

മനുഷ്യാവസ്ഥയെക്കുറിച്ച് പുതിയ വെളിപ്പെടുത്തൽ
എം.കെ. ഹരികുമാർ - അക്ഷരജാലകം
മനുഷ്യസ്വഭാവത്തെക്കുറിച്ചു ഗവേഷണം നടത്തിയ ഓസ്ട്രേലിയൻ ബയോളജിസ്റ്റ് ജെറിമി ഗ്രിഫിത്ത് ഭാവിയെ സ്വാധീനിക്കാൻ ശേഷിയുള്ള പുതിയ ഒരു കണ്ടുപിടിത്തത്തിൽ എത്തിച്ചേർന്നിരിക്കുന്നു. നമ്മുടെ സ്വത്വം അല്ലെങ്കിൽ സ്വഭാവം എന്നത് പരമ്പരാഗതമായി കിട്ടിയതാണെന്ന ഉറച്ച ധാരണയെ അദ്ദേഹം അട്ടിമറിച്ചു. മനുഷ്യനു തീവ്രമായി സ്നേഹിക്കാൻ കഴിവുണ്ട്. അവനെ ഏതാണ് ആകർഷിക്കുന്നതെന്ന് അറിയില്ല എന്നു പറയുന്നവരാണ് അധികവും. എന്നാൽ നമ്മെ ആകർഷിക്കുന്നത് ഏതാണെന്ന് നമുക്കു തന്നെ കണ്ടെത്താം. അതുപോലെയാണ് നശീകരണ വാസനയും. തീവ്ര സ്നേഹവും നശിപ്പിക്കാനുള്ള ചിന്തയും കാണാം. ഈ വൈരുധ്യം എങ്ങനെ ഉണ്ടാകുന്നു? മനഃശാസ്ത്രത്തിലും പെരുമാറ്റത്തിലും പുനർചിന്ത ആവശ്യമായിരിക്കുകയാണ്.
ഇന്നലെകളിൽ നാം നമ്മെക്കുറിച്ച് പുലർത്തിയ ധാരണകൾ തിരുത്തേണ്ടി വരികയാണ്. നേരത്തേ തന്നെ നാം സങ്കല്പിക്കുകയും ഉറപ്പിക്കുകയും ചെയ്ത ജന്മവാസനയോട് നമ്മുടെ പ്രജ്ഞ ബുദ്ധിപരമായി ഏറ്റുമുട്ടുമ്പോഴാണത്രേ സ്വഭാവം രൂപപ്പെടുന്നത്. 2016ലാണ് ഗ്രിഫിത്ത് "ഫ്രീഡം ദ് എൻഡ് ഓഫ് ദ് ഹ്യൂമൻ കണ്ടീഷൻ' എന്ന പുസ്തകമെഴുതിയത്. ആ പുസ്തകത്തിൽ പറയുന്ന ആശയത്തിന്‍റെ പ്രചാരത്തിനായി അദ്ദേഹം "ദ് വേൾഡ് ട്രാൻസ്ഫർമേഷൻ മൂവ്മെന്‍റ്'(ഡബ്ല്യുടിഎം) എന്ന വെബ്സൈറ്റ് ആരംഭിച്ചു.
മനസ് സംഘർഷ ഭൂമി
മനഃശാസ്ത്രപരമായി നാം ഒരു കെണിയിലാണ്. അത് തിരിച്ചറിയണം. മനുഷ്യർ ആട്ടിൻപറ്റത്തെ പോലെ നയിക്കപ്പെടുന്നത് ഈ കെണിയുടെ അടിസ്ഥാനത്തിൽ ഉത്പാദിപ്പിച്ച ആശയങ്ങളിന്മേലാണ്. നമ്മുടെ തന്നെ സ്വഭാവത്തിന്‍റെ ഇരയായി ദുഃഖിക്കേണ്ടി വരുന്ന അവസ്ഥയിൽ നിന്നുള്ള മോചനമാണ് ഗ്രിഫിത്തിന്‍റെ അന്വേഷണത്തിലൂടെ യാഥാർഥ്യമായത്. മനുഷ്യപ്രകൃതിയെ അദ്ദേഹം മനുഷ്യാവസ്ഥ (ഹ്യൂമൻ കണ്ടീഷൻ) എന്നാണ് വിളിക്കുന്നത്. ആ അവസ്ഥയ്ക്ക് ഒരു പ്രത്യേകതയുണ്ട്. അതിനു മാറ്റം വരാം. മനുഷ്യാവസ്ഥ ഒരു സംഘർഷഭൂമിയാണ്. അവിടെ ജന്മവാസന അല്ലെങ്കിൽ ഭൂതകാലത്തിലെ മനോഭാവവും മനുഷ്യന്‍റെ പുതിയ വ്യക്തിമനസും തമ്മിൽ സംഘർഷം ഉണ്ടാകുകയാണ്.
