ശ്രീപാർവതി
ശ്രീപാർവതി

പ്രപഞ്ചവുമായുള്ള കൊടുക്കൽവാങ്ങലുകൾ

ഒരു കാലം വരെ ആൺ പേരുകൾ മാത്രം നിറഞ്ഞു നിന്ന മലയാളത്തിന്‍റെ ക്രൈം, മിസ്റ്ററി, ഹൊറർ ത്രില്ലർ സാഹിത്യത്തിൽ സ്വന്തം പേര് കടുപ്പത്തിൽ തന്നെ എഴുതിച്ചേർത്തിരിക്കുന്നു ശ്രീപാർവതി

ശ്രീപാർവതി | നീതു ചന്ദ്രൻ

നിഗൂഢമായ ചുറ്റുപാടുകൾ, രക്തമുറയും പോലുള്ള കൊടും കൃത്യങ്ങൾ ചെയ്യുന്ന കഥാപാത്രങ്ങൾ, ഓരോ പേജുകൾ മറിയുമ്പോഴും വായനക്കാരുടെ ഉള്ളിൽ മാറി മാറി ഇടം പിടിക്കുന്ന ഭയവും ജിജ്ഞാസയും.... ഒരു കാലം വരെ ആൺ പേരുകൾ മാത്രം നിറഞ്ഞു നിന്ന മലയാളത്തിന്‍റെ ക്രൈം, മിസ്റ്ററി, ഹൊറർ ത്രില്ലർ സാഹിത്യത്തിൽ മുൻവിധികളെയെല്ലാം മാറ്റി മറിച്ച് സ്വന്തം പേര് കടുപ്പത്തിൽ തന്നെ എഴുതിച്ചേർത്തിരിക്കുന്നു ശ്രീപാർവതി. മീനുകൾ ചുംബിക്കുമ്പോൾ എന്ന ശാന്തമായൊരു പ്രണയകഥയിൽ തുടങ്ങി പോയട്രി കില്ലറും, വയലറ്റ് പൂക്കളുടെ മരണവും, ലില്ലി ബർണാഡും, മിസ്റ്റിക് മൗണ്ടനുമെല്ലാം കടന്ന് ഒടുവിൽ മന്ത്രവാദവും നിഗൂഢതയും നിറഞ്ഞു നിൽ‌ക്കുന്ന മാതവിയിൽ വരെ എത്തി നിൽക്കുന്നു ശ്രീപാർവതിയുടെ കഥാ ലോകം.

Q

നിഗൂഢതകളുടെ എഴുത്തുലോകം

A

മാതവിയും പാർവതിയും മേനകയുമെല്ലാം നിറഞ്ഞു നിൽക്കുന്ന നാറാണീശ്വം എന്ന നിഗൂഢതകളുടെ ഗ്രാമത്തിൽ നിന്ന് തിരിച്ചെത്തി പുതിയൊരു പ്രണയകഥയുടെ പച്ചത്തുരുത്തിലേക്കു മനസു കൊണ്ടു യാത്ര തുടങ്ങും മുൻപേയാണ് ശ്രീപാർവതി കുറ്റാന്വേഷണ കഥകളിലേക്കെത്തിയ കാലത്തെക്കുറിച്ച് സംസാരിച്ചു തുടങ്ങിയത്.

''കുട്ടിക്കാലം മുതലേ പേടിപ്പിക്കുന്ന കഥകളോടായിരുന്നു താത്പര്യം...'', ശ്രീപാർവതി ഓർമകൾ പൊടി തട്ടിയെടുത്തു.

''കുറ്റകൃത്യങ്ങൾ അന്വേഷിച്ചു കണ്ടു പിടിക്കുന്ന തരത്തിലുള്ള കഥകളോടും സിനിമകളും ഏറെ ഇഷ്ടമായിരുന്നു. പ്രത്യേകിച്ച് മിസ്റ്ററി ഹൊറർ അത്രയധികം ഇഷ്ടമാണ്. ഒരു വായനക്കാരി എന്ന നിലയിൽ കുറ്റാന്വേഷണ കഥകൾ എനിക്ക് വായിക്കാൻ ഇഷ്ടമുള്ളതു കൊണ്ട് അതെഴുതാനും ഇഷ്ടം തോന്നി. അങ്ങനെയാണ് ക്രൈം ത്രില്ലർ സാഹിത്യത്തിലേക്ക് എത്തിയത്.''

പക്ഷേ, എഴുത്തിലേക്ക് എത്തിയത് കുറ്റാന്വേഷണ കഥകളിലൂടെയായിരുന്നില്ലെന്ന് ശ്രീപാർവതി. പ്രണയപ്പാതി എന്ന പേരിലുള്ള പ്രണയക്കുറിപ്പുകളുടെ സമാഹാരമാണ് ആദ്യ പുസ്തകം. അതിനു ശേഷം പുറത്തിറങ്ങിയ മീനുകൾ ചുംബിക്കുമ്പോൾ ഒരു റൊമാന്‍റിക് നോവലായിരുന്നു. പിന്നീടാണ് കുറ്റാന്വേഷണ സാഹിത്യത്തിലേക്ക് കടക്കുന്നത്.

