പുറംലോകത്തെ ഓരോ തിന്മയും ചീങ്കണ്ണിയെ പോലെ വിഴുങ്ങാൻ വരുന്നു: എം.കെ. ഹരികുമാർ

സണ്ണി തായങ്കരിയുടെ കഥകളെക്കുറിച്ച് നടത്തിയ പ്രഭാഷണം
Sunny Thayankari Stories: Inspiring resistance against social evils likened to leeches

ആലപ്പുഴ സെന്‍റ് ജോസഫ്സ് വനിതാ കോളേജിൽ 'സണ്ണി തായങ്കരിയുടെ കഥകളുടെ പ്രസക്തി' എന്ന വിഷയത്തിൽ സംഘടിപ്പിച്ച സിമ്പോസിയം എം.കെ. ഹരികുമാർ ഉദ്ഘാടനം ചെയ്യുന്നു.

Updated on

ആലപ്പുഴ: തിന്മകൾക്കെതിരേ പോരാടാൻ പ്രേരിപ്പിക്കുന്ന കഥകളാണ് സണ്ണി തായങ്കരിയുടേതെന്ന് നിരൂപകൻ എം. കെ. ഹരികുമാർ. ആലപ്പുഴ സെന്‍റ് സെന്‍റ് ജോസഫ്സ് വനിതാ കോളേജിൽ 'സണ്ണി തായങ്കരിയുടെ കഥകളുടെ പ്രസക്തി' എന്ന വിഷയത്തിൽ മലയാളം വകുപ്പും സമകാലിക കേരളം മാസികയും ചേർന്ന് സംഘടിപ്പിച്ച സിമ്പോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഹരികുമാറിന്‍റെ പ്രഭാഷണത്തിൽ നിന്ന്:

സമൂഹത്തിലെ ഓരോ തിന്മയും ഒറ്റപ്പെട്ടതായി കാണേണ്ടതില്ല. അത് ഓരോന്നും നമ്മെ വിഴുങ്ങാൻ വരുന്ന ചീങ്കണ്ണിയെ പോലെയാണ്. അത് ലക്ഷ്യം വയ്ക്കുന്നത് നമ്മെയാണ്. അത് വിട്ടുവീഴ്ചയില്ലാതെ ആക്രമിക്കുകയാണ്. ഇത് വൈകാരികമായി അനുഭവിക്കുന്നത് കൊണ്ടാണ് ഒരാൾ കഥയെഴുതാൻ തയ്യാറാവുന്നത്. ഒരു യഥാർത്ഥ കഥാകൃത്ത് സ്വന്തം ജീവിതം കൊണ്ടാണ് പരീക്ഷണം നടത്തുന്നത്. അതിനായി തന്‍റെ അനുഭവങ്ങളെ ആധാരമാക്കി പതിറ്റാണ്ടുകൾ പരിശ്രമിച്ച കഥാകൃത്താണ് സണ്ണി തായങ്കരി. അദ്ദേഹത്തിന്‍റെ 'തായങ്കരി കഥകൾ' എന്ന ബൃഹദ് ഗ്രന്ഥത്തിലെ രചനകൾ ഉൾപ്പെടെ നൂറിലേറെ കഥകൾ എഴുതിയിട്ടുണ്ട്.

എഴുത്തിനെ വളരെ ഗൗരവത്തോടെ കാണുന്ന സണ്ണി പ്രതിഷേധിക്കുന്ന കലാകാരനാണ്. തന്‍റെ നിലപാടുകൾക്കും സ്വാതന്ത്ര്യത്തിനും അദ്ദേഹം വിലകൊടുക്കുന്നു. സ്വാതന്ത്ര്യമില്ലാതായാൽ എഴുതാൻ പ്രയാസമാണ്. എന്നാൽ സ്വാതന്ത്ര്യം ആരും കൊണ്ടുവന്നുകൊടുക്കുന്നില്ല. അതിനായി കഥാകൃത്ത് പോരാടണം. അതുപോലെ സണ്ണി തന്‍റെ രചനകളുടെ രൂപത്തിനും ശൈലിക്കുമായി നന്നായി കഷ്ടപ്പെട്ടു.

