കാൻഹേരി കേവ്സ്
കാൻഹേരി കേവ്സ്

കാൻഹേരി കേവ്സ്: ഭൂതകാലത്തേക്കു തുറക്കുന്ന ഗുഹാമുഖങ്ങൾ |Video

തിരക്കേറിയ നഗരം അതിരിടുന്ന കൊടും കാടിനുള്ളിൽ സമൃദ്ധമായൊരു ഭൂതകാലം പേറുന്ന കല്ലിൽ തീർത്ത ബുദ്ധവിഹാരങ്ങൾ

നീതു ചന്ദ്രൻ

പേരറിയാപ്പക്ഷികളുടെയും ഷഡ്പദങ്ങളുടെയും ശബ്ദം നിറയുന്ന നിബിഡ വനത്തിനുള്ളിൽ ധ്യാനത്തിലമരുന്ന കൃഷ്ണനിറമാർന്ന കൂറ്റൻ ഗുഹകൾ... തളിർത്തുലഞ്ഞ മരങ്ങളിൽ തട്ടി ആഞ്ഞടിച്ചു കയറുന്ന കാറ്റ് ഗുഹയ്ക്കുള്ളിലെ കൂറ്റൻ കൽത്തൂണുകളെ ചൂഴ്ന്ന് വഴിയറിയാതെ ചുറ്റിത്തിരിയുന്നു. ആയിരക്കണക്കിന് വർഷങ്ങൾക്കു മുൻപ് മാ‍യ്ക്കാനാകാത്ത വിധം ആരോ കൊത്തി വച്ച തിരിച്ചറിയാനാവാത്ത ലിപികളുടെ കൂട്ടം പരുക്കൻ ചുവരുകളിൽ. ബുദ്ധസന്ന്യാസിമാർ അറിവു പങ്കു വച്ചും ധ്യാനിച്ചും പ്രാർഥനകളിൽ മുഴുകിയും കഴിഞ്ഞിരുന്ന ദീർഘമായൊരു ഭൂതകാലം നിശബ്ദം പ്രതിധ്വനിക്കുന്ന മുംബൈയിലെ കാൻഹേരി ഗുഹകൾ.... തിരക്കേറിയ നഗരം അതിരിടുന്ന കൊടും കാടിനുള്ളിൽ സമൃദ്ധമായൊരു ഭൂതകാലം പേറുന്ന കല്ലിൽ തീർത്ത ബുദ്ധവിഹാരങ്ങൾ....

മുംബൈയിലേക്ക് യാത്ര തിരിക്കുമ്പോൾ മനസിൽ കുറിച്ചു വച്ച പേരുകളിലൊന്നും കാൻഹേരി ഗുഹകൾ ഉണ്ടായിരുന്നില്ല. പക്ഷേ, ബോറിവലിയിൽ ഇറങ്ങി പ്രശസ്തമായ സഞ്ജയ് ഗാന്ധി ദേശീയോദ്യാനത്തിന്‍റെ വിശാലമായ മുറ്റത്തെത്തിയപ്പോൾ ബോട്ട് യാത്രയും ടൈഗർ സഫാരിയും അടക്കമുള്ളവയിലേക്ക് നീണ്ട ചൂണ്ടുപലകകൾ കാൻഹേരി കേവ്സ് എന്ന ഒറ്റപ്പേരിൽ തട്ടി അപ്രസക്തമായി.

