പെസ്സോവ: ആത്മാവിന്‍റെ ഓർക്കസ്ട്ര

മനുഷ്യന്‍റെ അസ്തിത്വത്തെക്കുറിച്ചും താൻ ആരാണെന്നതിനെക്കുറിച്ചും കലാപ്രവർത്തനത്തിലടങ്ങിയ വൈയക്തികമാനങ്ങളെക്കുറിച്ചും ഉപാധികളില്ലാതെ ചതുരംഗകളിയിലേർപ്പെടുകയാണ് പെസ്സോവ ചെയ്തത്
fernando pessoa aksharajalakam m.k. harikumar

ഫെർനാണ്ടോ പെസ്സോവ

Updated on

അക്ഷരജാലകം| എം.കെ.ഹരികുമാർ

ഇരുപതാംനൂറ്റാണ്ടിലെ മഹാനായ കവി എന്ന് വിശേഷിപ്പിക്കാവുന്ന ഫെർനാണ്ടോ പെസ്സോവ(1888-1935) തന്‍റെ തന്നെ അപരനെ സൃഷ്ടിച്ചുകൊണ്ട് എഴുതിയിരുന്നു. പോർച്ചുഗീസുകാരനായ പെസ്സോവ എന്ന പേരിൽ കവിതകൾ എഴുതിയത് അദ്ദേഹത്തിലെ ഒരു വ്യക്തി;'ദ് ബുക്ക് ഓഫ് ഡിസ്ക്വയ്റ്റ്' എന്ന പേരിൽ ആത്മകഥ എഴുതിയെങ്കിലും അത് പ്രസിദ്ധീകരിച്ചത് മരണാനന്തരമാണ്. തന്‍റെ നോട്ടുബുക്കിൽ ചിതറിക്കിടന്ന ആത്മകഥയുടെ കുറിപ്പുകൾ എഴുതിയത് അദ്ദേഹത്തിലെ അപരനായ ബെർനാഡോ സൊർസ് ആണ്. പെസ്സോവയ്ക്ക് വേറെയും അപരവ്യക്തിത്വങ്ങളുണ്ട്. ആ പേരുകളിലെല്ലാം അദ്ദേഹം എഴുതിയിട്ടുണ്ട്. ആൽബർട്ടോ കെയ്റോ എന്ന പേരിലാണ് 'ദ് കീപ്പർ ഓഫ് ഷീപ്പ്' എന്ന കവിതാസമാഹാരവും 'ദ് ഷെപ്പേർഡ് ഇൻ ലൗ','അൺകളക്റ്റഡ് പോയംസ് 'എന്നീ സമാഹാരങ്ങളും പുറത്തുവന്നത്. ലിസ്ബൺ റീവിസിറ്റഡ്, ടൊബാക്കോ ഷോപ്പ് എന്നീ കവിതകൾ എഴുതിയത് അൽവാരാ ഡി കാംപോസ് എന്ന അപരവ്യക്തിയുടെ പേരിലാണ്. മറ്റൊരു പേരാണ് റിക്കാർഡോ റീസ്. ഈ പേരിൽ പെസ്സോവ ഭാവഗാനങ്ങളെഴുതി.

പെസ്സോവയുടെ ആത്മകഥ പുസ്തക രൂപത്തിൽ എഡിറ്റ് ചെയ്തത് ഗവേഷകനും പരിഭാഷകനുമായ റിച്ചാർഡ് സെനിത്ത് ആണ്. ഇത് ഡയറിയിൽ കുറിച്ചിട്ടിരുന്നത് ബർണാഡ് സൊർസ് എന്ന ക്ളാർക്കിന്‍റെ പേരിലാണ്. ഈ വ്യക്തിയെ അപരനായി കണ്ട് തന്‍റെ ആത്മകഥാപരമായ കുറിപ്പുകൾ എഴുതുന്നത് പെസ്സോവയുടെ ആത്മപരീക്ഷണവും മാനസികമായ നിർമണവുമായിരുന്നു.

