അക്ഷരജാലകം | എം.കെ. ഹരികുമാർ
ഇന്‍റർനെറ്റും സോഷ്യൽ മീഡിയയും വന്നതോടെ കത്തെഴുത്ത് ഇല്ലാതായി. പ്രത്യേകിച്ച് കലാകാരന്മാരുടെയും എഴുത്തുകാരുടെയും കത്തുകൾ. കവിത, കഥ, നോവൽ, വിമർശനം എന്നീ ശാഖകൾ പോലെ തന്നെ കത്തുകൾ എന്ന ശാഖയും വികസിച്ചുവന്നതോർക്കുന്നു.
ഖലിൽ ജിബ്രാന്‍റെ കത്തുകൾ ഒരു സാഹിത്യാനുഭവമാണ് തരുന്നത്. ഫ്രാൻസ് കാഫ്കയുടെ കത്തുകൾ അദ്ദേഹത്തിന്‍റെ ആന്തരിക ജീവിതത്തിന്‍റെ കാറും കോളുമാണ് വരച്ചിടുന്നത്. പ്രക്ഷുബ്ധവും വികാരതീവ്രവുമായ പ്രണയം കാഫ്ക മറച്ചു വച്ചില്ല. അത് കത്തുകളിലൂടെ ഏതോ സമുദ്രത്തെ തേടുന്ന പ്രവാഹമായി പരിണമിക്കുകയായിരുന്നു. ഡി.എച്ച്. ലോറൻസിന്‍റെ കത്തുകൾ, റിൽക്കെയുടെ കത്തുകൾ, വാൻഗോഗിന്‍റെ കത്തുകൾ തുടങ്ങിയവ എത്രയോ പേർ വായിച്ചു, വായിക്കുന്നു. ടാഗോറിന്‍റെ കത്തുകളും അക്കൂട്ടത്തിൽ എടുത്തു പറയേണ്ടതാണ്.
ടാഗോറിന്‍റെ മൂല്യം ഒരു സ്വാംശീകരണത്തിലും സംയോജനത്തിലുമാണ് അടങ്ങിയിരിക്കുന്നത്. ടാഗോർ നൂറ്റാണ്ടുകളായുള്ള സംസ്കൃത സാഹിത്യത്തെയും പാഠങ്ങളെയും തന്‍റെ പ്രജ്ഞയിൽ പരിശോധിച്ചു ഹൃദിസ്ഥമാക്കി. അത് സ്വാംശീകരിച്ചു. അതിന്‍റെയുള്ളിലേക്ക് കടക്കാൻ അദ്ദേഹം സ്വന്തം വഴി കണ്ടുപിടിച്ചിരുന്നു. പതിറ്റാണ്ടുകളായുള്ള ഇന്ത്യൻ ബൗദ്ധിക, ആത്മീയ ചിന്താധാരകളെ അദ്ദേഹം വിശകലനം ചെയ്തു. ഇന്ത്യ എന്താണെന്ന് അന്വേഷിച്ച ടാഗോർ അതിന്‍റെ പുരാതനമായ പ്രജ്ഞയുടെ ഏറ്റവും വിവേകാത്മകമായ ഒരു ധാരയും പ്രതിരൂപവും കണ്ടെത്തി. വിവിധ ധാരകളെ സംയോജിപ്പിച്ചു. വിവിധ കലകളെക്കുറിച്ച് - സൃഷ്ടി, രൂപം - അവബോധവും നേടി. അതുകൊണ്ട് ടാഗോറിനു തന്‍റെ മനസിന്‍റെ അടിത്തട്ടിൽ നിന്നു വരുന്ന അനുരണനങ്ങൾ പിടിച്ചെടുക്കാൻ വളരെ വേഗത്തിൽ കഴിയുമായിരുന്നു. ചിന്തകൾ സ്വാഭാവികമായി തന്നെ ശരിയായി വരുന്ന പ്രക്രിയയാണിവിടെ തെളിയുന്നത്.
