ഓർവെൽ പഠിപ്പിച്ച പാഠം

“അനിമൽ ഫാം’ റഷ്യൻ വിപ്ലവത്തിന്‍റെ പരിണിതഫലത്തെ കണ്ട് എഴുതിയതാണ്. സാർ ചക്രവർത്തിയെ വധിച്ചപ്പോൾ പുതിയൊരു ചക്രവർത്തി ഉണ്ടായി എന്നു സാരം
george orwell's animal farm book preview
george orwell's animal farm

മാധ്യമ വിസ്ഫോടനങ്ങളുടെ കാലത്ത് എഴുത്തുകാർ പോലും സാഹിത്യത്തിലെ പ്രവണതകളെയോ ആശയങ്ങളെയോ ചിന്തകളെയോ വ്യക്തമായി അറിയാൻ ശ്രമിക്കുന്നില്ല. അതിനുള്ള സമയമില്ല. പുസ്തകങ്ങൾ വായിക്കാനുള്ളതാണോ? എങ്കിൽ വായിക്കണം. എന്താണ് വായന? നിഷ്കൃഷ്ടമായ വായന വേണ്ടേ? തിരസ്കരിക്കേണ്ടതിനെ തിരസ്കരിക്കേണ്ടേ? വെട്ടമുള്ള ഇടത്തേക്ക് വീണ്ടും വീണ്ടും വെളിച്ചം കൊണ്ടുപോയാൽ എന്തെങ്കിലും പുതുതായി കാണാനുണ്ടാകുമോ?

ഇരുണ്ട പ്രദേശങ്ങൾ കണ്ടുപിടിച്ച് അവിടെ വെളിച്ചം വിതറണം. അതിനു പ്രധാനമായി വേണ്ടത്, ലോകത്തിന്‍റെ ഇരുണ്ടമൂലകൾ കണ്ടുപിടിക്കുകയാണ്, മനസിന്‍റെയും.അവിടെ നിങ്ങൾ പ്രവേശിക്കണം. അവിടുത്തെ വിശേഷങ്ങൾ കണ്ടുപിടിക്കണം. ഇതുവരെയും നിശബ്ദമായി കഴിഞ്ഞ ഇടങ്ങൾക്കും അനുഭവങ്ങൾക്കും നാവു നൽകണം. ലോകം ഇതുവരെ ഇരുട്ടിൽ നിർത്തിയവരെ നിങ്ങൾ പ്രത്യാനയിക്കണം. അവരുടെ നാവാകണം. അവർ പറയുന്നത് പുതിയ കാര്യമായിരിക്കുമല്ലോ. അവരെ ആരും കേട്ടിരുന്നില്ല. അത് വിനിമയ യോഗ്യമായി പറയുകയാണെങ്കിൽ, അത് വികാരപരമായി അറിയാനാവും. നിങ്ങളുടെ വികാരങ്ങൾക്ക് അതിനോട് സംവേദനം ചെയ്യാനാകും. ഇങ്ങനെയാണ് സൗന്ദര്യം സൃഷ്ടിക്കേണ്ടത്.

പുതിയ ലോകം, ഇതുവരെയും ചുണ്ടനക്കാൻ കഴിയാതെ തടവിലാക്കപ്പെട്ട ജീവിതങ്ങൾ, സംസാരിക്കട്ടെ. ആ സംസാരത്തിൽ മനുഷ്യരുടെ വൈകാരികലോകത്തോട് ഐക്യപ്പെടാനായാൽ അതാണ് സൗന്ദര്യം. അത് ഈ ലോകത്തെ അനുഭവമൂല്യത്തെ ഒരു ഒരു പടി ഉയർത്തുകയാണ്.

