പ്രവചനാത്മകമായ ഒരു കഥ | Malayalam short story review

സക്കറിയ

പ്രവചനാത്മകമായ ഒരു കഥ

പുതിയൊരു ടെക്നിക്ക് ഈ കഥയിലുണ്ട്. എഴുതിയ കഥയിലല്ല കഥയുള്ളത്; കഥയിൽ തന്നെ എഴുതാത്ത ഒരു കഥ തെളിഞ്ഞു വരികയാണ്

അക്ഷരജാലകം | എം.കെ. ഹരികുമാർ

ഒരുപക്ഷേ മലയാള കഥയിൽ തന്നെ ഏറെ വ്യത്യസ്തമായ ഒരു രചനയായിരിക്കും സക്കറിയയുടെ 'യേശുപുരം പബ്ലിക് ലൈബ്രറിയെപ്പറ്റി ഒരു പരാതി'. പുതിയൊരു ടെക്നിക്ക് ഈ കഥയിലുണ്ട്. എഴുതിയ കഥയിലല്ല കഥയുള്ളത്; കഥയിൽ തന്നെ എഴുതാത്ത ഒരു കഥ തെളിഞ്ഞു വരികയാണ്. കഥാകൃത്ത് ഇവിടെ തന്‍റെ കഥ പറയുകയാണെന്ന പ്രതീതി സൃഷ്ടിച്ചിരിക്കുന്നു. ഈ കഥയിലെ പ്രധാന കഥാപാത്രം താൻ തന്നെയാണെന്ന സൂചന നൽകിക്കൊണ്ടാണ് കഥ വിവരിക്കുന്നത്. കഥാകൃത്തിന്‍റെ ആത്മകഥാപരമായ ജീവിതത്തെ, അതിന്‍റെ അന്തർ സംഘർഷങ്ങളെ അടുത്തുനിന്ന് കാണാൻ നമ്മെ ക്ഷണിക്കുകയാണ്. ഒരു ലൈബ്രറിയുടെ ആയുഷ്കാലാംഗത്വം നേടിയവരിലൊരാളാണ് ഇതിലെ പ്രധാന കഥാപാത്രം. അയാൾ ഇപ്പോൾ വല്ലാത്ത ഒരു മാനസികപീഡയിലാണ്. താൻ സ്ഥിരാംഗത്വം നേടിയിരിക്കുന്ന ലൈബ്രറി ഇനി അധികനാൾ ഉണ്ടാവില്ലെന്ന വിവരമാണ് അയാളെ വലയ്ക്കുന്നത്. ലൈബ്രറി ഇല്ലാതായാൽ സ്ഥിരാംഗമായ താൻ അതിജീവിക്കുമോ എന്ന മാനസികപ്രശ്നത്തിലേക്ക് എത്തിപ്പെടുകയാണ്.

ലൈബ്രറിയുമായി ആത്മബന്ധം സ്ഥാപിച്ച ഒരുവൻ ഇപ്പോൾ അതിന്‍റെ ആസന്നമായ പതനമോർത്ത് കഷ്ടപ്പെടുകയാണ്. ജീവിതത്തിൽ എന്തെല്ലാം പ്രശ്നങ്ങൾ കിടക്കുന്നു, ഒരു ലൈബ്രറിയെപ്പറ്റി എന്തിന് ഇത്ര വേവലാതിപ്പെടാനിരിക്കുന്നു എന്നു വേണമെങ്കിൽ ആലോചിക്കാവുന്നതാണ്. എന്നാൽ ഓരോ പ്രശ്നത്തിന്‍റെയും ആഴം അതിനെ സമീപിക്കുന്നവരുടെ മാനസികാവസ്ഥ അനുസരിച്ചാണു നിലനിൽക്കുന്നത്. താൻ ജീവിച്ചിരിക്കുന്നുവെന്ന് ഓരോ വ്യക്തിയും സ്വയം അറിയുന്നതും ബോധ്യപ്പെടുന്നതും ഓരോ വിധത്തിലാണ്. എഴുതാൻ കഴിഞ്ഞില്ലെങ്കിൽ, വരയ്ക്കാൻ കഴിഞ്ഞില്ലെങ്കിൽ ജീവിതം വഴിമുട്ടും എന്നു ചിന്തിക്കുന്നവരുണ്ട്. അത് അവരുടെ സമസ്യയാണ്. ഒരാൾ ഇഷ്ടപ്പെട്ട ഒരു തൊഴിൽ ചെയ്യുമ്പോൾ അത് തൊഴിലല്ല; അവന്‍റെ മനസിനുള്ളിലെ വികാരത്തിൽ ജീവിക്കലാണ്. ആ വികാരം ഇല്ലാതായാൽ പെട്ടെന്ന് ജീവിതം നിശ്ചലമായേക്കാം. അതു ഭയപ്പെടുത്തലാണ്. ആ ഭയം ഒരു തടവറ പോലെയാണ്. അതിൽ നിന്നു പുറത്തുകടക്കാനാവുന്നില്ല.

