
മലയാളിയുടെ കൊമ്പ് | കെ.ആർ. പ്രമോദ്
റോഡിലെ കുഴികളിൽ കെട്ടി നിൽക്കുന്ന വെള്ളം പോലെ ഇടവഴികളിൽ കെട്ടിനിൽക്കുകയായിരുന്നത്രേ കാലം! അതിലെങ്ങനെ കഥകളുടെ പൂക്കൾ വിരിയുമെന്ന സന്ദേഹമായിരുന്നിരിക്കാം ചിലപ്പോൾ തന്‍റെ കഥകളെ ലേഖനങ്ങളുടെ ചതുരപ്പെട്ടിയിലടയ്ക്കാൻ കെ.ആർ. പ്രമോദിനെ പ്രേരിപ്പിച്ചത്. പക്ഷേ, പെട്ടിയുടെ ആറാമതിരും തുളച്ച് കഥയുടെ തിളപ്പുകൾ പുറത്തേക്കു തുളുമ്പുന്നതു കാണാം 'മലയാളിയുടെ കൊമ്പ്' എന്ന പുസ്തകത്തിൽ.
വി.കെ. സഞ്ജു
"മികച്ച കഥയാണിത്. നിങ്ങളുടെ പ്രായം വച്ചു നോക്കിയാൽ ആശയ്ക്കു വകയുണ്ട്. എഴുതുക എന്നതാണ് പ്രധാന കാര്യം. എഴുത്തു നിറുത്തരുത്...''- പറഞ്ഞത് സാക്ഷാൽ എം. കൃഷ്ണൻ നായർ. എന്നിട്ടു പോലും കേട്ടില്ലെന്നു പശ്ചാത്താപലേശമില്ലാതെ കുറിച്ചുവച്ചിട്ടുണ്ട്, പിൽക്കാലത്ത് മാധ്യമ പ്രവർത്തകനായ കെ.ആർ. പ്രമോദ്. പക്ഷേ, ലേഖനങ്ങളുടെ മുഖംമൂടിയിട്ട ചെറുകഥകൾ തന്നെയാണ് പ്രമോദിന്‍റെ കുറിപ്പുകളിൽ പലതും. റോഡിലെ കുഴികളിൽ കെട്ടി നിൽക്കുന്ന വെള്ളം പോലെ ഇടവഴികളിൽ കെട്ടിനിൽക്കുകയായിരുന്നത്രേ കാലം! അതിലെങ്ങനെ കഥകളുടെ പൂക്കൾ വിരിയുമെന്ന സന്ദേഹമായിരുന്നിരിക്കാം ചിലപ്പോൾ തന്‍റെ കഥകളെ ലേഖനങ്ങളുടെ ചതുരപ്പെട്ടിയിലടയ്ക്കാൻ അയാളെ പ്രേരിപ്പിച്ചത്. പക്ഷേ, പെട്ടിയുടെ ആറാമതിരും തുളച്ച് കഥയുടെ തിളപ്പുകൾ പുറത്തേക്കു തുളുമ്പുന്നതു കാണാം 'മലയാളിയുടെ കൊമ്പ്' എന്ന പുസ്തകത്തിൽ.
വെള്ളി കെട്ടിയ വടിയുമൂന്നി തൊമ്മൻ മാപ്പിള മുന്നിൽ പോകും. പിന്നാലെയങ്ങു പോയാൽ കൊമ്പ് മുളച്ച മലയാളിയുടെ ലോകത്തേക്കൊരു യാത്ര പോകാം. തൊമ്മൻ മാപ്പിള ഓണമാണ്, ഓണം ഓർമയാണ്, തലമുറകൾക്കൊപ്പം മറഞ്ഞു പോകുന്ന ഓർമകളിലൂടെയാണ് 'മലയാളിയുടെ കൊമ്പ്' സഞ്ചരിക്കുന്നത്. പക്ഷേ, ചെടിപ്പിക്കുന്ന ഗൃഹാതുരതയുടെ നഷ്ടബോധമല്ല, വിസ്മൃതമാകുന്ന ഭൂതകാലത്തിന്‍റെ കുറ്റപ്പെടുത്തലുകളുമല്ല, കഥ പോലുള്ള ഓർമകളാണധികവും.... അതിലെവിടെയെങ്കിലും വച്ച് തൊമ്മൻ മാപ്പിളയുടെ കൈയിൽ ഊന്നുവടിക്കു പകരം വേണമെങ്കിലൊരു ഓലക്കുട പിടിപ്പിക്കാം, അല്ലെങ്കിൽ കുരുക്കിട്ടൊരു കയറും കൊടുക്കാം, അതൊക്കെ അനുവാചകന്‍റെ അപാരമായ സ്വാതന്ത്ര്യത്തിൽപ്പെടും.
