ഒഴുകുന്ന മീനിന് ഒരു മുഴം മുൻപേ... കല്ലെറിഞ്ഞ് മീൻ പിടിക്കാനുള്ള കുട്ടിയുടെ ശ്രമം.
ഒഴുകുന്ന മീനിന് ഒരു മുഴം മുൻപേ... കല്ലെറിഞ്ഞ് മീൻ പിടിക്കാനുള്ള കുട്ടിയുടെ ശ്രമം.ഇമായനം | ഇമ ബാബു

ഇമായനം - ഇന്ത്യൻ വിശാലതയുടെ ദൃശ്യാവിഷ്കാരം

ഫോട്ടോഗ്രാഫുകളുടെ ശേഖരം എന്നതിലപ്പുറം വൈവിധ്യമാർന്ന ബിംബങ്ങളും ആകർഷകമായ വിവരണങ്ങളും കൊണ്ട് മെനഞ്ഞെടുത്ത ഒരു ചിത്രകമ്പളമാണ് ഈ പുസ്തകം | പുസ്തക പരിചയം

അജയൻ

ഭ്രാന്തമായൊരു വികാരം പോലെ സിരകളിൽ അഗ്നി പടർത്താൻ ചില യാത്രകൾക്കാകും. അങ്ങനെയൊരവസ്ഥയിൽ ക്യാമറയിൽ പകർത്തിവച്ച ഓർമകളെ, ഇമ ബാബു ഇതൾ വിടർത്തിയത് ഇമായനം എന്ന പുസ്തകത്തിലൂടെയാണ്. ഈസ്റ്റർ ദിനത്തിൽ തൃശൂരിൽ പ്രകാശനം ചെയ്ത പുസ്തകം, ഫോട്ടോഗ്രാഫുകളുടെ ശേഖരം എന്നതിലപ്പുറം വൈവിധ്യമാർന്ന ബിംബങ്ങളും ആകർഷകമായ വിവരണങ്ങളും കൊണ്ട് മെനഞ്ഞെടുത്ത ഒരു ചിത്രകമ്പളമാണ്.

ഇന്ത്യയുടെ വിശാല വിസ്തൃതിയിലൂടെ വ്യാപിച്ചുകിടക്കുന്ന യാത്രാപഥങ്ങളിൽ, പുറംകാഴ്ചകളുടെ അകത്തളങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സൂക്ഷ്മ ദൃഷ്ടിയും, ലോകത്തെ നവോന്മേഷദായകമായ പുതുവെളിച്ചത്തിൽ തിരിച്ചറിയാൻ കഴിയുന്ന മനസും കാണാം. ഫോട്ടോഗ്രാഫർ എന്ന നിലയിലല്ല, കഥാകൃത്ത് എന്ന നിലയിലാണ് ഇമായനത്തിൽ ബാബു സ്വയം അടയാളപ്പെടുത്തുന്നത്.

ചരിത്രവും ജീവചരിത്രവും

ബാബുവിന്‍റെ പുസ്തകത്തിന് അവതാരിക എഴുതിയ എഴുത്തുകാരനും നടനുമായ വി.കെ. ശ്രീരാമൻ, ചുറ്റുമുള്ള വിസ്മയങ്ങൾക്കപ്പുറം യാഥാർഥ്യത്തെ തുറന്ന കണ്ണുകളോടെ മനസിലാക്കാനും ചിത്രീകരിക്കാനും കഴിവുള്ള ഭാഗ്യശാലി എന്നാണ് ബാബുവിനെ വിശേഷിപ്പിക്കുന്നത്.

കാഴ്‌ചകൾ മാത്രമല്ല, അനുഭവങ്ങളുടെ സത്തയും ഒപ്പിയെടുക്കാനുള്ള ബാബുവിന്‍റെ കഴിവ് അദ്ദേഹത്തിന്‍റെ കൃതിയെ ഒരു ചരിത്രാഖ്യാനമാക്കി മാറ്റുന്നു. അടഞ്ഞ കണ്ണുകളോടെ പോലും, അദ്ദേഹത്തിന്‍റെ യാത്രകളുടെയും കണ്ടുമുട്ടിയ വ്യക്തികളുടെയും ഓർമകൾ ഉജ്ജ്വലമായി തുടരുമ്പോൾ, ഇമായനം ഒരു ജീവചരിത്ര പുസ്തകം കൂടിയായി മാറുന്നു.

