History of children's literature
History of children's literatureFreepik

അത്ഭുത കഥകളുടെ ബാലസാഹിത്യ ലോകം

പണ്ടൊക്കെ കുട്ടികള്‍ മുത്തശ്ശിക്കഥകളിലൂടെ വായ്‌മൊഴിയായി കഥകള്‍ കേട്ടു രസിച്ചു. അച്ചടിവിദ്യയുടെ കണ്ടുപിടിത്തത്തോടെ ഇക്കഥകളെല്ലാം സമാഹരിക്കപ്പെട്ട് ലോകമെല്ലാം പ്രചരിച്ചു.

തയാറാക്കിയത്: എൻ. അജിത്കുമാർ

കുട്ടികള്‍ക്ക് അറിവും ആഹ്‌ളാദവും പകര്‍ന്നു നല്‍കുന്ന രചനകളാണ് ബാലസാഹിത്യം. പണ്ടൊക്കെ കുട്ടികള്‍ മുത്തശ്ശിക്കഥകളിലൂടെ വായ്‌മൊഴിയായി കഥകള്‍ കേട്ടു രസിച്ചു. അച്ചടിവിദ്യയുടെ കണ്ടുപിടിത്തത്തോടെ ഇക്കഥകളെല്ലാം സമാഹരിക്കപ്പെട്ട് ലോകമെല്ലാം പ്രചരിച്ചു. വില്യം കാക്സ്റ്റണ്‍ എന്ന ഇംഗ്ലണ്ടുകാരന്‍ മുതിര്‍ന്നവര്‍ക്കുവേണ്ടി ഈസോപ്പുകഥകള്‍, 1474ല്‍ അച്ചടിച്ചുപുറത്തിറക്കി. മുതിര്‍ന്നവരേക്കാള്‍ ബാലജനങ്ങളാണ് ഇത് ഇഷ്ടപ്പെട്ടത്. ബാലസാഹിത്യ കൃതികള്‍ അച്ചടിച്ചു പ്രസിദ്ധീകരിക്കാന്‍ പ്രചോദനമായത് ഈ സംഭവമാണ്.

പതിനെട്ടാം നൂറ്റാണ്ടിനുമുമ്പ് കുട്ടികള്‍ക്കുവേണ്ടി പ്രത്യേകം തയാറാക്കിയ ഭാവനാസമ്പന്നമായ കൃതികള്‍ വിരളമായിരുന്നു. ഡാനിയല്‍ ഡിഫോയുടെ റോബിന്‍ സണ്‍ ക്രൂസോ, ജോനാഥന്‍ സ്വിഫറ്റിന്‍റെ ഗളിവേഴ്‌സ് ട്രാവല്‍സ് എന്നിവയായിരുന്നു ഇതില്‍ പ്രമുഖം. ബൈബിളും ഷേക്‌സ്പിയറുടെ നാടകങ്ങളുമെല്ലാം ഇക്കാലത്ത് ബാലജനങ്ങളും വായിച്ചുപോന്നു.

ആലീസും മൗഗ്ലിയും

168 യക്ഷിക്കഥകളുമായി ആന്‍ഡേഴ്‌സണ്‍ രംഗത്തെത്തിയതോടെയാണ് ബാലസാഹിത്യശാഖ ഉണര്‍ന്നെണീറ്റത്. തുടര്‍ന്ന് ലൂയി കരോളിന്‍റെ ആലീസസ് അഡ്വഞ്ചേഴ്‌സ് ഇന്‍ വണ്ടര്‍ലാന്‍ഡ് പുറത്തുവന്നു. കഥാനായികയായ ആലീസ് വെള്ളമുയലിന്‍റെ പിറകെ ഒരു മാളത്തിലൂടെ കയറിപ്പോയി മറ്റൊരു അത്ഭുതലോകത്തിലെത്തുന്നതാണ് കഥ. അവര്‍ അവിടെക്കണ്ട കാഴ്ചകള്‍ ലോകമെങ്ങുമുള്ള കുഞ്ഞുങ്ങളെ അത്ഭുതപരതന്ത്രരാക്കി.