പല വ്യക്തികൾ

മനുഷ്യന്‍റെ അസ്തിത്വത്തെക്കുറിച്ചും താൻ ആരാണെന്നതിനെക്കുറിച്ചും കലാപ്രവർത്തനത്തിലടങ്ങിയ വൈയക്തികമാനങ്ങളെക്കുറിച്ചും ഉപാധികളില്ലാതെ ചതുരംഗകളിയിലേർപ്പെടുകയാണ് പെസ്സോവ ചെയ്തത്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും അപകടം പിടിച്ച ആത്മാവുള്ള കവിയായിരുന്നു പെസ്സോവ. തന്നിൽത്തന്നെ അദ്ദേഹം പല വ്യക്തികളെ കണ്ടുമുട്ടുകയും അവരെയെല്ലാം പുറത്തുകൊണ്ടുവരുന്നതിനായി രചനയുടെ പ്രക്രിയയെ വഴിവിട്ട് പിന്തുടരുകയും ചെയ്തു. മനുഷൻ ഒരിക്കലും ശാന്തി കിട്ടാത്ത ജീവിയാണെന്ന ഉപബോധധാരണയിലാണ് ഈ കവി എഴുതിക്കൊണ്ടിരുന്നത്. 1982ൽ മാത്രം പുറത്തുവന്ന ഈ ആത്മകഥ ഉന്നതമായ ചിന്തകളിലുള്ള പരീക്ഷണവും അലച്ചിലുമാണ്. ഈ പുസ്തകം സാഹിത്യകലയെ ഗൗരവപൂർവ്വം കാണുന്ന ഏതൊരു എഴുത്തുകാരനും വായനക്കാരനും സമീപിക്കേണ്ടതാണ്.ചതുരവടിവുകളില്ല, നിശ്ചിതപാതകളില്ല. എന്നാൽ സാഹസികമായ യാത്രകൾക്കായി അവസരമൊരുക്കുകയും ചെയ്യുന്നു. സ്വയം ധ്വംസിക്കുന്നതിന്‍റെ കലയാണിത്.

നാം എന്തെങ്കിലുമാണെന്ന് കരുതുന്നുണ്ടെങ്കിൽ അതിനെ നിരാകരിക്കുകയും നിർബാധം സ്വതന്ത്രവും നാശോന്മുഖവുമായ ഒരു പാതയിലേക്ക് യാത്ര ചെയ്യുകയുമാണ് കവി. ഈ ലോകത്ത് തിന്മയെക്കുറിച്ച് നിങ്ങൾക്ക് ഉത്ക്കണ്ഠയുണ്ടെങ്കിൽ, അതിന്‍റെ പേരിൽ നിങ്ങൾ വ്യഥയനുഭവിക്കുന്നുണ്ടെങ്കിൽ, അത് നിങ്ങളെ കാർന്നു തിന്നുന്നുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ടത് ചുറ്റുപാടിൽ നിന്ന് അതിനെ ഉന്മൂലനം ചെയ്യുകയാണ്. ഏറ്റവും അടുത്തുള്ള ഉറവിടത്തിൽ നിന്ന് അതിനെ മാറ്റുക. ഏറ്റവും അടുത്തുള്ള വ്യക്തി ആരാണ്? നമ്മൾ തന്നെ.ഇത് ജീവിതത്തെയാകെ മാറ്റിമറിക്കും. അത് അവസാനിപ്പിക്കാവുന്ന പ്രവർത്തനമല്ല. നമ്മുടെ കാര്യത്തിൽ, ഈ ലോകത്തെക്കുറിച്ചുള്ള നമ്മുടെ കാഴ്ചപ്പാടാണ് നിർണായകമാകുന്നത്. ഈ ലോകത്തെ നന്നാക്കുക എന്നു പറഞ്ഞാൽ ലോകത്തെ നമുക്ക് വേണ്ടി നന്നാക്കുക എന്നാണ് ,പ്രാഥമികമായി.