കഴിഞ്ഞ ദിവസമാണ് രവീന്ദ്രനാഥ് ടാഗോർ: - ഗ്ലിംസസ് ഓഫ് ബംഗാൾ- സെലക്റ്റ് ലെറ്റേഴ്സ് (1885 -1895) എന്ന പുസ്തകം വായിക്കാനിടയായത്. സാഹിത്യജീവിതത്തിൽ, തന്‍റെ ഏറ്റവും നല്ല കാലത്താണ് ഈ കത്തുകളെഴുതിയതെന്ന് ടാഗോർ ആമുഖത്തിൽ സൂചിപ്പിക്കുന്നുണ്ട്. ഇത് സാഹിത്യപരമായ ഒരു കവിഞ്ഞൊഴുകലാണെന്നു അദ്ദേഹം നിരീക്ഷിക്കുന്നു. തന്നിൽ മിച്ചം വരുന്ന ചിന്തകളും ബുദ്ധിപരമായ കടന്നു കാണലുമാണ് കത്തുകളിൽ കവിഞ്ഞൊഴുകുന്നത്.
ഈ കത്തുകളിൽ ഇന്ത്യയുടെ ഏറ്റവും പ്രാചീനമായ ആരായലുകളുടെ സത്യം തേടാനുള്ള പരിശ്രമം കാണാം. നമ്മുടെയുള്ളിൽ സത്യത്തിന്‍റെ ഒരു ക്ഷേത്രം നിർമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം എഴുതുന്നത് ഇതിന്‍റെ ഭാഗമാണ്. ഓരോ ദിവസവും അതിന്‍റെ നിർമാണം നടക്കുകയാണത്രേ. എന്നാൽ ഇത് നമ്മൾ തിരിച്ചറിയുന്നില്ല. കാലത്തിന്‍റെ ക്ഷണികതയിൽ നിന്ന് നമ്മുടെ സങ്കടങ്ങളും സന്തോഷങ്ങളും നുറുങ്ങുകളായി ചിതറി വീഴുന്നു. അതിനടിയിലാണ് ഈ സത്യക്ഷേത്രം നിർമിക്കപ്പെടുന്നത്.
എന്നാൽ രമ്യതയുടെ ഒരു അനന്ത പദ്ധതി നമ്മുടെയുള്ളിൽ രൂപപ്പെടുന്നതിനെക്കുറിച്ച് അറിവുണ്ടാവുകയാണെങ്കിൽ തുടർച്ചയായ പ്രക്രിയകളിലൂടെ നമുക്ക് മുന്നിൽ അനാവരണം ചെയ്യപ്പെടുന്ന പ്രപഞ്ചവുമായി സംവദിക്കുന്നതിലേക്ക് അത് വളരും. നമ്മൾ ഗ്രഹങ്ങളെ പോലെയാണ്. അവ സ്വന്തം പഥത്തിൽ കറങ്ങുന്നതുപോലെ നമ്മളും സഞ്ചരിക്കുകയാണ്. നക്ഷത്രങ്ങളുടെ മൂലകങ്ങൾ മനുഷ്യശരീരത്തിൽ കാണപ്പെടുന്നതുകൊണ്ട് നമ്മൾ നക്ഷത്രങ്ങളുടെ ഭാഗമാണെന്നു കാൾ സാഗൻ പറഞ്ഞത് ഈ സന്ദർഭത്തിൽ ഓർക്കേണ്ടതാണ്. നമ്മുടെ യാതനകൾ, ആഗ്രഹങ്ങൾ തുടങ്ങിയവയ്ക്കല്ലാം ഈ ബൃഹത്തായ പ്രപഞ്ചത്തിൽ അതിന്‍റേതായ സ്ഥാനമുണ്ട്.
