അഞ്ജലി കൃഷ്ണ | പി.ബി. ബിച്ചു
തിരുവനന്തപുരം: സൗവര്‍ണ ദീപ്തമായ സർഗാത്മകതകൊണ്ട് ചില എഴുത്തുകാര്‍ നമ്മെ ആനന്ദിപ്പിക്കുന്നു. അവര്‍ എഴുതുന്നത് ഭാവിയെ വരവേൽക്കാനാണ്. മനുഷ്യരുടെ ഓരം ചേർന്നു നടക്കാനാണ്.... കോഴിക്കോട് പേരാമ്പ്ര സ്വദേശി അഞ്ജലി കൃഷ്ണയും അങ്ങനെ തന്നെ. തന്‍റെ മൂന്ന് പുസ്തകങ്ങൾ ഒരേദിവസം പുസ്തകോത്സവ വേദിയിൽ പ്രകാശനം ചെയ്തതിന്‍റെ ആഹ്ലാദത്തിലാണ് അഞ്ജലി.
കേരളത്തിലിരുന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലെ ജീവിതങ്ങളെക്കുറിച്ച് പഠനം നടത്തിയും അവയെ കവിതകളാക്കിയും തേഡ് വേൾഡ് പോസ്റ്റ് സോഷ്യലിസ്റ്റ്, ആഫ്രോ അമേരിക്കൻ കവിതകളെ മലയാളത്തിലേക്ക് മൊഴിമാറ്റിയുമാണ് മൂന്ന് പുസ്തകങ്ങൾ അഞ്ജലി കൃഷ്ണയെന്ന എഴുത്തുകാരി പുറത്തിറക്കിയത്.
ആഫ്രോ അമേരിക്കൻ ജീവിതങ്ങളെ തുറന്നുകാട്ടുന്ന "എനിക്കും ഒരിടം തരിക', മൂന്നാം ലോകത്തിന്‍റെ അനുഭവങ്ങൾ പറയുന്ന "എന്‍റെ പ്രയാണം' , തന്‍റെ സ്വന്തം രചനകൾ കോർത്തിണക്കിയ "എക്കോസ് ഓഫ് ബീയിങ് ' തുടങ്ങി മൂന്ന് പുസ്തകങ്ങളാണ് ഒരേദിവസം ഒരേ വേദിയിൽ അഞ്ജലിയുടേതായി പുറത്തിറങ്ങിയത്. നിയമസഭ പുസ്തകോത്സവത്തിൽ ഐ ബുക്സ് കേരളയുടെ സ്റ്റാളിൽ അഞ്ജലിയുടെ മൂന്ന് പുസ്തകങ്ങളും ലഭ്യമാണ്. മൂന്ന് പുസ്തകങ്ങളും ഒരേ വേദിയിൽ പ്രകാശനം ചെയ്ത ശേഷം മെട്രൊ വാർത്ത പ്രതിനിധിയുമായി എഴുത്ത് വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അഞ്ജലി കൃഷ്ണ.

പുസ്തകോത്സവം എന്ന അനുഭവം
നിയമസഭയിൽ സംഘടിപ്പിച്ചിരിക്കുന്ന അന്താരാഷ്‌ട്ര പുസ്തകോത്സവം വിലപ്പെട്ട അനുഭവമായാണ് തോന്നിയതെന്ന് അഞ്ജലി പറയുന്നു. ഇത്രയും വലിയൊരു പുസ്തകോത്സവത്തിന് ഭാഗമാകാൻ കഴിഞ്ഞത് തന്നെ ഭാഗ്യമായാണ് കണക്കാക്കുന്നത്. ഓരോ സ്ഥലങ്ങളിലും നടക്കുന്ന പുസ്തകോത്സവത്തിൽ പരമാവധി പങ്കെടുക്കാൻ ശ്രമിക്കാറുണ്ട്. പുസ്തകങ്ങൾ വാങ്ങുകയും വായിക്കാൻ സമയം കണ്ടെത്തുകയും ചെയ്യാറുണ്ട്. അങ്ങനെയുള്ള ഒരു അനുഭവം മാത്രമാണുണ്ടായിരുന്നത്, ഇവിടെ എത്തുന്നത് വരെ. എന്നാൽ ഇത്രയും വലിയൊരു മേള അദ്ഭുതമായാണ് തോന്നിയത്. പരിപാടികളെല്ലാം മികച്ച നിലവാരമുള്ളവയാണ്.