കാട്ടിലൂടെ ഗുഹാക്ഷേത്രത്തിലേക്ക്

കാൻഹേരി കേവ്സ്
കാൻഹേരി കേവ്സ്

ദേശീയോദ്യാനത്തിനകത്തേക്ക് വളഞ്ഞു പുളഞ്ഞു മുന്നോട്ടു പോകുന്ന അതിമനോഹരമായ വഴിത്താരകൾ. വഴികൾക്ക് ഇരുപുറവും തിങ്ങിനിറഞ്ഞ ചെറുമരങ്ങൾ. ആറു കിലോമീറ്ററോളം ഉള്ളിലായാണ് കാൻഹേരി ഗുഹകൾ, ഗുഹാക്ഷേത്രത്തിലേക്കു പോകാൻ ടാക്സി സൗകര്യവുമുണ്ട്. പോയി തിരിച്ചെത്താൻ 3000 രൂപ മാത്രമെന്ന വാഗ്ദാനവുമായി ഡ്രൈവർമാർ ചുറ്റും കൂടി. ഇത്തിരിയകലെ മണിക്കൂറിന് 80 രൂപ നിരക്കിൽ സൈക്കിൾ വാടകയ്ക്കുണ്ടെന്ന് ബോർഡ് കണ്ടതോടെ കാട്ടിലൂടെ സൈക്കിൾ സവാരി നടത്താമെന്നായി തീരുമാനം. പക്ഷേ, സൈക്കിൾ വാടകയ്ക്ക് നൽകുന്ന ക്യാബിനുള്ളിൽ ഇരുന്നിരുന്ന പയ്യന് അതത്ര നല്ല തീരുമാനമായി തോന്നിയില്ല. ഇത്ര ദൂരം, അതും ഈ വെയിലത്ത് സൈക്കിൾ ചവിട്ടിയാൽ ക്ഷീണിക്കും, അതിലും നല്ലത് ബസിനു പോകുന്നതാണെന്ന് പയ്യൻ തീരുമാനം പറഞ്ഞു. അര മണിക്കൂർ കൂടുമ്പോൾ കാൻഹേരിയിലേക്കും തിരിച്ചിങ്ങോട്ടും ബസുണ്ട്. ചാർജ് വെറും 20 രൂപ.

അതൊരു നല്ല തീരുമാനമായിരുന്നു. കാട് അതിരിട്ട വഴികളിലൂടെ കിലോമീറ്ററുകൾ നീണ്ട ബസ് യാത്ര. കാൻഹേരി വരെയുള്ള യാത്രയിൽ ഇടയ്ക്കുള്ള പ്രധാന പോയിന്‍റുകളിലെല്ലാം ബസ് നിർത്തി ആളെക്കയറ്റുന്നും ഇറക്കുന്നുമുണ്ട്. കൂറ്റൻ മരങ്ങൾക്കിടയിൽ ഇടയ്ക്കിടെ വറ്റിവരണ്ട ചെറു ചോലകൾ തെളിഞ്ഞു വന്നു. പാറക്കെട്ടുകളിൽ വെള്ളം കുത്തിയൊഴുകിയതിന്‍റെ പാടുകൾ അവശേഷിച്ചിരിക്കുന്നു. നിറയെ ഉരുളൻ കല്ലുകൾ നിറഞ്ഞ, വരണ്ടു പോയ ജലാശയങ്ങൾ. വന്ന സമയം തെറ്റിപ്പോയിരിക്കുന്നു. മൺസൂണിൽ മഴ പെയ്യുമ്പോഴായിരുന്നു വരേണ്ടത്. നിറഞ്ഞ അരുവികളുടെയും പച്ചപ്പാർന്ന കാടിന്‍റെയും ഭാവനാ ചിത്രം നിരാശയായി മനസിൽ നിറഞ്ഞു.

