A view of the Blue city, Jopdhpur, from top of the Mehrangarh Fort | മെഹ്റാൻഗഢ് കോട്ടയ്ക്കു മുകളിൽനിന്നുള്ള ജോധ്പൂർ നഗരത്തിന്‍റെ ദൃശ്യം
A view of the Blue city, Jopdhpur, from top of the Mehrangarh Fort | മെഹ്റാൻഗഢ് കോട്ടയ്ക്കു മുകളിൽനിന്നുള്ള ജോധ്പൂർ നഗരത്തിന്‍റെ ദൃശ്യംVK Sanju | Metro Vaartha

രജപുത്താനയിലെ രാജാക്കൻമാർ | Travelogue

നീലനഗരത്തിലെ നിറഭേദങ്ങൾ - ഭാഗം 4 | രാജസ്ഥാൻ - ജോധ്പൂർ യാത്രാവിവരണം | മെഹ്റാൻഗഢ് കോട്ട

വി.കെ. സഞ്ജു

ദീർഘമായ വർത്തമാനങ്ങൾക്കിടയിൽ കുല്‍ദീപ് സിങ് സ്വയം ഒരു രാജകുടുംബാംഗമായി പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. ഏതു നിമിഷവും അതു സംഭവിക്കാമെന്ന പ്രതീക്ഷ നേരത്തെ തന്നെയുണ്ടായിരുന്നതിനാൽ പ്രത്യേകിച്ച് അദ്ഭുതമൊന്നും തോന്നിയില്ല. എങ്കിലും, തോന്നിയതായി ഭാവിച്ചു.

സംസാരിക്കാന്‍ വിഷയ ദാരിദ്ര്യം നേരിടുമ്പോള്‍ അദ്ദേഹം ഫോണെടുത്ത് ആരെയൊക്കെയോ വിളിക്കുന്നുണ്ട്, ഡ്രൈവ് ചെയ്യുമ്പോൾപ്പോലും. ആ സമയത്ത് അയാൾ ഉപയോഗിക്കുന്ന ഡയലക്റ്റ് തീരെ മനസിലാകുന്നുണ്ടായിരുന്നില്ല. തേരേയ്ക്കു പകരം താരേ എന്നും, ശരി/ ഉവ്വ് എന്ന അര്‍ഥത്തില്‍ ഹുക്കും (ഉത്തരവ്) എന്നുമൊക്കെ പറയുന്നത് 'ദഹാദ്' വെബ് സീരീസില്‍ കേട്ടു പരിചയമായിരുന്നു.

നമ്മൾ സ്കൂളിൽ പഠിച്ച ഹിന്ദിയോ സിനിമയിൽ കണ്ട ഹിന്ദിയോ ഒന്നുമല്ല അയാൾ നമ്മളോടും പറയുന്നത്. അയാള്‍ക്കാണെങ്കില്‍ ഒരു മിനിറ്റ് പോലും സംസാരിക്കാതിരിക്കാനും സാധിക്കില്ല. ഇതേതു ഭാഷ എന്നു ചോദിച്ചപ്പോള്‍, മാര്‍വാഡി എന്നുത്തരം.

പഴയ മാര്‍വാഡാണ് ഇന്നത്തെ ജോധ്പൂര്‍ എന്നു പറഞ്ഞ് കുൽദീപ് ചരിത്ര വിജ്ഞാനം മലർക്കെ തുറന്നുവച്ചു. ഹിന്ദു രാജാക്കന്‍മാര്‍ മാത്രം ഭരിച്ചിട്ടുള്ള മാര്‍വാഡിന്‍റെയും, മുഗളന്‍മാരുമായി കൂട്ടു കൂടി അവരെ ആക്രമിക്കാന്‍ വന്ന മേവാഡിന്‍റെയും (ഇന്നത്തെ ഉദയ്പൂര്‍), മേഖലയില്‍ മൂന്നാമത്തെ നാട്ടുരാജ്യമായിരുന്ന അമേറിന്‍റെയും (ജയ്പൂര്‍) ഒക്കെ കഥക്കെട്ടഴിയുന്നത് അങ്ങനെയാണ്. ഏകദേശം നമ്മുടെ പഴയ തിരുവിതാംകൂര്‍ - കൊച്ചി - കോഴിക്കോട് സെറ്റപ്പിന്‍റെ ഒരു അതിവിശാല രൂപം.

