
ഹൗട്ടൺ ഹൗസിൽ നിന്നുള്ള വിദൂര ദൃശ്യം.
MV
AI generated summary, newsroom reviewed
ഹൗട്ടൺ ഹൗസിന്‍റെ നാശാവശിഷ്ടം: മുന്നിൽ നിന്നുള്ള ദൃശ്യം.
MV
അജയൻ
പ്രശസ്ത ഇംഗ്ലീഷ് കവിയും പ്രസംഗകനുമായ ജോൺ ബന്യൻ, 1678-ൽ പ്രസിദ്ധീകരിച്ച തന്‍റെ മാസ്റ്റർപീസ് കൃതിയായ 'ദ പിൽഗ്രിംസ് പ്രോഗ്രസ്സിൽ' (The Pilgrim's Progress) 'ഹൗസ് ബ്യൂട്ടിഫുൾ' (House Beautiful) എന്നൊരു സങ്കേതത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. യാത്രയുടെ ഒടുവിൽ വിശ്വാസിയായ തീർഥാടകനെ കാത്തിരിക്കുന്ന കൃപയുടെയും സമാധാനത്തിന്‍റെയും ആത്മീയ അഭയത്തിന്‍റെയും കേന്ദ്രമാണത്. തളർന്ന ആത്മാവിന് വിശ്രമം കണ്ടെത്താനാകുന്ന മോക്ഷത്തിന്‍റെ പ്രതീകമായാണ് ബന്യൻ അതിനെ ദർശിച്ചത്.
പഴയ ആംപ്‌തിൽ-ബെഡ്‌ഫോർഡ് റോഡിലെ ഒരു ചെറിയ കുന്നിൻ മുകളിൽ നിശബ്ദമായി സ്ഥിതി ചെയ്യുന്ന 'ഹൗട്ടൺ ഹൗസ്' (Houghton House) ആണ് ബന്യന്‍റെ സങ്കല്പത്തിലെ 'ഹൗസ് ബ്യൂട്ടിഫുളിന്' പ്രചോദനമായതെന്ന് വിശ്വസിക്കപ്പെടുന്നു. കാലത്തിന്‍റെ പ്രഹരമേറ്റ ഈ പതിനേഴാം നൂറ്റാണ്ടിലെ മാളികയുടെ ചുവരുകൾക്ക് നൂറ്റാണ്ടുകളുടെ ഓർമകൾ പറയാനുണ്ട്. പ്രൗഢി പതുക്കെ നാശത്തിന് വഴിമാറിക്കൊടുത്തെങ്കിലും, മനോഹരമായ ഒരു ഗാംഭീര്യം ഈ അവശിഷ്ടങ്ങളിൽ ഇന്നും തങ്ങിനിൽക്കുന്നു. തകർന്ന കവാടങ്ങൾക്കും നിഴൽ വീണ മുറികൾക്കുമിടയിൽ പണ്ടത്തെ ആ ചൈതന്യത്തിന്‍റെ ഒരംശം ഇന്നും അവശേഷിക്കുന്നുണ്ടെന്ന പോലെ സന്ദർശകർ ഇപ്പോഴും ഇവിടേക്ക് ഒഴുകിയെത്തുന്നു.
ജോൺ ബന്യൻ ജനിച്ച ബെഡ്‌ഫോർഡ്ഷെയറിലെ മനോഹരമായ ഗ്രാമാന്തരീക്ഷത്തിൽ, പെംബ്രോക്ക് കൗണ്ടസ് മേരി ഹെർബെർട്ടിന് വേണ്ടിയാണ് 1615-ൽ ഹൗട്ടൺ ഹൗസ് നിർമിക്കപ്പെട്ടത്. ജയിംസ് ഒന്നാമൻ രാജാവിന്‍റെ (1603–1625) ഭരണകാലത്ത് തനിക്കു കിട്ടിയ ഭൂമിയിലാണ് അവർ ഈ കൊട്ടാരസദൃശമായ നായാട്ടുബംഗ്ലാവ് നിർമിച്ചത്. ബ്രിട്ടിഷ് വാസ്തുവിദ്യയുടെ സുവർണകാലമെന്നു വിശേഷിപ്പിക്കപ്പെടുന്ന അക്കാലത്തെ 'ജാക്കോബിയൻ' ശൈലിയുടെ മികച്ച ഉദാഹരണമായിരുന്നു ഇത്.
ഹൗട്ടൺ ഹൗസ്, വശത്തുനിന്നുള്ള ദൃശ്യം.