ഒരു വശത്ത് ജന്മവാസന നമ്മെ നയിക്കുകയാണെന്നു വിശ്വസിക്കുന്നു. ജന്മവാസനയുടെ പേരിൽ സ്വഭാവത്തിന് അടിമയാകുന്നു. ഒരു മാറ്റത്തിന് വേണ്ടിയുള്ള ശ്രമം ഉണ്ടാകുന്നില്ല. ഈ അവസ്ഥയെക്കുറിച്ച് ശരിയായ ധാരണ നേടിയാൽ കുഴപ്പങ്ങൾ പരിഹരിച്ച് മുന്നോട്ടുപോകാം. പല സമയത്ത് പല രീതിയിൽ പെരുമാറുന്നത് എന്തുകൊണ്ടാണെന്നു മനസിലാക്കാനുള്ള ശേഷി മനുഷ്യനില്ല. ഉണ്ടെങ്കിൽ തന്നെ അത് തിരുത്താൻ കഴിയുന്നില്ല. ഇതാണ് വലിയ പരിമിതി. ഇത് മൃഗസമാനമായ അവസ്ഥയാണ്. മൃഗം ജന്മവാസനയ്ക്കനുസരിച്ചു മാത്രം പ്രവർത്തിക്കുന്നു. അതിന് സ്വയം നിരീക്ഷിച്ച് തിരുത്താനുള്ള ശേഷിയില്ല.
എന്നാൽ, ജന്മവാസനയുണ്ടെന്നു സങ്കൽപ്പിക്കപ്പെടുമ്പോൾ തന്നെ ബോധത്തിന്‍റെയും വ്യക്തിമനസിന്‍റെയും ആവിർഭാവത്തോടെ അതൊരു യുദ്ധമേഖലയായി മാറുകയാണ്. പ്രാകൃതനായിരുന്നപ്പോൾ മനുഷ്യൻ ജന്മവാസനയ്ക്കനുസരിച്ചു പ്രവർത്തിക്കുകയാണെന്ന് കരുതാം. അവന് ഇന്നത്തെ മനുഷ്യബോധം അഥവാ ബുദ്ധിയില്ലായിരുന്നു. ബുദ്ധിയുദിച്ചതോടെ അവന് ജന്മവാസന അനുസരിച്ച് ക്രമീകരിച്ചിട്ടുള്ള പെരുമാറ്റങ്ങളുമായി പൊരുത്തപ്പെടാനാവാത്ത സാഹചര്യമുണ്ട്. ഈ അസ്ഥിരത അവനെ ക്ഷിപ്രകോപിയും എന്തിനെയും നശിപ്പിക്കുന്ന ജീവിയുമാക്കുന്നു. മനഃശാസ്ത്രപരമായ സുരക്ഷിതത്വമില്ലായ്മയുണ്ട്, ഇവിടെ. ഒരാൾ കോപിക്കുന്നതും മറ്റുള്ളവരിൽ നിന്ന് അകലുന്നതും ഇതിന്‍റെ ഫലമായാണെന്ന് ഗ്രിഫിത്ത് വിശദീകരിക്കുന്നു. ബുദ്ധിയും ജന്മവാസനയും തമ്മിലുള്ള യുദ്ധത്തിൽ സുരക്ഷിതത്വബോധം നഷ്ടപ്പെടുന്നതായി തോന്നുന്നു. ഇതിനെ പ്രതിരോധിക്കാനുള്ള സംവിധാനമായാണ് കോപം, വെറുപ്പ് എന്നിവയുണ്ടാകുന്നത്.
ഇത് മനസിലാകുന്നതോടെ ഒരു പരിവർത്തനം സംഭവിക്കുകയാണ്. നമ്മുടെ യഥാർഥ സ്വഭാവമല്ല നശീകരണം. അത് മനഃശാസ്ത്രപരമായ സംഘർഷത്തിൽ നിന്നുണ്ടാകുന്നതാണ്. പ്രാകൃത ജന്മവാസനയാണോ ആധുനിക ബോധമാണോ ജയിക്കേണ്ടത് എന്ന ചോദ്യം മനസിനുള്ളിൽ ഏറ്റുമുട്ടുകയാണ്. ഇത് ശരിക്കും അറിയുന്നതോടെ അരക്ഷിതബോധം ഇല്ലാതാകുകയും കൂടുതൽ പേരുമായി സഹകരിച്ചു മുന്നോട്ടു പോകേണ്ടതിന്‍റെ ആവശ്യം ഉണ്ടാവുകയും ചെയ്യും.
