
സ്വാമി രംഗനാഥാനന്ദ.
അക്ഷരജാലകം | എം.കെ. ഹരികുമാർ
മഹാ ജ്ഞാനികളിലൊരാളും മഹാ പ്രഭാഷകരിലൊരാളുമാണല്ലോ സ്വാമി രംഗനാഥാനന്ദ (1908-2005). തൃശൂർ തൃക്കൂർ സ്വദേശിയായ അദ്ദേഹം ശ്രീരാമകൃഷ്ണ മിഷന്‍റെയും ശ്രീരാമകൃഷ്ണ മഠത്തിന്‍റെയും പതിമൂന്നാമത്തെ പ്രസിഡന്‍റായിരുന്നു. സ്വാമി വിവേകാനന്ദന്‍റെ ആശയങ്ങളിൽ ആകൃഷ്ടനായി മഠത്തിൽ ചേർന്നതാണ്. പിന്നീട് ആ രംഗത്ത് ലോകത്തെ ഏറ്റവും വലിയ സംന്യാസിയും പണ്ഡിതനും പ്രഭാഷകനും പ്രബോധകനുമായി. 1933ലാണ് സംന്യാസം ഔദ്യോഗികമായി സ്വീകരിച്ചത്. തീക്ഷ്ണ ബുദ്ധിയും ചിന്താശേഷിയും ഓർമശക്തിയുമാണ് രംഗനാഥാനന്ദ സ്വാമിയെ മറ്റുള്ളവരിൽ നിന്നു വേർതിരിക്കുന്നത്. ലോകത്തെ സർവ മതങ്ങളെയും കുറിച്ചുള്ള അറിവ് സ്വാമിയുടെ പ്രഭാഷണങ്ങളെ സമഗ്രമാക്കി. പാശ്ചാത്യവും പൗരസ്ത്യവുമായ ചിന്തകളിലും ആശയങ്ങളിലുമുള്ള പരിചയം ആവശ്യമായ ഘട്ടങ്ങളിൽ താരതമ്യ വിചിന്തനത്തിന് സഹായകമായി. ഇന്ത്യൻ ചിന്തയിൽ ആഫ്രിക്കൻ പായൽ പോലെ കടന്നുകയറി നാശം വിതച്ച അന്ധവിശ്വാസങ്ങളെയും ദുരാചാരങ്ങളെയും വകഞ്ഞുമാറ്റി സത്യത്തിന്‍റെ സത്യം (ബൃഹദാരണ്യക ഉപനിഷത്ത്) കാണിച്ചുകൊടുക്കാൻ സ്വാമിക്ക് കഴിഞ്ഞു.
ശാരീരികക്ഷമത കാത്തുസൂക്ഷിച്ച അദ്ദേഹം 70 വയസുള്ളപ്പോൾ പോലും വോളിബോൾ കളിക്കുമായിരുന്നു. ആധുനിക ശാസ്ത്രത്തെക്കുറിച്ച് അഗാധമായ അറിവു നേടിയ സ്വാമി വിജ്ഞാന സരണികളുടെ സംഗമബിന്ദുവായിരുന്നു. 1933-34 കാലത്ത് ജയിലുകളിൽ പോയി തടവുകാർക്ക് ആത്മീയ ജീവിതം എന്താണ്, എങ്ങനെയായിരിക്കണം, എങ്ങനെ മനസിനെ നിയന്ത്രിക്കണം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ക്ലാസെടുത്തിട്ടുണ്ട്. 1934 മുതൽ 1942 വരെ മ്യാൻമറിലെ (പഴയ ബർമ) റംഗൂണിലുളള മിഷൻ ലൈബ്രറിയിലും 42 മുതൽ 48 വരെ ഇന്നത്തെ പാക്കിസ്ഥാനിലുള്ള കറാച്ചിയിലെ മിഷൻ ഓഫിസിലും സേവനം ചെയ്തു. 1956-72 കാലത്ത് 50ലേറെ രാജ്യങ്ങളിൽ ഇന്ത്യൻ സംസ്കാരത്തിന്‍റെയും ചിന്തയുടെയും പ്രചാരകനായി പ്രഭാഷണം നടത്തി. 1973 മുതൽ 86 വരെ അമെരിക്ക, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങൾ സന്ദർശിച്ച് ഉദ്ബോധന പ്രസംഗങ്ങൾ ചെയ്തു. 1961ലാണ് സ്വാമിയെ ശ്രീരാമകൃഷ്ണ മഠത്തിന്‍റെ ട്രസ്റ്റിയായി തെരഞ്ഞെടുക്കുന്നത്. 1989ൽ വൈസ് പ്രസിഡന്‍റായി. 1998 മുതൽ 2005 വരെ പ്രസിഡന്‍റായിരുന്നു.
