നാടകത്തിന്‍റെ ചരിത്രവും വർത്തമാനവും

നാടകത്തിന്‍റെ ചരിത്രവും വർത്തമാനവും

മുഖ്യമായത് അഭിനയമാണെങ്കിലും നാടകത്തില്‍ പല കലകളും അനുപമമായി സമ്മേളിച്ചിരിക്കുന്നു. സാഹിത്യം സംഗീതം, നൃത്തം, ചിത്രകല എന്നിവയെല്ലാം അതിൽ ഇണങ്ങിച്ചേര്‍ന്നിരിക്കുന്നു.

എൻ. അജിത്കുമാർ

"ഈ ലോകം ഒരു നാടകശാലയാണ്.

നാമെല്ലാം അതിലെ നടീനടന്‍മാര്‍ മാത്രം''

വിഖ്യാത നാടകകൃത്തും കവിയുമായ ഷേക്‌സ്പിയറുടെ ഈ അഭിപ്രായം മനുഷ്യനും നാടകും തമ്മിലുള്ള ബന്ധത്തെ വെളിപ്പെടുത്തുന്നു. സംഭാഷണം, അഭിനയം എന്നിവയാല്‍ കൂടി കാഴ്ചക്കാരുമായി സംവദിക്കുന്ന ഈ കലയുടെ ആവിര്‍ഭാവം എങ്ങനെയാകാം മതാചാരങ്ങളില്‍ നിന്നും അനുഷ്ഠാനങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നു എന്നതാണ് ഏറ്റവും വിശ്വസിനീയമായത്.

എന്താണ് നാടകം

ഒരു പൂര്‍ണ ക്രിയയുടെ അനുകരണം (the imitation of action) എന്നാണ് നാടകത്തെക്കുറിച്ച് അരിസ്റ്റോട്ടില്‍ നിര്‍വചിച്ചിട്ടുള്ളത്. മുഖ്യമായത് അഭിനയമാണെങ്കിലും നാടകത്തില്‍ പല കലകളും അനുപമമായി സമ്മേളിച്ചിരിക്കുന്നു. സാഹിത്യം സംഗീതം, നൃത്തം, ചിത്രകല എന്നിവയെല്ലാം ഇണങ്ങിച്ചേര്‍ന്നതുകൊണ്ടാവാം ആദ്യകാലങ്ങളില്‍ ഇത് ധാരാളം സഹൃദയരെ ആകര്‍ഷിക്കുകയും ആഹ്‌ളാദഭരിതരാക്കുകയും ചെയ്തത്. നാടകത്തിന് ജനസഞ്ചയത്തില്‍ ചെലുത്താന്‍ കഴിയുന്ന സ്വാധീനത പല നാടകകൃത്തുക്കളും ഞങ്ങളുടെ വിശ്വാസപ്രമാണങ്ങള്‍ പ്രചരിപ്പിക്കാനായി പ്രയോജനപ്പെടുത്തി. മതവിശ്വാസം ഉറപ്പിക്കുവാനും, സദാചാരബോധം വളര്‍ത്തുവാനും നാടകകലയുടെ ആരംഭം തൊട്ടേ മനുഷ്യന്‍ പരിശ്രമിച്ചു. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയ്ക്ക് കെ.പി.എ.സി നാടകങ്ങള്‍ നല്‍കിയ സംഭാവന ചെറുതൊന്നുമല്ല.