ഗ്രിഫിത്തിന്‍റെ കണ്ടുപിടുത്തം മനുഷ്യവംശത്തിന്‍റെ മനഃശാസ്ത്രപരമായ പുനരധിവാസമാണെന്ന് കനേഡിയൻ സൈക്യാട്രിസ്റ്റ് അസോസിയേഷൻ മുൻ പ്രസിഡന്‍റ് പ്രൊഫ. ഹരി പ്രോസൻ പറഞ്ഞത് ഇവിടെ ഓർക്കേണ്ടതാണ്. ജെറിമി ഗ്രിഫിത്ത് ഇങ്ങനെ പറയുന്നു: "നമ്മെ സ്കൂളുകളിലും മറ്റും പഠിപ്പിട്ടുള്ളത് മനുഷ്യൻ മത്സരജീവിയാണ്, സ്വാർഥനും അക്രമസ്വഭാവമുള്ളവനുമാണ് എന്നൊക്കെയാണ്. ഒരു കാലത്ത് പ്രകൃതിയെ ആക്രമിച്ച് കീഴടക്കണമെന്ന് പഠിപ്പിച്ചു. ഹെമിങ്‌വേയുടെ പ്രശസ്തമായ "കിഴവനും കടലും' എന്ന കൃതിയിൽ കടലിൽ പോയി കൂറ്റൻ മത്സ്യത്തെ കുത്തിയും അടിച്ചും അസ്ഥികൂടമായി കൊണ്ടുവരുമ്പോഴും മനുഷ്യൻ പരാജയപ്പെടുന്നില്ല എന്നാണ് എഴുതിവച്ചിരിക്കുന്നത്.
ജീനുകളല്ല കാരണം
മറ്റു മൃഗങ്ങളെ പോലെ ജന്മവാസന കൊണ്ട് കിരാതസ്വഭാവമുള്ള ഒരു ജീവിയാണ് മനുഷ്യൻ എന്ന ധാരണയാണ് ഉണ്ടായിരുന്നത്. മനുഷ്യന് നിസ്വാർഥമായ ഒരു വശമുണ്ടെന്ന് പറയുന്ന ഇടതുപക്ഷക്കാർ പോലും സ്വാർഥതയുടെയും മത്സരബുദ്ധിയുടെയും സ്വഭാവത്തെ നിരാകരിക്കുന്നില്ല. ജീനുകളിലൂടെ ജന്മവാസനകൾ പുനരുല്പാദിപ്പിക്കുന്ന ജീവികളാണ് നമ്മൾ; ജീനുകളാൽ പ്രോഗ്രാം ചെയ്യപ്പെട്ട ജീവികളാണ് എന്നു സ്ഥാപിക്കപ്പെടുന്നതോടെ മറ്റൊരു ചർച്ചയ്ക്ക് പ്രസക്തിയില്ലാതാകുന്നു. മറ്റുള്ളവരെ പരാജയപ്പെടുത്തണം, ജീവിതത്തിൽ വിജയിക്കണം എന്നൊക്കെയാണ് അത് അർഥമാക്കുന്നത്. സ്വന്തം സന്തതികളെ ഉത്പാദിപ്പിച്ച് ലൈംഗിക അധിനിവേശം വേണമെന്ന ചിന്ത ഇതിൽ നിന്നുണ്ടാകുന്നതാണ്. മനുഷ്യൻ അസ്വാഭാവികമായി പെരുമാറുന്നതിന് കാരണം അവന്‍റെ ശരീരത്തിൽ പ്രത്യുല്പാദനവുമായി ബന്ധപ്പെട്ട ജീനുകൾ പ്രവർത്തിക്കുന്നതു കൊണ്ടാണെന്നും വിലയിരുത്തപ്പെടുന്നു. ശക്തിയുള്ളവർ അതിജീവിക്കുന്നു തുടങ്ങിയ ആശയങ്ങൾ കടന്നുവരുന്നത് ജീനുകളെ അടിസ്ഥാനപ്പെടുത്തിയുള്ള ചിന്തകളിൽ നിന്നാണ്.