MV
പ്രശസ്ത വാസ്തുശിൽപ്പികളായ ജോൺ തോർപ്പിന്‍റെയും, ഇംഗ്ലണ്ടിലേക്ക് ക്ലാസിക്കൽ വാസ്തുവിദ്യയെ പരിചയപ്പെടുത്തിയ ഇനിഗോ ജോൺസിന്‍റെയും സ്വാധീനം ഈ കെട്ടിടത്തിൽ ദൃശ്യമാണ്. ക്ലാസിക്കൽ രൂപകൽപ്പനയും ആഡംബരവും ഒത്തുചേരുന്ന രീതിയിലായിരുന്നു ഇതിന്‍റെ നിർമാണം. 1621-ൽ നിർമാണം പൂർത്തിയായ അതേ വർഷം തന്നെ ജയിംസ് ഒന്നാമൻ രാജാവ് ഇവിടം സന്ദർശിച്ച് മേരിയെ ആദരിച്ചിരുന്നു.
ചുവന്ന ഇഷ്ടികയിൽ 'H' ആകൃതിയിൽ നിർമിച്ച ഈ മൂന്നു നില മാളിക ബെഡ്‌ഫോർഡ്ഷെയർ ഗ്രാമഭംഗിയുടെ അതിമനോഹരമായ കാഴ്ചകൾ സമ്മാനിച്ചിരുന്നു. മേരി ഹെർബെർട്ടിന്‍റെ സാമൂഹിക ഒത്തുചേരലുകൾക്ക് വേദിയായിരുന്ന ഈ മന്ദിരം പൂന്തോട്ടങ്ങളാലും നായാട്ടുപറമ്പുകളാലും ചുറ്റപ്പെട്ടു കിടന്നു. ഇതിലെ ഇരുനില ഇടനാഴികൾ ഇറ്റാലിയൻ ശൈലിയുടെ ലാളിത്യം വിളിച്ചോതുന്നവയായിരുന്നു. കൗണ്ടസിന്‍റെയും കുടുംബത്തിന്‍റെയും കുലചിഹ്നങ്ങളും പൂക്കളുടെ രൂപങ്ങളും കൊത്തിയലങ്കരിച്ച തൂണുകൾ ഇതിന്‍റെ പ്രത്യേകതയായിരുന്നു.
ഹൗട്ടൺ ഹൗസിന്‍റെ ഉൾവശം.
MV
ആ വർഷം തന്നെ മേരി ദിവംഗതയായതോടെ, റോബർട്ട് ബ്രൂസിന്‍റെ കുടുംബത്തിന് എസ്റ്റേറ്റ് കൈമാറ്റം ചെയ്യപ്പെട്ടു. വെറുമൊരു വേനൽക്കാല സങ്കേതമായിരുന്ന ഹൗട്ടൺ ഹൗസിനെ അവർ പിന്നീട് തങ്ങളുടെ പ്രധാന ആസ്ഥാനമാക്കി മാറ്റുകയായിരുന്നു. 1738-ൽ ബെഡ്‌ഫോർഡ് നാലാമൻ പ്രഭു ഇതു വാങ്ങിയെങ്കിലും 1767-ൽ അദ്ദേഹത്തിന്‍റെ മകൻ ഒരു നായാട്ടപകടത്തിൽ മരിച്ചതോടെ മന്ദിരത്തിന്‍റെ ശോഭ മങ്ങി. പരിപാലനം ദുഷ്കരമായതിനെത്തുടർന്ന് 1794-ൽ മന്ദിരം പൊളിച്ചുനീക്കാൻ പ്രഭു ഉത്തരവിട്ടു. അകത്തളങ്ങളിലെ അലങ്കാരങ്ങളെല്ലാം നീക്കം ചെയ്യപ്പെട്ടതോടെ അതിന്‍റെ ഐശ്വര്യം പൂർണമായും അസ്തമിച്ചു.
1770-കളിൽ പ്രശസ്ത ലാൻഡ്‌സ്‌കേപ്പ് ഡിസൈനറായ ലാൻസലോട്ട് 'കേപ്പബിലിറ്റി' ബ്രൗൺ അടുത്തുള്ള ആംപ്‌തിൽ പാർക്ക് നവീകരിച്ചപ്പോൾ, ദൂരെയുള്ള ഹൗട്ടൺ ഹൗസിന്‍റെ രൂപരേഖയെയും ആ മനോഹര ദൃശ്യത്തിന്‍റെ ഭാഗമാക്കി മാറ്റിയിരുന്നു. 1804-ൽ അപ്പർ ഒസ്സോറി പ്രഭു ഈ പാർക്കും ഹൗട്ടൺ ഹൗസിന്‍റെ അവശിഷ്ടങ്ങളും വീണ്ടും ഒന്നിപ്പിച്ചു. ഇന്നും ആ തകർന്ന ചുവരുകൾ നിശബ്ദമായ ഒരു രാജകീയ പ്രൗഢിയോടെ ഗ്രാമഭംഗിക്ക് കാവലിരിക്കുന്നു.