തിയെറ്റര്‍

ഇതിവൃത്തവും കഥാപാത്രങ്ങളും സംഭാഷണവുമാണ് നാടകത്തിന്‍റെ സുപ്രധാന ഘടകങ്ങള്‍. ഇതിവൃത്തത്തിന്‍റെ സത്ത അഭിനേതാക്കള്‍ ആംഗികവും (അംഗചലനങ്ങള്‍) വാചികവുമായ (സംഭാഷണം) അഭിനയത്തിലൂടെ വേദിയില്‍ അവതരിപ്പിക്കുന്നു. വേഷവും ഭാവവും അഭിനയത്തെ അര്‍ത്ഥ പൂര്‍ണമാക്കുന്ന രംഗവേദിയില്‍ നടീനടന്‍മാര്‍ അവതരിപ്പിക്കുന്ന വൈകാരിക ഭാവങ്ങളോട് പ്രേക്ഷകര്‍ സംവദിക്കുമ്പോള്‍ തിയെറ്റര്‍ രൂപം കൊള്ളുകയായി.കാണുക എന്നര്‍ത്ഥം വരുന്ന ഗ്രീക്ക് ഭാഷയിലെ തിയൊട്രോണ്‍ എന്ന പദത്തില്‍ നിന്നാണ് തിയെറ്റര്‍ എന്ന പദം വന്നിട്ടുള്ളത്.ബി.സി മൂവായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് രൂപം കൊണ്ട യവന നാടകവേദിയാണ് തിയെറ്ററിന്‍റെ ആദിമരൂപം. മതാനുഷ്ഠാനവുമായി ബന്ധപ്പെട്ടു ആവിര്‍ഭവിച്ച ഗ്രീക്ക് നാടകങ്ങള്‍ വിളവെടുപ്പിന്‍റെയും വീഞ്ഞിന്‍റെയും ദേവനായ ഡയണീഷ്യസിനെ പ്രകീര്‍ത്തിക്കുന്നവയായിരുന്നു. ഡയണീഷ്യസിനെ ആദരിക്കാനായി വര്‍ഷംതോറും യവനര്‍ അവതരിപ്പിച്ച കലാരൂപങ്ങളാണ് നാടകത്തിന്‍റെ ആദിമരൂപം. ദുരന്തനാടകങ്ങളായിരുന്നു ഇവര്‍ അവതരിപ്പിച്ചിരുന്നത്.ഇതിഹാസകഥകള്‍ ഹൃദ്യമായി അവതരിപ്പിച്ചുകൊണ്ട് ജനകീയമായ ഒരു പ്രസ്ഥാനമായി ഇതു വളര്‍ന്നുവന്നു. ഈജിപ്ത്, മെസപ്പെട്ടോമിയ സുമേറിയ, അസീറിയ തുടങ്ങിയ സാംസ്‌കാരിക ഭൂമികളിലേക്കും യവനനാടക വേദിയുടെ പ്രഭാവം പടര്‍ന്നുകയറി.

ആദ്യത്തെ നാടകകൃത്ത്

Thespis
Thespis

ഏറ്റവും ആദ്യമായി നാടകങ്ങള്‍ അരങ്ങേറിയത് ഗ്രീസിലാണ് എന്നാണ് നാടക ചരിത്രകാരന്മാരുടെ അഭിപ്രായം. ക്രിസ്തുവിന് മുമ്പ് 6-ാം നൂറ്റാണ്ടില്‍ ആഥന്‍സില്‍ ജീവിച്ചിരുന്ന ഥെസ്പിസ് ആണ് ആദ്യത്തെ നാടകകൃത്തും നടനുമായി കരുതപ്പെടുന്നത്. അദ്ദേഹത്തിനു പുറകെ എസ് കിലസ്, സോഫോക്‌ളിസ്, യൂറിപിഡീസ് എന്നി നാടകകൃത്തുകളും രംഗത്തുവന്നു.

ഭാരതത്തില്‍

വേദോപനിഷത്തുകളുടെ കാലംമുതല്‍ക്കുതന്നെ ഭാരതത്തില്‍ നാടക രൂപങ്ങള്‍ നിലവിലുണ്ടായിരുന്നു. രാമായണം, മഹാഭാരതം എന്നീ ഇതിഹാസ കാലങ്ങള്‍ നാടകീയ സ്വഭാവമുള്ള മുഹൂര്‍ത്തങ്ങളുംകൊണ്ട് സമ്പന്നമാണ്. ഭരതമുനിയുടെ നാട്യശാസ്ത്രത്തില്‍ നാടകകലയെക്കുറിച്ച് സൂക്ഷ്മമായി പ്രതിപാദിക്കുന്നുണ്ട്. ഗ്രാമ്യ നാടകങ്ങള്‍ കണ്ടിട്ടാണ് താന്‍ നാടകകലയ്ക്ക് അടുക്കും ചിട്ടയും വരുത്താന്‍ ശ്രമിക്കുന്നതെന്ന് ഭരതമുനി നാട്യശാസ്ത്രത്തില്‍ പറയുന്നുണ്ട്.

