
കവിക്ക് കവിത വായിക്കുന്നതിന് ഒരു രീതിയുണ്ട്. അതിനനുസരിച്ചാണ് എഴുതുന്നത്.
പ്രതീകാത്മക ചിത്രം - മണിച്ചിത്രത്താഴ് സിനിമയിൽനിന്ന്.
അക്ഷരജാലകം | എം.കെ. ഹരികുമാർ
നൊബേൽ സമ്മാനം (2020) ലഭിച്ച അമെരിക്കൻ കവി ലൂയിസ് ഗ്ലൂക്ക് എഴുതിയ 'പ്രൂഫ്സ് ആൻഡ് തിയറീസ്- എസെയ്സ് ഓൺ പോയട്രി' എന്ന പുസ്തകം കവിതയുടെ വഴിയിൽ അലഞ്ഞതിന്‍റെ സ്വാനുഭവങ്ങളും വിചിന്തനങ്ങളുമാണ് ഉൾക്കൊള്ളുന്നത്. കവിയുടെ ചിന്തകളും പ്രമുഖ കവികളായ ടി.എസ്. എലിയറ്റ്, ജോർജ് ഓപ്പൻ, സ്റ്റാൻലി കുനിറ്റ്സ് എന്നിവരെക്കുറിച്ചുള്ള കുറിപ്പുകളും ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നു. ലൂയിസ് ഗ്ലൂക്ക് എങ്ങനെയാണ് കവിയെയും കവിതയെയും വായിക്കേണ്ടതെന്നു വിശദീകരിക്കുന്നുണ്ട്. കവിക്ക് കവിത വായിക്കുന്നതിന് ഒരു രീതിയുണ്ട്. അതിനനുസരിച്ചാണ് എഴുതുന്നത്.
ഒരു കവിത എങ്ങനെയെഴുതണമെന്നു നിഷ്കർഷിക്കാൻ ഒരു സ്ഥാപനത്തിനും അധികാരമില്ല. ഒ.എൻ.വി. കുറുപ്പിന് ഇഷ്ടമുള്ള രൂപമായിരിക്കില്ല എ. അയ്യപ്പന്‍റേത്. എന്നാൽ രണ്ടുപേരും അവരവരുടെ ഇഷ്ടപ്പെട്ട രൂപമാണ് തെരഞ്ഞെടുക്കുന്നത്. സ്വയം സൃഷ്ടിക്കുന്ന രൂപത്തിനുള്ളിലാണ് സുരക്ഷിതത്വമുള്ളത്. കവിത പിറക്കുന്നതിനു മുമ്പേ തന്നെ അതിന്‍റെ രൂപം നിശ്ചയിക്കപ്പെടുകയാണ്. കവിത നേരത്തേ കണ്ടെത്തിയതോ, സ്വരൂപിച്ചതോ അല്ല; അത് ആകസ്മികമായി സംഭവിക്കുന്നതാണ്. കവിത കവിയെ തേടിപ്പിടിക്കുകയാണ്.
"ജയിൽ മുറ്റത്തെ പൂക്കൾ' എന്ന കവിത എ. അയ്യപ്പനെയാണ് തേടുന്നത്. "ദിനാന്തം' എന്ന കവിത ഒ.എൻ.വിയെ പിടികൂടുകയാണ്. അതുകൊണ്ട് ആ രൂപത്തെ മാറ്റാൻ കവിക്കാവില്ല.
ഗ്ലൂക്ക് എഴുതുന്നു: "ജീവിതത്തിൽ നേടാനാവാത്ത കാര്യം കൂടുതൽ വേണമെന്നു പറയുന്നത് വിചിത്രമാണ്. ഹൈജംപിൽ പങ്കെടുക്കുന്നയാൾക്കു ചാട്ടത്തിനു ശേഷം എത്ര ഉയരം താണ്ടിയെന്നു കൃത്യമായറിയാം. ആ നേട്ടം അതിവേഗത്തിലും കൃത്യതയിലും മനസിലാക്കാം. എന്നാൽ നമ്മൾ കവികളോ? നാം മരിച്ചവരുമായി സംവദിക്കാനാണ് ശ്രമിക്കുന്നത്. ഇവിടെ കാത്തുനിൽപ്പിന്‍റെ പ്രശ്നമില്ല. നാം പ്രതീക്ഷിക്കുന്ന വിധികല്പന ഇനിയും ജനിച്ചിട്ടില്ലാത്തവരിൽ നിന്നാണ് വരേണ്ടത്. നമുക്ക് ഒരിക്കലും, നമ്മുടെ ജീവിതകാലത്ത് അത് അറിയാനൊക്കില്ല'.