എല്ലാ മൃഗങ്ങളും തുല്യരാണ്

ജോർജ് ഓർവെല്ലിന്‍റെ “അനിമൽ ഫാം’(1945) എന്ന നോവൽ ആക്ഷേപഹാസ്യത്തിന്‍റെ തലത്തിൽ പന്നികളുടെ വിപ്ലവമാണ് ഘോഷിക്കുന്നത്. ഇംഗ്ലണ്ടിലെ പന്നി ഫാമിലാണ് കഥ നടക്കുന്നത്. അവിടെ മദ്യപാനിയും കാര്യക്ഷമതയില്ലാത്തവനുമായ ജോൺസ് എന്ന മാനെജരുടെ ഭരണത്തിൽ ഫാമിൽ പന്നികൾ അസ്വസ്ഥരാകുന്നു. അവരിൽ ഓൾഡ് മേജർ എന്ന് വിളിക്കപ്പെട്ട ശക്തനായ പന്നി ഒരു യോഗം വിളിച്ചുകൂട്ടി പന്നികളോട് ഈ മാനെജരെ എതിർക്കാൻ ഉപദേശിക്കുന്നു. ലക്ഷ്യം കാണുന്നതിനു മുന്നേ മേജർ മരിച്ചെങ്കിലും അവരിൽ നിന്നു ചെറുപ്പക്കാരായ രണ്ടു പന്നികൾ - സ്നോബാളും നെപ്പോളിയനും - നേതൃത്വത്തിലേക്ക് വരുന്നു. അവർ മാനെജരായ ജോൺസിനെ വിപ്ലവത്തിലൂടെ പുറത്താക്കുന്നു. പിന്നീട് ഭരണം ഇവർ രണ്ടുപേരും ഏറ്റെടുക്കുന്നു. എന്നാൽ അഭിപ്രായ ഭിന്നത മൂലം സ്നോബാളിനെ നെപ്പോളിയൻ എതിർക്കുന്നു. നെപ്പോളിയൻ തന്‍റെ പട്ടികളെ അഴിച്ചുവിട്ടു സ്നോബോളിനെ ഓടിക്കുന്നു. പിന്നീട് നാം കാണുന്നത് നെപ്പോളിയന്‍റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കാര്യങ്ങൾ മറ്റു മൃഗങ്ങൾക്ക് ജീവിക്കാനാവാത്ത സാഹചര്യം സൃഷ്ടിക്കുന്നതാണ്.

“അനിമൽ ഫാം’ റഷ്യൻ വിപ്ലവത്തിന്‍റെ പരിണിതഫലത്തെ കണ്ട് എഴുതിയതാണ്. സാർ ചക്രവർത്തിയെ വധിച്ചപ്പോൾ പുതിയൊരു ചക്രവർത്തി ഉണ്ടായി എന്നു സാരം. ഒരു വിപ്ലവം കഴിഞ്ഞാൽ പിന്നീട് എന്ത് സംഭവിക്കുന്നു? ആ വിപ്ലവത്തിന്‍റെ ഫലമായുണ്ടായ ഭരണകൂടം നിലനിർത്താൻ വേണ്ടി അവാസ്തവങ്ങളായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. ആകെ ജനങ്ങളെയും ബുദ്ധിപരമായി തകിടം മറിക്കുകയാണ്. ആർക്കും തന്നെ ഭരണകൂടത്തിനു അനുകൂലമല്ലാതെ ചിന്തിക്കാനൊക്കില്ല.അങ്ങനെ ചിന്തിച്ചാൽ അവരെ സംശയാലുക്കളും ഒറ്റുകാരും ശത്രുക്കളുമായി ചിത്രീകരിക്കും. തെളിവുകളോ സത്യങ്ങളോ വേണ്ടാത്തവിധം അധികാരം എല്ലാത്തിനെയും വെട്ടിയരിയുകയാണ്. പന്നികളുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഓർവെൽ സൃഷ്ടിച്ചത് സൗന്ദര്യമാണ്. അതുവരെ അജ്ഞാതമായിരുന്നത്, ആർക്കും എഴുതാൻ ധൈര്യമില്ലാതിരുന്നത് ഓർവെൽ എഴുതി. മനുഷ്യർക്ക് സ്വാതന്ത്ര്യം മാത്രമാണ് നഷ്ടപ്പെടാനുള്ളതെന്ന സത്യം മനസിലാക്കിയ എഴുത്തുകാരനായിരുന്നു ഓർവെൽ.

