Kashmir travelogue: Lal Chowk, Jama Masjid Srinagar

ശ്രീനഗർ ജമാ മസ്ജിദിന് ഉള്ളിൽനിന്നുള്ള കാഴ്ച. പശ്ചാത്തലത്തിൽ ഹരി പർബത് ഫോർട്ടിന്‍റെ വിദൂര ദൃശ്യം.

VK Sanju

ചുവപ്പ് മായാത്ത ലാൽ ചൗക്ക്

കശ്മീർ യാത്രാവിവരണം - ശ്രീനഗറിന്‍റെ സിരാകേന്ദ്രമായ ലാൽ ചൗക്കിലൂടെയും ജമ്മു കശ്മീരിന്‍റെ തലസ്ഥാന നഗരിയിലെ ഏറ്റവും വലിയ ജമാ മസ്ജിദിലൂടെയും...

വി.കെ. സഞ്ജു

ഒരു പഷ്മിന ഷോളിൽ ഷോപ്പിങ് അവസാനിപ്പിച്ച് അമൻ ഭട്ടിനൊപ്പം ലാൽ ചൗക്കിലൂടെ വെറുതേ നടക്കുകയായിരുന്നു ഞാൻ.

"മോസ്‌കോയിലെ റെഡ് സ്ക്വയറിന്‍റെ ഓർമയ്ക്കാണ് ഈ പേര്," അമൻ പറഞ്ഞു.

ബാല്യകൗമാരങ്ങളിൽ ഒരുപാട് നടന്നുതീർത്ത ലാൽചൗക്കിലെ വഴികളുടെ നിറംമാറ്റി പുതിയ ടൈലുകൾ വിരിച്ചത് അമന് ഇഷ്ടമായിട്ടില്ല. ഇതിപ്പോൾ പഴയ കശ്മീരല്ല, ടൂറിസ്റ്റുകൾ അതിനെ 'ക്യാഷ്മീർ' ആക്കിക്കളഞ്ഞെന്ന് അയാൾ പരിഭവിച്ചു. പിന്നെയെപ്പോഴോ തന്‍റെ പ്രണയകഥയുടെ പുതിയ ജാലകങ്ങൾ എനിക്കായി തുറന്നിട്ടു.

''വീട്ടിൽ കല്യാണത്തിനു നിർബന്ധിക്കുന്നുണ്ട്.''

''ആര്, അമ്മയാണോ?''

''അല്ല... ഞാൻ തന്നെ....''

അമൻ കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്തൊരു മലയാളം സിനിമയിൽ ഇങ്ങനെയൊരു കോമഡി സീനുണ്ടെന്ന് പറഞ്ഞു മനസിലാക്കാനുള്ള ബുദ്ധിമുട്ടോർത്ത് ഞാൻ ചിരിയടക്കി.

കൂട്ടുകാരിക്ക് അവനെക്കാൾ രണ്ട് വയസ് കൂടുതലാണ്. കോളെജിൽ സീനിയറായിരുന്നു. ഇപ്പോൾ ജോലി വിദേശത്തും! ഇതൊക്കെയാണ് അമ്മയുടെ ഇഷ്ടക്കേട്.

അമ്മയെ എങ്ങനെ പറഞ്ഞു സമ്മതിപ്പിക്കുമെന്ന ആശങ്ക പങ്കുവയ്ക്കുന്നതിനിടെ അവൻ പെട്ടെന്ന് റൂട്ട് മാറ്റി:‌

''കേരളത്തിൽ ഇടതുപക്ഷം എന്തുകൊണ്ട് തോറ്റു?''

ഉത്തരം മുട്ടിയ എന്‍റെ മനസിലൂടെ വിഘടനവാദികളും പ്രതിക്രിയാവാദികളും അന്തർധാരയുമൊക്കെ ഒരു മിന്നായം പോലെ കടന്നുപോയി. ഹിന്ദിയും ഇംഗ്ലിഷും കലർത്തി എന്തൊക്കെയോ പറഞ്ഞ് അവനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഭാഗ്യത്തിന് ഷോപ്പിങ് കഴിഞ്ഞ സഹയാത്രികർ മുന്നിൽ വന്നു പെട്ടു.