എഴുത്ത് തുടങ്ങിയ കാലം
കുട്ടിക്കാലം മുതലേയുള്ള വായനാശീലമാണ് അഞ്ജലിയെന്ന ബിരുദ വിദ്യാർഥിനിയായ എഴുത്തുകാരിക്ക് കരുത്തായത്. സ്കൂൾതല മത്സരങ്ങളിൽ കഥ, കവിത, ഉപന്യാസം എന്നിവയ്ക്ക് സ്ഥിരമായി സമ്മാനങ്ങൾ നേടിയിരുന്നു. സ്കൂൾ പഠനകാലത്ത് തനിക്ക് കവിതയിൽ താത്പര്യമുണ്ടെന്നു മനസിലാക്കിയ മാതാപിതാക്കൾ ആദ്യം മുതൽ നല്ല പിന്തുണയാണ് നൽകിയതെന്നും അതുകൊണ്ട് തന്നെ എട്ടാം ക്ലാസിൽ വച്ച് തന്നെ തന്‍റെ ആദ്യ പുസ്തകം പുറത്തിറക്കാനായെന്നും അഞ്ജലി പറയുന്നു. മലയാളവും ഇംഗ്ളീഷുമാണ് വായിച്ച് തുടങ്ങിയത്. ഇതിൽ കൂടുതലും ഇംഗ്ലീഷ് പുസ്തകങ്ങളായിരുന്നു. പേരാമ്പ്ര സെന്‍റ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലും ബിഇഎം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലുമായിരുന്നു പഠനം. സ്കൂൾ കാലഘട്ടത്തിൽ കലോത്സവവേദികളിലെ സ്ഥിരം സാന്നിധ്യമായിരുന്നതിനാൽ മലയാളം കവിതാ രചനയും കവിത ആലാപനത്തിലും സംസ്ഥാന തലത്തിൽ വരെ മത്സരിച്ച് എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെയാണ് തന്‍റെ പേരിൽ ഒരു സൃഷ്ടി ആദ്യമായി അച്ചടിച്ച് കാണുന്നത്. പിന്നീട് അച്ഛനമ്മമാർ ജോലി സംബന്ധമായ തിരക്കിലാകുമ്പോൾ വീട്ടിൽ വെറുതെയിരിക്കാതെ ഇംഗ്ലീഷ് ഭാഷാ പ്രയോഗങ്ങൾ കൂടുതൽ മനസിലാക്കാൻ പുസ്തകങ്ങൾ വായിച്ച് തുടങ്ങി. അങ്ങനെ മെല്ലെ എഴുത്തും തുടങ്ങി. എട്ടാം ക്ലാസിലാണ് തന്‍റെ ആദ്യത്തെ പുസ്തകം "എന്‍റെ പ്രയാണം' പുറത്തിറങ്ങുന്നത്. അതിലെ പോരായ്മകൾ പരിഹരിച്ച് കൂടുതൽ കവിതകൾ കൂട്ടിച്ചേർത്താണ് പുതിയ എഡിഷൻ വന്നിരിക്കുന്നത്.
വിവർത്തനത്തിലെ വഴികാട്ടി
കുട്ടിക്കാലത്ത് പുസ്തകങ്ങൾ വായിക്കുന്നതിനിടയിൽ എപ്പോഴോ ടി.പി. രാജീവൻ എഡിറ്റ് ചെയ്ത പോസ്റ്റ് സോഷ്യലിസ്റ്റ് കവിതകൾ ശ്രദ്ധയിൽപ്പെട്ടു. അതിൽ നിന്നാണ് വിവർത്തനം എന്ന ആശയത്തിലേക്ക് താനും എത്തുന്നത്. മലയാളത്തിൽ ആഗോളകവിതയെ കണ്ടെത്തി അവതരിപ്പിക്കുന്നതിലുള്ള അദ്ദേഹത്തിന്‍റെ ശ്രദ്ധ എടുത്തു പറയേണ്ടതാണ്. ടി.പി. രാജീവൻ എഡിറ്റ് ചെയ്ത കവിതകളാണ് പിന്നീടും കൂടുതലായി വായിച്ചത്. അതുകൊണ്ട് അത്തരം കവിതകൾ മൊഴിമാറ്റിയാണ് താനും തുടങ്ങിയത്. ഇതിനിടയിലും സ്വന്തം കവിതകളും എഴുതിപ്പോന്നു. മുപ്പോതോളം കവിതകൾ മൊഴിമാറ്റിയതോടെ അമ്മയാണ് രാജീവൻ മാഷിന്‍റെ അടുത്ത് എത്തിക്കുന്നത്. അതുവരെ എഴുതിയ മുപ്പതോളം വരുന്ന കവിതകൾ അദ്ദേഹത്തെ കാണിച്ചു. എന്നാൽ, ഏഴാംക്ലാസുകാരിയുടെ രചനയാണിവയെന്ന് വിശ്വസിക്കാതിരുന്ന അദ്ദേഹം അവിടെ വച്ച് തന്നെ ഒരു കവിത വിവർത്തനം ചെയ്യിപ്പിച്ചു. അത് പെട്ടെന്നു പൂർത്തിയാക്കി താൻ നൽകിയതോടെ അദ്ദേഹത്തിന് വിശ്വാസമായി. ഇതൊന്നും കൂടുതൽ എഡിറ്റ് ചെയ്യേണ്ടതില്ലെന്നും എത്രയും വേഗം പ്രസിദ്ധീകരിക്കണമെന്നുമാണ് മറ്റ് കവിതകളെല്ലാം വായിച്ച് അദ്ദേഹം പറഞ്ഞത്.