ടാഗോർ എഴുതുന്നു: "നമുക്ക് ശരിക്കും അറിയില്ല എന്താണ് സംഭവിക്കുന്നതെന്ന്. ഒരുപിടി മണൽത്തരിയെക്കുറിച്ച് പോലും നമുക്കറിയില്ല. നമ്മുടെയുള്ളിലെ ജൈവപ്രവാഹം പുറത്തുള്ള ഈ പ്രപഞ്ചത്തിലെ ജീവിതവുമായി ചേർന്നു പോകുന്നതാണെന്ന് അറിയുമ്പോൾ നമ്മുടെ സന്തോഷങ്ങളും വേദനകളും ദീർഘിച്ച ഒരാനന്ദധാരയിൽ കോർത്തെടുക്കപ്പെടുകയാണ്. ചില വസ്തുതകൾ - ഞാനാകുന്നു, ഞാൻ ചലിക്കുന്നു, ഞാൻ വളരുന്നു തുടങ്ങിയവയെല്ലാം അതിന്‍റെ തീവ്രതയിൽ എന്നോടൊപ്പമാണ്; ഒരു ആറ്റത്തിനുപോലും ഞാനില്ലാതെ നിലനില്പില്ല'.
ഈ മനോഹരമായ ഹേമന്ത പ്രഭാതത്തിനോടുള്ള ആത്മബന്ധം, ഈ വിസ്തൃതമായ കാന്തി നമ്മുടെ ഏറ്റവും വിലപ്പെട്ട ബന്ധുത്വമാണെന്നു അദ്ദേഹം നിരീക്ഷിക്കുന്നു. ഈ പ്രകൃതിയിലെ വർണസഞ്ചയം, ഗന്ധം, സംഗീതം എല്ലാം നമ്മുടെ രഹസ്യമായ സംവേദനങ്ങളുടെ ബാഹ്യപ്രത്യക്ഷതകളാണ്. പാരമാർഥികമായ ഈ സാക്ഷാത്കാരത്തെക്കുറിച്ച് അറിഞ്ഞാലും ഇല്ലെങ്കിലും അതാണ് നമ്മെ നിലനിർത്തുന്നത്.
അകംലോകങ്ങളും പുറംലോകങ്ങളും തമ്മിലുള്ള ഇടപെടലുകളിൽ നിന്നാണ് തന്‍റെ മതം ഉൽഭവിക്കുന്നതെന്ന് ടാഗോർ പ്രസ്താവിക്കുന്നുണ്ട്. അത് ഒരാളുടെ ശേഷിക്കൊത്ത് മാത്രമേ നേടാനാവുകയുള്ളൂ. അതിന്‍റെ വെളിച്ചത്തിലാണ് താൻ വിശുദ്ധ വചനങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെടാൻ ശ്രമിക്കുന്നത്. ഒരു മതവിശ്വാസം അവിടെ നിന്നാണ് വരുന്നത്. എന്തെന്നാൽ വിശുദ്ധവചനങ്ങളിലൂടെയാണ് നാം അതിലേക്ക് എത്തിച്ചേരുന്നത്. അത് നമ്മുടേതായിത്തീരണമെങ്കിൽ അതിന്‍റെ സത്യാവസ്ഥ വികാരമായി അനുഭവപ്പെടണം. ഉള്ളിലെ യാതനകൾക്കും അലച്ചിലുകൾക്കുമൊപ്പം അത് മനസിനുള്ളിൽ ജനിക്കണം. ടാഗോർ ഈ പറയുന്നത് ഒരു കവിക്കോ എഴുത്തുകാരനോ ബാധകമാണ്.