ഒരു പുതിയ കുത്തിക്കുഴിക്കലായിരുന്നു അത്. എല്ലാവരും ഒഴുക്കിനൊത്ത് ഒഴുകുമ്പോൾ ഓർവെല്ലിനെപ്പോലുള്ളവർ സ്വയം ഖനനം ചെയ്യുന്നു. രാഷ്‌ട്രീയ പ്രശ്നങ്ങളുടെയും യാഥാർഥ്യങ്ങളുടെയും ആഴങ്ങൾ പരിശോധിക്കുന്നു. ഒഴുക്കിനെതിരേ തുഴയുന്നവർ സ്വയം പീഡിപ്പിക്കുകയുമാണ്. അവരുടെ മേൽ ഭാരം ഏറിക്കൊണ്ടിരിക്കും. അവർ ലാഭത്തിനു വേണ്ടിയല്ല, സത്യത്തിനു വേണ്ടിയാണ് യുദ്ധത്തിൽ ഏർപ്പെടുന്നത്. സ്വേച്ഛാധിപത്യത്തിലേക്ക് ഒരു ഭരണക്രമം മാറിപ്പോകുന്നത് കണ്ടെത്തണമെങ്കിൽ ആൾക്കൂട്ടത്തിൽ നിന്നു മാറിനിന്നു ചിന്തിക്കണം.

അധികാരത്തിന്‍റെ ഷൂ

“അനിമൽ ഫാമി’ലെ ഏറ്റവും പ്രസിദ്ധമായ ഒരു വാക്യം ഇതാണ്: “എല്ലാ മൃഗങ്ങളും തുല്യരാണ്. എന്നാൽ ചില മൃഗങ്ങൾ കൂടുതൽ തുല്യരാണ്, മറ്റുള്ളവരെക്കാൾ.’

സ്വേച്ഛാധിപതികൾ എങ്ങനെയുണ്ടാകുന്നു എന്നതിന്‍റെ സൂചനയാണിത്. ഓർവെൽ ഒരു പ്രത്യയശാസ്ത്രത്തിന്‍റെയും വക്താവല്ല; അതുകൊണ്ട് അധികാരത്തിന്‍റെ ഷൂ ഏത് മുഖത്തേക്കാണ് പാഞ്ഞുവരുന്നതെന്ന് അദ്ദേഹത്തിനു പെട്ടെന്ന് മനസിലാകും. ഓർവെൽ മനുഷ്യരാശിയെ തന്നെ കുറ്റവിചാരണ ചെയ്യുകയാണ്. താൻ ഒരു മനുഷ്യനാണെന്നതാണ് അദ്ദേഹത്തിന്‍റെ യോഗ്യത.

“യാതൊന്നും ഉല്പാദിപ്പിക്കാതെ ഉപഭോഗം ചെയ്യുന്ന ഒരേയൊരു ജീവി മനുഷ്യനാണ്. അവൻ പാൽ ഉൽപാദിപ്പിക്കുന്നില്ല; മുട്ടയിടുന്നില്ല. കലപ്പ പിടിക്കാൻ അവനു ശേഷിയില്ല. എന്നിട്ടും അവൻ എല്ലാ മൃഗങ്ങളുടെയും അധിപനായിരിക്കുന്നു. അവൻ അവയെക്കൊണ്ട് ജോലി ചെയ്യിക്കുന്നു; എന്നിട്ട് പട്ടിണി കിടന്ന് ചാവാതിരിക്കാൻ മാത്രമുള്ള മിനിമം ഭക്ഷണം അവയ്ക്ക് തിരികെ നൽകുന്നു. ബാക്കിയുള്ളത് അവൻ കൈയിൽ വയ്ക്കുന്നു.’

ഓർവെൽ കുറിച്ച ഈ വാക്യങ്ങളിൽ മനുഷ്യന്‍റെ സ്വേച്ഛാധികാരത്തിന്‍റെ ബീജം അടങ്ങിയിട്ടുണ്ട്. യാതൊന്നിനെയും വേട്ടയാടാനും കൊള്ളയടിക്കാനും നശിപ്പിക്കാനും എല്ലാറ്റിനെയും തനിക്ക് വേണ്ടി മാത്രമുള്ളതാക്കി മാറ്റാനും അവനു കഴിയുമെന്നതിന്‍റെ അടിസ്ഥാനഘടന ഈ മനോഭാവത്തിലുണ്ട്. മനുഷ്യൻ ക്രൂരനാകുന്നതിൽ അത്ഭുതമില്ല; കാരണം, അവൻ ഒരു ക്രൂരമൃഗമാണെന്നതു തന്നെ. രണ്ടു കാലുള്ളവരെല്ലാം തിന്മയാണെന്ന ബോധ്യത്തിലാണ് “അനിമൽ ഫാമി’ലെ പന്നികൾ നീങ്ങുന്നത്. മനുഷ്യരെ തള്ളിക്കളഞ്ഞു കൊണ്ട് അവർ ഏഴ് കല്പനകൾ പുറപ്പെടുവിക്കുന്നു. അതുകൊണ്ടായിരിക്കും ഈ നോവൽ പ്രസിദ്ധീകരിക്കാൻ ആദ്യകാലങ്ങളിൽ ഇംഗ്ലണ്ടിൽ പോലും ആളെ കിട്ടാതിരുന്നത്.