വേദാന്ത മാനവികത
സ്വാമിയിൽ നിന്ന് മന്ത്രദീക്ഷ സ്വീകരിച്ച് ആത്മീയ ജീവിതത്തിലേക്ക് പ്രവേശിച്ച 60,000ത്തിലേറെ പേരുണ്ട്. സ്വാമി ആശയരംഗത്ത് ദീർഘകാലം പ്രസംഗിച്ചു, പ്രവർത്തിച്ചു. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിർത്തു. ഇതിൽ കുറേ പ്രഭാഷണങ്ങൾ പുസ്തകരൂപത്തിൽ വന്നിട്ടുണ്ട്. ദ് മെസേജ് ഓഫ് ഉപനിഷദ്സ്, യൂണിവേഴ്സൽ മെസേജ് ഒഫ് ദ് ഭഗവദ്ഗീത, എറ്റേണൽ വാല്യൂസ് ഫോർ എ ചേഞ്ചിങ് സൊസൈറ്റി (നാലു വാല്യം), എ പിൽഗ്രിം ലുക്സ് അറ്റ് ദ് വേൾഡ് (രണ്ടു വാല്യം), സ്പിരിച്വൽ ലൈഫ് ഓഫ് ദ് ഹൗസ്ഹോൾഡർ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. അദ്ദേഹത്തിന്‍റെ 600 ഓഡിയോ ടേപ്പുകളും 50 വീഡിയൊ ടേപ്പുകളും സൂക്ഷിച്ചിട്ടുണ്ട്.
സ്വാമി സ്വന്തം നിയോഗം സ്വയം കണ്ടെത്തുകയായിരുന്നു. ആരും നിർബന്ധിച്ചു സംന്യാസത്തിലേക്ക് പറഞ്ഞയച്ചതല്ല. ജീവിതത്തിലെ പ്രതിസന്ധിയുടെ ഫലമായി എത്തിച്ചേർന്നതുമല്ല. അതൊരു ഉൾവിളിയായിരുന്നു. കൗമാരകാലത്ത് തന്നെ പ്രപഞ്ചാത്മാവിനെ അറിയാനുള്ള വേദാന്ത ആശയങ്ങളുടെ താമരനൂലിഴകള്‍ ആ മനസിലേക്ക് സഹോദര്യത്തിന്‍റെ അലകള്‍ ഉയർത്തി പ്രവേശിക്കുകയായിരുന്നു.
സ്വാമി ഒരു പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു: "പാശ്ചാത്യ ദേശങ്ങളിൽ മാനവികതയെ ശാസ്ത്രത്തിന്‍റെ പിന്തുണയോടെ അവതരിപ്പിച്ചപ്പോൾ അതിനെ ശാസ്ത്രീയ മാനവികത എന്ന് വിളിക്കപ്പെട്ടു. 19ാം നൂറ്റാണ്ടിന്‍റെ അന്ത്യം വരെ അതിനു പ്രചാരമുണ്ടായി. എന്നാൽ ഒന്നാം ലോകമഹാ യുദ്ധത്തിലും രണ്ടാം ലോകമഹാ യുദ്ധത്തിലും ദശലക്ഷക്കണക്കിനാളുകൾ കൊല്ലപ്പെട്ടതോടെ പാശ്ചാത്യ ലോകത്ത് ഒരു ആശയക്കുഴപ്പമുണ്ടായി. എന്തുകൊണ്ടാണ് നമുക്ക് മനുഷ്യനിൽ വിശ്വാസം നഷ്ടപ്പെട്ടതെന്ന് ചിന്തിച്ച് ആളുകൾ മാനവികതയെ തന്നെ സംശയിക്കാൻ തുടങ്ങി. യുദ്ധങ്ങൾക്കു ശേഷം ഒരു ശൂന്യത വന്നു. ഒന്നിലും വിശ്വസിക്കാനാവാത്ത അവസ്ഥ വന്നുചേർന്നു. ഈ സാഹചര്യത്തിലാണ് സ്വാമി വിവേകാനന്ദൻ വേദാന്ത മാനവികത എന്ന ആശയം നമ്മുടെ മനസിലേക്ക് സംക്രമിപ്പിച്ചത്. ഇത് യഥാർഥത്തിൽ ഉപനിഷത്തിൽ നിന്ന് വികസിപ്പിച്ചതാണ്. ഇത് ഇവിടെ ഉണ്ടായിരുന്നതാണ്. ബുദ്ധനിലൂടെ, ശ്രീരാമകൃഷ്ണ പരമഹംസരിലൂടെ അത് വികസിച്ചു. എന്നാൽ മഹത്തായ ഈ തത്ത്വം ഇന്ത്യയിൽ പ്രായോഗികമായി ഉൾക്കൊള്ളാനും നടപ്പാക്കാനും അവസരമുണ്ടായില്ല. ഇന്ത്യയിൽ പതിനായിരക്കണക്കിനാളുകൾ അധഃസ്ഥിതരായി മുദ്ര കുത്തപ്പെട്ടു. അവർക്ക് അധികാരത്തിന്‍റെ അടുത്തെങ്ങും എത്താനായില്ല. അവരെ അസ്പൃശ്യരായി കണക്കാക്കി. ഈ പശ്ചാത്തലത്തിലാണ് ശ്രീരാമകൃഷ്ണന്‍റെ പിന്തുണയോടെ സ്വാമി വിവേകാനന്ദൻ വേദാന്തിക്ക് ഹ്യൂമനസിസം- വേദാന്ത മാനവിത- അവതരിപ്പിച്ചത്'.