പതിറ്റാണ്ടുകളായി എഴുതുന്ന അദ്ദേഹം കഴിഞ്ഞ ഏതാനും ദശകങ്ങൾ കൊണ്ടാണ് തന്‍റെ പാത നവീകരിക്കുകയും ലക്ഷ്യത്തെ കുറെക്കൂടി തീവ്രമായി ഉറപ്പിക്കുകയും ചെയ്തത്. എഴുത്തുകാരന്‍റെ ശൈലി പെട്ടെന്നുണ്ടാകുന്നതല്ല. അത് വർഷങ്ങളുടെ പ്രയത്നത്തിന്‍റെ ഫലമാണ്. നാം ഏഴുതാൻ തിരഞ്ഞെടുക്കുന്ന വിഷയം അല്ലെങ്കിൽ വർഷങ്ങളായി അലട്ടുന്ന വിഷയം നമ്മുടെ രക്തത്തിലും മജ്ജയിലും കലർന്നു വരുമ്പോഴാണ് സ്വന്തം ശൈലി രൂപപ്പെടുന്നത്.

എഴുതാനുള്ള ഭാഷയുണ്ടാകുകയാണ്. ഭാഷയിലൂടെ നാം സഞ്ചരിക്കുന്നു എന്ന ബോധമാണ് ഉണ്ടാവേണ്ടത്. ഭാഷയിലൂടെ ആവിഷ്കരിക്കുകയാണ്. ഭാഷ ഉള്ളതുകൊണ്ടാണ് ആവിഷ്കരിക്കുന്നത്. ഭാഷ നമ്മെ ഇനിയും വ്യക്തമാവാത്ത അലൗകികമായ ചിലയിടങ്ങളിൽ എത്തിക്കുന്നു. അത് വലിയൊരു വിജയമാണ്.

സണ്ണിയുടെ 'അടുക്കള ഒരു വികാരജീവിയാണ്' എന്ന കഥ ഒരു സ്ത്രീയുടെ ജീവിതത്തെ അടുത്തുനിന്ന് കാണുകയാണ്. പണി ചെയ്യാൻ മാത്രം വിധിക്കപ്പെട്ട ഒരു സ്ത്രീയോട് അവളുടെ അടുക്കളയിലെ പാത്രങ്ങൾ പ്രതിഷേധിക്കുന്നു. അവ പറഞ്ഞാൽ അനുസരിക്കാത്തവരായി മാറുന്നു. അചേതനവസ്തുക്കൾ നീതിക്കുവേണ്ടി കലഹിക്കുന്ന സുന്ദരമായ ആശയമാണ് ഈ കഥ.

'കാടിറക്കം' എന്ന കഥ മഹാഭാരതത്തിന്‍റെ ശകലമാണ്. ഭീമന്‍റെ ഘടോൽക്കചനെ എല്ലാവരും അറിയും. എന്നാൽ സണ്ണി ഘടോൽക്കചന് ഒരു അനുജനെ സൃഷ്ടിച്ചിരിക്കുന്നു. അവൻ പ്രക്ഷുബ്ധനാണ്. ഭീമൻ നാട്ടിൽ നിന്ന് കാട്ടിലേക്ക് തിരിച്ച് ചെല്ലുന്ന സന്ദർഭമാണ് കഥാകൃത്ത് എഴുതുന്നത്. അവിടെ ഭീമന്‍റെ ഭാര്യ ഹിഡിംബി ദു:ഖിതയാണ്. അവളുടെ രണ്ടാമത്തെ മകൻ യുദ്ധത്തിന് തയ്യാറായിരിക്കുന്നു. അവൻ ഹസ്തിനപുരിയെ ലക്ഷ്യം വച്ച് പട നയിക്കുവാൻ പോവുകയാണ്. കാടിനെ കരിച്ചു കളഞ്ഞവരോട് അവന് പ്രതികാരം ചെയ്യണം. ഭീമൻ നിസ്സഹായനാണ്.