എന്നാൽ ജീനുകളിൽ അധിഷ്ഠിതമായ സ്വഭാവമല്ല മനുഷ്യന്‍റെ അക്രമത്തിനും മത്സരത്തിനും കാരണമാകുന്നതെന്ന് ഗ്രിഫിത്ത് വാദിക്കുന്നു. അദ്ദേഹം പറയുന്നത് ശുഭാപ്തിബോധം, നിരാശ, പ്രചോദനം, വ്യക്തികേന്ദ്രീകൃതം, വെറുപ്പ്, അധാർമികത, കുറ്റബോധം, തിന്മ തുടങ്ങിയവയെല്ലാം ചൂണ്ടിക്കാട്ടുന്നത് മനസിന്‍റെ ബോധപൂർവമായ ചിന്തയെയാണ്. നമ്മുടെ പെരുമാറ്റത്തിന് ഒരു മനഃശാസ്ത്ര മാനമുണ്ട്. ജീനുകളുടെ അവസരത്തിനൊത്തുള്ള സ്വഭാവമല്ല അതിനു കാരണം; അത് വ്യക്തമായും മനഃശാസ്ത്രപരമായ ഒരു പ്രതിസന്ധിയാണ്. മനുഷ്യന്‍റെ അക്രമബുദ്ധിക്കും മത്സരസ്വഭാവത്തിനും പൂർണമായും എതിരാണ് മനുഷ്യനിലെ സഹകരണ, നിസ്വാർഥ മനോഭാവങ്ങൾ. അതിന്‍റെ അർഥം ഇതാണ്: "നമ്മുടെ മത്സരബുദ്ധിയും ആക്രമിക്കുന്ന സ്വഭാവവും വരുന്നത് കിരാതമായ അക്രമവാസനകളിൽ നിന്നല്ല. അതിനു പ്രത്യുൽപാദന ജീനുകളുമായി ബന്ധമില്ല. മനുഷ്യന്‍റെ പെരുമാറ്റം മാനസികമായ ഒരു വിഷമാവസ്ഥയിൽ നിന്നുണ്ടാകുന്നതാണ്. അതിനെ മറികടക്കാൻ ആ അവസ്ഥയെ അറിയുകയാണ് വേണ്ടത്. നമ്മളെപ്പോലെ മൃഗങ്ങളും നല്ല ബോധമുള്ളവരാകുകയാണെങ്കിൽ അവയുടെ ഗ്രഹണശേഷിയുള്ള മനസ് പൂർവകാലത്തിലെ ജന്മവാസനകളിൽ അധിഷ്ഠിതമായ പെരുമാറ്റങ്ങളെ വെല്ലുവിളിക്കുക തന്നെ ചെയ്യുമെന്ന് ഗ്രിഫിത്ത് ചൂണ്ടിക്കാട്ടുന്നു.
കാര്യകാരണങ്ങളെ മനസിലാക്കാനുള്ള ബുദ്ധിയാണ് മനുഷ്യർക്ക് ലഭിച്ചിരിക്കുന്നത്. ഇത് പ്രാകൃതമായി ജീവിച്ചതിന്‍റെ ജന്മവാസനകളിൽ വേരൂന്നിയ പെരുമാറ്റ രീതികളിൽ നിന്ന് വ്യത്യസ്തമാണ്. ജന്മവാസനകളുടെ പെരുമാറ്റങ്ങൾക്ക് സ്വയം മനസിലാക്കൽ എന്ന ഗുണമില്ല. അത് സംഭവിക്കുന്നത് നമ്മുടെ പരിധിയിലല്ല. ജന്മവാസനയനുസരിച്ചുള്ള പ്രവർത്തനത്തിൽ ചിന്തയും ഉണ്ടാകില്ല. ജന്മവാസന എന്തു പറയുന്നുവോ അത് ചെയ്യുകയാണ് ജീവികൾ ചെയ്യുന്നത്. ഒരു ദിവസം ഒരു ജീവിക്ക് ചിന്താശേഷി ലഭിച്ചാൽ അത് സ്വയം മനസിലാക്കാൻ ശ്രമിക്കും. അപ്പോൾ അതിനു പഴയ ജന്മവാസകളോട് അതേ രീതിയിൽ പ്രതികരിക്കാനാവില്ല. ബുദ്ധിപരമായി ചിന്തിക്കുന്ന മനുഷ്യ മനസ് അപ്പോൾ മൂന്നു കാര്യങ്ങൾ നേരിടേണ്ടി വരും. ഒന്ന്, ജന്മവാസകളിൽ നിന്നുള്ള സന്ദേശങ്ങളെ വിമർശിക്കേണ്ടിവരും. രണ്ട്, നെഗറ്റീവായ വികാരങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള മാർഗം ആലോചിക്കും. മൂന്ന്, മനസിൽ ഉണരുന്ന വിമർശനങ്ങളെ തടയാൻ ശ്രമിക്കും. ഇത് അവനിൽ കോപമുണ്ടാക്കും, അലട്ടലുണ്ടാക്കും, ഒറ്റപ്പെടുത്തും. എന്തുകൊണ്ടെന്നാൽ നമ്മളിലെ ബുദ്ധിയുള്ള മനസ് അങ്കലാപ്പിലാകും. ഇതാണ് മനുഷ്യാവസ്ഥ. മാനസിക പീഡയാണുണ്ടാവുക. കാര്യങ്ങൾ ഗ്രഹിക്കുന്നതിന് കൊടുക്കേണ്ട വിലയാണ് ഈ മാനസിക പീഡ.
സ്വയം മുറിവുണക്കുക
കാരണം, മനുഷ്യൻ അവനവനെക്കുറിച്ച് ചിന്തിക്കുന്നു. ബുദ്ധിയുള്ള മൃഗമാണ്. "സ്വർഗീയമായ ഒരു കാര്യത്തിനു വേണ്ടി നമുക്ക് നരകത്തിലേക്ക് മാർച്ച് ചെയ്യേണ്ടി വരുന്നു' എന്ന് കവി ജോ ഡാരിയൻ എഴുതിയത് ഗ്രിഫിത്ത് ഓർമിപ്പിക്കുന്നുണ്ട്. സ്വയം കണ്ടെത്താൻ വേണ്ടി സ്വയം ഉപേക്ഷിക്കേണ്ടി വരും.
