തെരഞ്ഞെടുപ്പില്‍ വിരിയുന്ന ചര്‍ച്ചാ വിഷയങ്ങള്‍

സാമൂഹ്യ മാധ്യമങ്ങളില്‍ പലപ്പോഴും വരുന്ന പല കാര്യങ്ങളും ഒരിക്കലും യാഥാർഥ്യങ്ങളോട് അടുത്തു നില്‍ക്കുന്നവയല്ല. എന്നിരുന്നാലും അതൊക്കെ പല അവസരങ്ങളിലും വിവാദമായി വരാറുണ്ട്
Election
ElectionRepresentative image

വിജയ് ചൗക്ക് | സുധീർ നാഥ്

തെരഞ്ഞെടുപ്പു കാലത്ത് എത്രയെത്ര വിഷയങ്ങളാണെന്നോ വിവാദമാകുന്നത്. ചിലപ്പോള്‍ ചില നിര്‍ദോഷമായ വാക്കുകളും വിഷയങ്ങളും വലിയ വിവാദമാകുന്നത് കണ്ട് നമ്മള്‍ അദ്ഭുതപ്പെടുകയോ ഞെട്ടുകയോ പോലുമുണ്ടാകും. തെരഞ്ഞെടുപ്പു കാലത്ത് എപ്പോഴും ചുരുങ്ങിയത് ഒരു വിഷയമെങ്കിലും വിവാദമായി പൊന്തിവരാറുണ്ട്. വിഷയം വലിയ ഗൗരവമല്ലെങ്കിലും തെരഞ്ഞെടുപ്പു കാലം അതിനെ ഗൗരവമാക്കി മാറ്റും. രാഷ്‌ട്രീയ നേതാവായാലും സ്ഥാനാര്‍ഥിയായാലും പ്രാദേശിക നേതാവായാലും പ്രസംഗത്തിനിടയില്‍ വരുന്ന ഏതെങ്കിലുമൊരു വാചകം പോലും ചിലപ്പോള്‍ വലിയ വിവാദമായി മാറാറുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് ഉന്നയിക്കപ്പെടുന്ന വിഷയങ്ങളായിരിക്കും ചിലപ്പോള്‍ വിവാദമായി വരുന്നത്. എതിര്‍ സ്ഥാനാർഥിയെ പരാമര്‍ശിക്കുന്നതും വിവാദമായി വരാം. തെരഞ്ഞെടുപ്പ് കാലത്ത് അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് ചര്‍ച്ചയും വിവാദവുമാകാറുണ്ട്. അങ്ങനെ നിസാരമായ പല വിഷയങ്ങള്‍ പല മുന്നണികള്‍ക്കും ഗുണവും ദോഷവും ചെയ്തിട്ടുണ്ട്. ചില സ്ഥാനാർഥികളുടെ തോല്‍വിക്കു വരെ ഇത്തരം വിഷയങ്ങള്‍ കാരണമായിട്ടുണ്ട്.

സാമൂഹ്യ മാധ്യമങ്ങളില്‍ പലപ്പോഴും വരുന്ന പല കാര്യങ്ങളും ഒരിക്കലും യാഥാർഥ്യങ്ങളോട് അടുത്തു നില്‍ക്കുന്നവയല്ല. എന്നിരുന്നാലും അതൊക്കെ പല അവസരങ്ങളിലും വിവാദമായി വരാറുണ്ട്. ശരിയോ തെറ്റോ എന്ന് തിരിച്ചറിയാതെ യഥാർഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഉറപ്പിക്കാതെ വിഷയത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് വ്യാപകമായി നേതാക്കള്‍ ഇടപെടുന്നു എന്നുള്ളത് അപകടകരമായ ഒരു നിലപാടാണ്. വ്യാജ വാര്‍ത്തകള്‍ വ്യാപകമായി രൂപം കൊള്ളുന്നതും തെരഞ്ഞെടുപ്പു കാലത്താണ്.