ഓരോരുത്തരിലും ദൈവികത
സ്വാമി ഇത് പറയുന്നത് സൈദ്ധാന്തിക, താത്വിക ബലത്തിലാണ്. ഇതിനെ പ്രായോഗിക തത്വചിന്തയായി വളർത്തുന്നതിലാണ് സ്വാമി വിവേകാനന്ദൻ ശ്രദ്ധിച്ചത്. എല്ലാ മനുഷ്യരിലും ദൈവികതയുണ്ടെന്ന സത്യത്തെ തിരിച്ചറിഞ്ഞ് അത് എല്ലാവരെയും ബോധ്യപ്പെടുത്തുകയാണ് ഇന്ത്യൻ അധ്യയനത്തിന്‍റെ കാതൽ. നമ്മൾ പരസ്പരം വേർപെട്ട, ശത്രുതയാൽ സ്വയം നിറയ്ക്കേണ്ടവരല്ല. നാം തമ്മിൽ ബന്ധമുണ്ട്. നമ്മളിൽ ഒരേ ചൈതന്യമാണുള്ളത്. മനസിന്‍റെ ആ വാതിൽ തുറന്ന് തിരിച്ചറിവിന്‍റെ, സ്നേഹത്തിന്‍റെ സുതാര്യത കൈപ്പറ്റണം.
എന്താണ് ആത്മാവ് എന്ന് സ്വാമി മൃദുവായി അറിയിക്കുന്നുണ്ട്: അത് നമ്മളിലുള്ള ദൈവികതയാണ്. ഈ പ്രപഞ്ചത്തിന്‍റെ സാരം അല്ലെങ്കിൽ അംശം നമ്മളിലുണ്ട്. അത് ശുദ്ധവും അനന്തവുമാണ്. ഏതൊരു വ്യക്തിയിലും ഈ ആഴത്തിലുള്ള വെളിച്ചമുണ്ട്. അവിടെ ജാതിയോ മതമോ പ്രസക്തമല്ല. എന്നാൽ ഈ സത്യം മറയ്ക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് സ്നേഹിതർ പോലും ശത്രുക്കളാകുന്നു. കണ്ണുകൾ കൊണ്ട് കാണാൻ കഴിയാത്ത സത്യമാണിത്. ഉപനിഷത്തിലുള്ളത് എന്താണോ അത് സമൂഹത്തിൽ മനസിലാകുന്ന വിധത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടില്ല. അവിടെ യഥാർഥത്തിൽ വിഭാഗീയതയ്ക്കും ഇടുങ്ങിയ ചിന്തയ്ക്കും സ്ഥാനമില്ല എന്ന് അദ്ദേഹം അറിയിക്കുന്നു. അനന്തമായ സ്നേഹം എല്ലാ വസ്തുക്കളിലും ചൊരിയണമെന്നാണ് ഉപനിഷത്ത് പഠിപ്പിക്കുന്നത്.