കാൻഹേരി കേവ്സ്
കാൻഹേരി കേവ്സ്

സംരക്ഷിത വനപ്രദേശമാണെങ്കിലും അങ്ങിങ്ങായി താമസക്കാരുള്ള, വൃത്തിയുള്ള ചെറുകൂരകൾ കാണാനുണ്ട്. പ്രദേശവാസികൾ ആണെന്നു തോന്നുന്നു, വലിയ സഞ്ചികളുമായി ബസിൽ കയറിയിട്ടുമുണ്ട്. ബസിറങ്ങി നടക്കാൻ തുടങ്ങിയപ്പോഴാണ് വഴിയരുകിൽ കച്ചവടക്കാരെ കണ്ടു തുടങ്ങിയത്. തണുത്ത പാനീയങ്ങളും ചെറുപഴങ്ങളും വിൽക്കുന്നവരാണ്. അടുത്തുള്ള മരങ്ങളിലെല്ലാം വാനരപ്പട ഇടം പിടിച്ചിട്ടുണ്ട്. ദേശീയോദ്യാനത്തിന്‍റ പ്രവേശനകവാടത്തിൽ നിന്ന് ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിലും കാൻഹേരി ഗുഹകളിൽ കയറാൻ പ്രത്യേകം ഒരു ടിക്കറ്റ് കൂടി എടുക്കണം. ഗേറ്റ് കടന്ന് അകത്ത് കയറുന്നതോടെ, കൃഷ്ണശിലയിൽ കൊത്തിയ ബുദ്ധവിഹാരങ്ങൾ ചരിത്രത്തിന്‍റെ മറ്റൊരു താളിലേക്ക് കൈപിടിച്ചു നടത്തും.

കല്ലിൽ തെളിയുന്ന ചരിത്രം

കാൻഹേരി കേവ്സ്
കാൻഹേരി കേവ്സ്

ഒരു വലിയ കുന്നിലെ പാറക്കെട്ടുകളിലായാണ് ഗുഹകൾ നിർമിച്ചിരിക്കുന്നത്. ഓരോ ഗുഹയ്ക്കു മുന്നിലും നമ്പർ എഴുതിവച്ചിരിക്കുന്നു. ഗുഹകളിലേക്കുള്ള വഴിയുടെ വിശദമായ മാപ്പും സ്ഥാപിച്ചിട്ടുണ്ട്. മൂന്നു പാതകളായാണ് ഗുഹയിലേക്കു വഴികൾ തിരിച്ചിരിക്കുന്നത്. ഇതിൽ ആദ്യത്തെ വഴി പൂർത്തിയാകാൻ ഒന്നര മണിക്കൂർ വേണം. രണ്ടാമത്തെ പാത പൂർത്തിയാകാൻ ഒരു മണിക്കൂറും മൂന്നാമത്തേതിന് 45 മിനിറ്റും. ചുരുക്കത്തിൽ ഗുഹകൾ മുഴുവൻ കണ്ടു തീർക്കാൻ ചുരുങ്ങിയത് രണ്ടര മണിക്കൂറോളം എടുക്കും.

കാൻഹേരി കേവ്സ്
കാൻഹേരി കേവ്സ്

ഗുഹകൾക്കു മുന്നിൽ നിന്ന് ചിത്രങ്ങൾ പകർത്തുന്ന നിരവധി പേർ. രണ്ടു നിലയിലുള്ള അപൂർണമായൊരു ബുദ്ധവിഹാരമാണ് ആദ്യത്തെ ഗുഹ. രണ്ടു കൂറ്റൻ തൂണുകൾ പുറത്തായി നിർമിച്ചിട്ടുണ്ട്. നിർമിച്ചു വന്നപ്പോൾ പാറയിൽ പൊട്ടലുകൾ കണ്ടതോടെയായിരിക്കണം പണി പാതിയിൽ നിർത്തിയത്. രണ്ടാമത്തെ ഗുഹയിൽ രണ്ടു സ്തൂപങ്ങളുണ്ട്. ധ്യാനത്തിലിരിക്കുന്ന ബുദ്ധനെയും കൊത്തിയിട്ടുണ്ട്. സ്തൂപത്തിൽ അഭയ മുദ്ര കൊത്തിയിരിക്കുന്നു. മൂന്നാമത്തെ ഗുഹ ചൈത്യഗൃഹമാണ്. ഗുഹാ സമുച്ചയിലെ ഏറ്റവും പ്രധാനപ്പെട്ട ഗുഹയാണിതെന്ന് സന്ദർശകരെ നിയന്ത്രിക്കുന്നതിനിടെ സെക്യൂരിറ്റി ഗാർഡ് പറഞ്ഞു. 60 മീറ്റർ വരെ നീളവും 15 മീറ്റർ വീതിയുമുള്ള സ്തൂപമാണ് ഇവിടെ നിർമിച്ചിരിക്കുന്നത്. അതിനു മുന്നിൽ വിശാലമായ പ്രാർഥനാ സ്ഥലം. ചുറ്റും ഇരു വശങ്ങളിലുമായി കനത്ത കൽത്തൂണുകൾ. തൂണുകളുടെ അറ്റത്ത് കൊത്തുപണികൾ. ബുദ്ധന്‍റെ ശിൽപ്പവും കൊത്തിയിട്ടുണ്ട്. മൈത്രേയ ബുദ്ധനൊപ്പമുള്ള ഏഴ് ബുദ്ധ പ്രതിമകളും ഇവിടെ കൊത്തിയിട്ടുണ്ട്.