തിന്മയെ പ്രതിരോധിക്കാൻ

ഒരാൾ എഴുതുന്നത് തന്‍റെ മൃതമായ വൈകാരികക്ഷമതയെ മറികടക്കാനായിരിക്കണമെന്ന് പെസ്സോവ എഴുതുന്നുണ്ട്. അത് സ്വയം പരീക്ഷിച്ചറിയേണ്ടതാണ്. അനീതിയും അക്രമവും മനുഷ്യത്വത്തെ നിന്ദിക്കുന്ന പ്രവൃത്തികളും പെരുകുമ്പോൾ നാം എന്താണ് ചെയ്യുന്നതെന്ന് സ്വയം നോക്കാവുന്നതാണ്. അത്തരം പ്രവർത്തനങ്ങളിൽ നിന്ന് നാം എത്ര അകലെയാണെന്ന് സ്വയം അറിയേണ്ടതാണ്. മറ്റൊരാൾ അതിനു സഹായം ചെയ്യില്ല. കൂടുതൽ പേരും നമ്മളിലെ തിന്മയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുക. കാരണം, അതിന്‍റെ ഫലമായി മറ്റാർക്കെങ്കിലും ദോഷം ഉണ്ടാകുന്നുണ്ടല്ലോ. അതിൽ സുഖം തേടുന്നവരണ്ട്. അന്യരെ നിന്ദിക്കുകയും ദ്രോഹിക്കുകയും ചെയ്യുന്നത് കണ്ടുനിൽക്കുന്നവരുടെ സുഖം ഓർക്കണം. അവർ അത് തടയാൻ വരില്ല. ഒരാൾ ജീവിതത്തിലെ ഓട്ടത്തിൽ വീഴാൻ നോക്കി നിൽക്കുകയാണ് ചിലർ ;അതോടുകൂടി കുറേപ്പേർ പുണ്യവാളന്മാരായി പ്രത്യക്ഷപ്പെടുകയാണ്.ഈ സാഹചര്യത്തിൽ തിന്മയുടെ അളവ് കുറയുകയില്ല. അതുകൊണ്ട് എഴുതുമ്പോൾ ആ തിന്മകളെ പ്രതിരോധിക്കുകയാണ് തന്‍റെ ജോലിയെന്ന് പെസ്സോവ ചിന്തിക്കുന്നു. ആന്തരമായ ഒരു നീതിയുണ്ട്. അത് വിട്ടുകളയരുത്. സത്യമായത് എന്താണെന്നു ശരിക്കും ബോധ്യപ്പെടണം. അത് മാത്രമാണ് സത്യമെന്നു ഉറപ്പിക്കേണ്ടതുണ്ട്.

വിപ്ലവത്തെക്കുറിച്ച് വ്യക്തിപരമായ അഭിപ്രായമാണ് അദ്ദേഹം പകരുന്നത്. വിപ്ലവങ്ങളുടെ വാർത്തകൾ മനംപിരട്ടലുണ്ടാക്കുമത്രെ. എന്തെന്നാൽ പല പരിഷ്കർത്താക്കളും വിപ്ലവകാരികളും മറ്റുള്ളവരെ നന്നാക്കാനായി പാടുപെടുകയാണ്; സ്വയം നന്നാകുന്നില്ല. ജീവിതത്തോടുള്ള കാഴ്ചപ്പാടിനെ നവീകരിക്കുന്നതിൽ പരാജയപ്പെടുന്നവരുടെ വിപ്ലവം അസംബന്ധമാണെന്നു പെസ്സോവ തുറന്നുപറയുന്നു.

ഏതൊരു വിപ്ലവകാരിയും പരിഷ്കർത്താവും അഭയാർത്ഥിയാണ്. സ്വയം മാറാൻ തടസ്സമായി വരുന്നത് കാണുമ്പോൾ മറ്റുള്ളവരെ മാറ്റുന്നത് വിജയിക്കില്ല. സ്നേഹത്തെക്കുറിച്ച് പെസ്സോവ ഇങ്ങനെ പറഞ്ഞു: 'നമ്മൾ ഒരിക്കലും ആരെയും സ്നേഹിക്കുന്നില്ല. അത് നമ്മുടെ സങ്കൽപ്പമാണ്. നമ്മുടെ തന്നെ മനസ്സ്. അതിനെയാണ് നാം സ്നേഹിക്കുന്നത്.' ഇത്തരം സത്യങ്ങൾ മനസ്സിലേക്ക് വന്നു വീണാൽ അത് കനൽ പോലെ ജ്വലിക്കും. ആ കനലിൽ ചിന്തകളാകുന്ന ചിത്രശലഭങ്ങൾ വീണു കരിയുന്നു. പ്രകാശത്തെ തേടി കുതിക്കുമ്പോൾ ഇരുട്ട് വന്ന് കണ്ണുകൾ മൂടുന്നു. പിന്നെ എങ്ങനെ കുതിക്കും? പെസോവ യാതന അനുഭവിക്കുന്നതിനു കാരണം അദ്ദേഹം തന്നെയാണ്. താൻ സ്വയം കണ്ടെത്തുന്നത് തന്‍റെ നരകത്തെയാണെന്ന് അറിഞ്ഞ കവി കൂടുതൽ വെളിച്ചത്തിനായി മനുഷ്യനിലേക്ക് വീണ്ടും വീണ്ടും നോക്കി. ഓരോ പുലരിയെയും പ്രതീക്ഷയോടെയാണ് നോക്കാൻ ആഗ്രഹിച്ചതെങ്കിലും അതെല്ലാം പ്രത്യക്ഷത്തിൽ പ്രതിലോമപരമായ അനുഭവമായി മാറി.