ഇതാണ് കവി നേരിടുന്ന പ്രതിസന്ധി. ഏതു വലിയ കവിക്കും തന്‍റെ കവിതയെപ്പറ്റിയുള്ള അന്തിമ വിധിതീർപ്പ് ലഭിക്കുകയില്ല. കാരണം, കവിതയെപ്പറ്റി വ്യക്തിപരമായി അഭിപ്രായങ്ങളാണ് കിട്ടുക. അത് ഓരോ വായനക്കാരന്‍റെയും സ്വഭാവമനുസരിച്ചിരിക്കും. ചിലർ വോട്ടിനിട്ടാണു തീരുമാനിക്കുന്നത്. ജനാധിപത്യത്തെ തെറ്റായി വ്യാഖ്യാനിച്ച് ഭ്രാന്തായോ രോഗമായോ കൊണ്ടുനടക്കുന്നവരുണ്ട്. ഒരു കവി ഭാവിയോടാണ് ഏറ്റുമുട്ടുന്നത്. കാർമേഘത്താൽ ആവരണം ചെയ്ത ആകാശം പോലെ ഭാവി കവിക്കു മേലേയുണ്ട്. എഴുതപ്പെട്ട രചനകൾക്കെല്ലാം ആ ആകാശത്തെ നേരിടേണ്ടി വരും. അതുകൊണ്ട് കവി നിരാശനാണ്. കവിതയ്ക്കു നീണ്ട ഒരു കാലം ജീവിക്കാനാകുമോ എന്ന ആശങ്ക അതിലുണ്ട്. ഭാവിയിലെ മനുഷ്യർ, ഇനിയും ജനിച്ചിട്ടില്ലാത്തവർ വായിച്ച് അഭിപ്രായം പറയേണ്ട വിഷയമാണിത്. ഇപ്പോഴും കാളിദാസന്‍റെ നാടകങ്ങൾ ആസ്വദിക്കുന്നവരുണ്ട്. അവരുടെ വാക്കുകൾ കേൾക്കാൻ കാളിദാസനില്ല. അത് മുൻകൂട്ടി കണ്ട് കാളിദാസൻ നിരാശപ്പെട്ടിട്ടുണ്ടാകാം.
കവി ഭൂതകാലത്തെ കവികളുമായി സംവദിക്കുന്നു. മരണമടഞ്ഞവരുടെ കവിതകൾ സൃഷ്ടിച്ച ഭൂതകാലം കവിക്ക് പ്രചോദനമാണ്. ഓരോ കവിയും തന്‍റെ പൂർവകാല കവികളുമായി ചില ആശയങ്ങളും വികാരങ്ങളും പങ്കുവയ്ക്കുന്നുണ്ട്. ബോധപൂർവമായല്ല, അബോധപരമായി തന്നെ കവിയെ പൂർവകാല സാഹിത്യം സ്വാധീനിക്കുന്നു. ഭാഷ ഭൂതകാലത്തിന്‍റേതാണ്. അത് ഒരു ചിറയാണ്. അതിനുള്ളിലാണ് കവി കൂട്ടിലടച്ച തത്തയെപ്പോലെ വസിച്ച് സ്വപ്നം കാണുന്നത്. ഭൂതകാലത്തിന്‍റെ ഭാഷയെ തകർക്കാനാണ് കുമാരനാശാൻ കുസുമാന്തരലോലൻ, കൃപാരസം, നിത്യഭാസുര നഭശ്ചരങ്ങളേ, ആ നല്ല ഹൈമവത ഭൂവിൽ, കണ്ണേ മടങ്ങുക തുടങ്ങിയ നവീനമായ വാക്കുകളും പ്രയോഗങ്ങളും കണ്ടുപിടിച്ചത്. ഒരു വിമോചന പ്രക്രിയയാണത്. കവിക്ക് അമിതമായ രാഷ്‌ട്രീയ വിധേയത്വവും രാഷ്‌ട്രീയ മുദ്രാവാക്യങ്ങൾ നിഷ്ക്കർഷിക്കുന്ന ചട്ടങ്ങളും പാലിക്കേണ്ടി വരുന്നതു വിനയാണ്. ഒരു ചട്ടക്കൂടിൽ തളയ്ക്കപ്പെടാനും മറ്റുള്ളവർ ഉപയോഗിച്ച ഭാഷയിൽ കിടന്നു ജീർണിക്കാനും ഇത് ഇടയാക്കും.
