ഗുൽമാർഗ്: വിരഹം വിതുമ്പുന്ന താഴ്‌വര

മഞ്ഞുകാലത്തെ ഗുൽമാർഗിന്‍റെ സൗന്ദര്യം ഒരുകാലത്ത് സാഹസികർക്കു മാത്രം പ്രാപ്തമായിരുന്നു. നാലോ അഞ്ച് ദിവസമെടുത്ത് നടന്നു കയറേണ്ടിയിരുന്ന ഹിമശൃംഗങ്ങളിലേക്ക് ഇപ്പോൾ കേബിൾ കാറിൽ 25 മിനിറ്റ് കൊണ്ട് എത്താം.
Gulmarg: Echoes of a Longing Valley

ഗുൽമാർഗിലെ ആട്ടിടയൻമാരുടെ വീടുകൾ. മേൽക്കൂരയിൽ നിറച്ച മണ്ണിൽ പുല്ല് വളർന്ന് നിൽക്കുന്നതു കാണാം.

VK Sanju

Updated on

വി.കെ. സഞ്ജു

നിനക്കായ് ഞാൻ നിറയ്ക്കുന്നു പൂക്കളീ മേട്ടിൽ,

ചാർത്താം നിനക്കെന്‍റെ പുതുമുല്ലപ്പൂമണം

പുഴയോരത്ത് പൂക്കുന്നു നീലക്കുറിഞ്ഞികൾ,

ഇല്ല മറുമൊഴി, വാടുകയാണെന്‍റെ പച്ചിലച്ചാർത്തുകൾ...

- ഹബ്ബ ഖാത്തൂൺ (കശ്മീരി കവയിത്രി)

പൂക്കളെ സ്നേഹിച്ച പ്രിയനുമൊത്ത് മലഞ്ചരിവിൽ ആകാശം നോക്കിയിരുന്നവൾ; ആ മലഞ്ചരിവിന് ഗുൽമാർഗ് എന്നു പേരിട്ടവൾ; പിന്നെയെപ്പോഴോ ലോകം ഗാഢമായുറങ്ങുന്ന നേരത്ത് അവനെയോർത്ത് അവിടമാകെ പാടിനടന്നവൾ.... ഗുൽമാർഗിലെ തണുത്ത കാറ്റത്ത് ചെവിയോർത്താൽ ഇന്നും കേൾക്കാനായേക്കും ഹബ്ബ ഖാത്തൂണിന്‍റെ വിരഹാർദ്രമായ പാട്ടുകൾ.

പതിനാറാം നൂറ്റാണ്ടിനൊടുവിൽ കശ്മീരിന്‍റെ സുൽത്താനായിരുന്നു ഹബ്ബയുടെ പ്രിയതമൻ- യൂസഫ് ഷാ ചക്. മുഗൾ പടയോട്ടത്തിനു മുന്നിൽ കശ്മീർ സുൽത്താനേറ്റിന്‍റെ സിംഹാസനം ഇടറിവീണപ്പോൾ അക്ബർ ചക്രവർത്തിയുടെ തടവറയിൽ അടയ്ക്കപ്പെട്ടു യൂസഫ് ഷാ. പക്ഷേ, ഗൗരിമേടിനെ പൂമേടെന്നു വിളിച്ച വിളിച്ച കശ്മീരിന്‍റെ രാജ്ഞിയെ തിരുത്താൻ മുഗൾ സമ്രാട്ട് മുതിർന്നില്ല (ഗുൽ - പൂവ്, മാർഗ് - മേട്). ഗുൽമാർഗ് എന്ന പേര് കശ്മീരിന്‍റെ നെറുകയിൽ എന്നേയ്ക്കുമായി എഴുതപ്പെട്ടു; ഒപ്പം, കശ്മീരിന്‍റെ വാനമ്പാടി (Nightingale of Kashmir) എന്ന പേരിൽ ഹബ്ബയും അനശ്വരയായി.

