇത്തവണത്തെ മേളയുടെ പ്രമേയം. ഇപ്പോൾ നടക്കുന്നത് രാജ്യാന്തര പുസ്തകമേളയുടെ 53ാമത് പതിപ്പാണ്.
50 രാജ്യങ്ങളില്‍ നിന്നുള്ള 1,000ത്തിലേറെ പ്രസാധകര്‍, കേരളത്തിൽ നിന്നുള്ളവരടക്കം 3,000 സ്റ്റാളുകള്‍, 1,000ത്തിലേറെ എഴുത്തുകാരുടെ പ്രഭാഷണങ്ങൾ എന്നിങ്ങനെ അതിവിപുലമാണ് പരിപാടികള്‍. പുസ്തക പ്രേമികളുടെ നിലയ്ക്കാത്ത പ്രവാഹമാണ് ഇത്തവണ ആദ്യദിവസം തന്നെ ഉണ്ടായത്. പ്രവേശനം സൗജന്യമാക്കിയത് ജനങ്ങളെ കൂടുതല്‍ ആകര്‍ഷിച്ചിട്ടുണ്ട്.
ഈ വര്‍ഷത്തെ ഒരു പ്രധാന ആകര്‍ഷണം 6,000 സൗജന്യ ഇ- ബുക്കുകള്‍ വാഗ്ദാനം ചെയ്യുന്ന ഒരു ഡിജിറ്റല്‍ ലൈബ്രറിയായ രാഷ്‌ട്രീയ ഇ- പുസ്തകാലയമാണ്. ഈ സംരംഭം പരമ്പരാഗത പുസ്തക ബ്രൗസിങ്ങിനെ ഡിജിറ്റല്‍ നവീകരണവുമായി സംയോജിപ്പിക്കുകയും സാഹിത്യത്തിലേക്ക് വിശാലവും കൂടുതല്‍ സമഗ്രവുമായ പ്രവേശനം ഉറപ്പാക്കുകയും ചെയ്യുന്നു. ഓതേഴ്സ് കണക്റ്റ്, യുവ കോര്‍ണര്‍, ചൈല്‍ഡ് ഓതേഴ്സ് കോര്‍ണര്‍, വിവിധ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള പ്രത്യേക പരിപാടികളും മേളയില്‍ ഉള്‍പ്പെടുന്നു.
രാജ്യത്തിന്‍റെ ധീര സൈനിക ചരിത്രത്തെക്കുറിച്ചുള്ള 500ലധികം പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും 100ലധികം തീം അധിഷ്ഠിത പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന തീം പവലിയനാണ് ഏറ്റവും പ്രധാന ആകര്‍ഷണം. കല, സംസ്കാരം, ചരിത്രം, സിനിമ, ജീവചരിത്രങ്ങള്‍, കുട്ടികളുടെ സാഹിത്യം, ദേശീയ പൈതൃകം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഇംഗ്ലീഷ്, ഹിന്ദി, മറ്റ് ഇന്ത്യന്‍ ഭാഷകളിലെ പുസ്തകങ്ങളുടെ വിശാലമായ ശ്രേണി പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
ലോകോത്തര നിലവാരമുള്ള പ്രസാധകര്‍ ഇന്ത്യയില്‍ എത്രയോ ഉണ്ട്. "ഇന്ത്യന്‍ പ്രസിദ്ധീകരണ വ്യവസായം 9,000ത്തിലധികം പ്രസാധകരും 21,000 ചില്ലറ വ്യാപാരികളുമായി വളരെ വിഘടിച്ചതും മത്സരാധിഷ്ഠിതവുമാണ്. കേരളത്തില്‍ മാത്രം 300ലേറെ പ്രസാധകരുണ്ടെന്നാണ് കണക്ക്. അതില്‍ രണ്ടു പ്രസാധകര്‍ മാത്രമാണ് ഡല്‍ഹിയിലെ ഈ പ്രദര്‍ശനത്തിനുള്ളത്.
ഭാരത മണ്ഡപത്തിലെ 40,000 സ്ക്വയർ മീറ്ററിലേറെ വിസ്തൃതിയിൽ നടക്കുന്ന ഈ പുസ്തകോത്സവം പൂർണമായി കാണാൻ ഒരു ദിവസം മാറ്റിവച്ചാല്‍ പോലും സാധിക്കില്ല. ലക്ഷക്കണക്കിന് പുതിയ പുസ്തകങ്ങളാണ് ഇവിടെ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. രാജ്യാന്തര പുസ്തകമേളയെ കുറിച്ച് പറയുന്നതിനൊപ്പം അത് സംഘടിപ്പിക്കുന്ന നാഷനല്‍ ബുക്ക് ട്രസ്റ്റിന്‍റെ ചരിത്രം കൂടി മനസിലാക്കേണ്ടതുണ്ട്.
