കരമസോവ് സഹോദരന്മാർ @ 65

എൻ.കെ. ദാമോദരന്‍റെ പരിഭാഷയുടെ ഗുണം അതിൽ ദസ്തയെവ്സ്കിയുടെ മനസ് സ്പന്ദിക്കുന്നു എന്നതാണ്
Karamazov Brothers novel malayalam translation

കരമസോവ് സഹോദരന്മാർ @ 65

Updated on

ലോകത്തെ ഏറ്റവും വലിയ നോവലുകളിൽ പ്രമുഖ സ്ഥാനം വഹിക്കുന്ന 'ബ്രദേഴ്സ് കരമസോവ്' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ട് അറുപത്തഞ്ച് വർഷം പിന്നിട്ടിരിക്കുന്നു. മലയാളി വായനക്കാരെ ഏറ്റവുമധികം സ്വാധീനിച്ച കൃതിയാണിത്. 1960 ജൂണിലാണ് എൻ.കെ. ദാമോദരന്‍റെ പരിഭാഷയിൽ സാഹിത്യപ്രവർത്തക സഹകരണ സംഘം നോവൽ പ്രസിദ്ധീകരിച്ചത്. 1881 ലാണ് ദസ്തയെവ്സ്കി വിടവാങ്ങുന്നത്. രണ്ടുവർഷംകൊണ്ടെഴുതിയ ഈ നോവൽ "റഷ്യൻ മെസഞ്ചർ' എന്ന മാസികയിൽ 1879 മുതൽ 1880 വരെ സീരിയലായി പ്രസിദ്ധീകരിക്കുകയായിരുന്നു.1881 ൽ പുസ്തകമായി. എന്നാൽ നോവൽ ദസ്തയെവ്സ്കിക്ക് മുഴുമിപ്പിക്കാനായില്ല. 1881 ഫെബ്രുവരി ഒമ്പതാം തീയതി അദ്ദേഹത്തിനു എഴുതാൻ കഴിയാത്തവിധം അസ്വാസ്ഥ്യമുണ്ടായി. അപ്പോൾ 59 വയസായിരുന്നു.

ദസ്തയെവ്സ്കിമോസ്കോയിലാണ് ജനിച്ചത്. പിതാവ് ഡോക്റ്ററായിരുന്നു. പതിനെട്ടു വയസാകുന്നതിനു മുമ്പേ ദസ്തയെവ്സ്കിക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു. രണ്ടുതവണ വിവാഹം കഴിച്ച അദ്ദേഹത്തിന്‍റെ ആദ്യ ഭാര്യ ഏഴുവർഷം കഴിഞ്ഞപ്പോൾ മരണമടഞ്ഞു. രണ്ടാം ഭാര്യയാണ് അന്ന സ്നിറ്റ്കിന. അന്ന നേരത്തെ തന്നെ അദ്ദേഹത്തിന്‍റെ സഹായിയായിരുന്നു. സാമ്പത്തിക ബാധ്യതയിൽപ്പെട്ട അദ്ദേഹം പ്രസാധകരിൽ നിന്ന് മുൻകൂറായി പണം വാങ്ങിയിരുന്നു.തുക മടക്കിക്കൊടുക്കാൻ വേണ്ടി കഠിനമായി അധ്വാനിച്ചാണ് നോവലുകൾ എഴുതിക്കൊണ്ടിരുന്നത്.

59 വയസിനുള്ളിൽ ഇത്രയധികം ഗഹനമായ ആശയധാരകളുടെ കെട്ടഴിച്ച, ചിന്താപരമായ മാനങ്ങളുമുള്ള, മാനസികഘടന അനാവരണം ചെയ്ത കൃതികൾ എഴുതിയ വേറൊരാളില്ല. ഇരുപത്തിമൂന്നു വയസിൽ സാഹിത്യരംഗത്ത് എത്തിയ അദ്ദേഹം പതിനാറ് നോവലുകൾ എഴുതി. ഒടുവിലത്തേതാണ് "കരമസോവ് സഹോദരന്മാർ'. 1843 ൽ മിലിറ്ററി സ്കൂളിൽ ജോലി നേടിയ അദ്ദേഹത്തിനു അത് തുടർന്നുകൊണ്ടു പോകാനായില്ല. ചൂതുകളിച്ചും ധൂർത്തടിച്ചും എല്ലാം തുലച്ചു. പട്ടിണി കിടക്കേണ്ടി വന്നു.