അദ്ദേഹം പറയുന്നു: "ഓരോ ജീവനും ശിവനാണ്. ഈ ജീവനെ സ്നേഹിക്കുന്നതും സേവിക്കുന്നതും ശിവനോടുള്ള സ്നേഹവും സേവനവുമായി തീരുന്നു. ജീവ എന്ന വാക്കിൽ നിന്നാണ് ഇംഗ്ലീഷിൽ ജനറ്റിക് എന്ന വാക്ക് വരുന്നത്. എല്ലാ ജീവനും ശിവനാണ്. ഭാഗവതത്തിൽ ദൈവത്തിന്‍റെ അവതാരമായ കപിലൻ അവന്‍റെ അമ്മ ദേവയ്‌ക്ക് ഒരു പാഠം പറഞ്ഞു കൊടുക്കുന്നുണ്ട്. "ഹിന്ദുമതത്തിൽ ക്ഷേത്രങ്ങളും ആരാധനയും നിറഞ്ഞതോടെ ആത്മീയതയോടെ ശുദ്ധമായ സ്പർശം നഷ്ടപ്പെട്ടിരിക്കുന്നു. ഞാനാണ് എല്ലാ ജീവികളുടെയും ഉള്ളിലിരിക്കുന്നത്. എന്നാൽ ഇത് കാണാതെ ആരാധനാലയത്തിൽ അന്വേഷിക്കുന്നത് എന്നെ അപമാനിക്കുകയാണ്. ഈ ആരാധന കൊണ്ട് ഞാൻ സംതൃപ്തനാവുകയില്ല. പണമോ മന്ത്രമോ അല്ല പ്രധാനം. എന്നോടു ബഹുമാനം ഉണ്ടാവണം. ഓരോ മനുഷ്യനെയും ഇങ്ങനെ കാണണം. ഇതാണ് പുതിയ മാനവികത.'
ഏതു മനുഷ്യനും ചില ഘട്ടങ്ങളിൽ ദൈവത്തെ വിളിച്ചുപോകും. യുക്തിവാദിയായിരുന്ന എച്ച്.ജി. വെൽസ് മരിക്കുന്നതിനുമുമ്പ് "ദൈവമേ' എന്ന് വിളിച്ചതായി കേട്ടിട്ടുണ്ട്. "ഈശ്വരാ, ഒന്നുമറിയരുത്' എന്ന് "ഖസാക്കിന്‍റെ ഇതിഹാസ'ത്തിൽ ഒ.വി. വിജയൻ പറയുന്നുണ്ട്. ദൈവം ഒരു അവലംബമാണ്. ദൈവത്തെ നമുക്ക് മനസിനുള്ളിൽ വച്ച് മാത്രമേ കാണാനൊക്കൂ. ഈ ലോകം നമ്മുടെ ബോധം എന്ന ആകാശത്തിലാണുള്ളത്. ഒരു നായയ്ക്ക് അങ്ങനെയൊരു ലോകമില്ല. നമ്മുടെ ഇന്ദ്രിയങ്ങളും ചിന്തകളും ചേരുന്ന മനസ് വലിയ ആകാശമാണ്. അവിടെയാണ് നാം ദൈവത്തെ വിളിക്കുന്നത്. നമുക്ക് ബോധം നഷ്ടപ്പെട്ടാൽ ദൈവമില്ല. അതുകൊണ്ട് ശരിയായ ബോധം ഉണ്ടായിരിക്കുന്നതിനു നമ്മുടെ തന്നെ പ്രതിരൂപത്തെ വച്ച് ആരാധിക്കുന്നതിൽ ഭംഗിയുണ്ട്. ദൈവത്തെ ആശ്രയിക്കുന്നത് മനഃശാസ്ത്രപരമായ പ്രശ്നങ്ങൾ ഒഴിഞ്ഞു പോകാൻ സഹായിക്കും.
ചിന്താക്കുഴപ്പമുള്ളപ്പോൾ കുറെ കാര്യങ്ങൾ ദൈവത്തെ ഏൽപ്പിച്ചാൽ സമാധാനത്തോടെ ഉറങ്ങാം. യാതൊന്നും നമ്മുടെ പരിധിയിലല്ല. അതുകൊണ്ട് ദൈവത്തെ ആശ്രയിക്കുന്നത് മനഃശാസ്ത്രപരമായി ശരിയാണ്. ദൈവത്തിന് നല്ലതും ചീത്തയും അടങ്ങുന്ന ലോകത്തെ ദർശിക്കേണ്ടതുണ്ട്. കാരണം അത് ദൈവത്തിൽ തന്നെയാണ്. അതുകൊണ്ട് നമ്മുടെ നന്മയും തിന്മയും ദൈവത്തിന്‍റേതായിത്തീരുന്നു. നാം അഴുക്കുള്ള ചിന്തകളുമായി ജീവിച്ചാൽ നമ്മുടെയുള്ളിലെ ദൈവത്തിന് അത് മാനിക്കേണ്ടി വരും.