പുസ്തകം ഒരു കുരുക്ക്

ഈ കഥയിൽ ലൈബ്രറിയെക്കുറിച്ച് വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ടെങ്കിലും താൻ ഒരു എഴുത്തുകാരനാണെന്നോ തന്‍റെ പുസ്തകങ്ങൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ടെന്നോ പറയുന്നില്ല. അതിൽ നിന്ന് ഒരു കാര്യം വ്യക്തമാണ്. എഴുത്തുകാരനെന്ന നിലയിലെ ഉത്കണ്ഠയല്ല ഇവിടെ കാണുന്നത്; ഒരു സ്ഥിരാംഗം എന്ന നിലയിലെ സങ്കീർണമായ അനാഥത്വത്തിന്‍റെ, അജ്ഞാതമായ വേദനയുടെ ഉറവിടങ്ങൾ പ്രധാനമാകുകയാണ്. ആഴത്തിലുള്ള ബന്ധം ഉണ്ടായിരിക്കുന്ന ഈ ലൈബ്രറി ഇല്ലാതായാൽ താനും തന്നെപ്പോലെയുള്ളവരും എങ്ങനെ അതിജീവിക്കുമെന്ന കാര്യം വായനക്കാർ ആലോചിക്കണമെന്നാണ് കഥാപാത്രം നിർദേശിക്കുന്നത്: "എനിക്കു കൂടുതൽ കാലം ജീവിച്ചാൽ കൊള്ളാമെന്നുണ്ട്. മരിക്കാൻ കഴിയില്ല. നിങ്ങൾക്ക് മരണം ഇഷ്ടമുണ്ടോ? ഉണ്ടാവില്ല. നാമെല്ലാം മരണത്തെ ഭയക്കുന്നു. ഈ ലൈബ്രറിക്കു നാശം സംഭവിച്ചാൽ ഇതിലെ ആയുഷ്കാലാംഗങ്ങൾക്ക് എന്താണു സംഭവിക്കുക എന്നതിനെപ്പറ്റി നിങ്ങൾ കരുണയോടെ ചിന്തിക്കണമെന്നു, സഹോദര മനോഭാവത്തോടെ ചിന്തിക്കണമെന്നു ഞാൻ അഭ്യർഥിക്കുകയാണ്.'