സുല്‍ത്താന്‍ ബത്തേരിയുടെ പേര് താന്‍ ജയിച്ചാല്‍ ഗണപതിവട്ടം എന്നാക്കുമെന്ന് പറഞ്ഞ വയനാട്ടിലെ ബിജെപി സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍റെ പ്രസ്താവന കേരളത്തില്‍ അടുത്തിടെ ഏറെ വിവാദമായിരുന്നു. ഇതേച്ചൊല്ലി വലിയ ചര്‍ച്ചകള്‍ നാടാകെ നടന്നു. വാര്‍ത്താ ചാനലുകളിലും മാധ്യമങ്ങളിലും സംവാദങ്ങളായി. സിഎഎ കേരളത്തില്‍ നടപ്പാക്കില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതും വിവാദമായി. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ അധികാര പരിധിയിലുള്ള പേരുമാറ്റം എന്ന വിഷയം സമീപകാലത്തൊന്നും നടക്കാന്‍ സാധ്യതയില്ലെന്ന് യുക്തിയുള്ളവര്‍ക്ക് മനസിലാകും. അതുപോലെ തന്നെയാണ് സിഎഎ കേരളത്തില്‍ നടപ്പിലാക്കില്ല എന്ന് കേരള മുഖ്യമന്ത്രി പറയുന്നതും. സിഎഎ എന്നത് കേന്ദ്രത്തിന്‍റെ അധികാര പരിധിയിലുള്ള കാര്യമാണ്. ഒരാള്‍ക്ക് പൗരത്വം കൊടുക്കുന്നതും കൊടുക്കാതിരിക്കുന്നതും കേന്ദ്രത്തിന്‍റെ മാത്രം പരമാധികാരമാണ്.

കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് എ.കെ. ആന്‍റണി പത്രസമ്മേളനം നടത്തി സ്വന്തം മകൻ അനിൽ ആന്‍റണിയെ തള്ളിപ്പറഞ്ഞതും വിവാദമായി. പത്തനംതിട്ടയില്‍ മകന്‍ തോല്‍ക്കണം എന്ന് ആന്‍റണി പറഞ്ഞപ്പോള്‍ അത് വിവാദമാക്കി എന്നതാണ് സത്യം. ഒരു എതിര്‍ സ്ഥാനാർഥി തോല്‍ക്കുമെന്ന് പല നേതാക്കളും പറയുമെങ്കിലും സ്വന്തം മകനെ തള്ളിപ്പറഞ്ഞ പിതാവ് എന്നുള്ളതും, പിതാവ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവെന്നുള്ളതും, മകന്‍ ബിജെപി സ്ഥാനാർഥി എന്നുള്ളതും വിവാദത്തിന് കാരണമായിരിക്കാം. പിതാവിനെ തള്ളിപ്പറഞ്ഞു കൊണ്ടുള്ള അനില്‍ ആന്‍റണിയുടെ പ്രസ്താവനയും ഇതിനിടെ മറുവിവാദമായി. താന്‍ ഉദ്ദേശിച്ചത് പിതാവിനെയല്ലെന്നും 80 വയസായിട്ടും സ്ഥാനങ്ങളില്‍ തുടരുന്ന എം.എം. ഹസനെ പോലുള്ളവരെ ഉദ്ദേശിച്ചാണെന്നും അനില്‍ തിരുത്തി.

അതിനിടെ, വിവാദ ദല്ലാള്‍ നന്ദകുമാര്‍ ഉയര്‍ത്തി വിട്ട ഒരു ആരോപണം ഇപ്പോള്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. ഇതിനെ ചുറ്റിപ്പറ്റി ഒട്ടേറെ വിവാദങ്ങളും പലഭാഗങ്ങളില്‍ നിന്നു വരുന്നുണ്ട്. പല പ്രസ്താവനകളും ഈ വിഷയത്തില്‍ നമുക്കിടയില്‍ ഉയര്‍ന്നുവരുന്നത് കാണാവുന്നതാണ്. നന്ദകുമാര്‍ പറഞ്ഞത് ന്യായീകരിച്ചു കൊണ്ടുള്ള പ്രസ്താവനകളും എതിര്‍ത്തു കൊണ്ടുള്ള പ്രസ്താവനകളും ഒട്ടേറെ ഉണ്ടായിട്ടുണ്ട്.