രംഗനാഥാനന്ദ സ്വാമി പറഞ്ഞു: "നാം മൂർത്തിയെ ആരാധിക്കാൻ ക്ഷേത്രത്തിൽ പോകുന്നു. അവിടെ മഹാപ്രഭുവിന്‍റെ സാന്നിധ്യമുണ്ട്. പക്ഷേ, ജീവിക്കുന്ന മനുഷ്യരിലും ആ മൂർത്തിയുടെ അവതാരം നിലനിൽക്കുന്നുണ്ട് എന്ന കാര്യം വിസ്മരിക്കരുത്. ക്ഷേത്രത്തിൽ സന്നിഹിതനായിരിക്കുന്ന മൂർത്തി നമ്മുടെ ഹൃദയത്തിലും ഹാജരാണ്. നമ്മുടെ ആന്തരിക മനസാണത്. അതുകൊണ്ട് നമ്മുടെ ആരാധന ക്ഷേത്രത്തിൽ അവസാനിക്കരുത്. ക്ഷേത്രാരാധന കഴിഞ്ഞ് പുറത്തു വരുമ്പോൾ എല്ലാ ജീവജാലങ്ങളിലും ദൈവത്തെ കാണുക. ഇത് ശ്രീരാമകൃഷ്ണൻ പഠിപ്പിച്ചിട്ടുണ്ട്. കണ്ണടച്ചിരുന്ന് ധ്യാനത്തിൽ ദൈവത്തെ കാണുക. അതുപോലെ തന്നെ തുറന്ന കണ്ണുകളുമായി നിത്യജീവിതത്തിലും അവനെ കാണുക. അതുകൊണ്ട് ഗ്രാമത്തിൽ സാധാരണ ആളുകൾ ചെയ്യുന്ന സേവനങ്ങളും ക്ഷേത്രത്തിനുള്ളിലെ ദേവാരാധനയും രണ്ടു വ്യത്യസ്ത കാര്യങ്ങളല്ല. അത് നമ്മുടെ ആന്തരിക സമാധാനത്തിന്‍റെ അവിഭാജ്യ ഘടകമാണ്'.
ആത്മവികാസം
നമ്മൾ സ്വയം എങ്ങനെ വികസിക്കണമെന്നതിന് സ്വാമി ഒരുദാഹരണം പറഞ്ഞത് ഓർക്കുന്നു. എല്ലാവരിലും ഒരേ മനസും ബുദ്ധിനിലവാരവും കണ്ടേക്കാം. അവരവരുടെ ഇഷ്ടത്തിന് അനുസരിച്ച് അത് വികസിപ്പിക്കുന്നു. പഠിക്കുന്ന കാലത്ത് ചിലർ പറയുമായിരുന്നു, ജോലി കിട്ടിയിട്ട് സർഗാത്മകമായി എന്തെങ്കിലും ചെയ്യണമെന്ന്. ജീവിതം സുരക്ഷിതമാക്കിയാൽ സമയം ശരിയായി വിനിയോഗിക്കാം എന്നാണ് വിചാരം. എന്നാൽ ജോലി കിട്ടിയപ്പോൾ മുൻഗണനകൾ മാറി, സമയം കുറഞ്ഞു, കുടുംബവും പ്രശ്നങ്ങളുമായി. പിന്നീട് പറഞ്ഞു, ജോലിയിൽ നിന്ന് വിരമിച്ച ശേഷം കാര്യമായി എന്തെങ്കിലും ചെയ്യണമെന്ന്; ഒരു സിനിമ സംവിധാനം ചെയ്യണമെന്നൊക്കെ. വിരമിച്ചു കഴിഞ്ഞപ്പോൾ ശാരീരികമായ അവശതകൾ പലതും ഒന്നൊന്നായി തല പൊക്കി. ഒറ്റയ്ക്ക് പുറത്തു പോകാൻ വീട്ടിൽ നിന്ന് വിലക്കുണ്ടായി. വീട്ടിലെ അംഗങ്ങളുടെ അനുവാദമില്ലാതെ എങ്ങോട്ടും പോകാനാവാതായി. അതുകൊണ്ട് സമയത്തെ എപ്പോൾ എങ്ങനെ വിനിയോഗിക്കണമെന്ന് പറഞ്ഞു തരാൻ ആരുമില്ലാത്തതുകൊണ്ട് അത് സ്വയം കണ്ടെത്തിയേ മതിയാകൂ.
സ്വാമി പറഞ്ഞ കഥ ഒരു മാമ്പഴ കച്ചവടക്കാരന്‍റെയും മൈതാനത്ത് കളിക്കുന്ന കുട്ടികളുടേതുമാണ്. മാമ്പഴ കച്ചവടക്കാരൻ കുട്ട നിറയെ മാങ്ങകളുമായി വന്ന് കുട്ടികളിൽ ഒരാളെ വിളിച്ച് ഒരെണ്ണം കൊടുത്തു. അവൻ അത് വൃത്തിയാക്കി, കഷണങ്ങളാക്കി മുറിച്ച് മുഴുവൻ തിന്നു. അതിനു ശേഷം മാമ്പഴക്കാരൻ മറ്റൊരു കുട്ടിയെ വിളിച്ച് ഒരെണ്ണം കൊടുത്തു. അവൻ അത് വൃത്തിയാക്കി കഷണങ്ങളാക്കി എല്ലാ കളിക്കാർക്കും കൊണ്ടുപോയി വീതിച്ചു കൊടുത്തു. ഇതിൽ ആരാണ് ആത്മവികസം നേടിയ കുട്ടി എന്ന് രംഗനാഥാനന്ദ സ്വാമി ചോദിക്കുന്നു.