ഉളളിൽ തിളച്ച കവി

അദ്ദേഹം പറയുന്നു: 'ഞാൻ ജീവിതത്തിൽ സഹനത്തെ നേരിടുന്നു; മറ്റുള്ളവരും എന്നെ മഥിക്കുന്നു. യാഥാർഥ്യത്തെ നേർക്ക് നേർ നോക്കാൻ കഴിയുന്നില്ല. സൂര്യൻ പോലും എന്നെ നിരുത്സാഹപ്പെടുത്തുകയും തകർക്കുകയും ചെയ്യുന്നു. സ്വയം പിൻവലിക്കുകയും മറക്കുകയും നഷ്ടപ്പെടുത്തുകയും ചെയ്യുകയാണ് ഞാൻ ;യഥാർത്ഥവും ഉപയോഗപ്രദവുമായ യാതൊന്നിനോടും ഒരു ബന്ധവുമില്ലാതെ. അപ്പോഴാണ് ഞാൻ സ്വയം കണ്ടെത്തുന്നതും സമാധാനിക്കുന്നതും.' ആന്തരികമായ അസ്വസ്ഥതയിൽ തിളച്ചുമറിഞ്ഞ കവിയായിരുന്നു പെസ്സോവ എന്നത് തെളിയിക്കാൻ ഇത് മതിയാവും. അദ്ദേഹം എല്ലായിടത്തും ഏകാന്തതയനുഭവിച്ചു.'ഇൻ ദിസ് വേൾഡ് വെയർ വി ഫൊർഗെറ്റ്' എന്ന കവിത ഇങ്ങനെയാണ്:

'നമ്മൾ മറന്ന ഈ ലോകത്ത്

നമ്മൾ ആരാണോ

അവരുടെ നിഴലുകളാണ്.

നമ്മൾ സ്വരൂപിക്കുന്ന ആവിഷ്കാരങ്ങളിൽ

നമ്മുടെ ആത്മാക്കളാണുള്ളത്- അതിലാണ് നാം ജീവിക്കുന്നത്. എന്നാൽ ഇവിടെ പുറമെ കാണുന്നതെല്ലാം

കൊഞ്ഞനങ്ങളും ചിഹ്നങ്ങളുമാണ്.

എല്ലായിടത്തും രാത്രിയാണ്:ചിന്താക്കുഴപ്പമാണത്.

നമ്മളിൽ ജീവിക്കുന്നത് ഇതാണ്. മറ്റുള്ളവയിൽ ആരോപിക്കുക,

തീയിൽ നിന്ന് പടർന്ന പുക,

ജീവിതം തന്നതിൽ നാം നോക്കുമ്പോൾ ആ തീയുടെ ജ്വാല കാണാനില്ല.

ഒന്നല്ലെങ്കിൽ മറ്റൊന്ന്.

ഒരു നിമിഷം തുറിച്ചു നോക്കുക.

മായുന്ന നിഴലുകളിൽ മറ്റൊരു ലോകത്തിന്‍റെ സൂചന കാണാം. അവയെ ജീവിപ്പിക്കുന്ന പ്രകടനം.

അവ കണ്ടെത്തുന്നത് ,

നാം കൊഞ്ഞനമെന്ന് കരുതുന്നത് തന്നെയാണ്.

അവയുടെ അർഥപരമായ തുറിച്ചു നോട്ടം

സ്വശരീരത്തിലേക്ക് തിരിച്ചുവരുന്നു - നഷ്ടപ്പെടുന്നതും സ്വപ്നം കാണുന്നതും

മനസ്സിലാക്കുന്നതും.