കടം വീട്ടാൻ വേണ്ടി എഴുതി

അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട കഥാകൃത്തായിരുന്നു ഗോഗോൾ. ഗോഗോളിന്‍റെ ചില കഥകൾ മനഃപാഠമായിരുന്നു. കടം തീർക്കാനുള്ള വ്യഗ്രതയിൽ സാഹിത്യരചനയിൽ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. സാഹസികമായ തീരുമാനമായിരുന്നു. കടം കയറിയ ദസ്തയെവ്സ്കിക്ക് മറ്റെല്ലാം മാറ്റിവച്ച് എഴുതേണ്ടി വന്നു. വലിയൊരു സമ്മർദത്തിനു നടുവിൽ കഴിഞ്ഞതുകൊണ്ടാണ് ഇഡിയറ്റ്, കരമസോവ് സഹോദരന്മാർ എന്നീ ദീർഘമായ കൃതികൾ എഴുതിയത്. ഒരു ബൃഹത് നോവൽ എഴുതിയാൽ സാമ്പത്തികമായി രക്ഷപ്പെടാമെന്ന ചിന്ത സ്വാധീനിച്ചിരിക്കണം. ജീവിക്കാനുള്ള നെട്ടോട്ടത്തിൽ അദ്ദേഹം ഭ്രാന്തമായി ചിന്തിച്ചു. എല്ലാ വ്യവസ്ഥകൾക്കും കുറുകെ സഞ്ചരിച്ചു. മനുഷ്യമനസിൽ മറവ് ചെയ്യപ്പെട്ട അജ്ഞാത ത്വരകളെ വീണ്ടെടുക്കാനായി മാമൂലുകൾക്ക് വെളിയിലേക്ക് കടന്നു. മനുഷ്യനെക്കുറിച്ച് അപരിചിതമായ ചില പാഠങ്ങൾ രചിച്ചു. ജീവിതം എത്ര മനോഹരമാണെന്നു പറയുന്ന കവികൾക്ക് ബദലായി അതിനുള്ളിലെ നരകത്തെ ചൂണ്ടിക്കാണിച്ചു. ഒന്നിലും നിലയുറപ്പിക്കാനോ വിശ്വസിക്കാനോ കഴിയാത്ത ഒരു തെമ്മാടിയാണ് മനുഷ്യനെന്നു അദ്ദേഹം കണ്ടുപിടിച്ചുകൊണ്ടിരുന്നു. മനുഷ്യൻ ഏതു വികാരത്തെ ഗാഢമായി ആശ്ലേഷിച്ചാലും അതെല്ലാം അസംബന്ധത്തിലും യുക്തിരാഹിത്യത്തിലുമാണ് അവസാനിക്കുന്നത്. മനുഷ്യനു ക്ലിപ്തമായ ഒരു ഉത്തരം ഒന്നിനുമില്ല. അവൻ സ്വയം അജ്ഞാതനായിരിക്കുന്നു. അതാണ് അവന്‍റെ പ്രതിലോമ വശം. അവൻ എല്ലാത്തിനെയും എതിർക്കുകയോ നശിപ്പിക്കുകയോ ചെയ്യാൻ വേണ്ടിയാണ് ശബ്ദിക്കുന്നത്. അവൻ ആരെയും സ്നേഹിക്കുന്നില്ല. സ്നേഹിക്കുമ്പോൾ തന്നെ വെറുക്കുകയും ചെയ്യുന്നു.

പീറ്റേഴ്‌സ് ഗ്രൂപ്പിലെ സോഷ്യലിസ്റ്റ് സംഘത്തിൽ അംഗമായതിന്‍റെ പേരിൽ ദസ്തയെവ്സ്കിയെ വിപ്ലവകാരി എന്നു കണ്ട് പൊലീസ് പിടിച്ചുകൊണ്ടുപോയി, കോടതിയിൽ വിചാരണ ചെയ്തു, വെടിവച്ചു കൊല്ലാൻ വിധിക്കുകയായിരുന്നു. വെടിവയ്ക്കാൻ നിരത്തി നിർത്തിയിരുന്ന വിപ്ലവകാരികളെ കൊല്ലുന്നില്ല, നാടുകടത്തുക മാത്രമാണ് ചെയ്യുന്നതെന്ന സന്ദേശം അവസാന നിമിഷം എത്തിയതോടെയാണ് രക്ഷപെട്ടത്. ഒരർത്ഥത്തിൽ പിൽക്കാലജീവിതം ബോണസായിരുന്നു. യാതൊരു കുറ്റബോധവുമില്ലാതെ ജീവിക്കാം. നേരത്തെ വധിക്കപ്പെടാനുള്ള എല്ലാ "യോഗ്യത'യും ഉണ്ടായിരുന്നിട്ടും അതിൽ നിന്ന് രക്ഷ പെട്ടതുകൊണ്ട് പിന്നീടുള്ള ജീവിതത്തിനു ഒരു അയവു വന്നു. സൈബീരിയയിലെ ജയിലിൽ നിന്ന് മോചിതനായശേഷം പ്രേമവും വിവാഹവുമെക്കെയായി കുറേക്കാലം കടന്നുപോയി. അക്കാലത്ത് കാര്യമായി ഒന്നും എഴുതാൻ സാധിച്ചില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരുന്നു. പിന്നീട് സഹോദരൻ നടത്തിക്കൊണ്ടിരുന്ന "ടൈം' മാസികയുടെ ചുമതലയേറ്റു. അക്കാലത്താണ് 'ദ ഹൗസ് ഓഫ് ദ ഡെഡ്' എഴുതിയത്. തുടർന്ന് 'ദ ഇൻസൾട്ടഡ് ആൻഡ് ദ ഇൻഞ്ചുവേർഡ്' രചിച്ചു.