ബാലസാഹിത്യരംഗത്ത് മൃഗങ്ങളെ കേന്ദ്രകഥാപാത്രമാക്കിയുള്ള രചനയ്ക്ക് തുടക്കം കുറിച്ചതും ഇക്കാലത്തു തന്നെയാണ്; അന്ന സ്യൂയല്‍ രചിച്ച "ബ്ലാക് ബ്യൂട്ടി' എന്ന ഹൃദയദ്രവീകരണശേഷിയുള്ള കൃതി 1877ല്‍ പുറത്തു വന്നതോടെ. ആര്‍. എല്‍. സ്റ്റീവന്‍സന്‍റെ ക്രഷര്‍ ഐലന്‍റ്, കിഡ്‌നാപ്ഡ് മുതലായ കൃതികളിലൂടെ പരിചയപ്പെട്ട കടല്‍കൊള്ളക്കാരുടെയും വീരപരാക്രമികളുടെയും ലോകം കുട്ടികളെ ആവേശഭരിതരാക്കി. റുഡ്യാര്‍ഡ് കിപ്ലിംഗിന്‍റെ ജംഗിള്‍ ബുക്കിലെ മൗഗ്ലി കുഞ്ഞുങ്ങളുടെ ഇഷ്ടതോഴനായി.

ആദ്യത്തെ ചിത്രകഥ

1657ല്‍ പ്രസിദ്ധീകരിച്ച ലോകം ചിത്രങ്ങളിലൂടെ (ഓര്‍ബിറ്റ്‌സ് പിക്റ്റസ് ) ആണ് ലോകത്തെ ആദ്യത്തെ ചിത്രകഥ. ജോഹാന്‍ ആമോസ് എന്ന മൊറേവിയന്‍ ബിഷപ്പ് ആണ് ഇത് പുറത്തിറക്കിയത്.

ശാസ്ത്രസാഹിത്യം

ഈ കാലത്തുതന്നെയാണ് "ട്വന്‍റി തൗസന്‍ഡ് ലീഗ്‌സ് അണ്ടര്‍ ദ സീ' , "എറൗണ്ട് ദ വേള്‍ഡ് ഇന്‍ എയ്റ്റി ഡെയ്‌സ്' എന്നി നോവലുകളിലൂടെ ശാസ്ത്ര സാഹിത്യശാഖയ്ക്ക് ജൂള്‍സ് വെര്‍ണെ തുടക്കമിട്ടത്.

പിനോഖ്യോ

ഒരു പാവയ്ക്ക് ജീവന്‍ കിട്ടുന്ന രസകരമായ കഥയാണ് കാര്‍ലോ കൊള്ളോടിയുടെ "ദ അഡ്വഞ്ചേഴ്‌സ് ഓഫ് പിനോഖ്യോ'. ഗെപ്പറ്റോ എന്ന വൃദ്ധനായ മരപ്പണിക്കാരന്‍ കൊത്തിയുണ്ടാക്കിയ മരപ്പാവ സുന്ദരനായ ബാലനായിത്തീര്‍ന്ന കഥ ലോകമെങ്ങും വിവര്‍ത്തനം ചെയ്യപ്പെട്ടു.