പ്ലാൻ ബി

രാവിലെ തുടങ്ങിയ അലച്ചിലാണ്. ലെഫ്. ഗവർണറുമായുള്ള കൂടിക്കാഴ്ച നടക്കില്ലെന്ന് അറിഞ്ഞപ്പോൾ തന്നെ വാട്സാപ് ഗ്രൂപ്പിൽ തുടങ്ങിയ പ്ലാൻ ബി ആസൂത്രണത്തിന്‍റെ ഫലം.

'മുഗൾ ഗാർഡൻസോ ഷോപ്പിങ്ങോ?'

"കശ്മീരിൽ പോയിട്ട് മുഗൾ ഗാർഡൻസ് കണ്ടില്ലെന്നു പറഞ്ഞാൽ നാണക്കേടല്ലേ?" ഒരാൾ ടൈപ്പ് ചെയ്തു.

"ഷോപ്പിങ്ങിന് ഇനി വേറെ സമയമില്ല, നാളെ തിരിച്ചു പോകണ്ടേ," മറുവാദവും ഉടനെത്തി.

വോട്ടെടുപ്പിനെ സ്വാധീനിക്കാൻ ചിലർ പ്രൈവറ്റ് മെസേജുകളിലൂടെ ലോബിയിങ് തുടങ്ങി- ''ഗാർഡനിൽ പൂക്കൾ മാത്രമേ കാണൂ. നമുക്ക് ഷോപ്പിങ്ങിനു പോകാം....''

ചിലരൊക്കെ ഇമോജി അയച്ച് നിഷ്പക്ഷരായി നിന്നു.

ആകെയൊരു അലസതയായിരുന്നതുകൊണ്ട് വോട്ടെടുപ്പ് ഫലമൊന്നും നോക്കിയില്ല; വണ്ടി വന്നപ്പോൾ വെറുതേ കയറിയിരുന്നു- എങ്ങോട്ടെന്നും ചോദിച്ചില്ല.

പോകേണ്ടുന്ന റോഡ് പെട്ടെന്നുണ്ടായ ഗതാഗത നിയന്ത്രണം കാരണം അടച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതിലേറെ പട്ടാളക്കാരുണ്ട് വഴിയിൽ. ഒടുവിൽ ഒരേ യു-ടേൺ രണ്ടുവട്ടം കറങ്ങിയിട്ടാണ് സിറാജിന് ഞങ്ങളെ ലക്ഷ്യത്തിലെത്തിക്കാനായത്.

പഗോഡ പോലെ ഒരു മസ്ജിദ്

Kashmir travelogue: Lal Chowk, Jama Masjid Srinagar

ശ്രീനഗർ ജമാ മസ്ജിദിന്‍റെ പ്രവേശന കവാടങ്ങളിലൊന്ന്.

Metro Vaartha

വിശാലമായ മതിൽക്കെട്ടും വലിയ ഗോപുരവുമൊക്കെയുള്ള കെട്ടിടം. ചുറ്റും റോഡുണ്ട്. ഒരു വശത്ത് ഉടനീളം തൊട്ടുതൊട്ട് കടകളാണ്, വസ്ത്രങ്ങളും ചെരുപ്പുകളും കരകൗശല വസ്തുക്കളും വീട്ടുസാധനങ്ങളും എല്ലാം കിട്ടും.

ഈ കെട്ടിടം ഏതാണെന്ന് സഹയാത്രികരോടു ചോദിച്ചു. മറുപടി കേട്ടപ്പോൾ അമ്പരന്നു—ജമാ മസ്ജിദ്; ശ്രീനഗറിലെ ഏറ്റവും വലിയ മസ്ജിദ്!