കവി ബഹുമാന്യനായി പുറത്തറിയപ്പെടുമ്പോഴും അകമേ അപമാനിതനായി നീറുന്നുണ്ടാകും. 50 വർഷം എഴുതിയിട്ടും സ്വന്തമായി ഒരു ഭാഷ സൃഷ്ടിക്കാൻ കഴിഞ്ഞില്ലല്ലോ എന്ന വ്യഥ അയാളെ മാറ്റിമറിക്കും. അയാൾ എല്ലാറ്റിനോടും അകലാൻ അതിടയാക്കും. എല്ലാറ്റിലും തിന്മ മാത്രം കാണുന്ന മാനസികാവസ്ഥയിലേക്ക്
എത്തിച്ചേരാനും സാധ്യതയുണ്ട്. കവി സൃഷ്ടിപരമായ മികവിനെപ്പറ്റി സ്വയം അഭിമാനിക്കുമെങ്കിലും കാലം എന്തു മറുപടി തരുമെന്ന കാര്യത്തിൽ സമ്പൂർണമായ അജ്ഞതയാണുള്ളത്. ഇതിനെ താത്കാലികമായി മറികടക്കാൻ സമകാലികമായ ചില പുകഴ്ത്തലുകൾക്ക് കഴിയുമായിരിക്കും. അത് ബുദ്ധിപരമാണെന്ന് വിശേഷിപ്പിക്കപ്പെടാം. ഗ്ലൂക്ക് പറയുന്നത്, ബുദ്ധിപരമായ പുകഴ്ത്തലുകൾ കേട്ട് സംതൃപ്തരാകാമെങ്കിലും, വല്ലപ്പോഴുമെങ്കിലും കൊള്ളാവുന്ന വിമർശനത്തെ വകവയ്ക്കണമെന്നാണ്. ആ വിമർശനത്തിൽ സത്യത്തിന്‍റെ തീപ്പൊരികളുണ്ടാവും. ഇനിയും ജനിക്കാത്ത തലമുറകളുടെ വായനയുടെയും അഭിരുചിയുടെയും വികാരം എന്തായിരിക്കുമെന്നതിന്‍റെ സൂചനകൾ ആ വിമർശനത്തിൽ അടങ്ങിയിട്ടുണ്ടാവും.
സ്വയം പരിശോധിച്ച് എഴുതാൻ ശ്രമിക്കുന്നതിനിടയിൽ ഗ്ലൂക്ക് കണ്ടെത്തിയ ചില കാര്യങ്ങളുണ്ട്. എഴുതാൻ വിഷമം തോന്നുന്ന ഘട്ടത്തിൽ അവർ ഒരു ഡോക്റ്ററെ കണ്ടു. അദ്ദേഹം പറഞ്ഞു, "പേടിക്കേണ്ട, ലോകം നിങ്ങൾക്ക് മതിയായ ദുഃഖം നൽകും'.
അത് പറയാൻ ഡോക്റ്റർ ശങ്കിച്ചിരിക്കാമെന്ന് ഗ്ലൂക്ക് വെളിപ്പെടുത്തുന്നു. കാരണം ഈ ലോകം കവിക്ക് പുറത്താണുള്ളത്. അത് എല്ലാ അഹംഭാവികൾക്കും അപ്പുറത്താണുള്ളത്. അതിനെക്കുറിച്ച് മനുഷ്യർക്ക് വലിയ വിവരമൊന്നുമില്ല. ലോകം എന്താണെന്ന് നാം മനസിലാക്കുന്നത് നമുക്ക് ആവശ്യമുള്ള നിഗമനങ്ങളുടെയും വീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ്. എന്നാൽ ലോകം ഓരോ നിമിഷവും അനേകം തവണ മാറുന്നു. പലതരം യുക്തികൾ, വിചാരങ്ങൾ കൂടിക്കലർന്ന് അത് എന്താണെന്ന് സ്ഥാപിക്കാനാവാത്ത വിധം ചിതറിപ്പോകുന്നു.