ഗ്രിഫിത്ത് സംഗ്രഹിക്കുന്നത് ഇതാണ്: "ദേഷ്യം, അഹന്ത, അന്യത തുടങ്ങിയവ രൂപം കൊള്ളുന്നത് അടിസ്ഥാനപരമായ ഒരു സംഘട്ടനത്തിൽ നിന്നാണ്. ജന്മവാസനകളും ഉരുത്തിരിഞ്ഞ ബൗദ്ധിക മനസും തമ്മിലാണ് സംഘട്ടനം നടക്കുന്നത്. ഇതാകട്ടെ ഏതാണ്ട് രണ്ടു ദശലക്ഷം വർഷങ്ങൾക്കു മുമ്പ് ആരംഭിച്ചതാണ്. അവിടെ നിന്നാണ് പുതിയൊരു രൂപാന്തരം സംഭവിക്കുന്നത്. ബൗദ്ധിക മനസ് ഉദയം ചെയ്തതോടെ മനുഷ്യന് അവന്‍റെ വിധിയെ നിയന്ത്രിക്കാൻ കഴിയുന്നു എന്ന സാധ്യത തെളിയുകയാണ്. ഇത് മനഃശാസ്ത്രപരമായ മുറിവുണക്കലാണ്.
അതുപോലെ വ്യക്തിയിൽ ഒരു രൂപാന്തരം സംഭവിക്കുകയാണ്. ജന്മനാ ഒരേ തരത്തിൽ പെരുമാറേണ്ടവരല്ല നാം. ഏറ്റവും പ്രധാനപ്പെട്ട ഒരു സംഘട്ടനത്തെപ്പറ്റി അറിവ് ലഭിക്കുന്നതോടെ നാം മാനസികമായി മുറിവേറ്റവരായി മാറുന്നു. നമ്മുടെ മുറിവ് നാം തന്നെ ഉണക്കണം. നമ്മെ സമൂഹത്തിന് ഗുണകരമായ വിധത്തിൽ നല്ല മനുഷ്യനാക്കി മാറ്റാനുള്ള എല്ലാ സൗകര്യവും ഉണ്ടെന്നിരിക്കെ അതിന്‍റെ ഉത്തരവാദിത്വം നമുക്കു മേൽ തന്നെ വന്നു ചേരുകയാണ്. ജന്മവാസനയും ബുദ്ധിയും തമ്മിലുള്ള ഏറ്റുമുട്ടൽ ഒരു നാഗരികതയിലേക്ക് വഴിതുറക്കും. ബൗദ്ധിക മനസിന്‍റെ നിർണായക ഘടകം നാഡീശാസ്ത്രമാണ്. അത് എല്ലാ അന്ധവിശ്വാസങ്ങളെയും കടപുഴക്കിയിരിക്കുന്നു. അതിന്‍റെ ഫലം പ്രക്ഷുബ്ധ മാനസികാവസ്ഥയാണ്. ബുദ്ധിപരമായ പരീക്ഷണങ്ങളിലേർപ്പെടുമ്പോഴും അതെല്ലാം ജന്മവാസനയാണെന്ന് സ്ഥാപിക്കാനുള്ള ഒരു സാഹചര്യം ഉണ്ടെന്നത് അതിന് ആക്കം വർധിപ്പിക്കുന്നു. ഈ അരക്ഷിതാവസ്ഥയിൽ നിന്നാണ് മനുഷ്യൻ മത്സരിച്ചു വലിയ പ്രശസ്തിയും അധികാരവും നേടുന്നത്.
പ്രശസ്തിയും പണവും അധികാരവും നേടാനുള്ള മനുഷ്യന്‍റെ പോരാട്ടത്തിനടിയിൽ ഗ്രിഫിത്ത് സൂചിപ്പിക്കുന്ന മനഃശാസ്ത്രപമായ സംഘർഷമാണുള്ളത്. ഗ്രിഫിത്ത് പറയുന്നത്, മനുഷ്യാവസ്ഥയുടെ ഈ വൈരുധ്യത്തിൽ ജീവിതത്തിന് അർഥം കണ്ടെത്താൻ തത്വശാസ്ത്രത്തിനോ മനഃശാസ്ത്രത്തിനോ ജീവശാസ്ത്രത്തിനോ നാളിതുവരെ കഴിഞ്ഞിട്ടില്ലെന്നാണ്. മനുഷ്യൻ അവന്‍റെ അവസ്ഥയുടെ ഇരയാകരുത്; പകരം അതിന്‍റെ സാഹചര്യം മനസിലാക്കി കൂടുതൽ സ്വാതന്ത്ര്യം നേടണം.
