Kerala Legislative Assembly building
Kerala Legislative Assembly buildingMetro Vaartha

''വായന മഹത്തായ സംവേദനം'', മനസ് തുറന്ന് നിയമസഭാ സെക്രട്ടറി | Interview

അന്താരാഷ്‌ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്‍റെ വിജയ രഹസ്യങ്ങൾ മെട്രൊ വാർത്തയുമായി പങ്കുവെയ്ക്കുകയാണ് നിയമസഭാ സെക്രട്ടറിയും കവിയുമായ എ.എം. ബഷീർ.
എ.എം. ബഷീർ, കേരള നിയമസഭാ സെക്രട്ടറി
എ.എം. ബഷീർ, കേരള നിയമസഭാ സെക്രട്ടറി

എ.എം. ബഷീർ | പി.ബി. ബിച്ചു

അഭൂതപൂർവമായ ജനപങ്കാളിത്തംകൊണ്ട് ഏറെ ചർച്ച ചെയ്യപ്പെട്ടു നിയമസഭ അന്താരാഷ്‌ട്ര പുസ്തകോത്സവം. സംഘാടന മികവുകൊണ്ട് ഏറെ ജനകീയമായി മാറിയ പുസ്തകോത്സവത്തിൽ സാമൂഹ്യ-സാംസ്കാരിക-രാഷ്‌ട്രീയ-സാമ്പത്തിക മേഖലയിൽ നിന്നുൾപ്പെടെയുള്ള പ്രമുഖരാണ് ഓരോ ദിവസവും പരിപാടികളിൽ പങ്കെടുത്തത്. തിരക്കേറിയ വേദികളിൽ അതിഥികളായെത്തുന്നവരെ നേരിട്ട് കണ്ടും പുസ്തകോത്സവത്തിന്‍റെ വിശേഷങ്ങൾ പങ്കുവെച്ചും സ്പീക്കർ എ.എൻ ഷംസീറും നിയമസഭ സെക്രട്ടറി എ.എം ബഷീറും പുസ്തകോത്സവത്തിൽ സജീവമാണ്.

തിരക്കുകൾക്കിടയിലും അന്താരാഷ്‌ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്‍റെ വിജയ രഹസ്യങ്ങൾ മെട്രൊ വാർത്തയുമായി പങ്കുവെയ്ക്കുകയാണ് നിയമസഭാ സെക്രട്ടറിയും കവിയുമായ എ.എം. ബഷീർ.

Q

പുസ്തകോത്സവത്തിന്‍റെ ദൗത്യം

A

മാധ്യമ വാർത്തകൾ കാണുന്നതിൽ നിന്നു തന്നെ, സമകാലിക സാഹചര്യത്തിൽ വായനയാണ് ലഹരിയെന്ന് ആവർത്തിക്കേണ്ട കാലമാണിതെന്ന് തിരിച്ചറിഞ്ഞാണ് ഓരോ വർഷവും പുസ്തകോത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചത്. ഇതു മാത്രമല്ല. കുട്ടികളടക്കമുള്ള പുതുതലമുറയെ വായനയിലേക്ക് എത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്താണ് നിയമസഭ മുന്നോട്ട് പോകുന്നത്.

വായന മരിക്കുന്നു എന്ന് പലരും പറയുമ്പോഴും ഇവിടെക്കാണുന്ന ഈ തിരക്കിൽ നിന്നു തന്നെ വായനയ്ക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും, കൂടുതൽ ആളുകൾ വായനയിലേക്കുന്നുണ്ടെന്നും മനസിലാക്കാം. പുസ്തക വിൽപ്പനയിലടക്കം അത് പ്രകടമാണ്. വായനയുടെ ഒരു മഹാകാശമാണ് ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്നത്. എല്ലാ തരത്തിലുമുള്ള പുസ്തകങ്ങളുടെ ശേഖരമാണ് പുസ്തകോത്സവമെന്നതിനാൽ തന്നെ സന്ദർശനത്തിനെത്തുന്ന സ്കൂൾ വിദ്യാർഥികളടക്കം പിന്നീട് മാതാപിതാക്കളെയും കൂട്ടിയെത്തി കാഴ്ചകൾ ആസ്വദിച്ച് പുസ്തകങ്ങൾ വാങ്ങിയാണ് മടങ്ങുന്നത്.

