പാരമ്പര്യത്തിന്‍റെ മരവിച്ച ചങ്ങലക്കെട്ടുകൾ: ആനന്ദിന്‍റെ വ്യാകുലതകൾ
അജയൻ
മരവിച്ച ആചാരങ്ങൾക്ക്, പുരാതന കാലത്തിന്‍റെ ചങ്ങലകൾ പോലെ, മനുഷ്യന്‍റെ ബുദ്ധിയെ തടവിലാക്കാനുള്ള ശക്തിയുണ്ടെന്നു പറയും ആനന്ദ്. മലയാളത്തിന്‍റെ എക്കാലത്തെയും മഹാൻമാരായ എഴുത്തുകാരിലൊരാളായ അദ്ദേഹത്തിന്‍റെ അഭിപ്രായത്തിൽ, സർഗാത്മകതയെ ഞെരിച്ചമർത്താനും പുരോഗതിയുടെ ഒഴുക്കിനെ തടസപ്പെടുത്താനുമുള്ള ശേഷിയുണ്ട് അവയ്ക്ക്.
''അത്തരം ആചാരങ്ങൾ നമ്മുടെ നിലനിൽപ്പിന്‍റെ കാതൽ തന്നെ നശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ജാഗ്രത എപ്പോഴുമുണ്ടാവണം. വിശുദ്ധിയെന്നും ശാശ്വത സങ്കൽപ്പങ്ങളെന്നും പറഞ്ഞ് നടത്തുന്ന സംഘർഷങ്ങൾ സമീപകാല പ്രതിഭാസങ്ങളല്ല; പവിത്രമായി കണക്കാക്കപ്പെടുന്നവയെ സംരക്ഷിക്കാൻ പരിണാമത്തെ സ്തംഭിപ്പിച്ചുകൊണ്ടു പോലും ശ്രമങ്ങളുണ്ടായ ഒരു ചരിത്രത്തിന്‍റെ പ്രതിധ്വനികളാണവ. എന്നിരുന്നാലും, പരിണാമത്തോടെ ആരംഭിച്ച ജീവിത യാത്ര, തളരാതെ മുന്നോട്ടു തന്നെ നീങ്ങുന്നു'', ആനന്ദ് പറഞ്ഞു തുടങ്ങുന്നു.
രാഷ്ട്രം ആചാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും നിരന്തരമായ പുനരുജ്ജീവനത്തിന്‍റെ കെണിയിൽ കുടുങ്ങിക്കിടക്കുന്ന ഒരു കാലഘട്ടത്തിൽ ഇത് കൂടുതൽ പ്രാധാന്യമർഹിക്കുന്നു. പൗരാണികതയുടെ പേരിൽ ആദരിക്കപ്പെടുന്ന പഴഞ്ചൻ ആചാരങ്ങൾ സമൂഹത്തിന്‍റെ ഘടനയിൽ തന്നെ ഉൾച്ചേർന്നുകിടക്കുന്നതാണ്. പലപ്പോഴും ആധുനിക ചിന്തയുടെയും പുരോഗതിയുടെയും ഊർജസ്വലമായ ഒഴുക്കിനെത്തന്നെ അതു നിയന്ത്രിക്കുന്നു. ഇങ്ങനെയൊരന്തരീക്ഷത്തിൽ, ചോദ്യം ചെയ്യാനാവാത്ത ആധിപത്യത്തിന്‍റെ സിംഹാസനത്തിലേക്ക് മതം ഉയർന്നുവന്നിരിക്കുന്നു, രാഷ്ട്രത്തിന്‍റെ വികസിച്ചുകൊണ്ടിരിക്കുന്ന ആഖ്യാനത്തിന്മേൽ അതിന്‍റെ നീണ്ട നിഴൽ പരക്കുന്നു. തൃശൂരിലെ ചേർപ്പിൽ നടത്തിയ പെരുവനം അന്താരാഷ്ട്ര ഗ്രാമോത്സവത്തിന്‍റെ ഉദ്ഘാടന സമ്മേളനത്തിൽ പ്രസംഗിക്കാനെത്തിയ ആനന്ദ് മെട്രൊ വാർത്ത പ്രതിനിധിയുമായി നടത്തിയ സംഭാഷണത്തിൽ നിന്ന്..