വൈരുധ്യങ്ങൾ, പരിഹാരം
എന്തുകൊണ്ടാണ് ഈ ലോകത്ത് ഇത്രയും നാശനഷ്ടങ്ങൾ മനുഷ്യന്‍റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്? ഉറവിടത്തിൽ തന്നെ കാരണം കണ്ടെത്തണം. അത് നമ്മുടെ മാനസിക വ്യവസ്ഥയ്ക്കുള്ളിലെ രോഗാതുരമായ അവസ്ഥയുടെ ഫലമാണ്. ഇത് തിരിച്ചറിഞ്ഞാൽ മാനവരാശിക്ക് ഒന്നിച്ചു നീങ്ങാൻ കഴിയുമെന്ന് അദ്ദേഹം അവകാശപ്പെടുന്നു. ആധുനികലോകം ഉപരിപ്ലവമായി, പലായന സ്വഭാവത്തോടെ ഭൗതികസുഖം തേടുന്നതെന്തിനെന്ന് ചോദിച്ചാൽ മനുഷ്യാവസ്ഥയെ ശരിയായി മനസിലാക്കുന്നതിൽ പരാജയപ്പെട്ടതുകൊണ്ടാണ് എന്നാണ് ഉത്തരം.
ആശയ കാലുഷ്യത്തിലേക്കും ലിംഗപരമായ വിവേചനത്തിലേക്കും എത്തിച്ചേരാൻ ഇടയാക്കുന്ന സ്ത്രീ- പുരുഷ ലിംഗങ്ങൾ, ശാസ്ത്രവും രാഷ്‌ട്രീയവും, ഇടതും വലുതും രാഷ്‌ട്രീയം തുടങ്ങിയ വൈരുധ്യങ്ങൾ അവസാനിക്കുകയും അവയ്ക്കെല്ലാം യോജിച്ച്, അനുരഞ്ജനത്തോടെ നീങ്ങാൻ സഹായിക്കുന്നതുമാണ് മനുഷ്യാവസ്ഥയെക്കുറിച്ചുള്ള അറിവ്. വൈരുധ്യങ്ങളും ദ്വന്ദങ്ങളും യുദ്ധസമാനമാണിപ്പോൾ. അത് പരിഹരിക്കുന്നതോടെ ജീവിതത്തിന് ഒരു ദർശനം ലഭിക്കുകയാണ്. അത് ഇന്നത്തെ നമ്മുടെ ജീവിതത്തെ കാര്യക്ഷമമായി പരിവർത്തിപ്പിക്കാനും കലാപവും എതിരിടലുമില്ലാതെ സ്വാതന്ത്ര്യമെന്താണെന്ന് ഉൾക്കൊള്ളാനും സഹായിക്കും. നമുക്ക് സ്വയം അറിയില്ല. ഇതായിരുന്നു നമ്മുടെ പ്രതിസന്ധി. അത് ഗ്രിഫിത്ത് കണ്ടെത്തുകയാണ്.
മനുഷ്യരാശിയുടെ മേൽ പതിച്ചിരിക്കുന്ന കുറ്റബോധത്തെ നിർമാർജനം ചെയ്യുകയാണ് ഗ്രിഫിത്തിന്‍റെ കണ്ടുപിടിത്തം. നമ്മൾ മനുഷ്യർ വളരെ നല്ലവരാണ്, ചീത്തയല്ല എന്നാണ് ഇത് സൂചിപ്പിക്കുന്നത്. അവനവനിലേക്ക് നോക്കൂ എന്ന് ഉദ്ബോധിപ്പിച്ച ഭാരതീയ ചിന്തയുടെ സാരം ആത്മീയമായി പക്വമാകുന്നതിലാണ് ഫലം കാണുന്നത്. അത് ഇവിടെ തെളിയുകയാണ്. സ്വയം അറിഞ്ഞ് നന്മ വീണ്ടെടുക്കുക. എല്ലാ അന്ധവിശ്വാസങ്ങളിൽ നിന്നും കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രമാകുമ്പോൾ സ്വാതന്ത്ര്യം ഉപയോഗിച്ച് കൂടുതൽ പരോപകാരപ്രദമായ പ്രവൃത്തിയിലൂടെ ജീവിക്കാൻ കഴിയുമെന്നാണ് തെളിയുന്നത്.
രജത രേഖകൾ
1) ചലച്ചിത്രകാരൻ ജോൺ എബ്രഹാമിനെക്കുറിച്ച് രാകേഷ് നാഥ് എഴുതിയ ലേഖനം (ജോണിന്‍റെ അപഭിന്നവത്കരണം, കലാപൂർണ, ഒക്റ്റോബർ) ഒറ്റപ്പെടുകയും എതിർക്കപ്പെടുകയും ചെയ്ത ഒരു ചലച്ചിത്രകാരനെക്കുറിച്ചുള്ള ഓർമകൾ കൊണ്ട് ശ്രദ്ധേയമാണ്. ജോൺ തെരഞ്ഞെടുത്ത പ്രമേയത്തെ "വിദ്യാർഥികളെ ഇതിലേ ഇതിലേ' എന്ന സിനിമയെ മുൻനിർത്തി പരിശോധിക്കുകയാണ്.