ആ താഴ്‌വാരത്തിന് വെറുതേ ഒരു പേരിട്ടതായിരുന്നില്ല ഹബ്ബ ഖാത്തൂൺ, അക്ഷരാർഥത്തിൽ പുഷ്പങ്ങളുടെ താഴ്വര തന്നെയാണ് ഗുൽമാർഗ്. വസന്തവും വേനലും സഞ്ചാരികളെ മാടിവിളിച്ചിരുന്ന മലഞ്ചരിവുകളിൽ പക്ഷേ, ശീതകാലം ദുഷ്കരമാം വിധം മഞ്ഞുപാളികൾ നിറയ്ക്കും. ഹിമാവരണമണിഞ്ഞ ഗുൽമാർഗിന്‍റെയാ വശ്യസൗന്ദര്യം ഒരുകാലത്ത് അതിസാഹസികർക്കു മാത്രം പ്രാപ്തമായിരുന്നു. എന്നാൽ, നാലോ അഞ്ച് ദിവസമെടുത്ത് നടന്നു കയറേണ്ടിയിരുന്ന ഹിമശൃംഗങ്ങളിലേക്ക് ഇപ്പോൾ കേബിൾ കാറിൽ വെറും 25 മിനിറ്റ് കൊണ്ട് എത്താം. ലോകത്തെ ഏറ്റവും നീളമേറിയ രണ്ടാമത്തെ കേബിൾ കാറാണ് ഗുൽമാർഗിലെ ഗൊണ്ടോല. രണ്ടു ഘട്ടങ്ങളിലായി അഞ്ച് കിലോമീറ്ററോളം ദൈർഘ്യം. ഏകദേശം 14,000 അടി ഉയരത്തിലേക്കുള്ള യാത്ര. താഴെ പച്ച പുതച്ച പുൽമേടുകളും തെളിഞ്ഞ നീലാകാശത്തെ വെല്ലുവിളിക്കുന്ന പൈൻ മരക്കാടുകളും.

Gulmarg: Echoes of a Longing Valley

ഗുൽമാർഗിലെ ഗൊണ്ടോല റൈഡ്.

Metro Vaartha

നാല് കിലോമീറ്ററുള്ള ആദ്യ ഘട്ടം താണ്ടാൻ 10 മിനിറ്റ് മതി. അവിടെനിന്ന് അഫർവത് കൊടുമുടിയിലേക്കുള്ള രണ്ടാം ഘട്ടം ഒരു കിലോമീറ്റർ മാത്രം. പക്ഷേ, 15 മിനിറ്റ് യാത്രയുണ്ട്. കടുത്ത വേനലിൽപ്പോലും ആ ദൂരം പകുതിയെത്തുമ്പോൾ ചുറ്റും കാഴ്ച മറയ്ക്കും വിധം കോടമഞ്ഞ് ഗൊണ്ടോലയെ പൊതിയും. മേഘജാലങ്ങൾക്കും മീതെയാണ് അഫർവത് കൊടുമുടിയുടെ തലപ്പൊക്കം. അവിടെ നിന്നു നോക്കിയാൽ നംഗ പർവതവും ഹർമുഖും കാണാം. തെക്കുപടിഞ്ഞാറൻ ദിക്കിലായി കശ്മീർ താഴ്‌വരയ്ക്ക് അതിരിടുന്ന പീർ പഞ്ചൽ പർവതനിരകൾ. പക്ഷേ, ഹബ്ബ ഖാത്തൂണിന്‍റെ പേരിട്ട കൊടുമുടി മാത്രം കാഴ്ചയിൽനിന്ന് മറഞ്ഞുനിൽക്കും.