മങ്ങിപ്പോകുന്ന നവോത്ഥാന ജ്വാല
പാരമ്പര്യത്തോടുള്ള ആദരവ് പുരോഗതിയുടെ മിന്നുന്ന വെളിച്ചത്തെ മറികടക്കുന്ന കാലഘട്ടമാണിത്. ഒരു കാലത്ത് പ്രബുദ്ധതയുടെയും പരിവർത്തനത്തിന്‍റെയും വഴികാട്ടിയായിരുന്ന നവോത്ഥാനത്തിന്‍റെ ജ്വാലയാണ് ഈ പശ്ചാത്തലത്തിൽ മങ്ങിപ്പോകുന്നത്
രാജ്യം ഒരു വഴിത്തിരിവിൽ നിൽക്കുന്നതുപോലെയാണിപ്പോൾ. അയോധ്യയിൽ തകർക്കപ്പെട്ട ഒരു ആരാധനാലയത്തിന്‍റെ അവശിഷ്ടങ്ങൾക്കു മേൽ രാമക്ഷേത്രം നിർമിക്കുന്നത് രണ്ടാം സ്വാതന്ത്ര്യസമരമായി വാഴ്ത്തപ്പെടുന്നിടത്ത് ആനന്ദിന്‍റെ വാക്കുകൾ എന്നത്തെക്കാൾ പ്രസക്തമാകുന്നു. പുനരുജ്ജീവനത്തിന്‍റെ വാചാടോപമാണ് ഇന്നു ദേശീയ സ്വത്വത്തിന്‍റെ രൂപരേഖകൾ പുനർനിർമിക്കാൻ ശ്രമിക്കുന്നത്.
കേരളത്തിലേക്കു തിരിഞ്ഞുനോക്കുമ്പോൾ, ആനന്ദ് മറ്റൊരു പ്രകടമായ വിരോധാഭാസത്തിലേക്ക് വിരൽ ചൂണ്ടുന്നു. ഒരുകാലത്ത് പുരോഗമന ആദർശങ്ങളുടെ വിളക്കുമാടമായിരുന്ന നവോത്ഥാന പ്രസ്ഥാനത്തിന്‍റെ സിരാകേന്ദ്രം ഇപ്പോൾ വിചിത്രമായ ഒരു വികലതയിലേക്കു ചുരുങ്ങുകയാണ്. നവോത്ഥാനം അതിന്‍റെ യഥാർഥ രൂപത്തിൽ, അടിച്ചമർത്തലിന്‍റെ ചങ്ങലകളിൽ നിന്ന് ശരീരത്തെ മോചിപ്പിക്കലായിരുന്നു; അന്തസ്സും അവകാശങ്ങളും ഉറപ്പാക്കലായിരുന്നു; ശരീരം മറയ്ക്കാനുള്ള അവകാശമായിരുന്നു, സ്ത്രീകളുടെ കാര്യത്തിലാണെങ്കിലും. ഇന്ന് പുരുഷൻമാർ ശരീരം മറയ്ക്കുന്നതിലേക്കാണ് ചർച്ച. അവരെ ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുവദിക്കുന്നതിനെക്കുറിച്ച് നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ ഭൂതകാലത്തിന്‍റെ പ്രബുദ്ധമായ ദർശനത്തിൽനിന്ന് തികച്ചും വിഭിന്നമായി തോന്നുന്നു.