വായന ഒരു വഴിപാടല്ല. അത് മഹത്തായ ഒരു സംവേദനമാണ്. വായന തിരിച്ചുപിടിച്ചില്ലെങ്കിൽ അറിവിന്‍റെ വാതായനങ്ങള്‍ എന്നെന്നേക്കുമായി കൊട്ടിയടക്കപ്പെടും എന്ന തിരിച്ചറിവാണ് പുസ്തകോത്സവത്തിന്‍റെ രണ്ടാം എഡിഷനും മുന്നോട്ടുവയ്ക്കുന്നത്.

നിയമസഭാ പുസ്തകോത്സവത്തിൽ എം. മുകുന്ദൻ സംസാരിക്കുന്നു.
നിയമസഭാ പുസ്തകോത്സവത്തിൽ എം. മുകുന്ദൻ സംസാരിക്കുന്നു.
Q

പുസ്തകോത്സവത്തിന്‍റെ മറ്റു സാധ്യതകൾ

A

യൂണിവേഴ്സിറ്റി തലത്തിലുള്ള വിദ്യാർഥികളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുൾപ്പടെയുള്ള അവസരം പുസ്തകകോത്സവത്തിന്‍റെ ഭാഗമായി ഒരുക്കിയിരുന്നു. ചർച്ചകൾ, എഴുത്തുകാരെ പരിയപ്പെടുത്തൽ, സെമിനാറുകൾ‌, പ്രിയ എഴുത്തുകാരന്‍റെ കൈയൊപ്പോടെ തന്നെ പുസ്തകങ്ങൾ വാങ്ങുന്നതിനുള്ള അവസരം എല്ലാം ഇവിടെയുണ്ട്. പുസ്തകങ്ങൾ കണ്ട് പോകുന്നതിലൂടെ സ്കൂൾ കുട്ടികൾക്കും അവരുടെ ടേസ്റ്റ് തിരിച്ചറിയുന്നതിനും എഴുത്തുകാരെ പരിചയപ്പെടുന്നതിനും സാധിക്കും.

കൂടാതെ, കേരള നിയമസഭാ മന്ദിരത്തിലേക്ക്‌ പൊതുജനങ്ങള്‍ക്ക്‌ പ്രവേശനമുള്ളതിനാൽ ജനങ്ങള്‍ക്ക്‌ നിയമസഭയെ മനസിലാക്കാനും അതിന്‍റെ ചരിത്രം ഉള്‍ക്കൊള്ളാനും ഇവിടെ നടക്കുന്ന നടപടിക്രമങ്ങളെ സംബന്ധിച്ച്‌ അറിവുണ്ടാക്കാനും രാജ്യാന്തര പുസ്‌തകോത്സവം സഹായകമായിട്ടുണ്ട്. നിയമസഭാ മന്ദിരത്തിന്‍റെ അകത്തളവും നിയമസഭയുടെ ചരിത്രം വിശദമാക്കുന്ന മ്യൂസിയവും നൂറുവര്‍ഷത്തെ പ്രവര്‍ത്തന ചരിത്രമുള്ള നിയമസഭാ ലൈബ്രറിയും കാണാന്‍ ആരുടെയും ശുപാർശയില്ലാതെ സാധിക്കുമെന്നതിനാൽ കുട്ടികൾ മാത്രം വന്ന് കണ്ട് പോയ ശേഷം വീണ്ടും മാതാപിതാക്കളുമായെത്തി പുസ്തകോത്സവം ആസ്വദിക്കുന്ന കാഴ്ചകളും കഴിഞ്ഞ ദിവസങ്ങളിൽ കാണാനായി.

Q

സംഘാടന അനുഭവങ്ങൾ

A

രണ്ട് പുസ്തകോത്സവത്തിന്‍റെ ഭാഗമാകാനും നേതൃത്വം വഹിക്കാനും കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്. ഇനി സെക്രട്ടറിയുടെ ചുമലയിൽ നിന്നു മാറണമെന്ന് പറഞ്ഞാലും അടുത്ത തവണത്തെ പുസ്തകോത്സവത്തിന്‍റ ചുമതലയിൽ ഉൾപ്പെട്ടില്ലെങ്കിലും യാതൊരു നിരാശയുമില്ല. കാരണം, ആര് മാറിയാലും ആരുവന്നില്ലെങ്കിലും വായനയെ പ്രോത്സാഹിപ്പിക്കാനായി പുസ്തകോത്സവങ്ങൾ തുടർന്നുകൊണ്ടേയിരിക്കും. അതിനുള്ള ഒരു അടിസ്ഥാനം നിലവിൽ ഒരുങ്ങിക്കഴിഞ്ഞു.