മാർവാഡിന്‍റെ ചരിത്രം പറഞ്ഞ് കുൽദീപ് സിങ് മറ്റൊരു കഥയുടെ കെട്ടഴിക്കുകയായി | Kuldeep Singh during one of his long lectures
മാർവാഡിന്‍റെ ചരിത്രം പറഞ്ഞ് കുൽദീപ് സിങ് മറ്റൊരു കഥയുടെ കെട്ടഴിക്കുകയായി | Kuldeep Singh during one of his long lecturesMetro Vaartha

കൂട്ടത്തില്‍ മേവാഡിനായിരുന്നു പഴയ രജപുത്താനയിലെ 26 നാട്ടുരാജ്യങ്ങളുടെ നേതൃത്വം. മറ്റുള്ളിടങ്ങളില്‍ മഹാരാജാ ആണെങ്കില്‍, മേവാഡിന് മഹാറാണാ ആയിരുന്നു, രാജാക്കന്മാരുടെ രാജാവ്. അങ്ങനെ നോക്കുമ്പോൾ സാമന്ത രാജ്യം മാത്രമായിരുന്നു മേവാഡ് എന്ന ജോധ്പൂർ.

പിച്ചവച്ചു നടക്കുന്ന കാലത്ത് സിംഹാസനത്തില്‍ ഇരിക്കാന്‍ നിയോഗിക്കപ്പെട്ട ഇപ്പോഴത്തെ രാജ സ്ഥാനീയൻ ഗജ് സിങ്ങിന്‍റെ സ്ഥാനാരോഹണ ചിത്രങ്ങളും, അന്നുപയോഗിച്ച മാര്‍ബിള്‍ സിംഹാസനവും, ഓരോ രാജാക്കന്‍മാരും കുട്ടികളായിരിക്കുമ്പോള്‍ ഉപയോഗിച്ചിരുന്ന തൊട്ടിലുകളും വരെ ഉമൈദ് ഭവനിലും മെഹ്റാൻഗഢ് കോട്ടയിലുമായി സൂക്ഷിച്ചിരിക്കുന്നു.

മെഹ്റാൻഗഢ് കോട്ട, ജോധ്പൂർ, രാജസ്ഥാൻ | Mehrangarh Fort, Jodhpur, Rajasthan
മെഹ്റാൻഗഢ് കോട്ട, ജോധ്പൂർ, രാജസ്ഥാൻ | Mehrangarh Fort, Jodhpur, RajasthanVK SANJU | Metro Vaartha

പഴയ മാർവാഡിന്‍റെ മുഖമുദ്ര തന്നെയായിരുന്നു മെഹ്റാൻഗഢിലെ നെടുങ്കോട്ട. അതു മുഴുവൻ നടന്നു കാണാൻ അര ദിവസമെങ്കിലും വേണം. പൗരാണികതയും ചരിത്രവും പരമാവധി കരുതലോടെ സംരക്ഷിക്കപ്പെടുന്ന അതിവിശാലമായൊരു മ്യൂസിയം തന്നെയാണ് ആ കോട്ട. ഉള്ളിൽ തന്നെ കലാകാരൻമാർക്കും കരകൗശലക്കാർക്കുമെല്ലാം ഇടമുണ്ട്. ആഴ്ചതോറും അവർ മാറിമാറിവരും- പരമ്പരാഗത രീതിയിൽ ചിത്രമെഴുതുന്നവർ മുതൽ ജോധ്പൂരിലെ വിശേഷപ്പെട്ട ചെരിപ്പുണ്ടാക്കുന്നവർ വരെ. ഇവയുടെ കച്ചവടത്തിൽ നിന്നുള്ള വരുമാനത്തിന്‍റെ ഒരു പങ്ക് കോട്ടയുടെ സംരക്ഷണത്തിനാണ് വിനിയോഗിക്കുക.

ടൂറിസ്റ്റുകൾ മാത്രം വരുന്ന സ്ഥലമാണെന്നു കരുതി അമിതവിലയൊന്നുമില്ല ഒന്നിനും. ജോധ്പൂരി ചെരിപ്പിനു വില പേശാൻ ശ്രമിച്ചപ്പോൾ, മുഖം നോക്കി വില പറയുന്നത് ശരിയല്ലാത്തതുകൊണ്ട് ഫിക്സഡ് പ്രൈസാണെന്നായി വ്യാപാരി. എഴുതി പ്രദർശിപ്പിച്ച വില കണ്ടപ്പോൾ വിശ്വാസക്കുറവൊന്നും തോന്നിയതുമില്ല.