എന്നാൽ ജീവിതത്തിൽ കഷ്ടപ്പാടുകൾ ഏറിവന്നു. സഹോദരൻ മരിച്ചതോടെ സഹോദരന്‍റെ ഭാര്യയെയും മക്കളെയും കൂടി നോക്കേണ്ടിവന്നു. അങ്ങനെയാണ് പ്രസാധകന്‍റെ അഡ്വാൻസ് വാങ്ങി ജീവിക്കേണ്ടിവന്നത്. ഇത് ജീവിതത്തിലെ സ്വാതന്ത്ര്യം നശിപ്പിച്ചു. പക്ഷേ സർഗാത്മതയ്ക്ക് വിളയാടാനുള്ള അവസരമായി. "ബ്രദേഴ്സ് കരമസോവ്' എന്ന രചനയാണ് ദസ്തയെവ്സ്കിയെ ഏറ്റവും പ്രസിദ്ധനാക്കിയത്. ഒരു സാഹിത്യകാരൻ എന്നതിനപ്പുറത്തേക്ക് അത് അദ്ദേഹത്തെക്കൊണ്ടെത്തിച്ചു. എൻ.കെ. ദാമോദരൻ പരിഭാഷപ്പെടുത്തിയ "കരമസോവ് സഹോദരന്മാർ'ക്ക് ഇടയാറന്മുള കെ.എം. വർഗീസ് എഴുതിയ അവതാരികയിൽ ഇങ്ങനെ വായിക്കാം: "റഷ്യയിലെ സാംസ്കാരിക സംഘടനകളുടെ ആദ്യത്തെ കമ്മിസാർ ആയിരുന്ന ലൂനാ ഷാർസ്കി 1920ൽ ‌ഇങ്ങനെ എഴുതി: റഷ്യ അവളുടെ ഖണ്ഡകാവ്യാഗീർണവും, എന്നാൽ മഹിമാപൂർണവുമായ മാർഗത്തിലൂടെ മുന്നേറുകയാണ്. പിന്നിൽ അവളുടെ ഉത്കൃഷ്ട പ്രവാചകന്മാർ എല്ലാവരുമുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും അത്ഭുതപ്രവാചകനായി, സമുജ്വലനായി നിലകൊള്ളുന്നത് ഫയദോർ ദസ്തയെവ്സ്കിയാണ്."ഇരുപതാം നൂറ്റാണ്ടിന്‍റെ പ്രവാചകൻ കാൾ മാർക്സല്ല, ദസ്തയെവ്സ്കിയാണെന്നു അൽബേർ കമ്യു പറഞ്ഞത് ഇതിനോടു ചേർത്തുവയ്ക്കണം.

യാതനകളിൽ ജീവിക്കുമ്പോൾ

യാതനകളും വേദനകളും ജീവിക്കാനുള്ളതാണെന്ന വിചിത്രമായ ഒരു മാർഗമാണ് ദസ്തയെവ്സ്കിയുടേത്. അദ്ദേഹം ആഴമുള്ള ദുഃഖത്തിൽ നിന്ന് ജീവിതത്തിന്‍റെ ഏറ്റവും ശുദ്ധമായ ഭാവത്തെ തേടുകയാണ് ചെയ്തത്. ഒരു കുറ്റവാളിയുടെ മാനസികാവസ്ഥയെ സ്കാൻ ചെയ്യാൻ അദ്ദേഹം എപ്പോഴും താത്പര്യപ്പെട്ടു. പലപ്പോഴും അദ്ദേഹം സ്വന്തം മനസിനെ തന്നെ അവിശ്വസിച്ചു. താൻ ഒരു അപരാധിയും വഞ്ചകനുമാണെന്നു അഭിദർശിച്ചു. ഒരു മനുഷ്യനിലും സത്യസന്ധനായ ക്രിസ്തു ജീവിക്കുന്നില്ലെന്ന് അറിഞ്ഞ അദ്ദേഹം മനുഷ്യമോചനത്തിനുവേണ്ടി കുരിശിലേറാത്ത ഒരു മിശിഹായെ അന്വേഷിച്ചുകൊണ്ടിരുന്നു.