യാഥാസ്ഥിതികമായ ഭാവന, കീഴടങ്ങിലിന്‍റെ രതി, ബുദ്ധിപരമായ പാപ്പരത്തത്തിന്‍റെ നിലവാരപ്പെടൽ, ഒത്തുതീർപ്പിന്‍റെ ഇഴയൽ തുടങ്ങിയവ പൊതുവേ എല്ലാവരും സാർവത്രികമായി അംഗീകരിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് ഒരു വിചാരണ, ചോദ്യം ചെയ്യൽ സർഗാത്മക രംഗത്ത് അപ്രത്യക്ഷമാകുന്നു.

ഒരു സാധാരണക്കാരനു വാഗ്ദാനം ചെയ്യപ്പെട്ട ജോലി നിഷേധിക്കപ്പെടുന്നതിനെ, ബ്യൂറോക്രസിയുടെ ദുഷിച്ച വാസനകളെ ഫ്രാൻസ് കാഫ്ക “ദ് കാസിൽ’ എന്ന നോവലിൽ ഒരു കവിതയാക്കി മാറ്റിയെന്ന് മിലാൻ കുന്ദേര നിരീക്ഷിക്കുന്നുണ്ട്. മാത്രമല്ല, കാഫ്ക അതിനെ ഒരു മിത്താക്കുന്നു, ഇതിഹാസമാക്കുന്നു, സൗന്ദര്യമാക്കുന്നു. ഇങ്ങനെയാണ് നോവലിസ്റ്റ് പരിചിതമായതിൽ നിന്നു അപരിചിതമായതിനെ സൃഷ്ടിക്കേണ്ടത്.

സത്യം ജീവിച്ചിരിക്കുന്നു

ഇന്ന് ഭൂരിപക്ഷം പേരും എഴുതുന്നതു തന്നെ നല്ല കുട്ടിയാണെന്നു തെളിയിക്കാനാണ്. ആവശ്യപ്പെട്ടില്ലെങ്കിലും വെറുതെ കീഴടങ്ങി കാണിച്ചു കൊടുക്കും. ഓർവൽ പറയുന്നു, ഇംഗ്ലണ്ടിൽ ഏറ്റവും ഭയാനകമായ കാര്യം, അപ്രിയമായത് പറയാതിരിക്കാൻ എഴുത്തുകാർ സ്വമേധയാ ശ്രദ്ധിക്കുന്നു എന്നതാണെന്ന്. അത് സന്തോഷകരമായ ആചാരമായിരുന്നു. എല്ലാവരും അസത്യങ്ങളിൽ വിശ്വസിക്കുന്നു. എല്ലാവർക്കും വേണ്ടത് സുഖിപ്പിക്കലും തലോടലുമായിരുന്നു. അങ്ങനെ ക്രമേണ ബുദ്ധി വാർന്നുപോകുന്നു.