ഇന്ത്യൻ കവിതകളുടെ മൊഴിമാറ്റം
ബംഗളൂരുവിലെ ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ ഡിഗ്രി അവസാന വർഷ വിദ്യാർഥിനിയായ തനിക്ക് പിജിക്ക് ശേഷം ഗവേഷണവുമായി തുടരണമെന്നാണ് താൽപര്യം. അക്കാദമികമായി മുന്നോട്ട് പോകുന്നതിനൊപ്പം കവിതയും ചേർത്തുപിടിക്കാനാകുമെന്ന വിശ്വാസമുണ്ട്. ഇന്ത്യൻ കൃതികളുടെ ഉൾപ്പെടെ മൊഴിമാറ്റവും പദ്ധതിയുണ്ട്. വിവിധ ഭാഷകളിലെ ചില പുസ്തകങ്ങൾ നോക്കി വച്ചിട്ടുമുണ്ട്. ഇതെല്ലാം നടക്കുമെന്നാണ് പ്രതീക്ഷയെന്നും അഞ്ജലി പറയുന്നു.

ഇഷ്ടകവികൾ
മായ ആഞ്ജലോയാണ് ഇഷ്ട കവി. മലയാളത്തിൽ സച്ചിദാനന്ദൻ മാഷിന്‍റെ കവിതകളാണ് കൂടുതലും ഇഷ്ടം. കൂടാതെ കെ.ആർ. മീര, സാറാ ജോസഫ്, എന്നിവരുടെ പുസ്തങ്ങളും ഇഷ്ടമാണ്. വസ്ത്ര സ്വാതന്ത്ര്യം, ബോഡി ഷെയ്മിങ്, ഗൂഗിൾ അനുഭവങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഓൺലൈൻ മാഗസിനുകളിൽ എഴുതിയിട്ടുണ്ട്. മലയാള സിനിമയിലെ സ്ത്രീ സാന്നിധ്യത്തെക്കുറിച്ച് ഒരു പേപ്പറും പ്രസിദ്ധീകരിച്ച അഞ്ജലിക്ക് ചെറുപ്രായത്തിനുള്ളിൽ നിരവധി സാഹിത്യ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
എഴുത്തിലെ സ്ത്രീ സാന്നിധ്യം
സ്ത്രീകൾ കൂടുതലായി എഴുത്തിലേക്ക് എത്തിയത് വിപ്ലവകരമായ മാറ്റമാണ്. സമൂഹ മാധ്യമങ്ങളിലും പുസ്തകങ്ങളിലുമൊക്കെയായി സ്ത്രീകൾ എഴുത്തിലേക്ക് എത്തുമ്പോൾ വലിയ സന്തോഷം തോന്നാറുണ്ട്. പുസ്തകങ്ങളിലോ സോഷ്യൽ മീഡിയയിലോ സ്ത്രീകൾക്ക് എഴുതുന്നതിനുള്ള തടസങ്ങൾ ഒരു പരിധിവരെ കുറഞ്ഞു എന്നാണ് മനസിലാക്കുന്നത്. സമൂഹ്യമാധ്യമങ്ങളിൽ സജീവമല്ലെങ്കിലും എഴുതുന്ന പലരുടേയും കവിതകൾ വായിക്കാറുണ്ട്.