ഗ്രേറ്റ തൂൻബർഗ്: ഭൂമിയുടെ അവകാശി
ഗ്രേറ്റ തൂൻബെർഗ്

ഗ്രേറ്റ തൂൻബർഗ്: ഭൂമിയുടെ അവകാശി

ഗ്രേറ്റ എന്ന ആ കുട്ടി നമ്മുടെ വിശ്വസാഹോദര്യത്തിന്‍റെ, പ്രകൃതിയുടെ, ലോകസംരക്ഷകഭാവത്തിന്‍റെ മുഴുവൻ ചേതനയും ഉത്തരവാദിത്തവും ആവാഹിച്ചവളാണ്

അക്ഷരജാലകം | എം.കെ. ഹരികുമാർ

കഴിഞ്ഞ ഏതാനും വർഷങ്ങളായി പലരും എന്നോട് ചോദിക്കാറുണ്ട്, ലോക രാഷ്‌ട്രീയരംഗത്തും ഐക്യരാഷ്‌ട്രസഭയുടെ രാഷ്‌ട്രീയ ചർച്ചകളിലും കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളെപ്പറ്റി ഭ്രാന്ത് പിടിച്ച ആത്മാർഥതയോടെ പ്രസംഗിക്കുകയും പ്രതികരിക്കുകയും ചെയ്തു ഏവരുടെയും പ്രശംസയ്ക്ക് പാത്രമായ സ്വീഡിഷ് കൗമാരക്കാരി ഗ്രേറ്റ തൂൻബർഗിനെക്കുറിച്ച് എന്താണ് എഴുതാത്തതെന്ന്! വാസ്തവത്തിൽ ഞാനത് ആലോചിക്കാറുണ്ടായിരുന്നെങ്കിലും എഴുതാൻ ശക്തി പോരെന്ന് തോന്നുകയായിരുന്നു. ഗ്രേറ്റ എന്ന ആ കുട്ടി നമ്മുടെ വിശ്വസാഹോദര്യത്തിന്‍റെ, പ്രകൃതിയുടെ, ലോകസംരക്ഷകഭാവത്തിന്‍റെ മുഴുവൻ ചേതനയും ഉത്തരവാദിത്തവും ആവാഹിച്ചവളാണ്. അവൾ എത്ര വേദനയോടെ, ഉള്ളിൽ തട്ടിയാണ് പ്രസംഗിക്കുന്നത്! പറയുന്ന വാക്കുകൾ ഉള്ളിൽ നിന്ന് കരിങ്കൽ ഭിത്തികൾ ഭേദിച്ച് പുറത്തു വരുന്ന ഉറവ പോലെ ശുദ്ധമാണ്.

വെറും എട്ടു വയസുള്ളപ്പോൾ കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ച് അതിന്‍റെ ഭവിഷ്യത്തിനെക്കുറിച്ച് അറിഞ്ഞതോടെ അവളുടെ സ്വഭാവത്തിൽ തന്നെ മാറ്റം വന്നുവെന്നാണ് മാതാപിതാക്കൾ പറഞ്ഞത്. ആ കാര്യങ്ങൾ അവളെ നിരാശയിലാഴ്ത്തി. പതിനൊന്ന് വയസായപ്പോഴേക്കും അവൾക്ക് സംസാരിക്കാനും ഭക്ഷണം കഴിക്കാനും താല്പര്യമില്ലാതായി. ഇത് ആസ്പർജർ സിൻഡ്രം (കുറച്ചു മാത്രം സംസാരിക്കുക, ഒരു വിഷയത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക) എന്ന രോഗമാണെന്ന് കണ്ടെത്തുന്നതിനിടയാക്കി.