പാരമ്പര്യത്തിന്‍റെ സിരകളിൽ സ്പന്ദിക്കുന്ന കാപട്യമാണ് ഇതിനെ കൂടുതൽ വിരോധാഭാസമാക്കുന്നത്. സാമൂഹിക പരിഷ്കർത്താവായിരുന്ന മന്നത്ത് പദ്മനാഭൻ താഴ്ന്ന ജാതിക്കാരുടെ ക്ഷേത്രപ്രവേശനത്തിനു വേണ്ടി ശക്തമായി വാദിച്ചു, വൈക്കം ക്ഷേത്രം 'ശുദ്ധീകരിക്കാൻ' പുണ്യാഹം തളിക്കുന്ന ആചാരത്തെ നിശിതമായി വിമർശിച്ചു. പിൽക്കാലത്ത്, ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതിനുശേഷം നടത്തിയ അതേ 'ശുദ്ധീകരണ' ചടങ്ങിനെ ഇതേ മന്നത്ത് പദ്മനാഭൻ സ്ഥാപിച്ച സംഘടനയുടെ ഇപ്പോഴത്തെ നേതാവ് ന്യായീകരിച്ചു- ആനന്ദ് ചൂണ്ടിക്കാട്ടുന്നു.
ആൾക്കൂട്ടം
കാലചക്രങ്ങളിലൂടെ ഇഴചേർന്ന സംസ്കാരം തന്നെ ഒരു യാത്രയാണ്, ഒരിക്കലും അവസാനിക്കാത്ത ഒന്ന്. കലയുടെയും ഭാവനയുടെയും മണ്ഡലങ്ങളിലാണ് ഈ യാത്ര ഏറ്റവും മികച്ച ആവിഷ്കാരം കണ്ടെത്തുന്നത്, ലൗകികതയെ അതിമനോഹരമാക്കി മാറ്റുന്നതാണതെന്നും ആനന്ദ് അഭിപ്രായപ്പെട്ടു.
അദ്ദേഹത്തിന്‍റെ ആദ്യ നോവലായ ആൾക്കൂട്ടത്തെക്കുറിച്ചും അതിന്‍റെ താളുകളിൽ പ്രതിഫലിക്കുന്ന രാഷ്ട്രീയം ഇന്നും പ്രതിധ്വനിക്കുന്നുണ്ടോ എന്നും ചിന്തിക്കുമ്പോൾ, ആനന്ദ് ഒരു നിമിഷത്തെ ധ്യാനാത്മകമായ നിശബ്ദതയ്ക്കു ശേഷം, നോവലിന്‍റെ സങ്കീർണമായ ഉദ്ഭവം, എട്ട് വർഷങ്ങൾ നീണ്ട അധ്വാനം എന്നിവയെക്കുറിച്ച് സംസാരിച്ചു തുടങ്ങി.
സ്വാതന്ത്ര്യാനന്തരം ഇന്ത്യയിലുടനീളം വീശിയടിച്ച മാറ്റത്തിന്‍റെ കാറ്റിൽ നിന്നാണ് കഥാപാത്രങ്ങൾ ജനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. "സ്വാതന്ത്ര്യാനന്തരം, പ്രതീക്ഷയും അഭിലാഷങ്ങളും നിറഞ്ഞ പുതിയ തലമുറയുടെ ഭാഗമായിരുന്നു അവർ." 1962-ലെ ചൈനീസ് ആക്രമണത്തിന്‍റെ ദാരുണമായ പശ്ചാത്തലത്തിലാണ് യുവത്വത്തിന്‍റെ ഈ ശുഭാപ്തിവിശ്വാസം പാരമ്യത്തിലെത്തിയതെന്ന് അദ്ദേഹം വിശദീകരിച്ചു. രാജ്യത്തിന്‍റെ കൂട്ടായ മനോഭാവത്തെ തകർത്ത ഒരു സംഭവമായിരുന്നു അത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഉന്നത വ്യക്തിത്വമായിരുന്ന പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനും അങ്ങനെ തന്നെയായിരുന്നു ആ ആക്രമണം. അതിന്‍റെ പ്രകമ്പനം അദ്ദേഹത്തെ സ്പർശിച്ചു, ഒടുവിൽ രണ്ട് വർഷത്തിനുള്ളിൽ അദ്ദേഹത്തിന്‍റെ മരണത്തിനു കാരണമായ ഒരു ദുഃഖം അതായിരുന്നു.