തീവ്രാഭിലാഷങ്ങളുടെ

ശരീരത്തിന്‍റെ നിഴൽ ,

അത് അഭിനയിക്കുകയാണ്, അതിശയകരമായ ഒരു സത്യവുമായി അതിനു ബന്ധമുണ്ടെന്ന്; ഉത്കണ്ഠയോടെ.

ആ സത്യം നമ്മെ കശക്കിയെറിഞ്ഞതാണ്,

കാലത്തിന്‍റെയും സ്ഥലത്തിന്‍റെയും തറയിലേക്ക്.'

ജീവിതം വഴുതിപ്പോകുന്ന അനുഭവമാണ് പെസ്സോവ വിവരിക്കുന്നത്. ഒരു കവിക്ക് മാത്രമേ വസ്തുനിഷ്ഠതയെല്ലാം മാറ്റിവച്ച് ഇത്രയും ആത്മപരിഛേദം നടത്താനാകൂ. ഈ ലോകത്ത് നാം ഒരിടത്തും സ്മരിക്കപ്പെടുകയില്ല. താത്കാലികമായി ചെത്തിയുണ്ടാക്കിയ ഒരു കല്ലിലോ, കൃത്രിമമായി നിർമിച്ച ഒരു പ്രതലത്തിലോ, ആവർത്തനവിരസമായി എഴുതി വയ്ക്കുന്ന ഒരു പേരിലോ നിലനിൽക്കാൻ മനുഷ്യർക്ക് കഴിയില്ല. പ്രകൃതി വിസ്മൃതിയെ നയിക്കുകയാണ്. ഒരു പറവയ്ക്കോ, ഇഴജന്തുവിനോ, മൃഗത്തിനോ അനശ്വരത ഏതുവിധമെല്ലാം അവയുടെ ജീവിതത്തെ സ്പർശിക്കുന്നുവോ അത്രമാത്രമേ മനുഷ്യനെയും സ്പർശിക്കുന്നുള്ളൂ. വിസ്മരിക്കുന്ന സ്വഭാവം ജന്മവാസനയാണ്. അതുകൊണ്ടാണ് സ്നേഹം ഒരു ബന്ധമാണെന്ന് മനസ്സിലാക്കുന്നത്. സ്നേഹിച്ചവരെ വേർപിരിയുന്നതോടെ സ്നേഹമല്ലായിരുന്നു, വേദനയായിരുന്നു എന്ന് ബോധ്യപ്പെടും.

പ്രകൃതിയും വിസ്മൃതിയും

പ്രകൃതിയിൽ എല്ലാം വിസ്മൃതിയുടെ കടലിൽ അലിഞ്ഞില്ലാതാകുന്നു. എല്ലാ ആകാശവും ശൂന്യമാണ്. കുറുകെ പറന്ന പറവകൾ ഒരിടത്തും എത്തിയില്ല. അവയെ ആരും ഓർക്കുന്നില്ല. ഓർക്കുന്ന മനസ്സുകൾ തന്നെ വിസ്മൃതമാവുകയാണ്. ഒരാൾ മരിക്കുമ്പോൾ പ്രിയമുള്ളവരും മറ്റു ബന്ധുക്കളും പറയുമായിരിക്കും, അയാൾ അവരിലൂടെ ജീവിക്കുമെന്ന്. എന്നാൽ ഓർക്കുമെന്ന് പറഞ്ഞവർ ഒരിടത്തും ഓർക്കപ്പെടാതെ വിസ്മൃതിക്ക് കീഴടങ്ങുമ്പോൾ അത് വീണ്ടും ആവർത്തിക്കുന്നു, നിങ്ങൾ ഞങ്ങളിലൂടെ ഓർക്കുമെന്ന്. ഒരു നീണ്ട കാലഘട്ടത്തിൽ, നൂറ്റാണ്ടുകളുടെ ദീർഘിച്ച കാലത്തിൽ വിസ്മൃതി സ്വാഭാവികമായ ഒരു സംവേദനമായിത്തീരുന്നു. മറവിയാണ് നമ്മുടെ സംവേദനക്ഷമത. മറക്കാനാണ് നാം പഠിച്ചത്. അതിനാണ് നാം ജീവിച്ചത്. നമ്മെയും നാം മറക്കും.