1957ല്‍ ഇന്ത്യാ ഗവണ്‍മെന്‍റ് (ഉന്നത വിദ്യാഭ്യാസ വകുപ്പ്, മാനവ വിഭവശേഷി വികസന മന്ത്രാലയം) സ്ഥാപിച്ച ഒരു ഉന്നത സ്ഥാപനമാണ് നാഷണല്‍ ബുക്ക് ട്രസ്റ്റ് (എൻബിടി), ഇന്ത്യ. ആദ്യ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു വിഭാവനം ചെയ്തതാണ് എൻബിടി. കുറഞ്ഞ ചെലവില്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഒരു ഉദ്യോഗസ്ഥ രഹിത ഘടനയായിരിക്കുമെന്നാണ് അതിനെ വിഭാവന ചെയ്തത്.
ഇംഗ്ലീഷ്, ഹിന്ദി, മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നല്ല സാഹിത്യങ്ങള്‍ നിർമിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക, അത്തരം സാഹിത്യങ്ങള്‍ മിതമായ വിലയ്ക്ക് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക, പുസ്തക കാറ്റലോഗുകള്‍ പുറത്തിറക്കുക, പുസ്തകമേളകള്‍/ പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍ എന്നിവ ക്രമീകരിക്കുക, ആളുകളെ പുസ്തക പ്രേമികളാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുക എന്നിവയൊക്കെയാണ് എൻബിടിയുടെ ലക്ഷ്യങ്ങള്‍.
കൂടുതൽ പുസ്തകങ്ങള്‍ വായനക്കാരിലേക്ക് എത്തേണ്ടതുണ്ട്. ഇന്ത്യ പോലുള്ള ഒരു വലിയ രാജ്യത്ത് അത് എളുപ്പമുള്ള കാര്യമായിരുന്നില്ല. മിക്ക പ്രസാധകരും പുസ്തകശാലകളും മെട്രൊ നഗരങ്ങളിലും പരിസരങ്ങളിലും അവരുടെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത് സാധ്യമാണെന്ന് കണ്ടെത്തി. വര്‍ഷങ്ങളായി അത്തരം സംരംഭങ്ങള്‍ പല മടങ്ങ് വളര്‍ന്നെങ്കിലും, വിദൂര പ്രദേശങ്ങളില്‍ അവയുടെ വ്യാപ്തി ദൃശ്യമായിരുന്നില്ല.
ഈ വെല്ലുവിളി നേരിടാന്‍, രാജ്യത്ത് പുസ്തക മേളകള്‍ സംഘടിപ്പിക്കേണ്ടതിന്‍റെ ആവശ്യകത നാഷണല്‍ ബുക്ക് ട്രസ്റ്റിന് തോന്നി. പുസ്തക മേളകള്‍ വ്യവസായത്തില്‍ മൂന്ന് പ്രധാന മാറ്റങ്ങള്‍ വരുത്തി. ഒന്ന്, അത് പ്രസാധകരെ ഒരുമിച്ച് കൊണ്ടുവന്നു. രണ്ട്, അത് പുസ്തകങ്ങളുടെ പ്രചാരണത്തിന് സഹായിച്ചു. മൂന്ന്, അത് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പുസ്തകങ്ങള്‍ എത്തിച്ചു. അതുവഴി പൊതുജനങ്ങള്‍ക്ക് അത് ലഭ്യമാക്കി. ദേശീയ, പ്രാദേശിക മേളകള്‍ ഉള്‍പ്പെടെ 200ലധികം വലിയ പുസ്തക മേളകള്‍ നാഷണല്‍ ബുക്ക് ട്രസ്റ്റ് ഇതുവരെ സംഘടിപ്പിച്ചിട്ടുണ്ട്.
തിരക്കേറിയ ജീവിതശൈലി കാരണം പുസ്തകങ്ങള്‍ വാങ്ങാനും വായിക്കാനും സമയം കിട്ടാത്ത നഗരങ്ങളിലെ യുവ വായനക്കാരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്ത്, ട്രസ്റ്റ് "ഡല്‍ഹി വാരാന്ത്യ പുസ്തക ബസാര്‍' ആരംഭിച്ചു. ഡല്‍ഹി സര്‍വകലാശാല ക്യാംപസിലാണ് ഇത്തരത്തിലുള്ള ആദ്യത്തെ പരിപാടി നടന്നത്. വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ വാരാന്ത്യങ്ങളില്‍ സംഘടിപ്പിക്കുന്ന ഈ ബസാറുകളില്‍ പഗോഡ ശൈലിയിലുള്ള സ്റ്റാളുകള്‍, ചാരിയിരിക്കുന്ന കസേരകള്‍, ഭക്ഷണ കിയോസ്കുകള്‍, സാംസ്കാരിക പ്രകടനങ്ങള്‍, കവിതാ സെഷനുകള്‍ എന്നിവ വായനക്കാര്‍ക്ക് സവിശേഷ അനുഭവം നല്‍കിയിരുന്നു.