അതുവരെ അയാൾ വിചാരിച്ചത് താൻ ജീവിച്ചിരിക്കുന്ന കാലത്തോളം തന്‍റെ പ്രതിനിധാനം പോലെ ആ ലൈബ്രറിയും ഉണ്ടായിരിക്കുമെന്നാണ്. എന്നാൽ ആ പ്രതീക്ഷയ്ക്ക് മങ്ങലേറ്റിരിക്കുന്നു. പുസ്തകം അടുക്കിവയ്ക്കാനോ തരംതിരിക്കാനോ അവിടെ ആരുമില്ല. പുസ്തകങ്ങൾ എടുത്തുകൊണ്ടു പോകുന്നവർ തിരികെ ഏൽപ്പിക്കുന്നുണ്ടെങ്കിലും അതെല്ലാം ഒരിടത്ത് തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. രണ്ടു മുറികളിൽ നിറയെ പുസ്തകങ്ങളാണ്. അവിടേക്ക് ആർക്കും കയറാനൊക്കില്ല; വാതിലുകൾ പകുതിയേ തുറക്കൂ. ഏറ്റവും താഴത്തെ നിലയിലെ റഫറൻസ് വിഭാഗത്തിൽ ഒരാൾ ചുമതലക്കാരനായുണ്ടെങ്കിലും അദ്ദേഹവും ആ പുസ്തകങ്ങളിലൊന്നിനെ പോലെയാണ്. ആരോടും ഒരു ബന്ധവുമില്ല. റഫറൻസ് പുസ്തകങ്ങൾ നോക്കാൻ ആരെങ്കിലും വന്നാൽ പോലും അയാളെ ശ്രദ്ധിക്കില്ല. എന്നാൽ കഥാപാത്രം ലൈബ്രറിയെക്കുറിച്ചുള്ള പരാതിയായി ഉന്നയിക്കുന്ന വസ്തുത കഥയുടെ ഒടുവിലാണ് വെളിപ്പെടുത്തിയിരിക്കുന്നത്. റഫറൻസ് വിഭാഗത്തിൽ കഥാനായകനു കുറച്ചു പ്രതീക്ഷയുണ്ടായിരുന്നു. അതും തകർന്നു. പുസ്തകങ്ങൾ അഴിക്കാനാവാത്ത കുരുക്കു പോലെ മുറുകിയിരിക്കുന്നു. അത് ഇങ്ങനെ വിവരിക്കുന്നു:" ഇന്നു രാവിലെ ഞാൻ റഫറൻസ് വിഭാഗത്തിലേക്ക് ഇറങ്ങിച്ചെല്ലുകയുണ്ടായി. അവിടെ എന്തോ ഒരു വല്ലാത്ത ഗന്ധം പരന്നിരിക്കുന്നതായി എനിക്ക് തോന്നി. ഇതിന്‍റെ ഉത്ഭവം അന്വേഷിക്കുന്നതിനിടെ ആ ഓഫിസ് മുറിയിലേക്ക് നീട്ടിയ എന്‍റെ പെൻടോർച്ചിന്‍റെ വെളിച്ചത്തിൽ റഫറൻസ് വിഭാഗം ക്ളാർക്ക് തൂങ്ങിമരിച്ചു നിൽക്കുന്നു. അയാൾ അങ്ങനെ നിൽക്കാൻ തുടങ്ങിയിട്ട് ഒരു മൂന്നു ദിവസമെങ്കിലുമായിക്കാണണം. എന്താണ് ഇതിന്‍റെ അർഥം? ഇനിയെന്താണു സംഭവിക്കുക ? റഫറൻസ് വിഭാഗത്തിന്‍റെ ഭാരം വഹിക്കാൻ ഇനിയാരെങ്കിലും വരുമോ?'ഇതാണ് ലൈബ്രറി നേരിടുന്ന പുതിയ പ്രതിസന്ധി. ഇക്കാര്യത്തിൽ കഥാനായകൻ ആശങ്കയിലാണ്. ലൈബ്രറി ഇത്രമാത്രം അധ:പതിക്കാൻ എന്തായിരിക്കും കാരണമെന്നു കഥാകൃത്ത് വിശദീകരിക്കുന്നില്ല. അത് ഈ കഥയുടെ ഒരു ടെക്നിക്കാണ്. ആ ഭാഗത്തേക്ക് കഥാകൃത്ത് ശ്രദ്ധിക്കുന്നില്ല. അതു ബോധപൂർവമാണ്. ഈ കഥ പാതി എഴുതുകയും പാതി എഴുതാതിരിക്കുകയും ചെയ്തിരിക്കുകയാണ്. എഴുതാത്ത ഭാഗത്താണ് യഥാർഥ കഥ.

ഒരു ലൈബ്രറിയിൽ പുസ്തകങ്ങളാണല്ലോ പ്രധാനം. അത് എഴുതിയവർ തമ്മിൽ ബന്ധമുണ്ടായിരിക്കണമെന്നില്ല. എന്നാൽ ചിലർക്ക് തമ്മിൽ പരിചയം കാണും. വ്യക്തികൾ തമ്മിൽ പരിചയമില്ലെങ്കിലും പുസ്തകങ്ങൾക്ക് ഒന്നിച്ചിരിക്കാം. ഓരോ ശാഖയിലെയും പുസ്തകങ്ങൾ നമ്പറിട്ട് പ്രത്യേകം സൂക്ഷിക്കുകയാണ് പതിവ്. വിവിധ വിജ്ഞാനശാഖകൾക്ക് പ്രത്യേക വിഭാഗം ഉണ്ടായിരിക്കും. ചെറുകഥകൾ ക്രമീകരിക്കുന്നത് എഴുത്തുകാരുടെ പേരിന്‍റെ അക്ഷരമാല ക്രമത്തിലായിരിക്കും. ഒരെഴുത്തുകാരന്‍റെ പേരു കണ്ടാൽ ഉറപ്പിക്കാം, അയാളുടെ ലഭ്യമായ കൃതികളെല്ലാം ആ ഭാഗത്തു തന്നെ ഉണ്ടായിരിക്കും. എഴുത്തുകാർ തമ്മിൽ പരിചയപ്പെടേണ്ട. പുസ്തകങ്ങൾ തമ്മിൽ ചേർന്നിരിക്കുന്നതിൽ സ്വാഭാവികതയാണുള്ളത്. ഒരു കഥാസമാഹാരം വായിക്കാനെടുക്കുന്നയാൾക്ക് അതു തിരികെവച്ച് മറ്റൊന്നെടുക്കാനുള്ള സാഹചര്യമുണ്ട്. അവിടെ വായനക്കാരനാണ് അധിപതി. ടോൾസ്റ്റോയിയുടെ കഥാസമാഹാരം എടുത്തു നോക്കിയശേഷം തിരികെവെച്ച് ഹെമിങ്‌വേയുടെ കഥകൾ എടുക്കാം. ഇവിടെ വായനക്കാരൻ തന്‍റെ ഇഷ്ടങ്ങൾ നടപ്പാക്കുന്ന ഏകാധിപതിയാണ്. അവിടെ എഴുത്തുകാരൻ അദൃശ്യനാണ്. അയാൾക്ക് അവിടെ യാതൊരു അധികാരവുമില്ല.