നാം പറഞ്ഞതും പ്രവർത്തിച്ചതും മറക്കുന്നത് കൊണ്ടാണ് പുതിയ പൊയ് വിശ്വാസങ്ങളും വാഗ്ദാനങ്ങളും നൽകാൻ കഴിയുന്നത്. നമ്മൾ സ്വയം വൈരുദ്ധ്യമാണെന്ന് നമ്മുടെ നിഴൽ പോലും ഓർമിപ്പിക്കുന്നില്ല.എന്നാൽ വിസ്മൃതിയുടെ ഒഴുക്കിൽ നാം ജീവിക്കുന്നുണ്ട്, ജീവിക്കുകയാണെന്ന് അറിഞ്ഞുകൊണ്ട്. അതിനൊരു അവസരം ഉണ്ടായിരിക്കുന്നു. ജീവിതം എന്താണെന്ന് നാം സങ്കൽപ്പിക്കണം. അവിടെ ഒരു ചരിത്രപുരുഷന്‍റെയും ജീവിതവുമായി നാം തുലനം ചെയ്യാൻ പോകരുത്. കാരണം ചരിത്രപുരുഷൻ ചരിത്രത്തിലാണുള്ളത്. അയാൾക്ക് ജീവനോ മജ്ജയോ മാംസമോ ഇല്ല. നമ്മളാകട്ടെ സൂര്യനു താഴെ സദാസമയവും പ്രോജ്വലിക്കുകയാണ്. നൂറുകൂട്ടം സംവേദനമന്ത്രങ്ങളുമായി ഈ ലോകം നമ്മെ വന്നു വിളിക്കുന്നു. ഈ ലോകത്ത് നാം ഒരു കളി പുറത്തെടുക്കേണ്ടതുണ്ട്. അത് വിജയമോ പരാജയമോ ആകാം. കളിയിൽ പങ്കെടുക്കുന്നവൻ വിജയിക്കാം, പരാജയപ്പെടാം. വിജയിക്കുന്നവൻ അവന്‍റെ ജീവിതത്തെ 'വിജയികളോ'ടൊപ്പം ചേർത്തുവയ്ക്കും, അവൻ വിജയിയെന്നു കരുതുന്നവരോടൊപ്പം. അവനു കൂടുതൽ ഭാരം വലിക്കാൻ ഇടവരും. അവൻ താഴെ വീണാലുണ്ടാകാവുന്ന പരിക്കുകളെ കുറിച്ച് ഓർത്ത് എപ്പോഴും വിഷമിച്ചുകൊണ്ടിരിക്കും. വിജയം ഒരു ഏണിപ്പടിയിലുള്ള കയറ്റമാണ്. ഒന്നോ രണ്ടോ പടികൾ ഇളകിയാൽ താഴെ വീഴും. അതുകൊണ്ട് വിജയിക്ക് ഉറങ്ങാനൊക്കില്ല. അയാൾ പരാജയത്തെ സ്വപ്നം കണ്ടു ഞെട്ടിയുണരും.വിജയം ഒരു 'യാഥാർഥ്യ'മാണെന്നു സ്ഥാപിച്ചുകൊണ്ട് ജീവിക്കേണ്ടിവരും. അതിന്‍റെ ഫലമായുള്ള സംഘർഷങ്ങൾ ഒഴിവാക്കാനാവില്ല.