വസന്തവും വർഷവും കഴിഞ്ഞ് ശരത്‌കാലത്തിന്‍റെ തുടക്കത്തിലായിരുന്നു ഈ യാത്ര. മരങ്ങൾ ഇല പൊഴിച്ചു തുടങ്ങുന്നതേയുള്ളൂ. എങ്ങും പച്ചപ്പ്, വിദൂരങ്ങളിലെവിടെയെങ്കിലും കാണുന്ന ഹിമാനികളല്ലാതെ മഞ്ഞിന്‍റെ സാന്നിധ്യമില്ല. പക്ഷേ, ഗൊണ്ടോലയിൽ കോടമഞ്ഞിന്‍റെ പുതപ്പും വകഞ്ഞുമാറ്റി അഫർവതിലേക്കു പോകുമ്പോൾ ശിശിരത്തിലേക്കൊരു തീർഥാടനം പോലെ തോന്നി. മല മുകളിൽ തണുത്ത കാറ്റ്. പേരറിയാത്ത കുഞ്ഞുചെടികളിൽ വലിയ ചുവന്ന പൂക്കൾ വിടർന്നു നിൽക്കുന്നു. ദൂരെ കൊടുമുടികളുടെ മുകളറ്റങ്ങൾ വരണ്ടു കിടന്നു. അഭൗമമായൊരു സൗന്ദര്യം ഹിമാലയം പോലെ ചുറ്റും നിറഞ്ഞുനിന്നു.

Gulmarg: Echoes of a Longing Valley

ഏകദേശം 14,000 അടി ഉയരമുള്ള അഫർവത് കൊടുമുടിക്കു മുകളിൽ നിന്നുള്ള ദൃശ്യം.

VK Sanju

നിലത്ത് വയ്ക്കുന്ന ചുവടുകൾ ഉറയ്ക്കാത്തതു പോലെ. ശരീരമാകെ ലഘുവായതു പോലെ. സമുദ്രനിരപ്പിൽ നിന്ന് 4000 മീറ്ററോളം ഉയരത്തിൽ അന്തരീക്ഷ മർദം കുത്തനെ കുറഞ്ഞിരിക്കും, ശരീരത്തിന് സന്തുലനം കുറയും. പക്ഷേ, മനസാകെ പൂക്കൾ വിരിഞ്ഞതു പോലെ തോന്നും....

വിനോദസഞ്ചാരികൾക്ക് അവിസ്മരണീയമായ ദൃശ്യാനുഭവം പകരുക എന്ന ലക്ഷ്യത്തോടെയാണ് ഈ റോപ്പ്‌വേ വിഭാവനം ചെയ്യപ്പെട്ടത്. എന്നാൽ, സാഹസികതയുടെയും ശീതകാല വിനോദങ്ങളുടെയും ലോകോത്തര കേന്ദ്രം എന്ന വിശേഷണത്തിലേക്ക് ഗുൽമാർഗ് യാത്ര ചെയ്തത് ഈ കേബിൾ കാറിന്‍റെ ഉരുക്ക് തൂണുകളിലേറിയാണ്. ഫ്രഞ്ച് റോപ്‌വേ എൻജിനീയറിങ് സ്ഥാപനമായ പോഗാൽസ്കി (പോമ) നൽകിയ സാങ്കേതി പിന്തുണയാണ് സർക്കാരിന് ഗൊണ്ടോല പദ്ധതി യാഥാർഥ്യമാക്കാൻ കരുത്ത് പകർന്നത്.

1980-കളിൽ ആദ്യമായി ഇവിടെ പദ്ധതിക്കു വേണ്ടി സർവേ നടത്താനെത്തിയ എൻജിനീയർമാരെ വരവേറ്റത് പൂജ്യത്തിനു താഴെയുള്ള താപനിലയും ദുർഘടമായ പാതകളുമായിരുന്നു. ഈ പദ്ധതിയുടെ പ്രായോഗിക തന്നെ സംശയത്തിലായ നാളുകൾ. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം തുടങ്ങിയതു മുതൽ തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങളും അസിന്ദിഗ്ധാവസ്ഥകളും കശ്മീരിന്‍റെ മുഖമുദ്ര തന്നെയായിരുന്ന കാലം. നിർമാണ സാമഗ്രികൾ കഠനമായ മലമ്പാതകളിലൂടെ മുകളിലെത്തിക്കുന്നതെങ്ങനെയെന്ന് വിദഗ്ധർ പോലും ആശങ്കയിലായ ചർച്ചകൾ. പക്ഷേ, വർഷങ്ങളുടെ കാത്തിരിപ്പും പ്രതികൂല കാലാവസ്ഥയും താണ്ടി 1998-ൽ ഗൊണ്ടോലയുടെ ആദ്യ ഘട്ടം പൂർത്തിയായി. കൂടുതൽ ദുർഘടമായ രണ്ടാം ഘട്ടം 2005-ലും യാഥാർഥ്യമായതോടെയാണ് ഗുൽമാർഗ് ഏഷ്യയിൽ ഏറ്റവും ഉയരത്തിലുള്ള സ്കീയിങ് ഹബ്ബായി ലോകത്തിനു മുന്നിൽ അനാവരണം ചെയ്യപ്പെടുന്നത്. വേനൽക്കാല വിനോദസഞ്ചാര കേന്ദ്രം മാത്രമായിരുന്ന ഗുൽമാർഗ് അങ്ങനെ വിന്‍റർ ടൂറിസത്തിന്‍റെയും വിന്‍റർ സ്പോർട്സിന്‍റെയും കൂടി കേന്ദ്രമായി മാറുകയായിരുന്നു.