കണ്ടു ശീലിച്ച താഴികക്കുടങ്ങളും മിനാരങ്ങളുമൊന്നുമില്ല ഇവിടെ. പകരം, പടിപടിയായി ഉയർന്നു നിൽക്കുന്ന മരത്തിന്‍റെ ഗോപുരം. ബുദ്ധമതത്തിന്‍റെയും ഹൈന്ദവ വാസ്തുവിദ്യയുടെയും ഇസ്‌ലാമിക ശൈലിയുടെയുമൊക്കെ സമന്വയമാണെന്നു തോന്നും. ദൂരെ നിന്നു നോക്കിയാൽ ഒരു ചൈനീസ് പഗോഡ പോലെ. അടുത്തു ചെന്നാൽ വിശാലമായൊരു കോട്ട. അകത്തു കയറിയാൽ വിപുലമെങ്കിലും ലളിതമായൊരു നാലുകെട്ട്!

ശ്രീനഗറിലെ ഈ ജമാ മസ്ജിദ് മാത്രമല്ല, ഝെലം നദിക്കരയിൽ സ്ഥിതി ചെയ്യുന്ന ഖാൻഖാഹ്-ഇ-മൗല എന്ന മസ്ജിദും (ഷാ ഹമദാൻ മസ്ജിദ്) ഇതേ ശൈലിയിലാണ് നിർമിച്ചിരിക്കുന്നത്— മരം കൊണ്ടു മാത്രം, ഒരൊറ്റ ആണി പോലും ഉപയോഗിക്കാതെ. കശ്മീരി മസ്ജിദ് വാസ്തുവിദ്യയുടെ തനത് മുദ്രയാണ് ഈ പഗോഡ ശൈലി.

സുൽത്താൻ സിക്കന്ദർ ബുത്ഷിക്കൻ 1400-ൽ പണികഴിപ്പിച്ചതാണ് ജമാ മസ്ജിദ്. പിന്നീട് പല തവണ തീപിടിച്ചു നശിച്ചു, ഓരോ തവണയും അതേ ശൈലിയിൽ പുനർനിർമിക്കപ്പെട്ടു.

മസ്ജിദിന്‍റെ നാലു വശത്തും പ്രവേശന കവാടങ്ങൾ. അതിലൊന്ന് സ്ത്രീകൾക്കു വേണ്ടി മാത്രമുള്ളതാണ്. ഉള്ളിൽ കയറുമ്പോൾ, നടുവിൽ തുറന്ന അങ്കണം, ചുറ്റും കെട്ടിടം. അകത്ത് മനോഹരമായ ജലധാര. ഇരുവശത്തും പുൽത്തകിടി. പൂത്തു നിൽക്കുന്ന ചെടികൾ. സെപ്റ്റബറിന്‍റെ ഉച്ചച്ചൂടിലും സുഖശീതളമാണ് മസ്ജിദിന്‍റെ അകത്തളം.

ടൂറിസ്റ്റുകൾക്ക് ഇങ്ങനെ കയറിയിറങ്ങാവുന്ന ഇടമാണോ എന്നൊക്കെ ശങ്കിച്ചാണ് കയറിയത്. പക്ഷേ, പ്രാർഥനയിൽ മുഴുകിയിരുന്നവർ ആഗതരെ ശ്രദ്ധിക്കുന്നതു പോലുമില്ല. ഞങ്ങളെപ്പോലുള്ള സന്ദർശകർ ഇവിടെ പതിവാണെന്നു മനസിലായി. അഫ്ഗാനി ഛായയുള്ള ഒരാൾ പുൽത്തകിടിയിലിരുന്ന് ഭക്ഷണപ്പൊതിയഴിച്ച് സ്വസ്ഥമായി കഴിക്കുന്നു. മസ്ജിദിന്‍റെ നടുമുറ്റത്തേക്കിറങ്ങുന്ന കൽപ്പടവിൽ നിസംഗനായിരുന്ന നീണ്ട താടിക്കാരനുമായി കൂട്ടത്തിലുള്ളവർ കുശലം പറയുന്നുണ്ട്. ഞാൻ അൽപ്പം മാറി കൗതുകത്തോടെ നോക്കിയിരുന്നു.

കുന്നിൻ മുകളിലെ വിശ്വാസങ്ങൾ

Kashmir travelogue: Lal Chowk, Jama Masjid Srinagar

ശ്രീനഗറിലെ ജമാ മസ്ജിദിന്‍റെ അങ്കണത്തിൽ നിന്നുള്ള ഹരി പർബത് കോട്ടയുടെ ദൃശ്യം.