അരാജകത്വം

ഏതു വലിയ എഴുത്തുകാരനും ഒരു ലൈബ്രറിയിൽ പരീക്ഷിക്കപ്പെടും. എല്ലാ വായനക്കാർക്കും ഒരേ അഭിപ്രായമോ അഭിരുചിയോ ഇല്ലല്ലോ. എഴുത്തുകാരൻ തന്നെ തേടിവരുന്ന സമാന രുചിബോധമുള്ളവരെ കാത്തു കഴിയുകയാണ്. ഈ ലൈബ്രറിയിൽ എഴുത്തുകാർ, ആ രീതിയിൽ പരിശോധിച്ചാൽ സമ്പൂർണമായി തിരസ്കരിക്കപ്പെട്ടിരിക്കുകയാണ്. അവിടെ പുസ്തകങ്ങൾ ക്രമമായി അടുക്കിവയ്ക്കാറില്ല. ഏതു ഷെൽഫിൽ ചെന്നാലും പല ശാഖകളിൽപ്പെട്ട പുസ്തകങ്ങൾ കാണും. അതുകൊണ്ട് പ്രത്യേകം അഭിരുചിയുള്ള വായനക്കാരനു തന്‍റെ താത്പര്യമനുസരിച്ച് അവിടെച്ചെന്ന് ഇഷ്ടമുള്ള പുസ്തകങ്ങളെടുക്കാൻ കഴിയില്ല. അയാൾ തേടുന്ന പുസ്തകം എവിടെയാണുള്ളതെന്ന് ആർക്കും അറിയില്ല. തികഞ്ഞ അരാജകത്വവും കെടുകാര്യസ്ഥതയും ഉത്തരവാദിത്വരാഹിത്യവുമാണു യേശുപുരം പബ്ലിക്ക് ലൈബ്രറിയെ ചൂഴുന്നത്.

ഈ അവസ്ഥയ്ക്ക് ഒരു മാറ്റവുമില്ലെന്നു മാത്രമല്ല, അതു ദിനംപ്രതി മോശമാവുകയുമാണ്. സക്കറിയ ഈ കഥയിൽ, പ്രത്യക്ഷത്തിൽ പറയാതെ തന്നെ അർഥപരമായി സന്നിവേശിപ്പി ക്കുന്നത് സമകാലികമായ വായനയുടെ മൂല്യച്യുതിയും എഴുത്തുകാരനെ സമൂഹം തിരസ്കരിക്കുന്നതിന്‍റെ വേഗവുമാണ്. കൂടുതൽ പുസ്തകങ്ങൾ പുറത്തിറങ്ങുന്നത് ആശാവഹമായി കാണാനാകുകയില്ല. അതെല്ലാം അഭിരുചിക്ക് പുറത്തുള്ള കാര്യങ്ങളാണ്. അഭിരുചി നശിക്കുന്നതോടെ വായനക്കാരന് അകാലവാർധക്യം ബാധിക്കുകയോ അകാലമരണം സംഭവിക്കുകയോ ചെയ്യുന്നു. അവൻ സ്വയം എന്താണെന്ന് മറന്നുപോകുന്നു. എന്താണു വായിക്കേണ്ടതെന്ന കാര്യത്തിൽ നിലപാടില്ലാത്ത ഭയാനകമായ അവസ്ഥയാണ് അവന്‍റേത്. കൈയിൽ കിട്ടുന്നതും മറ്റുള്ളവർ പ്രകീർത്തിക്കുന്നതും അവാർഡുകൾ ലഭിക്കുന്നതുമായിട്ടുള്ള പുസ്തകങ്ങളാണു താൻ വായിക്കേണ്ടതെന്ന ചിന്തയിൽ എത്തിച്ചേരാൻ അവന് അധിക സമയം വേണ്ട. കുഴഞ്ഞുമറിഞ്ഞ ഒരു ലൈബ്രറിയിലെത്തുന്ന വായനക്കാരനു സകല അധികാരവും മേധാവിത്വവും നഷ്ടപ്പെടുകയാണ്. യേശുപുരം ലൈബ്രറിയിലെ വായനക്കാർക്ക് അതിജീവിക്കാനാകില്ല. പുസ്തകം തിരഞ്ഞ് അവർ അതിന്‍റെ ശൂന്യതയിൽ അലഞ്ഞുതിരിയും.