Gulmarg: Echoes of a Longing Valley

കേബിൾ കാറിൽനിന്നുള്ള ഗുൽമാർഗിന്‍റെ ശരത്‌കാല ദൃശ്യം.

Metro vaartha

കൊടുങ്കാടുകളും പുൽമേടുകളും താണ്ടി ആകാശത്തിലൂടെയുള്ള യാത്ര, താഴെ ആട്ടിടയൻമാരുടെ കുടിലുകൾ; മേൽക്കൂരയിൽ നിറച്ച മണ്ണിൽ കാട്ടുചെടികൾ പടർന്നുവളരുന്ന അപൂർവനിർമിതകളാണവ. അവരിന്നും ആട്ടിൻപറ്റങ്ങളെയും തെളിച്ച് നടന്നു കയറുന്ന ഒറ്റയടിപ്പാതകൾ ചരിത്രത്തിന്‍റെ നാൾവഴികൾ പോലെ താഴെ തെളിഞ്ഞു കാണാം. ചരിത്രത്തിന്‍റെ കാൽപ്പാടുകൾ മായ്ച്ചുകളയാൻ ഒരു ആകാശ യാത്രയ്ക്കുമാവില്ലല്ലോ.

തിരിച്ചിറങ്ങുന്ന വഴി കറന്‍റ് പോയെന്നു തോന്നുന്നു. ഗോണ്ടോല പെട്ടെന്ന് നിന്നു. ഒരു കുലുക്കം. പിന്നെ ഊഞ്ഞാല് പോലെ ആട്ടം. മുന്നോട്ടും പിന്നോട്ടും നോക്കി, മറ്റുള്ള ഗൊണ്ടോലകളും തൂങ്ങിക്കിടന്ന് ആടുകയാണ്, അപ്പോൾ സാരമില്ല! എന്‍റെ കാൽമുട്ടിൽ അമർന്ന സഹയാത്രികന്‍റെ കൈകൾ മെല്ല വിറച്ചിരുന്നു. ആട്ടം നിന്നപ്പോഴേക്കം ഗൊണ്ടോല വീണ്ടും ഓടിത്തുടങ്ങി. തൊട്ടു താഴെയാണ് രണ്ടു ഘട്ടങ്ങൾക്കിടയിലുള്ള സ്റ്റേഷൻ. ഇറങ്ങാനും കയറാനും നിർത്തലൊന്നുമില്ല; ചാടിക്കയറുക, ചാടിയിറങ്ങുക, അതേ വഴിയുള്ളൂ. അവിടെയിറങ്ങി, ഓരോ കശ്മീരി കാവ കുടിച്ച് തണുപ്പാറ്റി, ഭയത്തിന്‍റെ നെരിപ്പോട് കെടുത്തി വീണ്ടും താഴേയ്ക്ക്. ഉയരങ്ങളെ പേടിച്ച ഒരു ഉന്മാദി, ഗൊണ്ടോലയിൽ കയറാതെ അവിടെ കാത്തുനിൽക്കുന്നുണ്ട്, ചെന്നിട്ടു വേണം വിശേഷം പറയാൻ....

logo
Metro Vaartha
www.metrovaartha.com