സ്വന്തം ഭാഷണങ്ങളെ സംശയിക്കുക എന്ന വിലപ്പെട്ട അറിവ് ഗ്ലൂക്കിന് കിട്ടിയത് വിചിന്തനങ്ങളിൽ നിന്നാണ്. നമ്മൾ എത്തിച്ചേരുന്ന ഇടങ്ങൾ നമ്മുടേതല്ലെന്ന തരത്തിൽ ചിന്തയിൽ സ്വയം തിരയുകയാണ് അവർ ചെയ്തത്. അത് സംശയത്തിന്‍റെ ദാർശനികമായ ഒരു തലം തുറന്നു നൽകി. അത് ഉൾക്കാഴ്ചയായി പരിണമിച്ചു.
തന്‍റെയുള്ളിലൂടെ കടന്നുപോയ സ്വപ്നങ്ങളിൽ തന്നെക്കുറിച്ചുള്ള വെളിപാടുണ്ടായിരുന്നുവെന്ന് ഈ ആത്മവിശകലനത്തിലൂടെ കവി കണ്ടെത്തി. ഈ സ്വപ്നങ്ങളുടെ ഉറവിടം കവി തന്നെയാണല്ലോ. അതിൽ കവി എന്ന വ്യക്തിയുടെ ദുരൂഹതയും രഹസ്യവും അസ്വസ്ഥതയും അടങ്ങിയിരിക്കുന്നു. അത് തന്നിലെ അസംഖ്യം സംഘർഷങ്ങളായിരുന്നു. അതിൽ നിന്ന്, എഴുതേണ്ടത് എങ്ങനെയെന്ന് അവർ പഠിക്കുകയായിരുന്നു. മനസിലെ സംഘർഷങ്ങളാണ് ബിംബങ്ങളായി മാറുന്നത്. എന്നാൽ ബിംബങ്ങളെ മനസ് തടയാതെ നോക്കണം. ആ ബിംബങ്ങളുടെ അനുരണനങ്ങളെ ആഴത്തിൽ മനസിലാക്കാൻ മനസിനെ ഉപയോഗിക്കാൻ പഠിക്കണം. ആഴമുള്ള ഒരാശയത്തെ അടുത്തു കാണാൻ അതിനു മുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചവറു നീക്കം ചെയ്യേണ്ടതുണ്ട്. ഇതാണ് കവിയുടെ ആത്മീയമായ അഭ്യാസം. തന്‍റെ മനസ് തന്നെ ചതിക്കുന്നുണ്ടോ എന്ന അന്വേഷണമാണിത്. ഈ അവസ്ഥയെ ഗ്ലൂക്ക് ഇങ്ങനെ വിവരിക്കുന്നു:
"ഈ അവസരം എനിക്ക് സ്വന്തം മനസിനെ ഉപയോഗിക്കുന്നതെങ്ങനെയെന്ന പാഠമാണ് പറഞ്ഞു തന്നത്. എന്‍റെ വൈകാരികാവസ്ഥ, കർക്കശമായ പെരുമാറ്റം, അനുഷ്ഠാനങ്ങളോടുള്ള എന്‍റെ ഭ്രാന്തമായ ആശ്രയത്വം എന്നിവ മറ്റു വിദ്യാഭ്യാസ പദ്ധതികൾ എനിക്ക് അസാധ്യമാക്കി. ഇതിന്‍റെ ഫലമായി വർഷങ്ങളോളം എനിക്ക് സാമൂഹിക വേദികളിൽ ആശയവിനിമയത്തിനും പ്രതികരണത്തിനും സാധിക്കാതെ വന്നു'.
ഗ്ലൂക്ക് എന്ന കവി സ്വയം നിർമിച്ചതെങ്ങനെയെന്ന് തന്‍റെ വിദ്യാഭ്യാസകാലത്തെ ഓർത്തെടുത്ത് എഴുതിയതാണിത്.
കവിത വായിക്കേണ്ടത് എങ്ങനെയെന്നതിനെപ്പറ്റി പ്രമുഖ വിമർശകനായ ഹാരോൾഡ് ബ്ലൂം എഴുതിയ "ഹൗ ടു റീഡ് പോയട്രി' എന്ന പുസ്തകമുണ്ട്. അതിൽ ഇങ്ങനെ കുറിക്കുന്നു: "മഹത്തായ കവിത നമ്മെ ഒരു സ്വതന്ത്ര കലാകാരനാക്കാൻ സഹായിക്കുകയാണ് ചെയ്യുന്നത്'.