''കുറ്റാന്വേഷണം കഥകൾ എഴുതുന്നത് എനിക്കിഷ്ടമാണ്. എങ്കിലും ഒരേ രീതിയിൽ എഴുതുന്നത് ചിലപ്പോൾ വായനക്കാരെ മടുപ്പിക്കും. അതു കൊണ്ട് ചിലപ്പോൾ എഴുത്തു രീതിയിൽ മാറ്റം വരുത്താറുണ്ട്'', കഥാകാരി പറയുന്നു.

Q

ഭാവനയിൽ വിരിയുന്ന ലോകം

A

ജീവിതാനുഭവങ്ങളിൽ ചിലതൊക്കെ ചെറിയ രീതിയിൽ കഥകളിൽ കലർത്താറുണ്ടെങ്കിലും തന്‍റെ കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളും കൂടുതലായും ഭാവനയിൽ നിന്ന് ഉരുത്തിരിയുന്നവയാണ്. അതു കൊണ്ടു തന്നെ ഒരുപാട് ചിന്തിച്ചാണ് എഴുതാറുള്ളതെന്ന് ശ്രീപാർവതി.

''എന്നെ സംബന്ധിച്ച് എഴുതാൻ ഏറ്റവും ആവശ്യം സമാധാനമാണ്. ചിലപ്പോൾ എഴുതിത്തുടങ്ങുമ്പോൾ മനസിൽ ഒന്നുമുണ്ടാകില്ല. എങ്ങനെ അവതരിപ്പിക്കണം, അടുത്ത ചാപ്റ്റർ എന്തായിരിക്കണം എന്നതിനെക്കുറിച്ച് ഐഡിയ ഉണ്ടായിരിക്കില്ല. ചിലപ്പോൾ മുഴുവൻ കഥയും മനസിൽ ഉണ്ടായിരിക്കും. ആദ്യ അധ്യായം കൃത്യമായി മനസിൽ ഉണ്ടായിരിക്കും. പക്ഷേ, എഴുതി വരുമ്പോൾ മറ്റൊരു തലത്തിലേക്ക് കഥ വഴി മാറും. പ്രശ്നങ്ങളും സംഘർഷങ്ങളുമാണ് എഴുതിക്കുന്നതെന്ന് പലരും പറയാറുണ്ട്. പക്ഷേ, എനിക്ക് അങ്ങനെയല്ല. ചിന്തിക്കുന്ന സ്വഭാവം പണ്ടേ ഉണ്ട്. സ്കൂൾ കാലത്ത് ഞാൻ ചിന്തിച്ചിരിക്കുന്നത് മറ്റുള്ളവർക്കു വലിയ പ്രശ്നമായിരുന്നു. ഇപ്പോൾ അത്ര പ്രശ്നമില്ല. പക്ഷേ, പലതിനുമുള്ള സമയം നഷ്ടപ്പെട്ടു പോയേക്കാം. എങ്കിലും, ഒപ്പമുള്ളവർ പിന്തുണയ്ക്കുന്നതു കൊണ്ട് അത്തരം പ്രശ്നങ്ങളൊന്നും ഇപ്പോൾ അലട്ടുന്നില്ല'', ശ്രീപാർവതി പറയുന്നു.