അവിടെയാണ് ഒരു നോവലിസ്റ്റ് കലാപകാരിയാകുന്നത്. നോവൽ എഴുത്തും കലാപവുമാണ്. ഇതാരെങ്കിലും വിശ്വസിക്കുമോ? നോവൽ എഴുതി പ്രസിദ്ധീകരിച്ച് റോയൽറ്റിയും പ്രശസ്തിയും നേടിയാൽ പോരേ എന്നു ചിന്തിക്കുന്നവരാണധികവും. നോവൽ എഴുതുന്നത് സാഹിത്യോത്സവത്തിൽ മുഖാമുഖത്തിനിരിക്കാനാണ്. അതിനപ്പുറം വേറെയെന്തെങ്കിലും ലക്ഷ്യം നോവലെഴുത്തിനുണ്ടെന്നു പറഞ്ഞാൽ ഇക്കാലത്തെ സാഹിത്യ ക്യാംപുകാർ പോലും അന്ധാളിക്കും. ഇന്നു നോവൽ എഴുതിക്കഴിഞ്ഞാൽ താനും സ്വമേധയാ മെരുങ്ങിയിരിക്കുന്നു എന്നാണ് ഒരു നോവലിസ്റ്റ് പരോക്ഷമായി പറയുന്നത്. അയാൾ അനുസരണയുള്ളവനും ചിന്താപരമായി കൂമ്പടഞ്ഞവനുമാണെന്ന് ലോകത്തോടെ വിളിച്ചുപറയാൻ ഇതിനേക്കാൾ മെച്ചപ്പെട്ട വേറെ ഏതു വഴിയാണുള്ളത്? നല്ല ഒരു മനുഷ്യനെ ചൂണ്ടിക്കാണിക്കാമെങ്കിൽ അത് മരിച്ചവനായിരിക്കുമെന്ന് “അനിമൽ ഫാമി’ൽ പന്നികളുടെ വീക്ഷണമായി അവതരിപ്പിക്കുന്നുണ്ട്. ഇതാണ് കലയിലെ പ്രതിഷേധമായി രൂപാന്തരപ്പെടുന്നത്. മാധ്യമങ്ങളിലോ പൊതുവ്യവഹാരങ്ങളിലോ ഈ സത്യം വിലപ്പോവില്ല. എന്നാൽ അതിനെല്ലാമടിയിൽ ഈ സത്യം ജീവിച്ചിരിക്കുന്നു, ഭയം കൊണ്ട് രോമങ്ങളെല്ലാം ഉയിർപ്പിച്ച് നിൽക്കുന്ന ഒരു പൂച്ചയെപ്പോലെ.

അപ്രിയമായ സംഭവങ്ങളെ ഒതുക്കിവയ്ക്കാൻ നോവലിസ്റ്റുകൾ സഹായിക്കും. അത് അവരോട് ആവശ്യപ്പെടേണ്ട കാര്യമില്ല.എന്നാൽ ഒ.വി. വിജയന്‍റെ “ധർമ്മപുരാണം’ പോലൊരു നോവൽ പിന്നീട് ഉണ്ടായില്ലല്ലോ. ചെറിയ വിമർശനമോ വിയോജിപ്പോ പോലും ഇപ്പോൾ ഉണ്ടാകുന്നില്ല. പകരം ഇവിടെ ഉണ്ടാകുന്നത് ബംഗാളിന്‍റെ ചരിത്രവും മറ്റുമാണ്. ഒരു നോവലിസ്റ്റിനു തന്‍റെ കാലഘട്ടത്തിൽ ജീവിച്ചു എന്നു വിളിച്ചു പറയണമെങ്കിൽ അതിൽ എന്തെങ്കിലും അടയാളം വേണ്ട? ഈ കാലത്തിലെ വൃത്തികെട്ടതും വികൃതവുമായ അഭിനിവേശങ്ങളോട്, ആർത്തികളോട് കലഹിക്കുന്നത് ഒരു മനുഷ്യനായിരിക്കുന്നതിന്‍റെ ഉന്നതമായ അടയാളമല്ലേ, ജോർജ് ഓർവെല്ലിനെ പോലെ?

ഉത്തരരേഖകൾ

1) ഒരു കവിക്ക് കവി എന്ന നിലയിലുള്ള ആകുലതകളും വ്യക്തി എന്ന നിലയിലുള്ള ആകുലതകളും വേറിട്ടതാണോ?