ആദ്യ നാടകശാല

Theatre of Diaonysus
Theatre of Diaonysus

ആഥന്‍സിലെ അക്രോപൊലിസ് മലയോരത്തു സ്ഥാപിക്കപ്പെട്ട 'തിയെറ്റര്‍ ഓഫ് ഡയണീഷ്യസ്' ആണ് ലോകത്തിലെ ആദ്യ നാടകശാല. ബി.സി. 330-ല്‍ ലിക്കുഗസ് ആണ് ഈ വേദി സ്ഥാപിച്ചത്. വൃത്താകൃതിയിലുള്ള ഈ രംഗവേദിയെ ഒര്‍ക്കസ്ട്ര എന്നായിരുന്നു വിളിച്ചിരുന്നത്. ഒരു താഴ്വരപ്രദേശത്ത് ഗാലറി രൂപത്തില്‍ ഇരിപ്പിടങ്ങള്‍ തയാറാക്കി, അതിന്‍റെ മധ്യത്തിലായി രംഗവേദിയും നിര്‍മ്മിച്ചു. 17,000-ത്തോളം പേര്‍ക്ക് ഇരിക്കാന്‍ ഈ ഗാലറിയില്‍ സംവിധാനമുണ്ടായിരുന്നു. തുടര്‍ന്ന് ഡെല്‍ഫി തിയെറ്റര്‍, എപ്പിഡോറസ് തിയെറ്റര്‍, ഡെല്ലോസ് തിയെറ്റര്‍ തുടങ്ങി അനേകം നാടകശാലകള്‍ ഗ്രീസിന്‍റെ പല ഭാഗങ്ങളിലും ഉയര്‍ന്നുവന്നു.

മലയാളത്തില്‍

വിദേശീയമായ ഇതിവൃത്തങ്ങള്‍ മലയാള ഭാഷയിലൂടെ ആവിഷ്‌ക്കരിച്ച 'ജനോവ', 'കാറല്‍മാന്‍ ചരിതം' എന്നിവയിലൂടെയാണ് നാടകമെന്ന ആധുനിക കലാരൂപവുമായി കേരളീയര്‍ ആദ്യമായി പരിചയപ്പെട്ടത്. പിന്നീട് ക്രൈസ്തവ സ്വാധീനമുള്ള ചവിട്ടുനാടകങ്ങള്‍ കേരളത്തില്‍ പ്രചരിച്ചു. ഷേക്‌സ്പിയറുടെ 'കോമഡി ഒഫ് എറേഴ്‌സിന്‍റെ' വിവര്‍ത്തനമായി 'ആള്‍മാറാട്ടം' എന്നപേരില്‍ 1866-ല്‍ കല്ലൂര്‍ ഉമ്മന്‍ പീലിപ്പോസ് പ്രസിദ്ധപ്പെടുത്തിയ നാടകമാണ് മലയാളത്തിലെ ആദ്യനാടകം. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ നാടകസംഘം തിരുവട്ടാര്‍ നാരായണപിള്ളയുടെ 'മനോമോഹനം' എന്ന നാടകക്കമ്പനിയാണ്. അവരുടെ ആദ്യനാടകം കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍ രചിച്ച 'മണിപ്രവാള ശാകുന്തളം' ആണ്. ഇതേത്തുടര്‍ന്ന് അനേകം സംസ്‌കൃതനാടകങ്ങള്‍ മലയാളത്തിലേക്ക് തര്‍ജമ ചെയ്യപ്പെട്ടു.

തര്‍ജമകളെ തുടര്‍ന്ന് സ്വതന്ത്ര നാടകങ്ങളുണ്ടായി. പുരാണേതിഹാസങ്ങളിലെ കഥകള്‍, കുറേ ശ്ലോകങ്ങള്‍, സംഭാഷണങ്ങള്‍ എന്നിവ ചേര്‍ത്ത് അവതരിപ്പിച്ച ഈ നാടകങ്ങള്‍ രംഗപ്രയോഗസൗകര്യത്തിന്‍റെകാര്യത്തിലും ജീവിതവീക്ഷണ ചതുരതയിലും വളരെ പിന്നോക്കമായിരുന്നു. സമകാലിക സാമൂഹിക സംഭവങ്ങളെ ആവിഷ്‌കരിക്കുന്ന ചില നാടകങ്ങളും ഇക്കാലഘട്ടത്തില്‍ ഉണ്ടായിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ കൊച്ചുണ്ണി തമ്പുരാന്‍റെ 'കല്യാണിനാടകം' (1892), കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍റെ 'ചന്ദ്രിക' (1892), പി.കെ. കൊച്ചീപ്പന്‍ തരകന്‍റെ 'മറിയാമ്മ', കെ.സി. കേശവപിള്ളയുടെ 'ലക്ഷ്മീകല്യാണം' (1893) എന്നിവ ഇക്കൂട്ടത്തില്‍ ഗണനീയങ്ങളാണ്. ഇക്കാലത്തുതന്നെ ഇവിടെ ചില ഷേക്‌സ്പിയര്‍ നാടകങ്ങള്‍ തര്‍ജമ ചെയ്യപ്പെട്ടു. സംസ്‌കൃത നാടക തര്‍ജമകളെ പരിഹസിക്കുവാന്‍ 1893-ല്‍ മുന്‍ഷി രാമക്കുറുപ്പ് എഴുതിയ നാടകമാണ് ചക്കീചങ്കരം.