ദസ്തയെവ്സ്കിയിൽ ഒരു കുറ്റവാളി ഉണ്ടായിരുന്നുവെന്നു മന:ശാസ്ത്രജ്ഞനായ ഫ്രോയ്ഡ് എഴുതിയിട്ടുണ്ട്. കരമസോവ് കുടുംബമാണ് ഈ നോവലിൽ നിറയുന്നത്. ദിമിത്രി, ഇവാൻ, അല്യോഷ എന്നീ സഹോദരന്മാർ മനുഷ്യാവസ്ഥയുടെ മൂന്നു ധാരകളെ പ്രതിനിധീകരിക്കുന്നു. ഇവരും പിതാവ് ഫയദോർ പാവ്ലോവിച്ചുമായുള്ള ബന്ധം നോവലിന്‍റെ കേന്ദ്ര ബിന്ദുവാണ്. പിതാവ് കൊല്ലപ്പെടുന്നു. ദിമിത്രി സംശയിക്കപ്പെടുന്നു. യഥാർഥ കൊലയാളി, പിതാവിന്‍റെ സേവകനും അവിഹിത സന്തതിയുമായ സ്മെർദ്യയോകോവാണ്. പിതാവ് പാവ്ലോവിച്ചിനു ഗ്രൂഷെങ്ക എന്ന സ്ത്രീയോട് കമ്പമുണ്ട്. എന്നാൽ അയാളുടെ മകൻ ദിമിത്രിയും അവളെ കാമിക്കുന്നു. പിതാവ് കൊല്ലപ്പെടുമ്പോൾ ദിമിത്രി സംശയത്തിന്‍റെ നിഴലിലാകുന്നത് ഇങ്ങനെയാണ്.

ലോകാത്ഭുതമായ "ബ്രദേഴ്സ് കരമസോവ്' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ എൻ.കെ. ദാമോദരൻ മറ്റൊരു വീരചരിതമാണ് രചിച്ചത്. ആയിരത്തിലേറെ പേജുള്ള ഈ സങ്കീർണ നോവൽ, പരിഭാഷയ്ക്കപ്പുറം ഒരു മൗലികകൃതിയുടെ എല്ലാവിധത്തിലുള്ള രുചിമുകുളങ്ങളും ഒപ്പിയെടുക്കുകയാണ്. മനുഷ്യമനസിലേക്ക് നിർബാധം പതിക്കുകയെന്നത് ദസ്തയെവ്സ്കിയുടെ അനിവാര്യമായ വീഴ്ചയായിരുന്നു. പാതാളം തീർച്ചയായുമുണ്ട്. അത് മനുഷ്യമനസിന്‍റെ അന്തർലോകമാണ്. അവിടേക്ക് നാം നേരിട്ട് പോകേണ്ടതില്ല. നാം ഭാഗികമായി അവിടെയാണ്. മനുഷ്യാസ്തിത്വത്തിന്‍റെ ഒരുഭാഗം അവിടെയാണ്. അവിടെ നാം ബലഹീനരോ ദുരന്തകഥാപാത്രങ്ങളോ ആയിത്തീരുന്നു. അതുകൊണ്ടുതന്നെ ദുഷിതമായി നാം നിഷ്കളങ്കമാണ്. ഒരു കുട്ടിയുടെ നിഷ്കളങ്കതയുടെ അനിവാര്യമായ തെറ്റുകൾ മാനവരാശിക്കാകെയുണ്ട്. നമ്മുടെ കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു കസർത്ത് ഒരുവശത്തും അതിലേക്ക് ആഴ്ന്നിറങ്ങാനുള്ള വെമ്പൽ മറുവശത്തുമുണ്ട്. ഇതു രണ്ടും തമ്മിലുള്ള സംഘർഷത്തിലാണ് മനുഷ്യൻ.