ആനന്ദ് ആദരവോടെ തുടർന്നു, "എന്നെ സംബന്ധിച്ച്, ഈ രാജ്യത്തിനുണ്ടായിരുന്ന ഒരേയൊരു മഹാനായ നേതാവ് നെഹ്‌റുവാണ്. വിശാലമായ വൈവിധ്യത്തിനും സങ്കീർണതകൾക്കും മുന്നിൽ ഇന്ത്യയെ ഒന്നിച്ചു നിർത്താൻ കഴിയുന്ന ഏക വ്യക്തിത്വമാണ് അദ്ദേഹം, മഹത്തായ പരിവർത്തനത്തിന്‍റെ സമയത്തെ ഏകീകരണ ശക്തി."
തകർച്ചയുടെ ആഴങ്ങൾ
പ്രതീക്ഷയുടെയും ഐക്യത്തിന്‍റെയും നെഹ്റുവിയൻ കാലത്തിൽനിന്ന്, സാവധാനത്തിലും ക്രമാനുഗതമായും സംഭവിച്ച, അനിവാര്യമായ ഒരു തിരിച്ചിറക്കത്തെക്കുറിച്ചും അതിന്‍റെ സ്വാധീനത്താലുണ്ടായ ആഴമേറിയ തകർച്ചയെക്കുറിച്ചും ആനന്ദ് സംസാരിച്ചു.
അടിയന്തരാവസ്ഥയുടെ ഇരുണ്ട നിഴൽ കൊണ്ട് അടയാളപ്പെടുത്തിയ ഇന്ദിര ഗാന്ധിയുടെ യുഗം, ഈ തിരിച്ചിറക്കത്തിന്‍റെ ആദ്യത്തെ പടിയായിരുന്നു. "എന്നാൽ, ഇന്നത്തെ കാലഘട്ടം അതിലും വലിയൊരു പതനത്തിനുസാക്ഷ്യം വഹിച്ചിരിക്കുന്നു, എളുപ്പത്തിൽ വിവരിക്കാൻ കഴിയാത്തത്ര വലുതാണത്", അദ്ദേഹം തുടർന്നു. ദുഃഖാർദ്രമായ ശബ്ദം നിരാശയുടെ ആഴങ്ങളിൽ തട്ടി പ്രതിഫലിച്ചു. രാജ്യം തിരിച്ചുവരവില്ലാത്തൊരു അഴിച്ചുപണിയുടെ വക്കിൽ നിൽക്കുന്നതുപോലെ നിരാശയുടെ ആഴം കൂട്ടുന്നതാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളെന്നും അദ്ദേഹം പറഞ്ഞു.
ആനന്ദിന്‍റെ കൃതികളിൽ ആവർത്തിച്ചു കടന്നുവരാറുള്ള പ്രമേയങ്ങളിലൊന്നാണ് ജുഡീഷ്യറി. നീതി തേടിയുള്ള കഠിനമായ യാത്രകൾ അതിന്‍റെ ഭാഗമായി ആഖ്യാനം ചെയ്യപ്പെടാറുണ്ട്. ഏറെ ചർച്ച ചെയ്യപ്പെട്ട അദ്ദേഹത്തിന്‍റെ കഥയായ ഹർജി, വേദനാജനകമായി പകർത്തി വച്ച ഒരു പോരാട്ടത്തിന്‍റെ ആഖ്യാനമാണ്. നീതിയുടെ അവസ്ഥയെക്കുറിച്ച് ചിന്തിക്കുമ്പോൾ, യഥാർഥ സംതൃപ്തിയുടെ നിമിഷങ്ങൾ വളരെ അപൂർവവും ഛിന്നഭിന്നവുമാണെന്ന് ആനന്ദ് നിരീക്ഷിക്കുന്നു.
