
ഒരു പത്രത്തിന്‍റെ കനല്‍പ്പെരുക്കങ്ങള്‍ |പുസ്തക പരിചയം
Pranatha Books
മലയാള മാധ്യമ ചരിത്രത്തില്‍ മുഖപ്രസംഗങ്ങളിലൂടെ വായനക്കാരെ വഴിനടത്തിയ എക്‌സ്പ്രസ്സ് ദിനപത്രത്തിന്‍റെ പ്രോജ്വലമായ സ്മരണകളുമായി ഒരു പുസ്തകം. എക്‌സ്പ്രസ്സിലെ മുന്‍കാല പത്രപ്രവര്‍ത്തകന്‍ കൂടിയായ ബാബുവെളപ്പായ തയാറാക്കിയ 'എക്‌സ്പ്രസ്സ് വഴികാട്ടിയ കനല്‍' വായനക്കാര്‍ക്കു മുന്നിലെത്തി.
അക്ഷരങ്ങള്‍ക്ക് അത്രമേല്‍ മൂര്‍ച്ചയും തീര്‍ച്ചയും പകര്‍ന്ന പത്രാധിപന്‍മാരായ വി. കരുണാകരന്‍ നമ്പ്യാരും ടി.വി. അച്യുതവാര്യരുമെല്ലാം വീണ്ടും സജീവ ചര്‍ച്ചയാകുകയാണ്.
കാല്‍നൂറ്റാണ്ട് മുമ്പ് നിലച്ചുപോയ ഒരുപ്രതത്തിന്‍റെ ഓര്‍മകളാണ് കനല്‍പ്പെരുക്കങ്ങളായി പുസ്തകത്തില്‍ നിറയുന്നത്. ഒരു പത്രം അതിന്‍റെ ദേശത്തെയും കാലത്തെയും എങ്ങനെ സ്വാധീനിച്ചു എന്ന അന്വേഷണം കൂടിയാണിത്.
തൃശൂരിന്‍റെ സ്വന്തം പത്രമായി 1944ല്‍ ആരംഭിച്ച് മലയാള മാധ്യമ ചരിത്രത്തില്‍ വേറിട്ട സാന്നിധ്യമായി നിറഞ്ഞ എക്‌സ്പ്രസ്സ്, സോഷ്യലിസ്റ്റ് നിലപാടുകളിലൂടെയാണ് വായനക്കാര്‍ക്ക് പ്രിയങ്കരമായത്. ശക്തമായ പാരിസ്ഥിതിക നിലപാടുകളും ശ്രദ്ധേയമായിരുന്നു.
വസ്തുനിഷ്ഠമായ, അതിശക്തമായ മുഖപ്രസംഗങ്ങളിലൂടെ ഒരു തലമുറയെതന്നെ രാഷ്ട്രീയം പഠിപ്പിച്ച എക്‌സ്പ്രസ്സ് 2000 സെപ്റ്റംബറിലാണ് നിശബ്ദമായത്. സൂക്ഷ്മ നിരീക്ഷണങ്ങളും സവിശേഷമായ തലക്കെട്ടുകളും എക്‌സ്പ്രസ്സിന്‍റെ തനിമയായിരുന്നു.
പത്രത്തിന്‍റെ ചരിത്രവും പ്രമുഖരുടെ ഓര്‍മകളും ചേര്‍ത്താണ് പ്രണത ബുക്‌സ് പുസ്തകം ഒരുക്കിയിരിക്കുന്നത്. കരുണാകരന്‍ നമ്പ്യാരുടെയും അച്യുതവാര്യരുടെയും മുഖ്യപ്രസംഗങ്ങളും, അടിയന്തരാവസ്ഥക്കാലത്ത് മുഖപ്രസംഗം ഒഴിച്ചിട്ടുള്ള പ്രതിഷേധവും, പത്രനിരോധനം ഉള്‍പ്പടെയുള്ള സംഭവങ്ങളും പുസ്തകത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി, കോൺഗ്രസ് നേതാവ് വി.എം. സുധീരന്‍, മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, പ്രിയനന്ദനന്‍, ജയരാജ് വാര്യര്‍ തുടങ്ങി 41 പേരുടെ ഓര്‍മകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 350 രൂപയാണ് പുസ്തകത്തിന്‍റെ വില.