'സീസറിനു തന്‍റെ സാമ്രാജ്യം മതിയാകാതെ വരും. അത് ഒരു കളിസ്ഥലമാണ്. എന്നാൽ ഒരു കർഷകനു തന്‍റെ വയൽ എല്ലാമാണ്. പാവപ്പെട്ടവൻ സ്വന്തമാക്കുന്നത് ഒരു സാമ്രാജ്യമാണ്. വലിയവൻ സ്വന്തമാക്കുന്നത് ഒരു കളിസ്ഥലമാണ്. യഥാർത്ഥത്തിൽ, നാം കൈവശപ്പെടുത്തുന്നത് നമ്മുടെ തന്നെ ഐന്ദ്രിയ സംവേദനമാണ്. എന്താണ് സംവേദനം ചെയ്യുന്നതെന്നല്ല ,ആ ഐന്ദ്രിയസംവേദനത്തിലാണ് നമ്മുടെ യാഥാർഥ്യത്തിന്‍റെ അടിസ്ഥാനമുറപ്പിക്കേണ്ടത്.' - പെസ്സോവ എഴുതി. ദുർഗ്രഹവും അജ്ഞേയവുമായ ഒരു ഊരാക്കുരുക്കിനുള്ളിലാണ് നമ്മുടെ ജീവിതം. അതിന് ആദിയും അന്തവുമില്ലെന്ന് പറയുന്നത് എത്ര ശരിയാണ്! ചെറിയൊരു ഇടവേളയിൽ നാം നാനാതരം സംവേദനങ്ങൾക്ക് വിധേയമായി ഒരു രാഗമേളമായി രൂപാന്തരപ്പെടുന്നു. വികാരങ്ങൾ എന്തെല്ലാം സ്വകാര്യം പറഞ്ഞു!.എല്ലാം നമ്മെ കത്തിക്കുകയും പറത്തുകയും ഉറക്കുകയും ചെയ്തു. അതിലെല്ലാം ജീവിച്ചതുകൊണ്ട് പശ്ചാത്താപം ഫലവത്താകണമെന്നില്ല. പെസ്സോവയുടെ നിശിതമായ വാക്കുകൾ ശ്രദ്ധിക്കാം:' എന്‍റെ ആത്മാവ് ഒരു ഒളിക്കപ്പെട്ട ഓർക്കസ്ട്രയാണ്. എനിക്കറിയില്ല എന്തെല്ലാം ഉപകരണങ്ങൾ, തന്ത്രികൾ ,സാരംഗികൾ, മദ്ദളങ്ങൾ, ഡമരുകൾ എന്നിൽ തന്നെ മീട്ടി ഞാൻ ശബ്ദമുണ്ടാക്കുന്നുവെന്ന്. എന്നാൽ ഞാൻ കേൾക്കുന്നത് ചിട്ടപ്പെടുത്തിയ രാഗാലാപനമാണ്.

രജതരേഖകൾ

1)ആത്മാവിനെ മഥിക്കുന്ന വേദനയ്ക്കിടയിലും അസുലഭമായ പ്രത്യാശയെക്കുറിച്ചാണ് ശ്രീകല ചിങ്ങോലി 'പറയാതിരുന്നത്'(ആശ്രയ മാതൃനാട്, സെപ്റ്റംബർ)എന്ന കവിതയിലഴുതുന്നത്. മറഞ്ഞു പോയിരുന്ന പ്രതീക്ഷ മെല്ലെ പൂവിടുന്നത് കവി ഓർത്തെടുക്കുന്നു. മാനസികമായ അതിജീവനം ഒരു സന്ദേശമാണ്.

'വിണ്ടുകീറിയ ചെങ്കനൽച്ചാലുകൾ

ഒക്കെയേറ്റുനടക്കുമ്പോഴുച്ചയിൽ

പാറി വന്നു നിഴലായ് മറഞ്ഞു പോം മൂകസ്വപ്നങ്ങൾ ചൂഴുന്നു ചുറ്റിലും.

......

പാടുവാനൊരു മേഘമൽഹാറിന്‍റെ

ദൂത് ഞാനത് വായിച്ചു നിൽക്കവേ

എത്രയാർദ്രം ഹൃദയാന്തരാളത്തിൽ സ്നിഗ്ദ്ധമാകും സ്മൃതികൾ പൂക്കുന്നിതാ. ...'

2)അന്തരിച്ച പ്രമുഖ നോവലിസ്റ്റ് മനോജിന്‍റെ രണ്ടു പുസ്തകങ്ങൾ 'എന്‍റെ എഴുത്തിന്‍റെ ദർശനവും എം.സുകുമാരനും'(ബ്ലൂ ഇങ്ക് ബുക്സ്),തണുത്ത് മരവിച്ച മനുഷ്യരെക്കുറിച്ച് (നാടകം, സാഹിത്യ പുസ്തക പ്രസാധനം) പ്രസിദ്ധീകരിച്ചു. മനോജ് എഴുതുന്നു:'എന്‍റെ മിക്ക നോവലുകളും വായിച്ചിട്ടുള്ള എം.സുകുമാരന് എന്‍റെ കഴിവിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു. കാലം എന്നെ കണ്ടെത്തുമെന്ന് അദ്ദേഹം വിശ്വസിച്ചു. പക്ഷേ ആളുവില, കല്ലുവില എന്ന സത്യത്തെ എം.സുകുമാരൻ എന്നോട് നിരന്തരം ആവർത്തിച്ചു കൊണ്ടിരുന്നു.'