ഉള്ളിൽ ഭൂതാവിഷ്ടനായ മറ്റൊരുവൻ

അവൻ എങ്ങനെയാണ് ഈ സാഹചര്യത്തിൽ ഒരു യുക്തിജീവിയായിരിക്കുന്നത് ? അവന്‍റെ യുക്തി അവനെ ചതിക്കുന്നതാകാം. ദസ്തയെവ്സ്കി എഴുതി: "എല്ലാറ്റിനുമുപരി നിങ്ങളോട് കള്ളം പറയരുത്. അവനവനോട് കള്ളം പറയുന്നവനു, സ്വന്തം നുണ മാത്രം കേൾക്കുന്നവനു തന്നിലുള്ളതോ ചുറ്റിനുമുള്ളതോ ആയ സത്യത്തെ വേർതിരിച്ചെടുക്കാൻ കഴിയാതാവുകയും മറ്റുള്ളവരോടോ തന്നോടോ ഒരു ബഹുമാനവും തോന്നാതാവുകയും ചെയ്യുന്ന ഒരവസ്ഥയിലെത്തിച്ചേരും. അങ്ങനെ എല്ലാവിധ ആദരവും ഇല്ലാതാകുന്നതോടെ അവനിൽ സ്നേഹം എന്നെന്നേക്കുമായി അപ്രത്യക്ഷമാകും." ഇത്രയും കൃത്യമായി, മനോവിശകലനത്തിന്‍റെ സൂക്ഷ്മതയിൽ, സമൂഹത്തെയും വ്യക്തിയെയും ഒരുപോലെ ബാധിക്കുന്ന പ്രശ്നത്തെ ദസ്തയെവ്സ്കി പത്തൊൻപതാം നൂറ്റാണ്ടിലാണ് അപഗ്രഥിച്ചത്. മനുഷ്യവിചാരങ്ങളുടെ അന്തർഘടനകൾ അഴിച്ചുനോക്കി ശൂന്യത കണ്ട സാഹിത്യകാരനാണ് അദ്ദേഹം. എവിടെയാണ് ദൈവം എന്ന ചോദ്യത്തിന് മുഴക്കം കിട്ടുന്നത് ഇവിടെയാണ്.

എൻ.കെ. ദാമോദരന്‍റെ പരിഭാഷയുടെ ഗുണം അതിൽ ദസ്തയെവ്സ്കിയുടെ മനസ് സ്പന്ദിക്കുന്നു എന്നതാണ്. തെറ്റിനും ശരിക്കുമിടയിൽ, ചോദ്യോത്തരങ്ങളും ആത്മവിശകലനങ്ങളും വിശ്വാസവും ആത്മനിന്ദയുമായി നടക്കുന്ന ഒരാളെ ദാമോദരൻ തന്‍റെ ഭാഷയിൽ സന്നിഹിതമാക്കിയിരിക്കുകയാണ്. പരിഭാഷയുടെ മാജിക്കാണിത്. ഒരു സാധാരണ മനുഷ്യന്‍റെയുള്ളിൽ ഭൂതാവിഷ്ടനായ മറ്റൊരുവനുണ്ടെന്ന വിചിത്രമായ അനുഭവമാണ് ദസ്തയെവ്സ്കിയുടെ കൃതികളിലുള്ളത്. ഇവിടെ നോവൽ വെറുമൊരു കഥ പറയാനുള്ളതല്ല. പിതാവ് കൊല്ലപ്പെടുന്നു. മകനെ സംശയിക്കുന്നു. ഇതിനിടയിൽ രണ്ടുപേരും കാമിച്ച ഒരു സ്ത്രീയുടെ സാന്നിധ്യം എരിവു കൂട്ടുന്നു. ഒരു ക്രൈം ത്രില്ലറിനുള്ള ചേരുവകളാണിത്. എന്നാൽ ഇത് ക്രൈം ത്രില്ലറല്ല. മാനവരാശിയുടെ എല്ലാകാലത്തെയും ജീവിതരഹസ്യം വെളിപ്പെടുത്തുകയാണ്.