സംഗീത നാടകങ്ങള്‍

ആദ്യ മലയാള സംഗീത നാടകം ടി.സി. അച്യുതമേനോന്‍റെ 'സംഗീത നൈഷധം' (1893)മാണ്. സംഗീത നാടകങ്ങളില്‍ വളരെ പൊതുജനാദരം നേടിയ നാടകങ്ങളാണ് കെ.സി. കേശവപിള്ളയുടെ 'സദാരാമ' (1904), കുമാരനാശാന്‍റെ കരുണയുടെ നാടകാവിഷ്‌ക്കാരമായ സ്വാമി ബ്രഹ്മവ്രതന്‍റെ 'കരുണ' (1929) എന്നിവ.

ഗദ്യനാടകങ്ങള്‍

പ്രഹസനരൂപത്തിലാണ് ഗദ്യനാടകങ്ങള്‍ ആദ്യം മലയാളത്തില്‍ ഉടലെടുത്തത്. ആദ്യകാല നാടകങ്ങളായ 'ജനോവ'യും 'കാറല്‍മാന്‍ചരിത'വും ഗദ്യ നാടകങ്ങളായിരുന്നു. സി.വി. രാമന്‍പിള്ള രചിച്ച 'കുറുപ്പില്ലാക്കളരി' (1909) യാണ് ഏറ്റവും പഴക്കമേറിയ പ്രഹസനം. സി.വിയുടെ അനുഗാമിയായി പ്രഹസന പ്രസ്ഥാനത്തിലേക്കു കടന്നുവന്ന പ്രതിഭയാണ് ഇ.വി. കൃഷ്ണപിള്ള. പെണ്ണരശുനാട്, കവിതക്കേസ്, ബി.എ. മായാവി, കുറുപ്പിന്‍റെ ഡെയിലി തുടങ്ങിയവയാണ് ഇ.വി.യുടെ പ്രഹസനങ്ങള്‍.

ചരിത്രനാടകങ്ങള്‍

1926-ലാണ് മലയാളത്തില്‍ ആദ്യമായി ഒരു ചരിത്രനാടകമുണ്ടായത്. ഇ.വി. കൃഷ്ണപിള്ളയുടെ 'സീതാലക്ഷ്മി'. 'രാജാകേശവദാസ്', 'ഇരവിക്കുട്ടിപ്പിള്ള' എന്നി ചരിത്ര നാടകങ്ങള്‍ കൂടി ഇ.വി. എഴുതിയിട്ടുണ്ട്. വി. നീലകണ്ഠപിള്ളയുടെ 'വേലുത്തമ്പി ദളവ', കൈനിക്കര പദ്മനാഭപിള്ളയുടെ 'സ്വാതിതിരുനാള്‍', എന്‍. കെ. ആചാരിയുടെ 'ഇളയിടത്തുറാണി', ഡോ. എസ്. കെ. നായരുടെ 'സെബുന്നീസ', അപ്പന്‍ തമ്പുരാന്‍റെ 'മുന്നാട്ടുവീരന്‍', കപ്പന കൃഷ്ണമേനോന്‍റെ 'പഴശ്ശിരാജാ', 'ചേരമാന്‍ പെരുമാള്‍' എന്നീ കൃതികള്‍ ഈ ശാഖയില്‍ പ്രധാനമാണ്. പുരാണകഥകളെ ആധുനിക പശ്ചാത്തലത്തില്‍ പുതിയ വ്യാഖ്യാനങ്ങള്‍ നല്‍കി അവതരിപ്പിക്കുവാനും ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇതില്‍ ശ്രദ്ധേയങ്ങളായ കൃതികളാണ് കെ. രാമകൃഷ്ണപിള്ളയുടെ 'രാവണന്‍', തിക്കോടിയന്‍റെ 'പുഷ്പവൃഷ്ടി', കൈനിക്കര കുമാരപിള്ളയുടെ 'മോഹവും മുക്തിയും', 'ഹരിശ്ചന്ദ്രന്‍', ഉള്ളൂരിന്‍റെ 'അംബ', വി. കൃഷ്ണന്‍ തമ്പിയുടെ 'ഊര്‍മിള', കെ.എം. പണിക്കരുടെ 'മണ്ഡോദരി', സി.എന്‍. ശ്രീകണ്ഠന്‍ നായരുടെ 'കാഞ്ചനസീത' എന്നിവ.