കാൻഹേരി കേവ്സ്
കാൻഹേരി കേവ്സ്

ചൈത്യഗൃഹത്തിന് വേണ്ട ആദരവ് നൽകണമെന്നും നിശബ്ദദത പാലിക്കണമെന്നും പറഞ്ഞു മടുക്കുന്നുവെന്ന് സെക്യൂരിറ്റി ഗാർഡിന്‍റെ പരിഭവം. വരുന്നവർക്കൊന്നും ചൈത്യഗൃഹത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചറിയില്ല. ഫോട്ടോ എടുക്കാൻ വേണ്ടി മാത്രമാണ് വരുന്നത്. ഒന്നും ശരിയല്ലെന്ന് അയാൾ തുടർന്നു.

കൊത്തുപണികളുടെ വിശാലമായൊരു ലോകമാണ് ഇവിടെനിന്നു തുറക്കുന്നത്. കൂറ്റൻ ബുദ്ധ ശിൽപ്പങ്ങൾക്കൊപ്പം കൃഷ്ണ വിഗ്രഹങ്ങളും ദേവീ ദേവന്മാരും വേട്ടയാടുന്ന മനുഷ്യരും മൃഗങ്ങളുമെല്ലാം കൊത്തുപണികളിൽ തെളിയുന്നു. കുന്നിന്‍റെ മുകൾ ഭാഗം വരെ 109 ഗുഹകളാണുള്ളത്. 1500 അടി ഉയരത്തിലാണ് അവസാനത്തെ ഗുഹ. രണ്ടായിരത്തി നാനൂറോളം വർഷം പഴക്കമുണ്ട് ഈ ഗുഹകൾക്കെന്നാണ് മുന്നിൽ സ്ഥാപിച്ചിരിക്കുന്ന ബോർഡിൽ എഴുതിയിരിക്കുന്നത്. എന്നാൽ, എല്ലാ ഗുഹകൾക്കും അത്ര പഴക്കമുണ്ടെന്ന് പറയാനുമാകില്ല. കാരണം പല കാലഘട്ടങ്ങളിലായാണ് ഗുഹകൾ നിർമിച്ചിരിക്കുന്നതെന്നാണ് ചരിത്രകാരന്മാർ കണ്ടെത്തിയിട്ടുള്ളത്. അതുകൊണ്ടു തന്നെ നവീനമായ ചില നിർമാണ ശൈലികളും ഗുഹയിൽ കാണാനാകും.