മനുഷ്യനെ കണ്ടെത്താൻ വേണ്ടിയാണ് അദ്ദേഹം ഒരു കഥ പറയുന്നത്. "ആശയവിപ്ലവം' എന്ന അധ്യായത്തിൽ അയൽക്കാരനെ എങ്ങനെയാണ് സ്നേഹിക്കാൻ കഴിയുക എന്നു ഐവാൻ ചോദിക്കുന്നുണ്ട്. അയൽക്കാരനെ സ്നേഹിക്കുക അസാധ്യമാണെന്നു അവൻ പറയുന്നു. അകലെയുള്ളവരെ സ്നേഹിക്കാം, ഒരാൾ അടുത്തുള്ളപ്പോൾ സ്നേഹമില്ലാതാകും എന്നിങ്ങനെ അവൻ വാദിക്കുന്നു. യഥാർഥത്തിൽ രോഗപീഡിതനായ ഒരുവന്‍റെ സേവകനായി സ്വയം പ്രഖ്യാപിച്ചവൻ അവനെ സ്നേഹിക്കുന്നുണ്ടെങ്കിൽ അത് ആത്മപീഡനവ്യഗ്രത കൊണ്ട് ചെയ്യുന്നതാണെന്നു ഐവാന് അഭിപ്രായമുണ്ട്. സ്നേഹം എന്ന പ്രക്രിയയിൽ സ്നേഹരാഹിത്യവും ആത്മപീഡനവും കാണുകയാണ്. ഐവാൻ തുടർന്നു പറയുന്ന ഭാഗം ദാമോദരൻ ഇങ്ങനെ പരിഭാഷപ്പെടുത്തുന്നു:"എന്‍റെ ആലോചനകളിൽ മാനവരാശിയോട് ക്രിസ്തുസദൃശമായ സ്നേഹം ഭൂമിയിൽ അസാധ്യമായ ഒരത്ഭുതമാണ്. ക്രിസ്തു ദൈവമായിരുന്നു. എന്നാൽ നാം ദൈവങ്ങളല്ലല്ലോ. ദൃഷ്ടാന്തത്തിന്, ഞാൻ കഠിനമായി ദുഃഖിക്കുന്നുവെന്നിരിക്കട്ടെ. എന്‍റെ ദുഃഖം എത്രയെന്നറിയാൻ ഒരു അന്യനു ഒരിക്കലും സാധിക്കില്ല. എന്തെന്നാൽ അയാൾ ഞാനല്ല. എന്നിൽ നിന്ന് വ്യതിരിക്തനാണ്. മാത്രമല്ല, ഒരു മനുഷ്യൻ മറ്റൊരു മനുഷ്യന്‍റെ ദുഃഖത്തെ അംഗീകരിക്കാൻ അപൂർവമായേ സന്നദ്ധനാകാറുള്ളു (അതൊരു പ്രത്യേകംഗീകാരമെന്ന മട്ടിൽ). അത് എന്തുകൊണ്ടാണെന്നാണ് നിന്‍റെ വിചാരം? എന്‍റെ ഗന്ധം അയാൾക്ക് പിടിക്കാത്തതുകൊണ്ട്, എനിക്ക് ഒരു മൂഢന്‍റെ മുഖഭാവമുള്ളതുകൊണ്ട്, ഒരിക്കൽ ഞാൻ അയാളുടെ കാലിൽ ചവിട്ടിയിട്ടുണ്ടെന്നുള്ളതുകൊണ്ട്. സാധാരണ ദുഃഖവും അസാധാരണ ദുഃഖവുമുണ്ട്. എന്നെ അസ്തഗർവനാക്കുന്ന അപമാനകരവും ഹീനവുമായ ദുഃഖം (ഉദാ:വിശപ്പ്)എന്‍റെ ഉപകർത്താവ് ഒരുവേള സമ്മതിച്ചു തന്നേക്കാം. എന്നാൽ കുറെക്കൂടി ഉത്കൃഷ്ടമായ വ്യസനം, ഉദാഹരണത്തിനു ഒരു ആശയത്തിനു വേണ്ടിയുള്ള വ്യസനം - അയാൾ വളരെ അപൂർവമായേ സമ്മതിച്ചു തരൂ. ഒരു ആശയത്തിനുവേണ്ടി വ്യസനിക്കുന്ന മനുഷ്യനുണ്ടായിരിക്കുമെന്ന് അയാൾ സങ്കൽപ്പിക്കുന്ന ഒരു മുഖഭാവമല്ലായിരിക്കും എന്നിൽ ദർശിക്കുന്നത്. അതുകാരണം ക്ഷണത്തിൽ അയാൾക്ക് എന്നോട് അപ്രീതിയുണ്ടാവുന്നു.'

ദസ്തയെവ്സ്കി ആത്മനിന്ദയിൽ അധഃപതിച്ചു സൗന്ദര്യം തേടുകയാണ് ചെയ്തത്. എന്നാൽ അജ്ഞാതമായ ഒരു തലം മനുഷ്യനുണ്ട്. അതിനെപ്പറ്റി അദ്ദേഹം ഇങ്ങനെ പറഞ്ഞു: "മനുഷ്യചേതനയെന്നത് ഇപ്പോഴും അജ്ഞാതമാണ്. ശാസ്ത്രത്തിനും അതപരിചിതമാണ്, നിർവചനാതീതവും അത്ഭുതാവഹവുമാണ്. ആർക്കുമതേക്കുറിച്ച് ഒരു അന്തിമനിർണയു സാധ്യമല്ല.'