വടകരയിലെ ഇടതു സ്ഥാനാർഥിയും സിപിഎം എംഎൽഎയുമായ കെ.കെ. ഷൈലജയ്ക്കെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ നടത്തിയ യൂത്ത് കോണ്‍ഗ്രസിന്‍റെ പരാമര്‍ശങ്ങളാണ് വിവാദത്തിന് ആധാരമായ മറ്റൊന്ന്. കൊവിഡ് കാലത്ത് ഒട്ടേറെ ആരോഗ്യരക്ഷാ ഉപകരണങ്ങള്‍ ഇരട്ടിവിലയ്ക്ക് വാങ്ങി എന്നുള്ള ആരോപണം വടകരയില്‍ എതിര്‍പക്ഷം ഉയര്‍ത്തുകയും, ഷൈലജയ്ക്കെതിരേ ഷാഫി പറമ്പില്‍ അടക്കമുള്ളവര്‍ കൊവിഡ് കള്ളി എന്നുള്ള വാചകം ഉപയോഗിച്ചതുമാണ് വിവാദത്തിന് കാരണമായത്.

തിരുവനന്തപുരത്തും സമാനമായ രീതിയിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ വിവാദങ്ങളായി വന്നിട്ടുണ്ട്. ആരൊക്കെ തമ്മിലാണ് തെരഞ്ഞെടുപ്പില്‍ മത്സരം എന്ന പരാമര്‍ശം പോലും വലിയ വിവാദ വിഷയമായി വന്നത് നമ്മള്‍ കണ്ടതാണ്. സ്ഥാനാർഥികള്‍ക്ക് നേരെ ഉണ്ടാകുന്ന വോട്ടര്‍മാരുടെ ചില നീക്കങ്ങളും പല അവസരങ്ങളിലും പലയിടത്തും ചര്‍ച്ചാവിഷയമാകാറുണ്ട്. പരസ്യമായി സ്ഥാനാർഥിയോട് എതിര്‍ ചേരിയില്‍ ഉള്ള ഒരാള്‍ ചോദ്യം ഉയര്‍ത്തിയാല്‍ പോലും അത് വലിയ ചര്‍ച്ചയായി മാറുന്ന കാലത്താണ് നാം ജീവിക്കുന്നത്. സമൂഹത്തില്‍ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് അത്രയേറെ സ്വാധീനമുള്ള കാലമാണല്ലോ ഇപ്പോള്‍. ഔദ്യോഗികമായ മാധ്യമങ്ങളില്‍ വരുന്നതിനേക്കാള്‍ ഏറെ ഇത്തരം ചെറുക്കഥകള്‍ പ്രാദേശിക ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും ഒക്കെ വരുന്നത് വളരെ വ്യാപകമായ ഒരു സമയമാണ് ഇപ്പോള്‍. ഇതില്‍ യഥാർഥ സംഭവങ്ങളും വ്യാജ സംഭവങ്ങളും ഉണ്ടാകും. വോട്ടര്‍മാരുടെ മനസിലേയ്ക്ക് അവരുദ്ദേശിക്കുന്ന സന്ദേശങ്ങള്‍ എത്തിക്കുകയാണല്ലോ ലക്ഷ്യം.