ഹെയ്ഡി മുതല്‍ ടോം സോയര്‍ വരെ

ജോഹന്നാസ് പെയറി രചിച്ച അപൂര്‍വ സുന്ദരമായ ഒരു ബാലനോവലാണ് ഹെയ്ഡി. ആല്‍പ്‌സ് പര്‍വതനിരകളുടെ താഴ്വരയിലുള്ള സങ്കല്പ പട്ടണമായ മെയില്‍ ഫെല്‍ഡിന്‍റെ പശ്ചാത്തലത്തില്‍ വിരിയുന്ന ചുണക്കുട്ടിയായ ഹെയ്ഡിയുടെ കഥ ലോകമെങ്ങുമുള്ള കുഞ്ഞുങ്ങള്‍ ഹൃദയത്തില്‍ കൊണ്ടു നടന്നു. ഹക്കിള്‍ബെറിഫിന്‍, ടോം സോയര്‍ എന്നി കൃതികള്‍ രചിച്ചുകൊണ്ട് മാര്‍ക്ട്വയിന്‍ എന്ന അമേരിക്കന്‍ കഥാകൃത്ത് ബാലലോകത്തിന്‍റെ ആരാധ്യനായി.

എന്നും കുട്ടിയായ പീറ്റര്‍ പാന്‍

സര്‍ ജെയിംസ് ബാരി രചിച്ച നാടകം "പീറ്റര്‍ പാന്‍', ഫ്രാങ്ക് ബോം രചിച്ച "ദ വണ്ടര്‍ഫുള്‍ വിസാര്‍ഡ് ഓഫ് ഓസ് ' എന്നിവ ഇരുപതാംനൂറ്റാണ്ടില്‍ പിറന്ന പ്രശസ്ത ബാല സാഹിത്യ കൃതികളാണ്. നെവര്‍ലാന്‍ഡ് എന്ന രാജ്യത്ത് എന്നും കുട്ടിയായി ജീവിക്കുന്ന പീറ്റര്‍പാന്‍ സിനിമയായും ചിത്രകഥകളായും ലോകമെങ്ങും പ്രചരിച്ചു.

ഇന്നു കുട്ടികള്‍ക്കുവേണ്ടിയുള്ള ധാരാളം പുസ്തകങ്ങളും പ്രസിദ്ധീകരണങ്ങളും വര്‍ണ്ണമനോഹരമായ അച്ചടിയില്‍ പുറത്തിറങ്ങുന്നുണ്ട്. അതുപോലെ ചിത്രകഥകളും കോമിക്കുകളും പരക്കെ പ്രചാരം നേടുകയും ചെയ്തു.

പഞ്ചതന്ത്രം

പണ്ടുപണ്ട് അമരശക്തി എന്നു പേരുള്ള ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹം വിദ്യാവിദഗ്ധനും സകലകലാ വല്ലഭനുമായിരുന്നു. പക്ഷേ, അദ്ദേഹത്തിന്‍റെ മക്കളായ ബഹുശക്തി, അനന്തശക്തി, ഉഗ്രശക്തി എന്നി മൂന്നു രാജകുമാരന്മാരും മണ്ടന്മാരായിപ്പോയി. പല ഗുരുക്കന്മാരേയും ഏര്‍പ്പെടുത്തിയെങ്കിലും ഇവരെ പഠിപ്പിക്കുന്നതില്‍ നിന്ന് എല്ലാവരും തോറ്റു പിന്‍വാങ്ങി. ഒടുവില്‍ വിഷ്ണു ശര്‍മ്മന്‍ എന്ന ബ്രാഹ്മണന്‍ ഇവരെ വിദ്യ അഭ്യസിപ്പിക്കാനുള്ള ചുമതലയേറ്റു. അദ്ദേഹം കുട്ടികളെ സ്വഗൃഹ ത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. ആ ബ്രാഹ്മണന്‍ അവര്‍ക്ക് നിരന്തരമായി കഥകള്‍ പറഞ്ഞുകൊടുത്തു. കഥകള്‍ കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ആരുണ്ട്? കൊച്ചു തിരുമേനിമാര്‍ കഥ രസിച്ചു കേട്ടു. ആറുമാസം കഴിഞ്ഞപ്പോഴേക്കും നീതിശാസ്ത്രത്തിലും രാജതന്ത്രത്തിലും വേണ്ട അറിവുകളൊക്കെ ഈ കഥകളിലൂടെ ഗുരുനാഥന്‍ അവര്‍ക്കു പകര്‍ന്നുകൊടുത്തു. ആ കഥകളാണ് പഞ്ചതന്ത്രമെന്ന പേരില്‍ പില്‍ക്കാലത്ത് ലോകമെങ്ങും പ്രസിദ്ധമായത്.