ഇന്ത്യന്‍ പുസ്തക വിപണിയെ ആഗോള വിപണിയുമായി സംയോജിപ്പിക്കുക എന്ന പരിപാടിയുടെ ഭാഗമായി ന്യൂഡല്‍ഹി വേള്‍ഡ് ബുക്ക് ഫെയര്‍ എന്ന പരിപാടി ട്രസ്റ്റ് സംഘടിപ്പിക്കാന്‍ തുടങ്ങി. 21ാമത് പതിപ്പിലെത്തിയപ്പോള്‍, ഇന്ത്യയില്‍ നിന്നും വിദേശത്തു നിന്നുമുള്ള നൂറുകണക്കിന് പ്രസാധകരെ ഒരുമിച്ചുകൊണ്ടുവന്നു. ലോക പുസ്തകമേള സംഘടിപ്പിക്കാനുള്ള സംരംഭം അന്താരാഷ്‌ട്ര പ്രസാധകരുടെ ശ്രദ്ധ ഇന്ത്യയിലേക്ക് തിരിക്കാന്‍ സഹായിച്ചു.
1972ല്‍ 200ഓളം പ്രസാധകരുമായി ഡല്‍ഹിയിലെ വിന്‍ഡ്സര്‍ പ്ലേസില്‍ ആദ്യമായി നടന്ന ന്യൂഡല്‍ഹി വേള്‍ഡ് ബുക്ക് ഫെയര്‍ ഇന്ന് 1,000ത്തിലധികം പ്രസാധകരുടെ സംഗമമായി വളര്‍ന്നിരിക്കുന്നു. അതി വിശാലമായ ഭാരത് മണ്ഡപത്തിലാണ് (പഴയ പ്രഗതി മൈതാനം) നാഷനല്‍ ബുക്ക് ട്രസ്റ്റിന്‍റെ നേതത്വത്തിലുള്ള വേള്‍ഡ് ബുക്ക് ഫെയറും സാഹിത്യോത്സവവും ഇപ്പോൾ നടക്കുന്നത്.
ഒരു വർഷം ഒരു വിഷയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, ന്യൂഡല്‍ഹി വേള്‍ഡ് ബുക്ക് ഫെയര്‍ വായനക്കാരുടെ ശ്രദ്ധയെ ഒരു പ്രത്യേക വിഭാഗത്തിലുള്ള പുസ്തകങ്ങളിലേക്ക് കൊണ്ടുവരുന്നു. ആ വിഷയത്തെക്കുറിച്ചുള്ള തെരഞ്ഞെടുത്ത പുസ്തകങ്ങളുടെ ഒരു പ്രദര്‍ശനവും അതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും നടക്കുന്നു.
1957 ഓഗസ്റ്റ് ഒന്നിന് ന്യൂഡല്‍ഹിയ വിജ്ഞാന്‍ ഭവനില്‍ നടന്ന നാഷണല്‍ ബുക്ക് ട്രസ്റ്റിന്‍റെ ഉദ്ഘാടന വേളയില്‍ അതിന്‍റെ മുഖ്യ ശില്‍പ്പി എന്ന് വിശേഷിപ്പിക്കുന്ന തത്ത്വചിന്തകനും രാഷ്‌ട്രതന്ത്രജ്ഞനുമായ മുൻ രാഷ്‌ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണന്‍ തന്‍റെ പ്രസംഗത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്:
""പുസ്തകങ്ങളുടെ മാധ്യമത്തിലൂടെ നാം നമ്മുടെ ജനങ്ങളെ ഉന്മേഷഭരിതരാക്കുകയും, അവരുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ജഡത്വം നീക്കം ചെയ്യുകയും, അവര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അര്‍ഹമായ ഒരു ലക്ഷ്യം നല്‍കുകയും വേണം അതിനാല്‍, നമുക്ക് പുസ്തകങ്ങള്‍ ആവശ്യമാണ്, സാധാരണക്കാരിലേക്ക് എത്തിച്ചേരുന്ന, മിതമായ വിലയുള്ള പുസ്തകങ്ങള്‍. നമ്മുടെ തലമുറയുടെ ഈ വലിയ ആവശ്യം നാഷണല്‍ ബുക്ക് ട്രസ്റ്റ് നിറവേറ്റുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു''.