കാലം കാതിലോതിയ സ്വപ്നം

ഫോട്ടോഗ്രാഫിക്കു നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള ഇമ ബാബു, ശ്രദ്ധേയമായ ഡോക്യുമെന്‍ററികളിലൂടെയും ഹ്രസ്വചിത്രങ്ങളിലൂടെയും ദൃശ്യ ഭാഷയുടെ മണ്ഡലത്തിൽ വളരെ മുൻപു തന്നെ തന്‍റെ സാന്നിധ്യം ഉറപ്പിച്ചിട്ടുള്ളതാണ്. കാലം കാതിൽ മന്ത്രിച്ച സ്വപ്നമായിരുന്നു ഇമ ബാബുവിന് ഇന്ത്യയുടെ വിസ്തൃതിയിലൂടെ സഞ്ചരിക്കാനുള്ള മോഹം. നിയോഗത്തിന്‍റെ സൗമ്യമായൊരു ക്ഷണം പോലെയാണ്, 2022 ഒക്ടോബറിൽ സുഹൃത്ത് പി. സലിൽ ഒരാഴ്ചയ്ക്കുള്ളിൽ ഒരു ദീർഘയാത്രയ്ക്കൊരുങ്ങാൻ പറഞ്ഞ് ഒരു ഫോൺ കോൾ വരുന്നത്.

അങ്ങനെ തൃപ്രയാറിനടുത്തുള്ള ജന്മനാട്ടിൽ നിന്നു തുടങ്ങുകയായിരുന്നു ആ യാത്ര. ഹൃദയത്തിന്‍റെ ദിശാസൂചി ആദ്യം വിരൽ ചൂണ്ടിയത് കേദാർനാഥിന്‍റെ നിഗൂഢമായ ഉയരങ്ങളിലേക്കായിരുന്നു. അവിടെ നിന്ന്, യാത്രാപഥം ഹിമാലയത്തിലൂടെ ചുറ്റിപ്പിണഞ്ഞ് കടന്നുപോയി, കിഴക്കോട്ടും പിന്നെ പടിഞ്ഞാറോട്ടും ഒടുവിൽ തെക്കോട്ടും നീണ്ടു. തിരിച്ചറിവുകളുടെയും ആത്മപ്രകാശനത്തിന്‍റെയും ഒരു ശൃംഖലയായി അതങ്ങനെ പടർന്നു കിടന്നു.

മാനവികതയുടെ ആഘോഷങ്ങൾ

മനുഷ്യത്വത്തിന്‍റെയും അതിന്‍റെ അസംഖ്യം ആവിഷ്കാരങ്ങളുടെയും ആഘോഷമാണ് ബാബുവിന്‍റെ പുസ്തകം. ഹിമാലയ ഗാംഭീര്യത്തിന്‍റെ ക്ഷണികമായ കാഴ്ചകൾ, കശ്മീരിന്‍റെ മനോഹരമായ ഭൂപ്രകൃതി, മരുഭൂമികളുടെ വരണ്ട സൗന്ദര്യം, കൊൽക്കത്തയിലെ തിരക്കേറിയ തെരുവുകൾ എന്നിങ്ങനെ പശ്ചാത്തലങ്ങൾ മാറുമ്പോഴും, മനുഷ്യരും മനുഷ്യ ജീവിതങ്ങളും മാത്രം കേന്ദ്രസ്ഥാനത്തു നിൽക്കുകയാണ്. ഈ പ്രദേശങ്ങളിലെ നിസാരരെന്നു തോന്നാവുന്ന നിവാസികളെപ്പോലും അനശ്വരരാക്കുന്ന ലെൻസിലൂടെയാണ് അദ്ദേഹം ഹിമാലയം നോക്കി പറക്കുന്ന കാക്കകളെയും, കേദാർനാഥിലെ കരുത്തുള്ള കുതിരകളെയും, ഭീം താലിലെ സുന്ദര ഹംസങ്ങളെയും മുതൽ വഴിയിൽ കണ്ടുമുട്ടുന്ന പലതരം സന്ന്യാസിമാരെയും രാമേശ്വരത്തെ മത്സ്യബന്ധന ബോട്ടുകളെയും വരെ പകർത്തിവയ്ക്കുന്നത്. സമഗ്രമായൊരു ദൃശ്യഭാഷയായി അത് പുസ്കത്താളുകളിൽ നിറയുകയാണ്.