കേരളമെന്നു കേട്ടാൽ തിളയ്ക്കുന്ന ചോരയുടെ മറുപുറങ്ങളിലേക്കു ധൈര്യപൂർവം കടന്നുചെല്ലാനുള്ള കരുത്താണ് പ്രമോദിന്‍റെ ചിന്തകളുടെയും എഴുത്തിന്‍റെയും മുഖമുദ്ര. പുകഴ്പെറ്റ കേരള മോഡലും നവോത്ഥാനവും 'ഇതു കേരളമാണ്' എന്ന ഭീഷണിയുമെല്ലാം പരിഹാസ്യമായി, പുളിയിലക്കരയൻ നേര്യതും തലയിലിട്ട് നിൽക്കുന്നതു കാണാം. 'തീറ്റ എല്ലിൽ കുത്തുന്നതിന്‍റെ പ്രോബ്ലം' കൃത്യമായി അടയാളപ്പെടുത്തിക്കൊണ്ട്, മലയാളിയുടെ ആദിമമായ ചേരുവകൾ മലർക്കെ തുറന്നു വച്ചിരിക്കുന്നു; പാടിപ്പതിഞ്ഞ പലതിനെയും തിരുത്തിയെഴുതുന്നു. മലയാളിയെന്നും കേരളമെന്നും ഊറ്റം കൊള്ളുന്ന നമുക്ക്, ഭാഷയും ചരിത്രവും കലകളും, എന്തിന് ദൈവങ്ങൾ പോലും സ്വന്തമല്ലെന്ന സത്യം ദഹിക്കാൻ കുറച്ച് ബുദ്ധിമുട്ട് തോന്നും. അതിനിടയിൽ, വ്യാധിക്കാലത്ത് മറന്നുപോകുന്ന മലയാളത്തെക്കുറിച്ചുള്ള ആധികളും തെളിഞ്ഞുകാണാം.
നനഞ്ഞ വെടിമരുന്ന് പോലെ ചിതറിക്കിടക്കുന്ന ഉപരിവർഗ തെറികളുടെ നിരർഥകതയിൽനിന്ന്, നാട്ടുമ്പുറത്തെ മൂത്രപ്പുരകളുടെ അധ്യാത്മിക പാഠങ്ങൾ വരെ പരന്നു കിടക്കുന്ന താളുകൾ. വെള്ളക്കോളർ ജോലി കളഞ്ഞ്, എല്ലു മുറിയെ പണിയെടുത്ത് ജീവിക്കാനുള്ള ആഹ്വാനമായി വേണമെങ്കിൽ വായിക്കാം; ദാരിദ്ര്യം കുറയുന്നതും ജീവിതസൗകര്യങ്ങൾ കൂടുന്നതും, പറഞ്ഞു പഴകിയ നന്മയുടെ നഷ്ടങ്ങളിലേക്ക് വരവുവയ്ക്കുന്നതായി തോന്നാം. ആശയപരമായി വിയോജിക്കാം; പശപ്പച്ചരിയും പനമ്പൊടിയും വിശപ്പാറ്റിയ കാലം തിരിച്ചുവരണോ എന്നു തറുതല ചോദിക്കാം; പക്ഷേ, ആസ്വാദനത്തെ അതൊന്നും ബാധിക്കുന്നതേയില്ല. സാംസ്കാരിക പൈതൃകത്തെയും അതിന്‍റെ ലംഘനങ്ങളെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുമ്പോഴും, മലയാളിയുടെ കൊമ്പൊടിക്കാനുള്ള ഏറുകൾ വരികൾക്കിടയിൽ കരുതിവയ്ക്കുന്നുണ്ട്, "ചങ്ങമ്പുഴയെക്കാൾ വലുതാണോ ഓബ്രിമേനോൻ'' എന്ന ചോദ്യം അവശേഷിപ്പിച്ചുകൊണ്ടുതന്നെ!
പുസ്തകപരിചയം: മലയാളിയുടെ കൊമ്പ് | കെ.ആർ. പ്രമോദ് | Malayaliyude Kombu, satire comic book by KR Pramod, review
താടക വിഹരിച്ചിരുന്ന കാട്ടിലെ 'പകൽനരിവട്ടം' പാലാരിവട്ടമായിപ്പോയതിൽ കുണ്ഠിതമൊന്നും കാണണമെന്നില്ല. നാട്ടുമാവുകൾക്കു കീഴിലൂടെ രാഘവൻപിള്ളയും ചങ്ങമ്പുഴയും വൈലോപ്പിള്ളിയും നടന്നുപോയ വഴികളിൽ മെട്രൊ റെയിൽ പാത തണൽ വിരിക്കുന്നതു കാണുമ്പോൾ നഷ്ടബോധത്തിലുപരി, ഗ്രാമങ്ങളുടെ ഫെഡറേഷനിൽനിന്ന് ഏക നാഗരികതയിലേക്കുള്ള പരിവർത്തന ചരിത്രമാണ് രേഖപ്പെടുത്തുന്നത്. അതിനിടയിൽ സംഭവിച്ച, നന്ദികേടെന്നു വിളിക്കാവുന്ന ചില ഏടുകളുമുണ്ട് കൂടെ. ആണധികാരത്തിന്‍റെ ആഘോഷങ്ങളെയും സദാചാര ഗുണ്ടായിസത്തെയും ആക്രമിക്കുന്ന അതേ മൂർച്ചയോടെ തന്നെ ചില നവ സമരമുറകളെയും ആചാരലംഘനങ്ങളെയും വിമർശിക്കുന്നതും കാണാം. ഇടയിലൂടെ നെറ്റിപ്പട്ടം കെട്ടിയ കൊമ്പൻമാർ മുതൽ യക്ഷികളും വികെഎന്നും വരെ വരത്തുപോക്കു നടത്തുന്നുണ്ട്.