മഹാഭാരതത്തെ കഥാപാത്രങ്ങളിലൂടെ പഠിക്കുന്ന രീതിയാണ് ഇന്നുള്ളത്. സണ്ണിയുടെ കഥയിൽ മഹാഭാരതത്തിന്‍റെ അർത്ഥശൂന്യമായ നരനായാട്ടും പീഡനവും എടുത്തു കാണിക്കുന്നുണ്ട്. അത് വീണ്ടുവിചാരമുണ്ടാക്കാൻ പോന്നതാണ്. മഹാഭാരതത്തെക്കുറിച്ച് പലരും എഴുതുന്ന രചനകളോട് യോജിപ്പില്ല എന്നറിയിക്കട്ടെ. ഇനി മഹാഭാരതത്തിന്‍റെ ദുരന്തബോധത്തെ എങ്ങനെയാണ് സമീപിക്കേണ്ടതെന്നതിനെക്കുറിച്ചാണ് എഴുതേണ്ടത്. ലക്ഷക്കണക്കിനാളുകളെ കൊലചെയ്തതിന്‍റെ തത്വചിന്ത, ധാർമ്മികത, വിജയം എന്നിവ എന്താണെന്ന് പരിശോധിക്കണം.

'ഗാബോയുടെ കഥാപാത്രങ്ങളി'ൽ ഉത്തരാധുനികമായ സങ്കേതങ്ങൾ ഉപയോഗിച്ചിരിക്കയാണ്. ഗാർസിയ മാർകേസിന്‍റെ കഥാപാത്രങ്ങളെ ആലപ്പുഴയിൽ കണ്ടുമുട്ടുകയാണ്. ഏത് കാലത്തെ, ഏത് സ്ഥലത്തെ കഥയും ഉപകരണമായി കാണാൻ കഥാകൃത്തിനു കഴിയും. അത് ഉപയോഗിക്കുന്നതിലാണ് സാമർത്ഥ്യം.

'കറുത്തമ്മയും പളനിയും ശങ്കരമംഗലത്ത്' എന്ന കഥയും ഉത്തരാധുനിക ശൈലിയിൽ എഴുതപ്പെട്ടതാണ്. സണ്ണി ചെറുകഥയെ പുനർഭാവന ചെയ്തതിന്‍റെ അടയാളങ്ങളാണ് ഇതെല്ലാം. അദ്ദേഹം തന്‍റെ മാധ്യമത്തിൽ പുതുമ സൃഷ്ടിക്കാൻ താല്പര്യപ്പെട്ടു. ഗതാനുഗതികത്വം ആശ്വാസമാകാത്തത് കൊണ്ടാണ് പുതിയ മാർഗ്ഗങ്ങൾ തേടുന്നത്.

'ശ്വാനപ്രയാണം' എന്ന കഥ ദാർശനിക ഭാവുകത്വമാണ് പ്രകടിപ്പിക്കുന്നത്. ധനികനായ ഒരു വ്യക്തി ജീവിതാന്ത്യത്തിൽ യാതൊരു സ്വാതന്ത്ര്യവുമില്ലാതെ മനോഹരമായ വീടിനുള്ളിൽ തളയ്ക്കപ്പെടുകയാണ്. ധനികനാണെങ്കിലും അതുകൊണ്ട് പ്രയോജനമില്ല. ഒരു നായയ്ക്ക് അതിനേക്കാൾ സ്വാധീനമുണ്ട്. നായക്ക് സഞ്ചരിക്കാം, എവിടെയും കിടക്കാം.

സണ്ണിയുടെ കുലപതികൾ, പരേതരുടെ നഗരക്കാഴ്ചകൾ എന്നീ നോവലുകളും ശ്രദ്ധേയമാണ്. അനീതിക്കെതിരെ ഉയരുന്ന വാളായി ഈ നോവലുകളെ കാണാം. പഴയനിയമത്തിലെ ഒരു കഥ ഉപയോഗിച്ച് ഈ കാലഘട്ടത്തിലെ അരുതായ്കകൾ പുറത്തുകൊണ്ടുവരുകയാണ് 'കുലപതികളി'ൽ. മനുഷ്യൻ ദൈവത്തെ കൊന്നവനാണെന്ന സൂചന വായിച്ചെടുക്കാം. ദൈവത്തിന് നേരെയാക്കാൻ പറ്റാത്ത മനുഷ്യൻ സ്വയം ദൈവമാകുന്നതിനെ വിമർശിക്കാൻ നോവലിസ്റ്റ് തുനിയുന്നു.