എഴുത്തുകാർ പൂർണമായി പരാജയപ്പെട്ടു. ദീർഘകാലമെടുത്ത് എഴുതിയ വലിയ പുസ്തകങ്ങളും ഓരോ ശാഖയിലേക്കും പുതുതായി എത്തിച്ചേർന്നവയും ഉടമസ്ഥനില്ലാതെ ചരിത്രത്തിന്‍റെ ഇരുട്ടറയിൽ വീണുകിടക്കുന്നു. വായനക്കാർ തിരികെ കൊണ്ടുവന്ന പുസ്തകങ്ങൾ രണ്ടു മുറികളിൽ കൂനയായി കൂട്ടിയിട്ടിരിക്കുന്നു. ആ പുസ്തകങ്ങൾ മറ്റൊരു വായനക്കാരന് എടുത്തു കൊണ്ടുപോകാനാകില്ല. ആ മുറികളിലേക്ക് ആർക്കും പ്രവേശിക്കാനാകില്ല. ഇങ്ങനെയാണു പുസ്തകങ്ങൾ നശിക്കാനുള്ള സാഹചര്യമുണ്ടായിരിക്കുന്നത്.

എല്ലാം വിൽക്കാനുള്ളതാണ്!

ചരിത്രത്തിന്‍റെയും സംസ്കാരത്തിന്‍റെയും ചിന്തയുടെയും കലയുടെയും മേഖലകളിൽ മനുഷ്യർ പ്രവർത്തിച്ചതിന്‍റെ അടയാളങ്ങളായ പുസ്തകങ്ങൾ മരിക്കുന്നതു വലിയൊരു ആപത് സൂചനയാണ്. മനുഷ്യൻ അവന്‍റെ പ്രാകൃതവും വ്യക്തിപരവും സുഖാത്മകവുമായ മുൻഗണനകൾക്കൊത്ത് സഞ്ചരിച്ച്, വെറുപ്പും കോപവും യഥേഷ്ടം സ്വാർഥതയുടെ വയലിൽ കൃഷിയിറക്കുമെന്നതിന്‍റെ സൂചനയാണത്. ഇതാണ് സക്കറിയ യേശുപുരം പബ്ലിക് ലൈബ്രറിയുടെ തകർച്ചയിലൂടെ കാണിച്ചു തരുന്നത്. കല ഏതാണ്ട് മരിച്ചു കഴിഞ്ഞു, അതു വ്യവസായത്തിനും ഉപഭോഗത്തിനു മായി രൂപാന്തരപ്പെട്ടിരിക്കുന്നു. സംസ്കാരം വാണിജ്യാടിസ്ഥാനത്തിൽ ഉപാധി മാത്രമാണ്. പുതിയ രീതിയിൽ പാചകം ചെയ്ത ഒരു കോഴിക്കറി ഇന്നു നാഗരികതയുടെയും സംസ്കാരത്തിന്‍റെയും പ്രാമാണികമായ വിപണനബിന്ദുവായി മാറ്റപ്പെടുകയാണ്. വ്യക്തികൾക്കു സഹജമായ സാംസ്കാരിക ചിഹ്നമോ പ്രാതിനിധ്യമോ ഇല്ല. അവൻ ഏതു വസ്തുവിനെ നേടുന്നു എന്നതാണ് വിപണിമൂല്യമായി തീരുന്നത്. അതു തന്നെയാണ് അവന്‍റെ സാംസ്കാരിക മൂല്യം. ഇതു സക്കറിയ അമ്പത്തഞ്ച് വർഷം മുമ്പ് ദീർഘദർശനം ചെയ്ത് എഴുതിയ കഥയാണെന്ന് ഇപ്പോൾ വായിക്കുമ്പോൾ ബോധ്യപ്പെടുന്നു. അങ്ങനെ ഇതൊരു പ്രവചനാത്മകഥയായി തീരുകയാണ്. ഈ സാഹചര്യത്തിൽ പുസ്തകങ്ങൾ എന്താണ് ചെയ്യുന്നത് ? അവ ആരെയാണ് അഭിസംബോധന ചെയ്യുന്നത് ? അതല്ലെങ്കിൽ ആർക്കുവേണ്ടിയാണ് നിലകൊള്ളുന്നത്? പ്രത്യേക അഭിരുചിയുണ്ടെന്ന് അവകാശപ്പെടുന്ന എഴുത്തുകാർ അവരുടെ കലയുടെ പതാക എവിടെ, ഏതു മനസുകളിൽ പാറിക്കും? വാസ്തവത്തിൽ വായനക്കാർ കൂട്ടത്തോടെ അഭിരുചി എന്ന താവളത്തിൻ നിന്ന് ഭ്രഷ്ടരായത് ആരെയും ചലിപ്പിക്കുന്നില്ല. പൊതുസമൂഹത്തിന്‍റെ ഗതിയിൽ അത് ഒരാലോചനയായി പോലും വരുന്നില്ല.