അവിടെ നാം നമ്മെത്തന്നെ വിടുതൽ ചെയ്യിക്കുകയാണ്. ഇവിടെ സെൻ ബുദ്ധിസ്റ്റുകൾ പറയുന്ന ഒരു കാര്യം ഓർക്കണം. നിറഞ്ഞ ഗ്ലാസിലേക്ക് ഒരു തുള്ളി വെള്ളം പോലും കൂട്ടിച്ചേർക്കാനാവില്ല. പല ചിന്തകൾ അരക്കിട്ടുറപ്പിച്ചു വച്ചിരിക്കുന്ന മനസിലേക്ക് പുതിയതൊന്നും കടന്നു ചെല്ലുകയില്ല. മറ്റുള്ളവർ അന്ധമായി വിശ്വസിപ്പിച്ച ആശയങ്ങളും ധാരണകളും ആധിപത്യം ചെലുത്തുന്ന മനസിലേക്ക് നമ്മെ കലാകാരനാക്കാൻ ആഹ്വാനം ചെയ്യുന്ന കവിതയുടെ സ്വാതന്ത്ര്യ സങ്കല്പത്തിന് കടന്നുചെല്ലാനാവുകയില്ല. ഉള്ളിൽ ഒരിടമുണ്ടാകണം. അവിടെ ആ ചിന്തകൾക്ക് ഇറങ്ങാനാവണം. മനസിന്‍റെ സ്വീകരണശേഷിയാണ് നിർണായകം.
നാം സ്വതന്ത്രരാകുന്നത് ഈ ഒഴിഞ്ഞയിടത്തിലാണ്. ആത്മാവിന്‍റെ സുഭഗമായ അനുരണനങ്ങൾ കേൾക്കാനുള്ള ഇടമാണത്. അത് ഇല്ലാതാകുന്നതോടെ നമ്മുടെ ആസ്വാദനത്തിനും കലാസ്വാദനത്തിനുമുള്ള ഇടം നഷ്ടപ്പെടും. വിവിധ കവികളെക്കുറിച്ച് പലതരം വായനകൾ നമുക്കുണ്ട്. അതെല്ലാം നിറച്ചുവെച്ച മനസ് സ്വതന്ത്രമല്ല. എന്ത് ചിന്തിക്കുമ്പോഴും പഴയതെല്ലാം കയറി വരും. നമുക്ക് നമ്മെ നഷ്ടപ്പെടുന്ന സന്ദർഭമാണത്. ഒരു നല്ല വായനക്കാരനാകാൻ സ്വയം വിമോചിപ്പിക്കണമെന്ന് പറയുന്നതിന്‍റെ കാരണമിതാണ്. മറ്റു സ്വാധീനങ്ങളിൽ നിന്ന് വിടുതൽ നേടുന്നതോടെ മനസിന്‍റെ യഥാർഥമായ ആവേഗങ്ങളിലേക്ക് എത്തിച്ചേരാനാവുന്നു.
ഇപ്പോഴും ഇവിടെ യഥാർഥവും മൗലികവുമായ വായന ഉണ്ടാകുന്നില്ല. രാഷ്‌ട്രീയ നേതാക്കൾ പറയുന്നത് കേട്ട് വായിക്കുന്നവരുണ്ട്. ഒരു നല്ല കഥ പ്രസിദ്ധീകരിക്കുകയാണെങ്കിൽ അതിനെക്കുറിച്ച് സ്വതന്ത്രമായ, സത്യസന്ധമായ അഭിപ്രായം പറയാൻ കഴിയുന്നവർ 2 ശതമാനത്തിൽ താഴെയാണ്. വേറെ ആരെങ്കിലും അതിനെക്കുറിച്ച് പറയുകയോ അവാർഡ് കിട്ടുകയോ ചെയ്യുകയാണെങ്കിൽ അത് നല്ലതാണെന്ന് വിശ്വസിച്ച് വായിക്കുന്നവരെയാണ് മിക്കയിടങ്ങളിലും കാണാറുള്ളത്.