വാക്കുകളുടെ വലിയ ലോകം

സംസാരിക്കുമ്പോൾ അവൾക്ക് ബുദ്ധിപരമായി സൂക്ഷ്മതയുണ്ട്. പ്രായത്തേക്കാൾ ഗൗരവമാണ്. വിഷയത്തോടാണ് കൂറ്. അവൾ പറയുന്ന വാക്കുകൾ അവളെക്കാൾ വലിയ ലോകമാണ് സൃഷ്ടിക്കുന്നത്. അവൾ അചഞ്ചലമായ പോരാട്ടവീഥിയിലാണ്. പരിസ്ഥിതി നശീകരണത്തിനെതിരെ അവൾ സ്കൂൾ കാലം മുതൽ പ്രതിഷേധിച്ചിട്ടുണ്ട്. ഓട്ടിസത്തിനു സമാനമായ രോഗാവസ്ഥയുണ്ടായിട്ടും അവൾ അതിനെ സർഗാത്മകമായി പ്രതിരോധിച്ചത് ഒരു ലോകദുരന്തത്തെ ഒഴിവാക്കുന്നതിനുള്ള സമരങ്ങളിൽ പങ്കാളിയായിക്കൊണ്ടാണ്.

'ജനങ്ങളാണ് കഷ്ടപ്പെടുന്നത്. അവരാണ് മരിക്കുന്നത്. നിങ്ങൾ എന്‍റെ സ്വപ്നങ്ങൾ തകർത്തു. ശൂന്യമായ വാക്കുകൾ കൊണ്ട് പരിസ്ഥിതിവ്യവസ്ഥയെ നിങ്ങൾ നശിപ്പിച്ചു. എന്നിട്ടും നിങ്ങൾ സാമ്പത്തിക വളർച്ചയെക്കുറിച്ച് പറയുന്നു. നിങ്ങൾക്ക് എങ്ങനെ ഇതിനു കഴിയുന്നു? ഞങ്ങൾ വംശീയമായ നാശത്തിന്‍റെ വക്കത്താണ്. എന്നിട്ടും നിങ്ങൾ പണത്തെക്കുറിച്ച് പറയുന്നു. 30 വർഷമായി ശാസ്ത്രം കൃത്യമായി കാർബൺ ബഹിർഗമനത്തിന്‍റെ ദൂഷ്യഫലങ്ങളെക്കുറിച്ച് വിവരം നൽകുന്നുണ്ട്. എന്നിട്ടും നിങ്ങൾക്ക് എങ്ങനെ ധൈര്യമുണ്ടായി എല്ലാം ഭദ്രമാണെന്ന് പറയാൻ?'- ഐക്യരാഷ്‌ട്രസഭയുടെ കാലാവസ്ഥാവ്യതിയാന ഉച്ചകോടിയിൽ രാഷ്‌ട്രനേതാക്കളെ വിമർശിച്ച് ഗ്രേറ്റ നിർവ്വഹിച്ച വികാരനിർഭരമായ പ്രസംഗത്തിലെ വാക്കുകളാണിത്. ഈ പ്രസംഗത്തിൽ തന്നെ ഗ്രേറ്റ രൂക്ഷമായി ഇങ്ങനെ പ്രതികരിക്കുന്നു: 'നിങ്ങൾ ഞങ്ങളെ പരാജയപ്പെടുത്തുകയാണ്. പക്ഷേ, യുവജനങ്ങൾക്ക് നിങ്ങളുടെ വഞ്ചനയെക്കുറിച്ച് അറിയാം. മുഴുവൻ ഭാവിതലമുറകളുടെയും കണ്ണുകൾ നിങ്ങൾക്ക് മേലുണ്ടെന്ന് ഓർക്കുക. നിങ്ങൾ ഞങ്ങളെ പരാജയപ്പെടുത്താൻ നോക്കിയാൽ ഞങ്ങൾ ഒരിക്കലും മാപ്പ് തരികയില്ല. '

ഇന്ന് ഇരുപത്തിയൊന്ന് വയസുള്ള ഒരു കുട്ടിയാണ് ഗ്രേറ്റ. അവൾ ഈ ഭൂമുഖത്തെ മനുഷ്യർക്ക് വേണ്ടി പോരാടുകയാണെന്ന് ഓർക്കണം. അവൾ ക്ഷോഭിക്കുന്നത് രാഷ്‌ട്രത്തലവന്മാരോട് മാത്രമല്ല തീരുമാനങ്ങളെടുക്കാൻ ശക്തിയുള്ള മുഴുവൻ ഭരണകർത്താക്കളോടുമാണ്. ഫയലുകളുടെയും നൂലാമാലകളുടെയും കെണിയിൽ നിന്ന് ഉയർന്നു വന്ന് ലോകത്തെ അൽപ്പം ഒന്ന് കാരുണ്യത്തോടെ നോക്കാൻ ഗ്രേറ്റ പറയുന്നു.