എന്തുകൊണ്ടോ ചലച്ചിത്രത്തിന്‍റെ ഭാവുകത്വപരമായ പരീക്ഷണം എന്ന നിലയിൽ കൊണ്ടാടപ്പെട്ട റിയലിസം ഇപ്പോൾ ഒരു ഉടഞ്ഞ വിഗ്രഹം പോലെയാണ് ദൃശ്യമാകുന്നത്. കലയിൽ റിയലിസം മതിയോ? കുറേക്കൂടി വ്യത്യസ്തമായ മാർഗങ്ങൾ കണ്ടെത്തേണ്ടതല്ലേ? സാഹിത്യത്തിലെ വെറും റിയലിസം എത്രയോ വിരസമാണ്. സിനിമയിലും വിരസമാണ്. ഈ സത്യം ചലച്ചിത്രകാരന്മാർ മനസിലാക്കണം. ഒരു കലാവിഷ്കാരമാണ് ഉണ്ടാകേണ്ടത്, റിയലിസത്തിന്‍റെ ഉദ്ഘോഷണമല്ല. പ്രതിഭാധനനായ ജോൺ എബ്രഹാമിന് താൻ തെരഞ്ഞെടുത്ത വഴി വലിയ പ്രതിബന്ധങ്ങളുണ്ടാക്കി. അദ്ദേഹത്തിന് നിർമാതാവ് ഇല്ലാതെ വന്നു. ഒടുവിൽ ജനങ്ങളുടെ സഹായത്തോടെ സിനിമയെടുത്തു. വളരെ അന്യവത്കരിക്കുന്നതും സ്വയം കേന്ദ്രീകരിക്കുന്നതുമായ യാത്രയിൽ ചലച്ചിത്രപരമായ പരിത്യാഗ, അവധൂത താപസവൃത്തിയാണ് ജോൺ ഏറ്റെടുത്തതെന്ന് വിലയിരുത്താം.
2) അഖിൽ പി. ധർമജൻ എഴുതിയ റാം C/o ആനന്ദി എന്ന നോവലിനു കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ അവാർഡ് ലഭിച്ചപ്പോൾ അതു വായിച്ച് നിരാശപ്പെട്ട് ഒരാൾ എഴുതിയ കത്തിൽ (ജി. രമാദേവി, പത്തനംതിട്ട, തന്മ മാസിക, സെപ്റ്റംബർ) "ധീരമായ നിലപാടുകളോ ജാഗ്രതയോ ഇല്ലാത്ത നിരൂപണത്തിന്‍റെ അവസ്ഥയും കൂടിയാണ് ഇവിടെ വെളിവാകുന്നത്' എന്ന് എഴുതിക്കണ്ടു. ഇക്കാര്യത്തിൽ വിമർശകർക്ക് ഒന്നും ചെയ്യാനില്ല എന്നാണ് പറയാനുള്ളത്. ഇതിനെ പ്രതിരോധിക്കേണ്ട ജോലിയല്ല വിമർശകന്‍റേത്. ഇതൊക്കെ സാഹിത്യത്തിലെ വ്യവഹാര വാണിജ്യ തന്ത്രങ്ങളാണ്. വിമർശകൻ ചെയ്യുന്നത് അയാൾക്ക് കലാപരമായി അനുഭവിക്കാനും ആലോചിക്കാനും പറ്റിയ സന്ദർഭങ്ങൾ പ്രത്യക്ഷമായിട്ടുള്ള കൃതിയെക്കുറിച്ച് ഏറെ പുതുമയോടെ എഴുതുക എന്നതാണ്. ആർക്കെങ്കിലും പുരസ്കാരം കിട്ടിയാൽ അയാൾക്കെന്താണ്?
2) ഒ.വി. വിജയന്‍റെ കാർട്ടൂണുകളെക്കുറിച്ചും അതിലടങ്ങിയ ദാർശനികമായ ഫലിത ബോധത്തെക്കുറിച്ചും കരുണാകരൻ പേരാമ്പ്ര എഴുതിയ ലേഖനം (വരയിലെ ദാർശനികത, പ്രഭാവം, സെപ്റ്റംബർ) അടഞ്ഞ ഒരു അധ്യായത്തെ തുറക്കുന്നതു പോലെ പ്രസക്തമായി. "അധികാരം, ഫാസിസം, കമ്മ്യൂണിസ്റ്റ് ഡോഗ്മാറ്റിസം എന്നിവയെല്ലാം ഈ ദർശന പദ്ധതിയിൽ വിമർശനാത്മകമായി വിചാരണ ചെയ്യപ്പെടുന്നു. അതിന്നനുസൃതമായി ഇതിഹാസം, ചരിത്രം തുടങ്ങിയവയിൽ നിന്ന് കഥാപാത്രങ്ങളും വ്യക്തികളും അനുസ്യൂതം കടന്നുവരുന്നു.'