ഓർമകളുടെ വലിയൊരു ശേഖരം അപ്രസക്തവും ഉപയോഗശൂന്യവുമായി മാറുകയാണ്. ഓർമകൾ ഒഴിഞ്ഞുപോയിടത്തു വ്യക്തികേന്ദ്രീകൃതവും സാമ്പത്തിക ലാഭത്തിനു മാത്രം പ്രാധാന്യമുള്ളതും ഉപഭോഗസുഖത്തിൽ കേന്ദ്രീകരിക്കുന്നതുമായ പുതിയ ജീവിതായോധനം, അപ്ലൈഡ് ആർട്ട് രംഗപ്രവേഗം ചെയ്തുകഴിഞ്ഞു. ഡച്ച് പെയിന്‍റർ വാൻഗോഗിന്‍റെ ചിത്രത്തിനു കാണികളില്ലാത്തിടത്ത്, പ്രസക്തിയില്ലാത്തിടത്ത് കോഴിയെ മുഴുവനായി പൊരിച്ച് കമനീയമായി അലങ്കരിച്ചുകൊണ്ടുവരുന്നതിനു പ്രത്യേക പദവി കിട്ടുന്നു.

എന്തുകൊണ്ടായിരിക്കണം യേശുപുരം പബ്ലിക് ലൈബ്രറിയിലെ റഫറൻസ് വിഭാഗം ക്ളാർക്ക് തൂങ്ങിമരിച്ചത് ? ആളുകൾക്ക് ഉപകാരപ്പെടാത്തതും ഉപയോഗിക്കാനാകാത്തതുമായ ഒരു ലൈബ്രറിയിലെ ക്ലാർക്കായിരിക്കുന്നതും ശവമായിരിക്കുന്നതും തമ്മിൽ ഭേദമില്ലെന്ന് അയാൾ പലതവണ ചിന്തിച്ചിട്ടുണ്ടാകണം. അയാൾ ആ മുറിയിൽ വന്ന് ഹാജർ ഉറപ്പിച്ചാൽ തന്നെ അതാരും അറിയില്ലെന്നു കഥാകൃത്ത് എഴുതുന്നത് ഇതിന്‍റെ ധ്വനിയായി മനസിലാക്കണം. അയാൾ പുസ്തകങ്ങൾക്കിടയിൽ ചത്ത ഒരു പാറ്റയായിരുന്നിട്ടുണ്ടായിരിക്കും. അയാൾ നേരത്തെ തന്നെ "മരിച്ച് ' ജീവിക്കുകയായിരുന്നു. ആ മരണം അയാൾ സ്ഥിരീകരിച്ചത് ഒരു തൂങ്ങിമരണം എന്ന പ്രത്യക്ഷ ജീവിതനിഷേധത്തിലൂടെയാണെന്നു കണ്ടാൽ മതി. എന്നാൽ ഉപേക്ഷിക്കപ്പെട്ട, വിസ്മരിക്കപ്പെട്ട പുസ്തകങ്ങളുടെ കർത്താവായിരിക്കുന്നത് എഴുത്തുകാരനു അഭിമാനിക്കാൻ വക നൽകുന്നതല്ലെങ്കിലും നിരാശപ്പെടേണ്ടതില്ല. എഴുതിക്കഴിഞ്ഞതോടെ അയാൾ തന്‍റെ പടം പൊഴിച്ചു. എഴുതിയതു തിരിച്ചെടുക്കാനാകില്ലല്ലോ. പ്രമുഖ അർജന്‍റൈൻ കഥാകാരൻ ലൂയി ബോർഹസ് ഇങ്ങനെ പറഞ്ഞു: ഒരെഴുത്തുകാരൻ മരിക്കുമ്പോൾ അവർ പുസ്തകമായി മാറുന്നു; അതത്ര മോശം കാര്യമല്ല.' സക്കറിയയുടെ കഥയിലെ എഴുത്തുകാരൻ മരിക്കുന്നതായി അറിയിക്കുന്നില്ല. എന്നാൽ എഴുതുന്നവൻ കാലഹരണപ്പെട്ടെന്നും അവന്‍റെ ഉത്പന്നം അച്ചടിച്ച കടലാസുകെട്ടുകളായി ഒരു മുറിയിൽ കൂട്ടിയിട്ടിരിക്കുകയാണെന്നും പറയുന്നത് അവന്‍റെ മറ്റൊരു ജീവിതമാണ്. വാക്കുകൾ നിശബ്ദതയിൽ ജനൽ തുറന്നു ചാടി പുറത്തേക്ക് പോകുകയാണ്... അവയുടെ അവകാശികളെ തേടി നടക്കുന്നുണ്ടാവണം.