ലോകസാഹിത്യത്തില്‍ ആദ്യമായുണ്ടായ ബാല കഥാസമാഹാരമാണ് പുരാതന ഭാരതത്തിലെ ബാലസാഹിത്യകൃതിയായ പഞ്ചതന്ത്രം. അഞ്ചു ഭാഗങ്ങളുള്ളതുകൊണ്ടാണ് ഇതിന് പഞ്ചതന്ത്രം എന്ന പേരു ലഭിച്ചത്. മിത്രഭേദം (കൂട്ടുകാരെ ഭിന്നിപ്പിക്കല്‍), മിത്രസംപ്രാപ്തി (കൂട്ടുകാരെ സമ്പാദിക്കല്‍), കാകോലൂകികം (കാക്കകളും മൂങ്ങകളും തമ്മിലുള്ള യുദ്ധം), ലബ്ധപ്രണാംശം (കൈയിലുള്ളത് നഷ്ടപ്പെടല്‍), അസമീക്ഷികാരകം (വിവേകശൂന്യമായ പ്രവൃത്തി) എന്നിവയാണ് അഞ്ചു ഭാഗങ്ങള്‍. പഞ്ചതന്ത്ര ത്തില്‍ ആകെ 184 കഥകളുണ്ട്. സാധാരണ മനുഷ്യര്‍, ധീരനായകന്മാര്‍, സന്യാസിമാര്‍, ദൈവങ്ങള്‍, പക്ഷികള്‍, മൃഗങ്ങള്‍ തുടങ്ങി വിവിധതരം കഥാപാത്രങ്ങള്‍ ഇതിലുണ്ട്. പക്ഷികളും മൃഗങ്ങളും മനുഷ്യരെപ്പോലെ ചിന്തിക്കുന്നു. അവര്‍ പാണ്ഡിത്യം പ്രകടിപ്പിക്കുന്നു. ബുദ്ധിശൂന്യത വെളിവാക്കുന്നു.

വായനാശീലം

വായനാശീലം ഒരുദിവസം മാത്രം പൊടിതട്ടിയെടുക്കേണ്ട ഒന്നല്ല. ചൊട്ടയിലേ വളര്‍ത്തിയെടുക്കേണ്ട ഏറ്റവും പ്രധാന ശീലമാണ്. വായനയിലൂടെ മാത്രമേ പുതിയ ആശയങ്ങളുമായി പരിചയപ്പെടാനാകൂ. പുതിയ ആശയങ്ങള്‍, സങ്കല്പങ്ങള്‍, സ്വപ്നങ്ങള്‍, ചിന്തകള്‍, അറിവുകള്‍, അനുഭവകഥകള്‍, പ്രവര്‍ത്തന രീതികള്‍, വിജയപരാജയകഥകള്‍ ഇങ്ങനെ നൂറുകണക്കിനുള്ള വിവരങ്ങളുമായി നാം നിരന്തരം പരിചയപ്പെടണം. അതിന് വായനയുമായി ചങ്ങാത്തത്തിലാകണം. ഇതിന് നാം ഒരു തയാറെടുപ്പ് നടത്തേണ്ടതുണ്ട്.