സ്വയം നന്നാവാനും ചീത്തയാവാനും നാം തന്നെയാണ് നമ്മെ തെരഞ്ഞെടുക്കുന്നത്. ആരാധന ചെയ്യാൻ പോകുമ്പോഴും ഈ പ്രശ്നം ഉണ്ടാകുന്നത്. ആർക്കുവേണ്ടി പ്രാർഥിക്കണം? നമുക്ക് മാത്രം സമാധാനം മതിയോ? നമ്മോടൊപ്പമുള്ളവരുടെ സമാധാനവും വേണം. നമ്മുടെ വലയത്തിലുള്ള ആരുടെ ദുഃഖവും നമ്മെ ബാധിക്കും. എല്ലാവരും സമാധാനമായിരിക്കുകയാണെങ്കിൽ നമുക്കു കിട്ടുന്ന സന്തോഷത്തിന് പകിട്ട് കൂടുതലാണ്. ദൂരെയല്ലാത്ത ഒരു ആരാധനാലയത്തിൽ ഉത്സവം നടക്കുന്നു. വെടിക്കെട്ടും ഉത്സവത്തിന്‍റെ ആരവവും കേൾക്കാം. അത് മനസിലേക്ക് കൊണ്ടുവരുന്ന ആനന്ദം വേറെയാണ്. നാം അവിടെയല്ലെങ്കിലും അതിന്‍റെ വികാരം ഉത്തേജിപ്പിക്കുന്നു. അതിന്‍റെ സ്മൃതിയിൽ നമ്മുടെ മനസുകളിലെ വെളിച്ചം കടക്കാത്ത മൂലകളിൽ പോലും പ്രകാശകിരണങ്ങളെത്തി ജ്വലിക്കും. മനഃശാസ്ത്രപരമായി ഒരു അപൂർവ ലാവണ്യം അവിടെ പ്രസന്നമാവുകയാണ്.
ക്ഷേത്രങ്ങളിൽ എന്തിനു പോകാതിരിക്കണം? ഓരോന്നിനും ഓരോ ഇടമുണ്ട്. ദൈവം എല്ലായിടത്തും ഉണ്ടായിരിക്കാം. പക്ഷേ ദൈവത്തിന് ഒരു വിശുദ്ധമായ സ്ഥലം നിർമിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് തരുന്ന ഫീൽ വേറെയാണ്. ഒരു മാർക്കറ്റിൽ ചെന്ന് പ്രാർഥിക്കുന്നതിന് പരിധിയുണ്ട്. അവിടെ ഇടമില്ല. എന്നാൽ ക്ഷേത്രത്തിലെ നിശബ്ദത മനസിൽ വാക്കുകളുടെയോ രൂപങ്ങളുടെയോ പകർപ്പുകളായി മാറുന്ന അനുഭവമുണ്ട്. കല്ലുകൾ പോലും മന്ത്രങ്ങളായി മനസിലേക്ക് ചിതറി വീഴുന്നു.
രജത രേഖകൾ
1) ആത്മാവിൽ അലട്ടലുകളുമായി സ്വയം അന്യവത്കരിക്കുന്ന കഥാപാത്രങ്ങളെ എം.ടി. വാസുദേവൻ നായർ സൃഷ്ടിച്ചിട്ടുണ്ട്. ദുഃഖത്തിന്‍റെ താഴ്വരകൾ, പന്ത്രണ്ടു വർഷം ഉറങ്ങിയ പൂക്കൾ എന്നീ കഥകൾ അസാമാന്യമായ സൗന്ദര്യാനുഭൂതിയാണ് തരുന്നത്. എം.ടി ക്രാഫ്റ്റിൽ സൃഷ്ടിക്കുന്ന അത്ഭുതകരമായ വിളവെടുപ്പാണിത്. "ദുഃഖത്തിന്‍റെ താഴ്വരകളിൽ' ജീവിതം കൈവിട്ടു പോയി എന്നു തോന്നിയ യുവാവ് പ്രതീക്ഷയെ രഹസ്യമായി ഇങ്ങനെ ആസ്വദിക്കുന്നു: "തിരിച്ചുപോരുമ്പോൾ ഒരു സ്വപ്നം മനസിൽ രൂപം കൊണ്ടിരുന്നു. ഒഴിഞ്ഞ ഒരു ഭാഗത്തിന്‍റെ നടുവിൽ മനോഹരമായ ഒരു കൊച്ചു ഗ്രാമം. മതിൽ കെട്ടിയ മുറ്റത്തിന്‍റെ മൂലയിൽ കമ്പിക്കാലിൽ വിളക്കു വേണം. അടിവാരത്തു നിന്നു നോക്കുമ്പോൾ ആ വിളക്ക് കത്തുന്ന പ്രകാശബിന്ദു കാണണം. മഞ്ഞിറങ്ങുന്ന താഴ്വരകൾ കണ്ട്, മനുഷ്യ പ്രയത്നം കൂമ്പെടുക്കുന്നത് കണ്ട്, മുറ്റത്ത് കൊഴുത്തുരുണ്ട ഒരു കൊച്ചു മിടുക്കന്‍റെ കിങ്ങിണി കെട്ടിയ കുഞ്ഞിക്കാലുകൾ പതിയുന്നത് കണ്ട്, വർണമുള്ള ഇഷ്ടിക പാകിയ മുറികളിൽ പൊൻവളയിട്ട കൈകൾ പ്രവർത്തിക്കുന്നത് കണ്ട്...'