മൃഗങ്ങളെ കൊന്ന് ഒന്നും വേണ്ട

കാലമാണ് ഗ്രേറ്റയെ സൃഷ്ടിക്കുന്നത്. നാലുവർഷത്തിലേറെയായി അവളെ ലോകരാഷ്‌ട്രങ്ങൾ ശ്രദ്ധിക്കുന്നു. അവളെ അവർ ഭയപ്പെടുന്നു. തെറ്റായ വികസന സങ്കല്പങ്ങൾ എങ്ങനെ മനുഷ്യവിരുദ്ധമായി നിലനിൽക്കുന്നു എന്ന യാഥാർഥ്യത്തെ തുറന്നു കാണിക്കുകയാണ് അവൾ ചെയ്തത്.

അവൾ ലോകജനതയ്ക്ക് മുന്നിൽ ചോദ്യങ്ങളുയർത്തുന്നു. മൃഗങ്ങളെ കൊന്ന് നിർമ്മിക്കുന്ന ഒരു വസ്തുവും താൻ ഉപയോഗിക്കുകയില്ലെന്നും അത് പ്രകൃതിക്ക് എതിരാണെന്നും ഇളം പ്രായത്തിൽ ഒരാദർശമായി വിളിച്ചു പറഞ്ഞ ഈ പെൺകുട്ടി നവീന കാലത്ത് അഹിംസയുടെ തത്ത്വമാണ് വിളംബരം ചെയ്യുന്നത്.

ഗ്രേറ്റയെക്കുറിച്ച്, എന്തുകൊണ്ടോ, മലയാളസാഹിത്യത്തിൽ കാര്യമായി ഒന്നും എഴുതപ്പെട്ടിട്ടില്ല. 'ഒരു മാറ്റം കൊണ്ടുവരാൻ ആരുടെയും വലിപ്പക്കുറവ് ഒരു പ്രശ്നമല്ല' എന്ന പുസ്തകം ഗ്രേറ്റയുടെ പ്രസംഗങ്ങളുടെ സമാഹാരമാണ്. ലോകനന്മയ്ക്കായി പൊരുതുന്ന ഗ്രേറ്റയെ ലോകം സമ്മാനങ്ങൾ കൊണ്ട് പൊതിയുകയാണ്. അവളുടെ പ്രഭാഷണങ്ങൾ പുസ്തകമാക്കിയും പ്രചരിപ്പിച്ചും ലോകം ആഘോഷിക്കുന്നു. എത്ര പുരസ്കാരങ്ങളാണ് അവൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. 2019 ൽ ഗ്രേറ്റയ്ക്ക് റേച്ചൽ കാഴ്സൺ (1907-1964) സമ്മാനം ലഭിച്ചു. അമെരിക്കൻ മറൈൻ ബയോളജിസ്റ്റായ റേച്ചൽ കാഴ്സൺ എഴുതിയ 'സൈലന്‍റ് സ്പ്രിങ്' ലോക പരിസ്ഥിതിപ്രേമികളുടെ കൈപ്പുസ്തകമാണ്. അവർ സമുദ്രത്തെക്കുറിച്ച് എഴുതിയ മൂന്ന് പുസ്തകങ്ങൾ -അണ്ടർ ദ് സീ- വിൻഡ്, ദ് സി എറൗണ്ട് അസ്, ദ് എഡ്ജ് ഓഫ് ദ് സീ - ലോകത്തിന്‍റെ അപൂർവമായ ഒരു നേട്ടമാണ്. മൂന്നുവർഷമായി ഗ്രേറ്റ നോബൽ സമാധാനസമ്മാനത്തിന് നാമനിർദേശം ചെയ്യപ്പെടുന്നു. 2019 ൽ ഗ്രേറ്റ സ്വീഡിഷ് വുമൻ ഓഫ് ദ് ഇയർ ആയിരുന്നു. ടൈം പേഴ്സൻ ഓഫ് ദ് ഇയർ (2019), ആംനസ്റ്റി ഇന്‍റർനാഷണലിന്‍റെ അംബാസിഡർ ഓഫ് കോൺഷ്യൻസ് അവാർഡ്, റൈറ്റ് ലൈവിലിഹുഡ് അവാർഡ്, ഇന്‍റർനാഷണൽ ചിൽഡ്രൻസ് ഫീസ് പ്രൈസ് തുടങ്ങിയവ ചില ആദരവുകൾ മാത്രം.