കുറെ സംഭവങ്ങളോ അനുഭവങ്ങളോ ബാഹ്യലോകത്തുനിന്നു കടമെടുത്താൽ എഴുതാനൊക്കില്ല. ഇത്രയധികം പുസ്തകങ്ങൾ, വിശേഷിച്ചും കവിതകളും കഥകളും എഴുതപ്പെടാൻ കാരണം പുറത്തുനിന്നുള്ള കടമെടുക്കലാണ്. മറ്റുള്ളവരെക്കൊണ്ട് എഴുതിച്ച് പ്രശസ്തരാകാൻ ഇന്നു ധാരാളം വഴികളുണ്ട്. ഫേസ്ബുക്കിൽ "ഗോസ്റ്റ് റൈറ്റിങ്ങി'ന്‍റെ പരസ്യം വന്നു കഴിഞ്ഞു. നോവൽ എഴുതാൻ ആഗ്രഹിക്കുന്നവർക്ക് അത് സാധിച്ചു കൊടുക്കുന്ന ഏജൻസികളുണ്ട്; പണം കൊടുത്താൽ മതി. വല്ലവരേയും കൊണ്ട് സാഹിത്യമെഴുതിക്കുന്നവർക്ക് സ്വന്തമായി അതിനെക്കുറിച്ച് പറയാനറിയില്ല. അവരുടെ വർത്തമാനം കേട്ടു നോക്കിയാൽ പൊള്ളത്തരം മനസിലാകും. എന്നാൽ ടാഗോർ പറയുന്നത് ഏറ്റവും ഉന്നതമായ ഒരു മാനവിക അനുഭവത്തെക്കുറിച്ചാണ്. ഈ പ്രപഞ്ചത്തിലെ സൂക്ഷ്മമായ സത്യാനുഭവങ്ങളെ എങ്ങനെ മനസിന്‍റെ ഭാഗമാക്കാമെന്ന ചിന്തയാണത്. അത് ഒരു വികാരമായി ഉള്ളിൽ വരണം. അത് പരിശ്രമിക്കുന്നവർക്ക് മുന്നിലാണ് അനാവരണം ചെയ്യുന്നത്. ഇതിനാണ് ആത്മശുദ്ധി എന്ന ഗുണം വേണ്ടത്.
സർഗാത്മകപ്രവർത്തനത്തിലെ നിഷ്കളങ്കമായ ഒരു ചുവടാണിത്. സത്യത്തെ അതിന്‍റെ മേന്മയിൽ പരിഗണിക്കണം. സത്യത്തിൽ അടിയുറച്ചു നിന്ന് സ്വയം വിചാരണ ചെയ്യണം. ടാഗോർ എഴുതുന്നു: "കുട്ടികളുടെ സന്തോഷമാണ് യഥാർഥ സന്തോഷം. അവർക്ക് ഏത് നിസാര വസ്തുവിനെയും സ്വന്തം സുഖത്തിനായി ഉപയോഗിക്കാൻ അറിയാം. ഏത് ഭംഗിയില്ലാത്ത പാവയും ഒരു കുട്ടിയുടെ ഭാവനയിൽ സുന്ദരമായിത്തീരുന്നു. എന്നാൽ ഒരാൾ മുതിർന്ന ശേഷവും കുട്ടിയുടെ ഈ സിദ്ധി സൂക്ഷിക്കാൻ കഴിയുന്നുണ്ടെങ്കിൽ അവനാണ് യഥാർഥ ആദർശവാദി'.
എന്തുകൊണ്ടാണ് അവൻ ഉത്തമനായ ഒരു വ്യക്തിയാകുന്നത്? അവൻ വസ്തുക്കൾ വെറുതെ കാണുകയല്ല, അല്ലെങ്കിൽ വെറുതെ കേൾക്കുകയല്ല. അവ ഹൃദയത്തിനു ബോധ്യമാകുന്ന തരത്തിൽ പരിവർത്തനപ്പെടുത്തുകയാണ്. ഏതൊരു വസ്തുവിന്‍റെയും സങ്കുചിതത്വവും അപൂർണതയും അവന്‍റെ സംഗീതത്തിന്‍റെ ശ്രേയസിൽ നഷ്ടപ്പെട്ടുപോകുന്നു. ഇത് വളരെ ഉന്നതമായ ഒരു മാനസികാവസ്ഥയാണ്. കവിതകൾ എഴുതിയപ്പോൾ ഈ പരമാനന്ദം ടാഗോറിനു ലഭിച്ചിട്ടുണ്ടാവണം. ഒരു വസ്തുവിനെ മനുഷ്യന്‍റെ ഉന്നതവും ആദർശാത്മകവും നിഷ്കളങ്കവുമായ സമീപനം കൊണ്ട് മനുഷ്യത്വമുള്ളതാക്കാമെന്നാണ് ഇതിൽ നിന്ന് മനസിലാക്കേണ്ടത്.
