
ഗുൽമാർഗ് ഗോൾഫ് ക്ലബ്.
Metro Vaartha
വി.കെ. സഞ്ജു
ആടിയുലഞ്ഞ കേബിൾ കാറിൽ നിന്നിറങ്ങി കശ്മീരി കാവയും കുടിച്ച് മടങ്ങിപ്പോകുമ്പോൾ വഴിയരികിൽ പച്ചപ്പിന്‍റെ മറ്റൊരു ലോകം കാത്തിരിപ്പുണ്ടായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല. മേഘങ്ങൾക്കു തൊട്ടു താഴെ, കോട മഞ്ഞ് മൂടിയ മലനിരകൾക്കു നടുവിൽ, 2,650 മീറ്റർ ഉയരത്തിൽ ഒരു പുൽത്തകിടി. ദൂരെ നിന്നു നോക്കിയാൽ വെറുമൊരു പച്ച വിരിപ്പ്. അടുത്തു ചെന്നാൽ, നൂറ്റാണ്ടിലേറെ പഴക്കമുള്ള ചരിത്രം- ഗുൽമാർഗ് ഗോൾഫ് ക്ലബ്. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന 18-ഹോൾ ഗോൾഫ് കോഴ്‌സ്.
ഗൊണ്ടോലയിലെ ആരവങ്ങളും ടൂറിസ്റ്റുകളുടെ തിരക്കുകളും കടന്ന്, ഈ ഗോൾഫ് കോഴ്‌സിനടുത്തെത്തുമ്പോൾ വല്ലാത്തൊരു നിശബ്ദത അനുഭവപ്പെടും. പന്ത് തിരയുന്ന കാഡികളുടെ ഒറ്റപ്പെട്ട വർത്തമാനങ്ങളും വല്ലപ്പോഴും കുതിരകളുടെ കുളമ്പടികളും മാത്രം. ദൂരെ അഫർവത് കൊടുമുടിയുടെ ശിരസിൽ മേഘങ്ങൾ വെൺകിരീടം വച്ചുകഴിഞ്ഞു. അതിനൊക്കെ നടുവിലാണ് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു കായിക പാരമ്പര്യം, ഇപ്പോഴും മാറ്റമില്ലാതെ തുടരുന്നത്.
ക്ലബ്ബ് ഹൗസിനടുത്ത് നിന്ന ഒരു കാഡി പറഞ്ഞു, ''വേനൽക്കാലത്ത് ദിവസവും വിദേശികളും ഇന്ത്യക്കാരും ഒരുപോലെ ഇവിടെ വന്ന് കളിക്കാറുണ്ട്.''
ഡൽഹിയിലെ ചൂടിൽനിന്ന് വെറും രണ്ടു മണിക്കൂർ വിമാനയാത്ര മാത്രം അകലെ, ഈ തണുപ്പും ഈ ചരിവുകളും അവരെ കാത്തിരിക്കുന്നു. ഗൊണ്ടോലയിൽ മഞ്ഞുമലകൾ കീഴടക്കിയവർക്ക്, മടക്കയാത്രയിൽ ഈ പുൽമേട് സന്ദർശിച്ചാൽ, ചരിത്രത്തിന്‍റെ പാളികൾ ഒരു ഗോൾഫ് പന്തിലേക്ക് ചുരുങ്ങിക്കിടക്കുന്നതു കാണാം.
സമുദ്രനിരപ്പിൽ നിന്ന് 8,700 അടി ഉയരം. ഇന്ത്യൻ വേനലുകളിൽ ബ്രിട്ടിഷ് ഉദ്യോഗസ്ഥർ കൊടും ചൂടിൽനിന്നു രക്ഷപെടാൻ ഗുൽമാർഗിനെ അഭയം പ്രാപിച്ചിരുന്ന കാലം. വേട്ടയും ഗോൾഫ് കളിയുമായി അവരവിടെ 'സമ്മർ വെക്കേഷൻ' ആഘോഷിച്ചു.
1890-91 കാലത്ത് കേണൽ നെവിൽ ചേംബർലെയ്ൻ ഇവിടെ ആറു ഹോളുകളുള്ള ഒരു കോഴ്‌സ് വെട്ടിയുണ്ടാക്കി. അന്ന് 'ഗ്രീൻ' എന്നല്ല, 'ബ്രൗൺ' എന്നായിരുന്നു പുൽത്തകിടികളെ വിളിച്ചിരുന്നത്. 1901-ൽ കശ്മീർ മഹാരാജാവ് പ്രതാപ് സിങ് ഗുൽമാർഗിൽ ഭൂമി ദാനം ചെയ്തതോടെ, അപ്പർ ഗോൾഫ് കോഴ്‌സ് എന്നറിയപ്പെട്ട വലിയൊരു കോഴ്‌സിനു തുടക്കമായി. 1915-ൽ 'റാബിറ്റ്സ് കോഴ്‌സ്' എന്ന ഒൻപതു ഹോൾ കോഴ്‌സ്. കുട്ടികൾക്കു മാത്രമായി ആറു ഹോളുള്ള വേറൊരു കോഴ്‌സ്. സ്ത്രീകൾക്കു മാത്രമായി ഒരെണ്ണം കൂടി.