എം.ടിയുടെ സ്വപ്നത്തിന് എന്ത് സൗന്ദര്യമാണ്!
2) എല്ലാ ആധുനികതയെയും വാറ്റിയെടുത്ത് പാനീയമായി കഴിച്ച മഹാശയനാണ് കവി കടമ്മനിട്ട രാമകൃഷ്ണൻ. അദ്ദേഹം ആകാശത്തെയും ഭൂമിയെയും ഒരുപോലെ ഉള്ളിലൊതുക്കും. "മത്തങ്ങ' എന്ന കവിത വായിച്ചാലറിയാം, ജീവിതത്തിലെ അടിസ്ഥാനകലയായ അസംബന്ധ നാടകം എങ്ങനെയെല്ലാം വിവിധ സന്ദർഭങ്ങളിൽ പ്രത്യക്ഷപ്പെടുമെന്ന്.
"പൂവുകളിട്ട് മഞ്ഞപ്പൂവുകൾ
മച്ചിപ്പൂവുകൾ മത്താപ്പൂക്കൾ
മച്ചിങ്ങാപ്പൂവുകൾ
മത്തപ്പൂവുകൾ മച്ചിങ്ങാകൾ
പുഴുപൂച്ചികളുടെ കണ്ണുവെട്ടിച്ച്
മച്ചിങ്ങാകൾ മത്തങ്ങാകൾ
തണ്ടുകൾ ഇലകൾ വീണ്ടുമിഴഞ്ഞു
വലിഞ്ഞു കുപ്പക്കുഴിയുടെ വക്കത്തെത്തി
താഴോട്ടോർത്തു കിതയ്ക്കുന്നു.
ഇലകൾ പഴുത്ത് തണ്ടു പഴുത്ത്
ഇലകൾ കൊഴിഞ്ഞ്
തണ്ടു കരിഞ്ഞു കരിഞ്ഞു കരിഞ്ഞ്
ഒരു മത്തങ്ങാ മാത്രമായി
മത്തങ്ങായുടെ ഉള്ളിലെ
ജലമയമുള്ള നാരുകളിൽ
കുരുങ്ങിക്കിടക്കുന്ന
കുരു മാത്രമായ് തീരുന്നു-
കുപ്പയിൽ
ഓ! ഈ പിഴച്ച ഭൂമിയിൽ!'
ഒരു മത്തങ്ങയിൽ മനുഷ്യാവസ്ഥയെ അഭിദർശിക്കുകയാണ് കവി. കാര്യമോ കാരണമോ ഇല്ലാതെ മത്തങ്ങയും കൊഴിയുകയാണ്.
4) എഴുത്തുകാരൻ രാഷ്‌ട്രീയ നേതാക്കളുടെ കൂടെ ട്രെയ്‌നിൽ സഞ്ചരിക്കുന്നത് യാദൃച്ഛികമാകാം. എന്നാൽ ആ സഞ്ചാരത്തിന്‍റെ ഫോട്ടൊ, താൻ നേതാക്കളോടൊപ്പം ട്രെയ്‌നിൽ യാത്ര ചെയ്തു എന്ന മഹത്തായ സംഭവം, ആർക്കും സാധ്യമല്ലാത്ത അനുഭവം ഉടനെ സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുന്ന മാനസികാവസ്ഥ നോക്കൂ. നേതാക്കളുമായി പരിചയമുള്ളയാളാണെന്ന് മറ്റുള്ളവരെ അറിയിക്കുന്നതിനുള്ള വ്യഗ്രത എന്തിന്‍റെ സൂചനയാണ്?