'പരേതാത്മാക്കളുടെ നഗരക്കാഴ്ചകളി'ൽ ഇന്നിന്‍റെ അരുതായ്കകളെ, വഞ്ചനകളെ കടന്നാക്രമിക്കുന്നു. മനുഷ്യത്വമില്ലാത്ത കാലത്ത് താൻ ജീവിച്ചിരിക്കുന്നത് ഇതെല്ലാം എഴുതാനാണെന്ന ധ്വനി അദ്ദേഹത്തിന്‍റെ വരികൾക്കിടയിൽ നിന്നും വായിക്കാം. കലയിൽ അഭിനയിക്കുന്നത് ഭൗതികജീവിതത്തെ മെച്ചപ്പെടുത്താനാണോ എന്ന ചോദ്യം ഇപ്പോഴും ഉയരുന്നുണ്ട്. സാമൂഹ്യ വീക്ഷണം ഉണ്ടാവണം. എന്നാൽ ഒരു കലാസൃഷ്ടിയുടെ മഹത്വം അതിനുള്ളിലെ സൗന്ദര്യമാണ്.

'ഖസാക്കിന്‍റെ ഇതിഹാസ'ത്തിനു എന്തെങ്കിലും സന്ദേശമുണ്ടോ എന്ന് ചോദിക്കുന്നവർ കല ആസ്വദിക്കാൻ മറന്നുപോയവരാണ്. ഒരു മാതൃകാ കഥാപാത്രത്തെ സൃഷ്ടിക്കാനല്ല വിജയൻ നോവൽ എഴുതിയത്. അതിൽ മനുഷ്യാവസ്ഥയെക്കുറിച്ചുള്ള വിസ്മയവും ആകുലതയുമാണ് എഴുതി നിറച്ചിരിക്കുന്നത്. അത് എല്ലാ മനുഷ്യർക്കും അനുഭവിക്കാനുള്ളതാണ്. കലയുടെ ലോകമാണത്. അത് അനുഭൂതിയുടെ ലോകമാണ്. തകഴിയുടെ നാട്ടിൽ നിന്ന്, കുട്ടനാട്ടിൽ നിന്ന് വരുന്ന സണ്ണി തകഴി അനന്തര തലമുറയുടെ പ്രതിനിധിയാണ്. തകഴിയുടെ കാലത്തിന് ശേഷമുള്ള പ്രശ്നങ്ങൾ അദ്ദേഹം അപഗ്രഥിക്കുന്നു. കുട്ടനാടിന്‍റെ ദുഃഖവും വ്യക്തിപരമായ ദുഃഖവും കഥയിൽ സമന്വയിപ്പിക്കുന്നു.

സമകാലിക കേരളം' എന്ന മാസിക നടത്തിയ സണ്ണി അതിന്‍റെ ഓർമ്മകൾ കൊണ്ട് വീണ്ടും അത് പ്രസിദ്ധികരിക്കാൻ പോവുകയാണ്. ഇ സാക് ബാഷെവിസ് സിംഗറുടെ The Magazine എന്ന കഥയിലെ സിനഗൽ എന്ന കഥാപാത്രത്തെ പോലെ ഒരു മാസിക നടത്തുന്നതിന് അദ്ദേഹത്തിന് സ്വന്തം കാരണങ്ങളുണ്ട്. ജീർണ്ണമായ ഒരു സാഹിത്യപത്രപ്രവർത്തനലോകത്ത് ജീവത്തായ ഒരു ഇടപെടൽ സാധ്യമാക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. ഒരു മാസിക പ്രതികരിക്കാനുള്ള എഴുത്തുകാരന്‍റെ ഉദ്യമം സർഗാത്മകമായ നോവായി കാണണം -ഹരികുമാർ പറഞ്ഞു.

കോളേജ് മലയാളം വകുപ്പ് മേധാവി പ്രൊഫ. ഡോ. പി.എസ്. ജ്യോതിലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. കാവാലം ബാലചന്ദ്രൻ, അനിൽ എസ് അറപ്പയിൽ, അസോഷ്യേറ്റ് പ്രൊഫസർ ഡോ. റെജിമോൾ ജോസ്, മുഹമ്മദ് ഷബീർ എന്നിവർ പ്രസംഗിച്ചു.

logo
Metro Vaartha
www.metrovaartha.com