ഒരു രചയിതാവിന്‍റെയുള്ളിൽ പ്രവർത്തിക്കുന്ന ശക്തിയെക്കുറിച്ച് ടാഗോർ ചിന്തിക്കുന്നുണ്ട്: "എന്താണോ ഞാൻ സത്യമായി ചിന്തിക്കുന്നത്, അനുഭവിക്കുന്നത്, മനസിലാക്കുന്നത് അതിന്‍റെ സ്വാഭാവികമായ പരിണാമം ശരിയായ ആവിഷ്കാരം സാധ്യമാക്കുക എന്നതാണ്. എന്നിലുള്ള ഒരു ശക്തിയാണ് ലക്ഷ്യത്തിലെത്താൻ സഹായിക്കുന്നത്. എന്നാൽ ഇത് എന്‍റെ മാത്രം ശക്തിയല്ല. ഇത് പ്രപഞ്ചത്തിന്‍റെ ഭാഗമാണ്. ഈ പ്രാപഞ്ചികശക്തി ഒരു വ്യക്തിയിൽ മുളയെടുക്കുമ്പോൾ അത് അവന്‍റെ നിയന്ത്രണത്തിനപ്പുറമാണ്; അവൻ പ്രവർത്തിക്കുന്നത് ആ സന്ദർഭത്തിനു അനുസരിച്ചാണ്. ആ ശക്തിക്ക് വിധേയമാകുമ്പോഴാണ് മഹത്തായ ആനന്ദമുണ്ടാകുന്നത്. ഇതാണ് ഏറ്റവും ശുദ്ധമായിട്ടുള്ളത്. ഒരു വ്യക്തിയുടെ ജീവിതത്തിലും സർഗാത്മക പ്രവർത്തനത്തിലും സംഭവിക്കുന്ന അത്യുന്നതമായ ഒരനുഭവത്തെയാണ് ലക്ഷ്യം വയ്ക്കുന്നത്. ഇതിനെ സൗന്ദര്യാനുഭവമായി കാണാവുന്നതാണ്. ഒരു സാഹിത്യസൃഷ്ടിയിൽ സൗന്ദര്യത്തെയാണ് എഴുത്തുകാരൻ ആവാഹിക്കുന്നത്. സൗന്ദര്യത്തെ ഉൾക്കൊള്ളാനുള്ള ശേഷിയില്ലാത്തവർ അതിനു കീഴടങ്ങുകയാണ് ചെയ്യുന്നത്. അത് ഏറ്റെടുക്കാൻ കഴിയുന്നയാൾക്ക് പിന്തിരിയേണ്ടിവരും. സൗന്ദര്യമാകട്ടെ പൂർണതയിൽ പ്രത്യക്ഷമാകാറില്ല.
ഒരു കത്തിൽ കവിതയെക്കുറിച്ച് വ്യത്യസ്തമായ ഒരു അഭിപ്രായം വെളിപ്പെടുത്തുന്നുണ്ട്: "കവിത വികാരത്തിന്‍റെ ഒരു പ്രശ്നമല്ല ; അത് രൂപത്തിന്‍റെ സൃഷ്ടിയാണ്. ആശയങ്ങൾ കവിയുടെ മനസിൽ ഒരു രൂപം കൈക്കൊള്ളുന്നത് വ്യത്യസ്തമായ ഒരു കലാനുഭവത്തിലൂടെയാണ്. ഈ സൃഷ്ടിപരമായ ശക്തിയാണ് കവിതയുടെ പിറവിക്കു കാരണമാകുന്നത്. കാഴ്ചകൾ, വികാരങ്ങൾ, ഭാഷ തുടങ്ങിയവയെല്ലാം കവിതയ്ക്കു വേണ്ട അസംസ്കൃത വസ്തുക്കളാണ്; അത് കവിതയല്ല. ചിലർക്ക് വികാരങ്ങളുണ്ടായിരിക്കും, ഭാഷയുണ്ടായിരിക്കും. വേറെ ചിലർക്ക് ഇത് രണ്ടും ഉണ്ടാകും. എന്നാൽ സർഗാത്മകമായി സൗന്ദര്യത്തെ അനുഭവിക്കാനും ആവിഷ്കരിക്കാനും ശേഷിയുള്ള ഒരാൾക്ക് മാത്രമേ കവിയാകാൻ കഴിയൂ. കവിതയുടെ രൂപം കവി തന്നെയാണ് കണ്ടെത്തേണ്ടത്. ഒരാൾ ഏത് രൂപത്തിൽ എഴുതണമെന്ന് തീരുമാനിക്കുന്നത് അവൻ തന്നെയാണ്. ഒരു പ്രത്യേക രൂപത്തിൽ തന്നെ എഴുതണമെന്ന് കവിയെ നിർബന്ധിക്കാൻ ആർക്കും അവകാശമില്ലെന്ന് ഒഎൻവി പറഞ്ഞതോർക്കുകയാണ്.