അന്ന് ആ ചടങ്ങില്‍ പങ്കെടുത്ത പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പറഞ്ഞത് ശ്രദ്ധേയമാണ്. പുസ്തകങ്ങളുടെ പ്രാധാന്യം, വായനാശീലം, ഒരു പുസ്തക വായനാ സമൂഹം സൃഷ്ടിച്ചെടുക്കുക എന്ന തന്‍റെ സ്വപ്നം, ഈ സ്വപ്നം സാക്ഷാത്കരിക്കുന്നതില്‍ എൻബിടിയുടെ പങ്ക് എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വീക്ഷണങ്ങളായിരുന്നു ആ പ്രസംഗത്തില്‍:
""എൻബിടി കുറഞ്ഞ ചെലവില്‍ നല്ല പുസ്തകങ്ങള്‍ ലഭ്യമാക്കുകയും രാജ്യത്തെ ബഹുഭൂരിപക്ഷം ആളുകള്‍ക്കും പുസ്തക വായനയ്ക്കും പുസ്തകം വാങ്ങുന്നതിനും ഒരു അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യും. പുസ്തകങ്ങള്‍ വാങ്ങുന്നതിനും വായിക്കുന്നതിനും പൊതുവെ എന്താണ് തടസമെന്ന് കണ്ടെത്തുന്നതിനുള്ള ഒരുതരം പുസ്തക ആശുപത്രിയായും ഇത് പ്രവര്‍ത്തിക്കും''.
പുസ്തകങ്ങളും പ്രസിദ്ധീകരണവും എല്ലായ്പ്പോഴും ഇന്ത്യയുടെ കൊളോണിയല്‍ വിരുദ്ധ നീക്കങ്ങളുടെ കാരണക്കാരായിരുന്നു എന്നത് യാഥാർഥ്യമാണ്. അക്കാലത്തെ വിദ്യാഭ്യാസ മന്ത്രിയും നിരവധി പുസ്തകങ്ങളുടെ രചയിതാവുമായ അബുല്‍ കലാം ആസാദ് എൻബിടി പോലുള്ള സ്ഥാപനങ്ങള്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തു. ഭാഷകളുടെയും സാഹിത്യത്തിന്‍റെയും ഉന്നമനത്തിനായി മാത്രമല്ല, അറിവിന്‍റെയും വായനാ സംസ്കാരത്തിന്‍റെയും വിവിധ മേഖലകളെക്കുറിച്ചുള്ള പുസ്തകങ്ങളുടെയും വളര്‍ച്ച അദ്ദേഹവും സ്വപ്നം കണ്ടു.
നാഷണല്‍ ബുക്ക് ട്രസ്റ്റിന്‍റെ ലോഗോ വളരെ പ്രശസ്തവും, ആകര്‍ഷണവുമാണ്. അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ രൂപകല്‍പ്പന ചെയ്തതാണ് ആ ലോഗോ. പാരമ്പര്യത്തിന്‍റെയും നവീകരണത്തിന്‍റെയും, മണ്ണിന്‍റെയും ഭാവനയുടെയും ഒരു സമന്വയമാണ് ലോഗോയില്‍ പ്രതിഫലിച്ചിരിക്കുന്നത്. സ്ഥിരതയെയും അറിവിനെയും പ്രതീകപ്പെടുത്തുന്ന ആല്‍മരം, ഒരു സമകാലിക ദൃശ്യത്തിലൂടെ ഒരു തുറന്ന പുസ്തകത്തിന്‍റെ പറക്കുന്ന ഇലകളില്‍ വെളിപ്പെടുത്തുന്നു.
ചുവപ്പും മണ്ണിന്‍റെ തവിട്ടുനിറവും ചേര്‍ന്നുള്ള സംയോജനം ഇന്ത്യന്‍ മണ്ണിനോടുള്ള വേരോട്ടത്തെയും അറിവിനോടുള്ള അഭിനിവേശത്തെയും ചിത്രീകരിക്കുന്നു. കാളിദാസന്‍റെ മേഘദൂതത്തില്‍ നിന്ന് കടം കൊണ്ട
"എല്ലാം ഇവിടെ ലഭ്യമാണ്''
എന്ന മുദ്രാവാക്യം, പുസ്തകങ്ങളുടെ ലോകത്ത് ആഗ്രഹിക്കുന്നതെല്ലാം നല്‍കാന്‍ ശ്രമിക്കുന്നതിനുള്ള എൻബിടിയുടെ ഉദ്ദേശ്യത്തെ സൂചിപ്പിക്കുന്നു.