Q

കുറ്റാന്വേഷണ സാഹിത്യത്തിലെ സ്ത്രീ സാന്നിധ്യം

A

സ്ത്രീകൾ കുറ്റാന്വേഷണ കഥകൾ എഴുതുമോ എന്നൊരു മനോഭാവം സമൂഹത്തിൽ പണ്ടും ഉണ്ട്. പക്ഷേ, ഇന്നതിൽ കാര്യമായ മാറ്റമുണ്ടായിട്ടുണ്ട്. കുറ്റാന്വേഷണ, അപസർപ്പക കഥകളൊക്കെ പോപ്പുലർ ഫിക്ഷന്‍റെ ഒരു ഭാഗമാണ്. പോപ്പുലർ ഫിക്ഷനോട് മുഖ്യധാരാ എഴുത്തുകാരും വായനക്കാരും ഒരു കാലം വരെ വലിയ രീതിയിൽ അയിത്തം കൽപ്പിച്ചിരുന്നു. അതു കൊണ്ടായിരിക്കാം സ്ത്രീകൾ പലപ്പോഴും കുറ്റാന്വേഷണ കഥകളിലേക്ക് വരാൻ മടിച്ചിരുന്നത്. പോപ്പുലർ ഫിക്ഷനിലൂടെ സാഹിത്യരംഗത്ത് സ്വീകാര്യത ലഭിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. പക്ഷേ, ഇന്നത്തെ കാലത്ത് പോപ്പുലർ ഫിക്ഷൻ മുഖ്യധാരയോടൊപ്പം സമാന്തരമായിതന്നെ പോകുന്നുണ്ട്. അതു കൊണ്ടു തന്നെ നിരവധി സ്ത്രീകളും ഈ രംഗത്തേക്കെത്തുന്നുണ്ട്. മായാ കിരൺ, സ്വപ്ന ശശിധരൻ അങ്ങനെ നിരവധി പേർ ഇപ്പോൾ ക്രൈം ത്രില്ലറുകൾ എഴുതാറുണ്ട്. സാധാരണ രീതിയിൽ ഒരു കുറ്റകൃത്യം എടുത്താൻ പോലും അതിൽ സ്ത്രീകൾ ഉണ്ടാവാറുണ്ടെന്നത് ഒരു യാഥാർഥ്യമാണ്. വളരെ നന്നായി കുറ്റകൃത്യം ചെയ്യാനും അത് ഒളിപ്പിക്കാനും സ്ത്രീകൾക്ക് കഴിയാറുണ്ട്. അപ്പോൾ കുറ്റാന്വേഷണ കഥകൾ എഴുതാനും അവർക്കു കഴിയുമെന്നതിൽ സംശയമില്ലെന്ന് ശ്രീപാർവതി പറയുന്നു.

വായനക്കാരിൽ നിന്ന് ഒരിക്കലും സ്ത്രീ എന്ന രീതിയിലുള്ള മാറ്റി നിർത്തൽ അനുഭവപ്പെട്ടിട്ടില്ല. പക്ഷേ, പോപ്പുലർ ഫിക്ഷനോടുള്ള പൊതുവായ മനോഭാവം അനുസരിച്ചുള്ള ചവിട്ടിത്തേക്കലുകളും കുറ്റപ്പെടുത്തലുകളും ഉണ്ടാവാറുണ്ട്. ഒരു പക്ഷേ, അത്തരം മനോഭാവത്തിൽ നിന്ന് രക്ഷപെടാൻ ആയിരിക്കാം പണ്ടു കാലത്ത് സ്ത്രീകൾ കുറ്റാന്വേഷണ കഥകളിലേക്ക് വരാതിരുന്നതെന്നും ശ്രീപാർവതി വിലയിരുത്തുന്നു.

Q

വനിതാദിനത്തിന്‍റെ പ്രസക്തി

A

നമ്മളെങ്ങനെയാണോ നമ്മളെ കാണാൻ ആഗ്രഹിക്കുന്നത് എന്നൊരു വൈബ് പ്രപഞ്ചത്തിനു കൊടുത്താൽ അതേ വൈബ് നമുക്ക് തിരിച്ചു കിട്ടുമെന്നാണ് ശ്രീപാർവതിയുടെ നിരീക്ഷണം.

''നമ്മൾ തന്നെ നമ്മളെ വിശ്വസിക്കണം. എല്ലാ പ്രശ്നങ്ങളെയും അതിജീവിച്ച് പുറത്തു വരാൻ സാധിക്കുമെന്നും തുറന്നെഴുതാൻ കഴിയുമെന്നും എഴുതാൻ സമയമുണ്ടെന്നും നമ്മൾ സ്വയം വിശ്വസിപ്പിച്ചാൽ നമുക്ക് സാധിക്കും. അല്ലാതെ പിന്തുണയ്ക്കാനോ സഹായിക്കാനോ ആരുമുണ്ടായിരിക്കില്ല. വിമൻസ് ഡേയുടെ പ്രസക്തിയൊക്കെ ഏതു കാലത്താണ് നഷ്ടപ്പെടുക എന്നറിയില്ല. ഒരു പക്ഷേ, അങ്ങനെ വനിതാ ദിനത്തിന് പ്രസക്തിയില്ലാത്തൊരു കാലം ഒരു ഉട്ടോപ്യൻ ആശയമാണെന്നു പോലും ഞാൻ പറയും. എല്ലാ കാലത്തും സ്ത്രീകൾ പല രീതിയിൽ അപമാനിക്കപ്പെട്ടിട്ടുണ്ട്. കുടുംബത്തിലാണെങ്കിലും ജോലി സ്ഥലത്താണെങ്കിലും സ്ത്രീകൾക്ക് വേണ്ടത് ബഹുമാനമാണ്. അതെവിടെ നിന്ന് എന്നു കിട്ടുന്നോ അന്നേ ഈ ദിവസം ഒഴിവാക്കാൻ സാധിക്കൂ. അതു കൊണ്ടു തന്നെ അതു വരെ വനിതാ ദിനത്തിനു പ്രസക്തിയുണ്ടായിരിക്കും'', ശ്രീപാർവതി ചിരിയോടെ പറഞ്ഞു നിർത്തി.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com