മനുഷ്യമനസിൽ നിറയെ വൈരുധ്യങ്ങളാണ്. നമ്മൾ ഒരാളെ സ്നേഹിച്ചതുകൊണ്ട് അതിനു പരിഹാരമാകില്ല. ചിലപ്പോൾ സ്നേഹത്തെ ഒരു കുറ്റകൃത്യമായി വിലയിരുത്തിയേക്കാം. സ്നേഹം ഒരാപേക്ഷിക വികാരമാണ്. അത് നിലനിൽക്കുന്നത് വിവിധ കാരണങ്ങളാൽ നാം പലതിനെയും ഒഴിവാക്കുന്നതിന്‍റെ മറുപുറത്താണ്.

രജതരേഖകൾ

1) റഫീഖ് അഹമ്മദിന്‍റെ കാടകം (മാതൃഭൂമി ആഴ്ചപ്പതിപ്പ് , ഓഗസ്റ്റ് 10-16) സർവസാധാരണമായ ഒരു പരിസ്ഥിതി കവിതയാണ്. കവി പുതുതായി ഒന്നും പറയുന്നില്ല. കാടിനോടുള്ള ആദിമമായ അഭിനിവേശമാണ്. ഓണക്കാലത്ത് ഓണത്തെ പ്രകീർത്തിക്കുന്നതു പോലെ ആവർത്തന വിരസമാണ്, ക്ലീഷേയാണിത്. വിഷ്ണുനാരായണൻ നമ്പൂതിരി, സുഗതകുമാരി തുടങ്ങിയവരുടെ കവിതകളുടെ വിദൂരധ്വനി ഇതിൽ കേൾക്കാം:

പാലപൂക്കും മണത്തിൽ കടമ്പിൻ

മാലതൂങ്ങും ശിഖരത്തിൽ നിന്നും കാലുമാട്ടിയിരുന്നെന്‍റെ നേരെ

നോക്കുകാ,ദിമമാം കുറുമ്പോടെ

ഹാ,വനജ്യോത്സ്നയാലിരുട്ടിന്മേൽ ശീതളാനല സുസ്മേരയായി

നീ മുടിക്കെട്ടഴിച്ചു നീരാടും

കാട്ടുപൂഞ്ചോലയെന്നന്തരംഗം.'

മുടിക്കെട്ടഴിച്ച് നീരാടൽ, കാട്ടുപൂഞ്ചോല, ഏഴിമല പൂഞ്ചോല തുടങ്ങിയവയൊക്കെ ക്ലീഷേയാണ്. യാതൊരു വികാരവും ജനിപ്പിക്കാത്ത പ്രയോഗങ്ങൾ.

2) ഡോ.എം. ലീലാവതിയുടെ "ധ്വനിപ്രയാണ'(ആത്മകഥ)ത്തെക്കുറിച്ച് ഡോ. പ്രിയ വർഗീസ് എഴുതിയ റിവ്യു "ധ്വനിപ്രയാണത്തിലെ സ്ത്രീചരിത്രം'(സ്ത്രീശബ്ദം, ജൂലൈ) കേരള ചരിത്രഘട്ടവും സമുദായ പശ്ചാത്തലവും സാഹിത്യതാത്പര്യവും ചർച്ചചെയ്യുന്നു. ലീലാവതി ടീച്ചറുടെ ജീവിത പുസ്തകം "സാഹിത്യനിരൂപണത്തിൽ ഒരു പെണ്ണിന്‍റെ സാഹസസഞ്ചാരങ്ങൾ 'എന്ന ടാഗ് ലൈനോടുകൂടിയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ടീച്ചറുടെ വിമർശനജീവിതത്തെ ഒരു പെണ്ണിന്‍റെ സഞ്ചാരമായി നിരീക്ഷിക്കുന്നതിനപ്പുറത്ത് പാണ്ഡിത്യവും സഹൃദയത്വവും ചേർന്ന ഒരു ജൈത്രയാത്രയായി കാണുന്നതാണ് നല്ലത്. ഒരു ജെൻഡർ പൊളിറ്റിക്സ്, ടീച്ചർക്ക് ഭാരമായിരിക്കും. പ്രിയയുടെ ലേഖനത്തിലെ ഈ നിരീക്ഷണം ശ്രദ്ധേയമാണ് :"ഏത് എഴുത്തിനും ആശയവിനിമയം എന്നതിനപ്പുറം സ്വയം സ്വാന്തനം എന്നൊരു തലം കൂടിയുണ്ട്. എഴുത്തിന്‍റെ പ്രേരണകളിൽ പ്രധാനമാണത്. "ശ്രദ്ധയോടെ സ്മരിക്കുന്നതും ഒരു തരത്തിൽ ശ്രാദ്ധമൂട്ടു തന്നെ' എന്ന് സ്മൃതി പ്രയാണത്തിന്‍റെ തുടക്കത്തിൽ ലീലാവതി ടീച്ചർ എഴുതുന്നുണ്ട്.'