കാൻഹേരി കേവ്സ്
കാൻഹേരി കേവ്സ്

കറുത്ത മല എന്നർഥം വരുന്ന കൃഷ്ണ ഗിരി എന്ന സംസ്കൃതം വാക്കിൽ നിന്നാണ് കാൻഹേരി എന്ന വാക്കിന്‍റ ഉദ്ഭവമെന്നാണ് അനുമാനം. കറുത്ത നിറമുള്ള ബസാൾട്ട് റോക്കിൽ കൊത്തിയെടുത്തതിനാലാണ് ഈ പേര് ലഭിച്ചതെന്നു കരുതുന്നു. മുകളിലേക്കു പോകുമ്പോൾ 21, 98, 101 നമ്പർ ഗുഹകളിൽ കൃഷ്ണ ശൈല, കാൻഹാ ശേല, കൃഷ്ണഗിരി എന്നീ വാക്കുകൾ കൊത്തി വച്ചിട്ടുമുണ്ട്. ഗുഹകളിൽ ഭൂരിഭാഗവും ബുദ്ധവിഹാരങ്ങളായിരുന്നുവെന്നാണ് കരുതുന്നത്. കട്ടിലിനു സമാനമായ നിർമിതികൾ ഭൂരിഭാഗം ഗുഹകളിലും കാണാൻ സാധിക്കും. സന്ന്യാസിമാർക്ക് വിശ്രമിക്കാനും ധ്യാനിക്കാനും വേണ്ടി നിർമിച്ചവയാണിതെല്ലാം എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. അക്കാലത്ത് ബുദ്ധ സന്ന്യാസിമാർ സോപാറ, കല്യാൺ, നാസിക്, പൈത്താൻ, ഉജ്ജയിൻ തുടങ്ങിയ വ്യാപാര കേന്ദ്രങ്ങളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. പൈത്താൻ, എല്ലോറ ഗുഹകൾ സ്ഥിതി ചെയ്യുന്ന മറാത്ത്‌വാഡയുടെ പ്രാചീനകാലത്തെ പേരായിരുന്ന രാജതലാക എന്നീ വാക്കുകളെല്ലം ഗുഹയുടെ ചുവരുകളിൽ കൊത്തിയിട്ടുണ്ട്. പിന്നീട് പാശ്ചാത്യ ലോകവും ഇന്ത്യയും തമ്മിലുള്ള വാണിജ്യബന്ധം ശക്തമായത് കാൻഹേരിയെ നേരിട്ടോ അല്ലാതെയോ ബാധിച്ചിരിക്കാം എന്നും പറയുന്നു.

അക്കാലത്ത് വിജ്ഞാനം പകർന്നു നൽകുന്ന ഒരു സർവകലാശാലയ്ക്കു തുല്യമായിരുന്നിരിക്കാം കാൻഹേരി ബുദ്ധവിഹാരങ്ങളും. ഗുഹകളിൽ ആകമാനമായി നൂറോളം ശിലാലിഖിതങ്ങളാണുള്ളത്. ഇതിൽ രണ്ടെണ്ണം സംസ്കൃതത്തിലും രണ്ടെണ്ണം ദേവനാഗരിയിലും ബാക്കിയുള്ളവ ബ്രഹ്മി ലിപിയിലുമാണ്. ഹീനയാന, മഹായാന പ്രസ്ഥാനങ്ങളെ കുറിക്കുന്ന ഗുഹകളാണിവിടെയുള്ളത്. ശ്രീബുദ്ധനെ മനുഷ്യരൂപം പൂണ്ട അവതാര പുരുഷനായി കണക്കാക്കുന്നവരാണ് മഹായാനപ്രസ്ഥാനത്തിലുള്ളവർ.