നിരാശയുടെ രണ്ട് നിർണായക കാലഘട്ടങ്ങളിലേക്കും അദ്ദേഹം വിരൽ ചൂണ്ടി: സുപ്രീം കോടതിയുടെ ചുവരുകളെപ്പോലും പ്രകമ്പനം കൊള്ളിച്ച അടിയന്തരാവസ്ഥയും, ഭീകരമായൊരു യാഥാർഥ്യത്തെ പ്രതിഫലിപ്പിക്കുന്ന നിലവിലുള്ള മോദി ഭരണകൂടവും. "എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് പറയാൻ കഴിയില്ല," ദുഃഖം നിഴലിട്ട ശബ്ദത്തിൽ ആനന്ദിന്‍റെ നിസഹായത വെളിപ്പെട്ടു.
ആശ്വാസത്തിന്‍റെ കവചം
ജനാധിപത്യത്തിന്‍റെ ദുർബലമായ നൂലിൽ പ്രതീക്ഷയർപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു, "നമുക്ക് അവശേഷിക്കുന്ന ഒരേയൊരു കവചം ജനാധിപത്യ പ്രക്രിയയാണ്, അല്ലെങ്കിൽ ഗവൺമെന്‍റുകളെ തെരഞ്ഞെടുക്കുന്ന പ്രവൃത്തിയാണ്."
എന്നിരുന്നാലും, ഇതു പോലും ആശ്വാസം നൽകുന്നില്ലെന്നാണ് ആനന്ദിന്‍റെ പക്ഷം. കാരണം, തെരഞ്ഞെടുപ്പിനു ശേഷമുള്ള യാഥാർഥ്യം പലപ്പോഴും തെരഞ്ഞെടുപ്പിനു മുൻപുള്ള വാഗ്ദാനങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായിരിക്കും. "അധികാരത്തിൽ എത്തിക്കഴിഞ്ഞാൽ, ഈ നേതാക്കൾ എന്തു ചെയ്യാൻ പോകുന്നു എന്ന് നമുക്കൊരു രൂപവുമുണ്ടാകില്ല. അവരിൽ പലരും സത്യപ്രതിജ്ഞയെടുത്തതിന്‍റെ നേർവിപരീതമായി പ്രവർത്തിക്കുന്നു, അല്ലെങ്കിൽ അതിലും മോശമായി, അവരുടെ വിശ്വസ്തത പൂർണമായും നഷ്ടപ്പെടുത്തുന്നു."
അചഞ്ചലമായ സത്യസന്ധതയുടെയും പ്രതിബദ്ധതയുടെയും ദീപസ്തംഭം പോലെ ഉയർന്നുനിൽക്കുകയാണ് ആനന്ദ്. മലയാള സാഹിത്യത്തിന്‍റെ ഉന്നതിയിലേക്ക് അദ്ദേഹത്തെ ഉയർത്തുന്ന ഗുണങ്ങളാണിവ. അഗാധമായ ദാർശനിക ഉൾക്കാഴ്ചയും തുളച്ചുകയറുന്ന വ്യക്തതയും കൊണ്ടു നിറയുന്ന ആനന്ദിന്‍റെ വാക്കുകൾ വായനക്കാരുടെ മേധാവ്യാപരങ്ങളിൽ ആഴത്തിൽ പ്രതിധ്വനിക്കുന്നു. ബൗദ്ധികമായ കാഠിന്യത്തിന്‍റെയും ഹൃദയംഗമമായ ആധികാരികതയുടെയും ഈ അപൂർവ മിശ്രിതം കൊണ്ടുതന്നെ, ഏറ്റവും ഗൗരവമായി വായിക്കപ്പെടുന്ന മലയാളം എഴുത്തുകാരൻ എന്ന നിലയിൽ അദ്ദേഹത്തിന്‍റെ സ്ഥാനം ഉറപ്പിക്കുകയാണ്. ആനന്ദിന്‍റെ ആഖ്യാനങ്ങൾ ഏറ്റവും ലളിതമായ ശൈലിയിൽ ഒരു സത്യത്തെ തുറന്നുകാട്ടുകയാണു ചെയ്യുന്നത്; ചോദ്യം ചെയ്യാനും ചിന്തിക്കാനും ഭാവി തലമുറകളെ കൂടി പ്രചോദിപ്പിക്കുന്നതാണവ.