ഗ്രേറ്റ മലയാള കഥയിൽ

എന്നാൽ മലയാളസാഹിത്യത്തിൽ ഗ്രെറ്റ ഒരു വിഷയമായിരുന്നില്ല. എന്‍റെ ഈ വഴിക്കുള്ള അന്വേഷണമാണ് കെ. പി. രാമനുണ്ണിയുടെ 'എനക്ക് ഗ്രേറ്റേച്ചിയെ കാണണേയ്'(ദേശാഭിമാനി വാരിക, ഡിസംബർ 24, 2023) എന്ന കഥയിൽ എത്തിച്ചത്. ഞാനിത് വായിച്ചിരുന്നില്ല. ഒരു സുഹൃത്ത് അയച്ചു തരികയായിരുന്നു. ഞാൻ ആർത്തിയോടെ വായിച്ചു. ഒരു സ്വീഡിഷ് പെൺകുട്ടിയെപ്പറ്റി, ഭൂമിയിലെ ഈ മാലാഖയെപ്പറ്റി ആയിരം നാവുമായി ഒരു കഥാകൃത്ത് എഴുതിയത് കണ്ടപ്പോൾ വികാരവിവശനായി. ഗ്രേറ്റ നമ്മെ നയിക്കും എന്ന് പറയാൻ തോന്നി. പ്രായമായ നമ്മുടെ ലോകത്തിന് ഗ്രേറ്റയുടെ യൗവനം വേണം. ഗ്രേറ്റ ഒരു നക്ഷത്രമാണ്. അവൾക്ക് ശോഭയുണ്ട്. രാമനുണ്ണിയുടെ കഥയിൽ ഗ്രേറ്റയെ ഭൂമിയിലെ ലാവണ്യത്തിന്‍റെ രോമാഞ്ചമായി അവതരിപ്പിക്കുകയാണ്. അങ്ങനെ തന്നെ വേണം. നമുക്ക് നഷ്ടപ്പെട്ടതെന്തോ തേടിപ്പിടിക്കാൻ നമ്മെ അവൾ പ്രേരിപ്പിക്കുന്നു. വയനാട് കമ്പളക്കാട് പട്ടണത്തിൽ ഗ്രേറ്റയെ പോലെ പരിസ്ഥിതിക്ക് വേണ്ടി പോരാടുന്ന, സ്കൂളിന്‍റെ മുന്നിൽ നിരാഹാരം അനുഷ്ഠിക്കുന്ന കബനി എന്ന പെൺകുട്ടിയിലൂടെയാണ് കഥാകൃത്ത് ഗ്രേറ്റയിലേക്ക് നമ്മെ കൊണ്ടുപോകുന്നത്. പനിബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കിടക്കുന്ന കബനി ഞെട്ടിയുണർന്ന് ആവശ്യപ്പെടുകയാണ് തനിക്ക് ഗ്രേറ്റയെ കാണണമെന്ന്. അവൾ നിലവിളിക്കുകയാണ്. ഗ്രേറ്റയെ വിവരമറിയിച്ചു. അവൾ പെട്ടെന്ന് തന്നെ കോഴിക്കോട് എത്തുകയാണ്. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങി കബനി, ഗ്രേറ്റയോടൊപ്പം, തന്‍റെ ഗ്രാമത്തിലേക്ക് പോവുകയാണ്. അവർ പോകുന്ന വഴിയെല്ലാം ഭൂമി സ്വർഗമായി മാറുന്നു, മുമ്പൊരിക്കലും അനുഭവിക്കാത്ത വിധം.