ജലസംഭരണികളും പടിക്കെട്ടുകളും

കാൻഹേരി കേവ്സ്
കാൻഹേരി കേവ്സ്

മുകളിലേക്കു കയറുന്തോറും പണ്ടെങ്ങോ വെള്ളമൊഴുകിയിരുന്ന പോലുള്ള ചാലുകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. നടന്നു കയറുന്ന പടികൾക്കു താഴെ കൊത്തിയെടുത്ത വലിയ കുളങ്ങൾ പോലുള്ള ജലസംഭരണികൾ. സഞ്ചാരികൾക്ക് അപകടം സംഭവിക്കാതിരിക്കാൻ അവയുടെ മുകൾഭാഗത്ത് ഇരുമ്പുകമ്പികൾ ഇട്ടു സുരക്ഷിതമാക്കിയിട്ടുണ്ട്. പച്ച നിറത്തിൽ മലിനമായ ജലം അകത്ത് കെട്ടിക്കിടക്കുന്നു. അദ്ഭുതകരമാണ് ഗുഹക്കുള്ളിലെ ജല സംഭരണികളുടെ നിർമാണം. പ്രാചീന കാലത്ത് ബുദ്ധ സന്ന്യാസിമാർ കുടിക്കാനും മറ്റാവശ്യങ്ങൾക്കുമായി ജലം സംഭരിച്ചിരുന്നത് ഈ കൽക്കുളങ്ങളിലായിരുന്നു. പല കുഞ്ഞു ചാലുകളിലൂടെ മുകളിൽ നിന്ന് താഴെ വരെയുള്ള എല്ലാ ബുദ്ധവിഹാരങ്ങളിലും വെള്ളം എത്തും വിധമാണ് ജലസംഭരണികൾ നിർമിച്ചിരിക്കുന്നത്. അവയ്ക്കെല്ലാം തൊട്ടടുത്തായി വെയിലും മഴയും കൊള്ളാതെ ധ്യാനിക്കാൻ പാകത്തിൽ കൊത്തിയെടുത്ത ചെറു ഗുഹകൾ.

കാൻഹേരി കേവ്സ്
കാൻഹേരി കേവ്സ്

വനത്തിന്‍റെ മനോഹാരിതയിലേക്ക് ഉയർന്നു നിൽക്കുന്ന പാറയിൽ കൊത്തിയെടുത്ത പടിക്കെട്ടുകൾ. താഴെ ഒഴുകിയിരുന്ന ചെറു ചോലയ്ക്കു കുറുകേ കൈ വരി കെട്ടി വളച്ചു നിർമിച്ച പാലം. താഴെ നീന്താനിറങ്ങരുതെന്ന മുന്നറിയിപ്പ് ചുവന്ന നിറത്തിൽ എഴുതിയ ബോർഡ് മഴക്കാലത്തെ നിറഞ്ഞു തുളുമ്പുന്ന ചോലയെക്കുറിച്ച് സൂചിപ്പിച്ചു. മഴക്കാലത്ത് കാൻഹേരി ഗുഹകളിലെ പാറകളിൽ പച്ചപ്പായൽ പിടിക്കും. പാറക്കെട്ടുകളിലൂടെയുള്ള യാത്ര സാഹസികമായിരിക്കുമെങ്കിലും അതിമനോഹരമായ കാഴ്ചയായിരിക്കുമതെന്ന് സെക്യൂരിറ്റി ഗാർഡ്.

കാൻഹേരി കേവ്സ്
കാൻഹേരി കേവ്സ്

ഗൈഡുകളുടെ അപര്യാപ്തത കാൻഹേരി ഗുഹകളിൽ എത്തുന്നവരെ ചെറുതല്ലാതെ വലയ്ക്കുന്നുണ്ട്. ഗുഹകൾക്കു മുന്നിലെ ബോർഡുകളാണ് പലപ്പോഴും സഹായമായി മാറുന്നത്. സാധാരണയായി വിദേശികളും സ്വദേശികളുമായി നിരവധി പേർ നിത്യേനയെന്നോണം കാൻഹേരി ഗുഹകൾ കാണാനായി എത്താറുണ്ട്. നിരവധി ബുദ്ധ സന്ന്യാസിമാരും എത്താറുണ്ടെന്ന് പറഞ്ഞു കേട്ടെങ്കിലും ഒരാളെപ്പോലും കാണാനാകാത്തതിന്‍റെ നിരാശയിലായിരുന്നു മടക്കം.

Trending

No stories found.

Latest News

No stories found.