ബാബു പകർത്തിയ ഏറ്റവും ഹൃദ്യമായ ചിത്രങ്ങളിലൊന്നിൽ, ഒരു സ്ത്രീ തന്‍റെ കുഞ്ഞിനെയുമെടുത്ത്, ഇത്തിരി പണമോ ഉപയോഗയോഗ്യമായ വസ്ത്രമോ കിട്ടുമോ എന്നന്വേഷിച്ച് ഗംഗാതീരത്തു പരതുകയാണ്. ആ സ്ത്രീയും അവളുടെ കുഞ്ഞും മാത്രമല്ല, പ്രതികൂല സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്ന മനുഷ്യാവസ്ഥ കൂടിയാണ് ആ ഫ്രെയിമിന്‍റെ ആത്മാവായി അലിഞ്ഞുചേർന്നിരിക്കുന്നത്.

വൈരുദ്ധ്യങ്ങളുടെ കൗതുകക്കടൽ

വൈരുദ്ധ്യങ്ങളുടെ കൗതുകകരമായൊരു പട്ടികയിൽ, അരപ്പട്ടയിൽ തിരുകിയ മൊബൈൽ ഫോണുമായി വരുന്ന 'ന്യൂജെൻ സന്യാസിയുടെ' ചടുലതാളവും, സർവസംഗ പരിത്യാഗിയായ പരമ്പരാഗത സന്ന്യാസിയുടെ ശാന്തമായ ചുവടുകളുമുണ്ട്.

പ്രകൃതിയുടെയും ജീവിതത്തിന്‍റെയും വ്യത്യസ്ത ഭാവങ്ങൾ ചിത്രീകരിക്കുന്ന ഇത്തരം നിരവധി രസകരമായ ചിത്രങ്ങൾ പുസ്തകത്തിലുണ്ട്. താളുകളോരോന്ന് മറിച്ചു നോക്കുമ്പോൾ, അവതാരികയിൽ വി.കെ. ശ്രീരാമൻ എഴുതിയ വാക്കുകൾ കൂടുതൽ കൂടുതൽ വ്യക്തമായി ബോധ്യപ്പെടും. മുൻവിധികൾക്കും മതഭ്രാന്തിനും ഇടുങ്ങിയ ചിന്താഗതിക്കും യാത്ര ഉത്തമ പ്രതിവിധിയാണെന്ന് പ്രശസ്ത എഴുത്തുകാരൻ മാർക്ക് ട്വെയ്ൻ പറഞ്ഞതും ഈ പുസ്തകം നമ്മെ ഓർമിപ്പിക്കുന്നു.

600 രൂപ വിലയുള്ള ബാബുവിന്‍റെ പുസ്തകം, ആകർഷകമായ ചിത്രങ്ങളുടെ സമൃദ്ധിയാണ്, ഓരോന്നും പ്രകൃതിയുടെ അനവരതമായ രൂപഘടനകളുടെയും ജീവിതത്തിന്‍റെ വൈവിധ്യമാർന്ന ആവിഷ്കാരങ്ങളുടെയും അതുല്യമായ ചിത്രീകരണമാണ്. ഉൾക്കാഴ്‌ചയുള്ള വ്യാഖ്യാനത്തിലൂടെ ദൃശ്യപരമായി മാത്രമല്ല, ബൗദ്ധികമായും സമ്പന്നമാക്കുന്ന ഒരു ആഖ്യാനമാണ് പുസ്തകത്തിൽ രൂപപ്പെടുത്തിയിരിക്കുന്നത്.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com