ജനപ്രിയ എഴുത്തുകാർക്ക് എന്തിനാണ് അക്കാഡമി അവാർഡ്: ഇ. സന്തോഷ് കുമാർ | Popular writers don't need academy awards

ഇ. സന്തോഷ് കുമാർ സംവാദത്തിൽ സംസാരിക്കുന്നു.

ജനപ്രിയ എഴുത്തുകാർക്ക് എന്തിനാണ് അക്കാഡമി അവാർഡ്: ഇ. സന്തോഷ് കുമാർ

അവാർഡുകൾ സംബന്ധിച്ച് അക്കാഡമിക്കും ജൂറിക്കും കൃത്യമായ ധാരണ വേണമെന്ന് വയലാർ അവാർഡ് ജേതാവ് ഇ. സന്തോഷ് കുമാർ

സ്വന്തം ലേഖകൻ

ഷാർജ: ഏത് എഴുത്തുകാരനാണ് അവാർഡ് കൊടുക്കുന്നത് എന്നതു സംബന്ധിച്ചും, ഏതു പുസ്തകമാണ് അവാർഡിന് അർഹമായത് എന്നതു സംബന്ധിച്ചും സാഹിത്യ അക്കാഡമിക്കും ജൂറിക്കും കൃത്യമായ ധാരണ വേണമെന്ന് പ്രമുഖ എഴുത്തുകാരനും വയലാർ അവാർഡ് ജേതാവുമായ ഇ. സന്തോഷ്‌ കുമാർ.

ജനപ്രിയ സാഹിത്യകാരന്മാർക്ക് കേന്ദ്ര-കേരള സാഹിത്യ അക്കാഡമി അവാർഡുകൾ കൊണ്ട് പ്രത്യേകിച്ച് ഗുണമില്ലെന്നും സന്തോഷ്‌കുമാർ പറഞ്ഞു. ഷാർജ അന്തർദേശിയ പുസ്തക മേളയിൽ 'ഇ. സന്തോഷ്‌ കുമാർ: ടെല്ലിങ്ങ് സ്റ്റോറീസ് ദാറ്റ് മാറ്റർ' എന്ന പേരിൽ ശ്രോതാക്കളുമായി നടത്തിയ സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1. 'എഴുത്തുകാരൻ' കേരളത്തിലെ ഏറ്റവും വലിയ പദവി

എഴുത്തുകാരൻ എന്നതാണ് കേരളത്തിലെ ഏറ്റവും വലിയ പദവിയെന്ന് 'തപോമയിയുടെ അച്ഛൻ' എന്ന പുസ്തകത്തിന്‍റ കഥാകാരൻ പറഞ്ഞു. കഥയുടെ പേരിൽ അറിയപ്പെടുക എന്നതാണ് പ്രധാനം. എഴുത്തുകാരൻ നിർണയിക്കപ്പെടുന്നത് എഴുത്തുകൊണ്ട് മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ പ്രവർത്തകരോട് ബഹുമാനമുണ്ട്. എന്നാൽ, എഴുത്തുകാരൻ സൂക്ഷ്മ രാഷ്ട്രീയം എഴുതുകയാണ് വേണ്ടത് എന്നും സന്തോഷ് കുമാർ നിലപാട് വ്യക്തമാക്കി.

2. സന്ദേശം ആവശ്യമില്ല

മലയാളത്തിൽ മികച്ച കഥകൾ എഴുതുന്ന ചെറുപ്പക്കാർ ഉണ്ടെന്നും അവർക്ക് സന്ദേശം നൽകേണ്ട കാര്യമില്ലെന്നും സന്തോഷ് കുമാർ പറഞ്ഞു. അവരെ മനസിലാക്കുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

3. എഴുത്തിലെ ജനാധിപത്യം

ജനപ്രിയ എഴുത്തുകാർക്ക് എന്തിനാണ് അക്കാഡമി അവാർഡ്: ഇ. സന്തോഷ് കുമാർ | Popular writers don't need academy awards

ഇ. സന്തോഷ് കുമാർ, മോഡറേറ്റർ അനൂപ് കീച്ചേരി.

എഴുത്തിൽ ഒരു വലിയ ജനാധിപത്യ ഇടമുണ്ട്. ആർക്ക് വേണമെങ്കിലും എഴുതാം. അവനവൻ എഴുതുന്നതാണ് ആദ്യമായി വായിക്കുന്നതെന്ന നില വന്നാൽ ബുദ്ധിമുട്ടാകും. എന്നാൽ, പോലും നമുക്ക് ആരെയും പരിഹസിക്കാൻ പറ്റില്ല.

കേരളത്തിൽ എല്ലാ മനുഷ്യരും നോവലിസ്റ്റുകളാവുന്ന ഒരു സർഗ പ്രപഞ്ചം എത്ര ജനാധിപത്യപരമായിരിക്കുമെന്ന് ആലോചിച്ചുനോക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരെയും വായിക്കാൻ നിർബന്ധിക്കരുതെന്നും സന്തോഷ്‌കുമാർ ആവശ്യപ്പെട്ടു.