ഉത്തരം: കവിയായതുകൊണ്ടുള്ള ചില പ്രശ്നങ്ങളുണ്ട്. ഓരോ വസ്തുവും നമ്മെ ചിലത് പഠിപ്പിക്കുന്നുണ്ടല്ലോ. അതുകൊണ്ട് ഓരോ നിമിഷവും കവിയെ കുഴയ്ക്കും. എന്നാൽ സാധാരണ വ്യക്തിയായിരുന്നാൽ കവിതയുടെയോ ഭാഷയുടെയോ പ്രശ്നങ്ങൾ അലട്ടില്ല. അപ്പോൾ ശുദ്ധമായ ജീവിതാനുഭവം തെളിഞ്ഞു കിട്ടും. ജയപ്രകാശ് എറവ് എഴുതിയ “എന്നിലേക്കു നിറയുന്ന ഞാൻ’ (പ്രസാധകൻ, മെയ്) എന്ന കവിതയിലെ വരികൾ ഇങ്ങനെ:

“ഘോരാന്ധകാരത്തെ

പിളർന്നു കൂട്ടമായി പറന്നുവന്ന

മിന്നാമിന്നികൾ ചോദിപ്പൂ,

വെളിച്ചം വേണോ വെളിച്ചം?

കൈക്കുമ്പിളിൽ പ്രകാശധാര

എന്‍റെ ദേഹമാകെ ആർത്തിയോടെ

ചുംബിച്ച് മിന്നി തെളിയുന്നു.’

ഇവിടെ കവി തന്‍റെയും തന്നിലെ വ്യക്തിയുടെയും ഉത്ക്കണ്ഠകളെ നേരിടുകയാണ്.

2) എൻ. മോഹനൻ എന്ന കഥാകൃത്തിനെ ഓർക്കുന്നുവോ?

ഉത്തരം: “പൂജയ്ക്കെടുക്കാത്ത പൂക്കൾ’ എഴുതിയ എൻ. മോഹനനെ മറക്കാനാവില്ല. അദ്ദേഹത്തിന്‍റെ ജന്മദിനമായിരുന്നു ഏപ്രിൽ 27. അത് ഓർമ്മിപ്പിച്ചുകൊണ്ട് ഉണ്ണികൃഷ്ണൻ കിടങ്ങൂർ എഴുതിയ “അങ്ങനെയൊരു മോഹനകാലം’ (മാധ്യമം ആഴ്ചപ്പതിപ്പ്, ഏപ്രിൽ 22) ഉചിതമായി. ഒരു നല്ല കഥയെഴുത്തുകാരനാവാൻ എന്തു ചെയ്യണമെന്നു മോഹനൻ ഉപദേശിച്ചത് ലേഖകൻ ഉദ്ധരിക്കുന്നുണ്ട്. “ആദ്യം വേണ്ടത് സ്വന്തം അനുഭവങ്ങളോടുള്ള സത്യസന്ധതയാണ്. പരാനുഭവങ്ങളെ സ്വകീയമാക്കുമ്പോഴും ഇതു തന്നെ വേണം. പിന്നെ സ്വന്തം മനഃസാക്ഷിയെ സ്പർശിക്കാത്തതൊന്നും എഴുതരുത്.’ എത്ര ഉന്നതമായ വീക്ഷണമാണ്,സത്യ സന്ധതയാണ് മോഹനനുണ്ടായിരുന്നത് !.

3) കെ.ജയകുമാറിന്‍റെ “എഴുത്തച്ഛൻ എഴുതുമ്പോൾ’ (കറൻറ് ബുക്സ്, തൃശൂർ) എന്ന കാവ്യം വായിച്ചോ?

ഉത്തരം: മാസങ്ങൾക്കു മുമ്പ് തന്നെ വായിച്ചു. നല്ലൊരു കാവ്യാനുഭവമാണത്. എഴുത്തച്ഛനെ ഒരു സമ്പൂർണ അനുഭവമാക്കിത്തരികയാണ് കവി. ഇത്രയും ആഴത്തിൽ, ഓരോ വാക്കിലും നിമിഷത്തിലും, എഴുത്തച്ഛനെ തേടിയ ഒരു കാവ്യം മുമ്പു വായിച്ചിട്ടില്ല. അസാധാരണമായ ഉൾക്കാഴ്ചയോടെ കവി ജീവിതാനുഭവങ്ങളുടെ മണ്ണിൽ ആഴത്തിൽ ഉഴുതുമറിക്കുന്നു. ജീവിതകഥകൾക്ക് ഉദാത്തവൽക്കരണം നൽകുകയാണ് ഇവിടെ. വ്രണിതമാനസം പ്രബുദ്ധതയിലേക്ക് സ്വാഭാവികമായി വന്നുചേരുന്നതെങ്ങനെയെന്ന് അറിയാൻ “എഴുത്തച്ഛൻ എഴുതുമ്പോൾ’ വായിക്കണം. ഉൽകൃഷ്ടമായ കാവ്യബോധമാണ് കെ. ജയകുമാറിനെ നയിക്കുന്നത്.