ഇതിന്‍റയർഥം വളരെ ലളിതമാണ്. സ്വന്തമായി വായിക്കാൻ, ഇത്രയൊക്കെ ചർച്ചകളും സെമിനാറുകളും സംഘടിപ്പിച്ചിട്ടും, ഇനിയും കഴിഞ്ഞിട്ടില്ല. സാഹിത്യം പിടിതരാതെ മാറിനിൽക്കുകയാണ്. നിശ്ചിതമായ, നിഷ്കളങ്കമായ വായന ഉണ്ടാകുന്നില്ല. പലർ ചേർന്ന് വായിച്ചതിന്‍റെ ഉത്പന്നമല്ല നാം വായിക്കേണ്ടത്. നാം പിറന്നത് നമുക്ക് വേണ്ടിയാണെങ്കിൽ, നമുക്കു വേണ്ടി വായിക്കുകയും വേണം. പിറന്നത് നമുക്ക് വേണ്ടി എന്ന് പറഞ്ഞതു തെറ്റിദ്ധരിക്കരുത്. നാം പിറന്നതു കൊണ്ടു മറ്റുള്ളവർക്ക് ഗുണമുണ്ടാകണം. എങ്കിലും നാം ശരീരത്തിന്‍റെയും മനസിന്‍റെയും നിയമത്തിനനുസരിച്ചു നമ്മളിൽ തന്നെയാണ് ജീവിക്കുന്നത്. നമ്മുടെ രോഗത്തിന് നാം തന്നെ ചികിത്സിക്കണം. സന്തോഷത്തിനു നാം തന്നെ സന്തോഷിക്കണം. ദുഃഖത്തിനു നാം തന്നെ ദുഃഖിക്കണം. അതുകൊണ്ട് നാം നമുക്കു വേണ്ടിയാണു പിറന്നത്. വൈകാരികമായി ചോദനകൾ ഉറവയെടുക്കുന്നത് നമ്മളിൽ നിന്നാണല്ലോ. അതിന്‍റെ ഭവിഷ്യത്ത് നമുക്കുള്ളതാണ്. അതുകൊണ്ട് നാം നമുക്കുവേണ്ടി പിറന്നു എന്ന് പറയാം.
വായനയിലും ഇതാണ് സംഭവിക്കുന്നത്. നമുക്കു വേണ്ടി വായിക്കണം. നമ്മുടെ വൈകാരികക്ഷമതയിലാണ് വായിക്കുന്നത്, ചങ്ങമ്പുഴയുടെയോ വൈലോപ്പിള്ളിയുടെയോ വൈകാരിക ക്ഷമതയിലല്ല. വായിക്കുമ്പോൾ നമ്മുടെ ബോധമെന്ന പ്രപഞ്ചമാണ് അതിന് അർഥവ്യക്തിയുണ്ടാക്കിതരുന്നത്. പ്രതീകങ്ങളും ബിംബങ്ങളും ബോധതലത്തിലാണ് അർഥസൂചനകൾ തരുന്നത്. മറ്റൊരാൾ അർഥം പറഞ്ഞു തരുമ്പോഴും അത് അനുഭവിക്കുന്നത് ഓസ്കാർ വൈൽഡോ, ടി.എസ്. എലിയറ്റോ അല്ല, നാം തന്നെയാണ്.
അനുഭവങ്ങളുടെ കേന്ദ്രം നാം തന്നെയാണ്. അത് അറിയുക; അതിലേക്കു അടുക്കുക, വിലയം പ്രാപിക്കുക എന്നീ കാര്യങ്ങളാണ് വായനയുടെ വേളയിൽ സംഭവിക്കുന്നത്. അതുകൊണ്ടാണ് ഹാരോൾഡ് ബ്ലൂം ഇങ്ങനെ പറഞ്ഞത്: "നമ്മെത്തന്നെ കണ്ടെത്താനാണ് നാം വായിക്കുന്നത്, മറ്റൊരു സന്ദർഭത്തിൽ കണ്ടെത്തുന്നതിനേക്കാൾ പൂർണമായും വിചിത്രമായും'.
1) റഷീദ് പാനൂർ
കഴിഞ്ഞ 50 വർഷത്തിനിടയിൽ മലയാള നിരൂപണത്തിലുണ്ടായ പൊളിച്ചെഴുത്ത് അക്കാഡമിക് നിരൂപകരുടെ മൂർധാവിലേറ്റ അടിയാണെന്ന് റഷീദ് പാനൂർ (ഫോക്കസ് മാഗസിൻ, ജനുവരി) എഴുതിയത് വളരെ ശരിയാണ്.