എഴുത്ത് ഒരു വ്രണത്തെ പരിചരിക്കുന്നത് പോലെയാണെന്ന് സന്തോഷ് കുമാർ.സന്തോഷവും ഉത്കണ്ഠയും നിറഞ്ഞൊരു പ്രക്രിയയാണ് എഴുത്തെന്നും അദ്ദേഹം നിരീക്ഷിക്കുന്നു.

4. ഉത്തരവാദിത്വം എഴുത്തുകാരന്

ഇന്നത്തെ കാലഘട്ടത്തിൽ എഴുത്തിന്‍റെ പൂർണ ഉത്തരവാദിത്വം എഴുത്തുകാരനു തന്നെയാണ്. മുൻകാലങ്ങളിൽ എഡിറ്റർക്ക് ഇക്കാര്യങ്ങളിൽ വലിയ പങ്കുണ്ടായിരുന്നു. ഇപ്പോൾ അയയ്ക്കുന്നത് നേരിട്ട് പ്രസിദ്ധീകരിക്കുന്ന കാലമാണ്. തന്നെ സന്തോഷിപ്പിക്കുന്നത് മാത്രമേ പ്രസിദ്ധീകരിക്കാൻ നൽകാറുള്ളൂ. പൊതുവേ എഴുത്തുകാർക്ക് സ്തുതിയാണ് ഇഷ്ടം. വിമർശനത്തെ എപ്പോഴും സ്വാഗതം ചെയ്യുക എന്നതാണ് തന്‍റെ രീതി.

വയലാർ അവാർഡ് കിട്ടിയത് കൊണ്ട് 'തപോമയിയുടെ അച്ഛൻ' എല്ലാവരും വായിക്കണമെന്നില്ല. എല്ലാം സ്വയം അറിഞ്ഞും അനുഭവിച്ചും എഴുതണമെന്ന് വന്നാൽ ആത്മകഥ മാത്രമേ എഴുതാൻ കഴിയൂ.

ഗവേഷണത്തിന്‍റെയും അധ്വാനത്തിന്‍റെയും ഫലമായിട്ടാണ് ഒരു നോവൽ പിറക്കുന്നത്. നോവൽ സിദ്ധിയുടെ മാത്രം കലയല്ല. എന്നാൽ, പാണ്ഡിത്യം കൂടുതലായാൽ നോവൽ തകർന്ന് പോകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അപരന്‍റെ മതത്തിൽ, ജാതിയിൽ, കുപ്പായത്തിൽ താൻ ജനിച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നങ്ങളേ ലോകത്തുള്ളൂ. നോവലുകളിൽ ബോധപൂർവം തത്വചിന്ത കൊണ്ടുവരാൻ ശ്രമിക്കാറില്ല. സ്വാഭാവികമായ ദാർശനികത മാത്രമേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

സമൂഹ മാധ്യമം ഇന്ന് താർക്കികരുടെ സൈനിക താവളമായി മാറിയിരിക്കുന്നുവെന്ന് ഇ. സന്തോഷ് കുമാർ കുറ്റപ്പെടുത്തി. വാദിച്ച് ജയിക്കാനാണ് എല്ലാവരുടെയും ശ്രമം. ഞാൻ മാത്രം ശരി. എന്‍റെ മതം എന്‍റെ ജാതി എന്‍റെ പാർട്ടി മാത്രം ശരി എന്ന കാഴ്ചപ്പാടാണ് ഇത്തരം താർക്കികർക്കുള്ളത് എന്നും അദ്ദേഹം പറഞ്ഞു.

5. ആരോപണം ദൂരീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷന് ചുമതലയുണ്ട്

അധികാരം കൈയിൽ വരുന്നവർ അത് നിലനിർത്താൻ പല മാർഗങ്ങളും അവലംബിക്കും. വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ശ്രമം മുൻപും ഉണ്ടായിട്ടുണ്ട്. എസ്ഐആർ വളരെ സങ്കീർണമായ വിഷയമാണ്.

ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിൽ കൃത്രിമം നടത്താനുള്ള സാധ്യതയില്ലെന്നു പലരും പറയുന്നുണ്ട്. എന്നാൽ, കൃത്രിമം നടക്കുന്നുണ്ട് എന്ന ആരോപണം വന്നാൽ അത് ദൂരീകരിക്കേണ്ട ചുമതല ഭരണകൂടത്തിനും തെരഞ്ഞെടുപ്പ് കമ്മീഷനുമുണ്ട്. അതിനു പകരം, സംശയം ഉന്നയിക്കുന്നവരെ പരിഹസിക്കുന്നത് ശരിയല്ലെന്നും ഇ. സന്തോഷ്‌ കുമാർ ചൂണ്ടിക്കാണിച്ചു.

സംവാദത്തിന് ശേഷം സന്തോഷ് കുമാർ വായനക്കാർക്ക് പുസ്തകം ഒപ്പുചാർത്തി നൽകി. മാധ്യമ പ്രവർത്തകൻ അനൂപ് കീച്ചേരി മോഡറേറ്ററായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com