ടാഗോർ പറയുന്നത് രൂപം സൃഷ്ടിക്കുന്നതാണ് കവിയുടെ മുഖ്യകർമം എന്നാണ്. വികാരങ്ങൾ കൊണ്ട് മാത്രം കവിത സൃഷ്ടിക്കാനാവില്ല. കവിതയുടെ രൂപം വൃത്തമോ പദ്യമോ ഗദ്യമോ ഒന്നുമല്ല. അത് കവിതയുടെ ആശയങ്ങളും വികാരങ്ങളും ചേർന്ന് കവിയുടെ മനസിൽ രൂപപ്പെടുത്തുന്നതാണ്. കവിതയുടെ ആന്തരിക രൂപമാണ് പ്രധാനം. വാക്കുകൾ ഒരു കവിതയായി തീരുന്നതിന്‍റെ രൂപമാണത്.
1) കുമാർ സാനുവിന്‍റെ ഹിന്ദി പാട്ടുകൾക്ക് എന്തോ രഹസ്യമുണ്ട്. എന്താണ് ആ ശബ്ദം?ഹിന്ദി സിനിമയുടെ മുഴുവൻ പ്രാധിനിധ്യവും ആ ശബ്ദം ഏറ്റെടുക്കുന്നതായി തോന്നും. ആ ശബ്ദം നമ്മുടെ ആത്മലോകങ്ങളുടെ അകത്തേക്ക് അമീബയെപ്പോലെ സഞ്ചരിച്ച് ഒരു പരിപ്രേക്ഷ്യം സൃഷ്ടിക്കുന്നു. ശബ്ദസൗന്ദര്യവും വികാരസൗന്ദര്യവും ഇഴുകിച്ചേരുകയല്ലേ ചെയ്യുന്നത്? ഏക് ലഡ്കി കോ ദേഖാ തോ, നസർ കെ സാമ്നേ ജിഗർ കെ പാസ്...
2) എം.ജി. സോമന്‍റെ മരണത്തോടെ നായകനും പ്രതിനായകനും ഒരുമിക്കുന്ന കഥാപാത്ര പ്രതിഛായ നഷ്ടപ്പെട്ടു. ഒരേസമയം നായകനും പ്രതിനായകനുമായിരിക്കുന്ന കഥാപാത്രങ്ങളെ ആദ്യമായി അവതരിപ്പിച്ചത് അദ്ദേഹമാണ്. "ഇതാ ഇവിടെ വരെ' ഓർക്കുക. പി. പദ്മരാജനാണ് ശക്തമായ ആ കഥാപാത്രത്തെ സൃഷ്ടിച്ചത്.
3) തന്‍റെ രൂപവും ശബ്ദവും കൊണ്ട് താനൊരു കഥാപാത്രമല്ല, യഥാർഥ സ്ത്രീ തന്നെയാണെന്ന് തെളിയിച്ച നടിയാണ് കവിയൂർ പൊന്നമ്മ. നമ്മുടെ മനസിൽ ആഴത്തിൽ കൊളുത്തുന്ന ശബ്ദമാണ് അവരുടേത്. ഈ പ്രത്യേകത വളരെ കുറച്ചു നടികൾക്ക് മാത്രമേ അവകാശപ്പെടാനാകൂ. ശാന്താദേവി അവരിൽ ഒരാളാണ്.