ദ ഡാർക്ക് നൈറ്റ് റൈസസ് എന്ന സിനിമയിൽ  ബാറ്റ്മാൻ പറന്നുവരുന്ന കിണറായി ചിത്രീകരിച്ച മെഹ്റാൻഗഢ് കോട്ടയുടെ ഭാഗം, ജോധ്പൂർ, രാജസ്ഥാൻ | Part of the Mehragarh Fort, which was picturized as a well from where Batman flies out, Jodhpur, Rajasthan
ദ ഡാർക്ക് നൈറ്റ് റൈസസ് എന്ന സിനിമയിൽ ബാറ്റ്മാൻ പറന്നുവരുന്ന കിണറായി ചിത്രീകരിച്ച മെഹ്റാൻഗഢ് കോട്ടയുടെ ഭാഗം, ജോധ്പൂർ, രാജസ്ഥാൻ | Part of the Mehragarh Fort, which was picturized as a well from where Batman flies out, Jodhpur, RajasthanMetro Vaartha

കോട്ടയുടെ മുകളിൽ നിന്നു താഴേക്കു നോക്കിയാൽ, വട്ടത്തിൽ ചുറ്റുമതിൽ പോലെ കെട്ടിയ ഒരിടം കാണാം. ദ ഡാർക്ക് നൈറ്റ് റൈസസ് എന്ന സിനിമയിൽ ബാറ്റ്മാൻ പറന്നുവരുന്ന കിണർ ഇതായിരുന്നു. സിനിമയിൽ കാണുന്ന ഭൂഗർഭ ജയിലും കോട്ടയ്ക്കുള്ളിലാണ് ചിത്രീകരിച്ചിട്ടുള്ളത്.

മെഹ്റാൻഗഢിൽ നിന്ന് അധികം അകലെയല്ലാതെ ജസ്വന്ത് ഥാഡാ, ജോധ്പൂരിന്‍റെ താജ് മഹല്‍ എന്നു വിശേഷണമുള്ള സ്മൃതികുടീരം. മനോഹരമായ തടാകത്തിന്‍റെ കരയിലുള്ള കമനീയമായ മാര്‍ബിള്‍ സൗധം. ഷാജഹാന്‍ താജ് മഹല്‍ നിര്‍മിച്ചത് ഭാര്യ മുംതാസിന്‍റെ ഓര്‍മയ്ക്കായാണെങ്കില്‍, ഇവിടെ ജോധ്പൂര്‍ മഹാരാജാവായിരുന്ന ജസ്വന്ത് സിങ് രണ്ടാമന്‍റെ ഓര്‍മയ്ക്കായി മകന്‍ സര്‍ദാര്‍ സിങ് പണി കഴിപ്പിച്ചതാണിത്. വെളിച്ചം കടക്കുന്ന പ്രത്യേക തരം മാര്‍ബിളാണ് ഇതിന്‍റെ നിര്‍മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. വെയിലുള്ളപ്പോള്‍ മാര്‍ബിളിലൂടെ കടന്നു വരുന്ന വെളിച്ചം ഭിത്തിയെ പ്രകാശമാനമാക്കും.

Jaswant Thada, Jodhpur, Rajasthan | രാജസ്ഥാനിലെ ജോധ്പൂരിലുള്ള ജസ്വന്ത് ഥാഡാ
Jaswant Thada, Jodhpur, Rajasthan | രാജസ്ഥാനിലെ ജോധ്പൂരിലുള്ള ജസ്വന്ത് ഥാഡാVK SANJU | Metro Vaartha