1920-കൾ ആയപ്പോഴേക്കും ഗുൽമാർഗ് മുഴുവൻ ഗോൾഫ് കോഴ്‌സുകൾ കൊണ്ട് നിറഞ്ഞു. പക്ഷേ, കാലം കടന്നുപോയപ്പോൾ, അപ്പർ കോഴ്‌സ് നിന്നിടത്ത് ഒരെണ്ണം മാത്രം അവശേഷിച്ചു. ബാക്കിയെല്ലാം ചരിത്രത്തിന്‍റെ ഭാഗമായി.
ഗുൽമാർഗ് ഗോൾഫ് കോഴ്സിൽനിന്നുള്ള ഹിമാലയൻ മലനിരകളുടെ ദൃശ്യം.
VK Sanju
1922-ൽ ഗുൽമാർഗിൽ ആദ്യത്തെ ഗോൾഫ് ചാംപ്യൻഷിപ്പ് നടത്തി. വിജയികൾക്ക് നൽകിയ മെഡലിൽ മഹാരാജാ പ്രതാപ് സിങ്ങിന്‍റെ രൂപം. മറുവശത്ത് ക്ലബ് ഹൗസിന്‍റെയും മഞ്ഞുമലകളുടെയും ചിത്രം. 1929-ൽ നെഡൂസ് കപ്പ് ആരംഭിച്ചു. 1930-ൽ, 'ദ വേൾഡ്' എന്ന ടീം സ്‌കോട്ട്‌ലൻഡിനെ തോൽപ്പിച്ച കൗതുകകരമായ ഒരു മത്സരവും ഇവിടെ അരങ്ങേറി.
എന്നാൽ, 1947-ലെ ഇന്ത്യ വിഭജനവും തുടർന്നുള്ള യുദ്ധങ്ങളും ഗുൽമാർഗിനെയും വെറുതേ വിട്ടില്ല. പാക്കിസ്ഥാൻ ആസൂത്രണം ചെയ്ത 'ഓപ്പറേഷൻ ഗുൽമാർഗ്' എന്ന അധിനിവേശ ശ്രമത്തിന്‍റെ വഴികളിലൊന്ന് ഹാജി പീർ ചുരം കടന്ന് ഗുൽമാർഗിലൂടെ തന്നെയായിരുന്നു. അന്നത്തെ ആ കോലാഹലങ്ങൾക്കിടയിലും, ഈ പുൽത്തകിടികൾ പിടിച്ചു നിന്നു.
1970-കളിൽ പ്രശസ്ത ഗോൾഫ് ആർക്കിടെക്റ്റ് പീറ്റർ തോംസൺ കോഴ്‌സ് പുനർരൂപകൽപ്പന ചെയ്തു. ഇന്ന്, 6,760 യാർഡ് നീളമുള്ള, പാർ 72-ന്‍റെ പതിനെട്ട് ഹോൾ കോഴ്‌സ്. ഇന്ത്യയിലെ ഏറ്റവും നീളമേറിയ ഹോൾ ഇവിടെയാണ്—610 യാർഡ് നീളമുള്ള ഒരു പാർ ഫൈവ്.
ഗുൽമാർഗ് ഗോൾഫ് കോഴ്സ്.
Metro Vaartha
സാധാരണ ഗോൾഫ് കോഴ്‌സുകളിൽ നിന്ന് വ്യത്യസ്തമായി, ഗുൽമാർഗിലെ പുൽത്തകിടി ഒരിടത്തും നിരപ്പല്ല. മുഴുവൻ കോഴ്‌സും ചരിഞ്ഞും ഉയർന്നും കിടക്കുന്നു. പന്ത് അടിക്കുന്നത് ഒരു കയറ്റത്തിലേക്കോ ഇറക്കത്തിലേക്കോ ആകാം എന്നത് ഇവിടത്തെ കളിക്കാരുടെ പ്രത്യേക വെല്ലുവിളി.
ഏപ്രിൽ മുതൽ നവംബർ വരെ മാത്രമേ കോഴ്‌സ് തുറന്നിരിക്കൂ. ഡിസംബർ മുതൽ മഞ്ഞു മൂടുന്നതോടെ, അതേ പുൽത്തകിടി സ്‌കീയിങ്ങിനും മറ്റു ശീതകാല വിനോദങ്ങൾക്കുമുള്ള ഇടമായി മാറും. ജൂൺ മുതൽ സെപ്റ്റംബർ വരെ, പല തരം കാട്ടുപൂക്കൾ ഇവിടെ വിടരും—ഒരിക്കൽ ഹബ്ബ ഖാത്തൂൺ പൂമേട് (ഗുൽമാർഗ്) എന്നു പേരിട്ട ആ താഴ്‌വരയെ ഇപ്പോഴീ പുൽത്തകിടിയും അർഥവത്താക്കുന്നുണ്ട്.