4) ഉത്തര- ഉത്തരാധുനികത ഒരു സാഹിത്യ പ്രസ്ഥാനമാണോ ?

ഉത്തരം: ഉത്തര- ഉത്തരാധുനികതയ്ക്ക് സാഹിത്യവുമായി ബന്ധമില്ല. അത് ശാസ്ത്ര,സാങ്കേതിക, സൈബർ രംഗത്ത് സംഭവിച്ചിരിക്കുന്ന മാറ്റങ്ങളുടെ ഫലമായി ജീവിതത്തിലുണ്ടായ പരിണാമത്തെ വിശദീകരിക്കുകയാണ്. ഒരു ഫോൺ കൈയിൽ കിട്ടിയാലുടൻ ഓരോ വ്യക്തിയും ഭരണകൂടമാകുന്നതാണ് നാം കാണുന്നത്. വേഗതയാണ് ഇന്ന് എല്ലാ ബന്ധങ്ങളെയും നിയന്ത്രിക്കുന്നത്.

5) ഓസ്കർ അവാർഡിനേക്കാൾ മഹത്തരമല്ലേ കാൻ ഫെസ്റ്റിവൽ അവാർഡ് ?

ഉത്തരം: തീർച്ചയായും. കാൻ ഫെസ്റ്റിവൽ ചലച്ചിത്ര കലയിലെ മികവാണ് നോക്കുന്നത്. സിനിമ ഒരു കലയാണെന്ന് അവിടെ സ്ഥാപിക്കപ്പെടുന്നു. ഓസ്കർ അവാർഡിൽ സാങ്കേതിക മികവാണ് നോക്കുന്നത്. അതുകൊണ്ടാണ് “ആർആർആർ’ അവിടെ ആദരിക്കപ്പെടുന്നത്. ഗൊദാർദിന്‍റെ “ഗുഡ്ബൈ ടു ലാംഗ്വേജ്’ എന്ന ചിത്രത്തിനു കാനിൽ പ്രൈസ് കിട്ടുന്നത് അതിന്‍റെ സിനിമാറ്റിക് മികവുകൊണ്ടാണ്. ആഗോള മാധ്യമങ്ങൾ ഓസ്കർ അവാർഡിനു വലിയ പ്രചാരം കൊടുക്കാൻ കാരണം അത് സിനിമാ നിർമതാക്കളുടെ അക്കാദമി നൽകുന്ന പുരസ്കാരമായതു കൊണ്ടാണ്. യഥാർഥത്തിൽ, മാധ്യമങ്ങൾ കാൻ ചലച്ചിത്ര മേളയ്ക്കാണ് വലിയ പ്രചാരം കൊടുക്കേണ്ടത്.

6) സാഹിത്യകലയിൽ രോഗങ്ങൾക്കുള്ള പ്രസക്തി എന്താണ്?

ഉത്തരം: സാഹിത്യകലയിലെ രോഗത്തിന്‍റെ സാംഗത്യത്തെക്കുറിച്ചു വി. രാജകൃഷ്ണൻ എഴുതിയ “രോഗത്തിന്‍റെ പൂക്കൾ’ എന്ന പുസ്തകം നവീനമായ ഉൾക്കാഴ്ച നൽകി. ബഹിഷ്കൃതമായ അവസ്ഥയിൽ നിന്നു, അന്യവത്ക്കരിക്കപ്പെട്ട ചുറ്റുപാടിൽ നിന്നു സർഗാത്മകമായ ഊർജം ഉദ്ദീപിപ്പിക്കപ്പെടുകയും സൃഷ്ടിയിലെത്തിച്ചേരുകയും ചെയ്യുകയാണ്. രോഗിയായ ഒരാളിൽ പുതിയൊരു ഇന്ദ്രിയം പ്രവർത്തിക്കുന്നുണ്ട്.

Trending

No stories found.

Latest News

No stories found.