സ്ഥാനാർഥി നിര്‍ണയത്തിന് മുമ്പേ പോസ്റ്ററുകള്‍ അച്ചടിച്ച് വിതരണം ചെയ്യുകയും, അത് ചുവരുകളില്‍ ഒട്ടിക്കുകയും ചുവരെഴുത്തുകള്‍ നടത്തുകയും ചെയ്തത് നമ്മള്‍ കാലങ്ങളായി കണ്ടുവരുന്നതാണ്. എല്ലാ തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥിമോഹികള്‍ ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നത് നമുക്കറിയാം. തൃശൂരിലെ സിറ്റിങ് പാര്‍ലമെന്‍റ് അംഗം ടി.എന്‍. പ്രതാപന്‍ സ്ഥാനാർഥിയാകും എന്ന വിശ്വാസത്തിലാണ് പോസ്റ്ററുകളും ചുവരെഴുത്തും നടത്തിയത്. ഔദ്യോഗിക പ്രഖ്യാപനത്തോടെ അദ്ദേഹത്തിന് സ്ഥാനാർഥിത്വം നഷ്ടപ്പെട്ടപ്പോള്‍ ലക്ഷങ്ങളുടെ നഷ്ടത്തിന്‍റെ കഥ വ്യാപക ചര്‍ച്ചയായി. സ്വന്തം പേര് മായ്ച്ചു കളഞ്ഞ് ഔദ്യോഗിക സ്ഥാനാർഥിയുടെ പേര് എഴുതിച്ചേര്‍ക്കുന്ന അദ്ദേഹത്തിന്‍റെ ചിത്രവും നമ്മള്‍ കണ്ടു. പരാജയം മണുത്ത അദ്ദേഹത്തിന് അതൊരു നഷ്ടമായി തോന്നിയില്ല. കാരണം വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് റിസര്‍വ് ചെയ്തല്ലോ..!

കാലാവസ്ഥ വ്യതിയാനം ഒരു വലിയ ചര്‍ച്ച വിഷയമാണ് സമീപ കാലത്ത്. കാലാവസ്ഥയില്‍ ഉണ്ടായ മാറ്റങ്ങള്‍ക്ക് മുഖ്യകാരണം മനുഷ്യന്‍ തന്നെയാണ് എന്നുള്ളതാണ് ഒരു സത്യം. വന്യജീവികള്‍ നാട്ടിലേക്ക് ഇറങ്ങുന്നതും ഈ തെരഞ്ഞെടുപ്പ് കാലത്ത് ചര്‍ച്ചാവിഷയമാണ്. അതിന് ഇരുമുന്നണികളും പരസ്പരം പഴിചാരുന്ന കാഴ്ചയും നാം കാണുന്നുണ്ട്. മൃഗങ്ങള്‍ നാട്ടിലെത്തുന്നതിനും ആക്രമണങ്ങളില്‍ മനുഷ്യന്‍ മരിക്കുന്നതിനും മ്യഗങ്ങളാല്‍ അപകടം സംഭവിക്കുന്നതിനുമൊക്കെ പഴിചാരുന്ന കാഴ്ച നാം കാണുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മാത്രം കണ്ടുവരുന്നതാണല്ലോ ഇത്തരം പഴിചാരലുകളുടെ ആധിക്യം. മനുഷ്യന്‍ സ്വന്തം തെറ്റുകള്‍ അംഗീകരിക്കുകയുമില്ല.

ഇലക്‌ട്രോണിക് സംഭാവനാ ബോണ്ടുകളെകുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ തൃശൂർ കരുവന്നൂര്‍ സഹകരണ ബാങ്കിലെ വിഷയം പ്രതിയോഗികളും ഉപയോഗിക്കുന്നു. വിമര്‍ശിക്കുന്നവരെ നിശബ്ദരാക്കുന്ന ഒട്ടേറെ ആയുധങ്ങള്‍ എല്ലാ മുന്നണികളുടെ ക്കൈവശവുമുണ്ട്. കണ്ണൂരില്‍ പയ്യാമ്പലത്ത് കമ്യൂണിസ്റ്റ് നേതാക്കളുടെ സ്മൃതി മണ്ഡപത്തില്‍ ആരോ പഴകിയ ശീതളപാനീയ ദ്രാവകം ഒഴിച്ചത് ഏറെ വിവാദം ഉണ്ടാക്കി. പയ്യാമ്പലം കടപ്പുറത്ത് പഴയ കുപ്പികളും മറ്റും പെറുക്കി ജീവിക്കുന്ന ഒരു സാധു മനുഷ്യനാണ് ഗൗരവക്കുറവു കൊണ്ട് അങ്ങനെ ചെയ്തതെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. എന്നാല്‍ വലിയ ആരോപണങ്ങളാണ് ഈ വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഉണ്ടായതും ചര്‍ച്ച ചെയ്യപ്പെട്ടതും.

വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ സിദ്ധാർഥ് എന്ന വിദ്യാർഥി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട സംഭവം രാഷ്‌ട്രീയപരമായി കേരളത്തില്‍ വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കാലമായതുകൊണ്ട് സിദ്ധാർഥിന്‍റെ മരണം ഒരു വലിയ രാഷ്‌ട്രീയ ചര്‍ച്ചാവിഷയമായി മാറി എന്നുള്ളതാണ് യാഥാർഥ്യം. മറ്റൊരു അവസരത്തിലായിരുന്നു മരണമെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് ഇത്തരത്തിലുള്ള എത്ര എത്ര മരണങ്ങള്‍ രാഷ്‌ട്രീയ ചര്‍ച്ചയായി വരാറുള്ളത് സ്വാഭാവികം മാത്രം. ഇപ്പോള്‍ കേരളത്തില്‍ നടക്കുന്ന ഓരോ മരണവും അതില്‍ എന്തെങ്കിലും ദുരൂഹതയുണ്ടെങ്കില്‍ അത് രാഷ്‌ട്രീയമായി മാറുന്നത് നാം കാണുന്നു. അപകടമരണം പോലും രാഷ്‌ട്രീയമാക്കുന്നതിലെ ഹാസ്യം വര്‍ഷങ്ങള്‍ക്കു മുമ്പ് ശ്രീനിവാസന്‍റെ രചനയില്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് തിലകന്‍, ശ്രീനിവാസന്‍, ജയറാം, തുടങ്ങിയവര്‍ അഭിനയിച്ച സന്ദേശം എന്ന സിനിമയിലൂടെ നമ്മള്‍ കണ്ടതാണ്.

കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍റെ മകളും കെ മുരളീധരന്‍റെ സഹോദരിയുമായ പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്ക് പോയി എന്നത് ഇപ്പോഴും ചര്‍ച്ചയാണ്. ഈ വിഷയം മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവായ വൃന്ദ കാരാട്ട് കേരളത്തിലെ ഒരു വേദിയില്‍ വളരെ വിശദമായി അവതരിപ്പിക്കുകയുണ്ടായി. കേരളത്തിലെ വോട്ടര്‍മാര്‍ക്ക് മനസിലാക്കുവാനായി വിവര്‍ത്തകനും സാധാരണഗതിയില്‍ ദേശീയ നേതാക്കള്‍ക്കൊപ്പം വേദിയിലെത്താറുണ്ട്. എന്നാല്‍ വൃന്ദ കാരാട്ടിന്‍റെ വിശദമായ ഈ പ്രസംഗം വിവര്‍ത്തകന്‍ ഒറ്റവാക്കില്‍ ജനങ്ങളോട് പറഞ്ഞു: “പദ്മജ പോയി..!’. ഇത് വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളില്‍ പോലും ചര്‍ച്ചയായ ഒന്നാണ്.

മൈക്കുകള്‍ സാധാരണ പല വേദികളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുന്ന വേദിയിലെ മൈക്കിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് എപ്പോഴും വാര്‍ത്തയാകാറുണ്ട്. അതിന് കാരണമായത് അദ്ദേഹത്തിന്‍റെ മുന്‍കാലത്തെ ചില നിലപാടുകളാണ്. മൈക്കുകള്‍ എപ്പോഴും ഒരേപോലെ പ്രവര്‍ത്തിച്ചു കൊള്ളണമെന്നില്ല എന്ന സാങ്കേതിക വിദ്യാ അറിവ് പ്രസംഗിക്കുന്നവര്‍ക്ക് ഇല്ലല്ലോ..!

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com