റാത്തോഡ് കുടുംബത്തിന്‍റെ സ്മൃതി കുടീരങ്ങളാണ് ജസ്വന്ത് ഥാഡായുടെ ഒരു വശം മുഴുവന്‍. വളപ്പിൽ ജലധാരയും തട്ടുതട്ടായ പൂന്തോട്ടങ്ങളുമെല്ലാമുണ്ടെങ്കിലും, പിന്നില്‍ ചെന്നു നില്‍ക്കുമ്പോള്‍ കാണാനാവുന്ന മെഹ്റാൻഗഢ് കോട്ടയുടെ പ്രൗഢിയാണ് കാഴ്ചകളില്‍ ഏറ്റവും ആകര്‍ഷകം. കുറച്ചൊന്നുമല്ല, 1200 ഏക്കറാണ് കോട്ടയുടെ വിസ്തീര്‍ണം. 1459ല്‍ രജപുത്ര ഭരണാധികാരി റാവു ജോധ നിര്‍മിച്ചതാണത്. ആ പേരില്‍നിന്നു തന്നെയാണ് നഗരത്തിന് ജോധ്പൂര്‍ എന്ന പേരും കിട്ടിയത്. മാര്‍വാഡിന്‍റെ തലസ്ഥാനമാക്കി ജോധ്പൂരിനെ മാറ്റിയതും റാവു ജോധ തന്നെ.

അഞ്ഞൂറിലധികം വര്‍ഷങ്ങള്‍ക്കിപ്പുറവും മനോഹാരിത ഒട്ടും ചോരാതെ സംരക്ഷിച്ചിരിക്കുന്ന മോത്തി മഹലും ഫൂല്‍ മഹലും പോലെ പല കൊട്ടാരങ്ങളും കോട്ടയ്ക്കുള്ളിലുണ്ട്. സതി അനുഷ്ഠിച്ച രജപുത്ര സ്ത്രീകളുടെ കൈയടയാളങ്ങള്‍ പതിച്ച ചുവരുകളും, പീരങ്കിയുണ്ടയേറ്റ കോട്ടവാതിലും, നിര്‍മാണത്തിനിടെ ബലി കഴിക്കപ്പെട്ടവരുടെ സ്മാരകങ്ങളും മുതല്‍ ഒരു ചെറിയ ദര്‍ഗ വരെ ഇതിനുള്ളിലുണ്ട്.

A view of the Blue city, Jopdhpur, from top of the Mehrangarh Fort | മെഹ്റാൻഗഢ് കോട്ടയ്ക്കു മുകളിൽനിന്നുള്ള ജോധ്പൂർ നഗരത്തിന്‍റെ ദൃശ്യം
A view of the Blue city, Jopdhpur, from top of the Mehrangarh Fort | മെഹ്റാൻഗഢ് കോട്ടയ്ക്കു മുകളിൽനിന്നുള്ള ജോധ്പൂർ നഗരത്തിന്‍റെ ദൃശ്യംMetro Vaartha

കോട്ടയ്ക്കു മുകളിൽ നിന്നു താഴെ ജനവാസ മേഖലയിലേക്കു നോക്കിയാലറിയാം ബ്ലൂ സിറ്റി എന്നു ജോധ്പൂരിനെ വിളിക്കാനുള്ള കാരണം. പഴയ കെട്ടിടങ്ങൾക്കെല്ലാം നീലനിറമാണ്.

കോട്ടയുടെയുടെയും ഉള്ളിലെ കൊട്ടാരങ്ങളുടെയുമെല്ലാം പണി കഴിയുന്ന സമയത്തേക്ക് താഴെ വന്നു പാർപ്പുറപ്പിച്ച ബ്രാഹ്മണരുടെ വീടുകളായിരുന്നു ഇവിടെ ആദ്യമായി ഉയർന്ന നീല കെട്ടിടങ്ങൾ. പുറംചുവരുകളിൽ പൂശിയ തുരിശാണ് ആദ്യകാല കെട്ടിടങ്ങൾക്ക് നീല നിറം നൽകിയതെന്നാണ് കഥ. പ്രാണികളെ അകറ്റാനും മരുഭൂമിക്ക് അതിരിടുന്ന പ്രദേശത്ത് വീടിനുള്ളിൽ ചൂട് കുറയ്ക്കാനുമെല്ലാം ഇതു സഹായിക്കുമെന്നു പറയുമെങ്കിലും, ഈ നിറത്തിനുമുണ്ടൊരു ജാതിബന്ധം. ബ്രാഹ്മണരുമായി ബന്ധപ്പെട്ട നിറമാണത്രെ നീല!

നീല നഗരമെന്നാണ് വിശേഷണമെങ്കിലും ജാതിയുടെ പല നിറങ്ങൾ തെളിഞ്ഞു നിൽക്കുന്നതു കാണാം ജോധ്പൂരിൽ....

(തുടരും)

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com