ഇന്ത്യൻ കാർട്ടൂണിനെ രാഷ്‌ട്രീയത്തിന്‍റെ ആന്തരിക ദാർശനിക പ്രശ്നങ്ങളിലേക്ക് തുറന്നു വിട്ടത് വിജയനാണ്. സി.എൽ. പൊറിഞ്ചുക്കുട്ടിയെ കുറിച്ച് കെ. ബാബു നമ്പൂതിരി എഴുതിയ ലേഖനവും (പ്രഭാവം, സെപ്റ്റംബർ) ഉചിതമായി. ഇന്ത്യൻ ചിത്രകലയ്ക്ക് ഇന്ത്യയ്ക്കകത്തും പുറത്തും പ്രചാരം നേടിക്കൊടുക്കുന്നതിൽ വ്യാപൃതനായിരുന്നു മഹാനായ ആ കലാകാരൻ.
3) മന്ദാകിനി നാരായണനെക്കുറിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പ് രണ്ടു വലിയ ലേഖനങ്ങൾ എഴുതിച്ചിരിക്കുന്നു (സി.എസ്. വെങ്കിടേശ്വരൻ, എൻ. സുബ്രഹ്മണ്യൻ, ഒക്റ്റോബർ 26). സാഹിത്യകാരമാർ അന്തരിച്ചാൽ രണ്ടു വരി എഴുതിച്ചേർക്കാത്തവർ മന്ദാകിനിയുടെ വിപ്ലവ പാതയെ പ്രകീർത്തിക്കുന്നതിന്‍റെ രഹസ്യം മനസിലാകുന്നില്ല. കുറച്ച് വർഷങ്ങൾക്ക് മുമ്പ് നക്സലൈറ്റുകൾ ഒളിവിൽ കഴിഞ്ഞ കാടുകളിലേക്ക് ഒരു വാരിക റിപ്പോർട്ടറെ അയച്ച് സചിത്ര ഫീച്ചർ പ്രസിദ്ധീകരിച്ചത് ഓർക്കുന്നു. ഇതിനെ നക്സൽ ടൂറിസം എന്നു വിളിക്കാമോ?!
4) ദീപ ദിനേശ് എഴുതിയ "കനൽ' (പച്ചമലയാളം, ഒക്റ്റോബർ) ജീവിതത്തിന്‍റെ കറുത്ത ആവരണം നീക്കി കവിതയുടെ ആന്തര സൗന്ദര്യത്തെ അനുഭവപ്പിക്കുന്നു.
"ഈയടുപ്പിൽ
കരിയുന്നതത്രയും
ഞാനെഴുതിയ
വരികൾ സ്മാരകം.
കടലുപോലെയാ
തിരയിളക്കങ്ങൾ
കണ്ടതാണ് ഞാനാ
കറിച്ചട്ടിയിൽ. ..
ഒരു വിശപ്പിന്‍റെ
യുദ്ധസന്നാഹത്തിൽ
തല മുറച്ചിട്ട്
മീൻ പിടയ്ക്കുന്നതും.'
ജീവിതം ഒരു മഹാസമസ്യയാണ്. അത് പല രീതിയിൽ വായിക്കാം. എന്തും സാഹിത്യമാണ്. കറിച്ചട്ടിയിൽ വേവുന്നതിൽ നിന്ന് കവിത സൃഷ്ടിക്കുകയാണ് കവി.
5) മറവിയുടെ കലയാണ് ഓർമ എന്ന് ഈ വർഷം നോബൽ സമ്മാനം ലഭിച്ച ഹംഗേറിയൻ എഴുത്തുകാരൻ ലാസ്‌ലോ ക്രാസ്നാഹോർക്കെ എഴുതി. വളരെ ആഴമുള്ള ഒരു വാക്യമാണ്. ആലോചിക്കുന്തോറും വിസ്തൃതമാകുന്ന പ്രമേയം. ഒരു കാര്യം ഓർക്കുന്തോറും കുറെ മറന്നുകളയുകയും പുതിയത് ഉണ്ടാവുകയും ചെയ്യുന്നു. യഥാർഥത്തിൽ സംഭവിച്ചതു പോലെയല്ല അതിനെക്കുറിച്ച് ഓർക്കുന്നത്. വ്യത്യാസം വന്നിട്ടുണ്ടാകും. അത് വീണ്ടും വീണ്ടും ഓർക്കുമ്പോൾ പുതിയ കാര്യങ്ങൾ കൂട്ടിച്ചേർക്കപ്പെടുന്നു. മറവിയാണ് നിർമിക്കപ്പെടുന്നത്.