ഈ നാട് എത്ര മനോഹരം

'പാതയോരം മുഴുക്കെ പുഷ്പിണികളായ പനിനീർച്ചെടികൾ, തലയാട്ടുന്ന സൂര്യകാന്തിപ്പൂക്കൾ, ചിരിക്കുന്ന ചെണ്ടുമല്ലികൾ, ചന്ദ്രമുഖികളായ കുസുമങ്ങൾ, പടർന്നു പന്തലിച്ച ആൽമരങ്ങൾ, ചക്ക നിറഞ്ഞ വരിക്കപ്ളാവുകൾ, മാങ്ങ മുറ്റിയ ആകാശമാവുകൾ, ദൂരെ ദൂരെ പച്ചപിടിച്ച തെയിലക്കാടുകളും കറുത്തിരുണ്ട കാപ്പിത്തോട്ടങ്ങളും. വഴിയിൽ വീണ്ടും ചാടിമറിയുന്ന വാനരന്മാർ, പരസ്പരം പേൻ നോക്കുന്ന അമ്മക്കുരങ്ങന്മാർ, ഹനുമാൻ ധ്യാനം നടത്തുന്ന തന്തക്കുരങ്ങന്മാർ, അങ്ങിങ്ങു നൃത്തം ചവിട്ടുന്ന മയിലുകൾ, പൊന്തക്കാടുകളിൽ പതുങ്ങുന്ന മുയലുകൾ, മരക്കൊമ്പിൽ കാറുന്ന കാക്കകൾ, നിർത്താതെ മൂളുന്ന മൂങ്ങകൾ, വായുമണ്ഡലത്തിൽ പെയിന്‍റിങ് പരിശീലിക്കുന്ന പൂമ്പാറ്റകൾ... എത്ര മനോഹരമാണ് നമ്മുടെ നാട്! അത് ഗ്രേറ്റ നേരിട്ടനുഭവിക്കുകയാണ്.

പ്രമുഖ പോർച്ചുഗീസ് കവി ഫെർനാണ്ടോ പെസോവയുടെ ഒരു കവിതയിൽ പറയുന്നുണ്ട് തന്‍റെ വീടിനു അടുത്തുണ്ടായിരുന്ന പാറകളും മരങ്ങളും നദിയും ഒരു ദിവസം പെട്ടെന്ന് തന്‍റെ ദൃഷ്ടിയിൽപ്പെട്ടെന്ന്! അതുവരെ അടുത്ത് കൂടിയാണ് പോയിരുന്നത്. എന്നാൽ അത് മനസിൽ പതിഞ്ഞില്ല. അതിനു ജ്ഞാനദൃഷ്ടി വേണം. നമ്മൾ കാണുന്നത് പല തരത്തിലാണ്. സത്യജിത് റായിയുടെ കാഴ്ചയാണിത്. സൂക്ഷ്മമായ കാഴ്ചയാണ്. രാമനുണ്ണി ആ കാഴ്ചയാണ് ഗ്രേറ്റക്ക് വേണ്ടി ഒരുക്കിയത്. അത് നമ്മുടെ അനുഭവങ്ങളെ മനോഹരമാക്കി. എന്നുപറഞ്ഞാൽ ഗ്രേറ്റ വെറുമൊരു വ്യക്തിയല്ല ;അവൾ പ്രകൃതിയുടെ സാന്നിധ്യമാണ്. അവൾ നമ്മളിലേക്ക് കൊണ്ടുവരുന്നത് അവബോധമാണ്, ഭാവിയാണ്, അറിവാണ് അനുഭൂതിയാണ്. നമ്മളിൽ ഉപേക്ഷിക്കപ്പെട്ട നല്ല ചിന്തകളെ, ബോധ്യങ്ങളെ, കാഴ്ചകളെ ഗ്രേറ്റ വേർതിരിച്ചെടുത്തു തരുന്നു. പ്രകൃതി ഓരോ കാലത്ത് ആവശ്യത്തിനുവേണ്ടി വ്യക്തികളെ സൃഷ്ടിക്കുകയാണെന്ന് തോന്നുന്നു, നന്മയ്ക്ക് വേണ്ടിയും തിന്മയ്ക്ക് വേണ്ടിയും.