4) പ്രഭാ വർമ ആത്മകഥ എഴുതുകയാണ്. ആത്മകഥയുടെ ഭാഗങ്ങൾ മെട്രോ വാർത്ത വാർഷികപ്പതിപ്പിലും ദീപിക വാർഷികപ്പതിപ്പിലും കേരള കൗമുദി ഓണപ്പതിപ്പിലും വായിച്ചു. പ്രഭാ വർമയുടെ ആത്മകഥയെ വ്യത്യസ്തമാക്കുന്നത് അതിന്‍റെ ബുദ്ധിപരമായ തലമാണ്, സത്യസന്ധതയാണ്. ചിന്തയുടെ മണ്ഡലമാണ് ആത്മകഥയിൽ ഉണ്ടാവേണ്ടത്. പ്രഭാവർമ മെട്രൊ വാർത്ത വാർഷികപ്പതിപ്പിൽ (കാട്ടുകച്ചോലത്തിന്‍റെ ഗന്ധം) എഴുതുന്നു: "പലപ്പോഴും തോന്നിയിട്ടുണ്ട് യേശു കുരിശിലല്ല, എന്‍റെ മനസിലാണ് തറയ്ക്കപ്പെട്ടിരിക്കുന്നത് എന്ന്. സഹനാനുഭവത്തിന്‍റെ, യാതനാനുഭവത്തിന്‍റെ ആ ബിംബത്തിൽ നിന്ന് ആ പാരിഷ് ക്ളാസ് കാലം മുതൽക്കിങ്ങോട്ട് ഒരിക്കലും മനസിനു ഒരു വിടുതലുണ്ടായിട്ടില്ല. ഇടയ്ക്കൊക്കെ ഏകാന്ത ധ്യാനത്തിലെന്ന പോലെ ഞാൻ ഇരിക്കാറുണ്ട്. മനസ് അസ്വസ്ഥമാകുമ്പോൾ പരുമലപ്പള്ളിയിലെ വിശാലമായ ആ ഹാളിൽ ഞാൻ പോയി ഇരിക്കാറുണ്ട്. സാന്ത്വനിപ്പിക്കുന്ന ഒരു ഏകാന്തതയുണ്ടവിടെ. മനസ് തണുപ്പിക്കുന്ന ഒരു നിശ്ശബ്ദത'.
പിന്നിട് യേശുവിന്‍റെ ജീവിതരേഖ നൊമ്പരത്തോടെ വിവരിക്കുകയാണ്. പ്രഭാവർമയുടെ കവിതയുടെ ഉറവിടങ്ങളിലേക്ക് തിരിച്ചുപോകുന്ന ആത്മകഥയാണിത്.
5) ചാത്തനത്ത് അച്യുതനുണ്ണി നല്ലൊരു കവിയാണ്. പക്ഷേ അദ്ദേഹം വിരളമായേ എഴുതാറുള്ളൂ. മാനസിന്‍റെ ആഴത്തിൽ പതിഞ്ഞ ശബ്ദങ്ങളുമായി സഞ്ചരിക്കുകയാണ് ഈ കവി. സംസ്കൃത സാഹിത്യചിന്തകനും പരിഭാഷകനുമായതുകൊണ്ട് പലപ്പോഴും കവിതയെഴുതാൻ സമയം കിട്ടുന്നില്ല. മെട്രൊ വാർത്ത വാർഷികപ്പതിപ്പിൽ അദ്ദേഹം എഴുതിയ "ദർശനം' ഒരു ആത്മാന്വേഷണമായിത്തീരുന്നു. ഈ കവിയെ ആകുലനാക്കുന്നത് സത്യത്തെക്കുറിച്ചുള്ള ചിന്തകളാണ്.
"നീ വിരിയുന്നു ഞാനുയിർകൊള്ളുമെൻ
കാമനകളിൽ പഞ്ചേന്ദ്രിയങ്ങളിൽ
നീ നിറയുന്നു ഞാൻ തുടിക്കുന്നൊരീ
പ്രാണനിൽ പഞ്ചഭൂതകണങ്ങളിൽ'
ആദിയിൽ ഞാനെന്തായിരുന്നു എന്നന്വേഷിക്കുന്ന കവി ഇങ്ങനെ ഉപസംഹരിക്കുന്നു:
"ശീതശീതമാം ജാഡ്യമായ് നിദ്രയായ്
ഭൂതതാത്രി മയങ്ങിയനന്തമാം
കൂരിരുളിൽത്തളർന്നു വീഴും!