2) താലിച്ചരട്
"അവന്‍റെ താലി
നിനക്കഴിയാക്കുരുക്കെങ്കിൽ
തളരാതെ പതറാതെ
പൊട്ടിച്ചെറിയണം'
പ്രേമലത പനങ്കാവ് എഴുതിയ "സ്വയം പര്യാപ്തതയിലെ അവൾ' (സ്ത്രീശബ്ദം, ജനുവരി) എന്ന കവിതയിലെ വരികളാണിത്. ഇനിമേലിൽ സ്ത്രീകൾ ഒരു താലിച്ചരടിന്‍റെ പേരിൽ അടിമയായിരിക്കാൻ ഇഷ്ടപ്പെടില്ലെന്ന മുന്നറിയിപ്പാണ് കവിതയിൽ നിറയുന്നത്. ഉയർത്തെഴുന്നേറ്റ സ്ത്രീത്വത്തിന്‍റെ, സ്ത്രീസ്വാതന്ത്ര്യത്തിന്‍റെ, വീറിന്‍റെ വിളംബരമാണിത്. ഒരു സ്ത്രീക്ക് കേവല വിവാഹത്തേക്കാൾ വലിയ ജീവിതമുണ്ടെന്ന് കവി പ്രഖ്യാപിക്കുന്നു.
2) യു.കെ. കുമാരൻ
തന്നെ ദ്രോഹിച്ചു വഴിയാധാരമാക്കിയ ഒരു ക്രൂരന്‍റെ മരണവാർത്തയറിഞ്ഞ് അയാളെ അവസാനമായി ഒന്ന് കാണാൻ പോകുന്ന പഴയ സുഹൃത്തിന്‍റെ കഥയാണ് യു.കെ. കുമാരൻ പറയുന്നത്. (രണ്ടുലക്ഷം, ഗ്രന്ഥാലോകം, ജനുവരി). സ്നേഹബന്ധം കയ്പുരസമായി മാറുന്നതും ചതിക്കപ്പെടുന്നതും ഓർമയിൽ നിന്നു മായില്ല. ചതിച്ചവൻ മരിച്ചു കിടക്കുന്നത് കണ്ട് ക്രൂരമായ ആനന്ദം നേടാനാണ് അയാളുടെ സഞ്ചാരം. എന്നാൽ മൃതദേഹത്തിനടുത്ത് എത്തിയപ്പോൾ അയാളെ തിരിച്ചറിയാൻ പ്രയാസപ്പെടുകയായിരുന്നു. അത്രമാത്രം തകർച്ചയിലൂടെയാണ് അയാൾ അന്ത്യകാലത്ത് കടന്നുപോയത്. ഇത് കണ്ടതോടെ മനസ് മാറി. കുമാരൻ ലളിതമായി ഒരു കഥ പറയുകയാണ്. മനസിലെ പക തീരാൻ ഒരു നിമിഷം മതി. ആ പക മനസിൽ നിന്ന് എടുത്തു കളയാനാണ്, അബോധ പ്രേരണയിൽ, അയാൾ കഷ്ടപ്പെട്ട് വഴിയന്വേഷിച്ച് ആ വീട്ടിലെത്തിയത് എന്ന് കണ്ടെത്തുന്നിടത്താണ് കഥയുടെ ആസ്വാദ്യത വർധിക്കുന്നത്.
3) എം.പി. മന്മഥൻ
എം.പി. മന്മഥൻ ഒരു പ്രസംഗത്തിൽ ഗാന്ധിജിയുടെ സാമ്പത്തിക കാര്യത്തിലുള്ള കർക്കശമായ സ്വഭാവത്തെപ്പറ്റി വിവരിച്ചു. ഗാന്ധിജിയെ സ്വീകരിക്കാൻ സ്റ്റേജ് കെട്ടിയ വകയിൽ 10 രൂപ എന്ന് എഴുതിയത് കണ്ട് സ്കൂൾ അധ്യാപകനോട് ഗാന്ധി കയർത്തു. ആരോട് ചോദിച്ചിട്ടാണ് ഈ പണം എടുത്തത് എന്നായിരുന്നു ചോദ്യം. ഭയന്നു വിറച്ച അധ്യാപകൻ ഉടനെ സ്വന്തം പോക്കറ്റിൽ നിന്ന് 10 രൂപ എടുത്തു ഗാന്ധിജിയെ ഏല്പിച്ചതോടെയാണ് രംഗം ശാന്തമായത്.