ഉത്തരരേഖകൾ

1) മാതൃഭൂമി ആഴ്ചപ്പതിപ്പ് വിഷുപ്പതിപ്പ് സാഹിത്യമത്സരങ്ങളിലെ വിജയികളുടെ കഥകളും കവിതകളും വായിച്ചോ?

ഉത്തരം: ഇക്കാര്യത്തിൽ സത്യം പറയുന്നതാണ് നല്ലതെന്ന് തോന്നുന്നു. സാഹിത്യകൃതികളുടെ മൂല്യം കണ്ടുപിടിക്കാൻ കഴിവുള്ളവർ ഇന്ന് മലയാളസാഹിത്യത്തിൽ വിരളമാണെന്ന് പറയട്ടെ. കഥയ്ക്കോ കവിതയ്ക്കോ മാർക്കിടാൻ ജഡ്ജിമാരെ വയ്ക്കാതിരിക്കുകയാണ് നല്ലത്. ഒരു കഥാകൃത്തിന്‍റെ കഥ വായിച്ചാലറിയാം അയാൾക്ക് കഥയിലും ജീവിതത്തിലും എത്രമാത്രം ആഴത്തിൽ കാര്യങ്ങൾ ഗ്രഹിക്കാനാകുമെന്ന്. അതുകൊണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പ് തന്നെ കൃതികൾ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. അവിടെ പത്രാധിപന്മാരുണ്ടല്ലോ. പക്ഷപാതവും ക്ലീഷേയും വക്രബുദ്ധിയും ഒഴിവായി കിട്ടും. ഈ മത്സരത്തിൽ ഇന്നത്തെ നിലയ്ക്ക് ഉന്നതം എന്ന് പറയാവുന്ന രചനകളൊന്നും കണ്ടില്ല.

2) യാത്രാനുഭവങ്ങളെ എങ്ങനെയാണ് കാണുന്നത്?

ഉത്തരം: യാത്ര പോകുന്നവർ എഴുതണം. ഒരിക്കലും യാത്ര പോകാൻ കഴിയാത്തവരുണ്ട്. വീട്ടുകാരെ തനിച്ചാക്കി എങ്ങനെ യാത്ര പോകും?

സി. അനൂപ് എഴുതിയ 'തണുപ്പ്, ഒട്ടകം, മരുഭൂമി'(ഗ്രന്ഥാലോകം, ഏപ്രിൽ) ഒരു നല്ല കഥ വായിക്കുന്നതു പോലെ രസകരമായിരുന്നു. ജീവിതാനുഭവങ്ങളിലേക്ക് ഏകാന്ത സഞ്ചാരപഥങ്ങൾ വെട്ടി ലോകനിരീക്ഷണം നടത്തുകയാണ് അനൂപ്. ജയ്സാൽമ റിനെക്കുറിച്ചാണ് എഴുതിയിരിക്കുന്നത്. അസാമാന്യമായ നിരീക്ഷണങ്ങളും അറിവുകളുമാണ് അനൂപ് ശേഖരിക്കുന്നത്. നക്ഷത്രം ഇങ്ങനെ പറയുന്നതായി ലേഖകൻ എഴുതുന്നു: 'നീ കണ്ടത് മാത്രമല്ല ജയ്സാൽമീർ. കാണാത്ത അത്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന അത്ഭുതനഗരമാണ് ഇവിടം. ഇനിയും നീ ഇതുവഴി വരും. അന്നും ഈ ആകാശപഥങ്ങളിലൊരിടത്ത് നിന്നെ കാത്തു ഞാൻ മിന്നി മിന്നി നിൽക്കുന്നുണ്ടാവും. '

3) കുമാരനാശാന്‍റെ ചരമശതാബ്ദിയാണ് കടന്നുപോകുന്നത്. ആശാനെക്കുറിച്ച് സമീപകാലത്ത് വന്ന നല്ല ലേഖനം ഏതാണ്?