ഒന്നാമതായി വേണ്ടത് എന്താണെന്നോ? നല്ല പുസ്തകങ്ങളുടെ ഒരു മുന്‍ഗണനാ ലിസ്റ്റ് ഉണ്ടാക്കല്‍തന്നെ. ചീത്ത പുസ്തകങ്ങള്‍ നമ്മുടെ മനസ്സിനെ ചീത്തയാക്കും. അതിനാല്‍ നല്ല പുസ്തകങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കണം. അതിന് മുതിര്‍ന്നവരുടെ സഹായം തേടാം. അധ്യാപകരോടോ രക്ഷിതാക്കളോടോ ചോദിച്ച് വേണം ഈ ലിസ്റ്റ് തയാറാക്കാന്‍. നിങ്ങള്‍ നാലഞ്ചു വര്‍ഷം പഠിക്കാനും പ്രയോഗിക്കാനും പോകുന്ന വിഷയങ്ങള്‍കൂടി കണക്കിലെടുത്തുവേണം ലിസ്റ്റുണ്ടാക്കാന്‍. ഉദാഹരണമായി പ്രകൃതിയെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും എല്ലാ ക്ലാസിലും പഠിക്കാനുണ്ട്. അതിനാല്‍ ലിസ്റ്റില്‍ ഇത്തരം കുറച്ച് പുസ്തകങ്ങള്‍ നിര്‍ബന്ധമായും വേണം. മൂല്യബോധം വളര്‍ത്തുന്ന പുരാണകഥകള്‍, സാമൂഹ്യബോധം വളര്‍ത്തുന്ന ചരിത്ര കഥകള്‍, ശാസ്ത്രത്തിന്‍റെ ആവേശകരമായ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന ശാസ്ത്രസാഹിത്യരചനകള്‍, മഹാന്മാരുടെ ജീവചരിത്രങ്ങള്‍, സാഹിത്യാസ്വാദനശേഷി വളര്‍ത്തുന്ന ഉത്തമസാഹിത്യരചനകള്‍ തുടങ്ങിയവയും ഈ ലിസ്റ്റില്‍ ഉള്‍പ്പെടുത്താം. അതില്‍നിന്നും മുന്‍ഗണനാക്രമത്തില്‍ പുസ്തകങ്ങള്‍ സ്‌കൂള്‍ ലൈബ്രറിയില്‍ നിന്നോ ഗ്രാമീണവായനശാലകളില്‍നിന്നോ എടുക്കാം. ചെറിയ ചെറിയ സമ്പാദ്യങ്ങളുണ്ടാക്കി പുസ്തകങ്ങള്‍ വിലകൊടുത്തു വാങ്ങി വീട്ടില്‍ സ്വന്തമായി ഒരു ലൈബ്രറി ഉണ്ടാക്കുകയും ചെയ്യാം.

പുസ്തകങ്ങള്‍ ഒരു നല്ല സമ്പാദ്യം കൂടിയാണ്. "വായിക്കാതെ വളര്‍ന്നാല്‍ വളയും' എന്നേ കുഞ്ഞുണ്ണിമാഷ് എഴുതിയുള്ളൂ. എന്നാല്‍ "വായിക്കാതെ വളര്‍ന്നാല്‍ തുലയും' എന്ന് അത് തിരുത്തേണ്ട കാലം ആയി. കുഞ്ഞുണ്ണിമാഷിന്‍റെ കാലത്തേതില്‍ നിന്നും ലോകം മാറിയപ്പോഴാണ് അത്തരമൊരവസ്ഥ ഉണ്ടായിരിക്കുന്നത്. അതിനാല്‍ ഉണരുക! വായിക്കുക! വിളയുക! തുലയാതെ തല ഉയര്‍ത്തി ജീവിക്കുക!