Metro Vaartha

പുറത്തേക്കിറങ്ങാൻ നേരമാണ് അമൻ ഭട്ടിന്‍റെ കോൾ.

''എൻട്രൻസ് നമ്പർ വണ്ണിലേക്ക് വരൂ.''

മസ്ജിദിന്‍റെ അങ്കണത്തിൽ നിന്നു നോക്കിയാൽ, ദൂരെ കുന്നിൻ മുകളിൽ ഒരു കോട്ട കാണാം. അമനെ കണ്ടപ്പോൾ തന്നെ ചോദിച്ചത് അതെക്കുറിച്ചാണ്.

''അതിന്‍റെ താഴെയാണ് എന്‍റെ വീട്'', അമന് ആവേശമായി.

ഹരി പർബത് ഫോർട്ട് എന്നാണ് ആ കോട്ടയുടെ പേര്. 1590-ൽ അക്ബർ ചക്രവർത്തിയാണ് ഇവിടെ ആദ്യമായൊരു കോട്ട പണിയുന്നത്—'നാഗർ നഗർ' എന്ന പേരിൽ പുതിയൊരു നഗരം സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമായിരുന്നു അത്. കശ്മീരികൾക്ക് പരിചയമില്ലാത്ത കൽപ്പണി ചെയ്യാൻ, മറ്റു നാടുകളിൽനിന്ന് 200 കൽപ്പണിക്കാരെയെ അക്ബർ എത്തിച്ചിരുന്നു എന്നാണ് ചരിത്രം. പക്ഷേ, ആ പദ്ധതി പൂർത്തിയായില്ല.

ഇന്നു കാണുന്ന കോട്ട പിന്നീട്, 1808-ൽ, ദുറാനി സാമ്രാജ്യത്തിന്‍റെ ഗവർണറായിരുന്ന അത്താ മുഹമ്മദ് ഖാൻ പണികഴിപ്പിച്ചതാണ്. ശ്രീനഗറിന്‍റെ ഏതു കോണിൽനിന്നു നോക്കിയാലും കാണാവുന്ന ഈ കുന്ന്, കശ്മീരി പണ്ഡിറ്റുകളുടെ പുണ്യസ്ഥലം കൂടിയാണ്—ശാരികാ ദേവിയുടെ ക്ഷേത്രം അവിടെയുണ്ട്. അതിനു താഴെ ഒരു സൂഫി ദർഗയും, ഒരു ഗുരുദ്വാരയും.

പ്രണയത്തിന്‍റെ നിറം

Kashmir travelogue: Lal Chowk, Jama Masjid Srinagar

ലാൽ ചൗക്കിലെ വഴിയോരക്കച്ചവടക്കാർ വിൽക്കാൻ വച്ചിരിക്കുന്ന തേങ്ങാപ്പൂൾ.

Metro Vaartha

മസ്ജിദ് കണ്ടിറങ്ങി ചുറ്റുമുള്ള കടകളിൽ കയറിയിറങ്ങുമ്പോൾ പലർക്കും തൃപ്തിയായിരുന്നില്ല. ലാൽ ചൗക്ക് ആയിരുന്നു നല്ലതെന്ന് ആദ്യ ദിവസത്തെ ഓർമവച്ച് പലരും പറഞ്ഞു. കൂടെയുണ്ടായിരുന്ന തദ്ദേശവാസികളും അതു ശരിവച്ചു.

വീണ്ടും വണ്ടിയിൽ കയറി, ലാൽ ചൗക്കിലേക്ക് അധികം ദൂരമില്ല. പോകുന്ന വഴി പരന്ന പാത്രത്തിൽ കൊണ്ടുനടന്നു വിൽക്കുന്ന സാധനം കാണിച്ച് അമൻ പറഞ്ഞു:

''ഇതിപ്പോൾ ഇവിടെ ട്രെൻഡിങ്ങാണ്.''