4) പ്രേം നസീർ
പ്രേം നസീറിന് കാലം ചെല്ലുംതോറും മാറ്റ് കൂടുകയാണ്. 70കളിൽ മലയാളികളായ യുവതീയുവാക്കളുടെ സ്വപ്നങ്ങൾക്ക് നിറം നല്കിയത് പ്രേം നസീറാണ്. അദ്ദേഹത്തിന്‍റെ പ്രഭാവത്തിൽ അടിമപ്പെട്ട ധാരാളം പേരെ ഇപ്പോഴും കാണാം. ജീവിച്ചിരുന്ന കാലത്ത് ബുദ്ധിജീവികളുടെ വിമർശനത്തിനു ഏറ്റവുമധികം ഇരയായ നടനാണ് അദ്ദേഹം. അദ്ദേഹത്തിന്‍റെ ത്യാഗം, സ്വഭാവശുദ്ധി, വിനയം, നന്മ തുടങ്ങിയ ഭാവങ്ങൾ ഒരു ചലച്ചിത്ര നടനെന്നതിലുപരിയായ പ്രതിച്ഛായ സൃഷ്ടിക്കുന്നുണ്ട്.
5) പി. ഭാസ്കരൻ
പ്രമുഖ കവിയും ചലച്ചിത്രകാരനുമായ പി. ഭാസ്ക്കരനെക്കുറിച്ച് സി.എസ്. മീനാക്ഷി എഴുതിയ പുസ്തകം "പി. ഭാസ്കരൻ - അൻപേന്തിയ വില്ലാളി' (മാതൃഭൂമി) അതിന്‍റെ പേരുകൊണ്ട് ആകർഷിക്കുന്നു.
6) പുസ്തകം
എത്രയധികം പുസ്തകങ്ങൾ ഉണ്ടായാലും കുറച്ചു പേർ വായിക്കും. എല്ലാവരും വായിക്കുന്നില്ല. പുസ്തകം പ്രസിദ്ധീകരിക്കുന്നതിലൂടെ ഒരു രേഖ ഉണ്ടാവുകയാണ്. ഒരു കോപ്പി മാത്രമാണ് അവശേഷിക്കുന്നതെങ്കിൽ പോലും അതിനു ലൈബ്രറി മൂല്യമുണ്ട്, ഗവേഷണ മൂല്യമുണ്ട്.
7) ശ്രീനിവാസൻ
ശ്രീനിവാസനെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പ് തയ്യാറാക്കിയ പതിപ്പ് വേണ്ടത്ര നന്നായില്ല എന്ന് പറയട്ടെ. ശ്രീനിവാസിനെക്കുറിച്ച് എഴുതേണ്ടത് എഴുത്തുകാരല്ല. അദ്ദേഹത്തിന്‍റെ നർമബോധത്തെപ്പറ്റി, നർമബോധമില്ലാത്ത എൻ.എസ്. മാധവൻ എഴുതുന്നത്, ഈ പതിപ്പിൽ, അനുചിതമാണ്.
8) കെ.പി. അപ്പൻ
ഫുട്ബോളിൽ ഗോളി ഒരു ദുരന്തമാണെന്ന് കെ.പി. അപ്പൻ ഒരു സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞു.
9) നരേന്ദ്ര പ്രസാദ്
കഥകളിയും വായിലെ മുറുക്കും സെക്സും തമ്മിൽ ബന്ധമുണ്ടെന്ന് പ്രൊഫ. നരേന്ദ്ര പ്രസാദ് കോട്ടയം സ്കൂൾ ഓഫ് ലെറ്റേഴ്സിലെ സൗഹൃദ സംഭാഷണത്തിൽ അഭിപ്രായപ്പെട്ടത് ഓർക്കുന്നു.
10) നോവൽ
കോവിലന്‍റെ "തോറ്റങ്ങൾ' എന്ന നോവൽ നൂറ് പേജിൽ താഴെയാണ്. എം.ടിയുടെ "മഞ്ഞും' തീരെ ചെറിയ നോവലാണ്. 1,000 പേജുള്ള നോവലിന്‍റെ ഭാവിയെപ്പറ്റി ആശങ്കയുണ്ട്.
11) റോസി തോമസ്
സി.ജെ. തോമസിന്‍റെ ഭാര്യ റോസി തോമസിനോട് തന്‍റെ പിതാവ് എം.പി പോളിനെയും സി.ജെയെയും താരതമ്യം ചെയ്യാമോ എന്ന് ചോദിച്ചു. അവർ ഇങ്ങനെ പറഞ്ഞു: "എം.പി. പോളിന്‍റെ ഏഴയലത്ത് വരാൻ സി.ജെയ്ക്കാവില്ല'.