വ്യർഥ -
മീയനുരാഗമീവികാരോത്സവം!.'
6) ഡോ. എസ്. സുഷമയുടെ നൂറ്റൊന്നു ഹൈക്കു കവിതകളുടെ സമാഹാരമാണ് "ബോൺസായ് ' (സുജിലി പബ്ലിക്കേഷൻസ്). കവിതയുടെ ഒരു ഇതളാണ് ഹൈക്കു. മൂന്നു വരിയിൽ ഒരു ജ്ഞാനകാണ്ഡം. സുഷമയുടെ ഹൈക്കുവിൽ അറിവും ചിന്തയും സംഗമിച്ച് അനുഭൂതി നിറയ്ക്കുന്നു.
"പായുന്നു ശരം,
രണഭൂവിലെത്തുവാൻ,
ധർമം ജയ:'
"പൂവിടാറില്ല,
എങ്കിലുമിടയ്ക്കിടെ
തളിർക്കുന്നു.'
"മനുഷ്യക്രൂരത,
മൃഗമെന്തു പിഴച്ചു?
മൃഗീയമോ?'
7) പ്രഭാഷകന് ഒരു ലക്ഷ്യമുണ്ടാവണം. എന്തിനെക്കുറിച്ചും പ്രസംഗിക്കുന്നവനല്ല പ്രഭാഷകൻ. മനസിലെ സത്യത്തിനു വേണ്ടി യുദ്ധം ചെയ്യുന്ന പോലെ പ്രസംഗിക്കണം. അത് ഒരു സ്ഥിരം ശത്രുവിനെ സങ്കല്പിച്ചുകൊണ്ടാവരുത്. അവനവനോടുള്ള യുദ്ധം പ്രഭാഷകന്‍റെ സ്വഭാവമാണ്.
8) രണ്ട് ഏകാന്തതകൾ കണ്ടുമുട്ടുമ്പോഴാണ് പ്രേമമുണ്ടാകുന്നതെന്ന് പ്രമുഖ കവി റിൽകെ പറഞ്ഞു. അവിടെയാണ് പരസ്പരം സംരക്ഷിക്കുന്നത്, ആശീർവദിക്കുന്നത്.
9) വൈലോപ്പിളളിയെക്കുറിച്ച് പി.എൻ. ഗോപികൃഷ്ണൻ എഴുതിയ "വൈലോപ്പിള്ളി' (മാതൃഭൂമി ആഴ്ചപ്പതിപ്പ്, സെപ്റ്റംബർ 29) എന്ന കവിത യാതൊരു ഫീലും തന്നില്ല. മഹാനായ കവി വൈലോപ്പിള്ളി ഒരു വികാരമാണ്, അനുഭൂതിയാണ്, ചിന്തയാണ്, വൈകാരികമായ അറിവാണ്. അതാണ് കവിതയിൽ വരേണ്ടത്. ഗോപീകൃഷ്ണൻ വൈലോപ്പിള്ളിയെക്കുറിച്ച് ചിന്തിച്ച് എഴുതിയതാണ് കുഴപ്പമായത്. ഗോപീകൃഷ്ണന് വൈലോപ്പിള്ളിയെ അനുഭവിക്കാൻ കഴിഞ്ഞിട്ടില്ല. ഈ ഭാഗം നോക്കൂ:
"ഭ്രാന്തിന്‍റെ പേനുകളെ
ലോകത്തിന്‍റെ തലച്ചോറിൽ നിന്ന്
നുള്ളിക്കളയണം -
വൈലോപ്പിളളി കരുതി.
ലോകം ചെരിയുമ്പോൾ
ആളുകൾക്ക് പിടിച്ചുനിൽക്കാൻ കവിതയുടെ ഉരുക്കുവടം വേണം. "
ഇത് ബുദ്ധിപരമായ പ്രസ്താവനയാണ്, കവിതയല്ല. തലച്ചോറിൽ ഭ്രാന്തിന്‍റെ പേനുകളോ? കവിതയുടെ ഉരുക്കു വടമോ? കവിതയ്ക്ക് ഉരുക്കുമായിട്ടു എന്ത് ബന്ധം?
ഫോൺ: 9995312097