ഭംഗിയായി മുറിച്ച് പാത്രത്തിൽ അടുക്കിവച്ച് വിൽക്കുന്നത് തേങ്ങാപ്പൂളാണ്! 120 രൂപയാണത്രെ വില. വണ്ടിയിലിരുന്ന് ഒരു ഫോട്ടൊ എടുത്തപ്പോൾ, പോസ് ചെയ്യാൻ വഴിയോരക്കച്ചവടക്കാരൻ വിമുഖതയൊന്നും കാണിച്ചില്ല. പക്ഷേ, ഇതു വാങ്ങി നാട്ടിൽ കൊണ്ടുപോകാൻ പറ്റില്ലല്ലോ. അതിന് കുറച്ച് ഡ്രൈ ഫ്രൂട്ട്സ് വാങ്ങിയിട്ടുണ്ട്. ഇനിയൽപ്പം സ്വീറ്റ്സ് കൂടി വാങ്ങണം. വാൽനട്ട് ഫഡ്ജ് ആണ് അമൻ സജസ്റ്റ് ചെയ്തത്. അത് ഇവിടെ കിട്ടില്ല, അതിനു പറ്റിയ സ്ഥലം ഞങ്ങൾ താമസിക്കുന്ന ഹോട്ടലിന് അടുത്തു തന്നെയുണ്ടത്രെ.

അമന്‍റെ ഓഫിസിനടുത്ത് വണ്ടിയൊതുക്കി ഓരോ കശ്മീരി കാവയും കുടിച്ച് ഞങ്ങൾ ലാൽ ചൗക്കിലൂടെ വെറുതേ നടന്നു. ആ നടത്തമാണ് അമന്‍ ഭട്ടിന്‍റെ പ്രണയ വഴികളിലൂടെ കറങ്ങിത്തിരിഞ്ഞ് കേരള രാഷ്ട്രീയം വരെ എത്തിയത്.

നാൽപ്പതുകളിൽ, മഹാരാജാ ഹരി സിങ്ങിന്‍റെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരേ പോരാടിയ കാലത്ത്, ഷെയ്ക്ക് അബ്ദുള്ളയാണ് ഈ ചത്വരത്തിന് ലാൽ ചൗക്ക് (റെഡ് സ്ക്വയർ) എന്നു പേരിട്ടതെന്നാണ് അമന്‍റെ ഭാഷ്യം. സോഷ്യലിസ്റ്റ് ചായ്‌വുണ്ടായിരുന്ന അദ്ദേഹം റഷ്യൻ വിപ്ലവത്തിൽ ആകൃഷ്ടനായിരുന്നുവത്രെ. പക്ഷേ, അമനെ സംബന്ധിച്ച് ലാൽ ചൗക്കിന് അവന്‍റെ പ്രണയത്തിന്‍റെ നിറമായിരുന്നിരിക്കണം. അതാവും നിരത്തുകളുടെ നിറം മാറ്റത്തോട് ഇത്ര അനിഷ്ടം. അല്ലെങ്കിലും, പ്രണയത്തിനും സമരത്തിനും നിറം ഒന്നുതന്നെയാണല്ലോ!

അതെന്തുതന്നെയായാലും ലാൽ ചൗക്ക് ഇന്നും ശ്രീനഗറിന്‍റെ രാഷ്ട്രീയ സ്പന്ദനകേന്ദ്രമാണ്-പതാക ഉയർത്തലുകൾക്കും പ്രതിഷേധങ്ങൾക്കും ഘടികാരഗോപുരത്തിനു ചുറ്റും അരങ്ങേറിയ എത്രയോ ചരിത്ര മുഹൂർത്തങ്ങൾക്കും സാക്ഷിയായ ഒരിടം.

ഇനിയധികം സമയമില്ല. പോകുന്ന വഴിക്ക് ഒത്താൽ ഒരു ആപ്പിൾത്തോട്ടം കൂടി കാണണം. രാവിലെ മടങ്ങാനുള്ളതാണ്. അമൻ ഭട്ടിനൊപ്പം സെൽഫിയെടുത്ത് ഞങ്ങൾ വീണ്ടും വണ്ടിയിൽ ക‍യറി....

logo
Metro Vaartha
www.metrovaartha.com