3)ബി.ഷിഹാബിന്‍റെ 'സംവിധായകൻ '(കേരളകൗമുദി ഓണപ്പതിപ്പ് )എന്ന കവിത വൈദികമായ ഉന്നതമാനം കൈവരിച്ചിരിക്കുന്നു. വലിയൊരു സംവിധായകനുണ്ട് നമ്മെ അഭിനയിപ്പിക്കാൻ.'പഞ്ചഭൂതങ്ങളും ഒരുമിച്ച് വേണുഗാനമൂതുന്ന' വലിയ നടനമാണ് ആ സംവിധായകൻ നിയന്ത്രിക്കുന്നത്!

4)കഥാകൃത്തും വിമർശകനുമായ ഇളവൂർ ശ്രീകുമാർ എഴുതിയ 'ഓർമ ഒരു സമരമാണ്'(നെപ്റ്റ്യൂൺ ബുക്സ് ,കൊല്ലം)കോവിലൻ, സക്കറിയ ,വി.പി.ശ്രീകുമാർ ,മേതിൽ രാധാകൃഷ്ണൻ തുടങ്ങിയ പ്രധാന എഴുത്തുകാരുടെ രചനകളെ സൂക്ഷ്മമായി വിലയിരുത്തുന്ന പുസ്തകമാണ്.സാഹിത്യപരമായ ആകുലതകളെ സർഗാത്മകമായി ചർച്ചചെയ്യാൻ മനസ്സുള്ളവർ കുറഞ്ഞുവരുന്നു എന്നോർക്കുമ്പോഴാണ് ഇതിനു പ്രസക്തിയേറുന്നത്.

5)ചങ്ങമ്പുഴയുടെ 'വാഴക്കുല'യ്ക്ക് മറ്റൊരു വായന സാക്ഷാത്കരിക്കുകയാണ് സഞ്ജയ് നാഥ് 'വാഴക്കുല പുനർവായന '(പച്ചമലയാളം, സെപ്റ്റംബർ) എന്ന കവിതയിൽ. മലയന്‍റെ വാഴക്കുല വെട്ടിയ ജന്മി വലിയ ദാരിദ്യത്തിലാണെങ്കിലും അത് മലയനു തന്നെ തിരിച്ച് കൊടുക്കുകയാണിവിടെ.

'വാഴക്കുല വിറ്റുകിട്ടിയ പണവുമായി

മലയന്‍റെ കുടിലിലേക്ക് നടക്കുമ്പോൾ

ജന്മി മറ്റൊരു വാഴത്തൈ കൈയിൽ കരുതി.'

6)ഒരുകാലത്ത് മലയാളകഥയിൽ പുതിയ ദിശ ചൂണ്ടിക്കാണിച്ച പട്ടത്തുവിള കരുണാകരന്‍റെ ജന്മശതാബ്ദി വർഷമാണിത്. മഹാനായ ആ കഥാകൃത്തിനെ പരിചയപ്പെടുത്തുകയാണ് സത്യൻ മാടാക്കര 'പട്ടത്തുവിള കഥകളിലെ രാഷ്ട്രീയ പ്രബുദ്ധത'(മീഡിയഫെയ്സ് കേരള,സെപ്റ്റംബർ 19) എന്ന ലേഖനത്തിൽ. പട്ടത്തുവിള തന്‍റെ കഥകളിലൂടെ മധ്യവർഗത്തിന്‍റെ ജീവിതം തുറന്നു കാണിച്ചതായി അദ്ദേഹം എഴുതുന്നു.

7)കലാവസ്തുക്കൾ, കലാരൂപങ്ങൾ എന്നിവ വെറുതെ മ്യൂസിയങ്ങളിൽ വയ്ക്കാനുള്ളതല്ലെന്ന് റഷ്യൻ കവി മയക്കോവ്സ്കി പറഞ്ഞു. അത് എല്ലായിടത്തേക്കും വ്യാപിക്കണം - തെരുവുകളിലേക്കും, വണ്ടികളിലേക്കും,ഫാക്ടറികളിലേക്കും, വർക് ഷോപ്പുകളിലേക്കും തൊഴിലാളികളുടെ വീടുകളിലേക്കും..

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com