സാമൂഹിക-രാഷ്‌ട്രീയ നാടകങ്ങള്‍

വി.ടി.യുടെ കാലത്തോടെയാണ് മലയാളത്തില്‍ സാമൂഹിക രാഷ്‌ട്രീയ നാടകങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വി.ടി. 1929ല്‍ എഴുതിയ നാടകമാണ് 'അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്'. തുടര്‍ന്ന് എം.ആര്‍. ഭട്ടതിരിപ്പാട്, 'മറക്കുടയ്ക്കുള്ളിലെ മഹാനരകം' എന്ന നാടകമെഴുതി. എം.പി. ഭട്ടതിരിപ്പാട് (പ്രേംജി) 'ഋതുമതി' എന്ന നാടകവും. നമ്പൂതിരി സമുദായത്തെ പരിഷ്‌കരിക്കുക എന്ന ഉദ്ദേശ്യത്തോടെ രചിക്കപ്പെട്ട ഈ നാടകങ്ങള്‍ കേരള സമൂഹത്തെയാകെ സ്വാധീനിച്ചു.

മലയാളത്തിലെ ആദ്യത്തെ രാഷ്‌ട്രീയ നാടകമായി എണ്ണപ്പെടുന്ന കൃതി കെ. ദാമോദരന്‍റെ 'പാട്ടബാക്കി' (1937) ആണ്. കേശവദേവിന്‍റെ 'മുന്നോട്ട്', 'മദ്യപാനി', തകഴിയുടെ 'തോറ്റില്ല', പൊന്‍കുന്നം വര്‍ക്കിയുടെ 'ജേതാക്കള്‍', 'വഴി തുറന്നു', തോപ്പില്‍ ഭാസിയുടെ 'സര്‍വേക്കല്ല്, 'വിശക്കുന്ന കരിങ്കാലി', 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി', 'മുടിയനായ പുത്രന്‍', 'മൂലധനം', ചെറുകാടിന്‍റെ 'നമ്മളൊന്ന്, സി.ജെ. തോമസിന്‍റെ 'വിഷവൃക്ഷം' എന്നിവയും പ്രധാന രാഷ്‌ട്രീയനാടകങ്ങളാണ്.

1930കളിലാണ് ആധുനിക യൂറോപ്യന്‍ നാടകത്തിന്‍റെ പിറവി മലയാളത്തിലുണ്ടാകുന്നത്. നോര്‍വീജിയന്‍ നാടകകൃത്തായ ഇബ്‌സന്‍റെ 'ഗോസ്റ്റ്' എന്ന നാടകം 'പ്രേതങ്ങള്‍' എന്നപേരില്‍ എ. ബാലകൃഷ്ണപിള്ളയും എ.കെ. ഗോപാലപിള്ളയും ചേര്‍ന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു.

