

ന്യൂഡൽഹി: പ്രമുഖ നിരൂപകനും അധ്യാപകനും കവിയുമായ ഡോ. ഇ.വി. രാമകൃഷ്ണന് കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം. "മലയാള നോവലിന്റെ ദേശകാലങ്ങൾ' എന്ന കൃതിയാണു പുരസ്കാരത്തിന് അർഹനാക്കിയത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം മാർച്ച് 12നു വിതരണം ചെയ്യും.
ഇംഗ്ലിഷിലും മലയാളത്തിലും നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുള്ള രാമകൃഷ്ണൻ കണ്ണൂർ ജില്ലയിലെ വിളയോങ്കടിലാണു ജനിച്ചത്. പയ്യന്നൂർ കോളെജ്, ഗവ. ബ്രണ്ണൻ കോളെജ്, ദേവഗിരി കോളെജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. മഹാരാഷ്ട്രയിലെ മറാത്ത്വാഡാ യൂണിവേഴ്സിറ്റിയിൽ നിന്ന് പിഎച്ച്ഡി നേടി. സൂറത്തിലെ സൗത്ത് ഗുജറാത്ത് യൂണിവേഴ്സിറ്റിയിൽ ഇംഗ്ലിഷ് ലക്ചററായി സേവനമനുഷ്ഠിച്ചു. ഇപ്പോൾ ഗുജറാത്ത് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ എമിരിറ്റസ് പ്രൊഫസറാണ്.
ഇംഗ്ലിഷിൽ പത്തോളം പുസ്തകങ്ങളും മലയാളത്തിൽ ആറിലധികം പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിൽ "അക്ഷരവും ആധുനികതയും' ആണ് ശ്രദ്ധേയമായ കൃതി. 1995ൽ നിരൂപണ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാഡമി പുരസ്കാരം ഈ കൃതി നേടിയിരുന്നു. പ്രശസ്തമായ ഓടക്കുഴൽ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. വാക്കിലെ സമൂഹം, ദേശീയതകളും സാഹിത്യവും, അനുഭവങ്ങളെ ആർക്കാണു പേടി തുടങ്ങിയവയും പ്രധാനപ്പെട്ട രചനകളാണ്.
യൂണിവേഴ്സിറ്റി ഒഫ് പാരിസ്, ഹോങ്കോങ്ങിലെ ചൈനീസ് യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലുൾപ്പടെ നടന്ന അന്താരാഷ്ട്ര കോൺഫറന്‍സുകളിൽ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.
മലയാള നോവൽ സാഹിത്യ മേഖലയുടെ സഞ്ചാരപഥങ്ങൾ രേഖപ്പെടുത്തുന്ന പുസ്തകമാണ് പുരസ്കാരത്തിനർഹമായ മലയാള നോവലിന്റെ ദേശകാലങ്ങൾ. ഇന്ത്യന്‍ നോവല്‍ പശ്ചാത്തലത്തില്‍ മലയാള നോവലുകളെ മുന്‍നിര്‍ത്തി ദേശീയതയുടെ പരിവേഷങ്ങളെയും നിഗൂഢവത്കരണങ്ങളെയും ഈ ഗ്രന്ഥം അപഗ്രഥിക്കുന്നു.