3) റഷ്യൻ ചലച്ചിത്ര സംവിധായകനായ ആന്ദ്രെ താർക്കോവ്സ്കി തന്‍റെ' സ്കൾപ്റ്റിങ് ഇൻ ടൈം' എന്ന ആത്മകഥയിൽ എഴുതിയത് ഇങ്ങനെ: ഇന്നത്തെ ബഹുജനസംസ്കാരം "ഉപഭോക്താവി'നെയാണ് ലക്ഷ്യംവയ്ക്കുന്നത് കൃത്രിമത്വത്തിന്‍റെ സംസ്കാരമാണത്. ഇത് മനുഷ്യന്‍റെ ആത്മാവിനെ മുരടിപ്പിക്കുന്നു. അവനും അവന്‍റെ അസ്തിത്വത്തിന്‍റെ നിർണായകമായ പ്രശ്നങ്ങൾക്കുമിടയിൽ വിടവുണ്ടാക്കുന്നു. ആത്മീയജീവിയായ മനുഷ്യനിൽ നിന്ന് അവനെ തന്നെ അകറ്റുകയാണ്.'

4) സത്യജിത് റായിയോ അടൂർ ഗോപാലകൃഷ്ണനോ ക്രൂരമായി വിമർശിക്കപ്പെട്ടേക്കാം. ഫെയ്സ്ബുക്ക് സംസ്കാരത്തിന്‍റെ സ്വഭാവമാണിത്. റായിയുടെ ഒരു സിനിമ പോലും കണ്ടിട്ടില്ലാത്തവർക്ക് അദ്ദേഹത്തിന്‍റെ പടങ്ങളെ അധിക്ഷേപിക്കാൻ ഒരു പ്രയാസവും ഉണ്ടാവില്ല. അതിനു നല്ല പിന്തുണ കിട്ടും. അതാണ് പുത്തൻ ഫെയ്സ്ബുക്ക് ജനാധിപത്യം. സോഷ്യൽ മീഡിയയിലെ ഇടം ഏതൊരാൾക്കും എന്തും വിളിച്ചു പറയാനുള്ളതാണ്. നൃത്തം പഠിക്കാത്തവർക്ക് പത്മ സുബ്രഹ്മണ്യം നൃത്തം ചെയ്യുന്നത് ശരിയല്ലെന്നു പറയാം. അതിനു പിന്തുണ കിട്ടും. ഇത് ആശയാനന്തര കാലമാണ്. ഇവിടെ ആശയങ്ങളില്ല. ഇവിടെ ചരിത്രം എരിഞ്ഞുതീരുകയാണ്. മറവി മൂർച്ചയുള്ള ഒരു ആയുധമാണ്. അതു ഉപയോഗിച്ച് ഏത് ഷേക്സ്പിയറിനെയും വീഴ്ത്താം.

5) ടെലിവിഷൻ ചാനലുകളിലെ ചർച്ചയും അവതരണവുംവച്ചുകൊണ്ട് നമുക്ക് ജീവിതത്തിന്‍റെ മുൻഗണനകൾ നിശ്ചയിക്കാനാവില്ല. ഒരു രാഷ്ട്രീയനേതാവ് ഹോട്ടലിൽ കയറി പ്രഭാതഭക്ഷണം കഴിക്കുന്നു. മുട്ടക്കറിയുടെ വിലയെക്കുറിച്ച് തർക്കമുണ്ടാകുന്നു. അത് വാർത്തയാവുകയാണ്!. ഒന്നോ രണ്ടോ ദിവസം പ്രൈം ടൈമിൽ ചാനലുകൾ ചർച്ചചെയ്യുകയാണ്! മുട്ട എക്സ്പെർട്ടുകൾ വന്ന് അവരുടെ മുട്ട അനുഭവങ്ങൾ പറയുകയാണ് ! കാമ്പില്ലാത്ത വിഷയങ്ങളിൽ അനാവശ്യമായി ചർച്ചചെയ്ത് എന്തോ സൃഷ്ടിക്കാനാണ് ആധുനിക മാധ്യമങ്ങൾ ശ്രമിക്കുന്നത്.

mkharikumar33@gmail.com

9995312097

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com