5) കാക്കയിൽ മനുഷ്യനെ കാണുകയാണ് "ഒരു മരണചിന്ത' (ആശ്രയ മാതൃനാട്, ഒക്റ്റോബർ). രചന- മലയത്ത് അപ്പുണ്ണി.
"ആരാവാം ഈ പാവം കാക്ക?
അച്ഛനോ അമ്മയോ ചേട്ടനോ
ഉറ്റവരാരെങ്കിലുമാവാം
എനിക്ക് മുമ്പേ വന്നവർ പലതും
ഇവിടം വെടിഞ്ഞു കടന്നുപോയി.
എനിക്കുശേഷം വന്നവരിൽ
പലരും ഇവിടം വിട്ടുപോയി.
ആരുമാവട്ടെ ഈ കാക്ക,
വെറുമൊരു പക്ഷിയാവാം'
6) പിരപ്പൻകോട് അശോകന്‍റെ ഊർധ്വമൂലമധശാഖം (ഗ്രന്ഥാലോകം, ഒക്റ്റോബർ), ദിവാകരൻ വിഷ്ണുമംഗലത്തിന്‍റെ വാക്കൊരുക്കം (പ്രസാധകൻ, ഒക്റ്റോബർ) എന്നീ കവിതകൾ ശരാശരിയിൽ താഴെ നിൽക്കുകയാണ്. കവിത ഒരു വസ്തുവിന്‍റെ അറിയപ്പെടാത്ത അർഥങ്ങളാണ് പുറത്തെടുക്കേണ്ടത്. അതൊന്നും ഈ കവിതകളിൽ കണ്ടില്ല.
"അട്ടഹാസ പ്രഘോഷ മന്ത്രങ്ങൾ അസ്ഥിയിൽ നിത്യമാഴ്ന്നിറങ്ങുമ്പോൾ അക്ഷതങ്ങളായി മുന്നിൽത്തിളങ്ങും അക്ഷരങ്ങൾ ഭയപ്പെടുത്തുമ്പോൾ തോക്കുയർത്തുന്ന നിൻ വഴിനീളെ വാക്കൊരുക്കുവാൻ ഞാനുയിർക്കുന്നു'.
വാക്കുകളുടെ മേളനം എന്നതിൽ കവിഞ്ഞ് ഇതിൽ അർഥാത്മകമായ അനുരണനങ്ങളില്ല.
7) വി.പി. ഏലിയാസ് എഴുതിയ ഗൂഢാനന്ദം (മാതൃഭൂമി ആഴ്ചപ്പതിപ്പ്, സെപ്റ്റംബർ 28) ഒരു ഡോക്യുമെന്‍ററി പോലെ തോന്നി. ഇത്രയും വിസ്തരിച്ചു നോവലിൽ എഴുതാം. ഇത് നോവൽ അല്ലല്ലോ. കഥയുടെ കല ഈ കഥാകൃത്തിനറിയില്ല. വളം വിൽക്കുന്ന ഒരാളുടെ കടയിലെ വിഷം വാങ്ങി പലരും മരിച്ച കാര്യമാണ് പറയുന്നത്. വൃഥാസ്ഥൂലത എന്നൊക്കെ പറയാറുണ്ട്. പക്ഷേ ഈ കഥയിലാണ് അത് ശരിക്കും അനുഭവപ്പെട്ടത്.
8) സന്തോഷം നെഗറ്റീവാണെന്ന് പറഞ്ഞ തത്ത്വചിന്തകനാണ് ആർതർ ഷോപ്പനോർ. യഥാർഥ അവസ്ഥയുടെ നേർക്കുള്ള ഒരു വാൾ പ്രയോഗമോ ഭീഷണിയോ അതിക്രമിച്ചുകടക്കലോ ആണത്രേ സന്തോഷം!
9) ഒരു കവിയും സ്വപ്നാടകനും അലഞ്ഞുനടക്കുന്നവനും എപ്പോഴും റൊമാൻസ് വഴങ്ങും. അവർക്ക് സാഹസികത ഏറും. വിഖ്യാത ചലച്ചിത്രകാരൻ ചാർളി ചാപ്ലിൻ പറഞ്ഞതാണിത്. അലഞ്ഞുതിരിഞ്ഞു നടക്കുന്നവന്‍റെ പ്രതിച്ഛായയായിരുന്നു ചാപ്ലിന്‍റെ മനസ് നിറയെ. ആ നടപ്പിൽ പോലും സ്വന്തമായൊന്നമില്ലാത്ത ഒരുവന്‍റെ പ്രകൃതം അലിഞ്ഞു ചേർന്നിരിക്കുന്നു.