നിയമസഭാ സെക്രട്ടേറിയറ്റിലെ ജീവനക്കാരുടെ സഹകരണമാണ് എടുത്ത് പറയേണ്ടത്. ഓരോ ചുമതലയിലെത്തുന്നവരും നൂറ് ശതമാനം ആത്മർഥതയോടെയുള്ള ഇടപെടലാണ് നടത്തുന്നത്. ഇതുവരെ ഒരു പരാതിപോലും ഉയർന്നിട്ടില്ലെന്നത് തന്നെ ജീവനക്കാരുടെ സഹകരണം കൊണ്ടാണ്. അതത് ജോലികൾക്ക് പുറമേ ഓരോ ചുമതലകൾ ഏൽപ്പിക്കുമ്പോഴും മത്സരിച്ചാണ് ജീവനക്കാർ അത് നിർവഹിക്കുന്നത്.

നിയമസഭയിൽ തന്നെ എഴുത്തുകാരുണ്ട്, കവികളുണ്ട്, ചിത്രകാരന്മാരുണ്ട്. അത്തരക്കാരുടെ താത്പര്യത്തിന് അനുസരിച്ചുള്ള ചുമതലയും നൽകുണ്ട്. ഇന്നലെ നടന്ന ജീവനക്കാരുടെ പരിപാടികൾ തന്നെ നിയമസഭാ സെക്രട്ടേറിയറ്റ് കലയ്ക്ക് നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു. എല്ലാ വിഭാഗം ജീവനക്കാരും ഒന്നിച്ച് ഇറങ്ങുകയാണ്. ഏതെങ്കിലും ഒരു ദിവസം പുസ്തകോത്സവത്തിന്‍റെ ഡ്യൂട്ടി നൽകിയില്ലെങ്കിൽ ജീവനക്കാർ പരാതി പറയുന്ന സാഹചര്യം പോലുമുണ്ടായിട്ടുണ്ട്. അത്ര താൽപര്യത്തോടെയാണ് ഞങ്ങളെല്ലാവരും ഒന്നിച്ച് മുന്നോട്ട് പോകുന്നത്.

നിയമസഭയ്ക്കുള്ളിൽ ഞാനോ, എന്‍റെയോ എന്ന് പറയുന്ന സാഹചര്യമില്ല, മറിഞ്ഞ്, നാം, നമ്മൾ എന്ന രീതിയിൽ ഒറ്റക്കെട്ടായാണ് പ്രവർത്തിക്കുന്നത്. ആദ്യ എഡിഷന്‍റെ വിജയത്തിലും അത് കണ്ടതാണ്. അതിനേക്കാൾ ആവേശത്തോടെയാണ് ഈ അവസാന ദിവസം വരെ എല്ലാവരും പ്രവർത്തിക്കുന്നത്. അത് കൊണ്ട് വായനക്കാർക്ക് മാത്രമല്ല, ജീവനക്കാർക്കും അക്ഷരാർഥത്തിൽ ഒരു ഉത്സവം തന്നെയാണ് അന്താരാഷ്‌ട്ര പുസ്തകോത്സവം.

എ.എം. ഷിനാസ് മോഡറേറ്ററായ 'വാർത്തകളിലെ വാസ്‌തവം' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ എം. വി. വിനീത, മനീഷ് നാരായണൻ, സനീഷ് ഇളയിടത്ത്, ടി. എം. ഹർഷൻ, അനിൽ നമ്പ്യാർ എന്നിവര്‍.
എ.എം. ഷിനാസ് മോഡറേറ്ററായ 'വാർത്തകളിലെ വാസ്‌തവം' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ചര്‍ച്ചയില്‍ എം. വി. വിനീത, മനീഷ് നാരായണൻ, സനീഷ് ഇളയിടത്ത്, ടി. എം. ഹർഷൻ, അനിൽ നമ്പ്യാർ എന്നിവര്‍.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com