ഉത്തരം: ആശാനും ബുദ്ധനും തമ്മിലെന്ത് (മാതൃഭൂമി ആഴ്ചപ്പതിപ്പ്, ഏപ്രിൽ 28) എന്ന പേരിൽ കെ. എം. നരേന്ദ്രൻ എഴുതിയത് വഴിതിരിച്ചുവിടുന്ന ഒരു പ്രത്യേക ലേഖനമാണ്. കുമാരനാശാൻ എന്തു കൊണ്ട് ബുദ്ധമതത്തോട് വിയോജിച്ചു എന്ന് ഇതിൽ നരേന്ദ്രൻ പ്രതിപാദിക്കുന്നുണ്ട്. ഇത് മനസിലാക്കാതെയാണ് ചിലർ ഇപ്പോഴും ആശാനെ ബുദ്ധമതവിശ്വാസിയായി വിലയിരുത്തി കൊണ്ടിരിക്കുന്നത്. എന്നാൽ ലേഖനത്തിന്‍റെ ഒടുവിൽ 'കരുണ'യിൽ ഉപഗുപ്തന്‍റെ സ്നേഹസ്പർശത്താൽ വാസവദത്തയിലെ ചൈതന്യം പ്രകാശിച്ചു എന്ന് വിശദീകരിക്കുന്നതിനോട് യോജിക്കുന്നില്ല. ഉപഗുപ്തനു ആരോടും സ്നേഹമില്ലായിരുന്നുവല്ലോ.

4) സാഹിത്യസംസ്കാരം അലസമായ വായനയ്ക്കോ അഗാധമായ വായനയ്ക്കോ ?

ഉത്തരം: മനോഭാവം അനുസരിച്ചിരിക്കും. എന്തിനാണ് സാഹിത്യകൃതികൾ വായിച്ച്‌ അതിലെ നിഗൂഢരഹസ്യങ്ങൾ മനസിലാക്കാൻ ശ്രമിക്കുന്നത്, അത് അധികഭാരമല്ലേ എന്ന് ഒരു സർക്കാർ സാഹിത്യക്യാമ്പിൽ അദ്ധ്യാപികയായ ഒരംഗം ചോദിച്ചത് ഓർക്കുകയാണ്. എന്നാൽ നമ്മുടെ മനസിന്‍റെ ചക്രവാളം വികസിച്ചാൽ എന്താണ് ദോഷം? കിണറ്റിലെ തവളയായിരിക്കുന്നതാണോ സുഖം? സംഗീതനാടക അക്കാദമിയുടെ അന്താരാഷ്‌ട്ര നാടകോത്സവത്തിൽ അവതരിപ്പിച്ച ടുണീഷ്യൻ നാടകമായ 'ലീഫോ'യെക്കുറിച്ച് കഥാകൃത്ത് ഉദയശങ്കർ എഴുതിയ 'ഖലിൽ ജിബ്രാന്‍റെ നിഗൂഢ ഉടൽസ്വരങ്ങൾ (കലാപൂര്‍ണ, മാർച്ച്) നന്നായി ആസ്വദിച്ചു എന്നു പറയട്ടെ. ടുണീഷ്യയിലെ തൗഫീഖ് ജബാലി സംവിധാനം ചെയ്ത ഈ നാടകം അറുപത് മിനിറ്റ് ദൈർഘ്യമുള്ളതാണ്. 'തൗഫീക്ക് ജബാലി നാടകത്തിൽ നിഗൂഢമായ പ്രണയത്തെ മുന്നോട്ടുവയ്ക്കുന്നു. സ്നേഹിച്ച് സ്നേഹിച്ച് ദൈവത്തെ അറിയുക എന്ന ദർവീശ് തത്ത്വത്തെ പ്രകാശപൂരിതമാക്കുന്നു'- ലേഖകൻ എഴുതുന്നു. ലബനീസ്- അമെരിക്കൻ കവി ഖലിൽ ജിബ്രാന്‍റെ 'പ്രവാചകൻ' എന്ന കൃതിയുടെ ആവിഷ്കാരമാണ് നാടകം. 'പരാഗങ്ങളുടെ ഹൃദയങ്ങളോടെ പാടുന്ന വിഷാദികൾ എത്ര വിശുദ്ധരാണ്. പ്രണയത്തിനു വേണ്ടിയല്ലായിരുന്നു നിന്‍റെ മനസെങ്കിൽ ആ മനസ് ഒരു ശവക്കല്ലറയാകുന്നു' എന്ന് ലേഖകൻ അടിവരയിടുന്നു.

Trending

No stories found.

Latest News

No stories found.