രജതരേഖകൾ

1. മമ്മൂട്ടിയുടെ തിരിച്ചുവരവും "ഭ്രമയുഗ'ത്തിനു ലഭിച്ച സംസ്ഥാന അവാർഡും ആ ചിത്രത്തിന് ഓസ്കാർ വേദിയിൽ ലഭിച്ചിരിക്കുന്ന പ്രദർശനാനുമതിയും മലയാളസിനിമയ്ക്ക് പ്രതീക്ഷ നൽകുകയാണ്. ചലച്ചിത്ര മേഖലയുടെ നിലനിൽപ്പിനു വലിയ താരങ്ങളുടെ ആവശ്യമുണ്ട്. താരങ്ങൾ ഇല്ലാതായാൽ വ്യവസായത്തിന്‍റെയും വിനോദത്തിന്‍റെയും അധികമൂല്യം നഷ്ടപ്പെടും.

2. കടുത്ത നിരാശയിൽപ്പെട്ടു കഷ്ടപ്പെടുന്ന ഒരുവന്‍റെ വാക്കുകളാണ് "തിരിച്ചുപോകുന്നവർ' (ഗ്രന്ഥാലോകം,നവംബർ) എന്ന കവിതയിൽ ശശി മാവിൻമൂട് ആവിഷ്കരിക്കുന്നത്. ജീവിതത്തിൽ പ്രതീക്ഷതരുന്ന യാതൊന്നുമില്ലെന്നു കവി വിളിച്ചുപറയുകയാണ്.

"കിനാവും കണ്ണീരും കുടിച്ചുതീർക്കുവാൻ

കഴിയാതെ ഞാനോ കുഴങ്ങുന്നു.

ഒരുതരിവെട്ടമെനിക്ക് ചുറ്റുമില്ല - നന്തമായിരുൾ പരക്കുന്നു.

പുതിയ കാലത്തിൻ പടികൾ കേറി ഞാനിരുണ്ട ഗോളത്തിലൊളിക്കുന്നു.'

എന്നാൽ നിരാശ ബാധിച്ച മനസോടെ നോക്കിയാൽ ജീവിക്കാനേ കഴിയില്ല. യൗവനം നിരാശയില്ലാത്ത കാലമാണ്. ചുഴിഞ്ഞു നോക്കിയാൽ ചിലപ്പോൾ നിരാശ കാണും. കവിതയ്ക്കും യൗവനം വേണം. ഈ കവിതയ്ക്ക് വല്ലാതെ വയസായിരിക്കുന്നു. ജീവിതം ചവച്ചരച്ചു കഴിച്ചശേഷം പിന്നീട് ഒന്നും ലഭിക്കുന്നില്ലെന്നു അറിയുമ്പോഴുള്ള നൈരാശ്യം കവിതയിൽ കൊണ്ടുവന്നാൽ വിരസമായിരിക്കും ഫലം. വയസായ കവിതകളിൽ നിന്നു മോചനം കിട്ടേണ്ടതുണ്ട്.

3. ആർക്കും പരിഹരിക്കാൻ കഴിയാത്ത യുദ്ധങ്ങൾ ഇപ്പോഴുമുണ്ടാകുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും പ്രത്യയശാസ്ത്രപരമായ പീഡകൾ ഒഴിവാക്കാനാവുന്നില്ല. ദൈവം എല്ലായിടത്തുമുണ്ടെന്നു പറഞ്ഞ പുരോഹിതന്മാരും പണ്ഡിതന്മാരും എവിടെയാണ്?

4. മലയാള വിമർശന രംഗത്ത് അമ്പത് വർഷം പൂർത്തിയാക്കിയ കെ.എസ്. രവികുമാറിന്‍റെ സംഭാവനകളെ വിലയിരുത്തുന്ന പുസ്തകമാണ് "കഥയുടെ സഹയാത്രികൻ'(കറണ്ട് ബുക്സ്) എം.ടി., അടൂർ ഗോപാലകൃഷ്ണൻ തുടങ്ങിയവർ എഴുതിയ ലേഖനങ്ങളും രവികുമാറുമായുള്ള അഭിമുഖവുമാണ് പുസ്തകത്തിന്‍റെ ഉള്ളടക്കം. മാങ്ങാട് രത്നാകരൻ, സി. അനൂപ് എന്നിവരാണ് ഈ പുസ്തകം എഡിറ്റ് ചെയ്തത്. യൂണിവേഴ്സിറ്റി പ്രൊഫസറായിരുന്ന രവികുമാറിന്‍റെ ചിന്തകളെ നിയന്ത്രിക്കുന്നതു താൻ പിന്നിട്ട ക്ലാസ്മുറി ജീവിതവും കലാശാലയിലെ ശിക്ഷണത്തിന്‍റെ അടിസ്ഥാനത്തിലുള്ള ആശയങ്ങളുമാണ്.