ഇബ്‌സന്‍റെ സ്വാധീനം മലയാളനാടകത്തില്‍

Henrik Ibsen
Henrik Ibsen

വിവര്‍ത്തനങ്ങളിലൂടെ മലയാള നാടകസാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയത് ഇബ്‌സന്‍റെ നാടകങ്ങളാണ്. ഇബ്‌സനില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് എന്‍. കൃഷ്ണപിള്ള 'ഭഗ്‌നഭവനം' (1942) രചിക്കുന്നത്. 1943ല്‍ വൈക്കം മുഹമ്മദ് ബഷീര്‍ 'കഥാബീജം' എന്ന നാടകമെഴുതി. 1944-ല്‍ പുളിമാന പരമേശ്വരന്‍പിള്ളയുടെ 'സമത്വവാദി' പുറത്തുവന്നു (എക്‌സ്പ്രഷനിസ്റ്റ് സങ്കേതത്തില്‍ മലയാളത്തില്‍ ആദ്യമായി എഴുതപ്പെടുന്ന കൃതി). 1949ല്‍ സി.ജെ. തോമസ് 'അവന്‍ വീണ്ടും വരുന്നു' എന്ന നാടകത്തിലൂടെ അരങ്ങേറ്റം കുറിച്ചു. 1949ല്‍ ഇടശ്ശേരിയുടെ 'കൂട്ടുകൃഷി' പുറത്തിറങ്ങി. അതേവര്‍ഷം തന്നെ എം. ഗോവിന്ദന്‍ 'നീ മനുഷ്യനെ കൊല്ലരുത്' പ്രസിദ്ധീകരിച്ചു. 1950കളിലാണ് കെ.പി.എ.സി. എന്ന നാടകസംഘം 'എന്‍റെ മകനാണു ശരി' എന്ന നാടകം അവതരിപ്പിച്ചുകൊണ്ട് ഈ രംഗത്തേക്കു കടന്നുവരുന്നത്. എന്‍.എന്‍.പിള്ള എന്ന നാടകകൃത്ത് ആദ്യനാടകമായ 'മനുഷ്യന്‍' എഴുതി അവതരിപ്പിക്കുന്നത് 1953ലാണ്.

തനതു നാടകവേദി

കേരളത്തിലെ നാടോടിയും ക്ലാസിക്കലുമായ കലകളുടെ അംശങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു പുതിയ അവതരണരീതിയാണ് തനതുനാടകം.

1967ല്‍ ശാസ്താംകോട്ടയില്‍ നടന്ന ആദ്യത്തെ നാടകക്കളരിയില്‍ എം. ഗോവിന്ദന്‍ ഇതൊരു ചര്‍ച്ചാവിഷയമായി അവതരിപ്പിച്ചു. സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ രചിച്ച 'കലി' എന്ന നാടകത്തില്‍ ഈ സങ്കല്പത്തിന്‍റെ ചില സ്പന്ദനങ്ങള്‍ കാണാം. കാവാലം നാരായണപ്പണിക്കരുടെ 'ദൈവത്താര്‍', 'അവനവന്‍ കടമ്പ' എന്നി നാടകങ്ങളില്‍ തനതു നാടകം എന്ന ആശയം സഫലമാക്കുകയുണ്ടായി.

കുട്ടികളുടെ നാടകവേദി

1970കളിലാണ് കുട്ടികളുടെ നാടകവും നാടകവേദിയും മലയാളത്തില്‍ ആരംഭിക്കുന്നത്. പ്രൊഫ. ജി. ശങ്കരപ്പിള്ളയുടെ നേതൃത്വത്തില്‍ വെഞ്ഞാറമ്മൂട്ടില്‍ ആരംഭിച്ച രംഗപ്രഭാത് (1970), തൃശൂര്‍ ആസ്ഥാനമാക്കി തുടങ്ങിയ രംഗചേതന (1980), എറണാകുളത്തെ സൂര്യ ചില്‍ഡ്രന്‍സ് തിയെറ്റര്‍ എന്നിവ കുട്ടികളുടെ നാടകങ്ങള്‍ സ്ഥിരമായി അവതരിപ്പിക്കുന്ന സംഘങ്ങളാണ്.

നാടക പഠനഗ്രന്ഥങ്ങള്‍ മലയാളത്തില്‍

ഉയരുന്ന യവനിക- സി.ജെ. തോമസ്, നാടക ദര്‍പ്പണം, കര്‍ട്ടന്‍-എന്‍.എന്‍.പിള്ള, നവീന നാടക ദര്‍ശനം - മേക്കൊല്ല പരമേശ്വരന്‍പിള്ള., നാടകപ്രവേശിക- എ.ഡി. ഹരിശര്‍മ്മയും സഹോദരന്‍ ആര്‍.സി. ശര്‍മ്മയും ചേര്‍ന്നെഴുതിയത്.നാടകരൂപ ചര്‍ച്ച - കാട്ടുമാടം നാരായണന്‍, നാടകത്തിലേക്കൊരു നടപ്പാത - എ. പി. പി. നമ്പൂതിരി., നാടകീയം - കൈനിക്കര, രംഗപ്രവേശം - വൈക്കം ചന്ദ്രശേഖരന്‍ നായര്‍, രംഗാവതരണം - കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com