സാമൂഹിക വിമർശനപരമായ കുറിപ്പുകൾ പലതും സമകാലിക സംഭവങ്ങളുടെ പശ്ചാത്തലത്തിൽ പംക്തികൾക്കു വേണ്ടി തയാറാക്കിയവയാണെങ്കിലും, കാലികപ്രസക്തി ഒട്ടും ചോരാതെ പുസ്തകത്തിൽ ഇഴചേർന്നു കിടക്കുന്നു. ധാർമിക സമസ്യകളുടെ കൊടും വേനലുകൾ പെട്ടെന്നായിരിക്കും ജനിമൃതികളുടെ കൽപ്പടവിലിരുന്നു കഥ പറയുന്ന കുളിർമയ്ക്കു വഴിമാറുക. അവിടെ വീണ്ടും ചരിത്രത്തിന്‍റെ ഗന്ധം തൂവിക്കൊണ്ട് ഓർമകൾ തുയിലുണരും. അതിൽ എഴുത്തും വരയും കലയുമെല്ലാം മിന്നിമറയും, കൂടെ കാലം അവയിലെല്ലാം വരുത്തിയ രൂപ-ഭാവ പരിണാമങ്ങളും. പക്ഷേ, ഭൂതകാലക്കുളിരിൽ മൂടിപ്പുതച്ചു കിടക്കുക മാത്രമല്ല, ഒരു കാലഘട്ടത്തിന്‍റെ തന്നെ അനുഭവങ്ങളുടെയും പാളിച്ചകളുടെയും ഹാങ്ങോവറുകളെ അതിജീവിച്ചവരുടെ പ്രതീകമായി ശ്രീനിവാസൻ എന്ന ചലച്ചിത്രകാരനെ അടയാളപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട് പുസ്തകത്തിൽ.
കെ.ആർ. പ്രമോദ്.
രാത്രിയുടെ ഇരുണ്ട യാമത്തിൽ തെളിയുന്ന ചൂട്ടുകറ്റയുടെ നാനാർഥങ്ങളിലൂടെ നടന്നുനടന്ന്, പ്രത്യയശാസ്ത്രം പോലെ തുരുമ്പിച്ച് സ്റ്റാൻഡിൽ കയറ്റി വച്ച സൈക്കിളിന്‍റെ ഓർമകളിലൂടെ താളുകൾ മറിയുമ്പോൾ, "നിങ്ങൾ ഫ്യൂഡലിസ്റ്റ് മൂരാച്ചികൾ മാത്രം കാറിൽ കയറിയാൽ മതിയോ?'' എന്നൊരു ചോദ്യം നവോത്ഥാനവാദിയായ വിപ്ലവം പരമേട്ടനെക്കൊണ്ട് ലേഖകൻ തന്നെ ചോദിപ്പിക്കുന്നു. "ജീവിതം ബെല്ലും ബ്രേക്കുമില്ലാതെ ചവിട്ടിനീക്കാനും ക്ഷയം വന്നു ചാകാനുമുള്ളതല്ല സാറേ'' എന്ന പുത്തൻ തത്വചിന്തയെ വിമർശനമായി തന്നെ എടുക്കണമെന്നില്ല, വായനക്കാരന്‍റെ ഇഷ്ടംപോലെ ഉപദേശമായി വേണമെങ്കിലും സ്വീകരിക്കാം. എങ്കിലും, ആക്രിക്കാരനു കൊടുത്ത മുത്തച്ഛന്‍റെ ട്രാൻസിസ്റ്റർ റേഡിയോ പോലെയാണ് ചില ഓർമകൾ- കിരുകിരുപ്പുള്ള ശബ്ദത്തിൽ അവസാനം വരെ അതിൽനിന്നു നൊമ്പരം പൊടിഞ്ഞുകൊണ്ടിരിക്കും. ആഗോളമലയാളത്തിനു വേണ്ടി 'വെർണാക്കുലർ' ഭാഷ വഴിമാറിക്കൊടുക്കുന്ന കാലത്ത് ഇ-വേസ്റ്റായി നീക്കം ചെയ്യപ്പെട്ടാലും അതു നിശബ്ദമായി പാടിക്കൊണ്ടിരിക്കും....