5. സ്വന്തം അധ്വാനത്തിൽ വളർന്ന സംവിധായകനാണ് ഡോ. ബിജു. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട വീട്ടിലേക്കുള്ള വഴി, സൗണ്ട് ഒഫ് സൈലൻസ്, വെയിൽമരങ്ങൾ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ബിജുവിന്‍റെ ഒരു കവർസ്റ്റോറി നമ്മുടെ മുൻനിര സാഹിത്യ, കലാപ്രസിദ്ധീകരണങ്ങളിൽ വരാത്തത് ഈ രംഗത്ത് നിലവിലിരിക്കുന്ന സാംസ്കാരിക കാപട്യത്തെ തുറന്നുകാട്ടുന്നുണ്ട്.

6. ജർമൻ എഴുത്തുകാരൻ ഡബ്ലിയു.ജി. സെബാൾഡിന്‍റെ "സൈലന്‍റ് കറ്റാസ്ട്രോഫ്സ്' എന്ന ലേഖന സമാഹാരത്തെക്കുറിച്ചു വൈക്കം മുരളിയും ലെബനീസ് നോവലിസ്റ്റ് ഏലിയാസ് ഖൗരിയുടെ "സ്റ്റാർ ഓഫ് ദ് സി' എന്ന നോവലിനെക്കുറിച്ച് സുരേഷ് എം.ജിയും എഴുതിയ ലേഖനങ്ങൾ ("മൂല്യശ്രുതി'യിൽ, ഒക്റ്റോബർ)വായിക്കാം. രണ്ട് പാശ്ചാത്യ എഴുത്തുകാരെക്കുറിച്ചും അവരുടെ മനോഭാവ, ഭാവുകത്വവ്യതിയാനത്തെക്കുറിച്ചും പൊതുവായ വിവരങ്ങൾ നൽകുന്നതിൽ ലേഖകർ വിജയിച്ചിരിക്കുന്നു. പാശ്ചാത്യസാഹിത്യത്തിൽ കാമ്പുള്ളതെന്ന് വിവരിക്കപ്പെടുന്ന കൃതികൾക്ക് ആശയപരവും പ്രമേയപരവുമായ ആധുനികത്ക്കരണം, പുതുക്കൽ ഉണ്ടായിരിക്കും. ഒരേ ചാലിൽ കറങ്ങുന്ന സാഹിത്യസംരംഭങ്ങളെ ഗൗരവമേറിയ സാഹിത്യചർച്ചകളിൽ നിന്ന് ഒഴിവാക്കുകയാണ് അവിടെ വിമർശകർ ചെയ്യാറുള്ളത്.

7. ടി.പി.വേണുഗോപാലന്‍റെ "നായും പുലിയും കളി'(മാതൃഭൂമി ആഴ്ചപ്പതിപ്പ്, നവംബർ 9)പത്രഭാഷയിൽ എഴുതപ്പെട്ടതാണ്. ഭാഷയെ നവീകരിക്കുക, പുതിയ ഇടങ്ങളിലേക്ക് വ്യാപിപ്പിക്കുക തുടങ്ങിയ ചുമതലുകൾ കൂടി കഥാകൃത്തിനുണ്ട്.

8. ഇത്തവണ വയലാർ അവാർഡ് കൊടുക്കാൻ മുൻകാലങ്ങളിൽ പ്രസ്തുത അവാർഡ് കിട്ടിയവരെയെല്ലാം വേദിയിലേക്ക് തള്ളിക്കയറ്റുന്നതു കണ്ടു. അവാർഡ് എങ്ങനെ ഒരു സ്ഥാപനമാകുന്നുവെന്നും പിന്നീട് എങ്ങനെ നാടുവാഴിത്ത ചിന്താശൂന്യതയിലേക്കു അധഃപതിക്കുന്നുവെന്നും തെളിയിക്കുന്ന സംഭവമാണിത്. അവാർഡ് നേടിയവർക്ക് അതിൽ വിശ്വാസം പോരാഞ്ഞിട്ട്, അതിന്‍റെ പേരിലുള്ള ഖ്യാതി മതിയായില്ല എന്ന് തോന്നിയിട്ട് പുതിയ അവാർഡ് ജേതാവിനൊപ്പം നിൽക്കാൻ കാണിച്ച ആ "ധീരത'യുണ്ടല്ലോ അത് വളരെ പരിഹാസ്യമാണ്. ആളുകൾ മറന്നു കളഞ്ഞ എഴുത്തുകാരെ വീണ്ടും ഓർമിപ്പിക്കാനും ഇവർ ഏതോ പ്രത്യേക കുലമാണെന്ന് തെറ്റിദ്ധരിപ്പിക്കാനുമാണ് അവാർഡ് ട്രസ്റ്റ് ഇതിനു മുതിർന്നതെന്ന് കാണാവുന്നതാണ്. ചിന്തകൾക്ക് നാശം സംഭവിച്ചിരിക്കുന്നു.

mkharikumar33@gmail.com | 9995312097

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com