പുസ്തകം വിരല്‍ത്തുമ്പില്‍

വായിക്കാനിഷ്ടപ്പെടുന്ന വിഖ്യാതകൃതികളന്വേഷിച്ച് നിങ്ങള്‍ ലൈബ്രറികളും പുസ്തകക്കടകളും അന്വേഷിച്ചു നടക്കേണ്ട. പണം കൊടുത്തും സൗജന്യമായും വായിക്കാ വുന്ന പുസ്തകങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്. ലോകത്തെ പ്രമുഖ പുസ്തക പ്രസാധകരെല്ലാം ഇതിനായി വെബ്‌സൈറ്റുകള്‍ ഒരുക്കിയിട്ടുണ്ട്. നിങ്ങളുടെ ടാബ്‌ലെറ്റിലോ കമ്പ്യൂട്ടറിലോ നേരിട്ടോ, പിഡിഎഫ് ഫയലുകള്‍ ഡൗൺലോഡ് ചെയ്ത് പ്രിന്‍റെടുത്തോ ഈ പുസ്തകങ്ങള്‍ വായിക്കാവുന്നതാണ്.

വായിച്ചിരിക്കേണ്ട ചില പുസ്തകങ്ങള്‍

 1. പാളയില്‍നിന്ന് പ്ലാസ്റ്റിക്കിലേക്ക് (കുഞ്ഞുണ്ണി)

 2. കാവുതീണ്ടല്ലേ (സുഗതകുമാരി)

 3. അമ്മയെ മറന്നുപോകുന്ന ഉണ്ണികള്‍ (കെ. അരവിന്ദാക്ഷന്‍)

 4. ഞാനൊരു നിശബ്ദ കൊലയാളി (ഡോ. മാത്യു കോശി പുന്നയ്ക്കാട്)

 5. കുടിവെള്ളം (കെ. അജയകുമാര്‍)

 6. നമ്മുടെ ജലവിഭവങ്ങള്‍ (റാം)

 7. പ്ലാസ്റ്റിക്കും പരിസ്ഥിതിയും (ഡോ. എ. ബിജുകുമാര്‍, ഡോ. ആര്‍. അജയകുമാര്‍)

 8. കണ്ടല്‍ക്കാടുകള്‍ക്കിടയില്‍ എന്‍റെ ജീവിതം (പൊക്കുടന്‍)

 9. ഹരിതചിന്തകള്‍ (എം. കെ. പ്രസാദ്)

 10. ഭൂമിക്ക് ഒരു അവസരം നല്‍കൂ. (പി. പി. കെ. പൊതുവാള്‍)

 11. ഭൂമിക്ക് പനി (പി. എസ്. ഗോപിനാഥന്‍ നായര്‍)

 12. പ്രകൃതി സംരക്ഷണം (പ്രൊഫ. എം. കെ. പ്രസാദ്)

 13. നമുടെ ആരോഗ്യം നമ്മുടെ പരിസ്ഥിതി (അജിത് വെണ്ണിയൂര്‍)

 14. ഒറ്റ വൈക്കോല്‍ വിപ്ലവം (ഫുക്കുവോക്ക)

 15. പ്രകൃതിയിലേക്ക് മടങ്ങാന്‍ (ഫുക്കുവോക്ക)

 16. സുന്ദരികളും സുന്ദരന്‍മാരും (ഉറൂബ്)

 17. ഒരു ദേശത്തിന്‍റെ കഥ (എസ്. കെ. പൊറ്റെക്കാട്ട്)

 18. ജീവിതപ്പാത (ചെറുകാട്)

 19. അരങ്ങുകാണാത്ത നടന്‍ (തിക്കോടിയന്‍) ബാല്യകാല സ്മരണകള്‍ (മാധവിക്കുട്ടി)

 20. നാലുകെട്ട് (എം. ടി. വാസുദേവന്‍ നായര്‍)

 21. രണ്ടാമൂഴം (എം. ടി. വാസുദേവന്‍ നായര്‍)

 22. ഇനി ഞാന്‍ ഉറങ്ങട്ടെ (പി. കെ. ബാലകൃഷ്ണന്‍)

 23. ഭാരത പര്യടനം ( കുട്ടിക്കൃഷ്ണമാരാര്‍)

 24. കണ്ണീരും കിനാവും (വി. ടി. ഭട്ടതിരിപ്പാട്)

 25. കാടുകളുടെ താളം തേടി (സുജാത ദേവി)

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com